Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാൾ മൂന്നിരിട്ടി വോട്ട് നേടി ആംആദ്മി പാർട്ടി; സീറ്റുകളിൽ ഇരട്ടയക്കം കാണാനാവാതെ 17 ശതമാനം വോട്ട് കുറഞ്ഞ് ബിജെപി; എഎപിക്ക് 62 സീറ്റും ബിജെപിക്ക് 8 സീറ്റും; 21,697 വോട്ടിന്റെ ഭൂരിപക്ഷവുമായി മൂന്നാം വട്ടവും തകർപ്പൻ ജയം നേടിയ കെജ്രിവാളിനെയും പാർട്ടിയെയും അഭിനന്ദിച്ച് മോദി; തലസ്ഥാനത്തെ ലോകോത്തര നിലവാരമുള്ള നഗരമാക്കാൻ സഹകരണം തേടി കെജ്രിവാൾ; ബിഗ് സീറോ ആയ കോൺഗ്രസിൽ പഴി ചാരലുകൾ തുടരുന്നതിനിടെ ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്രയുടെ രാജിയും

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാൾ മൂന്നിരിട്ടി വോട്ട് നേടി ആംആദ്മി പാർട്ടി; സീറ്റുകളിൽ ഇരട്ടയക്കം കാണാനാവാതെ 17 ശതമാനം വോട്ട് കുറഞ്ഞ് ബിജെപി; എഎപിക്ക് 62 സീറ്റും ബിജെപിക്ക് 8 സീറ്റും; 21,697 വോട്ടിന്റെ ഭൂരിപക്ഷവുമായി മൂന്നാം വട്ടവും തകർപ്പൻ ജയം നേടിയ കെജ്രിവാളിനെയും പാർട്ടിയെയും അഭിനന്ദിച്ച് മോദി; തലസ്ഥാനത്തെ ലോകോത്തര നിലവാരമുള്ള നഗരമാക്കാൻ സഹകരണം തേടി കെജ്രിവാൾ; ബിഗ് സീറോ ആയ കോൺഗ്രസിൽ പഴി ചാരലുകൾ തുടരുന്നതിനിടെ ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്രയുടെ രാജിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭരണപാടവത്തിനുള്ള അംഗീകാരം. ഡൽഹിയിലെ വോട്ടർമാർ വിധിയെഴുതിയപ്പോൾ എഎപിയെ വീണ്ടും അധികാരക്കസേരയിൽ ഇരുത്താൻ തീരുമാനിച്ചതോടെ എരിവും പുളിയും കലർന്ന പ്രചാപണം നയിച്ച ബിജെപിക്ക് ഇരട്ടയക്കം പോലും കാണാനായില്ല. 62-8 ആണ് 70 അംഗ നിയമസഭയിലെ കക്ഷിനില. എഎപി-62 ബിജെപി -8 കോൺഗ്രസ് -0.അരവിന്ദ് കെജ്രിവാൾ മൂന്നാം വട്ടവും ഡൽഹിയെ നയിക്കും. ന്യൂഡൽഹി മണ്ഡലത്തിൽ കെജ്രിവാളിന്റെ ഭൂരിപക്ഷം 21,697 .എഎപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാൾ മൂന്നിരട്ടി വോട്ട് കിട്ടി. അതേസമയം ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാൾ 17 ശതമാനം വോട്ട് കുറവാണ്.

നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ എഎപിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദിച്ചു. കെജ്‌രിവാളിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നതായും ഡൽഹിയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ സഫലീകരിക്കാൻ കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. അഭിനന്ദനത്തിന് നന്ദി അറിയിച്ച കെജ്‌രിവാൾ, തലസ്ഥാനത്തെ ലോകോത്തര നിലവാരമുള്ള നഗരമാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ട്വീറ്റ് ചെയ്തു.

ആംആദ്മി പാർട്ടിയേയും കെജ്‌രിവാളിനേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചു. എല്ലാ ആശംസകളും നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഭരണകൂടത്തിന്റെ വൃത്തികെട്ട അടവുകൾക്കും അവർക്ക് വിധേയരായ തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ അർഹിച്ച വിജയം നേടിയ ആംആദ്മി പാർട്ടിയെ ആദ്യകാല നേതാവായ യോഗേന്ദ്ര യാദവ് അഭിനന്ദിച്ചു. വിദ്വേഷ പ്രചാരണത്തെ തോൽപിച്ച ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നേരത്തെ കെജ്രിവാൾ വോട്ടർമാർക്ക് നന്ദി അറിയിച്ചു. 'ഇത് ഡൽഹിയുടെ ജയമാണ്. പുതിയ തരം രാഷ്ട്രീയത്തിന് ഡൽഹി ജന്മം നൽകിയിരിക്കുന്നു. ഇത് ഭരണനേട്ടങ്ങൾക്കുള്ള അംഗീകാരമാണ്. ഡൽഹി വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്, വിജയത്തിന് ചുക്കാൻ പിടിച്ച കെജ്രിവാൾ പറഞ്ഞു. തന്നെ മകനായി കരുതിയ ഓരോ കുടുംബത്തിന്റെയും ജയമാണിത്. ഡൽഹി മാത്രമല്ല ഭാരതമാതാവും വിജയിച്ചിരിക്കുന്നു. തലസ്ഥാനത്തിന്റെ വികസനത്തിനായി നമ്മൾ ഒന്നിച്ച് പോരാടും.' ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടാണ് കെജ്രിവാൾ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഏറെ നേരത്തെ ചാഞ്ചാട്ടത്തിന് ശേഷം എഎപിയുടെ അതിഷിയും മനീഷ് സിസോദിയയും കൽകാജി പടപർഗഞ്ച് എന്നീ മണ്ഡലങ്ങളിൽ നിന്ന് ജയിച്ചുകയറി. ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും എഎപി വിജയം പ്രവചിച്ചിരുന്നു. 48 മുതൽ 68 വരെ സീറ്റുകൾ എഎപിക്കും രണ്ടു മുതൽ 15 വരെ സീറ്റുകൾ ബിജെപിക്കും എക്സിറ്റ് പോൾ പ്രവചിച്ചു.

പരാജയം അംഗീകരിച്ച് ബിജെപി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം അംഗീകരിച്ച് ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. രാജ്യതലസ്ഥാനത്ത് ക്രിയാത്മക പ്രതിപക്ഷമായി പാർട്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിലെ ജനങ്ങളുടെ വിധിയെഴുത്ത് മാനിക്കുന്നു. പരാജയം അംഗീകരിച്ചുകൊണ്ട് ഡൽഹിയിലെ ക്രിയാത്മക പ്രതിപക്ഷമായി ബിജെപി പ്രവർത്തിക്കും. സംസ്ഥാനത്തിന്റെ വികസന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടും. ആം ആദ്മി പാർട്ടി സർക്കാറിന് ഡൽഹിയെ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയും ആം ആദ്മി വിജയത്തെ അഭിനന്ദിച്ചു. ഡൽഹിയിലെ മുഴുവൻ വോട്ടർമാർക്കും നന്ദി. പാർട്ടി പ്രവർത്തകർക്കും നന്ദി. അരവിന്ദ് കെജരിവാളിന് അഭിനന്ദനങ്ങൾ -മനോജ് തിവാരി ട്വീറ്റിൽ പറഞ്ഞു.

കോൺഗ്രസ് ബിഗ് സീറോ

തകർന്നടിഞ്ഞ് കിടന്ന കോൺഗ്രസിന് കൂടുതൽ ക്ഷീണം നൽകുന്നതായി ബിഗ് സീറോ ആയ ഡൽഹി ഫലം. ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്ര രാജി വച്ചൊഴിഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. 'ജനവിധി മാനിക്കുന്നു. ഇനിയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. തോൽവിയും വിജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ഞങ്ങൾ നന്നായി പ്രവർത്തിച്ചിരുന്നു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്' -അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽവിഭാഗീയത സൃഷ്ടിക്കാനാണ് ആം ആദ്മി പാർട്ടിയും ബിജെപിയും ശ്രമിച്ചതെന്നും ഒരുപരിധിവരെ അക്കാര്യത്തിൽ ഇരുവരും വിജയിച്ചെന്നും സുഭാഷ് ചോപ്ര നേരത്തെവിമർശിച്ചിരുന്നു. എന്നാലും, മതവർഗീയ ശക്തികൾക്കൊപ്പമല്ല തങ്ങളെന്ന് ഡൽഹിയിലെ ജനങ്ങൾ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

4.26 ശതമാനം വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. 63 സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച തുക നഷ്ടമായി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന് തുടർച്ചയായ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല.

കെട്ടിവച്ച തുക തിരിച്ചുകിട്ടുക മൂന്ന് സ്ഥാനാർത്ഥികൾക്ക് മാത്രം. ഗാന്ധിനഗറിൽ മത്സരിച്ച അർവിന്ദർ സിങ് ലൗലി, ബദ്ലിയിൽ ജനവിധി തേടിയ ദേവേന്ദർ യാദവ്, കസ്തൂർബ നഗറിലെ സ്ഥാനാർത്ഥി അഭിഷേക് ദത്ത് എത്തിവരാണ് കെട്ടിവച്ച തുക തിരിച്ചുപിടിച്ചത്. ഒരു മണ്ഡലത്തിൽ പോൾചെയ്ത ആകെ വോട്ടിന്റെ ആറിലൊന്നെങ്കിലും നേടാൻ കഴിഞ്ഞാൽ മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ ലഭിക്കുക. എന്നാൽ, കോൺഗ്രസ് സ്ഥാനാർത്ഥികൾ മിക്കവർക്കും അഞ്ച് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയുടെ മകൾ ശിവാനി ചോപ്ര (കൽക്കാജി), ഡൽഹി മുൻ നിയമസഭാ സ്പീക്കർ യോഗാനന്ദ ശാസ്ത്രിയുടെ മകൾ പ്രിയങ്ക സിങ്, പാർട്ടി പ്രചാരണ സമിതി ചെയർമാൻ കീർത്തി ആദാസിന്റെ ഭാര്യ പൂനം ആസാദ് എന്നിവർ അടക്കമുള്ളവർക്കാണ് കെട്ടിവച്ച തുക നഷ്ടമായത്. 2604 വോട്ട് നേടിയ പൂനം ആസാദ് നാലാം സ്ഥാനത്താണ് എത്തിയത്.

അതേസമയം, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ ബിജെപിയാണ് തോറ്റതെന്ന് കോൺഗ്രസ് നേതാവ് സാധു സിങ് ധരംസോട്ട് പറഞ്ഞു. 2015 തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. ഇത്തവണയും അങ്ങനെ തന്നെ. അങ്ങനെ നോക്കിയാൽ യഥാർത്ഥത്തിൽ ബിജെപിയാണ് പരാജയപ്പെട്ടതെന്നും പഞ്ചാബിലെ ക്യാബിനറ്റ് മന്ത്രി കൂടിയായ സാധു സിങ് പറയുന്നു.

'നേരത്തെ ഞങ്ങൾക്ക് പൂജ്യമായിരുന്നു. ഇപ്പോഴും പൂജ്യമാണ്.അതുകൊണ്ട് ഇത് ഞങ്ങളുടെ തോൽവി അല്ല. ഇത് ബിജെപിയുടെ പരാജയമാണ്'- സാധു സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ക്യാബിനറ്റ് മന്ത്രിയുടെ പ്രതികരണം.

സിപിഐ സിപിഎമ്മിനേക്കാൾ മുന്നിൽ

തിരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ലെങ്കിലും സിപിഐ 0.02 ശതമാനം വോട്ടുകളും സിപിഎം 0.01 ശതമാനം വോട്ടുകളും നേടി. എന്നാൽ നോട്ട 0.46 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. ബവാനയിൽ സിപിഐ സ്ഥാനാർത്ഥി അബിപ്‌സ ചൗഹാൻ 1104 വോട്ടുകളാണ് നേടിയത്. വാസിർപുർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി നാഥു റാം 139 വോട്ടുകളും പാലം മണ്ഡലത്തിൽ സിപിഐയുടെ ദിലീപ് കുമാർ 404 വോട്ടുകളും. ബഥർപുർ മണ്ഡലത്തിൽ സിപിഎമ്മിന്റെ ജഗദീഷ് ചന്ദ്് 420 വോട്ടുകളും കാരവാൾ നഗറിൽ സിപിഎമ്മിന്റെ രഞ്ജിത്ത് തിവാരി 413 വോട്ടുകളും നേടി. ഈ അഞ്ചിൽ മൂന്നു മണ്ഡലങ്ങളിലും നോട്ടയ്ക്കും ബഹുദൂരം പിന്നിലാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥികൾ എന്നതും ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP