Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹിന്ദിയെ മാത്രം ഉയർത്തിക്കാട്ടാത്ത പ്രാദേശിക വികാരങ്ങളെ ഉയർത്തിക്കാട്ടൽ; കേന്ദ്ര നയം അംഗീകരിക്കാത്ത സംസ്ഥാനങ്ങൾക്ക് കോടികളുടെ വിദ്യാഭ്യാസ ഫണ്ടെല്ലാം നഷ്ടമാകും; പാഠപുസ്തക അച്ചടിയിലെ അവകാശം നഷ്ടമാകുമെന്ന ആശങ്കയുമായി കേരളം; കേന്ദ്ര നയം നടപ്പാക്കാതെ മാറി നിൽക്കാനാവില്ലെന്നും തിരിച്ചറിവ്; ദേശീയ വിദ്യാഭ്യാസ നയത്തിൽ ചർച്ച തുടരുമ്പോൾ

ഹിന്ദിയെ മാത്രം ഉയർത്തിക്കാട്ടാത്ത പ്രാദേശിക വികാരങ്ങളെ ഉയർത്തിക്കാട്ടൽ; കേന്ദ്ര നയം അംഗീകരിക്കാത്ത സംസ്ഥാനങ്ങൾക്ക് കോടികളുടെ വിദ്യാഭ്യാസ ഫണ്ടെല്ലാം നഷ്ടമാകും; പാഠപുസ്തക അച്ചടിയിലെ അവകാശം നഷ്ടമാകുമെന്ന ആശങ്കയുമായി കേരളം; കേന്ദ്ര നയം നടപ്പാക്കാതെ മാറി നിൽക്കാനാവില്ലെന്നും തിരിച്ചറിവ്; ദേശീയ വിദ്യാഭ്യാസ നയത്തിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി മലയാളമുൾപ്പെടെയുള്ള ഭാഷകളിലും ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠനം. പുതിയ വിദ്യാഭ്യാസ നയത്തിൽ ഇനുള്ള നിർദ്ദേശം ഉണ്ട്. സ്‌കൂൾ തലത്തിൽ ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമമെന്ന് കസ്തൂരിരംഗൻ സമിതിയുടെ ശുപാർശയെക്കുറിച്ചു വിവാദമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ഹിന്ദി മാറിയപ്പോൾ, സംസ്‌കൃതം കടന്നുവന്നു. സ്‌കൂൾതലത്തിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിനോടുള്ള എതിർപ്പ് അവഗണിക്കപ്പെട്ടു. ത്രിഭാഷാ പദ്ധതിയിൽ ഹിന്ദി ഉൾപ്പെടണമെന്നാണു കസ്തൂരിരംഗൻ സമിതി കരടു നയത്തിൽ ശുപാർശ ചെയ്തത്. ഇതിനെതിരെ തമിഴ്‌നാട്ടിലാണു ശക്തമായ പ്രതിഷേധമുണ്ടായത്. രണ്ടാം മോദി സർക്കാർ നേരിട്ട ആദ്യ വിവാദമായിരുന്നു ഇത്. കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് പരസ്യപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണു പ്രതിഷേധമുണ്ടായത്. ഉടനെ, ഹിന്ദി സംബന്ധിച്ച പരാമർശം ഒഴിവാക്കി കരട് നയം പരിഷ്‌കരിച്ചു. ത്രിഭാഷാ പദ്ധതിയിൽ ഹിന്ദി നിർബന്ധമല്ലാതാക്കി. അങ്ങനെ എല്ലാ ഭാഷകൾക്കും അംഗീകാരമായി.

5ാം ക്ലാസ് വരെയെങ്കിലും മാതൃഭാഷയിലോ തദ്ദേശഭാഷയിലോ പ്രാദേശികഭാഷയിലോ പഠനം. ഇത് 8ാം ക്ലാസ് വരെയും അതിനപ്പുറവുമാക്കുന്നത് ഉചിതം. കുട്ടികളുടെ മാതൃഭാഷയും സ്‌കൂളിലെ ബോധന ഭാഷയും രണ്ടെങ്കിൽ, അദ്ധ്യാപകർ 2 ഭാഷയും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കും. ത്രിഭാഷാ പദ്ധതിയിലുൾപ്പെടെ എല്ലാ ക്ലാസിലും, ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലും സംസ്‌കൃതം തിരഞ്ഞെടുക്കാൻ അവസരം. ഒരു ഭാഷയും അടിച്ചേൽപിക്കില്ല. 6 8 ക്ലാസുകളിൽ കളികളിലൂടെയും മറ്റും രാജ്യത്തെ വിവിധ ഭാഷകൾ പരിചയപ്പെടാൻ അവസരം. വിവിധ ഭാഷകളിലെ പൊതു വ്യാകരണ ഘടന, സംസ്‌കൃതത്തിൽ നിന്നും മറ്റു ക്ലാസിക്കൽ ഭാഷകളിൽ നിന്നും വന്നിട്ടുള്ള പദങ്ങൾ, ഭാഷകൾ തമ്മിലുള്ള സ്വാധീനം തുടങ്ങിയവ പഠിക്കാം. അങ്ങനെ പ്രാദേശിക ഭാഷകൾക്ക് വളരാനുള്ള അവസരം കൂടിയാണ് കേന്ദ്രം നൽകുന്നത്. എല്ലാവരും പ്രതീക്ഷിച്ചത് ഹിന്ദിയെ ഉയർത്തിക്കാട്ടിയുള്ള വിവാദമാണ്. കേരളവും കരുതലോടെയാണ് കേന്ദ്ര നയത്തെ സമീപിക്കുക. വിയോജിപ്പുകൾ ഏറെയുണ്ടെങ്കിലും ദേശീയതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ കേരളത്തിനും നടപ്പാക്കേണ്ടി വരും.

മാറ്റംവന്ന വിദ്യാഭ്യാസ ഘടനയനുസരിച്ചായിരിക്കും ദേശീയതലത്തിൽ സ്‌കൂൾ, കോളേജ് പ്രവേശനം. ഇടയ്ക്ക് സംസ്ഥാനം മാറി സ്‌കൂൾ, കോളേജ് പഠനം തുടരേണ്ടവർക്ക് പ്രയാസം നേരിടും. ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്ന കുട്ടിയുടെ യോഗ്യത പുതിയ പാഠ്യക്രമപ്രകാരം നിശ്ചയിക്കുമ്പോൾ പഴയ സമ്പ്രദായത്തിൽ പഠനം നടത്തിയാൽ അയോഗ്യതവരാം. ജോലിക്കുള്ള യോഗ്യതയ്ക്കും സമാന പ്രശ്‌നമുണ്ട്. വിയോജിച്ചുനിന്നാൽ കേന്ദ്രസർക്കാർ നൽകുന്ന വലിയ ഫണ്ടിങ്ങിൽനിന്ന് കേരളം പുറത്താകും. ആഭ്യന്തര ഉത്പാദനത്തിന്റെ ആറുശതമാനം വിദ്യാഭ്യാസത്തിനു ചെലവഴിക്കുമെന്ന കേന്ദ്രപ്രഖ്യാപനം നടപ്പായാൽ വരുന്ന നഷ്ടം നികത്താൻ സംസ്ഥാനത്തിനാകില്ല. രാജ്യമൊട്ടുക്കും ഒറ്റ പാഠ്യപദ്ധതിയും പുസ്തകവുമെന്ന് നയത്തിൽ പരോക്ഷമായി പറയുന്നു. അങ്ങനെയെങ്കിൽ പാഠപുസ്തകങ്ങളുമായി വിവിധ പുസ്തകപ്രസാധകർ രംഗത്തെത്തും. പുസ്തകക്കച്ചവടം സർക്കാർ മേഖലയിൽനിന്ന് സ്വകാര്യ സംരംഭകരിലെത്തുമ്പോൾ വിലയും പതിന്മടങ്ങാകും.

പാഠ്യപദ്ധതിക്ക് രൂപംനൽകാൻ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന അധികാരം തിരിച്ചെടുക്കുന്നുവെന്ന വിമർശനം കേരളത്തിനുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ വർഗീയ അജൻഡ പുസ്തകത്താളുകളിൽ കടന്നുവരുമെന്നാണ് കേരള സർക്കാരിന്റെ സംശയം. കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണ അധികാരമുള്ള കൺകറന്റ് പട്ടികയിൽപ്പെട്ടതാണെങ്കിലും കേന്ദ്ര നിയമമുണ്ടെങ്കിൽ അതിനാണ് നിലനിൽപ്പ്. നിയമം സംസ്ഥാനങ്ങൾക്ക് സ്വമേധയാ ബാധകം.

ഇത് സമൂല പൊളിച്ചെഴുത്ത്

സ്വാതന്ത്ര്യത്തിനു മുൻപും പിൻപും പല പരീക്ഷണങ്ങൾക്കും വിധേയമായ മേഖലയാണു വിദ്യാഭ്യാസം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നഴ്‌സറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ സമൂല പൊളിച്ചെഴുത്താണു നടക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസം പല തട്ടുകളാകും.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ 2 വർഷത്തിനകം 10, 12 ക്ലാസ് പരീക്ഷകളുടെ ഘടനയിലടക്കം സമൂലമാറ്റം വരും. ഓരോ വിഷയത്തിലും കാതലായ ഭാഗങ്ങളിലെ അറിവും ശേഷിയും മാത്രമാകും അളക്കുക. വർഷം 2 തവണ ബോർഡ് പരീക്ഷയ്ക്കും ശുപാർശയുണ്ട്; ഒന്നു പ്രധാന പരീക്ഷയും രണ്ടാമത്തേതു മാർക്ക് മെച്ചപ്പെടുത്താനും. സെക്കൻഡറി തലത്തിൽ (9 12 ക്ലാസ്) കണക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾക്കു സ്റ്റാൻഡേർഡ്, ഹയർ എന്നിങ്ങനെ കടുപ്പം കൂടിയതും കുറഞ്ഞതുമായ രണ്ടുതരം പരീക്ഷയുണ്ടാകും. താൽപര്യമനുസരിച്ച് തിരഞ്ഞെടുക്കാം. മാത്സ് തുടർന്നു പഠിക്കാൻ താൽപര്യമില്ലാത്തവർക്ക് ഈ വർഷം ഇത്തരം പരീക്ഷയ്ക്കു സിബിഎസ്ഇ അവസരം നൽകിയിരുന്നു.

സ്‌കൂൾ ബോർഡുകൾക്ക് വിവരണാത്മക, ഒബ്ജക്ടീവ് ടൈപ്പ് രീതികളിൽ ഏതും പരീക്ഷിക്കാം.10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്കു പുറമേ, 3, 5, 8 ക്ലാസ് പരീക്ഷകളും പ്രധാനവും നിർബന്ധിതവുമാകും. പരീക്ഷ, പഠന ഭാരം എന്നിവ കുറയ്ക്കാൻ സെമസ്റ്റർ പരീക്ഷകളുമാകാം. പരീക്ഷകളുടെയും മൂല്യനിർണയത്തിന്റെയും നിലവാരം നിർണയിക്കാനും ബോർഡുകൾക്കു നിർദ്ദേശം നൽകാനും നാഷനൽ അസസ്‌മെന്റ് സെന്റർ ഫോർ സ്‌കൂൾ എജ്യുക്കേഷൻ ഉണ്ടാകും.

അങ്കണവാടി, നഴ്‌സറി, 12 ക്ലാസുകൾ ഉൾപ്പെടുന്ന 5 വർഷത്തെ ഫൗണ്ടേഷൻ, 35 ക്ലാസുകൾ അടങ്ങിയ പ്രിപ്പറേറ്ററി, 68 ക്ലാസുകൾ ഉൾക്കൊള്ളുന്ന മിഡിൽ സ്‌കൂൾ, 912 ക്ലാസുകളുള്ള സെക്കൻഡറി ഘട്ടം എന്നിങ്ങനെയാണു ഘടന. 4 വർഷത്തെ ബിരുദ തലവും, ഒരു വർഷത്തെ ബിരുദാനന്തര തലവും തുടർന്നുള്ള ഗവേഷണവുമായി വിദ്യാഭ്യാസ മേഖല അടിമുടി മാറും. വിദ്യാർത്ഥികളുടെ നൈതികവും സർഗാത്മകവുമായ വളർച്ചയ്ക്കു പ്രാധാന്യം കൊടുക്കണമെന്നു നിർദേശിക്കുന്ന നയരേഖ ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിനു നീക്കിവയ്ക്കണമെന്നു നിർദേശിക്കുന്നു. പുതിയ നയം പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ഒരു തിരിച്ചുപോക്ക് പ്രയാസമാകും. കാരണം, ഇന്ത്യയിലെ എല്ലാ സ്‌കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന ഒരു നിർബന്ധ പദ്ധതിയാണിത്.

വിദ്യാഭാസ നയത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

  • വിദ്യാഭ്യാസത്തിന് ചിലവഴിക്കുന്ന തുക GDPയുടെ 6% ആക്കും. നിലവിൽ ഇത് 1.7% ആണ്.
  • വിദ്യാഭ്യാസം പൂർണ്ണമായും മാതൃഭാഷയിൽ ആക്കും. തൃഭാഷാ സമ്പ്രദായം ആയിരിക്കും നടപ്പിലാക്കുക. മിഡ് സ്‌കൂൾ തലത്തിൽ എത്തുമ്പോൾ ഇംഗ്ലീഷും ഒരു മൂന്നാം ഭാഷയും തിരഞ്ഞെടുക്കാം. സംസ്‌കൃതത്തിന് പ്രത്യേക പരിഗണന.
  • പത്തം ക്ലാസ്, തുടർന്ന് പ്ലസ് ടു, തുടർന്ന് 3 വർഷത്തെ ഡിഗ്രി എന്ന രീതി നിർത്തലാക്കുന്നു.
  • പകരം പുതിയ രീതി 5+3+3+4 എന്ന തരത്തിലായിരിക്കും
  • ആദ്യ 5 വർഷം പ്രീ സ്‌കൂൾ, 6,7,8 വർഷങ്ങളിൽ മിഡ് സ്‌കൂൾ, 9,10,11 വർഷങ്ങളിൽ ഹൈ സ്‌കൂൾ, തുടർന്ന് 4 വർഷം ഗ്രാജുവേഷൻ എന്നാണ് പുതിയ ക്രമം.
  • പ്രീ സ്‌കൂൾ എന്നാൽ അംഗൻവാടി, മറ്റ് പ്ലെ സ്‌കൂളുകൾ എന്നിവിടങ്ങളിൽ ചിലവഴിക്കുന്ന മൂന്ന് വർഷത്തെ കളിയും കാര്യവും ഉൾപ്പെട്ട പദ്ധതിയും, തുടർന്നുള്ള 2 വർഷം അദ്ധ്യയനം കൂടുതലായും ആക്ടിവിറ്റി ബേസ്ഡ് ആണ്. കുട്ടികളുടെ ചിന്താശേഷി, പഠനശേഷി, ഭാഷകളും സംഖ്യകളും കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവയുടെ വികസനത്തിൽ അധിഷ്ഠിതമായ പഠനരീതി ആണ് വിഭാവനം ചെയ്യുന്നത്. കുട്ടികളെ മിഡ് സ്‌കൂളിലേക്ക് പാകപ്പെടുത്തുക എന്നതാണ് അവസാന 2 വർഷത്തെ ലക്ഷ്യം
  • മിഡ് സ്‌കൂൾ തലത്തിൽ കൂടുതൽ ഗൗരവതരമായ പഠനത്തിലേക്ക് കടക്കുന്നു. എന്നാൽ കേവലം പുസ്തകതാളുകളിലെ അക്ഷരങ്ങൾ മനഃപാഠം ആക്കുന്നതിലുപരി പാഠഭാഗങ്ങൾ കൂടുതൽ അനുഭവവേദ്യം ആക്കുന്ന തരത്തിലും അടിസ്ഥാനപരമായ ആശയങ്ങൾക്ക് ഊന്നൽ നൽകും വിധവും ആയിരിക്കും അദ്ധ്യയനം. ശാസ്ത്ര, ഗണിത, സാമൂഹിക വിഷയങ്ങളിൽ സമഗ്രമായ പാഠ്യ പദ്ധതിക്ക് അനുസരിച്ചായിരിക്കും സിലബസ് ചിട്ടപ്പെടുത്തുക. മിഡ് സ്‌കൂൾ മുതൽ തൊഴിലധിഷ്ഠിത കോഴ്‌സുകളും കറിക്കുലത്തിൽ ഉൾപ്പെടും.
  • എല്ലാ ഡിഗ്രി കോഴ്‌സുകളും ഇനി മുതൽ 4 വർഷമാണ്.
  • റിപ്പോർട്ട് കാർഡുകൾ കേവലം മാർക്കുകളുടെ ഒരു ലിസ്റ്റ് എന്ന രീതിയിൽ നിന്ന് മാറും. വിദ്യാർത്ഥിയുടെ മറ്റ് മേഖലയിൽ ഉള്ള കഴിവുകൾക്ക് കൂടി റിപ്പോർട് കാർഡിൽ സ്ഥാനം ഉണ്ടാവും.
  • ഏറെക്കുറെ ഇപ്പോഴത്തെ പ്ലസ് ടുന് തത്തുല്യമായ ഹൈ സ്‌കൂൾ മുതൽ, വിദ്യാർത്ഥികൾക്ക് പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാം. വിമർശനാത്മകമായ ചിന്താശേഷിയുടെ വികസനം, ബൗദ്ധികമായ മെയ്വഴക്കം എന്നിവയുടെ വളർച്ചക്കാണ് ഈ ഘട്ടത്തിൽ മുന്തിയ പരിഗണന.
  • എല്ലാ ഡിഗ്രി കോഴ്‌സുകൾക്കും മേജറും മൈനറും വിഷയങ്ങൾ തുരഞ്ഞെടുക്കാം. ഉദാഹരണത്തിന് ചരിത്രം മേജർ ആയി എടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് മൈനർ ആയി സംഗീതമോ മറ്റോ തിരഞ്ഞെടുക്കാം. തിരിച്ചും ആവാം, പൂർണമായും വിദ്യാർത്ഥിയുടെ സ്വാതന്ത്ര്യം ആണ്.
  • മെഡിസിൻ, നിയമം എന്നിവ ഒഴികെ ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ മുഴുവനായും ഒറ്റ അഥോറിറ്റിയുടെ കീഴിൽ കൊണ്ടുവരും
  • UGCയും ടെക്കനിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന AICTE യും ലയിപ്പിക്കും
  • M Phil കോഴ്സ് പൂർണമായും നിർത്തലാക്കും
  • കൂടുതൽ ഓൺലൈൻ കോഴ്‌സുകളും, അതിനായി കൂടുതൽ virtual labകളും ലഭ്യമാക്കും. National Educational Technology Forum രൂപീകരിക്കും.
  • 2035 ഓട് കൂടി ചുരുങ്ങിയത് 50% ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്കെങ്കിലും ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി 3.5 കോടി അധിക സീറ്റുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കും.
  • എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾക്കും National Testing Agency നടത്തുന്ന ഏകീകൃത എൻട്രൻസ് ഉണ്ടായിരിക്കും.
  • എല്ലാ സർക്കാർ, സ്വകാര്യ, വിദൂര വിദ്യാഭ്യാസ, കല്പിത, തൊഴിലധിഷ്ഠിത സർവകലാശാലകൾക്കും ഒരൊറ്റ നിയമവ്യവസ്ഥയും ഗ്രേഡിങ് സമ്പ്രദായവും ആയിരിക്കും
  • എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യാപകർക്ക് പരിശീലനം നൽകാനായി പുതിയ Teachers Training Centers നിലവിൽ വരും. ഇവ പൂർണമായും കേന്ദ്ര നിയന്ത്രണത്തിൽ ആയിരിക്കും. സംസ്ഥാനങ്ങൾക്ക് മാറ്റങ്ങൾ വരുത്തുവാൻ സാധ്യമല്ല.
  • എല്ലാ കോളേജുകൾക്കും ഒരേ തരത്തിലുള്ള അംഗീകാരം ആയിരിക്കും നൽക്കപ്പെടുക. കൊളേജുകൾക്ക് റേറ്റിങ് സമ്പ്രദായം ഏർപ്പെടുത്തി ആ റേറ്റിങ്ങിന് അനുസരിച്ച് ആയിരിക്കും സ്വയഭരണാവകാശവും മറ്റ് ഫണ്ടുകളും നൽകപ്പെടുക.
  • മൂന്ന് വയസ്സിൽ പ്രീ സ്‌കൂളിൽ ചേർക്കാൻ കുട്ടികളെ തയ്യാറാക്കുന്നതിന് രക്ഷിതാക്കൾക്ക് പൊതുവായ ഒരു മാർഗരേഖ സർക്കാർ തയ്യാറാക്കും.
  • ഒരേ സമയം ഒന്നിലധികം കോഴ്സുകൾക്ക് ചേരാനും എപ്പോൾ വേണമെങ്കിലും അവയിൽ ഏത് വേണമെങ്കിലും നിർത്താനും ഉള്ള സൗകര്യം ഉണ്ടാവും.
  • ഗ്രാജുവേഷൻ കോഴ്സുകൾക്ക് ക്രെഡിറ്റ് സിസ്റ്റം ഏർപ്പെടുത്തും. അതിനാൽ എന്തെങ്കിലും കാരണവശാൽ കോഴ്സ് ഇടക്ക് വെച്ചു നിർത്തേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും പുതിയ കോഴ്സ് ഒന്നിൽ നിന്ന് ചെയ്യേണ്ട ആവശ്യമില്ല. നേടിയ ക്രെഡിറ്റുകൾ കഴിച്ച് ബാക്കിയുള്ള ക്രെഡിറ്റുകൾ എഴുതി എടുത്താൽ മതിയാവും.
  • സ്‌കൂൾ വിദ്യാഭ്യാസം പൂർണ്ണമായും സെമസ്റ്റർ രീതിയിൽ ആകും. ആറു മാസത്തിൽ ഒരിക്കൽ ആണ് പരീക്ഷ നടക്കുക.
  • സിലബസുകൾ വിഷയത്തിന്റെ അടിസ്ഥാന ജ്ഞാനം വിദ്യാർത്ഥിക്ക് പ്രദാനം ചെയ്യുന്ന രീതിയിൽ ചുരുക്കും. വിദ്യാർത്ഥികളെ പഠിച്ച അറിവുകൾ പ്രയോഗിക്കാൻ പ്രാപ്തരാക്കുന്നതിന് ആയിരിക്കും മുൻഗണന.
  • എല്ലാ ഗ്രാജുവേഷൻ കോഴ്‌സുകൾക്കും ആദ്യത്തെ ഒരു വർഷം പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് ഒരു ബേസിക് സർട്ടിഫിക്കറ്റ് ലഭ്യമാക്കും. രണ്ടാം വർഷം പൂർത്തീകരിച്ചാൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭ്യമാക്കും. നാല് വര്ഷവും പൂർത്തീകരിച്ചാൽ ഡിഗ്രി സർട്ടിഫിക്കറ്റ്. ഇപ്രകാരം ഇടക്ക് വെച്ച് പഠനം നിർത്തേണ്ടി വരുന്നവർക്ക് വർഷങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാകുന്നു.
  • സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി Gender Inclusion Fund രൂപീകരിക്കും. ഇതിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വിഹിതം നൽകിക്കൊണ്ട് അർഹതപ്പെട്ടവരെ കണ്ടെത്താൻ സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP