Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത്ര നിലവിളിക്കാൻ കശ്മീർ മോദി പാക്കിസ്ഥാന് എഴുതിക്കൊടുത്തോ? ആഗോള ഇസ്ലാമിക ഭീകരതയുടെ ഹബ്ബായ കശ്മീർ താഴ്‌വരയെ ശാന്തമാക്കാൻ അസാധാരണ നടപടികളാണ് വേണ്ടത്; ഇന്ത്യക്കെതിരായ യുദ്ധം അവർക്ക് ജിഹാദ് കൂടിയാണ്; ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ട് കശ്മീരികൾക്ക് വികസനത്തിലോ മറ്റോ എന്തെങ്കിലും പ്രശ്നം ഉണ്ടാവുന്നുണ്ടോ? മുത്തലാഖ് ബില്ലിലെന്നപോലെ കശ്മീരിലെ മുസ്ലിം സ്ത്രീയുടെ രക്ഷാകർത്താവായി മാറുന്നത് പരോക്ഷമായി മോദിയാണ്; എഡിറ്റോറിയൽ

ഇത്ര നിലവിളിക്കാൻ കശ്മീർ മോദി പാക്കിസ്ഥാന് എഴുതിക്കൊടുത്തോ? ആഗോള ഇസ്ലാമിക ഭീകരതയുടെ ഹബ്ബായ കശ്മീർ താഴ്‌വരയെ ശാന്തമാക്കാൻ അസാധാരണ നടപടികളാണ് വേണ്ടത്; ഇന്ത്യക്കെതിരായ യുദ്ധം അവർക്ക് ജിഹാദ് കൂടിയാണ്; ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ട് കശ്മീരികൾക്ക് വികസനത്തിലോ മറ്റോ എന്തെങ്കിലും പ്രശ്നം ഉണ്ടാവുന്നുണ്ടോ? മുത്തലാഖ് ബില്ലിലെന്നപോലെ കശ്മീരിലെ മുസ്ലിം സ്ത്രീയുടെ രക്ഷാകർത്താവായി മാറുന്നത് പരോക്ഷമായി മോദിയാണ്; എഡിറ്റോറിയൽ

എഡിറ്റോറിയൽ

'ഇന്ത്യൻ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, കശ്മീർ ഇന്ത്യൻ യൂണിയനായി തന്നെ നിൽക്കണം എന്നത് അങ്ങേയറ്റം പ്രധാനമാണ്. പക്ഷേ, നാം അതെത്ര ആഗ്രഹിച്ചാലും ബഹുജനങ്ങളുടെ പിന്തുണയില്ലാതെ അതു നടക്കില്ല. പട്ടാള ശക്തി കൊണ്ട് കുറച്ചു നാൾ കശ്മീർ കൈവശംവയ്ക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, പിന്നീടിതിനെതിരായി ജനവികാരം ആഞ്ഞടിക്കാനാണ് സാധ്യത. അതു കൊണ്ട് അടിസ്ഥാനപരമായും ബഹുജനങ്ങളോട് മന:ശാസ്ത്രപരമായ ഒരു സമീപനമാണ് ഇക്കാര്യത്തിൽ കൈക്കൊള്ളേണ്ടിവരിക. ഇന്ത്യൻ യൂണിയനിൽ ചേരുന്നത് തങ്ങൾക്ക് ഗുണകരമാകും എന്നു ജനങ്ങൾക്ക് ബോധ്യം വരുത്തണം. യൂണിയനിൽ താൻ സുരക്ഷിതനല്ല എന്ന് ഒരു ശരാശരി കാശ്മീരി മുസ്ലീമിന് തോന്നിയാൽ പിന്നെ അവൻ മറ്റെവിടെയാണ് സുരക്ഷിതം എന്ന് അന്വേഷിക്കും; അത് സ്വാഭാവികം. ഇതു മനസ്സിൽവച്ചു വേണം നാം മുന്നോട്ടു നീങ്ങാൻ; ഇല്ലെങ്കിൽ നാം പരാജയപ്പെടും.'' - ജവഹർലാൽ നെഹ്റു.

ഇന്ത്യയെ പട്ടിണിമരണങ്ങളിൽനിന്ന് രക്ഷിച്ച, ആധുനിക ഇന്ത്യ ഇന്ന് അവകാശപ്പെടുന്ന പ്രധാന നേട്ടങ്ങളുടെയാക്കെയും തലതൊട്ടപ്പനായ നെഹ്‌റുവിന്റെ ഈ വാക്കുകൾ പ്രസക്തമാണ്. അതുതന്നെയായിരുന്നു നാളിതുവരെ ഇന്ത്യ അനുവർത്തിച്ചുപോന്ന നയവും. ജനാധിപത്യപരമായി കശ്മീരിന്റെ പ്രശ്നങ്ങളെ നേരിടുക. ആർട്ടിക്കിൾ 370ന്റെ പിൻബലത്തിൽ പ്രത്യേക പദവി കൊടുത്തു. സ്വന്തമായി പതാകയും ഭരണഘടനയും കൊടുത്തു. സ്പെഷ്യൽ പാക്കേജുകളായി ഇന്ത്യ കോടിക്കണക്കിന് രൂപ ആ നാടിന് കൊടുത്തു. തൊഴിൽ എടുക്കുന്നതിനും സ്വത്ത് സമ്പാദിക്കുന്നതിനും മറ്റുള്ളവരെ വിലക്കിയും മറ്റും കാശ്മീരിന്റെ വ്യതിരിക്തത കാത്തു. പക്ഷേ ആ നാട് തിരിച്ച് ഈ രാജ്യത്തിന് എന്താണ് നൽകിയത്. രാമചന്ദ്രഗുഹ ചോദിച്ചപോലെ കശ്മീർ നമ്മുടെ തലവേദനയാണോ, അതോ വേദനിക്കുന്ന തലയാണോ?( head ake or aching head)

1947 മുതലുള്ള 'ബാലൻസ് ഷീറ്റ്' പരിശോധിക്കുമ്പോൾ, ഇത്രയും ഉദാരമായി പെരുമാറിയ ഇന്ത്യക്ക് കാശ്മീർ തിരിച്ചുതന്നത് എന്താണ്? ആഴ്ചക്ക് രണ്ടുതവണയുള്ള ചാവേറാക്രമണങ്ങൾ..പാക്കിസ്ഥാന് ജയ് വിളിച്ച് ഇന്ത്യൻ സൈന്യത്തെ കല്ലെറിയുന്ന നാട്ടുകാർ, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഇസ്ലാമിക തീവ്രവാദസംഘടനകൾക്കായി ആർത്തുവിളിക്കുന്ന ജനക്കൂട്ടം, ലശ്കറിന്റെയും ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ബാലന്മാർ....

പറയുമ്പോൾ ആരും നെറ്റി ചുളിക്കരുത്. ആഗോള ഇസ്ലാമിക ഭീകരതയുടെ ഹബ്ബായി കാശമീർ താഴ്‌വര മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തിലേക്ക് ഭീകരത കയറ്റമതി ചെയ്യുന്ന ഒരു പ്രദേശം! ബുർഹാൻ വാനി എന്ന കുട്ടി ജിഹാദി വെടിയേറ്റ് മരിച്ചപ്പോൾ കശ്മീരിൽ ഉണ്ടായ വികാര പ്രകടനം നോക്കുക. ഇന്ത്യൻ പതാക കത്തിച്ചും പാക് പതാക ഉയർത്തിയുമായിരുന്നു പ്രതിഷേധം. കശ്മീർ ജനത ഇന്ത്യയെ ശത്രുരാജ്യമായാണ് പലപ്പോഴും കണക്കാക്കിയത്. ഐഎസ് പതാകയേന്തിയ യുവാക്കൾ ആസാദി മുദ്രാവാക്യം മുഴക്കി ഇന്ത്യൻ പട്ടാളവുമായി ഏറ്റുമുട്ടുന്നു. (സൈനികരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങൾ ഇവിടെ കാണാതെ പോകുന്നില്ല. പക്ഷേ അതിനൊക്കെ ഒരു പരിധിയുണ്ട്. അത് മോണിറ്റർ ചെയ്യാൻ സംവിധാനമുണ്ട്. മനുഷ്യാവകാശ സംഘടനകൾ ഉണ്ട്)

തലമുറകളായി കശ്മീരിൽ ജീവിച്ചുവന്നിരുന്ന പണ്ഡിറ്റുകൾ താഴ് വരയിൽ നിന്ന് ജീവനും വാരിപ്പിടിച്ചോടി ഡൽഹിയുടെ ഓരങ്ങളിൽ അഭയാർഥികളായി നരകിക്കുന്നു. കശ്മീർ പണ്ഡിറ്റുകളുടെ കദനകഥ വായിച്ചാൽ നാം ഞെട്ടിപ്പോകും. ഒരു രാത്രിയിൽ ഇസ്്ലാമിക തീവ്രാദികൾ വന്ന് ( കശ്മീരിൽ ഇസ്ലാമും ഇസ്ലാമിക തീവ്രവാദവും തമ്മിലുള്ള അതിർവരമ്പ് നേർത്തതാണ്) വീടിന് തീയിട്ട് വലിച്ച് പുറത്തിടുകയാണ്. ജീവനോടെ കത്തിച്ചവരും വെട്ടിക്കൊലപ്പെടുത്തിയവരും എത്രയോ. ഈ മോദിയുടെ ഭരണക്കാലത്തും ആ പണ്ഡിറ്റുകൾ നീതിതേടി ഡൽഹിയുടെ തെരുവോരങ്ങളിൽ കഴിയുന്നു.

കാശ്മീരിനെ ചൊല്ലി കാർഗിൽ അടക്കം ഇന്ത്യാ- പാക് യുദ്ധങ്ങളം എത്ര നടന്നു. ആയിരങ്ങൾ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നല്ലൊരു ഭാഗവും ഈ ഇനത്തിൽ ചെലവാകുന്നു. അദ്യ യുദ്ധത്തിൽ ഏതാണ്ട് 65 ശതമാനം കശ്മീർ ഇന്ത്യയ്ക്കും ബാക്കി പാക്കിസ്ഥാനുമാണ് ലഭിച്ചത്. ഈ 65 ശതമാനത്തിൽ കുറച്ചു ഭാഗം പിന്നീട് ചൈന കൈക്കലാക്കി. പാക്കിസ്ഥാന്റെ കയ്യിലിരുന്ന കുറച്ചു ഭാഗവും ചൈനയ്ക്ക് കിട്ടി. ചുരുക്കത്തിൽ കശ്മീരിന്റെ ഏകദേശം 55-57 ശതമാനം മാത്രമാണ് ഇപ്പോൾ ഇന്ത്യയുടെ കയ്യിലുള്ളത്.

ഇന്നും പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് തൊട്ട് സാക്ഷൽ ഐഎസിനുവരെ കശ്മീരിൽ ശക്തമായ വേരുകൾ ഉണ്ടെന്നത് നിഷേധിക്കാൻ പറ്റാത്ത യാഥാർഥ്യമാണ്. അതായത് ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കശ്മീർ ഇന്ത്യക്ക് മാത്രമല്ല, ഈ ലോകത്തിന് തന്നെ ഭീഷണിയായിട്ടുണ്ട്. അതായത് ആഗോള തീവ്രവാദത്തെ മെരുക്കുക എന്നതിന്റെ ആദ്യ പടികൂടിയാണ് കശ്മീരിനെ മെരുക്കാനുള്ള ശ്രമം. ഇണക്കാനുള്ള ശ്രമം. ഇതുവരെ ഇന്ത്യ ശ്രമിച്ചകൊണ്ടിരുന്നതും ആദ്യം ഉദ്ധരിച്ച നെഹു്റുവിയൻ മാതൃകയിൽ ആയിരുന്നു. സൈന്യമല്ല സ്നേഹമാണ് വലുതെന്ന സിദ്ധാന്തത്തിൽ തന്നെയായിരുന്നു നെഹറുമുതൽ ഇങ്ങോട്ടുള്ളവർ ശ്രമിച്ചുകൊണ്ടിരുന്നത്. ഉഭയകക്ഷി ചർച്ച എന്ന വാക്ക് ആകാശവാണിയിലൂടെ കേട്ട് കേട്ട് നമുക്ക് പരിചിതമായ കാലം ഓർമ്മയില്ലേ.

ബിജെപിയുടെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ഏറ്റവും സർഗാത്മകമായ ഇടപെടൽ നടന്നത് എന്നത് മറന്നുപോകരുത്. അമൃതസർ - ലാഹോർ ബസ് സർവീസും കന്നിയാത്രയും നയതന്ത്ര വിജയം കൂടിയായിരുന്നു. പക്ഷെ ഇന്ത്യക്ക് തിരിച്ചെന്താണ് കിട്ടിയത്. കാർഗിൽ യുദ്ധം. അന്ന് കശ്മീരികൾ ആർക്കുവേണ്ടിയാണ് മുദ്രാവാക്യം മുഴക്കിയത്.

ഡോ. മന്മോഹൻ സിങ് കശ്മീർ പ്രശ്നപരിഹാരത്തിനായി ആത്മാർഥമായി പരിശ്രമിച്ചു. തീവ്രവാദികളുമായി പോലും നേരിട്ട് ചർച്ച നടത്താനായി പ്രത്യേക പ്രതിനിധികളെ അയച്ചു. പക്ഷേ കാര്യം ഒന്നുമുണ്ടായില്ല. തീവ്രാദം തഴച്ചുവളർന്നു. അവർ പാർലിമെന്റ്പോലും ആക്രമിക്കുന്നതിന്റെ വക്കത്തെത്തി. സൈനിക താവളങ്ങൾ ആക്രമിക്കുന്നു. ഓരോ ദിവസമെന്നന്നോളം കുഴിബോംബ് പൊട്ടിച്ച് അതിർത്തി കാക്കുന്ന ജവാന്മാരെ കാലപുരിക്ക് അയക്കുന്നു.

സാമം, വേദം ഒക്കെപ്പയറ്റി ഇന്ത്യ ക്ഷീണിച്ചു. പിന്നെയതാണ് ബാക്കിയുള്ളത്. ദണ്ഡനം തന്നെ. അതാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് ഇപ്പോൾ ശ്രമിക്കുന്നത്. അല്ലാതെ എന്തുചെയ്യും. ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് ഭീകരത കയറ്റിവിടുന്ന ഒരു പ്രദേശമാക്കി കശ്മീരിനെ നിലർത്തുകയോണോ വേണ്ടത്. ബിജെപിക്ക് അവരുടേതായ രാഷ്ട്രീയ അജണ്ടകൾ ഉണ്ടാകും. പക്ഷേ ഇത് ശക്തമായ സൈനിക- രാഷ്ട്രീയ നടപടികളുടെ സൂചനയാണ്. മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന സ്ഥാപനം പോലും ഇന്ത്യ എന്ന വാക്ക് മറച്ചാണ് ശ്രീനഗറിൽ പോലും പ്രവർത്തിച്ചിരുന്നത്. മുമ്പ് ആഭ്യന്തരമന്ത്രിമാർ കശ്മീർ സന്ദർശിക്കുമ്പോൾ ഉണ്ടായ കരിദിനാചരണവും പ്രതിഷേധവും ഒന്നും അമിത്ഷാ കശ്മീർ സന്ദർശിച്ചപ്പോൾ ഉണ്ടായില്ല. അതായത് താടിയുള്ള അപ്പനേയെ പേടിയുള്ളൂ എന്ന് ചുരുക്കം.

ഈ ഒരുഘട്ടത്തിലാണ്, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നത് കൂട്ടിവായിക്കേണ്ടത്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ആരോപണങ്ങൾ എന്തൊക്കെയായാലും തീവ്രവാദികളുടെ ആത്മവിശ്വാസം ചോർത്തുന്നത് തന്നെയാണ് ഈ നടപടി. മെഹബൂബ മുഫ്ത്തിയും ഒമർഅബ്ദുല്ലയും തൊട്ടുള്ള കാശ്മീരിലെ ഒരു മാതിരിപ്പെട്ട നേതാക്കളൊക്കെ തീവ്രാവാദികളോട് കടുത്ത നിലപാട് എടുക്കാത്തവരാണ്. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ഏത് പ്രവിലേജും ഇല്ലാതാകുമെന്നും, ശക്തമായ തിരിച്ചടി നൽകുന്ന ഭരണകൂടമാണ് ഇതെന്നും ഉള്ള സൂചന ഭീകരവാദത്തെ അൽപ്പം കുറയ്ക്കാൻ കഴിഞ്ഞാൽ അത് നല്ലതുതന്നെയാണ്.

കശ്മീരിൽ നടക്കുന്നത് ജിഹാദ് കൂടിയാണ്

അതുപോലെ തന്നെ ചില ഇടതു ബുദ്ധിജീവികൾ വിലപിക്കുന്നത് കേട്ടാൽ തോന്നുക, കശ്മീരിനെ പാക്കിസ്ഥാനോ മറ്റോ തീറെഴുതി കൊടുത്ത പോലെയാണ്. മുഴുവൻ പേരെയും തൃപ്തിപ്പെടുത്തിയും സന്തോഷിപ്പിച്ചും ഒരു നടപടിയും ഒരു സർക്കാരിനും സ്വീകരിക്കാൻ കഴിയില്ല. നിലവിലെ സർക്കാർ കൈക്കൊണ്ട ഈ നടപടിയെ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും സ്വാഗതം ചെയ്തിരിക്കും എന്നതിൽ സംശയമില്ല. കാരണം ഭീകരവാദം അത്രയേറെ ഈ രാജ്യത്ത് ഭീതി വിതച്ചു കഴിഞ്ഞു. പണ്ടുനടന്ന ചില നയതന്ത്രങ്ങളുടെയും കരാറുകളുടെയും പേരിൽ എല്ലാകാലവും ചില പ്രവിലേജുകൾ അനുവദിച്ച് കൊടുക്കണമെന്നാണോ.. പ്രത്യേകിച്ചും അത് രാഷ്ട്രത്തെയും ലോകത്തെയും തകർക്കത്തക്ക രീതിയിലുള്ള ഭീകരവാദത്തിന് വളമാകുമ്പോൾ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഇതുപോലെ ലയിപ്പിച്ചു തന്നെ ആണ് എടുത്തിട്ടുള്ളത്. ഗോത്ര- ആദിവാസി മേഖലകൾ ഒഴിവാക്കിയാൽ ആർക്കും ഈ പറയുന്ന പ്രത്യേക അവകാശങ്ങൾ ഇല്ല എന്നോർക്കണം.

ആർട്ടിക്കിൾ 370 നിലനിർത്തികൊണ്ട് തന്നെ ഒട്ടുമിക്ക കാര്യങ്ങളിലും കശ്മീരിന്റെ നിയന്ത്രണം ഇന്ത്യാ ഗവൺമെന്റിന്റെ പക്കലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇലക്ഷൻ കമ്മീഷൻ മുതൽ ജിഎസ്ടി വരെ. അതുകൊണ്ടുതന്നെ ഭരണപരമായി വലിയ വ്യത്യാസം പുതിയ നയം കൊണ്ട് അനുഭവപ്പെടണമെന്നില്ല. ഭൂമിവാങ്ങൽ, പൗരത്വം, പിന്തുടർച്ചാവകാശം എന്നിവ സംബന്ധിച്ച് കാര്യമായ മാറ്റങ്ങൾക്ക് ഈ തീരുമാനം കാരണമാകും-വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടർച്ച നിയമങ്ങളുടെ കാര്യത്തിൽ.

ഇനി ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ട് കശ്മീരികൾക്ക് വികസനത്തിലോ മറ്റോ എന്തെങ്കിലും പ്രശ്നം ഉണ്ടാവുന്നുണ്ടോ? അരിയോ, ഗോതമ്പോ, പെട്രോളോ, മണ്ണെണ്ണയോ കിട്ടാത്ത സാഹചര്യം വരുന്നുണ്ടോ. ഒന്നുമില്ല. ഇതുകൊണ്ട് കശ്മീരിനു ദോഷം അല്ലാതെ എന്ത് ഗുണം ആണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. നോക്കുക. സ്വദേശികൾ അല്ലാത്തവർക്ക് ഭൂമി വാങ്ങാനുള്ള അനുമതിയില്ലാത്തത് കശ്മീരിനെ സാമ്പത്തികമായി വല്ലാതെ പിറകോട്ട് അടുപ്പിക്കുകയാണ് ചെയതത്. പുറത്ത് നിന്നുള്ള ഒരു നിക്ഷേപവും ഇവിടെ അനുവദനീയമല്ല. വിപണി തുറക്കപ്പെടുന്നതോടെ ഇനിയാവും കശ്മീരിന്റെ കുതിച്ചുള്ള വികസനം. നിലവിൽ ഇവിടെ തൊഴിലില്ലായ്മ രുക്ഷമാണ്.

മറ്റൊന്ന് കശ്മീരി പെൺകുട്ടികളുടെ പിന്തുടർച്ചാവകാശമാണ്. നിലവിൽ കശ്മീരിന് വെളിയിലുള്ള ഒരാളെ വിവാഹം കഴിച്ചാൽ കശ്മീരിലെ സ്വത്ത് നഷ്ടപ്പെടുമായിരുന്നു. പുതിയ മാറ്റത്തോടെ അത് ഇല്ലാതായി. നോക്കുക, രാഷ്ട്രീയം എന്തായാലും അജണ്ടകൾ എന്തായാലും മുത്തലാഖ് ബില്ലിലെന്നപോലെ കാശ്മീരിലെ മുസ്ലിം സ്ത്രീയുടെ യഥാർഥ രക്ഷാകർത്താവായി മാറുന്നത് പരോക്ഷമായി നര്രേന്ദമോദിയാണ്! രാഷ്ട്രീയത്തിലെ വല്ലാത്ത വൈരുധ്യങ്ങൾ ഇങ്ങനെയാണ്. ( ഇനി ഏക സിവിൽ കോഡ് കൂടി ഈ സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്)

മാത്രമല്ല പുതിയ നിയമത്തോടെ സൈന്യത്തിന് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ കഴിയും. ഏറെ പരാതികൾ ഉള്ളതാണ് ജമ്മു-കശ്മീരിലെ പൊലീസ് സംവിധാനം. അത് പലപ്പോഴും സൈന്യത്തോട് സഹകരിക്കുന്നില്ലെന്നും, പരോക്ഷമായി തീവ്രവാദ പ്രവർത്തനത്തിന് ചൂട്ടു പിടിക്കുന്നു എന്ന ആരോപണം പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണ്. അതിലേക്കൊക്കെ കേന്ദ്രത്തിന്റെ പിടി വീഴുന്നതോടെ കാര്യങ്ങൾ എളുപ്പമാവുകയാണ്. ചുരുക്കിപ്പറഞ്ഞാൽ സമാധാനകാംക്ഷിയായ ഒരു കശ്മീരിക്ക് വേണ്ട സഹായമാണ് ഇതിലുടെ കിട്ടുക. മാത്രമല്ല സ്വന്തം പൗരന്മാർക്കുനേരെ സൈന്യം നിറയൊഴിക്കേണ്ടിവരുന്ന അത്യപൂർവ കാഴ്ചയും കാശ്മീരിൽ നാം പലപ്പോഴും കണ്ടതാണ്. കശ്മീരിന്റെ കൊടി ഇല്ലാതാവുകയും, അത് പൂർണമായും ഇന്ത്യയുടെ ഭാഗമാണെന്ന തോന്നൽ സൈന്യത്തെയും സ്വാധീനിക്കില്ലേ. സൈന്യം നടത്തുന്നുവെന്ന് പറയുന്ന മനുഷ്യവാകാശ ലംഘനങ്ങളെ നേർപ്പിക്കാൻ ഇതിനും കഴിയും. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന വികാരം ആരെയാണ് സ്വാധീനിക്കാത്തത്...രാഷ്ട്രീയം എന്തായാലും അജണ്ടകൾ എന്തായാലും മുത്തലാഖ് ബില്ലിലെന്നപോലെ കാശ്മീരിലെ മുസ്ലിം സ്ത്രീയുടെ യഥാർഥ രക്ഷാകർത്താവായി മാറുന്നത് പരോക്ഷമായി നര്രേന്ദമോദിയാണ്! രാഷ്ട്രീയത്തിലെ വല്ലാത്ത വൈരുധ്യങ്ങൾ ഇങ്ങനെയാണ്.

ഇനി ഇതോടെ പ്രകോപിതരായി പാക്കിസ്ഥാന്റെ സഹായത്തോടെ കശ്മീരിൽ മൊത്തം കുഴപ്പം തുടങ്ങും, തീവ്രവാദികൾക്ക് കിട്ടിയ വടിയാണ് ഇത് എന്നൊക്കെയുള്ള വിശകലനങ്ങളിലും കഴമ്പില്ല. ആർട്ടിക്കിൾ 370 ഉള്ള സമയത്ത് ഭീകരർക്ക് ഇന്ത്യയോടുള്ള സമീപനം എന്തായിരുന്നു. നിങ്ങൾ എല്ലാ ദിവസവും ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്താലും, പോസ്റ്റ്ഓഫീസുകൾ വഴി എല്ലാ ദിവസവും കശ്മീരിലെ ഓരോ കുടുംബത്തിനും രണ്ടായിരം രൂപ വീതം വെറുതെ ഇട്ടുകൊടുത്താലും കശ്മീരിലെ ഭൂരിപക്ഷത്തിനും ഇന്ത്യയോടുള്ള നിലപാട് മാറ്റില്ല! അതിന് കാരണം ഇത് ഒരു മത വിഷയം കൂടിയാണെന്നതാണ്.

ജിഹാദ് എന്ന ഇസ്ലാമിലെ പ്രധാന കർമ്മമാണ്, കാശ്മീർ പോരാട്ടമായി ലശ്കർ ഇ ത്വയ്യിബയും, ജെയ്ഷെ മുഹമ്മദും വ്യാഖ്യാനിക്കുന്നത്. ഇസ്ലാമിക സ്വർഗം വാഗ്ദാനം ചെയ്തതാണ് അവർ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത്. ചാവേർ ആക്രമണം നടത്തുന്നത്. പുൽവാമ ആക്രമണത്തിന് മുന്നോടിയായുള്ള ഭീകരൻ പറഞ്ഞത് ഓർമ്മയില്ലേ. 'നിങ്ങൾ ഇത് വായിക്കുമ്പോഴേക്കും ഞാൻ സ്വർഗത്തിൽ എത്തിയിരിക്കും'- അതായത് വിശുദ്ധയുദ്ധത്തിനുള്ള ഒരുക്കമാണ് കശ്മീർ മോചനം. ഈ ഗുട്ടൻസാണ് നെഹ്‌റു അടക്കമുള്ളവർക്ക് പിടികിട്ടാഞ്ഞത്.

കശ്മീരിന്റെ മോചനം എന്നു പറയുന്നത് തീവ്രാദികൾക്ക് ജിഹാദ് ആണ്. അതിന്റെ കൂലി നിശ്ചയിക്കപ്പെടുന്നത് പരലോകത്താണ്. ഈ ചിന്തയെ എങ്ങനെയാണ് നിങ്ങൾ പ്രതിരോധിക്കുക. ഇന്ത്യ മുഴുവൻ സൈന്യത്തെയും കശ്മീരിൽ നിന്ന് പിൻവലിച്ചാലും അവർ ആക്രമിച്ചുകൊണ്ടിരിക്കും! ഈ സങ്കീർണ്ണ പ്രതിഭാസത്തെ നിങ്ങൾക്ക് ചപ്പടാച്ചികൊണ്ട് പ്രതിരോധിക്കാൻ ആവില്ല. അതുകൊണ്ടുതന്നെ ഇസ്രയേൽ മോഡലിലുള്ള വിഭജനവും, കടുത്ത സൈനിക നടപടികളും തന്നെയാണ് പ്രശ്നത്തിന് പരിഹാരം. ഇത്രയും ശത്രുരാജ്യങ്ങളുടെ ഇടയിൽപെട്ടിട്ടും ഒരു റോക്കറ്റ് പോയിട്ട് ഒരു പടക്കംപോലും തന്റെ രാജ്യത്ത് വീഴാതെ ഇസ്രയേൽ തങ്ങളുടെ ജനതയെ കാക്കുന്നത് നോക്കുക! കശ്മീർ വിഭജനം ആ രീതിയിലുള്ള ശക്തമായ പ്രതികരണങ്ങൾക്കുള്ള തുടക്കമാവട്ടെ. ഖലിസ്ഥാൻ വാദം അടക്കമുള്ളവ അടിച്ചമർത്തി ഇന്ത്യൻ മണ്ണിൽ കുഴിച്ചുമൂടിയ അനുഭവവും നമുക്കുണ്ട്.

വിമർശിക്കപ്പെടേണ്ടത് ഫെഡറിലസത്തിലുള്ള കടന്നുകയറ്റം

അതായത് പൊതുവെ പറഞ്ഞാൽ ഏറെ ഗുണം ഉള്ളതാണ് മോദിസർക്കാറിന്റെ പുതിയ കശ്മീർ നയം എന്നത് വ്യക്തം. പക്ഷേ ഭരണഘടനയെ മറികടക്കാനും ഫെഡറിലസത്തിൽ കത്തിവെക്കാനും ബിജെപി കാണിച്ച ഗിമ്മിക്കുകൾ അവർ തുടർന്നാൽ അത് ജനാധിപത്യത്തിന് ദോഷമാവും. നോക്കുക, ബിജെപിയുടേത് കൃത്യമായ രാഷ്ട്രീയ വിജയമാണ്. ഒറ്റനോട്ടത്തിൽ നോക്കിയാൽ അമിത് ഷാ ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ആർട്ടിക്കിൾ 370 ന്റെ ക്ളോസ് 3 നടപ്പാക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ആ ക്ലോസ് ഇങ്ങിനെയാണ്: കശ്മീർ ഭരണഘടനാ നിർമ്മാണ സഭയുടെ ശുപാർശയുണ്ടെങ്കിൽ രാഷ്ട്രപതിക്ക് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഈ ആർട്ടിക്കിൾ റദ്ദാക്കി വിജ്ഞാപനം പുറപ്പെടുവിക്കാവുന്നതാണ്. ഇപ്പോൾ കശ്മീരിൽ അങ്ങിനെയൊരു നിയമ നിർമ്മാണ സഭയില്ല. ഒരു നിയമസഭ പോലുമില്ല. പ്രായോഗിക സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഗവർണർ കാശ്മീർ നിയമ സഭ പിരിച്ചു വിടുകയായിരുന്നു. നിയമസഭയും ഭരണഘടനാ സഭയും ഇല്ലാത്ത സ്ഥിതിക്ക് ആരോട് ശുപാർശ ചോദിക്കാൻ. അതായത്, കശ്മീരിൽ എന്തെങ്കിലുമൊക്കൈ ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ട്. ആ അധികാരമാണ് അമിത് ഷാ പ്രയാഗിച്ചത്. ഇങ്ങഴനയുള്ള കുറക്കുവഴികൾ ഉപയോഗിച്ച് ഭരണഘടനയെയും ഫെഡറിലസത്തെയും ബിജെപി വ്യാപകമായി അട്ടിമറിക്കുമോ എന്ന സംശയം ജനാധിപത്യ വാദികൾക്കുണ്ട്.

ഇനി ഇതിലെ ബിജെപിയുടെ ഇരട്ടത്താപ്പും വിമർശിക്കപ്പെടേണ്ടതാണ്. നോക്കുക, ആർട്ടിക്കിൾ 370 ന് സമാനമായ നിയമങ്ങൾ മറ്റു പ്രദേശങ്ങളിൽ നിലനില്ക്കുന്നതിന് ബിജെപിക്ക് യാതൊരു വിഷമവുമില്ല. നാഗാലാൻഡിലെ സ്ഥിതിനോക്കുക. വിശാല നാഗാലാൻ്ഡ് (നാഗാലിം) എന്ന പുതിയ സ്വതന്ത്രാധികാരപ്രദേശം വരാൻ പോകുകയാണ്. മോദിയുടെ ആശിർവാദത്തോടെയാണ് സമാധാനക്കരാർ ഒപ്പിട്ടത്. നാഗാ പോരാളികളുമായി അന്നത്തെ കരാർ് ഒപ്പിട്ട പ്രത്യേക ദൂതന് ആർ എൻ രവിയെ കഴിഞ്ഞ മാസമാണ് മോദി നാഗാലാൻഡിന്റെ ഗവർണറാക്കിയത്. കാശ്മീരിൽ ഇന്ത്യാ വിരുദ്ധ മുദ്രവാക്യം മുഴങ്ങുന്നതിന്റെ അത്ര തന്നെയാണ് നാഗാലാൻഡിൽ മുഴങ്ങുന്നത്. നാഗാ തീവ്രവാദികൾ സദാസമയം ആയുധങ്ങളുമായി നടക്കുന്നവരാണ്. ആരും തൊടില്ല. ഓഗസ്റ്റ് 14 ന് അവര് നാഗാ സ്വാതന്ത്ര്യദിനം ആഘോഷിക്കും. നാഗാ ആർമി പരേഡ് നടത്തും. അവരുടെ പതാക ഉയര്ത്തും. കൊല നടന്നാൽ പോലും ഗോത്ര നിയമമാണ് പൊതുവേ നടപ്പിലാകുക, ഐ പി സിയല്ല. ഇപ്പറഞ്ഞ പ്രദേശങ്ങളെല്ലാം ബിജെപിയോ, ബിജെപി സഖ്യകക്ഷികളായ സർക്കാറോ ആണ് ഭരിക്കുന്നത് എന്ന് ഓർക്കണം.

പക്ഷേ നാഗാലാൻഡിലേതും മറ്റും കശ്മീരിലെപ്പോലെ ആഗോള തീവ്രാവാദത്തിന്റെ ഹബ്ബായി മാറുന്നില്ല എന്ന് വേണമെങ്കിൽ ന്യായീകരിക്കാം. പക്ഷേ തീവ്രവാദം കൊണ്ടുള്ള എല്ലാ കളികളും തീക്കളി തന്നെയാണ്. അത് മോദിയും അമിത്ഷായും മറുന്നുപോകരുത്.

വാൽക്കഷ്ണം: ഈ വിഷയത്തിൽ നമ്മുടെ ഇടതുപക്ഷ ബുജികളുടെ കരച്ചിൽ കേട്ടാൽ തോന്നുക കശ്മീരിനെ ആരോ എടുത്തോണ്ടുപോയി എന്നാണ്. യഥാർഥ വിഷയം എന്നത് രാഷ്ട്രീയത്തോടൊപ്പം മതം കൂടി കലർന്നതാണെന്ന് അവർ ഒരിക്കലും പറയില്ല. റോഹീങ്ക്യകൾക്കുവേണ്ടി കണ്ണുനീർ പൊഴിക്കുന്ന ഈ നാട്ടിലെ എത്ര ബുദ്ധിജീവികൾ ജന്മനാട്ടിൽനിന്ന് ആട്ടിപ്പായിക്കപ്പെട്ട്, ഡൽഹിയുടെ തെരുവോരത്ത് അഭയം പ്രാപിച്ച ഇന്ത്യൻ പൗരന്മാരായ കശ്മീരി പണ്ഡിറ്റുകൾക്കായി ഐക്യദാർഢ്യ റാലികൾ നടത്തിയിട്ടുണ്ട്.

ശരിയാണ് റോഹീങ്ക്യകളുടെ പ്രശ്നം ദയനീയം തന്നെയാണ്. പക്ഷേ ഒരു വിഭാഗത്തിന്റെ വിഷമങ്ങൾ മാത്രം കാണുമ്പോൾ സ്രവിക്കുന്ന കണ്ണുനീർ ഗ്രന്ഥിയാണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങളുടെ മാനവിക ബോധത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് വ്യക്തമാണ്. ലോകത്ത് എവിടെയും മനുഷ്യൻ വീണപോവുമ്പോൾ ഒരുപോലെ വിഷമിക്കാതെ, മതത്തിന്റെ കണ്ണടയിലൂടെ നോക്കി സെലക്ടീവായി സെമിനാറുകളും സിമ്പോസിയങ്ങളും നടത്തുന്നവർ തന്നെയാണ് ഈ രാജ്യത്ത് വർഗീയതയെ വളർത്തുന്നത്. ബിജെപി അടക്കമുള്ള പാർട്ടികൾക്ക് വലിയ അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നതും അവർ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP