Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത്രയും പാവങ്ങൾ ഉള്ള ഇന്ത്യ എന്തിനാണ് കോടികൾ പൊടിച്ച് ചന്ദ്രയാത്ര നടത്തുന്നത്? ബഹിരാകാശ പദ്ധതികൾ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ കൂടിയാണ്; നമ്മുടെ മൊബൈൽ ഫോൺ തൊട്ട് ടെലിവിഷൻ വരെ പ്രവർത്തിക്കുന്നത് ഇത്തരം പദ്ധതികൾ കൊണ്ടാണ്; ചാണകത്തിൽനിന്ന് പ്ലൂട്ടോണിയം കിട്ടുമെന്നും ലോകത്തിലെ ആദ്യത്തെ ജെറ്റ് വിമാനം പുഷ്പക വിമാനമാണെന്നുമുള്ള തള്ളുകൾ പ്രബന്ധങ്ങളായി വരുന്ന ഇക്കാലത്ത് നാം നെഹ്‌റുവിനെ മറക്കരുത്; ചാന്ദ്രയാത്രയുടെ ക്രെഡിറ്റ് ആർക്ക്; മറുനാടൻ എഡിറ്റോറിയൽ

ഇത്രയും പാവങ്ങൾ ഉള്ള ഇന്ത്യ എന്തിനാണ് കോടികൾ പൊടിച്ച് ചന്ദ്രയാത്ര നടത്തുന്നത്? ബഹിരാകാശ പദ്ധതികൾ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ കൂടിയാണ്; നമ്മുടെ മൊബൈൽ ഫോൺ തൊട്ട് ടെലിവിഷൻ വരെ പ്രവർത്തിക്കുന്നത് ഇത്തരം പദ്ധതികൾ കൊണ്ടാണ്; ചാണകത്തിൽനിന്ന് പ്ലൂട്ടോണിയം കിട്ടുമെന്നും ലോകത്തിലെ ആദ്യത്തെ ജെറ്റ് വിമാനം പുഷ്പക വിമാനമാണെന്നുമുള്ള തള്ളുകൾ  പ്രബന്ധങ്ങളായി വരുന്ന ഇക്കാലത്ത് നാം നെഹ്‌റുവിനെ മറക്കരുത്; ചാന്ദ്രയാത്രയുടെ ക്രെഡിറ്റ് ആർക്ക്; മറുനാടൻ എഡിറ്റോറിയൽ

എഡിറ്റോറിയൽ

ന്തുകൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്ന ചോദ്യം ഉയർന്നുവന്നപ്പോൾ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിൻസ്റ്റൺ ചർച്ചിൽ പരസ്യമായി പറഞ്ഞത് 'ഞങ്ങൾ അധികാരം കൈമാറിയാൽ, ഇന്ത്യയിലെ ജാതി -മത ശക്തികൾ പരസ്പരം പോരാടി രാജ്യത്തെ ശിഥിലമാക്കുമെന്നാണ്്.'- അതായത് അധികാരം കൈമാറാനുള്ള പക്വത പോലും ഇന്ത്യയിൽ ആയിട്ടില്ലെന്ന്. സ്വാതന്ത്ര്യത്തിനുശഷം ഇന്ത്യ പട്ടിണി കിടന്നു മരിക്കുമെന്നുമുള്ള സിദ്ധാന്തങ്ങൾ പാശ്ചാത്യ ഗവേഷകരുടേതായി എത്രയോ ഉണ്ടായി. നമുക്കായി പ്രവചിക്കപ്പെട്ടതുകൊടിയ ക്ഷാമങ്ങളും ആഭ്യന്തരയുദ്ധങ്ങളുമൊക്കെയായിരുന്നു. എന്നാൽ എല്ലാവരെയും ഇന്ത്യ ഞെട്ടിച്ചു. പരിമിതികളും പരാതികളും എത്രയോ ഉണ്ടെങ്കിലും, രാജ്യം അനുദിനം, തുറക്കുന്ന വായകളെയും നീട്ടുന്ന കൈകളെയും തൃപ്തിപ്പെടുത്തി വികസനത്തിലേക്ക് കുതിക്കുന്നു. ഇന്ന് പാമ്പാട്ടികളുടെയും പകർച്ചവ്യാധികളുടെയും മാത്രം നാടായി ഇന്ത്യയെ കാണുന്നവർ തുലോം കുറവായിരിക്കും. പതുക്കെ പതുക്കെ നമ്മുടെ രാജ്യം ഒരു സാമ്പത്തിക രാഷ്ട്രീയ ശക്തിയാവുകയാണ്. ഇതിന് അടിവരയിടുകയാണ് നമ്മുടെ ചാന്ദ്രയാൻ ദൗത്യവും.

പക്ഷേ ഇന്ത്യയുടെ ഈ വമ്പൻ നേട്ടത്തിനിടയിലും ചില പാശ്ചാത്യമാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്ത രീതി നോക്കുക. ചാന്ദ്ര പഠനത്തിനായി സ്വന്തം ഉപഗ്രഹ വിക്ഷേപണം നടത്തിയ നാലു ലോക രാജ്യങ്ങളിൽ അമേരിക്കയ്ക്കും റഷ്യക്കും ചൈനക്കും ഒപ്പം ഇന്ത്യയും എത്തിയെന്നു പറയുമ്പോഴും, ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് ഇതേ റിപ്പോർട്ടുകളിൽ വിമർശിക്കുന്ന സമീപനമാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ സ്വീകരിച്ചത്. തീവ്ര വലതുപക്ഷ പത്രങ്ങൾ മാത്രമല്ല, ദ ഗാർഡിയൻ പോലുള്ള ഇടതുപക്ഷ പത്രങ്ങളും, ഇത്രയും പാവപ്പെട്ടവർ ഉള്ള ഇന്ത്യയുടെ വികസന പദ്ധതികൾ പാഴായിപ്പോവുന്നതിലെ ആശങ്ക പങ്കുവെക്കുന്നു. 'ലോകത്തിനു മുന്നിൽ വീമ്പു കാട്ടാനുള്ള ഇത്തരം പദ്ധതികൾ ഏറ്റെടുത്തു വിജയിപ്പിക്കുന്ന ഇവന്റ് മാനേജർ ആയി മാറാൻ ഇന്ത്യക്കു സാധിക്കും. എന്നാൽ മനുഷ്യ നന്മക്കും സാമൂഹിക നേട്ടത്തിനും ആവശ്യമായ ദീർഘകാല പദ്ധതി ഏറ്റെടുത്തു വിജയിപ്പിക്കാൻ ഇന്ത്യക്കു ഇനിയും കഴിയില്ല' എന്നാണ് ഡൽഹി ആസ്ഥാനമായി പവർത്തിക്കുന്ന സെന്റർ ഫോർ പോളിസി അനാലിസിസ് എന്ന സ്ഥാപനത്തിലെ സീമ മുസ്തഫയെ ഉദ്ധരിച്ച് ടെലിഗ്രാഫ് പറയുന്നത്. ഭരണ നേട്ടം ഉയർത്തിക്കാട്ടാൻ ഇത്തരം വഴികൾ തേടുന്നവർ എല്ലാവർക്കും ഭക്ഷണം, നല്ല വായു, ജലം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ജോലി എന്ന അടിസ്ഥാന ഘടകങ്ങൾ മനഃപൂർവം മറന്നു പോകുകയാണെന്നും സീമ ആരോപിക്കുന്നു.

സമാനമായ വിമർശനം സോഷ്യൽ മീഡിയയിലും വ്യാപകമായി ഉയരുന്നുണ്ട്. ബിജെപിക്കാർ ഇത് മോദിയുടെ സ്വന്തം നേട്ടമായി ഉയർത്തിക്കാട്ടുമ്പോൾ കോൺഗ്രസുകാർക്ക് ഇത് നെഹ്‌റുവിന്റെ നേട്ടമാണ്. ചില കമ്യൂണിസ്റ്റ് സൈബർ പോരാളികൾ ആവട്ടെ ഏറ്റവും ജനപ്രിയ നിലപാടായ പട്ടിണിയും ദാരിദ്ര്യവും പരിഗണിച്ചിട്ടുപോരെ ചാന്ദ്രയാൻ എന്ന പഴയ നിലപാടിലും ഉറച്ചു നിൽക്കുന്നു. ഈ നിലപാടണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഇത്രയും കോടികൾ പൊടിച്ച് ചന്ദ്രനിലേക്ക് യാത്ര നടത്തിയിട്ട് എന്തുകാര്യം എന്നാണ് പലരും ചോദിക്കുന്നത്. സമ്പൂർണ്ണ സാക്ഷരർ എന്നു പറയുന്ന കേരളത്തിൽ പോലും എത്രമാത്രം ശാസ്ത്രവിരുദ്ധത വേരുപിടിച്ചു എന്നതിന് ഉദാഹരണമാണ് ഇത്. ഒന്നു മനസ്സിലാക്കുക ചാന്ദ്ര പദ്ധതികളും ബഹിരാകാശ പദ്ധതികളും ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ കൂടിയാണ്. നമ്മുടെ മൊബൈൽ ഫോൺ തൊട്ട് സാറ്റലൈറ്റ് ഇമേജിങ്ങും ടെലിവിഷനുമൊക്കെ വരുന്നത് ബഹിരാകാശ പദ്ധതികൾ കൊണ്ടാണ്. ഇനി ചാന്ദ്രയാൻ ദൗത്യം നോക്കുക. അതിന്റെ ഗുണം ഇന്ത്യക്ക് മാത്രമല്ല, മാനവരാശിക്ക് മൊത്തത്തിലാണ്.

ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പടരുമ്പോൾ

മനുഷ്യന്റെ വിജ്ഞാന അന്വേഷണണങ്ങളും പരീക്ഷണങ്ങളുമെല്ലാം, പട്ടിണിയും ദാരിദ്ര്യവുമെല്ലാം അവസാനിച്ചിട്ട് മതി എന്ന് പറയുന്നത് ശുദ്ധമായ കുയുക്തിയാണ്. ( ഇത് പഴയ കമ്യൂണിസ്റ്റുകാർ ഉണ്ടാക്കിയ അടഞ്ഞ യുക്തിയാണ്്. ഇന്ന് അവർ പോലും അത് നിഷേധിക്കുന്നെങ്കിലും. ചന്ദ്രയാത്രതന്നെ തട്ടിപ്പാണെന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഇതിനിടയിൽ വേറെയുണ്ട്. ക്യൂബയിൽ ഈയിടെ നടന്ന ഒരു സർവേയിലും കാണുന്നത് 90 ശതമാനം വരുന്ന ആ രാജ്യത്തെ പൗരന്മാരും നീൽ ആംസ്ടോങ്ങ് ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. അത് അമേരിക്കയുടെ ഒരു ഗിമ്മിക്കാണെന്നാണത്രേ അവർ കരുതുന്നത്!)

അങ്ങനെ നോക്കുമ്പോൾ കായികരംഗത്തും, ചലച്ചിത്ര രംഗത്തും, പര്യവഷേണ രംഗത്തമൊക്കെ രാജ്യം മുതലിറക്കണമെന്ന് പറയാൻ കഴിയുമോ? ഇന്ത്യ പോലൊരു രാജ്യത്ത് സകലരുടെയും പ്രശ്നങ്ങൾ പരിഹരിച്ച് കഴിഞ്ഞതിനുശേഷം മതി ശാസ്ത്ര ഗവേഷണം എന്നാൽ പിന്നൊന്നിനും പണം ബാക്കിയുണ്ടാവില്ല. പക്ഷേ ഇവിടെ മുൻഗണനാക്രമം തെറ്റുന്നുണ്ടോ എന്ന് നോക്കുക. ഏത് ഭരണാധികാരി വന്നാലും ദാരിദ്ര്യലഘൂകരണത്തിനും കാർഷിക നിർമ്മാണ മേഖലക്കും തന്നെയാണ് ഇന്ത്യൻ ബജറ്റിൽ മുൻഗണന നൽകാറുള്ളത്. പണമില്ലെന്ന് പറഞ്ഞപ്പോൾ അത്രയും ബുദ്ധി ഉപയോഗിക്കാൻ പറഞ്ഞ സി.വി.രാമനെപ്പോലെ പാശ്ചാത്യരെ നോക്കുമ്പോൾ താരതമ്യേന കുറഞ്ഞ ചെലവിലാണ് ഇന്ത്യയുടെ പദ്ധതികൾ.

പതിനൊന്നു വർഷംമുമ്പ് ചന്ദ്രയാൻ-1 ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാൻ വെറും അഞ്ചരക്കോടി ഡോളർ (ഏതാണ്ട് 380 കോടി രൂപ) മാത്രമാണ് നമ്മുടെ ഐസ്്ആർഒ ചെലവഴിച്ചത് എന്ന വാർത്ത അദ്ഭുതത്തോടെയാണ് ലോകം കേട്ടത്. ബഹിരാകാശസഞ്ചാരത്തെപ്പറ്റി, ഭൂമിയിലെ രണ്ടു സ്റ്റുഡിയോകൾക്കുള്ളിൽ വെച്ച് നിർമ്മിച്ച ഗ്രാവിറ്റി എന്ന സിനിമയെടുക്കാൻ വാർണർ ബ്രദേഴ്‌സ് 700 കോടി രൂപ ചെലവാക്കിയ കാലത്താണിത്. 2013-ൽ ചൊവ്വാ പര്യവേക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച മംഗൾയാൻ ദൗത്യത്തിന് 510 കോടി രൂപയാണ് ചെലവായത്, അമേരിക്കയുടെ നാസ ചൊവ്വാപര്യവേക്ഷണദൗത്യത്തിന് ചെലവായതിന്റെ പത്തിലൊന്നുമാത്രം. തീർന്നില്ല, ഇപ്പോൾ നാം വിക്ഷേപിച്ച ചന്ദ്രയാൻ-2 അതിന്റെ മുൻഗാമിയേക്കാൾ വലുപ്പംകൊണ്ടും ശേഷി കൊണ്ടും കേമനാണ്, ചെലവും കൂടും -ഇത്തവണ അത് 900 കോടിക്ക് മുകളിലാണ്. എങ്കിൽപ്പോലും ആഗോള ബഹിരാകാശ വ്യവസായത്തിന്റെ കണക്കുകൾവെച്ച് അതും നിസ്സാരമായ തുകയാണ്. ഇന്നത്തെ നിരക്കനുസരിച്ച് ഭൂമിയിൽ നിന്നും 2000 കിലോമീറ്ററിലും കുറഞ്ഞ ഉയരത്തിലുള്ള 'ലോ എർത്ത്' ഭ്രമണപഥങ്ങളിൽ വിഹരിക്കുന്ന കാലാവസ്ഥ/വാർത്താവിനിമയ ഉപഗ്രഹങ്ങളെ അവിടെയെത്തിക്കാൻ കിലോഗ്രാമിന് 20 ലക്ഷം രൂപ എന്നനിലയിൽ ചെലഴിക്കണം. ആ നിരക്കുവെച്ച് മൂന്നുടൺ ഭാരമുള്ള ചന്ദ്രയാൻ-2 ലോ-എർത്ത് ഓർബിറ്റിൽ എത്തിക്കാൻ തന്നെ 6000 കോടി രൂപ ചെലവുവരുമായിരുന്നു. 2000 കിലോമീറ്ററല്ല മൂന്നുലക്ഷത്തിലേറെ കിലോമീറ്റർ അപ്പുറത്തുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുന്നത് എന്നോർക്കണം. പക്ഷേ മറ്റു രാജ്യങ്ങൾ വരുന്ന ചെലവിന്റെ എത്രയോ ചെലവുകുറച്ചാണ് ഇന്ത്യയുടെ പദ്ധതി.

മറക്കേണ്ട; ഈ ദൗത്യം മാനവരാശിക്കുവേണ്ടിയാണ്

സാർവലൗകികതയാണ് ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രത്യേകത. അതായത് ഒരു ശാസ്ത്രനേട്ടത്തിന്റെ ഗുണം ഒരു രാജ്യത്തിനോ വ്യക്തിക്കോ മാത്രമായി ഒതുങ്ങുന്നില്ല. മൈക്കൽ ഫാരഡേ വൈദ്യുതി കണ്ടുപിടിച്ചതിന്റെ ഗുണം ബ്രിട്ടീഷുകാർക്ക് മാത്രമല്ല കിട്ടിയത്. ലോകത്തെ മൊത്തത്തിൽ അത് പുതിക്കിപ്പണിതു. അതാണ് ശാസ്ത്രത്തിന്റെ സൗന്ദര്യം. ചിലർ കുത്തക മുതലാളിത്തത്തിന്റെ വക്താക്കളായി പറയുന്ന അമേരിക്കയുടെ നാസ പോലും ഇന്ത്യയെ പലതവണ സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഗ്രാമീണർക്ക് ടെലിവിഷൻ സിഗ്നലുകൾ എത്തിക്കാൻ നാസ അവരുടെ എ.ടി.എസ്.-എഫ് ഉപഗ്രഹത്തെ 20 ഡിഗ്രി കിഴക്കോട്ടുമാറ്റിയ സംഭവം പോലുമുണ്ട്.

അതുപോലെയാണ് ചന്ദ്രയാനും. മനുഷ്യരാശിക്കുവേണ്ട ചില വിലപ്പെട്ട ഗവേഷണങ്ങളാണ് ഇതുവഴി നടക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാകും ചന്ദ്രയാൻ-2 ഇറങ്ങുക. ഇതുവരെ ഒരു രാജ്യവും കൈവരിച്ചിട്ടില്ലാത്ത നേട്ടം. നാം ചന്ദ്രനിലേക്ക് നോക്കുമ്പോൾ എല്ലായിപ്പോഴും ഒരു വശം മാത്രമാണ് കാണുക. അത് ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണത്തിന്റെ പ്രത്യേകതകൾ മൂലമാണ്. അതാണ് എല്ലായിപ്പോളും ഒരു മുയലും മാനും അവിടെ കിടക്കുന്നതായി നമുക്ക് തോനുന്നതും. ചന്ദ്രന്റെ മറുവശത്തിന്റെ കവാടമെന്നു പറയാവുന്ന ഈ പ്രദേശത്ത് ആരും ഇതുവരെ എത്തിയിട്ടില്ല. ഇവിടെയാണ് നാം എത്തുന്നത്. ഐസ് രൂപത്തിൽ ജലം ഉണ്ടാകുമെന്നും സൗരയൂഥ രൂപീകരണത്തിന്റെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഇവിടെനിന്നു ലഭിക്കുമെന്നുമാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ചന്ദ്രനിലെ ഹീലിയം 3 നിക്ഷേപത്തിന്റെ സാന്നിധ്യവും അളവും പഠിക്കാനുള്ള സംവിധാനങ്ങളും ചന്ദ്രയാൻ 2ൽ ഉണ്ട്. റേഡിയോ ആക്ടീവ് ഐസോടോപ് ആയ ഹീലിയം 3, ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറുകളിൽ ആണവ ഇന്ധനമായി ഉപയോഗിക്കാനായാൽ ഊർജപ്രതിസന്ധിക്കു പ്രതിവിധിയാകും. ഇപ്പോഴത്തെ ന്യൂക്ലിയർ ഫിഷൻ റിയാക്ടറുകളിലെന്ന പോലെ ആണവമാലിന്യമുണ്ടാകില്ലെന്നതിനാൽ ഇത്തരമൊരു കണ്ടെത്തൽ ഏറെ വിലപ്പെട്ടതാണ്.

ഫലത്തിൽ ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനാകെ തന്നെ പ്രതീക്ഷ പകരുന്ന കുതിപ്പിനാണ് ഇന്നലെ നാം സാക്ഷ്യം വഹിച്ചത്. നാസയുടേത് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പേടകത്തിലുണ്ടുതാനും. ഇടിച്ചിറങ്ങുന്നതിനു പകരം, ചന്ദ്രന്റെ ഉപരിതലത്തിൽ പറന്നിറങ്ങുന്ന 'സോഫ്റ്റ് ലാൻഡിങ്' ദൗത്യമാണു ചന്ദ്രയാൻ 2. സെപ്റ്റംബർ ഏഴിനു പേടകത്തിലെ 'വിക്രം' ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തെ തൊടുമ്പോൾ ഇത്തരത്തിൽ 'സോഫ്റ്റ് ലാൻഡിങ്' നടത്തുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമാകും.

ഭൂമിയിൽ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ പോലും ഇത്തരം ദൗത്യത്തിന് കഴിയും എന്നാണ് വിദഗ്ധ അഭിപ്രായം. ചന്ദ്രയാൻ ഒന്നിന്റെ വിക്ഷേപണ സമയത്ത് തന്നെ ചന്ദ്രനിൽ വെള്ളം ഉണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇത്തവണ ഇന്ത്യ ചന്ദ്രയാൻ രണ്ടിലൂടെ ലക്ഷ്യമിടുന്നത് ഒരു പടി കൂടി മുന്നോട്ടാണ്. ചന്ദ്രന്റെ പ്രതലത്തിൽ ഹീലിയത്തിന്റെ സാന്നിധ്യം ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. റേഡിയോ ആക്റ്റിവ് തരംഗങ്ങൾ ഇല്ലാത്ത ഹീലിയത്തെ ഉപയോഗിച്ച് ഇതിന് പരിഹാരമാകാൻ കഴിയും. ഹീലിയത്തിന്റെ ഉപയോഗത്തിലൂടെ കടൽ വെള്ളം കുടിവെള്ളമാക്കി മാറ്റാൻ കഴിയും. ഗസ്ലലർ ടെക്‌നോളജിയിലൂടെ വലിയ എനർജി ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുക. ഇതൊക്കെ ഭാവിയിൽ മാനവരാശിക്ക് ഗുണം ചെയ്യുന്നവയാണ്. നടക്കാത്ത സ്വപ്ന പദ്ധതികൾ എന്നു പറഞ്ഞ് തള്ളിക്കളയേണ്ട കാര്യമില്ല. ഒരു നൂറ്റാണ്ടുമുമ്പൊക്കെ ബഹിരാകാശയാത്രയെന്ന സ്വപ്നം മനുഷ്യന് ഉണ്ടായിരുന്നു. അതുപോലെ അടുത്ത നൂറ്റാണ്ടിൽ നാം ചന്ദ്രനിൽ നിന്ന് ചെന്നൈയിലേക്ക് കുടിവെള്ളം കൊണ്ടുവരില്ല എന്ന് ആരു കണ്ടു..ചന്ദ്രയാൻ ഒന്നിന്റെ വിക്ഷേപണ സമയത്ത് തന്നെ ചന്ദ്രനിൽ വെള്ളം ഉണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇത്തവണ ഇന്ത്യ ചന്ദ്രയാൻ രണ്ടിലൂടെ ലക്ഷ്യമിടുന്നത് ഒരു പടി കൂടി മുന്നോട്ടാണ്. ചന്ദ്രന്റെ പ്രതലത്തിൽ ഹീലിയത്തിന്റെ സാന്നിധ്യം ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. റേഡിയോ ആക്റ്റിവ് തരംഗങ്ങൾ ഇല്ലാത്ത ഹീലിയത്തെ ഉപയോഗിച്ച് ഇതിന് പരിഹാരമാകാൻ കഴിയും.

ചന്ദ്രനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ മാത്രമല്ല മറിച്ച് സൗരപഥത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയും. ഇതോടൊപ്പം തന്നെ ചന്ദ്രന്റേയും ഭൂമിയുടേയും ചരിത്രത്തെ കുറിച്ചും കൂടുതൽ വിശദമായി പഠിക്കാൻ കഴിയും. ചന്ദ്രന്റെ ഉത്ഭവം മുതലുള്ള കാര്യങ്ങൾ പഠിക്കാൻ കഴിയും. ഭൂമിയുടെ മൊത്തം ചരിത്രം പല തരത്തിലും ചന്ദ്രനുമായി ബന്ധപ്പെട്ടതാണ് എന്നതാണ് ഇതിന് കാരണം.

എന്തും നാസ പറഞ്ഞാലേ നാം വിശ്വസിക്കുകയുള്ളല്ലോ. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 വിജയകരമായി വിക്ഷേപിച്ചതിൽ യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ ഐഎസ്ആർഒയെ മുക്തകണ്ഠം അനുമോദിച്ചിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ച് ഐഎസ്ആർഒ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചറിയാൻ കാത്തിരിക്കുകയാണെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്. ദൗത്യനിർവഹണത്തിൽ ഇന്ത്യയെ സഹായിക്കാനായതിൽ അഭിമാനിക്കുന്നെന്നും ദക്ഷിണ ധ്രുവത്തെപ്പറ്റി ലഭിക്കുന്ന വിവരങ്ങൾ മനുഷ്യനെ ചന്ദ്രനിൽ അയക്കുകയെന്ന നാസയുടെ ഭാവി ദൗത്യമായ ആർട്ടെമിസിന് ഉപകരിക്കുമെന്നും നാസ ട്വീറ്റ് ചെയ്തു.

ദാരിദ്ര്യ ലഘൂകരണം സാറ്റലൈറ്റുകളിലൂടെ

വിമർശകർ അറിയാതെപോവുന്ന ഒരുകാര്യം നമ്മുടെ സാറ്റലൈറ്റ് ദൗത്യങ്ങൾ കാർഷിക മേഖലക്കും ദുരന്തനിവാരണത്തിലും വാർത്താവിനിമയത്തിലും വഹിച്ച വലിയ പങ്കാണ്. ദാരിദ്ര്യ ലഘൂകരണത്തിന്റെ ഒരു ഘടകം തന്നെയാണ് ഇതും. 2013 ഒക്ടോബറിൽ ഒഡീഷ തീരത്ത് മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ഫാലിൻ കൊടുങ്കാറ്റിൽ 23 മരണങ്ങൾ മാത്രമേ ഉണ്ടായുള്ളൂ. 1999-ൽ ഇതേസ്ഥലത്തുണ്ടായ സമാനമായ കൊടുങ്കാറ്റിൽ മരണമടഞ്ഞത് 10,000 പേരായിരുന്നു. ബഹിരാകാശത്ത് ഭ്രമണംചെയ്യുന്ന ഇന്ത്യൻ കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹങ്ങൾ നൽകിയ വിവരങ്ങളനുസരിച്ച് കൊടുങ്കാറ്റ് എപ്പോൾ എവിടെ വീശിയടിക്കുമെന്ന് പ്രവചിക്കാനും പത്തുലക്ഷംപേരെ മാറ്റിപ്പാർപ്പിച്ച് മുൻകരുതലുകളെടുക്കാനും കഴിഞ്ഞതുകൊണ്ട് മാത്രമാണ് മരണസംഖ്യ ഇത്രയും ലഘൂകരിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞത്.

1960-കളിൽ, തലസ്ഥാനനഗരമായ ഡൽഹിയിൽ, 30 കിലോമീറ്റർ ചുറ്റുവട്ടത്തിൽ മാത്രം സംപ്രേഷണശേഷിയുള്ള ടെലിവിഷനുണ്ടായിരുന്ന കാലത്ത്, ഉൾനാടുകളിലുള്ള ദരിദ്രകർഷകരെ ആധുനിക കൃഷിരീതികൾ പഠിപ്പിക്കാൻ ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് ഗ്രാമങ്ങളിലെ ടി.വി.കളിലേക്ക് കൃഷിദർശൻ പരിപാടി സംപ്രേഷണം ചെയ്യാമെന്ന് അധികൃതർക്ക് കാണിച്ചുകൊടുത്തത് ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന വിക്രം സാരാഭായ് ആണ്.

ഇന്ത്യ സ്വന്തമായി ഉപഗ്രഹങ്ങൾ നിർമ്മിക്കാനോ വിക്ഷേപിക്കാനോ തുടങ്ങാത്ത കാലത്തായിരുന്നു ഇത്. 1960-കളുടെ ആരംഭത്തിൽ തന്നെ ലോകത്തിലെ ആദ്യത്തെ വാണിജ്യ വാർത്താവിനിമയ ഉപഗ്രഹമായ ഇന്റൽസാറ്റ് വഴി യൂറോപ്പിലും യു.എസിലും ഡി.ടി.എച്ച്. ടെലിവിഷൻ എത്തിക്കഴിഞ്ഞിരുന്നു. പക്ഷേ, ഈ രീതിയിലുള്ള ടെലിവിഷന്റെ പ്രശ്നം ഭൂസ്ഥിരഭ്രമണപഥത്തിലുള്ള ഉപഗ്രഹം അയക്കുന്ന റേഡിയോസിഗ്നലുകൾ സ്വീകരിക്കാൻ ഡിഷ് ആന്റിനയും ആ സിഗ്നലുകളെ ടി.വി. സിഗ്നലുകളാക്കിമാറ്റുന്ന ഡീകോഡറും വേണമെന്നതായിരുന്നു. ഇതിന് ചെലവേറെയാണ്. സാരാഭായ് ഇതിന് പരിഹാരം കണ്ടത് തദ്ദേശീയമായ വിലകുറഞ്ഞ വസ്തുക്കൾകൊണ്ട് ഇവ നിർമ്മിച്ചുകൊണ്ടായിരുന്നു.

1969 സെപ്റ്റംബർ 18-ന് ഇന്ത്യയും നാസയും തമ്മിൽ ടെലിവിഷൻ ഫോർ ഡെവലപ്‌മെന്റ് കരാറിൽ ഒപ്പിട്ടു. ഒഡിഷ, യു.പി., ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഗ്രാമീണർക്ക് ടെലിവിഷൻ സിഗ്നലുകൾ എത്തിക്കാൻ നാസ അവരുടെ എ.ടി.എസ്.-എഫ് ഉപഗ്രഹത്തെ 20 ഡിഗ്രി കിഴക്കോട്ടുമാറ്റി. ടെലിവിഷനിലൂടെ കൃഷിദർശൻ എന്ന കാർഷികപരിപാടിയായിരുന്നു ഗ്രാമീണർക്ക് നൽകിയത്. ഇന്ത്യയുടെ ഹരിതവിപ്ലവത്തെ ത്വരപ്പെടുത്താൻ ടെലിവിഷനും സഹായിച്ചു എന്നത് പിൽക്കാലചരിത്രം. ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഉപഗ്രഹം, ഐ.ആർ.എസ്.-1, ആണ് ഇന്ത്യയുടെ വനവിസ്തൃതി 14 ശതമാനത്തിൽനിന്ന് 11 ശതമാനമായി കുറഞ്ഞെന്നകാര്യം കണ്ടെത്തിയത്. രാജ്യത്ത് മൊത്തമുള്ള തരിശുനിലത്തിന്റെ വിസ്തൃതി കണക്കാക്കിയ ഐ.ആർ.എസ്.-1 തന്നെയാണ് ഇന്ത്യയിലെ ഭൂഗർഭജലത്തിന്റെ അളവിനെപ്പറ്റി ശാസ്ത്രീയമായ വിവരങ്ങൾ ശേഖരിച്ചതും. കുഴൽക്കിണറുകൾ കുഴിക്കുമ്പോൾ വെള്ളം കണ്ടെത്താനുള്ള സാധ്യത 45 ശതമാനത്തിൽനിന്നും 90 ശതമാനമായി വർധിപ്പിച്ചു ഈ കണ്ടെത്തൽ. വെള്ളത്തിന് പുറമേ ധാതുലവണങ്ങളുടെ സാന്നിധ്യവും കടലിലെ മത്സ്യസമ്പത്തിന്റെ സഞ്ചാരപഥങ്ങളുമെല്ലാം ഉപഗ്രഹങ്ങളുപയോഗിച്ചുള്ള ഭൗമനിരീക്ഷണത്തിലൂടെ കണ്ടെത്താനാവും. ഇതെല്ലാം നമ്മുടെ സമ്പദ് വ്യവസ്ഥയെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്.

സിവിലിയൻ ആവശ്യങ്ങൾക്കും സൈനികാവശ്യങ്ങൾക്കുമായുള്ള ഭൗമനിരീക്ഷണം ഉപഗ്രഹങ്ങൾ ചെയ്യുന്ന പല ജോലികളിൽ ചിലതുമാത്രമാണ്. വിവരവിനിമയ സാങ്കേതികവിദ്യയാണ് ഇന്ന് ഉപഗ്രഹങ്ങൾ നൽകുന്ന ഏറ്റവും വലിയ സേവനം. ഇന്ന് നാം വൈദ്യുതിപോലെ സർവസാധാരണമായിക്കാണുന്ന പല ആശയവിനിമയ മാർഗങ്ങളും (മൊബൈൽ ഫോണും ഇന്റർനെറ്റും ടെലിവിഷനുമെല്ലാം) ബഹിരാകാശത്ത് ചുറ്റുന്ന ഉപഗ്രഹങ്ങളുടെ ബലത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന് ഇന്ത്യ സ്വന്തമായി വിക്ഷേപിച്ച, ഇപ്പോഴും പ്രവർത്തിക്കുന്ന 50-ലേറെ ഉപഗ്രഹങ്ങൾക്ക് നാം നന്ദിപറയണം.

ബഹിരാകാശത്തുനിന്ന് വിദേശനാണ്യവും

വെറുതെ ആകാശത്തേക്ക് കത്തിച്ചവിട്ട് കടലിൽ പതിപ്പിച്ച് കോടികൾ കടലിലൊഴുക്കുന്നുവെന്നൊക്കെ ഓരോ പരീക്ഷണം പരാജയപ്പെടുമ്പോഴും പഴി കേൾക്കാറുണ്ട്. പക്ഷേ ആ കാലമൊക്കെ മാറി. ഇന്ന് ബഹിരാകാശത്ത് വൻ ശക്തിയാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന് ഇതു വലിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിലെ ഒരു ഘട്ടം മാത്രമെന്നും ഓർക്കുക. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ആദ്യ ഇന്ത്യൻ ദൗത്യമായ 'ഗഗൻയാൻ' 2021 ഡിസംബർ എന്ന സമയപരിധി ലക്ഷ്യമിട്ടു മുന്നേറുകയാണ്. സൂര്യന്റെ അന്തരീക്ഷം പഠിക്കാനുള്ള ആദിത്യ എൽ1 ദൗത്യം അടുത്ത വർഷവും ശുക്ര ഗ്രഹത്തിലേക്കുള്ള ശുക്രയാൻ ദൗത്യം 2023ലും ഉണ്ടാകും. 2030നു മുൻപായി സ്വന്തം ബഹിരാകാശ നിലയം എന്ന ലക്ഷ്യവും ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. തൊണ്ണൂറുകളിൽ ക്രയോജനിക് സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ടപ്പോൾ, പതറാതെ സ്വന്തം ഗവേഷണങ്ങളിലൂടെ ആ സാങ്കേതികവിദ്യ സ്വന്തമാക്കിയ പാരമ്പര്യമാണ് ഇന്ത്യയുടേത് എന്നോർക്കണം. എല്ലായിടത്തും തോൽക്കപ്പെടുന്ന നാം ജയിക്കുന്ന അപുർവ സന്ദർഭങ്ങൾ.നാം ഇന്നു കൈവരിക്കുന്ന നേട്ടങ്ങൾക്കു നന്ദി പറയേണ്ടത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള പതിറ്റാണ്ടുകളിൽ ഈ ദിശയിൽ ആദ്യ ചുവടുകൾ വച്ച നമ്മുടെ ഭരണാധികാരികളോടും ശാസ്ത്രഗവേഷണ രംഗത്തെ സാരഥിയായ വിക്രം സാരാഭായ് അടക്കമുള്ളവരോടുമാണ്. അല്ലാതെ ഏതെങ്കിലും ഒരു ഭരണാധികാരിക്ക് ഒരു സുപ്രഭാതത്തിൽ തോന്നിയ ഉൾവിളിയല്ല ബഹിരാകാശ ഗവേഷണം.

വിമർശകർ കാണാത്ത മറ്റൊരുകാര്യം ബഹിരാകാശത്തുനിന്ന് ഇന്ത്യ കോടികൾ നേടുന്നുണ്ട് എന്നതാണ്. ലോകരാജ്യങ്ങൾ ചെലവുകുറഞ്ഞ ഉപഗ്രഹ വിക്ഷേപണത്തിന് ഐസ്ആർഒയെ സമീപിക്കുമ്പോൾ രാജ്യത്തിന് കോടികൾ വരുമാനം നേടിത്തരുന്ന രംഗമായി ബഹിരാകാശ ഗവേഷണം മാറി. പരസഹായമില്ലാതെ റോക്കറ്റ് ശാസ്ത്രത്തിൽ വൈദഗ്ധ്യം നേടിയ ഇന്ത്യയ്ക്ക് ഇന്ന് ഒറ്ററോക്കറ്റിൽ നാസയുടെയും ഈസയുടെയും (ഇ.എസ്.എ. അഥവാ യൂറോപ്യൻ സ്പേസ് ഏജൻസി) അടക്കം അന്യരുടെ ഡസൻ കണക്കിന് ഉപഗ്രഹങ്ങളെ ബഹിരാകാശ ഭ്രമണപഥങ്ങളിലെത്തിക്കാനുള്ള ശേഷിയുണ്ട്. സാമ്പത്തികശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ ബഹിരാകാശപ്രവർത്തനങ്ങൾ ഒരു വ്യവസായമാണ്. ഒ.ഇ.സി.ഡി. (Organization for Economic Cooperation and Develepment)യുടെ കണക്കനുസരിച്ച് ബഹിരാകാശമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിക്ഷേപത്തിന് ആനുപാതികമായ വരുമാനവും ലഭിക്കുന്നുണ്ട്. 2013-ൽ റോക്കറ്റ് വിക്ഷേപകർക്കും ഉപഗ്രഹ ഓപറേറ്റർമാർക്കും കൺസ്യൂമർ സേവനദാതാക്കൾക്കുമായി ഏതാണ്ട് 17 ലക്ഷം കോടി രൂപ വരുമാനമുണ്ടായിട്ടുണ്ട്. ആ ശതകോടികളിൽ ഒരു പങ്ക് വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ഇനത്തിലും ഉപഗ്രഹസേവനങ്ങൾ വിൽക്കുന്ന ഇനത്തിലും ഇന്ത്യയ്ക്കും ഇസ്‌റോയ്ക്കും ലഭിക്കുമെന്ന് മറക്കരുത്.

ചാന്ദ്രയാൻ മോദിയുടെ സൃഷ്ടിയാണോ?

ഇന്ത്യയിൽ എന്തും ഒറ്റയടിക്ക് രാഷ്ട്രീയമാവും എന്നു പറയുന്നപോലെ, ചാന്ദ്രയാൻ 2 വിക്ഷേപിച്ചതിന് പിന്നാലെയും രാഷ്ട്രീയപ്പോര് തുടങ്ങിയിരിക്കയാണ്. ഇത് നരേന്ദ്ര മോദിയുടെ നേട്ടമായി ബിജെപിയുടെ സൈബർ പോരാളികൾ പുകഴ്‌ത്തുമ്പോൾ കോൺഗ്രസ് അതേ നാണയത്തിൽ തിരിച്ചടിക്കുന്നുണ്ട്. മതത്തെയും ദേശീയതയെയും കൂട്ടിക്കലർത്തി നന്നായി ഉപയോഗിക്കാൻ കഴിയുന്ന സംഘടനയാണ് ബിജെപി. അപലപനീയമായ രീതിയിൽ ഇത് ഒരു സർജിക്കൽ സ്ട്രൈക്കിന്റെ പ്രാധാന്യത്തോടെ അവർ ഉപയോഗിക്കുന്നുണ്ട്.

പക്ഷേ എന്താണ് സത്യം. വിന്റ്റ്സൺ ചർച്ചിൽ അടക്കമുള്ളവരും, പല വിദേശ സാമ്പത്തിക ശാസ്ത്രഞ്ന്മാരും പട്ടിണി മരണം വിധിച്ചിട്ടും ഇന്ത്യ മോശമില്ലാതെ ഉയരുന്നതിന് ഇടയാക്കിയ മാജിക്ക് എന്താണ്. ഒറ്റനോട്ടത്തിൽ പറഞ്ഞാൽ സയൻസ് എന്നു തന്നെ പറയാം. ഹരിത വിപ്ലവത്തിന്റെ വരവ് ഇന്ത്യൻ ഗ്രാമങ്ങളെ രക്ഷിച്ചത് പട്ടിണി മരണങ്ങളിൽ നിന്നായിരുന്നു. ഇവിടെയാണ് നാം ജവഹർലാൽ നെഹ്‌റുവിനെ മറന്നുപോകാത്തത്. ഗാന്ധിജിപോലും പലപ്പോഴും മതത്തിന്റെ സ്വാധീനത്തിൽനിന്നപ്പോൾ നെഹറു പൂർണമായും ശാസ്ത്രീയതക്കായി എക്കാലവും നിലകൊണ്ടു. അമർത്യ സെൻ ഒരിക്കൽ എഴുതിയപോലെ, പാക്കിസ്ഥാന്് ഇല്ലാതെപോയതും ഇതുപോലെ ഒരു നേതൃത്വമായിരുന്നു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന നിലയിൽ തീർച്ചയായും നെഹറുവിനുണ്ടായിരുന്ന ശാസ്ത്രീയ മനോവൃത്തി തന്നെയാണ് ബഹിരാകാശ ഗവേഷണത്തിന് ഫണ്ട് അനുവദിക്കുന്നതിലേക്കും പിന്നീട് ഐഎസ്ആർഒ രൂപവത്ക്കരിക്കുന്നതിലേക്കും കാര്യങ്ങൾ മാറിയത്. ബഹിരാകാശരംഗത്ത് നാം ഇന്നു കൈവരിക്കുന്ന നേട്ടങ്ങൾക്കു നന്ദി പറയേണ്ടത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള പതിറ്റാണ്ടുകളിൽ ഈ ദിശയിൽ ആദ്യ ചുവടുകൾ വച്ച നമ്മുടെ ഭരണാധികാരികളോടും ശാസ്ത്രഗവേഷണ രംഗത്തെ സാരഥിയായ വിക്രം സാരാഭായ് അടക്കമുള്ളവരോടുമാണ്. അല്ലാതെ ഏതെങ്കിലും ഒരു ഭരണാധികാരിക്ക് ഒരു സുപ്രഭാതത്തിൽ തോന്നിയ ഉൾവിളിയല്ല ബഹിരാകാശ ഗവേഷണം.

പക്ഷേ മോദി സർക്കാറിനോടുള്ള ചില വിമർശനങ്ങൾ ശാസ്ത്രത്തെ അവർ എങ്ങനെയാണ് കാണുന്നതെന്നാണ്. ചാണകത്തിൽനിന്ന് പ്ലൂട്ടോണിയം കിട്ടുമെന്നും, ലോകത്തിലെ ആദ്യത്തെ ജറ്റ് വിമാനം പുഷ്പകവിമാനമാണെന്നുമുള്ള തള്ളുകൾ ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധങ്ങളായി വരുന്ന ഇക്കാലത്ത് നാം എത്രമാത്രം തിരിച്ചുപോകുന്നുവെന്ന് അമ്പരക്കണം. നെഹറുവിൽനിന്ന് മോദിയിലേക്കുള്ള ദുരം പ്രകാശവർഷങ്ങൾ ആവാതിരിക്കട്ടെ എന്നു മാത്രമാണ് ഇന്ത്യയുടെ ഭാവി ആഗ്രഹിക്കുന്നവർക്ക് പറയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP