Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രിയ ഇന്നസെന്റ്... ക്യാൻസറിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നുണ്ട് എന്ന ധാരണയിലാണോ താങ്കൾ ആ കുട്ടികളോട് പണം വാങ്ങിയത്? പണം വാങ്ങി പരിപാടികളിൽ പങ്കെടുക്കില്ലെന്നും അങ്ങനെ പങ്കെടുക്കുകയാണെങ്കിൽ എംപിയായിരിക്കില്ലെന്നുമുള്ള ഇന്നസന്റിന്റെ പ്രസ്തവന സത്യമാണോ എന്ന് ചോദിച്ച് ജോസഫ് വാഴയ്ക്കൻ; 2017 ജൂണിൽ പങ്കെടുത്ത പരിപാടിയുടെ വിശദാംശങ്ങൾ സഹിതം കെപിസിസി വക്താവിന്റെ പോസ്റ്റ്

പ്രിയ ഇന്നസെന്റ്... ക്യാൻസറിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നുണ്ട് എന്ന ധാരണയിലാണോ താങ്കൾ ആ കുട്ടികളോട് പണം വാങ്ങിയത്? പണം വാങ്ങി പരിപാടികളിൽ പങ്കെടുക്കില്ലെന്നും അങ്ങനെ പങ്കെടുക്കുകയാണെങ്കിൽ എംപിയായിരിക്കില്ലെന്നുമുള്ള ഇന്നസന്റിന്റെ പ്രസ്തവന സത്യമാണോ എന്ന് ചോദിച്ച് ജോസഫ് വാഴയ്ക്കൻ; 2017 ജൂണിൽ പങ്കെടുത്ത പരിപാടിയുടെ വിശദാംശങ്ങൾ സഹിതം കെപിസിസി വക്താവിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന വേളയിൽ പ്രചാരത്തിനായി ഇറങ്ങുന്ന വേളയിൽ സ്ഥാനർത്ഥികളായി നിൽക്കുന്നവർക്ക് നേരെ ചോദ്യശരങ്ങളും എത്തുകയാണ്. ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ ഇന്നസെന്റിനോട് ഇത്തരത്തിൽ കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കൻ ചോദിച്ച ചോദ്യമാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്.

പണം വാങ്ങി പരിപാടിയിൽ പങ്കെടുത്താൽ താൻ എംപിയായിരിക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞിട്ടും 2017 പങ്കെടുത്ത പരിപാടിയിൽ ക്യാൻസറിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നുണ്ട് എന്ന ധാരണയിലാണോ താങ്കൾ ആ കുട്ടികളോട് പണം വാങ്ങിയത് എന്നാണ് വാഴയ്ക്കൻ ഇപ്പോൾ ചോദ്യമുന്നയിക്കുന്നത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ചോദ്യം ചോദിച്ചത്.

ജോസഫ് വാഴയ്ക്കന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രിയ ഇന്നസെന്റ്.

ഇന്നലെ ഞാൻ ഫേസ്‌ബുക്കിലൂടെ താങ്കൾക്കെതിരെ ഉന്നയിച്ച ഒരു വിഷയത്തിൽ താങ്കൾ ഇന്ന് മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിച്ചതായി കണ്ടു.എംപി ആയതിന് ശേഷം പണം വാങ്ങി പരിപാടികളിൽ പങ്കെടുക്കാറില്ലെന്നും, അങ്ങനെ പങ്കെടുത്തിട്ടുണ്ടെങ്കിൽ അന്ന് എംപി ആയിരിക്കില്ലെന്നുമാണ് കൂട്ടത്തിൽ പറഞ്ഞത്. ഒപ്പം ക്യാൻസറിന്റെ പേരിൽ പലരും തട്ടിപ്പ് നടത്തുന്നുണ്ട് എന്ന് കൂടി താങ്കൾ കൂട്ടിച്ചേർത്തു.

വളരെ സ്‌നേഹത്തോടെ പറയട്ടെ, താങ്കൾ അസത്യം പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്. എം പി ആയിരിക്കില്ല എന്ന് പറഞ്ഞ താങ്കളോട് ഒന്ന് ഉണർത്തട്ടെ. 2017 ജൂൺ 11 ഞായറാഴ്ച വൈകീട്ട് 6.30 നാണ് രാമപുരത്തെ പരിപാടി നടന്നത്. അതിനുള്ള തെളിവെന്നോണം ആ പരിപാടിയുടെ സപ്ലിമെന്റ് ഈ പോസ്റ്റിൽ ചേർക്കുന്നു.

എന്റെ അറിവിൽ 2014 ൽ എംപിയായി ജയിച്ച താങ്കൾ 2017 ലും ചാലക്കുടിയെ ഇന്ത്യൻ പാർലമെന്റിൽ പ്രധിനിധീകരിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ ആരോപണത്തിൽ നിന്നൊളിച്ചോടാൻ അസത്യം പറഞ്ഞു വിഷയത്തെ നിസാരവത്കരിക്കുന്നത്. ക്യാൻസറിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നുണ്ട് എന്ന ധാരണയിലാണോ താങ്കൾ ആ കുട്ടികളോട് പണം വാങ്ങിയത്. രാമപുരത്തെ ആ നല്ലവരായ ചെറുപ്പക്കാർ ഇന്നും അവിടെ ഉണ്ട്. അവർ നടത്തിയത് തട്ടിപ്പ് ആണോ എന്ന് നേരിട്ട് അന്വേഷിച്ചു ബോധ്യപെടുവാൻ താങ്കളെ ഞാൻ രാമപുരത്തേക്ക് ക്ഷണിക്കുന്നു.

ഈ വിഷയം പുറത്തു പറയണമെന്ന് ഞാൻ വിചാരിച്ചതല്ല. ഇതൊരു രാഷ്ട്രീയ പ്രചരണ വിഷയമാക്കേണ്ട കാര്യം എനിക്കില്ല. പക്ഷെ രാഹുൽ ഗാന്ധിയുടെ ഒരു നിമിഷത്തെ മയക്കത്തെ ഒപ്പിയെടുത്ത ചിത്രങ്ങൾ ഷെയർ ചെയ്ത് താങ്കൾ നടത്തിയ നിലവാരം കുറഞ്ഞ പ്രചാരണം സഖാക്കൾ ഏറ്റെടുത്തു പ്രചരിപ്പിച്ചപ്പോൾ ഉറങ്ങാതിരിക്കുന്ന താങ്കൾ രാമപുരത്തെ നാട്ടുകാർക്ക് സമ്മാനിച്ച മോശം അനുഭവം തുറന്ന് പറഞ്ഞു എന്നേ ഉള്ളു.

രാഹുൽ ഗാന്ധിയെന്ന ഇന്ത്യയുടെ പ്രതീക്ഷയെ കഴിവില്ലാത്തവനായി ചിത്രീകരിക്കാൻ സംഘപരിവാറിനൊപ്പം മത്സരിക്കുന്ന കേരളത്തിലെ സഖാക്കൾക്ക് താങ്കൾ ഇന്ധനമേകുമ്പോൾ ഇത്തരം ഇരട്ടത്താപ്പുകൾ ചൂണ്ടിക്കാണിക്കേണ്ടത് എന്റെ രാഷ്ട്രീയ ഉത്തരവാദിത്തമായി ഞാൻ കരുതുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP