Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എവിടെപ്പോയി നമ്മുടെ നീതിബോധമുള്ള ചാനൽ സിംഹങ്ങൾ? ഈ വിധവയുടെ കണ്ണീർ ഇവരുടെ പാപക്കറ കഴുകി കളയുമോ? പ്രബുദ്ധ കേരളത്തിനു കരിക്കിനേത്തുകൊലപാതകം പകരുന്ന പാഠം

എവിടെപ്പോയി നമ്മുടെ നീതിബോധമുള്ള ചാനൽ സിംഹങ്ങൾ? ഈ വിധവയുടെ കണ്ണീർ ഇവരുടെ പാപക്കറ കഴുകി കളയുമോ? പ്രബുദ്ധ കേരളത്തിനു കരിക്കിനേത്തുകൊലപാതകം പകരുന്ന പാഠം

എഡിറ്റോറിയൽ

ഴിഞ്ഞ മൂന്നു നാലു ദിവസമായി കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം മറുനാടൻ മലയാളിയിലൂടെ പുറംലോകം അറിഞ്ഞു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെ ചരമപേജിൽ ഒരു കോളത്തിൽ വന്ന ദുരൂഹസാഹചര്യത്തിൽ മരിച്ചു എന്ന വാർത്ത ഒരു അരും കൊലയായിരുന്നെ്നും ആ കൊലയ്ക്ക് പ്രചോദനം ആയത് അതിസമ്പന്നനായ തൊഴിൽ ഉടമയുടെ കുടിലതന്ത്രങ്ങൾ ആയിരുന്നെ്നും വ്യക്തമാക്കി ഞങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിക്കും വരെ പുറംലോകം അറിഞ്ഞിരുന്നില്ല. പത്തനംതിട്ടയിലെ പ്രസിദ്ധമായ കരിക്കിനേത്ത് ടെക്‌സ്റ്റൈൽസിലെ കാഷ്യർ ബിജുവിനെയാണ് ഉടമയുടെ സാന്നിധ്യത്തിൽ ദയനീയമായി തല്ലിക്കൊന്നത്. തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയത് ഉടമ തന്നെയാണ് എന്ന വാദം നിലവിലുണ്ട്.

സംഭവം നടന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് ഇതു ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതും ഞങ്ങൾ ഇത് വാർത്തയാക്കുന്നതും. നഗരത്തിലെ ഒരു തൊഴിൽ സ്ഥാപനത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടിട്ടും അതിനെതിരെ കേസ് കൊടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മരണം അടികൊണ്ടാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരിക്കവേ എങ്ങനെ മരണം സംഭവിച്ചു എന്ന് കണ്ടെത്തേണ്ട പൊലീസ് യാതൊരു ശ്രമവും നടത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് പേരെ പിറ്റേന്ന് കസ്റ്റഡിയിൽ എടുത്തെങ്കിലും അവരെയെല്ലാം പിന്നീട് വിട്ടയക്കുകയായിരുന്നു. കടയുടമയും സഹോദരനും ഗൂഢാലോചനാക്കേസിൽ മാത്രമാണ് ഇപ്പോൾ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. ഈ അനീതിക്കെതിരെ മരിച്ച യുവാവിന്റെ ഭാര്യയും കുടുംബാംഗങ്ങളും ഇപ്പോൾ പ്രതിഷേധത്തിലാണ്. കൊലയാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ കളക്ടറേറ്റിന് മുമ്പിൽ മാർച്ച് നടത്തിയിരുന്നു.

ഏതൊരു ക്രിമിനൽ കുറ്റത്തിനോടും നമ്മുടെ പൊലീസിന്റെ സമീപനം ഇങ്ങനെതന്നെ ആണ് എന്നതുകൊണ്ട് പൊലീസിന്റെ നിഷ്‌ക്രിയത്വത്തിൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ ശരിക്കും മൂക്കത്ത് വിരൽവയ്‌ക്കേണ്ട രണ്ടു കൂട്ടർ ഉണ്ട്. സത്യത്തിന്റെ കവചം ധരിച്ചു നടക്കുന്ന നമ്മുടെ മാധ്യമങ്ങളും സന്ധിയില്ലാ സമരം ചെയ്യുന്ന നമ്മുടെ നേതാക്കളും. ഇവർ രണ്ട് കൂട്ടരും എന്തുകൊണ്ടാണ് ഈ വിധവയുടെ കണ്ണീരിനോട് മുഖം തിരിഞ്ഞ് നിൽക്കുന്നത് എന്നത് ഇരുത്തിച്ചിന്തിക്കേണ്ടതാണ്. ഒരൊറ്റ നേതാവും മരിച്ച യുവാവിന്റെ വീട് സന്ദർശിക്കുകയോ വിധവയെ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. ഒരൊറ്റ നേതാവും അവരുടെ കളക്ടറേറ്റ് മാർച്ചിന്, മുമ്പിലോ പിറകിലോ നിന്നില്ല. ഒരൊറ്റ മാധ്യമങ്ങളും ആ യുവാവിന്റെ ദാരുണമായ മരണം സത്യസന്ധമായ രീതിയിൽ റിപ്പോർട്ട് ചെയ്തില്ല. തിരുവല്ലയിൽ നിന്നിറങ്ങുന്ന കേരളഭൂഷണം ഇത് റിപ്പോർട്ട് ചെയ്തത് വിസ്മരിച്ചുകൊണ്ടല്ല ഈ അഭിപ്രായം പറയുന്നത്.

മാധ്യമങ്ങളും കക്ഷിഭേദമനേ്യ രാഷ്ട്രീയ നേതാക്കളും ഇങ്ങനെ അവഗണിക്കപ്പെടാൻ ഈ മരണം ഒട്ടും പ്രധാനപ്പെട്ടതല്ലേ? ഏതുകൊലപാതകവും കേരളത്തിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ കൊടുക്കുമെന്ന് ആർക്കാണ് അറിയാത്തത്. പ്രത്യേകിച്ചു മരിച്ചതോ പ്രതിചേർക്കപ്പെട്ടതോ സമ്പന്നരാണെങ്കിൽ ഈ വാർത്തയുടെ പ്രാധാന്യം ശ്രദ്ധേയമാണ്. പോൾ മുത്തൂറ്റിന്റെ മരണം ആഘോഷമാക്കിയതും ചെങ്ങന്നൂരിലെ കാരണവരുടെ കൊലപാതകം ആഘോഷമാക്കപ്പെട്ടതും ഉദാഹരണമായി എടുക്കാം. ഇവിടെ കൊലചെയ്യപ്പെട്ടത് ഒരു സാധാരണക്കാരനാണെങ്കിലും പ്രതിസ്ഥാനത്തു നിൽക്കുന്നത് അതിസമ്പന്നരായ രണ്ടു പേരാണ് എന്ന കാര്യം മറക്കരുത്.

കരിക്കിനേത്ത് കടയുടമ കൊന്നു എന്നതിന് തെളിവൊന്നുമില്ല എന്നു പറയുന്നവരെ ഞങ്ങൾ നിരാശരാക്കുന്നില്ല. എങ്കിലും ഈ കൊലപാതകത്തിന്റെ പ്രചോദനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കരിക്കിനേത്ത് ഉടമ പ്രതിചേർക്കപ്പെടുക എന്നത് സാമാന്യ നീതി മാത്രമാണ്. കരിക്കിനേത്തിന്റെ കൗണ്ടറിൽ ലഭിച്ച പണത്തെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു റിപ്പോർട്ടുണ്ട്. പണത്തിന്റെ പ്രശ്‌നം എന്തായാലും കടയുടമയുടേതാണ്. മരണം സംഭവിച്ചപ്പോൾ കടയുമടമയും ഉണ്ടായിരുന്നു താനും. ഇക്കാരണത്താൽ തന്നെ ഈ കൊലപാതക കേസിൽ ഒന്നാം പ്രതി ചേർക്കേണ്ടത് കടയുടമയെ ആണെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാകുമോ?

കേസെടുക്കാനുള്ള പൊലീസിന്റെ നിഷ്‌ക്രിയത്വത്തെക്കാൾ ഭീകരവും നിരാശാജനകവും ആയിരിക്കുന്നത് ഈ വാർത്തയോടുള്ള മാധ്യമങ്ങളുടെ അനിഷ്ടം മാത്രമാണ്. വഴിയെ പോകുന്ന എന്തും ദിവസങ്ങൾ നീണ്ട് നിൽക്കുന്ന വിവാദമാക്കി മാറ്റുന്ന മാധ്യമ കേസരികൾ ഈ വിധവയുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ കുടുംബത്തിന്റെ വേദനയ്ക്ക് മേൽ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. സരിതയും ഫായിസും ഒക്കെ പോട്ടെ, ശ്വേതാമേനോൻ വിവാദം എന്തിന് വേണ്ടിയായിരുന്നു. അത് പ്രസിദ്ധീകരിച്ചതും ആഘോഷമാക്കിയതും തെറ്റാണ് എന്ന പക്ഷം ഞങ്ങൾക്കില്ല. എന്നാൽ അത്രയും പ്രാധാന്യം നൽകിയില്ലെങ്കിൽ കൂടി അരമിനിട്ട് നീണ്ട് നിൽക്കുന്ന ഒരു വാർത്തയായി ഇതുകൊടുക്കാൻ മാധ്യമങ്ങൾ മടിച്ചത് എന്തുകൊണ്ടാണ്. പ്രതിസ്ഥാനത്ത് വന്നത് കേരളത്തിലെ മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം കൊടുക്കുന്ന ഒരു സ്ഥാപനം ആയിരുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. കരിക്കിനേത്തിന്റെ പരസ്യത്തോടുള്ള കൂറാണ് ഒരു കൊലക്കേസ് മറച്ച് വയ്ക്കാൻ പത്രമാധ്യമങ്ങളെ ഉത്സുകരാക്കിയത്. ഇത് സ്ഥിരമായി കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നതാണ്. വേമ്പനാട്ട് കായലിലെ മുത്തൂറ്റ് റിസോർട്ട് പൊളിച്ച് മാറ്റാനുള്ള വാർത്ത മുതൽ സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ട സ്വർണ്ണക്കടയുടെ പേര് വരെ ഇങ്ങനെ മനഃപൂർവ്വം മറച്ച് വയ്ക്കുന്നു. ബിജുവിന്റെ മരണം കൊലപാതകം ആയിട്ടുകൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ എന്ന ഒറ്റക്കോളം വാർത്തയിൽ ഒതുക്കാനുള്ള ധാർമ്മികതയേ പത്രങ്ങൾ കാണിച്ചുള്ളൂ.

ഇതിനർത്ഥം പത്രമാധ്യമങ്ങളിൽ സ്ഥിരം പരസ്യക്കാരായാൽ നിങ്ങൾക്കും ആരെയും കൊല്ലാമെന്നും ഏത് തെമ്മാടിത്തരവും കാട്ടാമെന്നുമല്ലേ? പത്രങ്ങൾ അവഗണിച്ചാൽ രാഷ്ട്രീയക്കാരോ പൊലീസോ തിരിഞ്ഞ് നോക്കില്ല എന്ന് ബിജുവിന്റെ മരണം തെളിയിക്കുന്നു. ബിജുവിന്റെ വിധവയ്ക്ക് നീതി കിട്ടാനുള്ള പോരാട്ടത്തിനൊപ്പം ഞങ്ങൾ നിൽക്കുന്നത് ഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചല്ല. ഇത്തരം വൃത്തികെട്ട കൂട്ടിക്കൊടുപ്പ് പണിയായി പത്രപ്രവർത്തനം മാറുമ്പോൾ ആ പണിയുടെ ഭാഗമായി നിൽക്കിന്ന ഞങ്ങൾക്ക് ആ രക്തക്കറയിൽ പങ്കില്ലെന്ന് തെളിയിക്കാനുള്ള ശ്രമം മാത്രമാണ്. കാമറയ്ക്ക് മുമ്പിൽ ഉറഞ്ഞു തുള്ളുന്ന കപടനീതിബോധത്തിന്റെ ഉടമകളെ എന്നെങ്കിലും ജനം തിരിച്ചറിയുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. നവമാധ്യമങ്ങളുടെ പ്രാധാന്യം പ്രസക്തമാക്കുന്നതും ഇത്തരം സാഹചര്യങ്ങളിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP