Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

`എനിക്കൊരു പേര് വീണു കോപ്പിസുന്ദർ`; ഇരട്ടപ്പേര് വീഴാനുള്ള സാഹചര്യം വെളിപ്പെടുത്തി സംഗീത സംവിധായകൻ ഗോപീസുന്ദർ; സംഗീത സംവിധായകർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമില്ലെന്നും എല്ലാവർക്കും വേണ്ടത് `അതുപോലൊരു പാട്ട്` മാത്രമെന്നും ഗോപീ സുന്ദർ

`എനിക്കൊരു പേര് വീണു കോപ്പിസുന്ദർ`; ഇരട്ടപ്പേര് വീഴാനുള്ള സാഹചര്യം വെളിപ്പെടുത്തി സംഗീത സംവിധായകൻ ഗോപീസുന്ദർ; സംഗീത സംവിധായകർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമില്ലെന്നും എല്ലാവർക്കും വേണ്ടത് `അതുപോലൊരു പാട്ട്` മാത്രമെന്നും ഗോപീ സുന്ദർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംഗീതത്തിൽ കോപ്പിയടി അത്ര പുതുമയുള്ള കാര്യം ഒന്നും അല്ലെങ്കിലും പാട്ട് മോഷണം എന്ന് കേൾക്കുമ്പോൾ ആദ്യം മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് ഗോപി സുന്ദർ എന്ന വ്യക്തിയുടെ പേര തന്നെയാണ്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ പേരിൽ പല തവണ ട്രോളുകൾക്ക് വിധേയനായിട്ടുണ്ടെങ്കിലും പലപ്പോഴും ഇതൊക്കെ തമാശയായിട്ടാണ് കാണുന്നത് എന്ന് സംഗീതജ്ഞൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്ക് 'കോപ്പിസുന്ദർ' എന്ന പേര് വീണതിനു പിന്നിലെ സാഹചര്യം വെളിപ്പെടുത്തി സംഗീത സംവിധായകൻ ഗോപീസുന്ദർ തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇന്നത്തെ കാലത്ത് സംഗീത സംവിധായകർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലെന്നും 'അതുപോലൊരു പാട്ട്' വേണമെന്ന ആവശ്യമാണു തങ്ങൾക്കു മുന്നിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജിങ് പാനലിലിരിക്കെയാണ് ഗോപീസുന്ദർ ഇക്കാര്യം പറഞ്ഞത്. യേശുദാസ് പാടിയ 'ഏഴു സ്വരങ്ങളും തഴുകിവരും' എന്ന ഗാനം പോലൊരൊണ്ണം ഇക്കാലത്തു വരാത്തത് എന്തുകൊണ്ടാണെന്ന അവതാരകൻ ജീവയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. തനിക്ക് തന്റേതായ രീതിയിലേ ചെയ്യാൻ പറ്റൂവെന്ന് ശാഠ്യം പിടിച്ചാൽ ഈച്ചയെ ആട്ടി വീട്ടിലിരിക്കേണ്ടി വരുമെന്നും ജനങ്ങൾക്കു പുറത്തിരുന്നു പറയാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ഗോപീസുന്ദറിന്റെ വാക്കുകളിലേക്ക്

'ഇന്നത്തെ കാലഘട്ടത്തിൽ ഒരു സംഗീത സംവിധായകന് അത്രയും ആവിഷ്‌കാര സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടിവരും. ഇപ്പോളൊരുപാട് പേർക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അവരുടെയെല്ലാം അഭിപ്രായം കേൾക്കേണ്ട അവസ്ഥയിൽ ഇരിക്കുകയാണ് ഓരോ ക്രിയേറ്റേഴ്‌സും. മ്യൂസിക് ഡയറക്ടർ എന്ന വാക്കിൽ മ്യൂസിക്കും ഉണ്ട് ഡയറക്ഷനുമുണ്ട്. ഡയറക്ഷൻ എന്ന ജോലി ഒരുപാട് പ്രധാനപ്പെട്ടതാണ്. നമുക്ക് അറിയുന്ന സംഗീതത്തെ ഒരു സ്‌ക്രിപ്റ്റിന്റെ ചട്ടക്കൂടിലേക്ക് ദിശ ചലിപ്പിച്ചുവിടുന്ന കപ്പിത്താനാണ് മ്യൂസിക് ഡയറക്ടർ.

ദിശയില്ലാതെ ഇങ്ങനെ വെറുതെ കമ്പോസിഷൻ ചെയ്തുകൊണ്ടിരുന്നാൽ അതിനെ ഡയറക്ഷൻ എന്നല്ല പറയുക. അതിനെ മ്യൂസിഷന്റെ പെർഫോമൻസ് എന്നാണു പറയുക. ഇപ്പോഴത്തെ കാലത്ത് എല്ലാവരും കപ്പിത്താന്മാരാണ്. നിർമ്മാതാവുണ്ടാകും. നിർമ്മാതാവിന്റെ വീട്ടുകാരുണ്ടാകും. അടുത്ത വീട്ടിലെ ചേട്ടനുണ്ടാകും. എല്ലാവരും കേൾക്കും പാട്ട്. ഒരു പാട്ടുണ്ടാക്കുമ്പോൾ അന്നത്തെ കാലത്ത് ഒരു നിർമ്മാതാവിന് സ്റ്റുഡിയോയ്ക്കകത്ത് പ്രവേശനത്തിനു പോലും നിയന്ത്രണമുണ്ടായിരുന്നു.

കാരണം, മ്യൂസിക്, മ്യൂസിഷൻ, മ്യൂസിക് ഡയറക്ടർ. അതുമാത്രമായിരുന്നു സ്റ്റുഡിയോയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. അതിനു ശേഷമേയുള്ളൂ ബാക്കിയെല്ലാവരും. ആ ഒരു അഥോറിറ്റി സംഗീത സംവിധായകർക്കേ ഉള്ളൂ. മ്യൂസിക് ഡയറക്ടർ എന്ന വാക്കിന് ഒരുപാട് പ്രാധാന്യമുണ്ട്. നമുക്ക് ശബ്ദമില്ല, നമുക്ക് മാർക്കറ്റില്ല, അങ്ങനൊരു അവസ്ഥയിലിരിക്കുകയാണ്. അവിടെയിരുന്ന് നമ്മളോരോ കമ്പോസിഷൻസ് കൊണ്ടുവന്നാൽ ഇതൊന്ന് റിലീസ് ആയിരുന്നാൽ മതിയായിരുന്നു ഈശ്വരാ, ഈ ട്യൂണൊന്ന് അംഗീകരിച്ചാൽ മതിയായിരുന്നു ഈശ്വരാ, അങ്ങനെയൊരു അവസ്ഥയിലാണു നമ്മളെല്ലാം കമ്പോസ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരാൾ അംഗീകരിച്ചതുകൊണ്ടുമാത്രം എനിക്കൊരു ന്യായമുണ്ട്, എന്നിൽക്കൂടി വരുന്ന മ്യൂസിക്കാണ്, അതിനെ ഞാൻ ഡയറക്ട് ചെയ്യണം, ആ സ്‌ക്രിപ്റ്റിനോട് ഞാൻ നീതി പുലർത്തുന്ന രീതിയിൽ എനിക്കെന്റെ മനസ്സാക്ഷിയോട് നീതി പുലർത്തണം എന്ന് എന്നോടുതന്നെ ചോദ്യം ചോദിച്ച് ഞാൻ തന്നെ ഉത്തരം കണ്ടെത്തുന്നിടത്താണ് ഒരു യഥാർഥ കലാകാരൻ ജനിക്കുന്നതും ജീവിക്കുന്നതും.

ഇതെല്ലാം കഴിഞ്ഞാണ്, ഒരുപാട് കടമ്പകൾ കഴിഞ്ഞിട്ടാണ് മാന്യമഹാജനങ്ങളേ ഈ സംഗീതം നിങ്ങൾ കേൾക്കുന്ന ഒരവസ്ഥയിലേക്കെത്തുന്നത്. അന്നത്തെ കാലത്ത് കമ്പോസേഴ്‌സിന് അവരുടേതായ വിലയുണ്ടായിരുന്നു. കാരണം, അന്ന് വിരലിലെണ്ണിപ്പറയാവുന്ന കമ്പോസേഴ്‌സേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പേരു പറയുമ്പോൾ മാറിപ്പോവും. അന്ന് നാല് പേരെ ഉള്ളൂവെങ്കിൽ ആ നാല് പേർക്കേ സിനിമയുള്ളൂ. ഇന്ന് നാൽപ്പതിനായിരം-അമ്പതിനായിരം കമ്പോസേഴ്‌സുണ്ട് കേരളത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP