Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനേറ്റ അടി; നായർ, ഈഴവൻ എന്ന രീതിയിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച ജാതിക്കോമരങ്ങൾക്കും തിരിച്ചടി; മൽസരിക്കുന്നത് തട്ടമിടാത്ത മുസ്ലിം സ്ത്രീയാണെന്ന് പ്രചാരണം നടത്തിയ മതമൗലികവാദികൾ ഷാനിമോളിന്റെ വിജയത്തിൽ നാണിക്കണം; പൊതുജനം കഴുതയല്ലെന്ന് തെളിയിച്ച് ഈ ഫലം; ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് താരം; മറുനാടൻ എഡിറ്റോറിയൽ

ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനേറ്റ അടി; നായർ, ഈഴവൻ എന്ന രീതിയിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച ജാതിക്കോമരങ്ങൾക്കും തിരിച്ചടി; മൽസരിക്കുന്നത് തട്ടമിടാത്ത മുസ്ലിം സ്ത്രീയാണെന്ന് പ്രചാരണം നടത്തിയ മതമൗലികവാദികൾ ഷാനിമോളിന്റെ വിജയത്തിൽ നാണിക്കണം; പൊതുജനം കഴുതയല്ലെന്ന് തെളിയിച്ച് ഈ ഫലം; ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് താരം; മറുനാടൻ എഡിറ്റോറിയൽ

എഡിറ്റോറിയൽ

'പൊളിറ്റിക്ക്സ് ഈസ് ദ ലാസ്റ്റ് റെഫ്യൂജ് ഓഫ് എ സ്‌കൗണ്ട്രൽ', അഥവാ ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം എന്ന ഉദ്ധരണി, സമകാലീന കേരളീയ രാഷ്ട്രീയത്തിലെ ചില മുഖങ്ങൾ കാണുമ്പോൾ പലപ്പോഴും ഓർമ്മവരാറുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ ഭാവിയോ, വികസനത്തെക്കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ, മാറുന്ന കാലത്തെയും സമൂഹത്തെയും അഭിസംബോധന ചെയ്യാൻ ആവാതെ, അഴിമതിയും അക്രമവും ജാതിരാഷ്ട്രീയുമായി കഴിഞ്ഞുകൂടുന്ന വെറും രാഷ്ട്രീയ ഭിക്ഷാംദേഹികൾ. 'പൊതുജനം കഴുതയാണ്.'- അടുത്തറിഞ്ഞുനോക്കൂ, കേരളത്തിലെ പല രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പറയുന്ന കാര്യമാണിത്. ഓർമ്മകൾ കുറവായ, തങ്ങൾ എന്ത് അഴിമതി നടത്തിയാലും മറക്കുന്ന, കാശിറക്കിയാൽ, എങ്ങനെയും സ്വാധീനിക്കാൻ കഴിയുന്ന, ജാതിയും മതവും പറഞ്ഞാൽ കൊട്ടക്കണക്കിന് വോട്ട് വാരാൻ കഴിയുന്ന, ഒരു തരം കഴുതകളാണ് പൊതുജനമെന്ന് മുന്നണി ഭേദമില്ലാതെ കേരളത്തിലെ ചില രാഷ്ട്രീയക്കാർ കാലാകാലങ്ങളായി വിശ്വസിക്കുന്നതാണ്.

ബ്രിസ്റ്റോൾ സർവകലാശാലയുടെ പുതിയ പഠനം നോക്കുക. യൂറോപ്യൻ രാജ്യങ്ങളിലൊക്കെ പുതുതലമുറ രാഷ്ട്രീയക്കാരുടെ വരവാണ് ആ രാജ്യങ്ങളുടെ വികസനത്തിന്റെ ആദ്യ പത്തുകാരണങ്ങളിൽ ഒന്നെന്ന്. കാനഡയിലും സ്വീഡനിലുമൊക്കെ പയ്യന്മാർ എന്ന് നാം പറയുന്നവർ ഭരണനേതൃത്വത്തിലേക്കു വരുന്നു. എന്നാൽ നമ്മുടെ നാട്ടിലോ? നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നറിയപ്പെടുന്ന അഞ്ചുസീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം, ഈ രീതിയിലുള്ള ആശാവഹമായ ചില ദിശാമാറ്റങ്ങളുടെ സൂചികയാണ്. ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്നുള്ള രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനേറ്റ അടികൂടിയാണ് ഈ ഫലം.

ഇവിടെ ചർച്ച ചെയ്ത പ്രധാനപ്പെട്ട ഒരു ഘടകം സ്ഥാനാർത്ഥിയുടെ മികവും വികസനവും തന്നെയായിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം വീഴുന്ന കേരളത്തിൽ പോസറ്റീവായി ചിന്തിക്കുന്ന ഒരു തലമുറ വളർന്നുവരുന്നുവെന്നത് ആശ്വാസമാണ്. വട്ടിയൂർക്കാവിൽ സിപിഎം സ്ഥാനാർത്ഥിയും മേയറുമായ വി കെ പ്രശാന്ത് ജയിച്ചതിൽ നിന്നൊക്കെ അത് പ്രകടമാണ്. കഴിവും കാഴ്ചപ്പാടും ഉള്ള, പച്ച മലയാളത്തിൽ പറഞ്ഞാൽ വിവരവും വിദ്യാഭ്യാസവും വെളിവുമുള്ള ചെറുപ്പക്കാർ ഉയർന്നുവരുന്നതിന്റെ കൃത്യമായ സൂചന.

കടൽക്കിഴവന്മാരെപ്പോലെ മണ്ഡലത്തിൽ കടിച്ചുതുങ്ങുന്നവരേക്കാൾ, ജനം കഴിവുതെളിയിച്ച യുവാക്കൾക്ക് അവസരം നൽകുന്നുവെന്ന് കോന്നിയിലെ ഇടതുസ്ഥാനാർത്ഥി ജിനേഷ് കുമാറിന്റെ വിജയത്തിൽനിന്നും വ്യക്തം. എല്ലായിടത്തും ഇത്തവണ സ്ഥാനാർത്ഥിയുടെ മെറിറ്റ് നിർണ്ണായകമായിരുന്നു. കൊടി സുനിയോ, കുഞ്ഞനന്തനോ പോലും ഒരു സിപിഎം കോട്ടയിൽ നിന്നാൽ ജയിച്ചുകയറുന്ന കാലം കഴിഞ്ഞുവെന്ന് അർഥം. സാഹചര്യങ്ങൾക്ക് അനുസരിച്ച് തിരിച്ചും മറിച്ചും വോട്ട് ചെയ്യാൻ കഴിയുന്നതാണ് യഥാർഥ ജനാധിപത്യം. അല്ലാതെ എല്ലാകാലത്തും ആടുമാടുകളെപ്പോലെ ഒരു പാർട്ടിക്ക് വോട്ടുചെയ്യുന്നത്...അത് ജനാധിപത്യമല്ല ഏകാധിപത്യമാണ്.

വോട്ടർമാർ നൽകിയ ഒന്നാന്തരം പണി നോക്കുക. യുഡിഎഫിന്റെ കുത്തകയായ വട്ടിയൂർക്കാവും, കോന്നിയും എൽഡിഎഫ് ജയിക്കുന്നു. എന്നാൽ എൽഡിഎഫിന്റെ കോട്ടയെന്ന് പറയാവുന്ന കഴിഞ്ഞ തവണ അവർ 38,000ത്തിൽ പരം വോട്ടിന് ജയിച്ച അരൂരിൽ അവർ തോൽക്കുകയും ചെയ്യുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് ഉയരുന്നതിന് അനുസരിച്ച് നഗരസഭാ വൈസ് ചെയർമാൻ കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥിയുടെയും വോട്ട് കുറയുന്നതും നോക്കുക. മാത്രമല്ല, എൻഎസ്എസും എസ്എൻഡിപിയും അടക്കമുള്ള സകല ജാതി സംഘടനകളും കണ്ടം വഴി ഓടുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. നായർവോട്ട്, ഈഴവവോട്ട് എന്നു പറയുന്ന വൃത്തികെട്ട ജാതിക്കളി കളിച്ച എല്ലാ ജാതിക്കോമരങ്ങൾക്കുമുള്ള താക്കീതായിരുന്നു വട്ടിയൂർക്കാവിലെ വിജയം. ശരിദൂരം എന്ന വാക്കുതന്നെ ഇവിടെ ഒരു സാംസ്കാരിക അശ്ലീലമായി മാറിക്കഴിഞ്ഞു.

നായർ മണ്ഡലത്തിൽ ഒരു ഈഴവൻ മത്സരിക്കുന്നു എന്നൊക്കെ പരസ്യമായി പ്രചാരണം നടത്തിയവർ, ഇവിടെ ഹോമോസാപ്പിയൻസ് സാപ്പിയൻസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു യുവതലമുറ വളർന്നുവരുന്നുണ്ടെന്ന് മറന്നുപോയി. അതുപോലെ അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ രംഗത്തിറങ്ങിയ എസ്എൻഡിപിക്കും ഇപ്പോൾ കിളിപോയിരിക്കും. സുപ്രീം കോടതി വിധിയെ അംഗീകരിക്കാതെ രാഷ്ട്രീയ അടവിന്റെ അവസാന തന്ത്രമെന്ന നിലയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ പ്രഖ്യപിച്ച ഓർത്തഡോക്സ് സഭയും ശരിക്കും ശശിയാവുകയാണ് ചെയ്യുന്നത്.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയത് അരൂരിൽ ഷാനിമോൾ ഉസ്മാൻ തന്നെയാണ്. മുസ്ലിം മതമൗലികവാദികളൂടെ കണ്ണിലെ കരടായിരുന്നു എക്കാലത്തും ഷാനിമോൾ. തട്ടമിടാത്ത സ്ത്രീയാണെന്ന് പറഞ്ഞ് വിദ്വേഷ പ്രചരണം നടത്തിയ ചില ഇസ്ലാമിക വർഗീയ ഗ്രൂപ്പുകളുടെ മുഖത്തേറ്റ കാറിത്തുപ്പാണ് ഈ ഫലം. ഒരു സ്ത്രീ സ്വന്തം കാലിൽ നിൽക്കുന്നത് എതിർക്കുന്നവർ ഇന്നും എത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. സിപിഎം പോലും തീർത്തും ഇരട്ടത്താപ്പാണ് ഈ വിഷയത്തിൽ നടത്തുന്നത്. ഇവിടുത്തെ ഫലം മതനിരപേക്ഷതക്കുള്ള അംഗീകാരം കൂടിയാണ്.

ആ അർഥത്തിൽ നോക്കിയാൽ വോട്ടർമാരാണ് ഈ തെരെഞ്ഞടുപ്പിലെ താരം. അവർ കണ്ടെത്തിയിരിക്കുന്നത് മികച്ച സ്ഥാനാർത്ഥികളെയാണ്. വാർധക്യം അട്ടിപ്പേറുന്ന കണ്ടുമടുത്ത മുഖങ്ങളേക്കാൾ, കാഴ്ചപ്പാടും കഴിവുമുള്ള യുവതയെ അവർ പുൽകുന്നു. തങ്ങൾ ഒരു പാർട്ടിയുടെയും ജാതി മത സംഘടനകളുടെയും മാനസിക അടിമകൾ അല്ലെന്നും, വ്യക്തിത്വമുള്ള ഉത്തമ ബോധ്യമുള്ള യഥാർഥ ശരിദൂരം തെരഞ്ഞെടുക്കാൻ കഴിയുന്നവരാണെന്ന് അവർ തെളിയിക്കുന്നു.അതേ, ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP