Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡൽഹിയിൽ നാണക്കേടു കൊണ്ടു തല ഉയർത്താനാവാതെ കോൺഗ്രസ്; 15 കൊല്ലം ഡൽഹി ഭരിച്ച പാർട്ടി വീണത് പൂജ്യത്തിൽ നിന്ന് വട്ടപ്പൂജ്യത്തിന്റെ നിലയില്ലാക്കയത്തിലേക്ക്; ഡൽഹി നിയമസഭ സന്ദർശക ഗ്യാലറിയിൽ പാർട്ടിക്ക് വീണ്ടും ഇരിപ്പിടം സജ്ജം! പ്രമുഖരെ കളത്തിൽ ഇറക്കിയിട്ടും കെട്ടിവെച്ച പണം നഷ്ടമായത് അറുപത്തിമൂന്ന് സ്ഥാനാർത്ഥികൾക്ക്; ആം ആദ്മിക്ക് കാര്യങ്ങൾ എളുപ്പമായത് കോൺഗ്രസിലെ ഉൾപോരും ആത്മർത്ഥതയില്ലാത്ത പ്രവർത്തനവും; രാഹുൽ, പ്രിയങ്ക കൂട്ടുകെട്ടിലും തോൽവി മാത്രം ഫലം

ഡൽഹിയിൽ നാണക്കേടു കൊണ്ടു തല ഉയർത്താനാവാതെ കോൺഗ്രസ്; 15 കൊല്ലം ഡൽഹി ഭരിച്ച പാർട്ടി വീണത് പൂജ്യത്തിൽ നിന്ന് വട്ടപ്പൂജ്യത്തിന്റെ നിലയില്ലാക്കയത്തിലേക്ക്; ഡൽഹി നിയമസഭ സന്ദർശക ഗ്യാലറിയിൽ പാർട്ടിക്ക് വീണ്ടും ഇരിപ്പിടം സജ്ജം! പ്രമുഖരെ കളത്തിൽ ഇറക്കിയിട്ടും കെട്ടിവെച്ച പണം നഷ്ടമായത് അറുപത്തിമൂന്ന് സ്ഥാനാർത്ഥികൾക്ക്; ആം ആദ്മിക്ക് കാര്യങ്ങൾ എളുപ്പമായത് കോൺഗ്രസിലെ ഉൾപോരും ആത്മർത്ഥതയില്ലാത്ത പ്രവർത്തനവും; രാഹുൽ, പ്രിയങ്ക കൂട്ടുകെട്ടിലും തോൽവി മാത്രം ഫലം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ പതിനഞ്ച് വർഷം ഇന്ദ്രപ്രസ്ഥം ഭരിച്ച കോൺഗ്രസിന് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുകയെന്ന ആഗ്രഹം പോയിട്ട് സാന്നിധ്യം അറിയിക്കാൻ പോലുമായില്ല. ഈ കനത്ത പ്രഹരം അത്ര പെട്ടെന്നൊന്നും മറികടക്കാൻ പാർട്ടിക്കു സാധിക്കുകയില്ലെന്ന വ്യകതമായ കാഴ്ചയാണ് ഫലത്തിലൂടെ പുറത്ത് വരുത്. കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്ന് പല നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും പോളിങ് സമയത്തും എടുത്ത് പറഞ്ഞ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ, ഫലം വന്നതോടെ കോൺഗ്രസിനെ പട്ടികയിൽ നിന്നും കാണാതായി. എങ്ങോട്ട് പോയി എന്നായിരുന്നു. എല്ലാവരുടെയും ചോദ്യം. തിരഞ്ഞെടുപ്പ് ഫലം മുഴുവൻ വന്നതോടെ അടപടലം ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു കോൺഗ്രസ്. ഇത്രയും കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിട്ടും വോട്ട് എവിടെ പോയി എന്ന ചോദ്യചിഹ്നമാണ് എല്ലാവരും ഉന്നയിക്കുന്നത്.

കോൺഗ്രസ് സംസ്ഥാനത്ത് 66 സീറ്റിലാണ് മത്സരിച്ചത്. ഇതിൽ 63 സ്ഥാനാർത്ഥികളുടെയും കെട്ടിവെച്ച പണം ഇതോടെ നഷ്ടപ്പെട്ടു. മൂന്ന് പേർ മാത്രമാണ് കെട്ടിവച്ച പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്. ബദ്ലിയിൽ മത്സരിച്ച ദേവേന്ദർ യാദവ്, കസ്തൂർബ നഗറിൽ മത്സരിച്ച അഭിഷേക് ദത്ത്, ഗാന്ധി നഗറിൽ മത്സരിച്ച അർവിന്ദർ സിങ് ലവ്ലി എന്നിവരാണവർ. ഷീല ദീക്ഷിതിന്റെ മന്ത്രിസഭകളിൽ മൂന്ന് തവണ മന്ത്രിയായ എ.കെ വാലിയ അദ്ദേഹത്തിന്റെ മണ്ഡലമായ കൃഷ്ണ നഗറിൽ 3.77% വോട്ടാണ്. ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്രയുടെ മകൾ ശിവാനി ചോപ്ര 5.42% വോട്ടാണ് നേടിയത്. മുതിർന്ന നേതാവ് കീർത്തി ആസാദിന്റെ ഭാര്യയായ പൂനം ആസാദിന് ബറേലിയിൽ ലഭിച്ചത് 2% വോട്ടാണ്. ജംഗ്പുര മണ്ഡലത്തിൽ മുതിർന്ന നേതാവ് തർവീന്ദർ സിങ് മർവാക്ക് 3000 വോട്ട് മാത്രമാണ് ലഭിച്ചത്.

ആപിൽ നിന്ന് കോൺഗ്രസിലേക്കെത്തിയ അൽക്ക ലാംബക്ക് ചാന്ദ്നി ചൗക്കിൽ 3.45% വോട്ട് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മറ്റ് പ്രമുഖ നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിലും ഇതോ നിലവാരത്തിൽ തന്നെയാണ് വോട്ടുകൾ ലഭിച്ചിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് ക്യാംപുകളിൽ ആവേശം വിതറി ഒരു സീറ്റിൽ പാർട്ടി ലീഡ് ചെയ്തിരുന്നു. ആ ലീഡ് വിജയത്തിലെത്തിക്കാൻ കോൺഗ്രസിനായില്ല. ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ തോൽപ്പിച്ച് രാഷ്ട്രീയ അരങ്ങേറ്റം ഉഷാറാക്കിയ ഇപ്പോഴത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഉലയ്ക്കാൻ പോലും കോൺഗ്രസിനു കഴിഞ്ഞില്ലെന്നു ചുരുക്കം. കോൺഗ്രസിന്റെ വോട്ടുകണക്കും പരിതാപകരമാണ്.

ഒരു സീറ്റെങ്കിലും നേടി സാന്നിധ്യം അറിയിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. നില മെച്ചപ്പെടുത്തിയ ബിജെപിക്ക് 38.98% വോട്ടുവിഹിതമുണ്ട്. 2015 ലും കോൺഗ്രസിനു സീറ്റു നേടാനായില്ല. 2013 ൽ ഉണ്ടായിരുന്നത് എട്ടു സീറ്റുകൾ. ഒരു മണ്ഡലത്തിൽ പോലും കോൺഗ്രസിന് ഇക്കുറി വിമത സ്ഥാനാർത്ഥികളില്ലായിരുന്നു. 15 സീറ്റുകളിൽ വ്യക്തമായ മുൻതൂക്കമുണ്ട് എന്നായിരുന്നു കണക്കുകൂട്ടൽ. കോൺഗ്രസ് അധ്യക്ഷ സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെ വിവിധ സംസ്ഥാന നേതാക്കളും പ്രചാരണത്തിനിറങ്ങി. ലോക്‌സഭാ സമ്മേളനം നടക്കുന്നതിനാൽ കേരള എംപിമാരും പ്രചാരണത്തിൽ സജീവമായിരുന്നു.

ആം ആദ്മിയുടെ ചുവട്പിടിച്ച് ഡൽഹിയുടെ സമഗ്രവികസനം, എല്ലാവർക്കും കുടിവെള്ളം, യുവാക്കൾക്ക് ജോലി, ഗതാഗതകുരുക്ക് എന്നിവയായിരുന്നു കോൺഗ്രസിന്റെ പ്രകടനപത്രികയിലെപ്രധാന ഘടകങ്ങൾ. പക്ഷെ കഴിഞ്ഞ രണ്ട് തവണയുടെ വികസലക്ഷ്യം മുൻനിർത്തി പ്രകടനപത്രിക ഇറക്കിയപ്പോൾ കോൺഗ്രസിന്റെ വാഗ്ദാനങ്ങളിൽ ജനങ്ങൾ സ്വീകരിച്ചില്ല. കാരണം, മറ്റ് വലിയ നേതാക്കളില്ലാതെ ജനക്ഷേമ പദ്ധതികൾക്ക് മാത്രം ഊന്നൽ നൽകി ്അരവിന്ദ് കെജ്രിവാൾ നേതൃത്വത്തിൽ പ്രചാരണം പൊലിപൊലിച്ചത്. അതേ സമയം തിരഞ്ഞെടുപ്പ് പ്രചരണവേളകളിൽ നേതാക്കളുടെ അലംഭാവം പ്രകടമായിരുന്നതായി ചില നേതാക്കൾ രംഗത്ത് വന്നിരുന്നു.

2013 ലായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശം. ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച 70 ൽ 28 സീറ്റും സ്വന്തമാക്കി. എട്ടു സീറ്റ് നേടിയ കോൺഗ്രസുമായി ചേർന്ന് മന്ത്രിസഭ. ബിജെപി 31 സീറ്റാണ് നേടിയത്. എന്നാൽ, ലോക്പാൽ ബിൽ പാസ്സാക്കുന്നതിൽ കോൺഗ്രസ് പിന്തുണ നൽകാത്തതിനെത്തുടർന്ന് സഖ്യത്തിൽ വിള്ളൽ വീണിരുന്നു, കേജ്രിവാൾ രാജിവച്ചു. നിയമസഭ പിരിച്ചുവിട്ടതിനെത്തുടർന്ന് 2015ൽ വീണ്ടും തിരഞ്ഞെടുപ്പ്. 67 സീറ്റുമായി എഎപി തിരിച്ചെത്തി. ബിജെപിക്കു ലഭിച്ചത് 3 സീറ്റ്. കോൺഗ്രസിനു വട്ട പൂജ്യവും. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും വിജയം ബിജെപിക്കായിരുന്നു. ആ പ്രതീക്ഷയോടെയാണ് പാർട്ടി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

എന്നാൽ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി വോട്ടുചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണെന്നു കണക്കുകളിൽ വ്യക്തമായി തിരിച്ചറിഞ്ഞു. പക്ഷേ ലോക്‌സഭയിലെ മാനദണ്ഡമല്ല നിയമസഭയിലെന്നു ഡൽഹിയിലെ വോട്ടർമാർ വീണ്ടും ഡൽഹിയിൽ ഓർമിപ്പിച്ചു. ഫലം ബിജെപിക്ക് നേരിയ ആശ്വാസമായപ്പോൾ പൂജ്യത്തിൽനിന്നു വട്ടപ്പൂജ്യത്തിന്റെ നിലയില്ലാക്കയത്തിലേക്കു വീണ കോൺഗ്രസ് പകച്ചുനിൽക്കുകയാണ്. അതേസമയം, പരാജയത്തിന് പിന്നാലെ തന്നെ നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി പ്രതാപ് സിങ് ബജ്‌വ. കോൺഗ്രസിനുള്ളിലെ ഉൾപോരും ആത്മാർത്ഥതയില്ലാത്ത പ്രവർത്തനവുമാണ് തോൽവിക്ക് പിന്നിലെന്നുമാണ് ബജ്‌വയുടെ വിമർശനം. ഡൽഹി കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയത്. ഡൽഹിയിലെ സാഹചര്യത്തെക്കുറിച്ച് ഹൈക്കമാൻഡിന് ധാരണയുണ്ടായിരുന്നെന്നും ആം ആദ്മിക്ക് ഇത് കാര്യങ്ങൾ എളുപ്പമാക്കിയെന്നുമാണ് കോൺഗ്രസ് നേതാവ് പറഞ്ഞത്.

അതേസമയം ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വരെ ഉയർത്തിക്കാട്ടാൻ കഴിയാത്തതാണ് കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണമെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ബിജെപിക്ക് സമാനമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാണ് കോൺഗ്രസും വോട്ട് ചോദിച്ചിരുന്നത്. നേരത്തെ ഡൽഹി കോൺഗ്രസിൽ ഭിന്നതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വരും ദിവസങ്ങളിലും കോൺഗ്രസ് തോൽവിയെക്കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിക്കുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP