Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിമാചൽ പ്രദേശിലെ ആകെയുണ്ടായിരുന്ന കനൽത്തരിയും കെട്ടും; തിയോഗ് മണ്ഡലത്തിൽ സിപിഎം സിറ്റിങ് എംഎ‍ൽഎ രാകേഷ് സിൻഹ മൂന്നാം സ്ഥാനത്ത്; കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മിന്നും വിജയം; കോൺഗ്രസ് അധികാരത്തിലേക്ക് നീങ്ങുമ്പോൾ ആകെയുള്ള സീറ്റും നഷ്ടമാക്കി സിപിഎം

ഹിമാചൽ പ്രദേശിലെ ആകെയുണ്ടായിരുന്ന കനൽത്തരിയും കെട്ടും; തിയോഗ് മണ്ഡലത്തിൽ സിപിഎം സിറ്റിങ് എംഎ‍ൽഎ രാകേഷ് സിൻഹ മൂന്നാം സ്ഥാനത്ത്; കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മിന്നും വിജയം; കോൺഗ്രസ് അധികാരത്തിലേക്ക് നീങ്ങുമ്പോൾ ആകെയുള്ള സീറ്റും നഷ്ടമാക്കി സിപിഎം

മറുനാടൻ ഡെസ്‌ക്‌

ഷിംല: ഹിമാചൽ പ്രദേശിലെ സിപിഎമ്മിന്റെ അവശേഷിക്കുന്ന ഏക കനൽത്തരിയും നഷ്ടം. ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ഏക സിറ്റിങ് സീറ്റിൽ പരാജയം നുകർന്ന് സിപിഎം. തിയോഗ് മണ്ഡലത്തിൽ സിപിഎം സിറ്റിങ് എംഎ‍ൽഎ രാകേഷ് സിൻഹ മൂന്നാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പ് കമീഷന്റെ അവസാന കണക്ക് പ്രകാരം 9879 വോട്ടാണ് സിൻഹക്ക് ലഭിച്ചത്.

കോൺഗ്രസ് സ്ഥാനാർത്ഥി കുൽദീപ് സിങ് റാത്തോർ 13971 വോട്ട് നേടി വിജയം ഉറപ്പാക്കി. ബിജെപി സ്ഥാനാർത്ഥി അജയ് ശ്യാം 10576 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ആം ആദ്മി പാർട്ടിയുടെ അത്താർ സിങ് ചണ്ഡൽ 337 വോട്ടും ബി.എസ്‌പിയുടെ ജിയാലാൽ സദക് 247 വോട്ടും നേടി.

2017 തെരഞ്ഞെടുപ്പിൽ 24791 വോട്ട് നേടിയാണ് രാകേഷ് സിൻഹ മണ്ഡലം പിടിച്ചത്. ബിജെപിയുടെ രാകേഷ് വർമ 22,808 വോട്ടും കോൺഗ്രസിലെ ദീപക് റാത്തോർ 9101 വോട്ടുമാണ് പിടിച്ചത്. 2017ൽ രാകേഷ് സിൻഹയുടെ വിജയത്തിലൂടെയാണ് 24 വർഷത്തിന് ശേഷം സിപിഎം അംഗം ഹിമാചൽ നിയമസഭയിലെത്തിയത്.

അതേസമയം ഗുജറാത്തിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും ഹിമാചൽ പ്രദേശിൽ വീണ്ടും അധികാരത്തിൽ എത്താനാവുമെന്ന ആശ്വാസത്തിലാണ് കോൺഗ്രസ്. സംസ്ഥാനത്ത് 40 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. ബിജെപിക്ക് 25 സീറ്റുകളിൽ ലീഡ് പിടിക്കാൻ സാധിച്ചു. ലീഡുനിലയിൽ കേവല ഭൂരിപക്ഷവും കടന്ന് കോൺഗ്രസ് കുതിക്കുകയാണ്.

അതേസമയം, സീറ്റുകളുടെ എണ്ണത്തിൽ ഭൂരിപക്ഷമില്ലെങ്കിലും ഹിമാചൽ പിടിക്കാനുള്ള ശ്രമങ്ങൾക്ക് ബിജെപി തുടക്കമിട്ടതായി റിപ്പോർട്ടുകളുണ്ട്. സ്വതന്ത്രരേയും കോൺഗ്രസിലെ ചില എംഎ‍ൽഎമാരേയും സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ബിജെപി ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇതിന് നേതൃത്വം നൽകുന്നത്.

എംഎ‍ൽഎമാരെ ഹിമാചൽപ്രദേശിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങൾക്ക് കോൺഗ്രസും തുടക്കം കുറിച്ചിട്ടുണ്ട്. രാജസ്ഥാനിലേക്ക് എംഎ‍ൽഎമാരെ ബസിൽ കൊണ്ടു പോകുന്നതിനുള്ള നീക്കമാണ് കോൺഗ്രസ് ആരംഭിച്ചത്. സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി പ്രിയങ്ക ഗാന്ധി ഷിംലയിൽ വ്യാഴാഴ്ച വൈകീട്ടോടെ എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP