Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപ്പൊ വാടാ പാക്കലാം..! രാഹുലല്ല, രാഹുലിന്റെ മുത്തശ്ശി വിചാരിച്ചിട്ടും തോൽക്കാത്ത കമ്മ്യൂണിസ്റ്റ് പോരാട്ട വീര്യം ഓർമ്മിപ്പിച്ച് മണിയാശാൻ; കമ്മ്യൂണിസ്റ്റുകാരോളം വെല്ലുവിളി സ്വീകരിക്കുന്നവർ ഇന്നാട്ടിലില്ലെന്നും വൈദ്യുതി മന്ത്രി; കോൺഗ്രസ് അധ്യക്ഷനുമായി വയനാടൻ പോരിന് വരുന്നവരെ ദേവികുളം ഉപതെരഞ്ഞെടുപ്പ് ഓർമിപ്പിച്ച് മണിയാശാന്റെ കൊലമാസ് പോസ്റ്റ്

അപ്പൊ വാടാ പാക്കലാം..! രാഹുലല്ല, രാഹുലിന്റെ മുത്തശ്ശി വിചാരിച്ചിട്ടും തോൽക്കാത്ത കമ്മ്യൂണിസ്റ്റ് പോരാട്ട വീര്യം ഓർമ്മിപ്പിച്ച് മണിയാശാൻ; കമ്മ്യൂണിസ്റ്റുകാരോളം വെല്ലുവിളി സ്വീകരിക്കുന്നവർ ഇന്നാട്ടിലില്ലെന്നും വൈദ്യുതി മന്ത്രി; കോൺഗ്രസ് അധ്യക്ഷനുമായി വയനാടൻ പോരിന് വരുന്നവരെ ദേവികുളം ഉപതെരഞ്ഞെടുപ്പ് ഓർമിപ്പിച്ച് മണിയാശാന്റെ കൊലമാസ് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: ട്രോളാനും വെല്ലുവിളിക്കാനും സൈബർ സഖാക്കളുടെ ആശാനാണ് വൈദ്യുത മന്ത്രി എം. എം. മണി. മണിയാശാന്റെ പോസ്റ്റുകൾക്ക് അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോൾ വയനാട്ടിൽ പോരാടാനെത്തിയ കോൺഗ്രസ് അധ്യക്ഷനെ പോരിന് വിളിച്ചിരിക്കുകയാണ് മണിയാശാൻ. ഇന്ദിരാ ഗാന്ധിയും കാമരാജും അണിനിരന്നിട്ടും 1958 ൽ ദേവികുളം ഉപതെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ച ചരിത്രം ഓർമ്മിപ്പിച്ചാണ് ആശാന്റെ വെല്ലുവിളി. ബി കെ നായർ ഉയർത്തിയ വെല്ലുവിളി 7089 വോട്ടുകൾക്ക് മറികടന്ന റോസമ്മ പുന്നൂസ് ആയിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയെ നശിപ്പിക്കാനായി കച്ചകെട്ടിയവരെയെല്ലാം മലർത്തിയടിച്ചതെന്നും ചൂണ്ടികാട്ടിയ മണി വയനാടൻ അങ്കത്തിന് വാടാ പാക്കലാം എന്നും ഫേസ്‌ബുക്കിൽ കുറിച്ചു.

എം എം മണിയുടെ കുറിപ്പിന്റെ പൂർണരൂപം..

ഒരു ദേവികുളം അപാരത

രാഹുൽ ഗാന്ധിയുടെ വയനാടൻ അങ്കം ചർച്ചയാവുന്ന ഈ വേളയിൽ പഴയൊരു സംഭവത്തെ പറ്റി പറയാം -1958 ലേത്. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും , കാമരാജും, മുതിർന്ന കോൺഗ്രസ് നേതാക്കളുമെല്ലാം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഇലക്ഷൻ പ്രചരണത്തിനിറങ്ങിയ 1958ലെ ദേവീകുളം ബൈ ഇലക്ഷൻ.

അതു പറയുമ്പോൾ 1957 ലേക്ക് ഒന്ന് മടങ്ങി പോകണം. 1957 ഏപ്രിൽ 5നാണ് ഇ എം എസ് മന്ത്രി സഭ അധികാരമേൽക്കുന്നത്. ലോകത്തെങ്ങും ചർച്ചയായ ആ സംഭവത്തോടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആ ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സി ഐ എ ഒക്കെ രംഗത്ത് വന്നു. ഭൂപരിഷ്‌ക്കരണം, വിദ്യാഭ്യാസ ബിൽ തുടങ്ങി ഒരു പിടി വിപ്ലവകരമായ മാറ്റങ്ങളിലൂടെ ഇ എം എസ് ഗവൺമെന്റ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ ചിലരെ ആ നീക്കങ്ങൾ വിറളിപിടിപ്പിച്ചിരുന്നു. കത്തോലിക്കാ സഭയും (കെ എസ് ബി സി), എൻ എസ് എസ് ഉം ആയിരുന്നു അതിൽ പ്രമുഖർ. ഇന്ത്യൻ പാർലമെൻറിൽ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു അന്ന് മുഖ്യ പ്രതിപക്ഷം. അങ്ങനെയിരിക്കെയാണ് ദേവികുളം ബൈ ഇലക്ഷന് ഉത്തരവാകുന്നത്.

ഇടുക്കിയിലെ ദേവീകുളത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിന് അരങ്ങുണർന്നു. ദേശീയ മാധ്യമങ്ങൾ പണി തുടങ്ങി. കമ്യൂണിസം എന്ന വിപത്തിനെ കെട്ടുകെട്ടിക്കേണ്ടതിന്റെ അവശ്യകതയെ പറ്റി ഇന്ത്യൻ എക്സ്‌പ്രസ് എഡിറ്റോറിയൽ എഴുതി.

ദേവീകുളത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി മറ്റാരുമല്ല സാക്ഷാൽ 'റോസമ്മ പുന്നൂസ്' ആയിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ക്രിസ്തീയ കുടുംബത്തിൽ ജനിച്ച് കമ്യൂണിസത്തിന്റെ വഴി തിരഞ്ഞെടുത്ത റോസമ്മ. കോൺഗ്രസിനായി രംഗത്തിറങ്ങിയത് ബി കെ നായർ ആയിരുന്നു.

സാക്ഷാൽ കാമരാജും ഇന്ദിരാഗാന്ധിയുമടക്കം പ്രധാന കോൺഗ്രസ് നേതാക്കൾ ബി കെ നായർക്കായി പ്രചരണത്തിനിറങ്ങിയപ്പോൾ തന്റെ മന്ത്രിസഭയിലെ ഒരൊറ്റ മന്ത്രിയെ പോലും പ്രചരണത്തിനയക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഇ.എം.എസ്.

റോസമ്മ പുന്നൂസിന്റെ ഇലക്ഷൻ സെക്രട്ടറി വി എസ്. അച്ചുതാനന്ദനായിരുന്നു. എ കെ ജി യുടെ നിർദ്ദേശപ്രകാരം ദേവീകുളത്ത് പ്രവർത്തിച്ചിരുന്ന വി എസിന് അവിടത്തെ ഭൂമിശാസ്ത്രം മനപാഠമായിരുന്നു. തമിഴ് വോട്ടർമാർ ഏറെയുള്ള ദേവീകുളത്ത് പ്രചരണത്തിനായി എംജിആറിനെ - സാക്ഷാൽ എം ജി രാമചന്ദ്രനെ കൊണ്ടുവരാൻ വി എസിനായി. മൂന്നാറിൽ സിനിമാ ഷൂട്ടിങ്ങിന് വന്ന എംജിആർ അങ്ങനെ സിപിഐക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി.

മറ്റൊരു രസകരമായ വസ്തുത കൂടെയുണ്ട്. അന്ന് റോസമ്മ പുന്നൂസിന്റെ പ്രചരണ വേദികളിൽ തമിഴ് പാട്ടുകൾ പാടി നടന്ന ഒരു പതിനാലുകാരൻ ഉണ്ട് - ഡാനിയേൽ രാസയ്യ. അത് മറ്റാരുമല്ല നമ്മുടെ 'ഇളയരാജ' തന്നെ.

പള്ളി, റോസമ്മ പുന്നൂസിനെ സഭയിൽ നിന്നും പുറത്താക്കി. റോസമ്മയെ തോൽപ്പിക്കാൻ മാത്രമല്ല കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കാനും തിട്ടൂരമിറക്കി. കമ്യൂണിസ്റ്റുകാർ ഒരു വശത്തും , മറ്റെല്ലാ സംഘടനകളും മറുവശത്തും എന്ന സ്ഥിതി വന്നു. 1958 മെയ്‌ മാസം - എല്ലാ കണ്ണുകളും ദേവീകുളത്തേക്ക്.

ഇലക്ഷൻ റിസൾട്ട് വന്നു...!

ദേവീകുളം ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞു...!

സിപിഐ സ്ഥാനാർത്ഥി റോസമ്മ പുന്നൂസ് 7,089 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥി ബി കെ നായരെ തോൽപ്പിച്ചിരിക്കുന്നു.

ദേവീകുളം ഉപതെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതം എന്ന് കെ പി സി സി പ്രസിഡന്റ് കെ.എ ദാമോദരമേനോൻ പത്രക്കുറിപ്പിറക്കി. കമ്യൂണിസ്റ്റ് ഗവൺമെന്റിനെ ഏത് വിധേനയും താഴെയിറക്കാനുള്ള തീരുമാനത്തിൽ എതിരാളികൾ എത്തിച്ചേർന്നു.

1959 ൽ ഇ എം എസ് ഗവൺമെന്റിനെ കേന്ദ്രം താഴെയിറക്കി. 1960 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - ലീഗ് - പള്ളി - എൻ എസ് എ സ് മഹാസഖ്യത്തോട് ഇടത്പക്ഷം തോറ്റെങ്കിലും വോട്ട് ശതമാനം കുത്തനെ ഉയർന്നു! 1957 ൽ ഇടത് പക്ഷത്തിന് ലഭിച്ച 34% ഒടുവിൽ 1960 ആകുന്‌പോൾ 40% ന് അടുത്തെത്തി.

ഇതിവിടെ പറയാൻ കാരണം വയനാട് ജില്ലയേത് വയനാട് ലോകസഭാ മണ്ഡലമേത് എന്ന് ഇനിയും തീർച്ചയില്ലാത്ത ഡൽഹിയിലെ ചില ദേശീയ മാധ്യമങ്ങൾ അവരുടെ പിന്മുറക്കാർ 1958ൽ ചെയ്ത തെറ്റായ അനാലിസിസ് ഇന്ന് വയനാട്ടിലും തുടരുന്നത് കാണുന്നു.
ഓർക്കേണ്ട രണ്ട് കാര്യങ്ങൾ ഉണ്ട് - വയനാട് ഹൈ പ്രൊഫെൽ കാറ്റഗറിയിൽ വരേണ്ട ഷുവർ സീറ്റ് ഗണത്തിൽ പെടുന്ന ഒന്നല്ല, മാത്രമല്ല കമ്യുണിസ്റ്റുകാരോളം വെല്ലുവിളികൾ സ്വീകരിക്കുന്ന മറ്റൊരു കൂട്ടർ ഇന്നാട്ടിൽ ഇല്ല.

അപ്പൊ വാടാ പാക്കലാം..!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP