Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാവാവിഷ്‌ക്കാരത്തിന്റെയും നൃത്തച്ചുവടുകളിലുടെയും സമന്വയവും ഒഴുകി നീങ്ങലുകളും; അരങ്ങ് ദേവസഭാതലമാക്കിയുള്ള പകർന്നാടലും; ആസ്വാദക മനസുകളെ തരളിതമാക്കി 'തത്വജ്ജീവത്വം'; 'ആരാധികേ' പിന്നാലെ ശാരദാ തമ്പിയുടെ 'തത്വജ്ജീവത്വം' വൈറൽ

ഭാവാവിഷ്‌ക്കാരത്തിന്റെയും നൃത്തച്ചുവടുകളിലുടെയും സമന്വയവും ഒഴുകി നീങ്ങലുകളും; അരങ്ങ് ദേവസഭാതലമാക്കിയുള്ള പകർന്നാടലും; ആസ്വാദക മനസുകളെ തരളിതമാക്കി 'തത്വജ്ജീവത്വം'; 'ആരാധികേ' പിന്നാലെ ശാരദാ തമ്പിയുടെ 'തത്വജ്ജീവത്വം' വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എവിടെനിന്നോ ഹൃദയാകർഷകമായി ഒഴുകി വരുന്ന ടി.എം.കൃഷ്ണയുടെ 'തത്വജ്ജീവത്വം' വരികൾ....അർദ്ധനിമീലിത മിഴികളുമായി നിലത്ത് അമർന്നിരുന്നു കൈകൾ വിടർത്തി ഏകാഗ്രമായി ഒരു നിമിഷം... പതിഞ്ഞ ചുവടുകളിലൂടെ തുടങ്ങി പിന്നീട് അരങ്ങ് ദേവസഭാതലമാക്കിയുള്ള പകർന്നാടലും. കലാലോകവും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നത് അനുഗൃഹീത നർത്തകിയായ ശാരദാ തമ്പിയുടെ 'തത്വജ്ജീവത്വ'മാണ്. ആറേകാൽ മിനിട്ട് മാത്രം നീളുന്നതാണ് തനത് ശൈലിയിലുള്ള ഈ നൃത്താവിഷ്‌ക്കാരം. ക്‌ളാസിക്കൽ ഭംഗി കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞ 'തത്വജ്ജീവത്വം' ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രശസ്ത നടിയും നർത്തകിയുമായ അനുസിതാരയാണ് യൂ ട്യൂബ് ലിങ്ക് ഷെയർ ചെയ്തു കൊണ്ട് ലോഞ്ച് ചെയ്തത്.

ലോക്ക് ഡൗൺ കാലത്തെ ശ്രദ്ധേയമായ കലാശില്പങ്ങളിൽ ഇപ്പോൾ പ്രേക്ഷക മനസ് കീഴടക്കുന്നത് ഈ 'തത്വജ്ജീവത്വമാണ്. മൗലികമായ ചിട്ടപ്പെടുത്തലാണ് ശാരദാ തമ്പി നടത്തിയിരിക്കുന്നത്. നൃത്തഭംഗികൊണ്ട് ആസ്വാദക മനസുകളെ തരളിതമാക്കുകയാണ് ഈ നൃത്താവിഷ്‌ക്കാരം. സദാശിവ ബ്രഹ്മേന്ദ്രർ രചിച്ച ഈ കൃതിയുടെ ആലാപനം നടത്തിയിരിക്കുന്നത് കർണാടക സംഗീതഞ്ജനായ ടി.എം.കൃഷ്ണയാണ്. ടിഎം കൃഷ്ണയോടുള്ള ബഹുമാനവും ആദരവും നിമിത്തമുള്ള ചിട്ടപ്പെടുത്തലും പകർന്നാടലുമാണ് ശാരദാ തമ്പി നടത്തുന്നത്.

ഭാവാവിഷ്‌ക്കാരത്തിന്റെയും നൃത്തച്ചുവടുകളിലുടെയും സമന്വയവും ഒഴുകി നീങ്ങലുമാണ് 'തത്വജ്ജീവത്വ'ത്തിൽ സംഭവിക്കുന്നത്. ദൈവികമായ നൃത്തവും സംഗീതവുമൊക്കെ ഒരേപോലുള്ള കൂടിച്ചേരലുകൾ നടത്തുമ്പോൾ അലൗകികമായ ആനന്ദത്തിന്റെ നിമിഷങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അദ്വൈതസങ്കൽപ്പമാണ് കൃഷ്ണ ആലപിച്ച ഈ കൃതിയുടെ ഉള്ളടക്കം. ആധ്യാത്മികമായ കീർത്തനം നൃത്തരൂപത്തിലാക്കുന്ന വെല്ലുവിളിയാണ് ഭാവങ്ങളുടെ കുടമാറ്റം വഴി ശാരദാ തമ്പി മറികടക്കുന്നത്.

കൃഷ്ണ ആലാപനം നടത്തുമ്പോൾ ലഭിക്കുന്ന സവിശേഷമായ അനുഭൂതിയാണ് ഈ കൃതി നൃത്തരൂപത്തിലാക്കാൻ പ്രേരിപ്പിച്ചത്. ഈ മഹാഗായകന്റെ ആലാപത്തിനൊപ്പം ചുവടുവയ്ക്കുക വലിയ വെല്ലുവിളിയായിരുന്നു-ശാരദാതമ്പി മറുനാടനോട് പറഞ്ഞു. കലാലോകത്തുള്ള പ്രമുഖരിൽ പലരും ഈ വിഡിയോ ഷെയർ ചെയ്യുകയും വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. തൊട്ട് പിറകെ നൃത്താവിഷ്‌ക്കാരം സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്തു.

ശാരദാ തമ്പിയും ലക്ഷ്മി രംഗനും നടത്തുന്ന ജവഹർ നഗറിലെ പ്രശസ്ത നൃത്ത സംഗീത വിദ്യാലയമായ 'കലാംഗൻ തന്നെയാണ് ആവിഷ്‌ക്കാരത്തിന്റെ വേദിയായത്. 'പരിണത' എന്ന സോഷ്യൽ മീഡിയയിൽ വൈറലായ നൃത്ത വിഡിയോയ്ക്കു പിന്നിൽ പ്രവർത്തിച്ച അതേ ടീമാണ് 'തത്വജ്ജീവത്വ'വും ഒരുക്കിയത്. മുതിർന്ന മാധ്യമ പ്രവർത്തകയായ പ്രിയ രവീന്ദ്രനാണു സംവിധാനം ചെയ്തത്. പ്രിയയുടെ മകനായ അമൻ സജി ഡൊമനിക്ക് ക്യാമറ ചലിപ്പിച്ചത്. വിപിൻ എസ്. നായർ എഡിറ്റിങ് നിർവഹിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP