Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്തിലെ റെക്കോഡ് ജയത്തിനിടയിലും ബിജെപിക്ക് കല്ലുകടിയായി ഹിമാചലിലെ ഭരണവിരുദ്ധ വികാരം; ഒരുസംസ്ഥാനം കൈവിട്ടതോടെ, ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറഞ്ഞത് പതിനൊന്നായി; കോൺഗ്രസും സഖ്യകക്ഷികളും ഇനി അഞ്ചിടങ്ങളിൽ; മെയിലെ കർണാടക തിരഞ്ഞെടുപ്പിനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമായി ഒരുങ്ങുമ്പോൾ ബിജെപിക്ക് ഭീഷണിയാവുന്നതും പ്രതിപക്ഷത്തിന്റെ മഴവിൽ സഖ്യം

ഗുജറാത്തിലെ റെക്കോഡ് ജയത്തിനിടയിലും ബിജെപിക്ക് കല്ലുകടിയായി ഹിമാചലിലെ ഭരണവിരുദ്ധ വികാരം; ഒരുസംസ്ഥാനം കൈവിട്ടതോടെ, ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറഞ്ഞത് പതിനൊന്നായി; കോൺഗ്രസും സഖ്യകക്ഷികളും ഇനി അഞ്ചിടങ്ങളിൽ; മെയിലെ കർണാടക തിരഞ്ഞെടുപ്പിനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമായി ഒരുങ്ങുമ്പോൾ ബിജെപിക്ക് ഭീഷണിയാവുന്നതും പ്രതിപക്ഷത്തിന്റെ മഴവിൽ സഖ്യം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഗുജറാത്ത്-ഹിമാചൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർത്തിയാകുമ്പോൾ 1-1 ആണ് സ്‌കോർ. ഫിഫ ലോകകപ്പ് ഫുട്‌ബോൾ ലഹരിയിൽ നിൽക്കുന്ന ആരാധകർക്ക് രണ്ടുനാളത്തേക്ക് ഒന്നു ശ്രദ്ധ തിരിഞ്ഞു. നാളെ വീണ്ടും ക്വാർട്ടർ മത്സരങ്ങളിലേക്ക് കണ്ണൂന്നും മുമ്പ് രാഷ്ട്രീയ കക്ഷികൾക്ക് ചില പാഠങ്ങളുമായി. ഗുജറാത്തിൽ, 182 സീറ്റിൽ 158 ഉം നേടി റെക്കോഡ് വിജയവുമായി ബിജെപി തിളങ്ങി നിൽക്കുമ്പോഴും, ഹിമാചലിലെ ഭരണവിരുദ്ധ വികാരം സത്യമായി അവശേഷിക്കുന്നു. ഗുജറാത്തിൽ, ഭരണ വിരുദ്ധ വികാരം ഇല്ലാതിരുന്നതല്ല, അതിനെ കഠിനപ്രയത്‌നത്തിലൂടെ ബിജെപി മറികടന്നതാണ്.

അടുത്ത വർഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കും, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഉള്ള കർട്ടൻ റെയ്‌സറായി ഈ തിരഞ്ഞെടുപ്പുകൾ. കോൺഗ്രസുമായി നേരിട്ട് പോരടിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരിക്കും ബിജെപി. അതേസമയം, ഹിമാചലിലെ, വിജയം കോൺഗ്രസിന് അൽപം ആത്മവിശ്വാസം നൽകും. അടുത്ത മുഖ്യപോരാട്ടം, 2023 മെയിലെ കർണാടക തിരഞ്ഞെടുപ്പാണ്.

കോൺഗ്രസും സഖ്യകക്ഷികളും ഇനി അഞ്ചിടങ്ങളിൽ

ഗുജറാത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും ഹിമാചലിലെ വിജയത്തോടെ കോൺഗ്രസ് തനിച്ചും സഖ്യകക്ഷികൾക്കൊപ്പവും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നു. രാജസ്ഥാനും ഛത്തിസ് ഗഡുമാണ് തനിച്ച് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങൾ. ഝാർഖണ്ഡിലും ബിഹാറിലും സഖ്യത്തിന്റെ ഭാഗമായും കോൺഗ്രസ് ഭരണത്തിലുണ്ട്.

അതേസമയം, ഹിമാചൽ നഷ്ടമായതോടെ ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി കുറഞ്ഞു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ്, ഹരിയാന, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് അവർക്ക് തനിച്ച് ഭരണമുള്ളത്. മഹാരാഷ്ട്രയിൽ ശിവസേന ഷിൻഡെ പക്ഷത്തിനൊപ്പവും സിക്കിം, മേഘാലയ, മിസോറം, നാഗാലാൻഡ് എന്നിവിടങ്ങളിൽ സഖ്യകക്ഷികൾക്കൊപ്പവും ഭരണത്തിലുണ്ട്.

ആം ആദ്മി പാർട്ടി ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിൽ തനിച്ച് ഭരിക്കുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ഒഡിഷയിൽ ബി.ജെ.ഡിയും തെലങ്കാനയിൽ തെലങ്കാന രാഷ്ട്രീയ സമിതിയും (ടി.ആർ.എസ്) ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസും തമിഴ്‌നാട്ടിൽ ഡി.എം.കെയും കേരളത്തിൽ സിപിഎം നയിക്കുന്ന എൽ.ഡിഎഫുമാണ് ഭരണത്തിലുള്ളത്.

കർണാടക, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, ഹരിയാന, തെലങ്കാന, ത്രിപുര, മേഘാലയ, മിസോറം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷവും 2024ന്റെ തുടക്കത്തിലുമായി തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ്.

എല്ലാറ്റിനും മുകളിൽ ബ്രാൻഡ് മോദി

തെലങ്കാന ഉപതിരഞ്ഞെടുപ്പോ, ഡൽഹി തദ്ദേശ തിരഞ്ഞെടുപ്പോ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പോ ആകട്ടെ, ബിജെപിയും മോദിയും തങ്ങളുടെ കൈയിലുള്ളതെല്ലാം പുറത്തെടുത്ത് വിജയത്തിനായി അദ്ധ്വാനിക്കും. ഇതാണ് മറ്റുപാർട്ടികളിൽ കാണാത്തത്. ചിട്ടയായ പ്രവർത്തനത്തിലൂടെ ഓരോ പ്രതിബന്ധവും പാർട്ടി മറികടക്കുന്നു. നിരന്തരമായ പ്രചാരണത്തിലൂടെ തങ്ങൾക്ക് പറയാനുള്ളത് ക്യത്യമായി എത്തിക്കാനും, മോദി എന്ന ബ്രാൻഡിനെ വോട്ടറുടെ മനസ്സിൽ ഉറപ്പിക്കാനും ബിജെപിയേ കഴിഞ്ഞേ ഏതു പാർട്ടിക്കും ശേഷിയുള്ളു.

ബിജെപിക്ക് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് അഭിമാന പോരാട്ടമായിരുന്നു. 31 റാലികൾ, അഹമ്മദാബാദിലും, സൂറത്തിലും, രണ്ട് പ്രധാന റോഡ് ഷോകൾ, തന്റെ ജന്മനാട്ടിൽ അധികാരമുറപ്പിക്കാൻ, മോദി ചില്ലറ സമയമല്ല ചെലവഴിച്ചത്. അമിത് ഷാ ഗുജറാത്തിൽ ഒരുമാസത്തോളം ക്യാമ്പ് ചെയ്ത്, പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിച്ചു.

അഹമ്മദാബാദിൽ, കഴിഞ്ഞാഴ്ച മോദി നടത്തിയ 50 കിലോമീറ്റർ റോഡ് ഷോ ഏറ്റവും ദൈർഘ്യമേറിയതെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. മോദിയെ ഒരു നോക്കുകാണാൻ 10 ലക്ഷത്തിലേറെ പേരാണ് നാലുമണിക്കൂറിലേറെ തടിച്ചുകൂടിയത്. അഹമദാബാദിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം ആവേശം വിതയ്ക്കുക മാത്രമല്ല കൊയ്യുക കൂടിയായിരുന്നു മോദി. അഹമ്മദാബാദിലെ നിഷാൻ നഗറിൽ വോട്ടുചെയ്യാൻ മോദി ഘോഷയാത്രയായി പോയത് തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപണം ഉയർന്നെങ്കിലും അത് വിലപ്പോയില്ല.

ഗുജറാത്തിലെ വികസനം ചർച്ച ചെയ്യുന്നതിനു പകരം തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിലാണു കോൺഗ്രസിന്റെ ശ്രദ്ധ എന്നാണ് മോദി ജനങ്ങളോട് പറഞ്ഞത്. താഴ്ന്ന മനുഷ്യൻ, മരണത്തിന്റെ ദൂതൻ എന്നിങ്ങനെയെല്ലാം വിളിച്ച് തന്നെ അധിക്ഷേപിച്ചു. കോൺഗ്രസുകാർ രാജകീയ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. താൻ ജനങ്ങളുടെ സേവകനാണ്. തന്റെ സ്ഥാനത്തെക്കുറിച്ചല്ല, വികസനത്തെക്കുറിച്ച് കോൺഗ്രസ് ചർച്ച ചെയ്യണം. അധികാരത്തിൽ തിരിച്ചെത്തുക എന്ന ഏക ലക്ഷ്യത്തോടെയാണു ചിലർ രാജ്യം മുഴുവൻ യാത്ര നടത്തുന്നത്. ബിജെപി എന്നാൽ വിശ്വാസമാണ്, വിശ്വാസം എന്നതു ബിജെപിയും. ഗുജറാത്തിന്റെ വികസനം സംരക്ഷിക്കാൻ ബിജെപി ആവശ്യമാണ്, റാലികളിൽ മോദി നൽകിയ സന്ദേശം ഇങ്ങനെയാണ്.

സുരക്ഷയും, വികസനവും വാഗ്ദാനം ചെയ്യുന്ന ബിജെപിയുടെ പോസ്റ്ററുകളിൽ മറ്റു നേതാക്കന്മാരേക്കാൾ എല്ലാം വലിയ ചിത്രം മോദിയുടേതായിരുന്നു. റാലികളിൽ, 2002 ൽ ബിജെപി അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം മോദി ഉയർത്തിക്കാട്ടി. തനിക്കെതിരെ കോൺഗ്രസ് ഉയർത്തിയ അധിക്ഷേപങ്ങൾ അപ്രസക്തമെന്ന് വാഗ്‌ധോരണിയിലൂടെ തെളിയിക്കാൻ ശ്രമിച്ചു. ദേശീയവാദം ഉയർത്തി അതിർത്തി സംസ്ഥാനത്തിന്റെ ജനവികാരം പാർട്ടിക്ക് ഒപ്പമാക്കി.

ബിജെപിയുടെ റെക്കോഡ് വിജയത്തിനായി വോട്ടിങ് ശതമാനം കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ മോദിയും ഷായും സൂക്ഷ്മതലത്തിലും ശ്രദ്ധിച്ചു. മോദിയുടെയും അമിത്ഷായുടെയും ജന്മനാട്ടിലെ തിരഞ്ഞെടുപ്പിൽ റെക്കോഡ് ജയമെന്നത് പ്രവർത്തകരുടെ മനസ്സിലും വികാരമായി മാറി. നേതാക്കൾ വോട്ടുതേടിയതും മോദിയുടെ പേരിൽ തന്നെയെന്നതിലും കൗതുകമില്ല.

ആപ്പ് ദേശീയ പാർട്ടി

ബിജെപി 52.5 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ, കന്നിക്കാരായ ആപ്പ് 12.91 ശതമാനം നേടിയിരിക്കുന്നു. ബിജെപിയുടെ കോട്ടയായ ഗുജറാത്തിൽ, രംഗപ്രവേശത്തിന് ജനങ്ങൾ സഹായിച്ചുവെന്നും, അടുത്ത വട്ടം തങ്ങൾക്ക് ജയിക്കാൻ കഴിയുമെന്നുമാണ് കെജ്രിവാളിന്റെ പ്രതികരണം. ഗുജറാത്തിലും, ഹിമാചലിലും മത്സരിച്ചുവെന്നതല്ല, ആപ്പിന് വിശാലമായ പദ്ധതിയിലേക്കുള്ള ഒരുചുവട് വയ്‌പ്പാണിത്. ദേശീയപാർട്ടി പദവി ലക്ഷ്യമിട്ട ആപ്പിന് ഈ വോട്ട് വിഹിതം ആഹ്ലാദം പകരുന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടരുകയാണ്.

കെജ്രിവാളിന്റെ വീഡിയോ സന്ദേശം ഇങ്ങനെ: ' ഗുജറാത്തി ജനത ഞങ്ങൾക്ക് ദേശീയ പദവി നൽകിയിരിക്കുന്നു. ഒരു ചെറിയ, യുവ പാർട്ടിയെ സംബന്ധിച്ച് ഇത് അദ്ഭുതകരമായ നേട്ടം തന്നെ'. പാർട്ടി നേതാവ് സഞ്ജയ് സിങ് ഒരുപടി കൂടി മുന്നോട്ടുവച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, മോദിയും കെജ്രിവാളും തമ്മിലായിരിക്കും പോരാട്ടം. 10 വർഷത്തെ ചരിത്രം മാത്രമുള്ള പാർട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. എഎപിയാണ് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പാർട്ടി, അദ്ദേഹം അവകാശപ്പെട്ടു.

എഎപി ആറ് ശതമാനത്തിൽ അധികം വോട്ട് വിഹിതം നേടുന്ന നാലാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടാൻ പൂർത്തീകരിക്കേണ്ട മുഖ്യമാനദണ്ഡം. കഴിഞ്ഞ മാസമാണ് എഎപി 10 ാം വാർഷികം ആഘോഷിച്ചത്. ഡൽഹി-പഞ്ചാബ് സംസ്ഥാനങ്ങളെ ഭരിക്കുന്ന പാർട്ടിക്ക് ഇതുവരെ സംസ്ഥാന പദവിയായിരുന്നു. ഗോവയിൽ രണ്ടുസീറ്റും 6.77 ശതമാനം വോട്ടും കിട്ടി. ഗുജറാത്തിലെ ജയത്തോടെ, എഎപി ദേശീയ പാർട്ടികളുടെ പട്ടികയിൽ ചേരും. ദേശീയപദവിയുള്ള ഏഴുപാർട്ടികളിൽ ബിജെപിയും, കോൺഗ്രസുമാണ് ഏറ്റവും വലുത്.

15 വർഷം ബിജെപി അധികാരത്തിലിരുന്ന ഡൽഹി മുനിസിപ്പിൽ കോർപറേഷനിൽ അധികാരം പിടിച്ചെടുത്തതിന്റെ ആഹ്ലാദ നിറവിലാണ്, ദേശീയ പാർട്ടി പദവി കൂടി ആപ്പിനെ തേടിയെത്തുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പാർട്ടിയുടെ പുതിയ പദവിയെ സൂചിപ്പിച്ച് ട്വീറ്റിട്ടു. ' ഇതാദ്യമായി വിദ്യാഭ്യാസ-ആരോഗ്യ പ്രശ്‌നങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്'.

ഗുജറാത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് എഎപി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, അവരുടെ ലക്ഷ്യങ്ങൾ കൂടുതൽ പ്രായോഗികമായിരുന്നു. തങ്ങൾക്ക് സംസ്ഥാനത്ത് 15-20 ശതമാനം വോട്ട് വിഹിതം കിട്ടിയാൽ, പാർട്ടി സന്തുഷ്ടരായിരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു. ഹിമാചലിൽ, ബിജെപിയോടും, കോൺഗ്രസിനോടും മത്സരിച്ചെങ്കിലും, കഷ്ടിച്ച് ഒരുശതമാനം വോട്ടാണ് കിട്ടുക. ആദ്യത്തെ പ്രചാരണ കോലാഹലത്തിന് ശേഷം ആപ്പ് ഹിമാചലിൽ കാര്യമായ ശ്രദ്ധ കൊടുത്തതുമില്ല.

ഖാർഗെയ്ക്ക് ആശ്വാസം

ഹിമാചലിൽ 68 സീറ്റിൽ 40 സീറ്റ് നേടി, 44 ശതമാനം വോട്ട് വിഹിതത്തോടെ, കോൺഗ്രസ് ജയിച്ചുകയറിയപ്പോൾ, പുതുതായി ചുമതലയേറ്റ മല്ലികാർജ്ജുൻ ഖാർഗെയായിരിക്കും ആശ്വസിച്ചത്. ഗുജറാത്തിലെ തകർച്ചയ്ക്കിടയിലും, പിടിച്ചുനിൽക്കാനും മുന്നോട്ടുപോകാനും ഒരു പുതിയ തുടക്കം.

പ്രതിപക്ഷ ഐക്യം

ദീർഘനാളായിഒരു മഴവിൽ സഖ്യം കോർത്തെടുക്കാനുള്ള പരിശ്രമത്തിലാണ് പ്രതിപക്ഷ കക്ഷികൾ. എന്നാൽ, കൃത്യമായ ഒരു രൂപം ഇനിയും ആയിട്ടില്ല. എന്നാൽ, ഒറ്റക്കെട്ടായല്ലെങ്കിലും, സ്വതന്ത്രമായി അവരിൽ പലരും ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോൺഗ്രസും എഎപിയും ഒന്നിച്ചെടുത്താൽ, അഞ്ചു സംസ്ഥാനങ്ങളിൽ ഭരണമുണ്ട്. പ്രാദേശിക പാർട്ടികളായി ടിആർഎസും, ടിംഎംസിയും ബിജെപിക്ക് ഇപ്പോഴും വലിയ ഭീഷണി തന്നെ.

ബിജെപിയുടെ മുൻ സഖ്യകക്ഷി നിതീഷ് കുമാർ പ്രതിപക്ഷ സഖ്യത്തിനായി ഓടിനടക്കുന്നു. കൂടുതൽ സംസ്ഥാനങ്ങൾ തങ്ങളുടെ കൈവശം വന്നാൽ, പ്രതിപക്ഷ കക്ഷികൾക്ക് ബിജെപിയുടെ രാഷ്ട്രീയാധിപത്യത്തെ ചോദ്യം ചെയ്യാനുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP