Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഷങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പോരാളി ഷാജിയെ വെട്ടാൻ പോരാളി വാസു പിറന്നു; സിപിഎമ്മിന് വേണ്ടി സൈബർ ക്വട്ടേഷൻ എടുത്ത ഷാജിയെ അതുക്കുമേലെ ചെന്ന് തീർക്കാൻ ഉറച്ച് വാസു; സോഷ്യൽ മീഡിയയുടെ സ്വാധീനം വൈകി മാത്രം തിരിച്ചറിഞ്ഞ കോൺഗ്രസുകാർ ഇപ്പോൾ അരയും തലയും മുറുക്കി രംഗത്ത്; പോരാളി ഷാജിയും പോരാളി വാസുവും തമ്മിലുള്ള പോരാട്ടം കണ്ടിരിക്കാൻ ലൈക്കുകളും പ്രവാഹം

വർഷങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പോരാളി ഷാജിയെ വെട്ടാൻ പോരാളി വാസു പിറന്നു; സിപിഎമ്മിന് വേണ്ടി സൈബർ ക്വട്ടേഷൻ എടുത്ത ഷാജിയെ അതുക്കുമേലെ ചെന്ന് തീർക്കാൻ ഉറച്ച് വാസു; സോഷ്യൽ മീഡിയയുടെ സ്വാധീനം വൈകി മാത്രം തിരിച്ചറിഞ്ഞ കോൺഗ്രസുകാർ ഇപ്പോൾ അരയും തലയും മുറുക്കി രംഗത്ത്; പോരാളി ഷാജിയും പോരാളി വാസുവും തമ്മിലുള്ള പോരാട്ടം കണ്ടിരിക്കാൻ ലൈക്കുകളും പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിൽ മൂന്ന് നാലിടത്ത് മാത്രമേ ത്രികോണ മത്സരചൂടുള്ളൂ. തിരുവനന്തപുരവും പത്തനംതിട്ടയ്ക്കും അപ്പുറത്തേക്ക് അത് വളരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ബാക്കിയെല്ലായിടത്തും സിപിഎമ്മിന്റെ ഇടതുപക്ഷവും കോൺഗ്രസിന്റെ വലതു പക്ഷവും തമ്മിലെ നേരിട്ടുള്ള പോരാട്ടമാണ്. ഇത് സോഷ്യൽ മീഡിയയിലും പ്രതിഫലിക്കുകയാണ്. ഇവിടെ മത്സരിക്കുന്നത് പോരാളി ഷാജിയും പോരാളി വാസുമായാണ്.

സിപിഎമ്മിന്റെ സൈബർ മുഖമാണ് പോരാളി ഷാജി. സൈബർ സ്‌പെയ്‌സിൽ സിപിഎമ്മിന്റ കടന്നാക്രമണത്തിനും പ്രതിരോധ തന്ത്രങ്ങൾക്കും മുന്നിൽ നിൽക്കുന്ന ഫെയ്‌സ് ബുക്ക് പേജ്. ആരേയും രാഷ്ട്രീയമായി കടന്നാക്രമിക്കും. ചിലപ്പോഴെല്ലാം സീമകൾക്ക് അപ്പുറത്തേക്കുള്ള കൊടുംവെട്ടും. അങ്ങനെ സൈബർ സഖാക്കളുടെ ആശയ സംവാദത്തിനുള്ള ഇടമായി ഫേസ്‌ബുക്കിലെ പോരാളി ഷാജി മാറി. കോൺഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച് മതേതര വോട്ടുകൾ സിപിഎമ്മിന് ഉറപ്പിക്കാനുള്ള ദൗത്യവുമായി പോരാളി ഷാജിയുടെ മുന്നേറ്റം തുടരുന്നതിനിടെയാണ് പോരാളി വാസു എത്തിയത്. ഷാജിയെ വെട്ടുകയാണ് പോരാളി വാസുവിന്റെ ലക്ഷ്യം. സിപിഎം കളിയാക്കലുകൾക്ക് കോൺഗ്രസ് ഇനി മറുപടി നൽകുക പോരാളി വാസവുവിലൂടെയാകും.

പോരാളി ഷാജി പേജിൽ അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുണ്ട്. വാസു പിറന്നിട്ട് അധികനാളായിട്ടില്ല. അതുകൊണ്ടുതന്നെ അംഗങ്ങളും കുറവാണ്. ഇരുപത്തിഅയ്യായിരത്തോളമേയുള്ളൂ വാസുവിന്റെ പേജിനു ലൈക്ക് അടിച്ചവർ. പക്ഷേ വാസുവിന്റെ ട്രോളുകളും പോസ്റ്റുകളും ഹിറ്റാകുമ്പോൾ ലൈക്കുകളും കൂടുകയാണ്. പോരാളി ഷാജിയും പോരാളി വാസുവും തമ്മിലെ കശപിശയുടെ ചൂടറിയാൻ കൂടുതൽ പേർ രണ്ടിലും ലൈക്ക് ചെയ്യുകയാണ്. ഏതായാലും തെരഞ്ഞെടുപ്പ് കാലത്തെ സൈബർ പോരാട്ടം പോരാളി വാസുവും ഷാജിയും തമ്മിലാണ്. കോൺഗ്രസിന്റെ സൈബർ സെൽ ഈയിടെ പുനഃസംഘടിപ്പിച്ചിരുന്നു. എകെ ആന്റണിയുടെ മകൻ അനിലിനാണ് മുഖ്യ ചുമതല. ഈ ടീമാണ് പോരാളി വാസുവിനെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. പോരാളി ഷാജിയെ പോലെ വാസുവും സൈബർ മേഖലയിലുള്ളവർക്ക് അജ്ഞാത വ്യക്തിയായി തുടരും.

ട്രോളുകളും എതിരാളിയുടെ പ്രസംഗത്തിനുള്ള കുറിക്കുകൊള്ളുന്ന മറുപടികളും ചരിത്രം കുത്തിപ്പൊക്കി ഓർമപ്പെടുത്തലും ആവേശകരമായ പ്രസംഗങ്ങളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യലുമെല്ലാമാണ് ഷാജിയും വാസുവും ചെയ്യുന്നത്. ചിലയിടത്തെല്ലാം ചർച്ചകളിലും ചൂടോടെ ഇടപെട്ടുകളയും. തിരഞ്ഞെടുപ്പ് അടുത്തതോടെ വിശ്രമമില്ലാത്ത ജോലിയിലാണ് ഇരുവരും. സിപിഎമ്മിനുവേണ്ടി നേരത്തേതന്നെ രംഗത്തുള്ള തിരുവാലി സഖാക്കൾ, കൊണ്ടോട്ടി സഖാക്കൾ, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങി സഖാക്കൾ, ചുവപ്പ്, വിപ്ലവം തുടങ്ങിയ വാക്കുകൾ ചേർത്തുള്ള പേരുകളുമായി ഒട്ടേറെ ഇടതു ഗ്രൂപ്പുകളും സൈബറിടത്തിൽ സജീവമാണ്. ഇതിലൂടെ വലിയ പ്രചരണവും സിപിഎം നടത്തുന്നുണ്ട്. ബിജെപി ചില ഗ്രൂപ്പുകളുമായി പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ഏകോപനമായിരുന്നു പോരാളി ഷാജിയുടെ വിജയം. ഇത് മനസ്സിലാക്കിയാണ് കോൺഗ്രസ് പോരാളി വാസുവുമായെത്തുന്നത്.

കോൺഗ്രസ്, ത്രിവർണം തുടങ്ങി പലപേരുകളിൽ കോൺഗ്രസ് അനുഭാവികളും പേജുകൾ തുടങ്ങിയിട്ടുണ്ടെങ്കിലും സജീവമായിവരുന്നതേയുള്ളൂ. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ എം.കെ.രാഘവനുവേണ്ടി ട്രോളുന്ന രാഘവേട്ടന്റെ കോഴിക്കോട്, കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിയായ പി.കെ.ശ്രീമതിക്കുവേണ്ടിയുള്ള എന്റെ ടീച്ചർ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിക്ക സ്ഥാനാർത്ഥികൾക്കുവേണ്ടിയും പ്രത്യേക പ്രചാരണ പേജുകൾ തുടങ്ങിയിട്ടുണ്ട്. എതിരാളികൾക്കെതിരെ ട്രോളുകളും ആക്ഷേപഹാസ്യങ്ങളും പ്രസം?ഗങ്ങൾക്കുള്ള കിടിലൻ മറുപടികളുമാണ് പോരാളി ഷാജിയും വാസുവും പങ്കുവയ്ക്കാറുള്ളത്. ഇത് തന്നെയാണ് മേൽപറഞ്ഞ പേജുകളും ചെയ്യുന്നത്.

നേരത്തെ സോഷ്യൽമീഡയയിൽ തന്റെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന വ്യാജപ്രചരണത്തിനെതിരെ നടൻ സലീംകുമാർ രംഗത്ത് വന്നിരുന്നു. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ജയരാജനെ അനുകൂലിച്ചും എതിർത്തുമുള്ള പോസ്റ്ററുകൾക്കെതിരെയാണ് നടൻ സലീംകുമാർ രംഗത്തെത്തിയത്. 'എന്റെ ചോദ്യം ഇതാണ്. ഇതിൽ ആരാണ് ഞാൻ ?' എന്ന് ചോദിച്ച് കൊണ്ട് രണ്ട് വിഭാഗക്കാർ പ്രചരിപ്പിക്കുന്ന ചിത്രങ്ങളും സലീംകുമാർ പങ്ക് വെച്ചിട്ടുണ്ട്. ഒരു പോസ്റ്റർ 'പോരാളി ഷാജി' എന്ന പേരിലും മറ്റൊന്നിൽ പേരൊന്നും വെക്കാതെയുമാണുള്ളത്. സലികുമാറിനെതിരേയും പ്രചരണം നടത്തിയത് പോരാളി ഷാജിയായിരുന്നു. ഇത്തരം പ്രചരണങ്ങൾ ആളുകളിൽ സംശയം സൃഷ്ടിക്കും. ഇതിന് വേണ്ടിയാണ് പോരാളി ഷാജിയെ വാർത്തെടുത്തത്. ഇതിൽ വരുന്ന വ്യാജ പ്രതികരണങ്ങൾക്ക് അതേ പടി ഇനി പോരാളി വാസുവും മറുപടി പറയും.

പോരാളി ഷാജിയുടെ പോസ്റ്റിൽ സലിംകുമാർ പ്രതികരിച്ചിരുന്നു. ഇതോടെയാണ് വിവാദം തീർന്നത്. ഒന്നാമത്തെ പോസ്റ്റിൽ പറയുന്നത് സലിംകുമാർ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നാണ്. പോസ്റ്റ് ഇങ്ങനെ- 'ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്...എന്നിരുന്നാലും പറയുകയാണ്... ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും... എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്. ഒരു കാരണവശാലും ബിജെപി അധികാരത്തിൽ വരരുത്.... രണ്ട് മൂന്ന് എംപിമാരെയും കൊണ്ട് കേന്ദ്രത്തിൽ പോയിട്ട് സിപിഎമ്മിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല'. പോരാളി ഷാജിയുടെ പേരിലുള്ള രണ്ടാമത്തെ പോസ്റ്ററിൽ പറയുന്നത് ഇങ്ങനെ-യാണ് ' ഞാനൊരു കോൺഗ്രസുകാരനാണ് എന്നിരുന്നാലും പറയുക, പി ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ രംഗത്ത് ആവശ്യം- സലിംകുമാർ'. ഇത് കണ്ട സലിംകുമാർ സിനിമാ സ്റ്റൈലിൽ തന്നെ ചോദിക്കുകയാണ്- അപ്പോൾ സത്യത്തിൽ ഇതിൽ ഏതാണ് ശരിക്കും ഞാൻ.-ഇതായിരുന്നു സലിംകുമാറിന്റെ ചോദ്യം.

അമൃതാ ഹോസ്പിറ്റലിനെതിരായി ഉയർന്ന ആരോപണങ്ങളും ഇതിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട 'പോരാളി ഷാജി'ക്കെതിരായ അന്വേഷണവും അവസാനിപ്പിച്ച പൊലീസ് നടപടി ഏറെ ചർച്ചയായിരുന്നു. അമൃത ആശുപത്രിയിലെ നഴ്സ് ബലാത്സംഗത്തിന് ഇരയായി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചതിനെതിരെയായിരുന്നു പരാതി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ചീഫ് സെക്യൂരിറ്റി ഓഫീസർ എആർ പ്രതാപനാണ് ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നത്. ഇതിനിടെ ഗൾഫിൽ നിന്നാണ് പോരാളി ഷാജിയെന്ന ഫേസ്‌ബുക്ക് പേജിലേക്ക് പ്രധാനമായും പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുന്നതെന്നാണ് സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മറ്റൊരു രാജ്യത്ത് നിന്ന് പോസ്റ്റ് ചെയ്തതായതിനാൽ ബന്ധപ്പെട്ടവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഐപി അഡ്രസ് മുൻനിർത്തിയുള്ള അന്വേഷണത്തിലാണ് വിദേശത്ത് വച്ചാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായത്. ഇത്തരത്തിലുള്ള പേജിനെ തകർക്കാനാണ് പോരാളി വാസുവുമായി കോൺഗ്രസ് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP