Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തിലേക്ക്

പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തിലേക്ക്

വി.ശിവൻകുട്ടി (വിദ്യാഭ്യാസ - തൊഴിൽ വകുപ്പു മന്ത്രി)

ജൂൺ ഒന്ന് കൂട്ടികൾക്ക് സന്തോഷത്തിന്റെ ദിനമാണ്. സാധാരണനിലയിൽ സ്‌കൂൾ വർഷത്തിന്റെ ആരംഭ ദിനം. വേനലവധി കഴിഞ്ഞ് വീണ്ടും കൂട്ടുകാരോടൊപ്പം ചേരുന്ന ദിനം. പുതിയ കൂട്ടുകാരെ കിട്ടുന്ന ദിനം. ഇങ്ങനെ പല പുതുമകളും ഒന്നിച്ചു ചേർന്നുവരുന്ന ദിനം. ആദ്യമായി സ്‌കൂളിൽ ചേർന്ന ഒന്നാം ക്ലാസുകാർക്ക് ആശങ്കയും ആകാംക്ഷയും പ്രതീക്ഷയും പകരുന്ന ദിനം. ഇങ്ങനെ പല സവിശേഷതകളും ജൂൺ ഒന്നിന് ഉണ്ട്.

എന്നാൽ ലോകം അസാധാരണമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്.നമുക്കൊന്നും പരിചിതമല്ലാത്ത സാഹചര്യം. കോവിഡ് 19 എന്ന മഹാമാരി മാനവരാശിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവാഹകർ മനുഷ്യർ തന്നെ ആയതിനാൽ അതിജീവനത്തിന്റെ ഭാഗമായി അസാധാരണ നടപടികൾ കൈക്കൊള്ളാൻ മനുഷ്യർ നിർബന്ധിതരായി. 2020 മാർച്ച് മുതൽ കൂട്ടം കൂടാതിരിക്കാനും അതുവഴി രോഗവ്യാപനം തടയാനും ലോക്ക്ഡൗൺ പോലുള്ള സമ്പൂർണ അടച്ചിടലുകൾ അടക്കം നടപ്പാക്കുകയാണ്. അസാധാരണമായ സാഹചര്യത്തിൽ അസാധാരണമായ നടപടികളും വേണ്ടിവരും. ലോകത്തെല്ലായിടത്തും സ്‌ക്കൂൾ വിദ്യാഭ്യാസം പ്രതിസന്ധിയിലാണ്. സ്‌ക്കൂളുകൾ തുറന്ന് പ്രവൃത്തിക്കാൻ കഴിയുന്നില്ല. മറ്റു എല്ലായിടങ്ങളിലേയും പോലെ കഴിഞ്ഞ അക്കാദമിക വർഷം കേരളത്തിൽ ജൂൺ ഒന്നിന് സാധാരണപോലെ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. കോവിഡ് 19 ന്റെ രണ്ടാം തരംഗം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ കുട്ടികൾ ഏറെ പ്രതീക്ഷിച്ച അധ്യയനവർഷത്തിന്റെ സാധാരണ പോലുള്ള തുടക്കം ജൂൺ ഒന്നിന് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ ലോകം മുഴുവൻ പകച്ചു നിൽക്കുമ്പോൾ നാം പുതുവഴി തേടുകയായിരുന്നു. അതിന്റെ ഭാഗമായി 2020 ജൂൺ മാസം ഒന്നിന് തന്നെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിക്റ്റേർസ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ്സുകൾ ആരംഭിച്ചു. ഡിജിറ്റൽ പഠനം ചർച്ച ചെയ്യുമ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യുന്ന കാര്യമാണ് ഡിജിറ്റൽ വിടവ് ഉയർത്തുന്ന പ്രശ്നങ്ങൾ. കേരളത്തിലെ 45 ലക്ഷം കുട്ടികളിൽ 2.6 ലക്ഷത്തിന് ഡിജിറ്റൽ പ്രാപ്യതാ പ്രശ്നങ്ങൾ ഉണ്ട് എന്ന് സമഗ്ര ശിക്ഷാ പഠനങ്ങൾ വഴി മനസ്സിലാക്കി. ഈ കുട്ടികൾക്ക് ഡിജിറ്റൽ പ്രാപ്യത ഉറപ്പാക്കണമെന്ന് ബഹു. കേരള മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയൻ അഭ്യർത്ഥിച്ചപ്പോൾ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കേരളീയ സമൂഹം ഉണർന്നു പ്രവർത്തിക്കുകയും ചുരുങ്ങിയ ദിവസങ്ങൾക്കകം മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പ്രാപ്യത സാധ്യമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്തു. ഒരുപക്ഷേ നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷത ആകാം ഇത്.ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലെ സാർവ്വത്രികമായ ഡിജിറ്റൽ ക്ലാസുകൾ നടക്കുന്നില്ല എന്നത് നാം കാണണം.

കഴിഞ്ഞ അഞ്ചുവർഷമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വളരെ വലിയ മാറ്റങ്ങളാണ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായത്. ഭൗതികസൗകര്യങ്ങൾ വലിയതോതിൽ മെച്ചപ്പെട്ടു. മുഴുവൻ സ്‌കൂളിലും സാങ്കേതികവിദ്യാ ഉപകരണങ്ങൾ വിന്യസിച്ചു. ലോകത്ത് പലയിടങ്ങളിലും ഡിജിറ്റൽ വിന്യാസം നടക്കുമ്പോൾ പ്രകടമായ അസമത്വം കാണാറുണ്ട്. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവ് ഈ രംഗത്തും പ്രകടമാണ്. അത്തരമൊരു ലോക സാഹചര്യത്തിലാണ് ധനിക, ദരിദ്ര, സാമൂഹികമായ അന്തരങ്ങൾ ഒന്നും പരിഗണിക്കാതെ പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കും ഒരു വേർതിരിവുമില്ലാതെ ഡിജിറ്റൽ സൗകര്യം നാം ഉറപ്പാക്കിയത്. ഭൗതിക പരിസരങ്ങളെല്ലാം മെച്ചപ്പെടുന്നതോടൊപ്പംതന്നെ പ്രധാനമാണ് അക്കാദമിക ഗുണത കൂടുതൽ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ കേവലം ഭൗതിക സൗകര്യങ്ങൾ വികസിച്ചതു കൊണ്ടുമാത്രം പൊതുവിദ്യാലയങ്ങൾ ആകർഷകമാകില്ല.

പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യാ സൗകര്യങ്ങൾ ഉറപ്പാക്കിയും ഗുണമേന്മാ വിദ്യാഭ്യാസത്തിലേക്കുള്ള സർക്കാർ ശ്രമത്തെ വിശ്വാസത്തിലെടുക്കുവാൻ കേരളസമൂഹം പ്രത്യേകിച്ചും രക്ഷാകർത്തൃ സമൂഹം സജ്ജമായി. ഇതിന്റെ പ്രത്യക്ഷ തെളിവാണ് കഴിഞ്ഞ നാല് അക്കാദമിക വർഷങ്ങളിലായി 6.8 ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിയത്. ഇങ്ങനെ പൊതുവിദ്യാലയങ്ങളിൽ എത്തിയ വിദ്യാർത്ഥികൾക്ക് ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികൾ ആവിഷ്‌കരിച്ചു വന്നിരുന്ന നിർണായകഘട്ടത്തിലാണ് കോവിഡ് 19 മഹാമാരി പൊട്ടിപുറപ്പെടുന്നതും ഒരു വർഷത്തിലേറെയായി കുട്ടികൾ വീട്ടിൽ തന്നെ കഴിയാൻ നിർബന്ധിതരാകുകയും ചെയ്തത്. ഇങ്ങനെയുള്ള ഒരു പശ്ചാത്തലം ഇപ്പോഴും തുടരുന്നു. കോവിഡുയർത്തിയ പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും നമ്മുടേതായ തനതുരീതിയിൽ അവയെ അതിജീവിക്കുക എന്നതാകണം ഈ വർഷം നാം ലക്ഷ്യമിടേണ്ടത്.

വീടുകളിൽ ആണെങ്കിലും ജൂൺ ഒന്നിന് നമുക്ക് പ്രവേശനോത്സവം നടത്തണം. അകലങ്ങളിൽ ഇരുന്നു കൊണ്ട് മനസ്സുകൊണ്ട് കൂട്ടംകൂടി ഈ ദിനത്തെ ആനന്ദകരമായ ഒരു ദിനമാക്കി മാറ്റാം. ഈ അക്കാദമിക വർഷത്തെ കോവിഡ് വഴി സംജാതമായ പരിമിതികൾക്കുള്ളിലും മികച്ച പ്രവർത്തനങ്ങളിലൂടെ അർത്ഥവത്താക്കാം. സാധാരണ ക്ലാസ് മുറിയിൽ കൂട്ടുകാരുമായി ഒരുമിച്ചിരുന്നു അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പഠനാനുഭവക്കൈമാറ്റങ്ങൾ വഴിയാണ് പഠനം നടക്കുന്നത്. കൂടാതെ സ്‌കൂൾ ക്യാമ്പസ് തരുന്ന ആത്മവിശ്വാസവും മറ്റും പ്രധാനമാണ്. ഇവയെല്ലാം ലഭിക്കുന്നതിന് കോവിഡ് കാലം ഒട്ടേറെ പരിമിതി ഉയർത്തുന്നുണ്ട്.

അതുകൊണ്ടുതന്നെ യഥാർത്ഥ സ്‌കൂൾ പഠനത്തിന് ബദലായി ഡിജിറ്റൽ പഠനത്തെ നാം കാണുന്നില്ല. എന്നാൽ ഈ ഘട്ടത്തിൽ കുട്ടികളെ കർമ്മനിരതരാക്കാനും പഠന പാതയിൽ നിലനിർത്താനും അവർക്ക് ആത്മവിശ്വാസം പകരാനും നമുക്ക് കഴിയണം. അദ്ധ്യാപകർക്ക് ഇക്കാര്യത്തിൽ നിർണായകമായ പങ്കുണ്ട്. കഴിഞ്ഞ അക്കാദമിക വർഷം ഡിജിറ്റൽ ക്ലാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ നല്ല നിലയിൽ അദ്ധ്യാപകർ നടത്തുകയുണ്ടായി. സാങ്കേതികവിദ്യയെ ഏറ്റവും മികച്ച നിലയിൽ പ്രയോജനപ്പെടുത്തുന്നതിന്റെ നിരവധി പുതിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്തി കഴിഞ്ഞ ഒരു വർഷത്തെ പൊതുഅനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ മികവാർന്ന രീതിയിൽ ഡിജിറ്റൽ ക്ലാസുകൾ നടത്താൻ നമുക്ക് ഈ വർഷവും കഴിയണം. അനുയോജ്യമാകുന്ന സാഹചര്യം ഉണ്ടാകുന്ന മുറക്ക് സാധാരണപോലെ സ്‌കൂളുകളിൽ ക്ലാസ് മുറികളിൽ പഠനം നടത്താം. അതുവരെ ഡിജിറ്റൽ ക്ലാസുകളെ ആശ്രയിക്കാം. പൊതുവായി നടക്കുന്ന ഡിജിറ്റൽ ക്ലാസ്സുകൾ കാണാനും ഉൾക്കൊള്ളാനും കുട്ടികളെ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ മുൻകൂട്ടി അതത് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തണം. കേന്ദ്രീകൃത ക്ലാസുകൾക്ക് മുമ്പേ നടക്കുന്ന ഈ മുന്നൊരുക്ക ക്ലാസുകളും ഡിജിറ്റൽ ക്ലാസിനുശേഷം നടത്തേണ്ട തുടർ പ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യമാണുള്ളത്. ഇതിനുള്ള നേതൃത്വം ഓരോ സ്‌കൂൾ തലത്തിലും ഉണ്ടാകണം.

ജ്ഞാന സമൂഹത്തെക്കുറിച്ചുള്ള സംവാദങ്ങൾ ഉയർന്നുവരുന്ന ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അറിവിന് ഏറെ പ്രാധാന്യമുള്ള ഒരു ലോക സമൂഹത്തിലാണ് നാം അധിവസിക്കുന്നത്. അതുകൊണ്ടുതന്നെ പാഠപുസ്തകത്തിലെ വിവരങ്ങൾ കാണാപാഠം പഠിച്ചു കൊണ്ട് മാത്രം ഭാവി സമൂഹത്തിൽ ജീവിക്കാൻ കഴിയില്ല. ചുറ്റുപാടുനിന്നും ലഭ്യമാകുന്ന വിവരങ്ങളെ വിശകലനം ചെയ്തുകൊണ്ട് അറിവ് നിർമ്മിക്കാൻ കഴിയുന്നവർക്കേ ഭാവി സമൂഹത്തിൽ നിലനിൽക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ സ്‌കൂൾ ഘട്ടത്തിൽ കുട്ടികൾക്ക് അറിവ് നിർമ്മാണപ്രക്രിയാനുഭവങ്ങളിലൂടെ കടന്നു പോകാൻ അവസരം നൽകണം. അന്വേഷണാത്മക പഠനം പ്രസക്തമാവുന്നത് അതുകൊണ്ടാണ്. നമ്മുടെ ക്ലാസ് മുറികൾ കൂടുതൽ പ്രക്രിയാബന്ധിതമാകണം. സാങ്കേതികവിദ്യാ സാധ്യതകളെ ഇതിനെല്ലാം പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കാനുള്ള അറിവും കഴിവും നൈപുണിയും ഉള്ളവരായി അദ്ധ്യാപകർ മാറണം. അദ്ധ്യാപകരുടെ പ്രൊഫഷണലിസം ഇനിയുമിനിയും വർദ്ധിക്കേണ്ടതുണ്ട്. ശക്തവും സുസംഘടിതവുമായ അദ്ധ്യാപക പരിവർത്തന പദ്ധതി ഇതിനായി വേണ്ടിവരും. ഇന്നു നടക്കുന്ന അദ്ധ്യാപക പരിശീലന പരിപാടി കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാക്കി ഇത് സാധ്യമാക്കാം.

കോവിഡ് കാലത്തിനുശേഷം സ്‌കൂളുകൾ പുതുതായി ആരംഭിക്കുന്ന ഘട്ടത്തിൽ കുട്ടികൾക്ക് ആകർഷകമായ സ്‌കൂൾ ക്യാമ്പസ് ഒരുക്കേണ്ടതുണ്ട്. കേരളത്തിലെ ഒട്ടനവധി സ്‌കൂളുകൾ കിഫ്ബി ധനസഹായത്തോടെയും പ്ലാൻ ഫണ്ട് ഉപയോഗിച്ചും ആകർഷകമാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്തും ചുവരുകളും മറ്റും മനോഹരമാക്കിയും കുട്ടികൾക്ക് ആകർഷകമാകും വിധമാക്കി മാറ്റണം. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് ഇതിൽ നിർണായക പങ്കുവഹിക്കാൻ കഴിയും.നമ്മുടെ വിദ്യാലയങ്ങൾ എല്ലാം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നാം തുടങ്ങിവച്ച പ്രവർത്തനങ്ങൾ ചടുലമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇക്കഴിഞ്ഞ സർക്കാർ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണം.

കോവിഡിന് ശേഷം മുഴുവൻ കുട്ടികളെയും നമ്മുടെ വിദ്യാലയങ്ങളിലേക്ക്തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ പ്രവർത്തന പദ്ധതി നമുക്ക് ആവിഷ്‌കരിക്കാം. കഴിഞ്ഞ ഒരുവർഷം സ്‌കൂളിൽ സ്വാഭാവിക പഠനം നടക്കാത്തതുകൊണ്ട് കുട്ടികൾക്കുണ്ടായിട്ടുള്ള പഠനനഷ്ടം പരിഹരിക്കാനുള്ള പ്രവർത്തനവും അക്കാദമികമായി ആലോചിക്കേണ്ടതുണ്ട്.മതനിരപേക്ഷതയും ജനാധിപത്യവും പുലരുന്നതും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായ പൊതു ഇടങ്ങൾ ആയി പൊതുവിദ്യാലയങ്ങളെ പരിവർത്തിപ്പിക്കാനുള്ള പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യസാക്ഷാ ത്ക്കാരത്തിനുള്ള പരിശ്രമത്തിൽ എല്ലാവരും അണിചേരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP