Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അൽഫോൻസാമ്മയ്ക്ക് അന്ത്യ നിമിഷങ്ങളിൽ ചികിത്സ നൽകിയും അന്ത്യ ശുശ്രൂഷയ്ക്ക് വൈദികനെ വിളിക്കാൻ പോയും നേരിട്ട്; വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ അനുഭവ സാക്ഷ്യവും നൽകി; ഡോ. കുര്യാക്കോസ് മറ്റത്തിൽ തെമ്മാടിക്കുഴിയിലുണ്ട്; ഒരു വിശുദ്ധ ചതിയുടെ കഥ

അൽഫോൻസാമ്മയ്ക്ക് അന്ത്യ നിമിഷങ്ങളിൽ ചികിത്സ നൽകിയും അന്ത്യ ശുശ്രൂഷയ്ക്ക് വൈദികനെ വിളിക്കാൻ പോയും നേരിട്ട്; വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ അനുഭവ സാക്ഷ്യവും നൽകി; ഡോ. കുര്യാക്കോസ് മറ്റത്തിൽ തെമ്മാടിക്കുഴിയിലുണ്ട്; ഒരു വിശുദ്ധ ചതിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കത്താലിക്കാസഭയുടെ കേരളത്തിലെ ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയ്ക്ക് വിശുദ്ധ പദവിയിലെത്തുന്നതിന് അനുഭവ സാക്ഷ്യം നൽകിയ ഡോ. കുര്യാക്കോസ് മറ്റത്തിലിന് കത്തോലിക്ക സഭ ക്രൈസ്തവ ആചാരപ്രകാരമുള്ള ശവസംസ്‌കാര ശുശ്രൂഷകൾ നിഷേധിച്ചിരുന്നു. 1987 ഒക്ടോബറിൽ കൊച്ചി എഡിഷനിൽ പുറത്തിറങ്ങിയ പത്രത്തിലാണ് ഇത് സംബനധിച്ച വിവരമുള്ളത്. പാല ബിഷപ്പ് പാല ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഡോ. മറ്റത്തിലിന് മരണാന്തര ശുശ്രൂഷകൾ നിഷേധിച്ചത്. പാല ളാലം കത്തോലിക്കാ പള്ളിയുടെ തെമ്മാടിക്കുഴിയിലാണ് ഇദ്ദേഹത്തെ അടക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകനായ റോയ് മാത്യു ഈ വിഷയത്തിൽ കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പാൾ ചർച്ചയാവുകയാണ്.

റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഒരു വിശുദ്ധ ചതിയുടെ കഥ ......

'വിശുദ്ധ അൽഫോസാമ്മ 'യുടെ തിരുനാൾ ഇന്നലെ സമാപിച്ചതായി പത്രവാർത്ത കണ്ടു.
അപ്പോഴാണ് പണ്ട് വായിച്ച പത്രവാർത്ത ഓർത്തെടുത്തത്.

കത്തോലിക്ക സഭയുടെകേരളത്തിലെ ആദ്യ വിശുദ്ധ എന്നറിയപ്പെടുന്ന അൽഫോൻസാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ അനുഭവ സാക്ഷ്യം നൽകിയ ഡോ. കുര്യാക്കോസ് മറ്റത്തിലിന് കത്തോലിക്ക സഭ ക്രൈസ്തവ ആചാരപ്രകാരമുള്ള ശവസംസ്‌കാര ശുശ്രൂഷകൾ നിഷേധിച്ചുവെന്നാണ് ഇന്ത്യൻ എക്സ്‌പ്രസ് പത്രം റിപ്പോർട്ട് ചെയ്തത്. ( 1987 ഒക്ടോബർ 17 ഇന്ത്യൻ എക്സ്‌പ്രസ് കൊച്ചി എഡീഷൻ ) പാല ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഡോ. മറ്റത്തിലിന് മരണാന്തര ശുശ്രൂഷകൾ നിഷേധിച്ചത്. പാല ളാലം കത്തോലിക്കാ പള്ളിയുടെ തെമ്മാടിക്കുഴിയിലാണ് ഇദ്ദേഹത്തെ അടക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹോമിയോ ഡോക്ടറായിരുന്ന ഡോ. കുര്യാക്കോസ് മറ്റത്തിൽ സിസ്റ്റർ അൽഫോൻസയുടെ അന്ത്യനിമിഷങ്ങളിൽ ചികിത്സ നൽകിയ ഡോക്ടറായിരുന്നു. സിസ്റ്ററിന് ചികിത്സ നൽകിയ ഡോക്ടർ എന്ന നിലയിൽ വിശുദ്ധയാക്കുന്ന നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിയ സമിതി മുമ്പാകെ സഭ രേഖാ മൂലം ആവശ്യപ്പെട്ട പ്രകാരം സാക്ഷ്യപത്രം നൽകിയ വ്യക്തിയോടാണ് സഭ നെറികേട് കാണിച്ചത്. 1958 ഓഗസ്റ്റ് 27 ന് സഭ ഡോക്ടർക്ക് നൽകിയ കത്തിന്റെ കാര്യവും പത്ര റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

ഈ കത്തിന് ഡോ . കുര്യാക്കോസ് നൽകിയ മറുപടി കത്തിൽ താൻ സിസ്റ്ററിന്റെ മരണത്തിന് സാക്ഷിയായ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിനു ശേഷം താനാണ് ഫാദർ കുരുവിള എന്ന വൈദികനെ അൽഫോൻസാമ്മയ്ക്ക് അന്ത്യ ശുശ്രൂഷ നൽകാൻ ക്ഷണിച്ച് കൊണ്ടുവന്നതെന്നും സഭയ്ക്ക് നൽകിയ കത്തിൽ ഡോക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സിസ്റ്ററിന് അന്ത്യകൂർബാന നൽകുന്നതിന് വിമുഖത കാണിച്ച വൈദികനെ നിർബന്ധിപ്പിക്കുകയും ശുശ്രൂഷയിൽ താനാണ് കപ്യാരായി നിന്നതെന്നും അദ്ദേഹത്തിന്റെ കത്തിൽ രേഖപ്പെടുത്തിയിരുന്നതായി എക്‌സ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇത്രയേറെ ചരിത്ര പ്രാധാന്യമുള്ള സാക്ഷിമൊഴി നൽകിയ വ്യക്തിയുടെ മൃതദ്ദേഹത്തോട് അങ്ങേയറ്റം ക്രൂരമായാണ് സഭ പെരുമാറിയത്. സംസ്‌കാരത്തോടനുബന്ധിച്ച് മരിച്ച വ്യക്തിയുടെ വീട്ടിൽ വന്ന് വൈദികൻ പ്രാർത്ഥനകൾ നടത്തിയില്ല. പള്ളി മണി മുഴങ്ങിയില്ല - പള്ളിയിൽ സംസ്‌കാര ശുശ്രൂഷകൾ നടത്താനും വൈദികൻ ഉണ്ടായിരുന്നില്ല. കത്തോലിക്ക ആത്മായ അസോസിയേഷൻ സെക്രട്ടറി ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തിലാണ് സംസ്‌കാര ശുശ്രൂഷകൾ നടത്തിയത്. ഡോക്ടറുടെ പരിചയക്കാരായ ചില വൈദികർ മെത്രാന്റെ തിട്ടൂരം ലംഘിച്ച് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. 1987 ഓഗസ്റ്റ് 30 ന് മരിച്ച ഡോ. കുര്യാക്കോസിന് മരണനാന്തര ശുശ്രൂഷകൾ നിഷേധിച്ച വാർത്ത ഏതാണ്ട് രണ്ടു മാസം കഴിഞ്ഞാണ് പൊതു മണ്ഡലത്തിൽ വാർത്തയായത്. മലയാള പത്രങ്ങളൊന്നും അക്കാലത്ത് ഇത്തരം സഭാ വാർത്തകൾ കൊടുക്കുന്ന പതിവില്ലായിരുന്നു.

ഡോ. കുര്യാക്കോസിന് സംസ്‌കാര ശുശ്രൂഷകൾ നിഷേധിക്കാൻ വളരെ വിചിത്രമായ ന്യായങ്ങളാണ് പാലാ മെത്രാൻ പള്ളിക്കാപറമ്പിൽ നിരത്തിയത്. സഭയുമായുള്ള സംസർഗങ്ങളിൽ മറ്റത്തിൽ വിട്ടു നിൽക്കയായിരുന്നുവെന്നാണ് സഭയുടെ വാദം. സഭയുടെ അനുമതിയില്ലാതെ മറ്റൊരു വിവാഹബന്ധത്തിൽ ഡോക്ടർ ഏർപ്പെട്ടുവെന്നാണ് സഭയുടെ നിലപാട്. തന്റെ ആദ്യ വിവാഹത്തിൽ നിന്ന് കോടതി മുഖാന്തിരം വിവാഹമോചനം നേടിയ കുര്യാക്കോസ് പിന്നീട് യാക്കോബായ സഭയിൽ പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തതിന് സഭ അനുമതി നൽകിയില്ലെന്നാണ് മെത്രാന്റെ നിലപാട്.

എന്നാൽ മെത്രാന്റ നിലപാടുകൾ ശരിയല്ലെന്നാണ് ജോസഫ് പുലിക്കുന്നേലിന്റെ നിലപാട്. ഡോ. കുര്യാക്കോസ് തന്റെ രണ്ടാമത്തെ വിവാഹശേഷം തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് അപേക്ഷ നൽകി മാതൃ ഇടവകയായ ളാലം പള്ളിയിൽ വീണ്ടും ചേർന്നുവെന്നാണ് പുലിക്കുന്നേലിനെ ഉദ്ധരിച്ചു കൊണ്ട് എക്‌സ് പ്രസ് റിപ്പോർട്ട് പറയുന്നത്.
വിഗ്രഹം പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ പിന്നെ ശില്പി ക്കെന്ത് കാര്യമെന്ന് പെരുന്തച്ചൻ സിനിമയിൽ പറഞ്ഞ അവസ്ഥയാണ് ഡോ. കുര്യാക്കോസ് മറ്റത്തിലിനുണ്ടായത്.
ചരിത്രത്തിൽ ഇങ്ങനെ എത്രയോ പേരെ ഈ കശ്മലന്മാർ പീഡിപ്പിച്ചിരിക്കുന്നു. കൊലയാളികളെ സഹനദാസന്മാരാക്കുന്നവരോട് വേദം ഓതിയിട്ടെന്ത് കാര്യം?


വാൽക്കഷണം -
ബിഷപ്പ് പള്ളിക്കാപറമ്പിലിന്റെ ഒരു ബന്ധു ലാൽ വൈദ്യനെക്കുറിച്ച് ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. അയാൾ ഒരു ആയുർവേദ ഡോക്ടറായിരുന്നു. അങ്ങേര് സഭയ്ക്ക് വെളിയിൽ പോയി പെണ്ണു കെട്ടിയ ആളാണെന്നും അയാൾ മരിച്ചപ്പോ അങ്ങേരെ പള്ളിക്കല്ലറയിൽ എല്ലാ ബഹുമതിയോടും കൂടി അടക്കി എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP