Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോഗിൻ ചെയ്ത് ഒരു ദിവസം തികയും മുന്നെ ഒന്നരലക്ഷം ഫോളോവേഴ്‌സ്; ട്വിറ്ററിൽ ചരിത്രമായി പ്രിയങ്കാ ഗാന്ധി; ട്വിറ്റിനായി കാത്തിരിക്കുന്നത് ആയിരങ്ങൾ; കോൺഗ്രസിന്റെ പുതിയ പ്രതീക്ഷ സോഷ്യൽ മീഡിയയിലും സ്റ്റാർ

ലോഗിൻ ചെയ്ത് ഒരു ദിവസം തികയും മുന്നെ ഒന്നരലക്ഷം ഫോളോവേഴ്‌സ്; ട്വിറ്ററിൽ ചരിത്രമായി പ്രിയങ്കാ ഗാന്ധി; ട്വിറ്റിനായി കാത്തിരിക്കുന്നത് ആയിരങ്ങൾ; കോൺഗ്രസിന്റെ പുതിയ പ്രതീക്ഷ സോഷ്യൽ മീഡിയയിലും സ്റ്റാർ

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്രയാണ് പ്രവർത്തകരുടെ പുതിയ പ്രതീക്ഷ. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ ഓരോ ചലനവും ഏറെ താൽപ്പര്യത്തോടെ വീക്ഷിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. പ്രിയങ്ക ട്വിറ്റർ അക്കൗണ്ട് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽതന്നെ 45,000 പേരാണു പ്രിയങ്കയെ പിന്തുടരുരാനെത്തിയത്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് പ്രവർത്തകരോട് @priyankaganhdi എന്ന അക്കൗണ്ടിൽ പിന്തുടരാൻ ആവശ്യപ്പെട്ടതും. ഇപ്പോൾ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു ലക്ഷത്തി മുപ്പത്തിയാറായിരം ആയി കഴിഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പാർട്ടി നേതാക്കളായ ജോതിരാധിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, രൺദീപ് സിങ് സുർജേവാല, അഹമ്മദ് പട്ടേൽ തുടങ്ങിയവരെയാണ് പ്രിയങ്ക പിന്തുടരുന്നത്. ഇതുവരെ പ്രിയങ്ക ട്വീറ്റുകളൊന്നും ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് യു.പി. എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി പ്രിയങ്ക ചുമതലയേറ്റത്. ഇന്നലെ രാവിലെയാണ് അവർ ട്വിറ്ററിൽ അക്കൗണ്ട് തുറന്നത്. ആദ്യ മണിക്കൂറിൽ തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു. അഞ്ചു മണിക്കൂർ പിന്നിടുമ്പോൾ 50000 കവിഞ്ഞിരിന്നു. പ്രിയങ്കാ ഗാന്ധി ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോൺഗ്രസ് നേരത്തെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടിലേക്ക് ഫോളോവേഴ്സിന്റെ കുത്തൊഴുക്ക് ഉണ്ടായത്.

ഒരു ട്വീറ്റ് പോലും ചെയ്യാതെ പ്രിയങ്കയ്ക്ക് ട്വിറ്റർ ബ്ലൂ ടിക്ക് നൽകുകയും ചെയ്തു. മുൻപ് പ്രിയങ്കയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രമാണ് അക്കൗണ്ട് ഉണ്ടായിരുന്നത്. ഒടുവിലത്തെ കണക്കനുസരിച്ച് 60,000ത്തിലധികം പേരാണ് പ്രിയങ്കയെ ഫോളോ ചെയ്യുന്നത്. അതിനിടെ എ.ഐ.സി.സി. സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി യു.പിയിലെത്തുന്ന പ്രിയങ്കാ ഗാന്ധിക്ക് വൻ വരവേൽപ്പാണ് പ്രവർത്തകർ ഒരുക്കിയത്. പതിനായിരങ്ങളാണ് ലക്നോവിലെ റോഡ് ഷോയ്ക്ക് സാക്ഷിയാവാൻ എത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശനം രാജ്യത്താകമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് പുത്തനുണർവാണ് നൽകിയിരിക്കുന്നത്. ഇതോടെ കോൺഗ്രസിനോടുള്ള നിലപാട് പുനഃപരിശോധിക്കാൻ മറ്റു പാർട്ടികളും നിർബന്ധിതരാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയിലേക്ക് പ്രിയങ്ക ഗാന്ധി എത്തിയതോടെ കോൺഗ്രസിന്റെ നിലപാട് പുനഃപരിശോധിക്കാൻ പാർട്ടി തയാറാണെന്ന് സമാജ് വാദി പാർട്ടി നേതാവ് വ്യക്തമാക്കി. സമാജ് വാദി പാർട്ടി മാത്രമല്ല, ബഹുജൻ സമാജ് വാദി പാർട്ടിയും പിയങ്കഗാന്ധിയുടെ രംഗപ്രവേശം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

ഒരു ഡസൻ സീറ്റിലെങ്കിലും കോൺഗ്രസുമായി ധാരണയിലെത്താൻ ഇരുപാർട്ടികളും ശ്രമമാരംഭിച്ചുവെന്നാണ് വിവരം. 2009ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എല്ലാ സീറ്റിലും മത്സരിച്ച കോൺഗ്രസ് 21 സീറ്റുകളിൽ വിജയിച്ചിരുന്നു. കോൺഗ്രസിനെക്കാൾ രണ്ട് സീറ്റ് കൂടുതൽ നേടാനെ സമാജ്വാദി പാർട്ടിക്ക് കഴിഞ്ഞിരുന്നുള്ളു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ എസ്‌പിയെക്കാൾ രണ്ട് സീറ്റ് കുറവ് മാത്രം. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ബിജെപി ഇതര വോട്ടുകൾ വിഭജിക്കപ്പെടാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ ഈ നീക്കം. കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിലവിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യദവിന് താൽപര്യമുണ്ടെന്നാണ് വിവരം.

ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉജ്ജ്വല തുടക്കമാണ് ലഭിച്ചത്. ലക്‌നൗവിൽ രാഹുൽ ഗാന്ധിക്കൊപ്പം റോഡ്‌ഷോ നടത്തുന്ന പ്രിയങ്ക ഗാന്ധിയെയെ വരവേൽക്കാൻ ആയിരങ്ങളാണ് റോഡ് ഷോയിൽ അണിനിരന്നത്. ആദ്യ സന്ദർശനത്തിന് മുന്നോടിയായി വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും പ്രിയങ്കാ ഗാന്ധിയുടെ ഫോൺ സന്ദേശം എത്തി. ' നമ്മൾ ഒരു പുതിയതരം രാഷ്ട്രീയം തുടങ്ങുകയാണ്'.ഏറ്റവും ദുർബലരായവർ പോലും ഇതിൽ പങ്കാളികളായിരിക്കുമെന്നും പ്രിയങ്ക സന്ദേശത്തിൽ പറയുന്നു.

'ഞാൻ നാളെ നിങ്ങളെ കാണാനായി ലഖ്നൗവിലെത്തുന്നു. നമ്മൾ ഒരു പുതിയ തരം രാഷ്ട്രീയത്തിന് തുടക്കം കുറിക്കുമെന്ന് ഹൃദയത്തിൽ ഞാൻ പ്രത്യാശിക്കുന്നു. പ്രിയങ്ക ഫോൺ കോളുകളിലൂടെയും കോൺഗ്രസിന്റെ ശക്തി ആപ്പിലൂടെയും അയച്ച സന്ദേശത്തിൽ പറയുന്നു. ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനും രാഹുൽ മറന്നില്ല. ചൗക്കീദാർ ചോർ ഹേ(കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രാവാക്യം രാഹുൽ പലകുറി ഉയർത്തി. എൺപത് ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ മികച്ച വിജയം നേടുകയെന്നത് കോൺഗ്രസിന് അനിവാര്യമാണ്. പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പൂരും ഉൾപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP