Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അണക്കെട്ടുകളും ഫാക്ടറിയുമാണ് ക്ഷേത്രങ്ങളെന്ന് നെഹ്‌റു പറഞ്ഞതുപോലെ പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? ശബരിമല സ്ത്രീപ്രവേശനം മതപരിഷ്‌ക്കരണം മാത്രമാണ്...നവോത്ഥാനമല്ല; നവോത്ഥാനം വന്ന രാജ്യങ്ങളിൽ നടന്ന സംഭവങ്ങളും പിണറായി വിജയൻ നടത്തുന്ന കോപ്രായങ്ങളും വിലയിരുത്തിയാൽ ചിരിച്ചുപോകും; ഭരണഘടനയും ശാസ്ത്രബോധവും പ്രചരിപ്പിക്കാൻ എന്തുകൊണ്ടാണ് സിപിഎം ശ്രമിക്കാത്തത്; പറയാതെ വയ്യ, നടക്കുന്നത് നവോത്ഥാന കോമാളിത്തരങ്ങൾ തന്നെ!

അണക്കെട്ടുകളും ഫാക്ടറിയുമാണ് ക്ഷേത്രങ്ങളെന്ന് നെഹ്‌റു പറഞ്ഞതുപോലെ പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? ശബരിമല സ്ത്രീപ്രവേശനം മതപരിഷ്‌ക്കരണം മാത്രമാണ്...നവോത്ഥാനമല്ല; നവോത്ഥാനം വന്ന രാജ്യങ്ങളിൽ നടന്ന സംഭവങ്ങളും പിണറായി വിജയൻ നടത്തുന്ന കോപ്രായങ്ങളും വിലയിരുത്തിയാൽ ചിരിച്ചുപോകും; ഭരണഘടനയും ശാസ്ത്രബോധവും പ്രചരിപ്പിക്കാൻ എന്തുകൊണ്ടാണ് സിപിഎം ശ്രമിക്കാത്തത്; പറയാതെ വയ്യ, നടക്കുന്നത് നവോത്ഥാന കോമാളിത്തരങ്ങൾ തന്നെ!

എഡിറ്റോറിയൽ

 ഫ്രഞ്ച് നവോത്ഥാനത്തിന്റെ സമയത്ത് എന്താണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ദാർശനികനായ ഡെനിസ് ദിററോയുടെ ഒരു ക്ലാസിക്ക് മറുപടിയുണ്ട്. 'അവസാനത്തെ രാജാവിനെ അവസാനത്തെ പുരോഹിതന്റെ കുടൽമാലയിൽ കഴുത്ത് മുറുക്കി കൊല്ലുമ്പോൾ മാത്രമേ മനുഷ്യൻ സ്വാതന്ത്ര്യം അനുഭവിക്കൂ'- അതായത് മതത്തെയും പൗരോഹിത്യത്തെയും എകാധിപത്യത്തെയും ഒരുപോലെ തള്ളിപ്പറഞ്ഞുകൊണ്ടേ നിങ്ങൾക്ക് നവോത്ഥാനവും സ്വതന്ത്ര ചിന്തയും വളർത്താൻ കഴിയൂ.

വോൾയട്ടറുടെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്. ആരാണ് നിങ്ങളുടെ ഭരണാധികാരികൾ എന്ന് ചോദ്യത്തിന് മറുപടിയായി. 'നിങ്ങൾക്ക് ഏറെ പരാതികൾ ഉള്ളപ്പോഴും നിങ്ങൾ ആർക്കെതിരെയാണ് മിണ്ടാതിരിക്കുന്നത്. നിങ്ങൾക്ക് ഒരുപാട് പ്രതിഷേധങ്ങൾ ഉള്ളപ്പോഴും ആർക്കെതിരേയാണ് നിങ്ങൾ മൗനം പാലിക്കുന്നത്. നിങ്ങൾക്ക് ഒരുപാട് വിമർശനം ഉന്നയിക്കാൻ താൽപര്യമുള്ളപ്പോഴും നിങ്ങളുടെ ഭാഷ മയപ്പെടുത്തുകയും നിങ്ങളുടെ ശരീര ഭാഷ ലളിതമാക്കപ്പെടുകയും ചെയ്യുന്നത് ആർക്കെതിരെയാണ്. അവരാണ് നിങ്ങളുടെ ഭരണാധികാരികൾ'. വോൾട്ടയർ ഉദ്ദേശിച്ചത് മതത്തെ തന്നെയാണ്. (കേരളത്തിലടക്കം ഇന്നും അതുതന്നെ അവസ്ഥ) അതായത് മതനിരാസവും ശാസ്ത്രവും സ്വതന്ത്രചിന്തയും വളർത്തലാണ് യഥാർഥ നവോത്ഥാനം. യൂറോപ്യൻ രാജ്യങ്ങളിലെ റിനായിസൻസ് വന്നത് അങ്ങനെയാണ്. ദൈവത്തിനുള്ളത് ദൈവത്തിന്, സീസറിനുള്ളത് സീസറിന് എന്ന ആപ്തവാക്യമാണ് പാശ്ചാത്യ രാജ്യങ്ങളുടെ വളർച്ചക്ക് അടിസ്ഥാനമെന്ന് കാൾ സാഗനും നിരീക്ഷിച്ചിരുന്നു.

നവോത്ഥാനത്തെക്കുറിച്ച് ഇത്രയും പറഞ്ഞത് കേരളത്തിൽ ഇപ്പോൾ ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് വലിയ നവോത്ഥാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന നായകനാണെന്നും വ്യാപകമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ്. യഥാർഥത്തിൽ നവോത്ഥാനം വന്ന രാജ്യങ്ങളിൽ നടന്ന സംഭവങ്ങളും പിണറായി വിജയൻ നടത്തുന്ന കോപ്രായങ്ങളും വിലയിരുത്തിയാൽ ചിരിച്ചുപോകും. മതത്തെ ഭരണകൂടത്തിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു യൂറോപ്യൻ നവോത്ഥാനത്തിന്റെ അടിസ്ഥാനമെങ്കിൽ, സ്റ്റേറ്റിന്റെ സഹായത്തോടെ ആരാധനാലയത്തിൽ ഒളിച്ചുകയറുക എന്നതായിരിക്കുന്നു കേരളാ മോഡൽ നവോത്ഥാനം!

ശബരിമല വിഷയത്തിൽ പ്രശ്‌നക്കാരായ സംഘപരിവാറിനെപ്പോലെ തന്നെ വിമർശിക്കപ്പെടേണ്ടതാണ് സർക്കാറിന്റെ നിലപാടും. ഈ വിഷയത്തിൽ സർക്കാർ നടത്തിയ ഒരുപാട് കോപ്രായങ്ങൾ നോക്കുക. സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന് വലിയ വായിൽ പറയുക, സ്ത്രീകൾ എത്തുമ്പോൾ പൊലീസിനെ വിട്ട് തടയുക. എന്നിട്ട് ഇത്തരം സ്ത്രീകളുടെ വീട് അടിച്ചു തകർക്കുന്നത് നോക്കി നിൽക്കുക. ഒടുവിൽ അർധരാത്രിയിൽ പൊലീസ് സംരക്ഷണത്തോടെ സ്ത്രീകളെ ഒളിച്ചു കടത്തുക. നര മേക്കപ്പിട്ട് വൃദ്ധയായി വരുന്ന സ്ത്രീകൾക്ക് ഒത്താശ ചെയ്യുക. ഏറ്റവും ഒടുവിലായി ശബരിമല കയറിയെന്ന് പറയുന്ന 51 പേർ ഉണ്ടെന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ കൊടുത്തത് നോക്കുക. അതിൽ പുരുഷന്മാർ വരെയുണ്ട്. മിക്കവരുടെയും പ്രായം തെറ്റാണു താനും. ഒരു പ്രത്യേകതരം നവോത്ഥാനം തന്നെ!

സത്യത്തിൽ ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടിയിരുന്നത് എന്താണ്. തീർച്ചയായും വിധി നടപ്പാക്കുക തന്നെയാണ്. എണ്ണക്കിണറിൽ ഇറങ്ങാനും അഴുക്കുചാൽ വൃത്തിയാക്കാനും സ്ത്രീക്കും പരുഷനും ഒരുപോലെ അധികാരമുണ്ട്. അതുപോലെ ലിംഗ നീതി ക്ഷേത്രങ്ങളിലും വേണം. പക്ഷേ ഇവിടെയാണ് പ്രശ്‌നം. ശബരിമലയിൽ കയറാൻ വരുന്ന സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കേണ്ട ബാധ്യത മാത്രമേ സർക്കാറിനുള്ളൂ. അല്ലാതെ വേഷം കെട്ടിച്ച് സർക്കാർ സ്‌പോൺസേഡ് പ്രവേശനം എന്തിനായിരുന്നു. ഗവൺമെന്റ് എന്നത് ഒരു നിഷ്പക്ഷ സാധനമാണ്. അമ്പലത്തിൽ ആളെ കയറ്റുന്നത് സർക്കാറിന്റെ ബാധ്യതയല്ല. പക്ഷേ ഇവിടെ സർക്കാർ ശബരിമലയിൽ സ്ത്രീകളെ ഒളിച്ചുകടത്തുന്നത് നവോത്ഥാനമാണെന്ന് വിശ്വസിക്കുന്നു! മാത്രമല്ല അമ്പത്തൊന്ന് പേർ കയറിയെന്ന് വീമ്പടിക്കാനും സർക്കാർ ശ്രമിക്കുന്നു.

ശബരിമലയിൽ കയറാൻ വരുന്ന സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കേണ്ട ബാധ്യത മാത്രമേ സർക്കാറിനുള്ളൂ. അല്ലാതെ വേഷം കെട്ടിച്ച് സർക്കാർ സ്പോൺസേഡ് പ്രവേശനം എന്തിനായിരുന്നു. ഗവൺമെന്റ് എന്നത് ഒരു നിഷ്പക്ഷ സാധനമാണ്. അമ്പലത്തിൽ ആളെ കയറ്റുന്നത് സർക്കാറിന്റെ ബാധ്യതയല്ല. പക്ഷേ ഇവിടെ സർക്കാർ ശബരിമലയിൽ സ്ത്രീകളെ ഒളിച്ചുകടത്തുന്നത് നവോത്ഥാനമാണെന്ന് വിശ്വസിക്കുന്നു! മാത്രമല്ല അമ്പത്തൊന്ന് പേർ കയറിയെന്ന് വീമ്പടിക്കാനും സർക്കാർ ശ്രമിക്കുന്നു.വൈരുധ്യാധിഷ്ഠിത ഭൗതിക വാദം അടിസ്ഥാന പ്രമേയമായ ഒരു ആശയത്തിൽ വിശ്വസിക്കുന്ന സംഘടനയിലാണ് പിണറായി പ്രവർത്തിക്കുന്നത്. അതായത് കമ്യൂണിസ്റ്റുകാർ തീർത്തും ഭൗതികവാദികളാണ്. നിരീശ്വരരാണ്. അടിസ്ഥാനമായി ശബരിമലയിലെ സ്ത്രീ പ്രവേശനം ഒരു മത പരിഷ്‌ക്കരണം മാത്രമാണ്. മത നിരാസമായിരുന്നു യൂറോപ്യൻ നവോത്ഥാനത്തിന്റെ അടിത്തറ. ആദ്യത്തെ അമ്പരപ്പ് കഴിഞ്ഞാൽ ശബരിമലയിലേക്ക് സ്ത്രീകൾ ഇരച്ചുകയറും. അടുത്ത പത്തുവർഷത്തിനുശേഷം ശബരിമലയിൽ മുഴുവൻ സ്ത്രീകളാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉദാഹരണമായി ക്ഷേത്രപ്രവേശന വിളംബരം നടന്ന ആദ്യത്തെ അഞ്ചുവർഷക്കാലം ദലിതർ അടക്കമുള്ളവർ ക്ഷേത്രങ്ങളിൽ കയറിയിട്ടില്ലായിരുന്നു. പിന്നെ പതുക്കെ അവസ്ഥ മാറി. സ്ത്രീകൾക്ക് അടുത്തകാലത്ത് മാത്രം പ്രവേശനം കിട്ടിയ മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തിലും ഇന്ന് സ്ത്രീകളുടെ തിരക്കാണ്. തൃപ്തി ദേശായി വഴി തുറന്നുകൊടുക്കപ്പെട്ട മിക്ക ക്ഷേത്രങ്ങളുടെയും അവസ്ഥ ഇതുതന്നെ. ഭാവിയിൽ ശബരിമലയിലും സ്വാഭവികമായി ഇതു സംഭവിക്കും. അതിന് വിശ്വാസത്തിന്റെ ഇരകളായ മനുഷ്യർക്ക് അൽപ്പം സമയം കൊടുക്കണം. പക്ഷേ ഈ ഗവൺമെന്റിന്റെ കാലത്തുതന്നെ, ഈ മണ്ഡലകാലത്തുതന്നെ സ്ത്രീകൾ ശബരിമലയിൽ കയറിയില്ലെങ്കിൽ തന്റെ ഇരട്ടചങ്ക് പറിഞ്ഞുപോവുമെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്.

യഥാർഥത്തിൽ ഭൗതികവാദത്തിൽ വിശ്വസിക്കുന്ന മുഖ്യമന്ത്രി ഇതായിരുന്നു പറയേണ്ടിയിരുന്നത്. അണക്കെട്ടുകളും ഫാക്‌റിയുമാണ് ഇന്ത്യയുടെ ക്ഷേത്രങ്ങളെന്ന് ജവഹർലാൽ നെഹ്‌റു പറഞ്ഞതുപോലെ പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? ഇപ്പോൾതന്നെ മുപ്പത്തിമുക്കോടി ദൈവങ്ങളുടെ അന്ധവിശ്വാസ ഭാണ്ഡം പേറുന്ന കേരളത്തിലെ സ്ത്രീകളെ പുതിയ ഒരു അന്ധവിശ്വാസത്തിലേക്ക് തള്ളിയിടുന്നതിനെ നവോത്ഥാനം എന്ന വിളിക്കാൻ സൈബർ കമ്മികൾക്ക് മാത്രമേ കഴിയൂ. ഒരു ക്ഷേത്രം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ ഇല്ലാതായി എന്നു പറഞ്ഞ കോൺഗ്രസ് മുഖ്യമന്ത്രി സി.കേശവനെ നമിച്ചുപോകുന്നു. ശബരിമല ഒരു വർഷം അടച്ചിട്ടാലും ഒരു കുഴപ്പവുമില്ല. പക്ഷേ കെഎസ്ഇബി ഒരു മണിക്കൂർ അടച്ചിട്ടാൽ നിങ്ങൾ വിവരം അറിയും. കെഎസ്ഇബിയാണ് കേരളത്തിന്റെ ക്ഷേത്രമെന്ന് പറയാൻ നട്ടെല്ലുള്ള ആരെങ്കിലും ഈ നാട്ടിൽ ഉണ്ടോ? അവിടെയായിരുന്നില്ലേ ഇരട്ടച്ചങ്ക് കാണേണ്ടിയിരുന്നത്.

എന്നിട്ട് ഈ മതസംരക്ഷണ കാര്യത്തിന് ഭൗതികവാദികളായ പിണറായിയും കൂട്ടരും പാവങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജാതിസംഘടനകളെ കൂട്ടുപിടിച്ച് മതിലുകെട്ടിയത് നോക്കുക. മതപരിഷ്‌ക്കരണത്തിനുള്ള മതിൽ നവോത്ഥാന മതിലായി. ക്ഷേത്രപ്രവേശന വിളംബരത്തിലും മറ്റും സഞ്ചാര സ്വാതന്ത്ര്യത്തിന്റെയൊക്കെ പ്രശ്‌നമുണ്ടായിരുന്നു. പക്ഷേ ഇവിടെയോ. ലിംഗ നീതിയെ അംഗീകരിക്കുമ്പോൾ തന്നെ ഇത് നവോത്ഥാനമല്ലെന്നും അതിനായി ചെലവിടാൻ ഞങ്ങളുടെ കൈയിൽ പണമില്ലെന്നുമായിരുന്നു സിപിഎമ്മിനെപോലെ ഒരു പാർട്ടി എടുക്കേണ്ട നിലപാട്.

ഇനി പിടിവാശി ഇല്ലായിരുന്നെങ്കിൽ മറ്റൊരു കാര്യം സാധിക്കുമായിരുന്നു. കോടതി വിധി വന്ന ഉടനെ സർവ്വകക്ഷികളെയും മത-സാമുദായിക സംഘടനകളെയും സാംസ്‌കാരിക സംഘങ്ങളെയും വിളിച്ചു കൂട്ടി വിധി നടപ്പാക്കലൊക്കെ കൂട്ടായ തീരുമാനത്തിനു വിടുമായിരുന്നു. 'സാവകാശം വേണം' എന്ന ഒരു തീരുമാനമെടുക്കാൻ പ്രായോഗിക ബുദ്ധിയുള്ള ആർക്കും നിഷ്പ്രയാസം സാധിക്കുന്ന കാലമായിരുന്നു. പ്രളയം തകർത്ത നാടിനെ പുതുക്കിപ്പണിയേണ്ട ഘട്ടമായിരുന്നല്ലോ അത്. പക്ഷെ 'സാവകാശം വേണം' 'ബോധവൽക്കരണം നടത്താൻ സമയം വേണം' എന്നു പറഞ്ഞവരെയൊക്കെ ബ്രാഹ്മണിക്കൽ അജണ്ടയുടെ ഭാഗമാക്കി മാറ്റുന്നതാണ് കേരളം കണ്ടത്.

ഇനി പിടിവാശി ഇല്ലായിരുന്നെങ്കിൽ മറ്റൊരു കാര്യം സാധിക്കുമായിരുന്നു. കോടതി വിധി വന്ന ഉടനെ സർവ്വകക്ഷികളെയും മത-സാമുദായിക സംഘടനകളെയും സാംസ്കാരിക സംഘങ്ങളെയും വിളിച്ചു കൂട്ടി വിധി നടപ്പാക്കലൊക്കെ കൂട്ടായ തീരുമാനത്തിനു വിടുമായിരുന്നു. 'സാവകാശം വേണം' എന്ന ഒരു തീരുമാനമെടുക്കാൻ പ്രായോഗിക ബുദ്ധിയുള്ള ആർക്കും നിഷ്പ്രയാസം സാധിക്കുന്ന കാലമായിരുന്നു. ഒരു വിഭാഗം മാത്രം പുരോഗമനകാരികളും മറ്റെല്ലാവരും വർഗ്ഗീയക്കോമരങ്ങളുമെന്ന ലളിത വിശകലനവും അപകടമുണ്ടാക്കി. ആർത്തവത്തെ അശുദ്ധമായി കാണുന്നവരൊക്കെ സവർണ്ണർ മാത്രമാണെന്നും നാമജപക്കാരൊക്കെ ശൂദ്രർ ആരാണെന്നുമൊക്കെ ചിത്രീകരണങ്ങൾ നടന്നു. അയ്യപ്പനു ഏറ്റവും കൂടുതൽ ഭക്തർ ഉള്ളത് പിന്നോക്ക ദളിത് വിഭാഗക്കാർക്കിടയിലാണെന്നും അവരുടെ അത്രക്ക് ഇത്തരം ആചാരങ്ങൾ മുറുകെപ്പിടിക്കുന്നവരായി മറ്റൊരുമില്ല എന്ന കാര്യം വിസ്മരിച്ചായിരുന്നു അത്.

പുറത്തെന്തു ചിത്രീകരിച്ചാലും വിശ്വാസികളിൽ മൃഗീയ ഭൂരിപക്ഷവും സ്ത്രീ പ്രവേശനത്തെ എതിർക്കുകയാണ് എന്ന വിവരം പാർട്ടി അനുഭാവികളുടെ കുടുംബങ്ങളിൽ നിന്നുള്ള കണക്കെടുപ്പോടെ തന്നെ സർക്കാരിന് മനസ്സിലായിട്ടുണ്ടാകണം. അതുകൊണ്ട് തന്ത്രപുർവം സിപിഎം എടുത്ത പരിപാടിയായിരുന്നു, ഒരേ സമയം പുരോഗമനം പറയുകയും എന്നാൽ സ്ത്രീകളെ തടയുകയും ചെയ്യുക എന്നത്. ആർത്തവാചാരം ഇവിടെ വർഷങ്ങളായുണ്ട്. ഇനി ഒരു വർഷം കൂടി അത് തുടർന്നാലും വല്ലാതെ വൈകുകയൊന്നുമില്ല. അഹങ്കാരം മാറ്റി വെച്ച് സൗമ്യമായി ഈ വിഷയം ചർച്ചക്കെടുത്താൽ പൊതു സമൂഹത്തിൽ തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും. ആർത്തവം എന്തെന്ന് ജനങ്ങളെ ബോധവത്ക്കരിക്കണം. മാറ്റാനാകാത്ത ഒരാചാരവുമില്ലെന്ന് ഉദാഹരണ സഹിതം പറഞ്ഞു കൊടുക്കണം. അതിന് ശാസ്ത്ര പ്രചാരണമാണ് വേണ്ടത്. അല്ലാതെ പർദ കാണ്ട് മുഖം മറച്ച സ്ത്രീകളെ വരെ അണിനിരത്തി നവോത്ഥാന മതിൽ പടുക്കലല്ല.

ജനങ്ങൾ പാലിക്കേണ്ട നിയമങ്ങൾ തീരുമാനിക്കുന്നത് മതങ്ങളല്ലെന്നും ജനാധിപത്യത്തിൽ പൗരോഹിത്യത്തിന് റോളില്ലെന്നുമൊക്കെ ഇടക്കിടക്ക് രാഷ്ട്രീയക്കാർക്ക് പറയാവുന്നതാണ്. ക്ഷേ ആരും പറയില്ല. പക്ഷെ ഇലക്ഷനാകുമ്പോൾ അരമനയിലും പള്ളിയിലും കയറിയിറങ്ങുകയും ചെയ്യും. ഇതൊക്കെ കണ്ടുവളർന്ന ഒരു വിശ്വാസി ശബരിമല വിഷയത്തിൽ വയലന്റ് ആയതിൽ അത്ഭുതമുണ്ടോ. അവന് ആ രീതിയിലുള്ള മസ്തിഷ്‌ക്ക പരിശീലനമാണ് ഏത് പാർട്ടിയിൽനിന്നും കിട്ടുന്നത്.

ശാസ്ത്രവും സ്വതന്ത്ര ചിന്തയും പ്രചരിപ്പിച്ച് മനുഷ്യനെ കൂടുതൽ ജനാധിപത്യവാദിയാക്കുകയും പുരോഗമനവാദിയാക്കുകയുമാണ് സത്യത്തിൽ നവോത്ഥാനം. ഇപ്പോൾ വനിതാമതിലിന്റെ പ്രചാരണത്തിനുവേണ്ടി പൊടിതട്ടിയെടുത്ത ഇന്ത്യൻ ഭരണഘടന ഇവിടുത്തെ പുരോഗമന വാദികൾ എന്ന് പറയുന്ന സിപിഎം എപ്പോഴെങ്കിലും പ്രചരിപ്പിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഭരണഘടനാപരമായ ധാർമ്മികതയ്ക്ക് താഴെയാണ് മത സ്വാതന്ത്ര്യമെന്നതും മൗലികഅവകാശങ്ങൾ തടയുമ്പോൾ നിലനിൽക്കുന്നതല്ല മതാവകാശങ്ങൾ എന്നും നിങ്ങൾ എപ്പോഴെങ്കിലും ബാലസംഘം ക്ലാസുകളിലെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ.

 പകരം ഒരു പൂജാരിയും മൗലവിയും വികാരിയച്ചനും ചേർന്ന് നിന്നാൽ മതസൗഹാർദമായി എന്ന വ്യാജ സന്ദേശമാണ് സിപിഎം സർക്കിളുകളിൽപോലും മുഴങ്ങിക്കേട്ടത്. ശബരിമല യാത്രികർക്ക് ചുക്കുകാപ്പി കൊടുത്തും, ഹജ്ജ് യാത്രികർക്ക് മോരും വെള്ളം കൊടുത്തും, മലയാറ്റുർ തീർത്ഥാടകൾക്ക് സർബത്തുകൊടുത്തുമൊക്കെ മതത്തെ കൃത്യമായി തൃപ്തിപ്പെടുത്തിവെക്കാൻ മുന്നിൽ നിന്നത് സിപിഎമ്മിനെപോലുള്ള ഭൗതികവാദ പാർട്ടികളാണ്. സ്‌കുളുകളും കോളജുകളും കൊടുത്ത് ഇടക്കിടെ പ്രീണിപ്പിച്ച് നിർത്തേണ്ട സംഘടനകളാണ് മത സംഘടനകൾ എന്ന ധാരണ വരുത്തിയതിൽ സിപിഎമ്മിനും പങ്കില്ലേ. (കണ്ണൂരിൽ നടന്ന മതേതര ശ്രീകൃഷ്ണ ജയന്തിയൊക്കെ ഓർത്തുനോക്കു. ശ്രീകൃഷ്ണൻ ഒരു മതകഥയാണെന്ന് പറയേണ്ട ഭൗതികവാദികളാണ് ഇങ്ങനെ ചെയ്യുന്നത്) ശാസ്ത്രവും മാനവികതയുമൊക്കെ പ്രചരിപ്പിച്ച ശാസ്ത്ര സാഹിത്യ പരിഷത്തുപോലുള്ള സംഘടനകൾ പുകയില്ലാത്ത അടുപ്പുപോലെയുമായി ജനങ്ങൾ പാലിക്കേണ്ട നിയമങ്ങൾ തീരുമാനിക്കുന്നത് മതങ്ങളല്ലെന്നും ജനാധിപത്യത്തിൽ പൗരോഹിത്യത്തിന് റോളില്ലെന്നുമൊക്കെ ഇടക്കിടക്ക് രാഷ്ട്രീയക്കാർക്ക് പറയാവുന്നതാണ്.പക്ഷേ ആരും പറയില്ല. പക്ഷെ ഇലക്ഷനാകുമ്പോൾ അരമനയിലും പള്ളിയിലും കയറിയിറങ്ങുകയും ചെയ്യും. ഇതൊക്കെ കണ്ടുവളർന്ന ഒരു വിശ്വാസി ശബരിമല വിഷയത്തിൽ വയലന്റ് ആയതിൽ അത്ഭുതമുണ്ടോ.

എല്ലാമതവും അതാതുകാലത്തെ പഞ്ചായത്ത് വിവരങ്ങൾ മാത്രമുള്ള കഥകൾ മാത്രമാണെന്നും ശാസ്ത്രവും മാനവികതയും ജനാധിപത്യവുമാണ് നവോത്ഥാനമെന്നും ഇവർ ഇനിയെങ്കിലും പഠിപ്പിക്കട്ടെ. എല്ലാ മതവും ഒന്നാണ് എന്നാണോ അതോ ഒരു മതവും ഒന്നുമല്ല എന്നാണോ നാം ആധുനിക കാലത്ത് ചോദിക്കേണ്ടത്. സിപിഎം നേതാക്കളുടെ ഭാര്യമാർ പോലും 19ാം നൂറ്റാണ്ടിലെ കുലസ്ത്രീകളുടെ മനോഭാവമായി ജീവിക്കുന്നത് അവർക്ക് മതമൂല്യങ്ങൾ മാത്രം കിട്ടുന്നതുകൊണ്ടാണ്. ഈ അനുഭവത്തിൽനിന്ന് പാഠമുൾക്കൊണ്ടെങ്കിലും ശാസ്ത്രബോധവും പരിഷ്‌ക്കരണത്വരയുമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിൽ. നമ്മുടെ ഭരണഘടനാ ശിൽപ്പികൾ അതാണ് വിഭാവനം ചെയ്തത്.

വാൽക്കഷ്ണം:

ഇന്ത്യൻ ജനതയുടെ എറ്റവും വലിയ കരുത്ത് ഇന്ത്യൻ ഭരണഘടന തന്നെയാണ്. അതുള്ള കാലത്തോളം ഈ രാജ്യം മതേതരമായി തുടരും. രാമായണമോ, ഭാരതമോ, ഖുർആനോ ബൈബിളോ പ്രരിപ്പിക്കാനല്ല ഇന്ത്യൻ ഭരണഘടന നിങ്ങളോട് പറയുന്നത്. ആർട്ടിക്കിൾ 51 a (h) പ്രകാരം ശാസ്ത്രബോധവും, മനുഷ്യത്വവും, അന്വേഷണത്വരയും വളർത്തുക നമ്മുടെ മൗലികമായ കർത്തവ്യമാണ്. ലോകത്ത് എറ്റവും കൂടുതൽ വിശ്വാസികളും എന്തിന് മതാന്ധരുമുള്ള ഒരു രാജ്യത്തിന്റെ ഭരണഘടനയാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. ഒറ്റ വികസിത രാജ്യങ്ങൾപോലും ശാസ്ത്രപ്രചാരണം പൗരന്റെ കർത്തവ്യമായി കൊടുത്തിട്ടില്ല എന്നത് മറന്നുപോകരുത്. മതിലുകെട്ടാൻ ആളെക്കൂട്ടേണ്ട സമയത്ത് മാത്രം പൊടിതട്ടിയെടുക്കേണ്ടതല്ല ഇന്ത്യൻ ഭരണഘടനയെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP