Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്ഥാനാർത്ഥിയെ ബുദ്ധിമുട്ടിക്കരുത്; ഭവന സന്ദർശനത്തിന് അഞ്ചുപേർ; റോഡ് ഷോയ്ക്ക് മൂന്നുവാഹനങ്ങൾ; കൊട്ടിക്കലാശം ഇനി ഓർമകളിൽ മാാത്രം; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്ഥാനാർത്ഥിയെ ബുദ്ധിമുട്ടിക്കരുത്; ഭവന സന്ദർശനത്തിന് അഞ്ചുപേർ; റോഡ് ഷോയ്ക്ക് മൂന്നുവാഹനങ്ങൾ; കൊട്ടിക്കലാശം ഇനി ഓർമകളിൽ മാാത്രം; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് എല്ലാറ്റിനെയും മാറ്റിമറിച്ചത് പോലെ തിരഞ്ഞെടുപ്പുകളെയും മാറ്റി മറിച്ചിരിക്കുകയാണ്. പഴയ്ത പോലെ കാടിളക്കി പ്രചാരണം നടത്തിയിട്ടൊന്നും കാര്യമില്ല. തിരഞ്ഞെടുപ്പ കമ്മീഷൻ സമ്മതിക്കുകയുമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം എല്ലാവരും പെരമാറാൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ മൂന്ന് പേർ മാത്രമേ പാടുള്ളൂ. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ അഞ്ച് പേർ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് മൂന്ന് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണത്തിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെപ്റ്റംബർ 18-ന് വിളിച്ചുചേർത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കരട് മാർഗ്ഗനിർദ്ദേശങ്ങൾ ചർച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി ഉത്തരവായതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ 86 മുനിസിപ്പാലിറ്റികൾ 6 മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലായി 21,865 വാർഡുകളിലേയ്ക്കാണ് ഈ വർഷം തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, ഇ.വി എം ഫസ്റ്റ് ലെവൽ ചെക്കിങ് എന്നിവ പുരോഗമിച്ച് വരുകയാണ്. അന്തിമ വോട്ടർപട്ടിക ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മറ്റും ഒരു അവസരം കൂടി നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

സംസ്ഥാനത്ത്‌കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളും രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും മറ്റും പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ചുവടെ..

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു നടത്തിപ്പിന് ഏകദേശം 2 ലക്ഷം ജീവനക്കാരെ കമ്മിഷൻ നിയോഗിക്കും. വരണാധികാരികൾ, ഉപവരണാധികാരികൾ, അസിസ്റ്റന്റുമാർ എന്നിവർക്ക് രണ്ട് ദിവസത്തെയും പോളിങ്, കൗണ്ടിങ് ഡ്യൂട്ടിയുള്ളവർക്ക് ഒരു ദിവസത്തെയും നേരിട്ടുള്ള പരിശീലനമാണ് നൽകുന്നത്.
പഞ്ചായത്തുകൾക്ക് ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികൾക്ക് ജില്ലാ തലത്തിലും വിവിധ ബാച്ചുകളായി വേണം പരിശീലനം നടത്തേണ്ടത്.ഒരു ബാച്ചിൽ പരമാവധി 40 പേർ.
സ്ഥലസൗകര്യമുള്ളതും വായുസഞ്ചാരമുള്ളതുമായ ഹാളുകളാണ് പരിശീലന കേന്ദ്രങ്ങളായി ഉപയോഗിക്കേണ്ടത്.
എയർകണ്ടീഷൻ ചെയ്ത ഹാളുകൾ ഒഴിവാക്കണം. ഫർണിച്ചറുകൾ, ഹാളുകൾ എന്നിവ അണുവിമുക്തമാക്കണം.
 സാനിറ്റൈസർ പരിശീലന കേന്ദ്രത്തിനുള്ളിലും സോപ്പ്, വെള്ളം എന്നിവ പരിശീലന കേന്ദ്രത്തിന് പുറത്തും ലഭ്യമാക്കണം.
 പരിശീലന ഹാളിൽ പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം.
 പരിശീലനംആരംഭിക്കുന്നതിന് മുമ്പ് ശരീരോഷ്മാവ് അളക്കുന്നതിന് സിഎച്ച്‌സി/പിഎച്ച്‌സിയുടെ നേതൃത്വത്തിലുള്ള സംവിധാനം ഏർപ്പെടുത്തണം.
പരിശീലന വേളയിലും, ഇടവേളകളിലും, പരിശീലനാർത്ഥികൾ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. രണ്ട് മീറ്റർ അകലം പാലിച്ചായിരിക്കണം സീറ്റുകൾ ക്രമീകരിക്കേണ്ടത്.
 കണ്ടെയിന്മെന്റ് സോണുകളിലുള്ള/ ക്വാറൻന്റൈനിലുള്ള പരിശീലനാർത്ഥികളുടെ പേരുവിവരം പ്രത്യേകം തയ്യാറാക്കേണ്ടതും അവർക്ക് പ്രത്യേകം പരിശീലനം നൽകേണ്ടതുമാണ്.

രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല യോഗം

കൊല്ലം താലൂക്ക് ഓഫിസിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങിയപ്പോൾ.
കൊല്ലം താലൂക്ക് ഓഫിസിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുടെ പരിശോധന തുടങ്ങിയപ്പോൾ.
രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല പ്രതിനിധികളുടെ യോഗം കമ്മീഷന്റെ നിർദ്ദേശാനുസരണം ജില്ലാ കലക്ടർമാർ വിളിച്ച് ചേർക്കും.
ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു പ്രതിനിധി എന്ന നിലയ്ക്ക് പരമാവധി 40 പേർക്ക് പങ്കെടുക്കാം.
സ്ഥല സൗകര്യമുള്ളതും വായുസഞ്ചാരമുള്ളതുമായ ഹാളിൽ വച്ച് വേണം യോഗം നടത്തേണ്ടത്.
ഹാളിനുള്ളിൽ 2 മീറ്റർ അകലത്തിൽ വേണം സീറ്റുകൾ അറേഞ്ച് ചെയ്യേണ്ടത്.
മാസ്‌ക് നിർബന്ധം. ഹാളിനുള്ളിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം.

ഇവി എം ഫസ്റ്റ് ലെവൽ ചെക്കിങ്(എഫ്എൽസി)

തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ കേന്ദ്രങ്ങളിൽ വച്ച് എല്ലാ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ എൻജിനീയർമാർ പ്രവർത്തന സജ്ജമാണോയെന്ന് പരിശോധിക്കും.
 എൻജിനീയർമാർ കേരളത്തിന് പുറത്ത് നിന്നും വരുന്നവരായതിനാൽ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന ക്വാറന്റൈയിനിൽപ്രവേശിക്കണം. ഒരാഴ്ച്യ്ക്ക് ശേഷം കോവിഡ് 19 പരിശോധന നടത്തി ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം FLC പ്രവർത്തനം ആരംഭിക്കണം.
ഓരോ ജില്ലയിലും എഫ്എൽസി നടത്തുന്നതിന് ഏകദേശം ഒരുമാസത്തെ കാലയളവ് വേണ്ടി വരും. ഇതിന് പര്യാപ്തമായ രീതിയിൽ ഹാളിൽ ക്രമീകരണങ്ങൾ വരുത്തണം.
 സ്ഥലസൗകര്യം, വായുസഞ്ചാരം എന്നിവ പരിഗണിച്ച് വേണം ഹാളുകൾ സജ്ജമാക്കേണ്ടത്.
എഫ്എൽസി വേളയിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു പ്രതിനിധിയെ പ്രവേശിപ്പിക്കാം. ഒരു ഹാളിൽ പരമാവധി 30 പേർ.
 എഫ്എൽസി കേന്ദ്രത്തിന് പുറത്ത് സോപ്പ്, വെള്ളം എന്നിവ കരുതണം
 എഫ്എൽസി കേന്ദ്രങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.

നോമിനേഷൻ സ്വീകരിക്കൽ

നോമിനേഷൻ ഫാറവും, 2A ഫാറവും കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കും. നോമിനേഷൻ ഫാറവും 2A ഫാറവും പൂരിപ്പിച്ച് നിശ്ചിത സമയത്ത് വരണാധികാരിക്ക് സമർപ്പിക്കേണ്ടതുണ്ട്.
 നോമിനേഷൻ സ്വീകരിക്കുന്നതിന് സൗകര്യപ്രദമായ ഹാൾ ഒരുക്കേണ്ടതും ഒരു സമയം ഒരു സ്ഥാനാർത്ഥിയുടെ ആളുകൾക്ക് മാത്രം ഹാളിൽ പ്രവേശനം അനുവദിക്കേണ്ടതുമാണ്.
 നോമിനേഷൻ സമർപ്പിക്കുന്നതിന് സ്ഥാനാർത്ഥിയോ നിർദ്ദേശകനോ ഉൾപ്പെടെ 3 പേരിൽ കൂടാൻ പാടില്ല.
 നോമിനേഷൻ സമർപ്പിക്കുന്നവർ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം.
 നോമിനേഷൻ സമർപ്പിക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.
 ആവശ്യമെങ്കിൽ നോമിനേഷൻ സമർപ്പിക്കുന്നതിന് സ്ഥാനാർത്ഥികൾക്ക് മുൻകൂറായി സമയം (ടൈം സ്ലോട്ട്) അനുവദിക്കാം.
 ഒരു സമയം ഒന്നിലധികം സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കുന്നതിന് വരുന്ന പക്ഷം മറ്റുള്ളവർക്ക് സാമൂഹ്യ അകലം പാലിച്ച് വിശ്രമിക്കുന്നതിന് വേറെ ഹാളിൽ സൗകര്യം ഒരുക്കേണ്ടതാണ്.
 വരണാധികാരി/ഉപവരണാധികാരി പത്രിക സ്വീകരിക്കുന്ന വേളയിൽ നിർബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.
 ഓരോ സ്ഥാനാർത്ഥിയുടെയും നോമിനേഷൻ സ്വീകരിച്ചതിന് ശേഷം വരണാധികാരി/ ഉപവരണാധികാരി സാനിറ്റൈസർ ഉപയോഗിക്കണം.
 സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലോ ഒടുക്കിയതിന്റെ ചെല്ലാൻ/രസീത് ഹാജരാക്കാം.
 നോമിനേഷൻ സമർപ്പിക്കാൻ വരുന്ന ഒരു സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രം.
 സ്ഥാനാർത്ഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല.
 കണ്ടൈയിന്മെന്റ് സോണികളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുൻകൂട്ടി അറിയിച്ച് വേണം നോമിനേഷൻ സമർപ്പിക്കാൻ ഹാജരാകേണ്ടത്. വരണാധികാരികൾ അവർക്ക് പ്രത്യേക സമയം അനുവദിക്കേണ്ടതും ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്.
 സ്ഥാനാർത്ഥി കോവിഡ് പോസിറ്റീവ് ആണെങ്കിലോ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ക്വാറന്റൈനിൽ ആണെങ്കിലോ നാമനിർദ്ദേശ പത്രിക നിർദ്ദേശകൻ മുഖാന്തിരം സമർപ്പിക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ സ്ഥാനാർത്ഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്താവുന്നതും പ്രസ്തുത സത്യപ്രതിജ്ഞാരേഖ വരണാധികാരി മുൻപാകെ ഹാജരാക്കേണ്ടതുമാണ്.
ന്മ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള നിയമപരമായ എല്ലാ വ്യവസ്ഥകളും നിർബന്ധമായും പാലിച്ചിരിക്കണം.

സൂക്ഷ്മപരിശോധന

 നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന മുൻകൂട്ടി അറിയിക്കുന്നതനുസരിച്ച് വരണാധികാരിയുടെ നേതൃത്വത്തിൽ നടത്തും.
 സൂക്ഷ്മപരിശോധനയ്ക്ക് സൗകര്യപ്രദമായതും വായു സഞ്ചാരമുള്ളതുമായ ഹാൾ വേണം ഉപയോഗിക്കേണ്ടത്. ഹാൾ മുൻകൂട്ടി അണുവിമുക്തമാക്കണം.
 സൂക്ഷ്മ പരിശോധന വേളയിൽ ഓരോ വാർഡിലെയും സ്ഥാനാർത്ഥികൾക്കും നിർദ്ദേശകർക്കും, ഏജന്റുമാർക്കും മാത്രം പ്രവേശനം അനുവദിക്കുക. പരമാവധി 30 പേർ മാത്രം.
 സാമൂഹ്യ അകലം പാലിച്ചു വേണം സ്ഥാനാർത്ഥികൾക്കും മറ്റും ഇരിപ്പിടങ്ങൾ തയ്യാറാക്കേണ്ടത്
 സൂക്ഷ്മ പരിശോധന വേളയിൽ വരണാധികാരി, ഉപവരണാധികാരി എന്നിവർ മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീൽഡ്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.
 സൂക്ഷ്മപരിശോധനയ്ക്ക് നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചിരിക്കണം.

സ്ഥാനാർത്ഥികളുടെ യോഗം

 വരണാധികാരി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ചും മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ചും വിശദീകരിക്കുന്നതിന് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിച്ച് ചേർക്കണം
 30 പേരിൽ അധികരിക്കാത്ത വിധം ഒന്നിലധികം വാർഡുകളിലെ സ്ഥാനാർത്ഥികളെ ഒരേ സമയം വിളിക്കാവുന്നതാണ്.
 സ്ഥല സൗകര്യവും വായു സഞ്ചാരമുള്ളതുമായ ഹാൾ വേണം ഇതിനായി ഉപയോഗിക്കേണ്ടത്.
 സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടങ്ങളാണ് ഒരുക്കേണ്ടത്.
 മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഉപയോഗിക്കണം.

സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ

 തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദർശനത്തിന് ഒരു സമയം സ്ഥാനാർത്ഥികൾ ഉൾപ്പെടെ പരമാവധി 5 പേർ മാത്രം.
 കോവിഡ് പ്രോട്ടോകോൾ പാലിച്ച് വേണം സ്ഥാനാർത്ഥികളും മറ്റും ഭവനസന്ദർശനം നടത്തേണ്ടത്.
 റോഡ് ഷോ/ വാഹന റാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങൾ.
 ജാഥ, ആൾക്കൂട്ടം,കൊട്ടിക്കലാശം എന്നിവ കോവിഡ് 19 പശ്ചാത്തലത്തിൽ ഒഴിവാക്കേണ്ടതാണ്.
 പൊതു യോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂ. പൊതു യോഗങ്ങൾ നടത്തുന്നതിന് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം.
 തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ്/ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരമാവധി സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തണം.
 വോട്ടർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാർത്ഥികളുടെയും മറ്റും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്.
 സ്ഥാനാർത്ഥികൾക്ക് ഹാരം,ബൊക്കെ,നോട്ടുമാല,ഷാൾ എന്നിവയോ മറ്റോ നൽകികൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല.
 ഏതെങ്കിലും സ്ഥാനാർത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടൻ തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നിൽക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം മാത്രമെ തുടർപ്രവർത്തനം പാടുള്ളൂ.

കാൻഡിഡേറ്റ് സെറ്റിങ്

 വരണാധികാരികളുടെ നേതൃത്വത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കാന്റിഡേറ്റ് സെറ്റിങ് നടത്തും.
 സ്ഥലസൗകര്യമുള്ളതും വായുസഞ്ചാരമുള്ളതുമായ ഹാളുകളിൽ വച്ച് വേണം കാൻഡിഡേറ്റ് സെറ്റിങ് നടത്തേണ്ടത്. ഓരോ തദ്ദേശ സ്ഥാപനത്തിനും പ്രത്യേകം ഹാളുകൾ നിശ്ചയിക്കേണ്ടതാണ്.
 കാന്റിഡേറ്റ് സെറ്റിങ് നടത്തുന്ന ഹാളുകൾ തലേദിവസം അണുവിമുക്തമാക്കണം.
 ഒരു സ്ഥാനാർത്ഥിക്ക് ഒരാൾ എന്ന നിലയ്ക്ക് ഹാളിൽ പ്രവേശനം അനുവദിക്കാം. പരമാവധി 30 പേർ. ഹാളിൽ സാമൂഹ്യ അകലം പാലിക്കുന്ന തരത്തിൽ വേണം സീറ്റുകൾ ക്രമീകരിക്കേണ്ടത്.
മാസ്‌ക്, കൈയുറ, സാനിറ്റൈസർ എന്നിവ ഹാളിനുള്ളിൽ നിർബന്ധം. ഹാളിന്റെ പുറത്ത് സോപ്പ്, വെള്ളം കരുതണം.

പോളിങ് സാധനങ്ങളുടെ വിതരണം

 പോളിങ് സാധനങ്ങൾ വോട്ടെടുപ്പിന് തലേദിവസം വിതരണം ചെയ്യേണ്ടതും വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സ്‌ട്രോങ് റൂമിൽ സൂക്ഷിക്കേണ്ടതുമുണ്ട്.പഞ്ചായത്തുകൾക്ക് ബ്ലോക്ക് തലത്തിലാണ് വിതരണ സ്വീകരണ കേന്ദ്രങ്ങൾ. മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾക്ക് ആ സ്ഥാപനതലത്തിലാണ് അവ വിതരണം ചെയ്യുന്നത്.
 വിതരണ സ്വീകരണ കേന്ദ്രങ്ങൾ തലേദിവസവും പോളിങ് ദിവസവും അണുവിമുക്തമാക്കണം.
 ഓരോ ബൂത്തിലെയും വോട്ടെടുപ്പിന് ആവശ്യമുള്ള സാധനസാമഗ്രികൾ ഒരാഴ്ചയ്ക്ക് മുമ്പ് പ്രത്യേകം പായ്ക്ക് ചെയ്ത് സൂക്ഷിക്കണം.
 തിരഞ്ഞെടുപ്പ് സാധനങ്ങൾ പായ്ക്ക് ചെയ്യുന്ന ഉദ്യോഗസ്ഥർ നിർബന്ധമായും കൈയുറ, മാസ്‌ക് ധരിച്ചിരിക്കണം. കൂടാതെ സാനിറ്റൈസർ ഉപയോഗിക്കുകയും വേണം.
 വിതരണം നടത്തുന്നതിനും തിരികെ വാങ്ങുന്നതിനും ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് മാസ്‌ക്, സാനിറ്റൈസർ, കൈയുറ നിർബന്ധം.
 ഒരു ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകൾക്ക് വിതരണത്തിനായി വെവ്വേറെ സമയം നിശ്ചയിക്കണം
 പോളിങ് ഉദ്യോഗസ്ഥർ പോളിംഗിന് തലേദിവസം നിശ്ചിത സമയത്ത് തങ്ങളുടെ വിതരണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതും, ബന്ധപ്പെട്ട പോളിങ് സ്റ്റേഷനുകളിൽ ഇവരെ എത്തിക്കുന്നതിനായി നിയോഗിക്കപ്പെട്ട വാഹനത്തിൽ പ്രവേശിക്കേണ്ടതുമാണ്.
 പോളിങ് സാധനങ്ങളുടെ പായ്ക്കറ്റ് (കിറ്റ്) മേൽ വിവരിച്ച പ്രകാരം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വാഹനത്തിൽ സജ്ജമാക്കണം.
 പോളിങ് ഉദ്യോഗസ്ഥരെയും പോളിങ് സാധനങ്ങളും നിശ്ചിത വാഹനങ്ങളിൽ പോളിങ് സ്റ്റേഷനിൽ എത്തിക്കും. (4 ബൂത്തിന് ഒരു ബസ്) (21 പേരും സാധനങ്ങളും).
 വോട്ടെടുപ്പിന് ശേഷം അപ്രകാരം തന്നെ തിരികെ സ്വീകരണ കേന്ദ്രത്തിൽ എത്തിക്കണം.

പോളിങ് ബൂത്തുകൾ

 എല്ലാ പോളിങ് സ്റ്റേഷനുകളും തലേ ദിവസം അണുവിമുക്തമാക്കണം.
 ഒരു പോളിങ് സ്റ്റേഷനിൽ 4 പോളിങ് ഉദ്യോഗസ്ഥരും, 1 അറ്റന്ററും 1 പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റുമാർ 10-ൽ കൂടാൻ പാടില്ല.
പോളിങ് ഏജന്റുമാരുടെ ഇരിപ്പിടങ്ങൾ സാമൂഹ്യ അകലം പാലിച്ച് വേണം ക്രമീകരിക്കേണ്ടത്.
 പോളിങ് ഉദ്യോഗസ്ഥർ തലേദിവസം മുതൽ പോളിങ് സ്റ്റേഷനിൽ താമസിക്കണം.
 പോളിങ് ബൂത്തിന് പൂറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമായും കരുതണം.
 പോളിങ് ബൂത്തിന് മുമ്പിൽ വോട്ടർമാർക്ക്‌സാമൂഹ്യ അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യണം.
 സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ക്യൂ ഉണ്ടാകണം. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്ക് ക്യൂ നിർബന്ധമില്ല.
 പോളിങ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാർത്ഥികളോ മറ്റോ സ്ലിപ്പ് വിതരണം നടത്തുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ നിർബന്ധമായും കരുതണം. സ്ലിപ്പ് വിതരണത്തിന് രണ്ടു പേരിൽ കൂടുതൽ പാടില്ല. സ്ലിപ്പ് വിതരണം നടത്തുന്നവർ മാസ്‌ക്, കൈയുറ നിർബന്ധമായും ധരിക്കേണ്ടതാണ്.

വോട്ടെടുപ്പ്

 പോളിങ് ഉദ്യോഗസ്ഥർ ഫെയ്‌സ് ഷീൽഡ് മാസ്‌ക്, സാനിറ്റൈസർ, കൈയുറ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. പോളിങ് ഏജന്റുമാർക്കും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധം.
 വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം.
 പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടർമാർ തിരിച്ചറിയൽ രേഖ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്.
 വോട്ടർമാർ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. തിരിച്ചറിയൽ വേളയിൽ മാത്രം ആവശ്യമെങ്കിൽ മാസ്‌ക് മാറ്റണം.
 വോട്ടർമാർ രജിസ്റ്ററിൽ ഒപ്പ്,വിരലടയാളം പതിക്കണം.
 വോട്ടർമാരുടെ വിരലിൽ ശ്രദ്ധാപൂർവ്വം വേണം മഷി പുരട്ടേണ്ടത്.
 ത്രിതല പഞ്ചായത്തുകൾക്ക് 3 വോട്ടും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾക്ക് 1 വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്.
 ബൂത്തിനകത്ത് ഒരേസമയം 3 വോട്ടർമാർക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനം.
കോവിഡ്-19 പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിലുള്ളവർക്കും തപാൽ വോട്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കും തപാൽ വോട്ട്.
 തപാൽ ബാലറ്റ് വിതരണം ചെയ്യുന്നവരും തപാൽ വോട്ട് തിരികെ സ്വീകരിക്കുന്നവരും നിർബന്ധമായും കൈയുറ, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം
 വോട്ടെടുപ്പിന് ശേഷം രേഖകൾ പ്രത്യേക പായ്ക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കണം.

വോട്ടെണ്ണൽ

 വോട്ടെണ്ണൽ കേന്ദ്രങ്ങൾ തലേദിവസം അണുവിമുക്തമാക്കണം.
 വോട്ടെണ്ണൽ അതാത് വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വച്ച് വേണം നടത്തേണ്ടത്.
കൗണ്ടിങ് ഓഫീസർമാർ നിർബന്ധമായും കൈയുറ, മാസ്‌ക് എന്നിവ ഉപയോഗിക്കണം.
 ഹാളിൽ പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം
 സ്ഥാനാർത്ഥികൾ, കൗണ്ടിങ് ഏജന്റുമാർ എന്നിവർ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം.
സാമൂഹ്യ അകലം പാലിക്കത്തക്ക വിധം വേണം കൗണ്ടിങ് ടേബിളുകൾ സജ്ജമാക്കേണ്ടത്.
 വിജയാഹ്‌ളാദ പ്രകടനങ്ങൾ കോവിഡ് 19 മാനദണ്ഡം പാലിച്ച് മാത്രമേ നടത്താവൂ.

ബോധവത്കരണ പരിപാടി

 കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് വോട്ടർമാരെയും രാഷ്ട്രീയ പാർട്ടികളെയും, സ്ഥാനാർത്ഥികളെയും ബോധവത്കരിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ കമ്മീഷൻ സംഘടിപ്പിക്കും.
 ടിവി ചാനലുകൾ, സാമൂഹ്യ മാധ്യമങ്ങൾ (വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക്, ട്വിറ്റർ മുതലായവ) എഫ്.എം റേഡിയോ പത്രമാധ്യമങ്ങൾ മുതലായവയിലൂടെ ഇത്തരത്തിലുള്ള പരസ്യ പ്രചാരണങ്ങൾ നടത്തും.
 കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് പോളിങ് സ്റ്റേഷനിലും പരിസരത്തും പോസ്റ്ററുകൾ പതിക്കും.ലഘുലേഖകൾ പ്രിന്റ് ചെയ്ത് നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP