Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം.കെ രാഘവന്റെ വീഡിയോയ്ക്ക് പിന്നിൽ ഡബ്ബിങ്ങല്ലെന്ന് വ്യക്തമാക്കി 'ഡബ്ബിങ്ങ് ആർട്ടിസ്റ്റ്' കൂടിയായ നടൻ ഷമ്മി തിലകൻ; ഫേസ്‌ബുക്കിൽ അക്കമിട്ട് നിരത്തി കാണിക്കുന്നത് എംപിയുടെ സ്വന്തം ശബ്ദം തന്നെ വീഡിയോയിൽ എന്ന സത്യം; പണ്ട് പ്രേം നസീറിന് ശബ്ദം അനുകരിച്ച് നൽകിയ അനുഭവവും എംപിയുടെ ചുണ്ടിന്റെ ചലനവും ശബ്ദത്തോട് ചേർന്നുള്ളതാണെന്ന സാങ്കേതിക വശങ്ങളുമായി താരത്തിന്റെ പോസ്റ്റ്

എം.കെ രാഘവന്റെ വീഡിയോയ്ക്ക് പിന്നിൽ ഡബ്ബിങ്ങല്ലെന്ന് വ്യക്തമാക്കി 'ഡബ്ബിങ്ങ് ആർട്ടിസ്റ്റ്' കൂടിയായ നടൻ ഷമ്മി തിലകൻ; ഫേസ്‌ബുക്കിൽ അക്കമിട്ട് നിരത്തി കാണിക്കുന്നത് എംപിയുടെ സ്വന്തം ശബ്ദം തന്നെ വീഡിയോയിൽ എന്ന സത്യം; പണ്ട് പ്രേം നസീറിന് ശബ്ദം അനുകരിച്ച് നൽകിയ അനുഭവവും എംപിയുടെ ചുണ്ടിന്റെ ചലനവും ശബ്ദത്തോട് ചേർന്നുള്ളതാണെന്ന സാങ്കേതിക വശങ്ങളുമായി താരത്തിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കഴിഞ്ഞ ദിവസം ടി.വി 9 പുറത്ത് വിട്ട സ്റ്റിങ് ഓപ്പറേഷൻ വീഡിയോയ്ക്ക് പിന്നാലെ കോഴിക്കോട് എംപി എം.കെ രാഘവൻ  വിവാദച്ചുഴിയിൽ പെട്ടിരിക്കുന്ന സമയത്താണ് വീഡിയോ ഡബ്ബിങ് അല്ലെന്ന് വ്യക്തമാക്കി നടൻ ഷമ്മി തിലകൻ രംഗത്തെത്തിയത്. ഡബ്ബിങ്ങിന്റെ സാങ്കേതിക വശങ്ങളും അതുപ്രകാരം വീഡിയോയിൽ നടത്തിയ നിരീക്ഷണങ്ങളും അക്കമിട്ട് നിരത്തിയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ഷമ്മി തിലകൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.

വീഡിയോയിലെ ശബ്ദം തന്റേതല്ലെന്നും അത് ഡബ്ബ് ചെയ്തതാണെന്നുമുള്ള എം.കെ രാഘവന്റെ ആരോപണത്തിന് പിന്നാലെയാണ് ഷമ്മിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്. രാഘവന്റെ വാക്കുകൾ വിശ്വസിക്കാൻ സാധിക്കുന്നതല്ലെന്നാണ് ഷമ്മിയുടെ കുറിപ്പിൽ നിന്നും ലഭിക്കുന്ന വിവരം.

ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

അന്യ ഭാഷയിൽ നിന്നുള്ള നടീനടന്മാർക്ക് ഡബ്ബ് ചെയ്യുന്നത് സർവ്വസാധാരണമാണ്. അനേകം നടന്മാർക്ക് ശബ്ദം നൽകാനുള്ള അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. 1994-ലും, 2018-ലും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ജോഷിസാർ, ജിജോ, രാജീവ് കുമാർ, ശ്രീകുമാർ മേനോൻ തുടങ്ങിയ സംവിധായകർ തങ്ങളുടെ ചില ചിത്രങ്ങളിൽ ഡബ്ബിങ്ങിന്റെ മേൽനോട്ടം എന്നെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്..!

എന്റെ അനുഭവത്തിൽ, എന്റെ തന്നെ ശബ്ദത്തിൽ അല്പസ്വല്പം മാറ്റം വരുത്തി മറ്റൊരു വ്യക്തിക്ക് ഡബ്ബ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, സമൂഹത്തിൽ സുപരിചിതമായ ഒരു ശബ്ദം അനുകരിച്ച് (മിമിക്രി) ഡബ്ബ് ചെയ്യുക എന്നത് താരതമ്യേനെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിൽ അനശ്വര നടൻ പ്രേംനസീറിന് അദ്ദേഹത്തിന്റേത് തന്നെ എന്ന് തോന്നും വിധത്തിൽ ശബ്ദം അനുകരിച്ച് നൽകിയത് ഞാനായിരുന്നു. പ്രേംനസീറിന്റെ ശബ്ദം അനുകരിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച അനേകം മിമിക്രി താരങ്ങളെയും, രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും അദ്ദേഹത്തിന്റെ 'അപരനായ' ജയറാമിനെയും പരീക്ഷിച്ച് തൃപ്തിയാകാതായ ശേഷമാണ് ആ ദൗത്യം എന്നെ ഏൽപ്പിച്ചത്..!

നസീർ സാറിന്റെ മാധുര്യമുള്ള ആ ശബ്ദത്തിനോട് ഒരു ഏകദേശ സാമ്യം വരുത്തുവാൻ മാത്രമേ എനിക്കും കഴിഞ്ഞിട്ടുള്ളൂ എന്ന് ഈ പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്ന സീൻ ആവർത്തിച്ച് കേട്ടാൽ മനസ്സിലാക്കാവുന്നതാണ്. ഇത്രയെങ്കിലും എനിക്ക് സാധിച്ചത് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഹരികുമാർ എന്ന് റിക്കോർഡിസ്റ്റിന്റെ കൂടി കഴിവിന്റെ പിൻബലത്തിലാണ്.

എന്നാൽ, കോഴിക്കോട് എംപിയുടെ വിവാദ വീഡിയോയുടെ കാര്യത്തിൽ ധാരാളം സങ്കീർണ്ണതകൾ ഉണ്ട്.

1. വീഡിയോയിൽ കാണുന്ന എംപിയുടെ ഡബ്ബ് ചെയ്തതെന്ന് അവകാശപ്പെടുന്ന ശബ്ദവും, അദ്ദേഹം പൊട്ടിക്കരഞ്ഞ് നടത്തിയ വാർത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ഒറിജിനൽ ശബ്ദവും നൂറുശതമാനവും സാമ്യമുള്ളതായി ആവർത്തിച്ച് കേട്ടാൽ വ്യക്തം.

2. വീഡിയോയിൽ എംപി യഥാർത്ഥത്തിൽ പറഞ്ഞ വാചകങ്ങൾ മാറ്റി ഡബ്ബ് ചെയ്തതാണെങ്കിൽ, അദ്ദേഹത്തിന്റെ 'ചുണ്ടിന്റെ ചലനവും', മാറ്റി ഡബ്ബ് ചെയ്ത ശബ്ദവും തമ്മിൽ യാതൊരു കാരണവശാലും ചേർന്ന് പോകില്ല. എന്നാൽ ഇവിടെ അദ്ദേഹത്തിന്റെ ചുണ്ടിന്റെ ചലനം, കൈകളുടെ ചലനങ്ങൾ, ശരീരഭാഷ എല്ലാം ശബ്ദത്തോട് ചേർന്ന് നിൽക്കുന്നു.

3. ഒരു വീഡിയോ റെക്കോർഡിങ് വേളയിൽ, അവിടത്തെ അന്തരീക്ഷത്തിലെ ശബ്ദങ്ങളും ചേർന്നാണ് റെക്കോർഡ് ആവുക. അതിൽ എഡിറ്റിങ് നടത്തിയാൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്ക് പോലും മനസ്സിലാക്കാൻ സാധിക്കും.

ഇത്രയും കാര്യങ്ങൾ പ്രാഥമികമായ പരിശോധനയിൽ എനിക്ക് ബോധ്യപ്പെട്ടതാണ്. കൂടുതൽ വിശദമായ പരിശോധന നടത്തിയാൽ കൂടുതൽ കൂടുതൽ വിശദീകരണങ്ങൾ നൽകാനാകും എന്ന് വ്യക്തം..

ഈ വിവാദത്തിൽ ശ്രദ്ധിക്കാതെ പോയേക്കാവുന്ന ചില സാങ്കേതികതകൾ പറയണമെന്ന വിചാരത്തിൽ ഇത്രയും കുറിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP