Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസമിനു പുറത്തേക്ക് എൻആർസി വ്യാപിപ്പിക്കുന്നതിനെ ജനങ്ങൾ എതിർക്കണം: പോപുലർഫ്രണ്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റർ(എൻ.ആർ.സി) നടപ്പിലാക്കണമെന്ന ആവശ്യം വ്യാപകമാവുന്ന സാഹചര്യത്തിൽ അസമിന് പുറത്തേക്ക് എൻ.ആർ.സി വ്യാപിപ്പിക്കുന്നതിനെ എല്ലാ വിഭാഗം ജനങ്ങളും എതിർക്കണമെന്ന് പോപുലർഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ബാബരി കേസിൽ സുപ്രിം കോടതിയെ സമീപിച്ച ഹരജിക്കാർക്കും അഭിഭാഷകർക്കും എതിരെ നടക്കുന്ന ആക്രമണങ്ങളിലും കൈയേറ്റ ശ്രമങ്ങളിലും കോഴിക്കോട് ചേർന്ന ത്രിദിന ദേശീയ എക്‌സിക്യൂട്ടിവ് കൗൺസിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ ഞെട്ടിച്ച ഭീകര ആൾക്കുട്ടികൊലകളിലെ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കുറ്റകരമായ അനാസ്ഥയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

മത-ഭാഷാ-വർഗീയ വിദ്വേഷത്തിൽ പ്രചോദിതരായ മതഭ്രാന്തരായ സംഘപരിവാര നേതാക്കൾ മാത്രമല്ല, എൻആർസി രാജ്യവാപകമാക്കുന്നതിന്റെ പ്രഥമ ലക്ഷ്യമായ മുസ് ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന ചില നേതാക്കളും ഇത് രാജ്യവ്യാപകമാക്കുന്നതിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ വരുന്നതിനു മുമ്പുതന്നെ, പൗരത്വ പരിശോധന ആസന്നമായിരിക്കുന്നപോലെ ജനങ്ങൾക്ക് തയ്യാറെടുപ്പ് നടത്താൻ ചില സംഘങ്ങൾ എൻ.ആർ.സി ഹെൽപ് ഡെസ്‌ക് സംവിധാനം ആസൂത്രണം ചെയ്യുന്നു. തങ്ങൾക്കു ചുറ്റുമുള്ള അരക്ഷിതാവസ്ഥയെ തരണംചെയ്യാൻ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഇടയിലേക്കാണ് എൻ.ആർ.സി ഭീതിയുടെ പേരിൽ പുതിയ വിവാദങ്ങളും ഒച്ചപ്പാടും ഉയരുന്നത്. അസമിലെ ബംഗാളി സംസാരിക്കുന്ന ന്യൂനപക്ഷങ്ങളുടെ നാലു പതിറ്റാണ്ടോളമുള്ള അധ്വാനവും സമ്പാദ്യവും മാത്രമല്ല, എല്ലാവിധ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങൾ കൂടിയാണ് എൻ.ആർ.സി താറുമാറാക്കിയത്. ഇതിനുപുറമേ, അന്തിമമായി എൻ.ആർ.സിക്കു പുറത്തായ ലക്ഷക്കണക്കിന് ആളുകൾ സംസാഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണം നടന്നുവരുന്ന തടങ്കൽ പാളയങ്ങളിൽ കഴിയേണ്ടിവരും. എൻ.ആർ.സി രാജ്യവ്യാപകമാക്കുന്നതിനായി ശബ്ദമുയർത്തുന്ന നേതാക്കളുടെ ദീർഘവീക്ഷണമില്ലാത്ത വാക്കുകൾ, അറിഞ്ഞോ അറിയാതെയോ തടങ്കൽ പാളയങ്ങളിൽ അവസാനിക്കുന്ന വർഷങ്ങൾ നീളുന്ന പരിഭ്രാന്തി സൃഷ്ടിക്കുന്നതിനാണ് വഴിയൊരുക്കുന്നത്. മതേതര ജനാധിപത്യമെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന് എൻ.ആർ.സി അപമാനമാണ്. ഇനി ഇത് അനുവദിച്ചുകൂടാ. അസമിൽ തന്നെ എൻ.ആർ.സിക്ക് അവസാനമുണ്ടാവണം. അസമിന് പുറത്ത് എൻ.ആർ.സി വ്യാപിപ്പിക്കുന്നതിനായി നടത്തുന്ന മുഴുവൻ സംവാദങ്ങളെയും പല്ലും നഖവും ഉപയോഗിച്ച് നേരിടണമെന്ന് മുഴുവൻ ജനങ്ങളോടും പാർട്ടികളോടും യോഗം ആവശ്യപ്പെട്ടു.

സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചത് ബിജെപി സർക്കാർ

രൂക്ഷമായ സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെ യോഗം വിമർശിച്ചു. ഇന്ത്യൻ സാമ്പദ് വ്യവസ്ഥ അഭൂതപൂർവ്വമായ പ്രതിസന്ധിയിലാണെന്ന് അവസാനം സർക്കാർ സമ്മതിച്ചിരിക്കുകയാണ്. അതേസമയം, ഈ സാഹചര്യത്തിലേക്ക് എത്തപ്പെട്ടതിനേക്കുറിച്ചും ഇത് മറികടക്കുന്നതിനേക്കുറിച്ഛും സർക്കാർ ഇരുട്ടിൽ തപ്പുന്നതായാണ് ഔദ്യോഗിക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സാമ്പത്തിക സൂചകങ്ങൾ കൂപ്പുകുത്തിയതിനു കാരണം എൺപതുകളിൽ ജനിച്ചവർ കാറുവാങ്ങാത്തതല്ല. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക, അസംഘടിത മേഖലകൾ നേരിടുന്ന ഗുരുതരമായ തകർച്ചയുടെ സൂചനയാണിത്. നോട്ടുനിരോധനവും ജി.എസ്.ടിയും പോലെ 2014-19 കാലത്ത് മോദി സർക്കാർ നടപ്പാക്കിയ നടുക്കുന്ന നടപടികൾ സൃഷ്ടിച്ച ആഘാതങ്ങൾ പരിഹരിക്കാൻ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച നടപടികളിലൂടെ കഴിയില്ലെന്ന് യോഗം വിലയിരുത്തി. മോദി ഭരണകൂടം സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിച്ച വളർച്ചാശുന്യതയിൽ നിന്നു കയറാൻ ഇത്തരം സമാശ്വാസ നടപടികൾ പര്യാപ്തമല്ല. മറുഭാഗത്ത്, ചാണക, ഗോമൂത്ര സമ്പദ്ഘടന പോലുള്ള മണ്ടത്തരങ്ങൾക്കു പിന്നാലെ കൂടുകയാണ് സർക്കാർ. ഗോസംരക്ഷണത്തിന്റെ പേരിൽ കോടികൾ ചെലവഴിക്കാനും കന്നുകാലികളുടെ പേരിൽ ഭീകരത സൃഷ്ടിക്കുന്ന ഗോരക്ഷകർക്ക് അത് നൽകുന്നതിനുമാണ് ബിജെപി നയിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പദ്ധതിയിടുന്നത്.

ബാബരി കേസ്: ഹരജിക്കാർക്കും അഭിഭാഷകർക്കും നേരെയുള്ള കൈയേറ്റ ശ്രമം അപലപനീയം

ബാബരി മസ്ജിദിനായി സുപ്രിം കോടതിയിൽ പോരാട്ടം നടത്തുന്നവർക്കെതിരെ ഉണ്ടാവുന്ന ആക്രമണത്തിലും ഭീഷണിയിലും പോപുലർഫ്രണ്ട് നാഷണൽ എക്‌സിക്യൂട്ടിവ് കൗൺസിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബാബരി മസ്ജിദ് കേസിൽ മുസ്ലിംകളെ പ്രതിനിധീകരിച്ചതിന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനുനേരെ വർഗീയ ശക്തികളിൽനിന്നും നിരവധി ഭീഷണിയാണുണ്ടായത്. മുസ്ലിംകൾക്കുവേണ്ടി ഹാജരായതിന് ഭീഷണിപ്പെടുത്തിയ രണ്ടുപേർക്കെതിരെ ധവാൻ പരാതി നൽകിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ക്ലാർക്കിനെയും തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയുണ്ടായി. ബാബരി തർക്കവിഷയത്തിലെ പ്രധാന അന്യായക്കാരനായ ഇക്‌ബാൽ അൻസാരിയെ രണ്ടുപേർ ചേർന്ന് വീട്ടിൽവച്ച് മർദ്ദിക്കുകയുണ്ടായി. കേസ് പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഇത് സുപ്രീകോടതി ഗൗരവമായെടുത്ത് പ്രതികൾക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇക്‌ബാൽ അൻസാരിക്കെതിരെ ഉണ്ടായ ആക്രമണവും പരിശോധിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമാളുകൾ പ്രാകൃത രീതിയായ ഭീഷണിയും അക്രമവും പുനഃസ്ഥാപിക്കുകയാണ്. അവർക്ക് നീതി നടപ്പാകുന്നതിൽ വിശ്വാസമില്ല. രാജ്യത്തെ പരമോന്നത കോടതിയിൽ സത്യസന്ധവും ന്യായവുമായ പോരാട്ടം നടക്കുന്നതിൽ നിന്നും പരാജയം ഭയക്കുകയാണ് അവർ. ബാബരി മസ്ജിദ് കേസിൽ സത്യത്തിനും നീതിക്കും വേണ്ടി നടത്തുന്ന പോരാട്ടത്തിന് പോപുർഫ്രണ്ടിന്റെ ഐക്യദാർഢ്യം ആവർത്തിച്ചു. ഭീഷണി നേരിടുന്ന മുഴുവൻ കക്ഷികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്ന് പരമോന്നത കോടതിയോട് അഭ്യർത്ഥിച്ചു.

ആൾക്കൂട്ട ആക്രമണക്കേസുകളിൽ കുറ്റകരമായ അനാസ്ഥ

രാജ്യത്തെ ഞെട്ടിച്ച ഭീകര ആൾക്കുട്ടികൊലക്കേസുകളിൽ പൊലീസും പ്രോസിക്യൂഷനും കുറ്റകരമായ അനാസ്ഥ വരുത്തി പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന് പോപുലർഫ്രണ്ട് നാഷണൽ എക്‌സിക്യൂട്ടിവ് കൗൺസിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിരപരാധികൾക്കുനേരെയുള്ള ആൾക്കൂട്ട ആക്രമണം വ്യാപകമായിരിക്കുകയാണ്. ഇതിനെതിതിരെ നിയമനിർമ്മാണം നടത്തണമെന്ന് പരമോന്നത കോടതിക്കു പോലും നിർദ്ദേശിക്കേണ്ടിവന്നിരിക്കുന്നു. എന്നാൽ, അടുത്തിടെ നടന്ന ഇത്തരം കേസുകളിൽ, പൊലീസും പ്രോസിക്യൂഷനും കുറ്റകരമായ വീഴ്ചവരുത്തിയതായി കാണാൻ സാധിക്കും. 22കാരനായ തബ്രീസ് അൻസാരിയെ തല്ലിക്കൊല ചെയ്ത കേസിൽ 11 പ്രതികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ഒഴിവാക്കിയിരിക്കുകയാണ്. നിരപരാധികളായ മുസ്ലിംകളെ ആൾകൂട്ട ആക്രമണം നടത്തിയ കേസുകളിൽ കുറ്റവാളികളുമായി പൊലീസ് സഹകരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. ഈ കേസ് പൊലീസ് കൈകാര്യംചെയ്തതിനെ കുറിച്ച് ഗൗരവതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. തലയ്ക്ക് ഗുരുതര പരിക്കേറ്റ തബ്രീസ് അൻസാരിയെ ചികിൽസിക്കുന്നതിന് പകരം കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്. പരാതി രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം മാത്രമാണ്. തബ്രീസ് അൻസാരിയെ ക്രൂരമായി ആക്രമിക്കുന്നതും ജയ് ശ്രീറാം വിളിപ്പിക്കുന്നതിനും രാജ്യം സാക്ഷിയായിട്ടുണ്ടെങ്കിലും കോടതിയിൽ കൊലകുറ്റം നിലനിൽക്കില്ലെന്ന് പൊലീസ് പറയുന്നു. പെഹ്ലൂഖാൻ തല്ലിക്കൊല കേസിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇര മരണ മൊഴിയിൽ പറഞ്ഞ ആറ് പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടപ്പോൾ, ആൾകൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടക്കം നിർണായകമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുന്നതിൽ രാജസ്ഥാൻ ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്‌ച്ച അൽവാർ വിചാരണക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ പൂർണതയെ ചോദ്യംചെയ്യപ്പെടുന്ന രീതിയിൽ പ്രതിസന്ധിയുണ്ടാക്കും. നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്തുന്ന ഘടകങ്ങളെ ഒഴിവാക്കാൻ നീതിന്യായ സംവിധാനം പരിഷ്‌കരിക്കണമെന്ന് പരമോന്നത നീതിപീഠത്തോട് യോഗം അഭ്യർത്ഥിച്ചു.

യോഗത്തിൽ ചെയർമാൻ ഇ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം മുഹമ്മദാലി ജിന്ന, വൈസ് ചെയർമാൻ ഒ എം എ സലാം, സെക്രട്ടറിമാരായ അനിസ് അഹമ്മദ്, അബ്ദുൽ വഹിദ് സേട്ട്, ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ഇ എം അബ്ദു റഹ്മാൻ, പ്രഫ. പി കോയ, കെ എം ശരീഫ്, അഡ്വ. എ മുഹമ്മദ് യൂസുഫ്, എ എസ് ഇസ്മായിൽ, മുഹമ്മദ് റോഷൻ, എം അബ്ദുസ്സമദ്, മുഹമ്മദ് ഇസ്മായിൽ, യാ മൊയ്തീൻ, അഫ്‌സർ പാഷ, എം കലീമുല്ല, എസ് അഷ്‌റഫ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP