Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിച്ച് 1964ൽ രൂപീകൃതമായ സിപിഎം; താഷ്കെന്റ് ​ഗ്രൂപ്പിന്റെ ശതാബ്​ദി മാത്രമെന്ന് സിപിഐ; സൈദ്ധാന്തിക ചർച്ചകൾ ഏറ്റെടുത്ത് സൈബർലോകം

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിച്ച് 1964ൽ രൂപീകൃതമായ സിപിഎം; താഷ്കെന്റ് ​ഗ്രൂപ്പിന്റെ ശതാബ്​ദി മാത്രമെന്ന് സിപിഐ; സൈദ്ധാന്തിക ചർച്ചകൾ ഏറ്റെടുത്ത് സൈബർലോകം

മറുനാടൻ ഡെസ്‌ക്‌

സിപിഎം ഇന്ന് സിപിഐ രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ സാമൂഹിക മാധ്യമങ്ങൾ സിപിഐ - സിപിഎം പോസ്റ്റർ യുദ്ധം. ഇന്ന് താഷ്ക്കെന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമാണെന്നും അതിൽ പങ്കെടുത്ത എം എൻ റോയി പോലും അത് സിപിഐ രൂപീകരമല്ല എന്ന് എഴുതിയിട്ടുണ്ട് എന്നുമാണ് സൈബർ സിപിഐ പ്രവർത്തകർ രേഖകൾ സഹിതം വാദിക്കുന്നത്. ഇത് സംബന്ധിച്ച് 59 ൽ പിൽക്കാലത്ത് സി പി എം സമുന്നത നേതാവായ ബസവ പുന്നയ്യ എഴുതിയ ദേശീയ സെക്രട്ടറിയേറ്റ് മിനിട്ട്സും 61 ൽ അന്നത്തെ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇ എം എസ് ബംഗാൾ സംസ്ഥാന കമ്മിറ്റിക്ക് എഴുതിയ കത്തും അവർ ചൂണ്ടിക്കാട്ടുന്നുണ്ട് ,

സിപിഐ രൂപീകരണ ശതാബ്ദി സിപിഎം ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ താഷ്ക്കന്റ് ഗ്രൂപ്പ് ശതാബ്ദിയുടെ പോസ്റ്ററുകൾ പങ്കുവെയ്ക്കുകയാണ് സിപിഐ പ്രവർത്തകർ. തങ്ങളുടെ പാർട്ടിയുടെ ജനനമല്ല, ​ഗർഭധാരണം മാത്രമാണ് താഷ്ക്കന്റിൽ നടന്നതെന്നാണ് സിപിഐ പ്രവർത്തകർ പറയുന്നത്. 1964ൽ രൂപം കൊണ്ട സിപിഎമ്മിന്റെ പ്രവർത്തകർ, സിപിഐയുടെ നൂറാം വാർഷികം പ്രൊഫൈൽ പിക്ച്ചർ മാറ്റിയും വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടും സൈബർ ലോകത്ത് ആഘോഷിക്കുമ്പോൾ, സിപിഐക്കാർ താഷ്ക്കന്റ് ​ഗ്രൂപ്പിന്റെ നൂറാം വാർഷികം എന്ന് തിരുത്തി പ്രചാരണം നടത്തുകയാണ്.

സിപിഐ രൂപീകരണം സിപിഎം ലൈൻ ഇങ്ങനെ..

സിപിഎം പറയുന്നത് ഇത് ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ഇന്നാണെന്നാണ്. സിപിഐ പറയുന്നത് തങ്ങളുടെ പാർട്ടിക്ക് 95 വയസ്സേ ആയിട്ടുള്ളുവെന്നാണ്. 1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ എംഎൻ റോയിയും സംഘവും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയെന്നാണ് സിപിഎം പറയുന്നത്. ആ രൂപീകരണയോഗത്തിൽ മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്നാൽ 1925ൽ ഡിസംബർ 26ന് കാൺപൂരിൽ രൂപീകരിച്ചതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണമായി സിപിഐ കണക്കാക്കുന്നത്. സിപിഎമ്മിന്റെ കണക്ക് പ്രകാരം ഇന്ത്യൻ കമ്യൂണിസ്്റ്റ് പാർട്ടിയുണ്ടായിട്ട് ഇന്ന് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്.

അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്കന്റിൽ (ഇന്ന് ഉസ്ബക്കിസ്ഥാനിൽ) 1920 ഒക്ടോബർ 17നു ചേർന്ന സമ്മേളനത്തിൽ ഇന്ത്യയിലെ വിപ്ലവനേതാക്കളായ എം.എൻ. റോയിയും അബനി മുഖർജിയും ഹസ്രത് അഹമ്മദ് ഷഫീകും ചേർന്ന് രൂപം നൽകിയതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.

താഷ്‌കന്റ് യോഗം ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിച്ച പാർട്ടി പരിപാടി തയ്യാറാക്കാൻ തീരുമാനിച്ചു. അംഗത്വം നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് രൂപം നൽകി. ഇന്ത്യയിൽനിന്നെത്തിയ വിദ്യാർത്ഥികളാണ് പരിശീലനം നേടിയവരിൽ ഏറിയപങ്കും. മോസ്‌കോ സർവകലാശാലയിലും ഇവർ ഒത്തുചേർന്നു. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാനായി മടങ്ങിയ ഇവരിൽ 10 പേരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു. കേസുകളിൽ കുടുക്കി ജയിലിലടച്ചു. പെഷവാർ, കാൺപുർ, മീററ്റ് ഗൂഢാലോചനക്കേസുകൾ ബ്രിട്ടീഷ് സർക്കാർ ചമച്ചത് ഇക്കാലത്താണ്.

മുസഫർ അഹമ്മദ്, എസ് എ ഡാങ്കെ, ശിങ്കാരവേലു ചെട്ടിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1921-22 കാലത്ത് അന്നത്തെ ബോംബെ, കൽക്കത്ത, മദ്രാസ്, ലാഹോർ, കാൺപുർ എന്നിവിടങ്ങളിൽ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സ്ഥാപിച്ചു. രാജ്യമെമ്പാടും പ്രസ്ഥാനം പടർന്നു. ബ്രിട്ടീഷുകാർ വിട്ടുപോകണമെന്നും ഇന്ത്യക്ക് പൂർണസ്വാതന്ത്ര്യം നൽകണമെന്നും ഉള്ള മുദ്രാവാക്യവും ഇവർ ഉയർത്തി.

സിപിഐ രൂപീകരണം സിപിഐ ലൈൻ ഇങ്ങനെ..

1925 ഡിസംബർ 25 മുതൽ 28വരെ. 25ന്‌ വൈകിട്ട്‌ കോൺഫറൻസ്‌ ആരംഭിച്ചു. എം ശിങ്കാരവേലുചെട്ടിയാർ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന്‌ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകൾ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.
ഹസ്രത്ത്‌ മൊഹാനിയും സക്ലത്തുവാലയും സത്യഭക്തയുമായി ബന്ധപ്പെടുന്നതിന്‌ നിയോഗിക്കപ്പെട്ടു. ഇവരെ കൂടാതെ ബോംബെ ഗ്രൂപ്പിലെ എസ്‌ വി ഘാട്ടേ, കെ എൻ ജോഗ്ലേക്കർ, ജാനകി പ്രസാദ്‌, ബാഗർഹട്ട എന്നിവരും മദ്രാസ്‌ ഗ്രൂപ്പിലെ കൃഷ്ണസ്വാമിയും കൊൽക്കത്താ ഗ്രൂപ്പിലെ മുസാഫർ അഹമ്മദും സത്യഭക്തയുമായി ബന്ധപ്പെട്ടു.

കോൺഗ്രസിന്റെ കാൺപൂർ സമ്മേളനവേദിക്കടുത്തുതന്നെ പ്രത്യേകം തയ്യാർ ചെയ്ത പന്തലിലാണ്‌ ഒന്നാം ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ കോൺഫറൻസ്‌ നടന്നത്‌. 1925 ഡിസംബർ 25 മുതൽ 28വരെ. 25ന്‌ വൈകിട്ട്‌ കോൺഫറൻസ്‌ ആരംഭിച്ചു. എം ശിങ്കാരവേലുചെട്ടിയാർ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 300 പ്രതിനിധികൾ പങ്കെടുത്തു. സർക്കാർ രേഖകളിൽ 500 കാണുന്നുണ്ട്‌. സ്വാഗതസംഘാധ്യക്ഷന്റെയും അധ്യക്ഷന്റെയും പ്രസംഗങ്ങളും സക്ലത്തുവാലയുടെ സന്ദേശം വായനയും മാത്രമാണ്‌ അന്ന്‌ നടന്നത്‌. മൊഹാനിയുടെ പ്രസംഗത്തിൽ പാർട്ടിയുടെ ഉദ്ദേശലക്ഷ്യത്തെപ്പറ്റി പറഞ്ഞു. ദേശീയവിമോചനവും പാവപ്പെട്ടവന്റെ വിമോചനവും സോഷ്യലിസ്റ്റ്‌ സ്ഥാപനവുമാണ്‌ പാർട്ടി ലക്ഷ്യമിടുന്നത്‌. ഇസ്ലാമിനെതിരാണ്‌ കമ്മ്യൂണിസം എന്ന പ്രചരണത്തെ ഇസ്ലാമിക പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌ അദ്ദേഹം ഖണ്ഡിച്ചു. മതസൗഹാർദം പാലിക്കുന്നവർക്ക്‌ പാർട്ടിയിൽ സ്വാഗതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 26ന്‌ വൈകിട്ട്‌ കോൺഫറൻസ്‌ തുടർന്നു. അന്ന്‌ തീരുമാനങ്ങളും പ്രമേയങ്ങളുമാണ്‌ കൈകാര്യം ചെയ്തത്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ (സിപിഐ) രൂപീകരിച്ച്‌ പ്രവർത്തനമാരംഭിക്കുന്നതിനായി തീരുമാനിച്ചു. സിപിഐ രൂപീകരണ പ്രഖ്യാപന പ്രമേയം താഴെ ചേർക്കുന്നു.

‘‘കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണത്തിനും സ്ഥാപനത്തിനുമായി 1925 ഡിസംബർ 26ന്‌ കാൺപൂരിൽ ചേർന്ന ഒന്നാം കമ്മ്യൂണിസ്റ്റ്‌ കോൺഫറൻസിന്റെ തീരുമാനങ്ങൾ ഇന്ത്യയിലെ ഭൂപ്രഭുക്കന്മാരാലും നാടനും മറുനാടനുമായ മുതലാളിമാരാലും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ ഇന്ത്യയിലെ തൊഴിലാളികൾക്കും കൃഷിക്കാർക്കും മനുഷ്യരെപ്പോലെ ജീവിക്കാൻ കഴിയാതെ വന്നിരിക്കുന്നു. ഇന്ത്യയിലിന്ന്‌ നിലവിലുള്ള രാഷ്ട്രീയപാർട്ടികൾ ഇന്ത്യയിലെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും ക്ഷേമത്തിനും സുസ്ഥിതിക്കും കടകവിരുദ്ധമായ ബൂർഷ്വാ താൽപര്യങ്ങളുടെ പിടിയിലമർന്നിരിക്കുന്നു. ഇക്കാരണങ്ങളാൽ ഇന്ത്യയിലെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും മോചനം ലക്ഷ്യമാക്കി ഒരു പാർട്ടി രൂപീകരിക്കണമെന്ന്‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ഈ കോൺഫറൻസ്‌ തീരുമാനിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ എന്ന്‌ ഈ പാർട്ടി അറിയപ്പെടും. പാർട്ടിയുടെ അന്തിമലക്ഷ്യം തൊഴിലാളികളുടെയും കൃഷിക്കാരുടെയും സ്വതന്ത്രപരമാധികാര രാഷ്ട്രം (റിപ്പബ്ലിക്കൻ സ്വരാജ്‌) സ്ഥാപിക്കലായിരിക്കും. കൃഷി, ഭൂമി, ഖാനികൾ, ഫാക്ടറികൾ, ടെലിഗ്രാഫ്‌, ടെലിഫോൺ, റയിൽവേ എന്നീ പൊതുസേവനമേഖലകളുടെയും അതുപോലെതന്നെ പൊതു ഉടമസ്ഥതയിൽ കൊണ്ടുവരേണ്ട മറ്റ്‌ സേവനമേഖലകളുടെയും പൊതുവൽക്കരണവും ദേശവൽക്കരണവും നടപ്പിലാക്കി തൊഴിലാളികൾക്കും കർഷകർക്കും ജീവിക്കാനാവശ്യമായ വേതനം (ലിവിങ്ങ്‌വേജ്‌) നേടിയെടുക്കലായിരിക്കും പാർട്ടിയുടെ അടിയന്തര ലക്ഷ്യം.

ഈ ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശത്തോടെ ഗ്രാമീണമേഖലകളിലും പട്ടണപ്രദേശങ്ങളിലും തൊഴിലാളികളുടെയും കൃഷിക്കാരുടെയും യൂണിയനുകൾ പാർട്ടി രൂപീകരിക്കും. ജില്ലാ താലൂക്ക്‌ ബോർഡുകൾ, മുനിസിപ്പാലിറ്റികൾ, അസംബ്ലികൾ എന്നിവയിൽ സ്ഥാനം നേടുകയും അത്തരത്തിലുള്ളതും അതുപോലെയുള്ളവയുമായ മറ്റ്‌ മാർഗങ്ങളിലൂടെയും ഇന്ത്യയിൽ നിലവിലുള്ള രാഷ്ട്രീയസമിതികളുടെ സഹകരണത്തോടെയോ അല്ലാതെയോ പാർട്ടി അടിയന്തരവും അന്തിമവുമായ ലക്ഷ്യങ്ങൾ കൈവരിക്കും. പാർട്ടിക്ക്‌ ഒരു കേന്ദ്ര ഓഫീസുണ്ടായിരിക്കും. പാർട്ടി കാര്യങ്ങൾ നിർവഹിക്കുന്നതിന്‌ രണ്ട്‌ ജനറൽ സെക്രട്ടറിമാരുണ്ടാകും. ഈ കോൺഫറൻസിന്റെ അധ്യക്ഷൻതന്നെ ഒരു വർഷത്തിനകം നടക്കുന്ന പാർട്ടിയുടെ അടുത്ത കോൺഫറൻസുവരെയുള്ള പ്രസിഡന്റായിരിക്കും. പാർട്ടിയുടെ ലക്ഷ്യങ്ങൾ നിർവഹിക്കുമെന്ന്‌ സ്വയം പ്രതിജ്ഞ ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാർമാത്രം ഉൾക്കൊള്ളുന്നതായിരിക്കും പാർട്ടി.

ഇന്ത്യയിലെ ഏതെങ്കിലും സാമുദായിക (കമ്യൂണൽ) സംഘടനയിലംഗമായിരിക്കുന്ന ഒരാൾക്കും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗത്വം നൽകുന്നതല്ല. സാധാരണഗതിയിൽ എല്ലാ വർഷവും ക്രിസ്തുമസ്‌ വാരത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ സമ്മേളനം (കോൺഗ്രസ്‌ സെഷൻ) നടത്തുന്നതാണ്‌. പാർട്ടിക്ക്‌ പ്രവിശ്യാസമിതികൾ തെരഞ്ഞെടുക്കുന്ന 30 അംഗ കേന്ദ്രവാഹക(കമ്മിറ്റി)സമിതിയുണ്ടായിരിക്കും. കേന്ദ്രനിർവാഹക സമിതിക്ക്‌ താഴെപ്പറയുന്ന പ്രവിശ്യാകേന്ദ്രങ്ങളുണ്ടായിരിക്കും. ആ മേഖലകളിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി അവിടെ ഓഫീസുകളുണ്ടായിരിക്കും.

കേന്ദ്രനിർവാഹക സമിതിക്ക്‌ അതിന്റെ മുന്നിലെത്തുന്ന വിഷയങ്ങളും കാലാകാലങ്ങളിലുയർന്നുവരുന്ന അടിയന്തര വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിനായി പ്രസിഡന്റ്‌ എക്സ്‌ ഒഫിഷ്യോ അംഗമായുള്ള ഏഴംഗ എക്സിക്യൂട്ടീവ്‌ കൗൺസിലുണ്ടായിരിക്കും. ഓരോ അംഗവും അംഗത്വം നൽകുന്ന സെക്രട്ടറിക്ക്‌ വരിസംഖ്യയായി എട്ടണ നൽകണം. ഇതിന്റെ 25% കേന്ദ്രസമിതിക്കുള്ള വിഹിതമായി അയച്ചുകൊടുക്കുകയും ബാക്കിത്തുക പ്രവിശ്യസെക്രട്ടറിമാരുടെ കൈവശം സൂക്ഷിക്കുകയും വേണം.എല്ലാ പ്രവിശ്യ സെക്രട്ടറിമാരും കേന്ദ്രനിർവാഹക സമിതിക്ക്‌ ഓരോ മൂന്നുമാസം കൂടുന്തോറും പ്രവർത്തന റിപ്പോർട്ട്‌ അയച്ചിരിക്കണം.’’

27-ാ‍ം തീയതി 12 വകുപ്പുകളുള്ള ഭരണഘടന അംഗീകരിച്ചു. പാർട്ടിയുടെ രൂപീകരണ പ്രഖ്യാപന പ്രമേയത്തിനനുസൃതമായിട്ടാണ്‌ ഭരണഘടനാ വ്യവസ്ഥകൾ തയാറാക്കിയിരുന്നത്‌. പാർട്ടിയിൽ ചേരുന്നതിന്‌ 18 വയസ്‌ പൂർത്തിയാകണം, പാർട്ടിയുടെ ലക്ഷ്യങ്ങളെ അംഗീകരിച്ചിരിക്കണം, ഒരു സാമുദായിക സംഘടനയിലും അംഗമാകാൻ പാടില്ല, വർഷത്തിലൊരിക്കൽ വാർഷിക സമ്മേളനം നടത്തിയിരിക്കണം മുതലായവയായിരുന്നു വ്യവസ്ഥകൾ. പാർട്ടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ അംഗീകരിച്ചു. കേന്ദ്രഓഫീസ്‌ ബോംബെയിലായിരിക്കുമെന്ന്‌ തീരുമാനിച്ചു. പാർട്ടിയിൽ ചേരുന്നതിനുള്ള ഒരു ഫാറം തയാറാക്കി അംഗീകരിച്ചു. ഫാറത്തിന്റെ ഒരുവശത്ത്‌ പാർട്ടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ നൽകിയിരുന്നു. മറുവശത്ത്‌ ഈ കാര്യങ്ങൾ ചുരുക്കി വിവരിച്ച്‌ അംഗീകരിക്കുന്നതായുള്ള സത്യപ്രതിജ്ഞയും ഒരു സാമുദായിക സംഘടനയിലും അംഗമല്ലെന്നുള്ള സത്യപ്രതിജ്ഞയും പേരും വിലാസവും വയസും സ്ഥലവും തീയതിയും രേഖപ്പെടുത്തി ഒപ്പിടുകയുമായിരുന്നു വേണ്ടത്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP