Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ ജോസഫും ജോസും വഴങ്ങി; യുഡിഎഫിന്റെ മാനം രക്ഷിക്കാൻ മത്സരിക്കുക കോൺഗ്രസ് തന്നെ; ഡിസിസി പ്രിസഡന്റ് എം ലിജുവിനെ ഇറക്കി കടുത്ത പോരാട്ടം ഉറപ്പിക്കാൻ കോൺഗ്രസ്; ജനപ്രിയ യുവ നേതാവ് മത്സരിക്കുമെന്ന് ഉറപ്പായതോടെ സീറ്റ് എടുത്താലോ എന്ന് ആലോചിച്ച് സിപിഎമ്മും; കുട്ടനാട്ടെ യുഡിഎഫ് തർക്കം തീരുമ്പോൾ പേടി വളരുന്നത് എൽഡിഎഫിന്

ഒടുവിൽ ജോസഫും ജോസും വഴങ്ങി; യുഡിഎഫിന്റെ മാനം രക്ഷിക്കാൻ മത്സരിക്കുക കോൺഗ്രസ് തന്നെ; ഡിസിസി പ്രിസഡന്റ് എം ലിജുവിനെ ഇറക്കി കടുത്ത പോരാട്ടം ഉറപ്പിക്കാൻ കോൺഗ്രസ്; ജനപ്രിയ യുവ നേതാവ് മത്സരിക്കുമെന്ന് ഉറപ്പായതോടെ സീറ്റ് എടുത്താലോ എന്ന് ആലോചിച്ച് സിപിഎമ്മും; കുട്ടനാട്ടെ യുഡിഎഫ് തർക്കം തീരുമ്പോൾ പേടി വളരുന്നത് എൽഡിഎഫിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യു.ഡി.എഫിൽ കുട്ടനാട് സീറ്റ് സംബന്ധിച്ച തർക്കങ്ങൾ തീരുന്നു. പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കും. രണ്ടുദിവസമായി കേരള കോൺഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങളുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിവരികയായിരുന്നു. പിജെ ജോസഫും ജോസ് കെ മാണിയും സീറ്റ് വിട്ടുകൊടുക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി ഡിസിസി പ്രിസഡന്റെ എം ലിജു കുട്ടനാട്ടിൽ മത്സരിക്കുമെന്നാണ് സൂചന.

രണ്ടുതവണയായി തങ്ങൾ മത്സരിച്ചുവരുന്ന കുട്ടനാട് തങ്ങളുടെ സീറ്റാണെന്ന് കോൺഗ്രസ് അംഗീകരിക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, കേരള കോൺഗ്രസിലെ പിളർപ്പിന്റെ പശ്ചാത്തലത്തിൽ ഇരുകൂട്ടർക്കും സീറ്റ് നൽകാൻ കോൺഗ്രസ് ഒരുക്കമല്ല. ഇതേത്തുടർന്നാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു സീറ്റ് നൽകി കുട്ടനാട് ഏറ്റെടുക്കാൻ കോൺഗ്രസ് ആലോചിക്കുന്നത്. പകരം സീറ്റ് ഏതെന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നാണു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇത് ജോസഫും ജോസ് കെ മാണിയും അംഗീകരിച്ചിട്ടുണ്ട്. കുട്ടനാട്ടിൽ വിജയ പ്രതീക്ഷയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്തതാണ് കേരളാ കോൺഗ്രസിനെ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചതും. ലിജു മികച്ച സ്ഥാനാർത്ഥിയാണെന്ന് കേരളാ കോൺഗ്രസും തിരിച്ചറിയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20ൽ19ലും യുഡിഎഫ് ജയിച്ചു. എന്നാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി. വട്ടിയൂർക്കാവും കോന്നിയും സിറ്റിങ് സീറ്റായിട്ടും നഷ്ടമായി. പാലായിലും തോറ്റു. ഇതിനെല്ലാം കാരണം യുഡിഎഫിലെ പ്രശ്‌നങ്ങളാണെന്ന് വിലയിരുത്തൽ ഉയർന്നു. ഈ സാഹചര്യത്തിലാണ് കുട്ടനാട്ട് കോൺഗ്രസ് ഉറച്ച നിലപാടുമായി എത്തിയത്. കുട്ടനാട്ടിൽ തോൽക്കാൻ മനസ്സില്ലെന്ന് കേരളാ കോൺഗ്രസിനെ അറിയിക്കുകയും ചെയ്തു. തോമസ് ചാണ്ടി മരിച്ചതോടെ ഇടതുപക്ഷത്തിന് മികച്ചൊരു സ്ഥാനാര്ത്ഥി ഇല്ലാത്ത അവസ്ഥയിലാണ്. എൻസിപിക്ക് മത്സരിക്കാൻ സീറ്റ് നൽകി. എന്നാൽ അവർക്ക് സ്ഥാനാർത്ഥിയെ അന്തിമമായി കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ട് സീറ്റ് ഏറ്റെടുക്കുന്നതും സിപിഎം ഇപ്പോൾ പരിഗണിക്കുന്നുണ്ട്. ലിജു സ്ഥാനാര്ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഇത്.

കുട്ടനാട് നിയമസഭാ സീറ്റിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ അവകാശവാദം അംഗീകരിച്ചുകൊണ്ടുതന്നെ ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക എന്നതാണ് യുഡിഎഫിലെ ഒത്തുതീർപ്പ് ഫോർമുല. ജോസഫ്-ജോസ് തർക്കത്തിൽ കുരുങ്ങിയ സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് ആലോചിച്ചിരുന്നെങ്കിലും അതു പ്രശ്നം വഷളാക്കുമെന്നതിനാലാണ് പുതിയ പോംവഴി ആലോചിക്കുന്നത്. തൽക്കാലത്തേക്ക് ഈ ഒത്തുതീർപ്പിനു വഴങ്ങണമെന്ന ആവശ്യമായിരിക്കും പത്തിനു നടത്തുന്ന ചർച്ചയിൽ മുന്നണി നേതൃത്വം മുന്നോട്ടുവയ്ക്കുക. കഴിഞ്ഞ തവണ മത്സരിച്ചതു ജോസഫിന്റെ ആളായിരുന്നെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞത് ജോസഫിനെ അനുനയിപ്പിക്കാനായാണ്.

തോമസ് ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പിൽ കുട്ടനാട് പിടിച്ചെടുക്കാൻ കഴിയുമെന്ന് വിശ്വാസമാണ് യു.ഡി.എഫിനുള്ളത്. എന്നാൽ സീറ്റിനുള്ള അവകാശവാദത്തിൽ കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും ഉറച്ചുനിൽക്കുകയാണ്. ഇവർ പരസ്പരം ഇടഞ്ഞുനിന്നാൽ പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവി കുട്ടനാട്ടിൽ ആവർത്തിക്കുമെന്നു കോൺഗ്രസിന് ആശങ്കയുണ്ട്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ മുന്നണിയുടെ ആത്മവീര്യം തിരിച്ചുപിടിക്കാൻ കുട്ടനാട്ടിലെ വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് മുന്നണിനേതൃത്വം പ്രശ്ന പരിഹാരത്തിനു സാധ്യതകൾ തേടിയത്. അവകാശവാദത്തിൽ വിട്ടുവീഴ്ചയില്ലെങ്കിലും യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ജോസഫ്, ജോസ് വിഭാഗങ്ങൾ ഉറപ്പുപറഞ്ഞിട്ടുണ്ട്.

.വിജയ സാധ്യതയെന്ന മാനദണ്ഡത്തിന് മുന്നിലാണ് ജോസഫ് വിട്ടുവീഴ്ചക്ക് തയാറായത് എന്നാണ് സൂചന. സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ പകരം പൊതുതെരഞ്ഞെടുപ്പിൽ മറ്റൊരു സീറ്റ് ജോസഫിന് നൽകും. പാർട്ടിയുടെ അവകാശവാദങ്ങൾ നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് ഉഭയകക്ഷി ചർച്ചക്ക് ശേഷം പിജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ മാണിയുമായി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ചർച്ചയും ഫലംകണ്ടു. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടാവില്ലെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP