Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും വേണ്ടി ഓരേസമയം ഒരു കാറിൽ പ്രചരണം നടത്തി സുഹൃത്തുക്കൾ; പാർട്ടികൾക്കുപരിയായ സൗഹൃദ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ; രാജ്യത്തിനാകെ മാതൃകയായ ഫോട്ടോ രാഷ്ട്രീയ സംഘർഷങ്ങളുടെ ഭൂമികയായ കണ്ണൂരിൽ നിന്നും

കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും വേണ്ടി ഓരേസമയം ഒരു കാറിൽ പ്രചരണം നടത്തി സുഹൃത്തുക്കൾ; പാർട്ടികൾക്കുപരിയായ സൗഹൃദ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ; രാജ്യത്തിനാകെ മാതൃകയായ ഫോട്ടോ രാഷ്ട്രീയ സംഘർഷങ്ങളുടെ ഭൂമികയായ കണ്ണൂരിൽ നിന്നും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തോളം രാഷ്ട്രീയവത്കൃത സമൂഹം ഇന്ത്യയിൽ മറ്റെങ്ങും കാണുകയില്ല. കൃത്യമായ രാഷ്ട്രീയ നിലപാടുകൾ ഉള്ളവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും തെരഞ്ഞെടുപ്പു കാലത്തും അല്ലാത്തപ്പോഴും കല്യാണ വീടുകൾ മുതൽ മരണവീടുകളിൽ വരെ രാഷ്ട്രീയം ചർച്ചയാകുന്നതും അതുകൊണ്ടാണ്. ഒരു വീട്ടിൽ തന്നെ പല പാർട്ടികളിൽ പെട്ടവരും കേരളത്തിൽ സാധാരണമാണ്. ഒറ്റപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോഴും സഹിഷ്ണുതയും സഹവർത്തിത്വവും പുലർത്താൻ കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും ശ്രദ്ധിക്കാറുണ്ട്.

പല കാര്യങ്ങളിലും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പാർട്ടി പ്രവർത്തകർ ഒന്നിച്ചു കൂടാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരൊറ്റ കാറിൽ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ എതിരാളികളായ മൂന്നു പാർട്ടികളുടെ പ്രവർത്തകർ കൊടികളുമായി യാത്ര ചെയ്യുന്നതാണ് ചിത്രം. മുന്നിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും ഓരോ കൊടികൾ കാറിനുള്ളിലിരിക്കുന്നവർ പുറത്തേക്ക് വിശുന്നുണ്ട്. പിന്നിലെ സീറ്റിലാണ് സിപിഎം കൊടി. ഡിക്കിയിൽ ഇരിക്കുന്നവരിൽ ഓരാൾ സിപിഎം കൊടി പിടിച്ചിട്ടുണ്ട്. മറ്റൊരാൾ കോൺഗ്രസുകാരനാണെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാകും. ബിജെപിയുടെയും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും കൊടികളുമായി ആഘോഷപൂർവ്വം ചെറുപ്പക്കാർ തെരഞ്ഞെടുപ്പ് പ്രവർത്തനം ആഘോഷിക്കുന്ന ചിത്രം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ അന്ന് കണ്ണൂരിൽ നിന്നും പകർത്തിയതാണ് ചിത്രം. എന്നാൽ ആരാണ് ഫോട്ടോ എടുത്തതെന്നോ എവിടെയാണെന്നോ അറിയില്ല. ചിത്രം ഇതിനോടകം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇത് കേരളത്തിൽ മാത്രം സംഭവിക്കുന്ന കാര്യമാണെന്നും പാർട്ടിക്കും രാഷ്ട്രീയത്തിനും ഉപരിയായ സൗഹൃദമാണെന്നും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നുണ്ട്. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സൗഹൃദങ്ങൾ നഷ്ടമാകരുതെന്ന് പറഞ്ഞ് ചിത്രം ഷെയർ ചെയ്യുന്നവരും കുറവല്ല.

രാഷട്രീയ വൈരത്തിന്റെയും സംഘർഷങ്ങളുടെയും പേരിൽ വാർത്തകളിൽ നിറയുന്ന കണ്ണൂരിൽ നിന്നാണ് ഇത്തരത്തിൽ ഒരു ഫോട്ടോ എന്നതാണ് ഏറെ കൗതുകം. കാറിന്റെ ഡിക്കിയിൽ ഉൾപ്പെടെ ഇരുന്ന് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ആഘോഷിക്കുകയാണ് ഈ ചെറുപ്പക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP