Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഭിനന്ദനനെ വിട്ടത് പാക്കിസ്ഥാന്റെ ഔദാര്യമോ ഔന്നത്യമോ അല്ല; അന്താരാഷ്ട്ര രംഗത്ത് മുഖം മിനുക്കാനുള്ള ചില പൊടിക്കൈകളാണ്; പക്ഷേ ഇതോടെ പാക്കിസ്ഥാൻ നന്നായെന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിലാണ്; രണ്ടടി പിറകോട്ട് നിന്ന് ഒരടി മുന്നോട്ട് നിൽക്കുകയാണ് പാക് തന്ത്രം; ഇന്ത്യ ഇനിയും കൂടുതൽ പേടിക്കാനിരിക്കുന്നതേയുള്ളൂ; സാമ്പത്തികമായി തകർക്കുന്ന യുദ്ധത്തേക്കാൾ അവർ ഇഷ്ടപ്പെടുന്നത് ഭീകരരെ മുന്നിൽ നിർത്തിയുള്ള നിഴൽ യുദ്ധം

അഭിനന്ദനനെ വിട്ടത് പാക്കിസ്ഥാന്റെ ഔദാര്യമോ ഔന്നത്യമോ അല്ല; അന്താരാഷ്ട്ര രംഗത്ത് മുഖം മിനുക്കാനുള്ള ചില പൊടിക്കൈകളാണ്; പക്ഷേ ഇതോടെ പാക്കിസ്ഥാൻ നന്നായെന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിലാണ്; രണ്ടടി പിറകോട്ട് നിന്ന് ഒരടി മുന്നോട്ട് നിൽക്കുകയാണ് പാക് തന്ത്രം; ഇന്ത്യ ഇനിയും കൂടുതൽ പേടിക്കാനിരിക്കുന്നതേയുള്ളൂ; സാമ്പത്തികമായി തകർക്കുന്ന യുദ്ധത്തേക്കാൾ അവർ ഇഷ്ടപ്പെടുന്നത് ഭീകരരെ മുന്നിൽ നിർത്തിയുള്ള നിഴൽ യുദ്ധം

എം റിജു

മെരുക്കം കുറഞ്ഞ പുലിപ്പുറത്തുള്ള യാത്ര! പാക്കിസ്ഥാനിലെ ജനാധിപത്യ ഭരണകൂടങ്ങളെ പ്രശസ്ത എഴുത്തുകാരൻ റോബർട്ട് ഫിസ്‌ക്ക് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഏത് നിമിഷമാണ് ജനാധിപത്യത്തെ, മതവും സൈനിക ശക്തിയും ചേർന്ന പുലി കുലുക്കി താഴെയിടുകയെന്ന് അറിയില്ലെന്നാണ് അദ്ദേഹം പാക്കിസ്ഥാന്റെ ചരിത്രം വെച്ച് പറയുന്നത്. മതവും പട്ടാളവും ചേർന്ന മെരുക്കം കുറഞ്ഞ പുലിപ്പുറത്തു തന്നെയാണ് ഇപ്പോഴത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും യാത്ര. ഒരു ക്യാപ്റ്റനും അത്രപെട്ടെന്നൊന്നും നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ, കഠിനവും സങ്കീർണ്ണവുമാണ് പാക് രാഷ്ട്രീയം. അതിലെ ഒരു ഭേദപ്പെട്ട നേതാവാണ് ഇമ്രാൻ.

മതത്തിന്റെയും സൈന്യത്തിന്റെയും പിടിയിൽ നിന്ന് തന്റെ രാജ്യം രക്ഷപ്പെട്ട്, ജനാധിപത്യം പുലരണമെന്ന് വിശ്വസിക്കുന്ന ഒരാൾ. അത്തരം ഒരാൾക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും നല്ല തീരുമാനമാണ്, അഭിനന്ദൻ വർത്തമൻ എന്ന ഇന്ത്യൻ വിങ്ങ് കമാൻഡറെ കൈമാറുകയെന്നത്. ജനീവാ കരാർ അടക്കമുള്ള അന്താരാഷ്ട്ര നിയമങ്ങളും, അമേരിക്കയും എന്തിന് ചൈനയും അടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ സമ്മർദവുമൊക്കെ, വൈമാനികനെ കൈമാറുന്ന തീരുമാനത്തിൽ എത്തിക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവും. പക്ഷേ അതിനെല്ലാം ഉപരിയായി ഒരു 'തെമ്മാടി രാഷ്ട്രം' എന്ന പേര് മായ്ച്ചുകളയാനുള്ള ഇമ്രാൻ ഖാന്റെ ശ്രമം തന്നെയാണ് ഇതിൽ തെളിഞ്ഞ് നിൽക്കുന്നത്.

പക്ഷേ ഇതോടെ പാക്കിസ്ഥാൻ നന്നായെന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്ന് ആ രാജ്യത്തിന്റെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. മുമ്പ് നവാസ് ഷെരീഫും വാജ്പേയിയും കൈ കോർത്തതിന് പിന്നാലെയാണ്, ഇന്ത്യയെ ഞെട്ടിച്ച കാർഗിൽ യുദ്ധമുണ്ടായതെന്ന് ഓർക്കണം. മുഷറഫും, ഭൂട്ടോയും, എന്തിന് സിയാവുൽ ഹക്കും വരെയുള്ളവർ എപ്പോൾ സമാധനത്തിനുവേണ്ടി സംസാരിച്ചിട്ടുണ്ടോ, അതിനുശേഷം വലിയ ഭീകരാക്രമണങ്ങളാണ് ഇന്ത്യക്ക് നേരെ ഉണ്ടായത്. അതുകൊണ്ടുതന്നെ ഈ കൈമാറ്റം സമാധാനത്തിന്റെ സൂചനയാണെന്ന് കരുതുന്നവർ വലിയ അബദ്ധത്തിലാണ് പെടുക. ഇന്ത്യ ഇനിയും കൂടുതൽ പേടിക്കേണ്ടിയിരിക്കുന്നു. ഓരോ സമാധാന സൂചനകൾക്കുശേഷവും കടുത്ത കെടുതികളാണ് ആ രാജ്യം ഇന്ത്യക്ക് നൽകിയത്. കാരണം ഒരു പരിധിക്കപ്പുറം പാക്കിസ്ഥാന് മാറാൻ കഴിയില്ല. അടിസ്ഥാനമായി പാക്കിസ്ഥാൻ ഒരു മതാധിഷ്ഠിത രാജ്യമാണ്. പൊടിയിട്ട് എന്തെല്ലാം വാദങ്ങൾ അവതരിപ്പിച്ചാലും കശ്മീർ ഭീകരവാദത്തിലടക്കം മതവൈരം ഒരു പ്രധാന ഘടകമാണ്.

എന്തുകൊണ്ടാണ് പാക്കിസ്ഥാൻ ഇങ്ങനെയാവുന്നത്?

ഇന്ത്യക്ക് സ്വാതന്ത്ര്യം തരാതിരിക്കാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ഒക്കെ പറഞ്ഞിരുന്ന വാദം ബ്രിട്ടീഷുകാർ പോയാൽ അപരിഷ്‌കൃതമായ ഈ രാജ്യം തമ്മിലടിച്ച് നശിക്കും എന്നായിരുന്നു. (ഇന്ത്യയിൽ കടുത്ത ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും അവർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഹരിതവിപ്ലവം നമ്മെ രക്ഷിച്ചു) പക്ഷേ ഇത്തരം വാദങ്ങൾ ഉയർത്തിയവരെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യ പിടിച്ചു നിന്നു. എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും ഇതൊരു ജനാധിപത്യ മതേതര രാഷ്ട്രമാണ്. സൈന്യവും കോടതിയും പൊലീസുമൊക്കെ സ്വതന്ത്രമാണ്. എന്നാൽ പാക്കിസ്ഥാനിലോ? സൈന്യവും മതനേതാക്കളും തന്നെയാണ് ഇപ്പോഴും അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. വല്ലാതെ മനുഷ്യസ്നേഹിയും സോഷ്യലിസ്റ്റുമായാൽ ഇമ്രാൻ ഖാനെ അവർ വലിച്ചുകീറി താഴെയിടും. രണ്ടടി പിറകോട്ട് നിന്ന് ഒരടി മുന്നോട്ട് നിൽക്കുക എന്ന തന്ത്രം തന്നെയാണ് ഇമ്രാനും ഇവിടെ പാലിക്കാൻ കഴിയുക.

ജെയ്ഷേ മുഹമ്മദിന്റെയോ, ലശ്ക്കറിന്റെയോ ഒരു ക്യാമ്പ്പോലും നിർത്തലാക്കാൻ ഇമ്രാന് ആവില്ല. പാക് സൈന്യം ഇനിയും ഇവർക്ക് എല്ലാ സഹായവും പരിശീലനവും കൊടുക്കും. കാരണം അവർ നടത്തുന്നത് മതത്തിന്റെ പേരിലുള്ള വിശുദ്ധയുദ്ധമാണ്. മതം പുളയ്ക്കുന്ന ഒരു രാജ്യത്ത് ഒരു ഭരണാധികാരിക്ക് ഇതിലൊന്നും ഒന്നും ചെയ്യാൻ കഴിയില്ല.

എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വാക്ക് കടമെടുത്താൽ, ഭീകരത കയറ്റുമതി ചെയ്യാൻ വിധിക്കപ്പെട്ട ജനതയാണ് പാക്കിസ്ഥാൻ. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊണ്ട് വീർപ്പുമുട്ടുന്ന ഒരു മൂന്നാംലോക രാജ്യം. ഇന്ത്യൻ ഗ്രാമങ്ങളേക്കാൾ എത്രയോ ദയനീയമാണ് പാക്ക് ഗ്രാമങ്ങൾ. ലാഹാറിലെ തുകൽ ഫാക്ടറികളിൽ ഇപ്പോളും കൂലി ദിവസവും നാൽപ്പതുരൂപയാണെന്നാണ് ഈയിടെയും ബിബിസി റിപ്പോർട്ട് ചെയ്തത്. (അതിലും കഷ്ടമാണ് പാക്കിസ്ഥാനിൽ നിന്ന് ഭിന്നിച്ചുപോയ ബംഗ്ലാദേശ്. അതാണ് ശരിക്കും ലോകത്തിലെ നരകമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നുണ്ട്.) പാക്കിസ്ഥാനിലെ പ്രധാന കയറ്റുമതിയാണ് തീവ്രവാദം.

എന്നാൽ താലിബാൻ തൊട്ട് അൽഖായിദ വരെയുള്ള എല്ലാ ഭീകരർക്കും ഒത്താശ ചെയ്ത് ഒരു പരുവത്തിൽ ആയിരിക്കയാണ് ജിന്നയുടെ വിശുദ്ധ മണ്ണ്. അവസാനം ഈ ഭീകരരിൽ പലരും പാക്കിസ്ഥാനു നേരെ തിരിഞ്ഞിരിക്കുകയാണ്. കറാച്ചിയിലും, ലാഹോറിലും, പെഷവാറിലുമൊക്കെ ആഴ്ചയ്ക്ക് ഒന്ന് എന്ന നിലയിലാണ് കഴിഞ്ഞ വർഷംവരെ ബോംബ് സ്‌ഫോടനങ്ങൾ നടന്നത്. സുന്നി പള്ളികളിൽ ശിയകൾ ബോംബ് വെക്കുന്നു, വഹാബികളുടെ വീടുകൾക്കുനേരെ പഷ്ത്തൂൺ വംശജർ ആക്രമിക്കുന്നു, അവശേഷിക്കുന്ന ക്രിസ്ത്യാനികളെ ഇവർ എല്ലാവരും കൂടി ഓടിക്കുന്നു. ആര് എങ്ങനെ എപ്പോൾ പൊട്ടിത്തെറിക്കുമെന്ന് ഒരു പിടിയുമില്ലാത്ത രാജ്യമായാണ് പല വിദേശ മാധ്യമ പ്രവർത്തകരും ഈ രാജ്യത്തെ വിശേഷിപ്പിക്കുന്നത്.

മുഷർറഫിന്റെയും നവാസ് ശരീഫിന്റെയുമൊക്കെ കാലത്ത് പാക്കിസ്ഥാനിലെ ഏറ്റവും പേടിയുള്ള ദിവസമായിരുന്നു വെള്ളിയാഴ്ചകൾ. അന്ന് പള്ളിയിലാണ് മനുഷ്യൻ പൊട്ടിത്തെറിക്കുക. ശിയാക്കളുടെ പള്ളികളിൽ അടിവസ്ത്രത്തിൽ ബോംബുമായി എത്തി നിരവധിപേരെ കാലപുരിക്ക് അയക്കുന്ന സുന്നി ഭീകരർ. പരിക്കേറ്റവരെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിയിലും ചാവേർ ബോംബുണ്ടാവും. എന്തിന് മയ്യത്ത് നമസ്‌ക്കാര ചടങ്ങുകിലും പൊട്ടിത്തെറിയുണ്ടായി. ഈ വംശീയ കലാപങ്ങൾക്ക് ഇടയിലാണ്, തീവ്രവാദി സംഘങ്ങളുടെ പരസ്പരമുള്ള പോരാട്ടങ്ങൾ. ലശ്ക്കർ ഇ തയ്യിബയും ജയ്‌ഷേ മുഹമ്മദും പരസ്പരം എതിരാളികളാണ്.ആര് എപ്പോൾ പൊട്ടുമെന്ന് യാതൊരു പിടിയുമില്ലാത്ത രാജ്യമാണ് പാക്കിസ്ഥാൻ. അതുകൊണ്ടു മാത്രമാണ് അവർ താൽക്കാലികമായെങ്കിലും ഭീകരതയോട് തത്വത്തിൽ വിമുഖത കാട്ടുന്നത്. അല്ലാതെ അത് ലോക സമാധനത്തോടൊ, ഇന്ത്യയോടോ ഉള്ള മമത കൊണ്ടല്ല.

ലശ്ക്കറിന്റെ ഒറ്റുകാരനാണെന്ന് തോന്നിയാൽ ജെയ്‌ഷേ തീർക്കും. തിരിച്ചും. ( ലശ്ക്കറിനെ ഒതുക്കാനാണ് ഐഎസ്‌ഐ സത്യത്തിൽ ജെയ്‌ഷേയെ പ്രോൽസാഹിപ്പിച്ചത്) അതിനുപുറമെയാണ് ബലൂചിസ്ഥാനിലെ ആഭ്യന്തര തീവ്രാദികൾ. ബലൂചിലെ താലിബാനികളും ആ രാജ്യത്തിന് വൻ ഭീഷണിയാണ്. നാലുവർഷം മുമ്പ് പെഷവാറിലെ സ്‌കുളിൽ കയറി കുട്ടികളെ കൊന്ന തീവ്രവാദികളെ ഓർത്തുനോക്കുക. അതായത് ആര് എപ്പോൾ പൊട്ടുമെന്ന് യാതൊരു പിടിയുമില്ലാത്ത രാജ്യമാണ് പാക്കിസ്ഥാൻ. അതുകൊണ്ടു മാത്രമാണ് അവർ താൽക്കാലികമായെങ്കിലും ഭീകരതയോട് തത്വത്തിൽ വിമുഖത കാട്ടുന്നത്. അല്ലാതെ അത് ലോക സമാധനത്തോടൊ, ഇന്ത്യയോടോ ഉള്ള മമത കൊണ്ടല്ല.

ഇനി പാക്കിസ്ഥാനിലെ ന്യുനപക്ഷങ്ങളായ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും അവസ്ഥ നോക്കുക. രാജ്യം വിഭജിക്കുമ്പോൾ പാക്കിസ്ഥാനൽ 18 ശതമാനത്തിലേറെയുള്ള ഹിന്ദുക്കൾ ഇന്ന് 0.07 ശതാമാനത്തിലെത്തി. മതനിന്ദാകുറ്റം ചുമത്തി ജയിലടക്കൽ, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റൽ തൊട്ട, വാടകയ്ക്ക് വീട് പോലും കിട്ടാത്ത അവസ്ഥ. ഉയർന്ന വിലയ്ക്ക് അമുസ്ലീങ്ങൾ സാധനം വാങ്ങിക്കണമെന്ന അലിഖിത നിയമം പോലും പലയിടത്തുമുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ട്. ഈയിടെ മതനിന്ദാകുറ്റത്തിൽ നിന്ന് കോടതി മോചിപ്പിച്ച ആസിയാബീവി എന്ന ക്രിസ്ത്യൻ സ്ത്രീയെ തൂക്കിക്കൊല്ലണം എന്ന് ആവശ്യപ്പെട്ട് ആയിരങ്ങളാണ് പാക്കിസ്ഥാനിൽ തെരുവിലിറങ്ങിയത്. കുളിക്കടവിലെ സ്ത്രീകൾ തമ്മിലുള്ള ഒരു തർക്കത്തിൽ പ്രവാചകൻ മുഹമ്മദിനെതിരെ എന്തോ പറഞ്ഞുവെന്നതിനാലാണ് മൂന്നു മക്കളുടെ അമ്മയായ ഈ സ്ത്രീയെ തൂക്കാൻ നിശ്ചയിച്ചത്. ആ വിധി തള്ളിക്കളഞ്ഞ പാക് സുപ്രീം കോടതിക്കെതിരെ ആയിരങ്ങളല്ല പതിനായിരങ്ങളാണ് ഉറഞ്ഞു തുള്ളിയത്. ഒരു രീതിയിലാണ് ഒരു ആഭ്യന്തര കലാപത്തിൽ നിന്ന് പാക്കിസ്ഥാൻ രക്ഷപ്പെട്ടത്.

അക്രമം പാക്കിസ്ഥാന്റെ ജനിതകഗുണം

പറഞ്ഞുവരുന്നത് ഇതാണ്. അക്രമം എന്നത് പാക്കിസ്ഥാന്റെ രക്തത്തിൽ അലിഞ്ഞ ഗുണമാണ്. ജനിതക ഗുണം എന്ന് വേണമെങ്കിൽ പറയാം. മറിച്ച് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ നോക്കൂ. സംഘികളുടെ ഉപദ്രവം കൂടിയില്ലായിരുന്നെങ്കിൽ ഈ രാജ്യം എത്ര സുന്ദരമാവുമായിരുന്നു. ഇനി സംഘിക്കല്ല ഒരാൾക്കും ഈ രാജ്യത്തെ ഒരു മതത്തിന്റെ കൊടിക്കീഴിൽ ആക്കാൻ കഴിയില്ല. കാരണം നമുക്ക് ഒരു ഉത്തമമായ ഭരണഘടനയുണ്ട് നശിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് കൂടുതൽ നശിക്കുക ഒരു പ്രയാസവുമുള്ള കാര്യമല്ല. പക്ഷേ ഇന്ത്യക്ക് അങ്ങനെയല്ല. പൊട്ടിത്തെറിച്ച് മുകളിലെത്തിയാൽ നമ്മെ ഒരു സ്വർഗവും കാത്തിരിക്കുന്നില്ല.

പക്ഷേ പാക്കിസ്ഥാൻ ഇപ്പോൾ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല എന്നത് സത്യമാണ്. ഒന്നാമത്തെ കാരണം ഇന്ത്യയുടെ പകുതിപോലും ആയുധ ശക്തിയില്ല. മറ്റൊന്ന് ആ രാജ്യം സാമ്പത്തികമായി തകരും. മാത്രവുമല്ല, ആര് ആരോടാണ് പോരടിക്കുന്നത് എന്ന് പിടികിട്ടാത്ത രീതിയിലാണ് പാക്കിസ്ഥാനിലെ തീവ്രവാദ സംഘങ്ങൾ. അതിനിടക്ക് കൂനിൽമ്മേൽ കരുപോലെ എങ്ങനെയാണ് ഒരു യുദ്ധം ചിന്തിക്കാനാവുക.

എന്നാൽ ഭീകരരെ മുൻ നിർത്തിയുള്ള നിഴൽ യുദ്ധത്തിന് ആ പ്രശ്നങ്ങൾ ഒന്നുമില്ല. പാക്കിസ്ഥാൻ എന്നും ആഗ്രഹിക്കുന്നത് അതാണ്. പാക്കിസ്ഥാന്റെ സമാധാന പ്രേമം നമ്മെ കൂടുതൽ ജാഗരൂകരാക്കകുയാണ് വേണ്ടത്. അതുകൊണ്ടാണ് ഇസ്രയേൽ മോഡൽ ഒരു വിങ് ഇന്ത്യയും ഉണ്ടാക്കി, ജെയ്ഷേയുടെ താവളങ്ങൾ സർജിക്കൽ സ്ട്രൈക്കിലൂടെയും മറ്റും തകർക്കുക തന്നെയാണ് പോംവഴിയെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്. ആബാട്ടബാദിൽ ഉറങ്ങിക്കിടന്ന ബിൻ ലാദനെ കടലിൽ ചാരമായി ഒഴുക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞപോലെ.

വാൽക്കഷ്ണം:ജോർജ് ബെർണാഡ് ഷായുടെ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്. 'പന്നികളുമായി ഗുസ്തിപിടക്കരുത്. നിങ്ങളുടെ ദേഹത്ത് ചളിയാവും എന്ന് മാത്രമല്ല പന്നി അത് ആസ്വദിക്കുകയും ചെയ്യും'. ഇന്ത്യ എന്തുകൊണ്ട് പാക്കിസ്ഥാനോട് യുദ്ധം ചെയ്യരുത് എന്നതിന്റെ ആദ്യ കാരണമായി പറയാനുള്ളത് ഷായുടെ ഈ ഉപമ തന്നെയാണ്. നശിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് കൂടുതൽ നശിക്കുക ഒരു പ്രയാസവുമുള്ള കാര്യമല്ല. പക്ഷേ ഇന്ത്യക്ക് അങ്ങനെയല്ല. പൊട്ടിത്തെറിച്ച് മുകളിലെത്തിയാൽ നമ്മെ ഒരു സ്വർഗവും കാത്തിരിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP