Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമസഭയിൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നോക്കി ഗൗരിയമ്മ പൊട്ടിത്തെറിച്ചു, ''നിങ്ങൾക്കു വോട്ടാണ് പ്രധാനം. അല്ലാതെ സാമൂഹ്യ നീതിയല്ല''; 96 ൽ ഗൗരിയമ്മ നടത്തിയ നിയമസഭാ പ്രസംഗം പങ്കുവച്ച് അമൽ സി രാജൻ; ഗൗരിയമ്മ മുഖ്യമന്ത്രിയാകാത്തത് നിലപാട് ഉള്ളതുകൊണ്ടെന്ന് സൈബർലോകം; പോസ്റ്റ് ഷെയർ ചെയ്ത് വിടി ബൽറാമും

നിയമസഭയിൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നോക്കി ഗൗരിയമ്മ പൊട്ടിത്തെറിച്ചു, ''നിങ്ങൾക്കു വോട്ടാണ് പ്രധാനം. അല്ലാതെ സാമൂഹ്യ നീതിയല്ല''; 96 ൽ ഗൗരിയമ്മ നടത്തിയ നിയമസഭാ പ്രസംഗം പങ്കുവച്ച് അമൽ സി രാജൻ; ഗൗരിയമ്മ മുഖ്യമന്ത്രിയാകാത്തത് നിലപാട് ഉള്ളതുകൊണ്ടെന്ന് സൈബർലോകം; പോസ്റ്റ് ഷെയർ ചെയ്ത് വിടി ബൽറാമും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം കണ്ട എക്കാലത്തെയും കരുത്തുറ്റ രാഷ്ട്രീയ സാന്നിദ്ധ്യമായിരുന്നു കെ.ആർ ഗൗരിയമ്മയ്ക്ക് എന്തുകൊണ്ട് മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടു എന്നത് ഇന്നും രാഷ്ട്രീയകേരളം ചർച്ചചെയ്യുകയാണ്. പല അഭിപ്രായങ്ങളും ഈ വിഷയത്തിൽ ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രീയനേതാക്കളുടെ ആൺകോയ്മയും ജാതി ചിന്തയുമൊക്കെ അതിന് കാരണങ്ങളായി പലരും ഉയർത്തിക്കാണിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ അമൽ സി രാജൻ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. 1996 ൽ ഗൗരിയമ്മ കേരളനിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് പോസ്റ്റിന്റെ സിംഹഭാഗവും. എന്തുകൊണ്ട് ഗൗരിയമ്മ കേരളം ഭരിച്ചില്ല എന്ന് മാത്രമല്ല ആരായിരുന്നു ഗൗരിയമ്മയെന്നും നമുക്ക് ആ വരികളിൽ വായിക്കാം. സാമൂഹ്യമാധ്യമങ്ങളിലുള്ള രാഷ്ട്രീയവിദ്യാർത്ഥികൾ ആ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. കോൺഗ്രസ് നേതാവും മുൻ എം.എൽഎ.യുമായ വി.ടി ബൽറാമും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

അമൽ സി രാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

നിയമസഭയിൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നോക്കി ''നിങ്ങൾക്കു വോട്ടാണ് പ്രധാനം. അല്ലാതെ സാമൂഹ്യ നീതിയല്ല'' എന്നു പൊട്ടിത്തെറിച്ചിട്ടുണ്ട് കെ.ആർ. ഗൗരി.

എന്തുകൊണ്ട് കെ.ആർ. ഗൗരിയമ്മ കേരളം ഭരിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരവും അതുതന്നെയാണ്. ഗൗരിയമ്മക്കു പ്രധാനം സാമൂഹ്യനീതിയായിരുന്നു. അവരെന്നും ചിന്തിച്ചത് സമൂഹത്തിലെ ഏറ്റവും ദുർബലരെ കുറിച്ച് മാത്രമായിരുന്നു.

സംശയമുള്ളവർ 1996 ലെ കേരള പട്ടികവർഗക്കാർ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കൊടുക്കലും) ഭേദഗതി ബില്ലിന്റെ നാൾവഴികൾ പരിശോധിക്കുക. ഗൗരിയമ്മയുടെ അടിയേറ്റ് ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ പുളയുന്നതു കാണാം. ആദിവാസികൾക്കായി ഒറ്റക്കൊരാൾ വീറോടെ പൊരുതുന്നതു കാണാം...

09/09/1996
കേരള നിയമസഭ
ശ്രീമതി കെ.ആർ. ഗൗരിയമ്മ:

''ശ്രീ. സത്യൻ മൊകേരി ആദിവാസി കൾക്കുവേണ്ടി ധാരാളം പ്രവർത്തിക്കുന്നുണ്ടായിരിക്കും. ആദിവാസികൾ പഴയ ആളുകൾ അല്ല. വിദ്യാഭ്യാസത്തിലും മറ്റുകാര്യങ്ങളിലും ആദിവാസികൾ വളരെ ഉന്നതമായിട്ടുള്ള നിലയിലെത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ഇന്നും ആദിവാസികൾ സങ്കേതത്തിൽ കഴിയുന്നവരാണ്. ആ നിലയിൽ ഈ നിയമം ആദിവാസികളെ രക്ഷിക്കാനാണോ? ശ്രീമാൻ കെ.എം. മാണി ആത്മാർത്ഥമായിട്ടെങ്കിലും പറഞ്ഞു, അദ്ദേഹം കൊണ്ടുവന്ന നിയമം കൃഷിക്കാരനെ രക്ഷിക്കാനാണെന്ന്. ആദിവാസികളെ രക്ഷിക്കാനാണെന്ന് ഇവിടെ പറഞ്ഞില്ല. ഈ നിയമത്തിൽ ആദിവാസികളെ രക്ഷിച്ചു എന്നാണ് പറയുന്നത്. കൂട്ടത്തോടെ വംശനാശം വരുത്താനാണ് അവരെ മാറ്റി താമസിപ്പിക്കും എന്നുപറയുന്നത്. ഭൂമി എവിടെയുണ്ട്. മലയിലുണ്ടോ? നിങ്ങളുടെ ഈ സിറ്റിയിലുണ്ടോ ഭൂമി അവർക്കു കൊടുക്കാൻ. കാഞ്ഞിരപ്പള്ളിയിൽ ഒരൊറ്റ ആദിവാസിയുണ്ടോ? അവരുടെ ഭൂമി ഇന്നു മുഴുവൻ അന്യരുടെ കയ്യിൽ, കൂട്ടത്തോടെ അവരെ നശിപ്പിച്ചു. ഭൂമി അവർക്കുണ്ടോ? ധനാഢ്യന്മാരും രാഷ്ട്രീയത്തിൽ സ്വാധീനമുള്ളവരും ഭൂമി അവരിൽ നിന്നും തട്ടിപ്പറിച്ചു. അവരെ അവരുടെ ഭൂമിയിൽ നിന്നും ആട്ടിപ്പായിച്ചു. അട്ടപ്പാടിയിലും വയനാട്ടിലും ഒരൊറ്റ ആദിവാസിക്കെങ്കിലും താമസിക്കുന്ന സ്ഥലമല്ലാതെ കൃഷിചെയ്യാൻ വേറെ ഭൂമിയുണ്ടോ? ഈ അടുത്തകാലത്ത് ഞാൻ പോയ ഒരു വീട്ടിൽ ഇങ്ങനെ ഒരു അനുഭവം കണ്ടു.

ആ വീട്ടിൽ മൂന്നു തലമുറകളാണ് താമസിക്കുന്നത്. അവിടുത്തെ കൊച്ചുമകൻ കല്ല്യാണം കഴിച്ചുകൊണ്ടുവന്ന പെൺകുട്ടി കെട്ടിത്തൂങ്ങി ചത്തു. കാരണം ആ കുട്ടിയെ എല്ലാവരും ഒന്നിച്ചു താമസിക്കുന്ന മുറിയിൽ വിവസ്ത്രയാക്കി. അപമാനഭാരത്താൽ ആ കുട്ടി ആത്മഹത്യ ചെയ്തു. അട്ടപ്പാടിയിലെ സ്‌കീം എവിടെ? സുഗന്ധഗിരി എവിടെ? പൂക്കോട്ട് ഡയറി എവിടെ? ഇവിടെയൊക്കെ ഉണ്ടായിരുന്ന മറ്റു സ്‌കീമുകൾ എവിടെ? അതുമുഴുവൻ നിങ്ങളുടെ ഉദ്യോഗസ്ഥർ തിന്നുതീർത്തിട്ട് മിണ്ടിയിട്ടില്ല. ഒറിജിനൽ നിയമത്തിൽ മറ്റുവകുപ്പുകൾ കൂടി പരിശോധിക്കാൻ, ഭൂമി വേഗം തിരിച്ചെടുക്കാൻ ആവശ്യമുള്ള ഭേദഗതികൾ എഴുതുന്നതിനുപകരം കൃഷിക്കാർക്ക് ഭൂമിയും ആദിവാസികൾക്ക് ഗവൺമെന്റിന്റെ ഉറപ്പും ഉണ്ടാകണം. അവർ പാവപ്പെട്ടവരാണ്. അവരെ സഹായിക്കാൻ ആരുമില്ല. അതുകൊണ്ട് ഈ നിയമം ഇതുപോലെ പാസ്സാക്കിയാൽ ആദിവാസി കൾക്കിടയിൽ വംശനാശമുണ്ടാകും. മുമ്പൊരിക്കൽ ഈ വിഭാഗക്കാരെ വയനാട്ടിൽ നിന്ന്, വെട്ടാൻ കൊണ്ടുപോകുന്ന മൃഗങ്ങളെപ്പോലെ ഇവിടെ ആട്ടിത്തെളിച്ചുകൊണ്ടുവന്നിരുന്നു. ശ്രീ. കണാരൻ ഇത്രപെട്ടെന്ന് അവരെ കശാപ്പു ചെയ്യുമെന്ന് ഞാൻ കരുതിയില്ല. അവരെ താമരശ്ശേരിയിൽ വച്ചാണ് കണ്ടത്. കാര്യം സാധിച്ചല്ലോ കണാരാ. കർഷകത്തൊഴിലാളികളെ രക്ഷിക്കാൻ നടക്കുന്നു. അവരെ അവിടെത്തന്നെ താമസിപ്പിക്കണം. കൃഷിക്കാരേയും ആദിവാസികളേയും തമ്മിൽ തല്ലിക്കാത്തവിധത്തിൽ ഗവൺമെന്റിന്റെ പണമുപയോഗിച്ച് കൃഷിക്കാരെ മാറ്റിത്താമസിപ്പിക്കണം. കൃഷിക്കാർക്ക് വേറെ ഭൂമിയും പണവും വേണം.

ആദിവാസി റീഹാബിലിറ്റേഷൻ ഫണ്ടിനെപ്പറ്റി ഇങ്ങനെ പറയുന്നു: The said fund mainly consist of grants and loans from the Government. ഇനി ആദിവാസികൾക്ക് ബഡ്ജറ്റിൽ പ്രാവിഷൻ കാണുകയില്ല. എല്ലാം റീഹാബിലിറ്റേഷനു പോകും. ആ വിധത്തിലുള്ള നടപടിയുണ്ടാകും. അതാണ് വരാൻ പോകുന്നത്. ഈ നിയമം നടപ്പിലാക്കിയാൽ പാവപ്പെട്ട ആദിവാസിയെ ഇല്ലായ്മ വരുത്തുന്നതിന്റെ ഉത്തരവാദിത്വം ശ്രീ. ഇസ്മയിലിന്റെ തലയിൽതന്നെ വരും . അവരെ മാറ്റിത്താമസിപ്പിച്ചാൽ അവർ ജീവനോടെ കാണുകയില്ല. മത്സ്യത്തെ കരയിൽ വളർത്തുന്നതിന് തുല്യമാണ് വരാൻ പോകുന്നത്. ആ വിധത്തിൽ ഈ നിയമം പുനഃപരിശോധിക്കണം. കൃഷിക്കാർ സംഘടിതമാണ്. വയനാട്ടിൽ രണ്ടുലക്ഷം ആദിവാസികളുള്ളപ്പോൾ നാലുലക്ഷം കൈയേറ്റക്കാരുണ്ട്. നിങ്ങൾക്കു വോട്ടാണ് പ്രധാനം. അല്ലാതെ സാമൂഹ്യ നീതിയല്ല. ആദിവാസികളെ എങ്ങനെ രക്ഷിക്കാം, അവരെ ഏതുവിധത്തിൽ പുനരധിവസിപ്പിക്കാം എന്നു നോക്കുന്നതിനുപകരം എന്താണ് നിങ്ങൾ നോക്കുന്നത് ? അതുകൊണ്ട് ഇത് എതിർക്കേണ്ട നിയമമാണ്. ആ വിധത്തിൽ ഞാൻ ഇതിനെ എതിർക്കുകയാണ്'' ബില്ല് നിയമസഭ പാസാക്കി.

ഗൗരിയമ്മ മാത്രമെതിർത്തു. രാഷ്ട്രപതി ബില്ല് ചവറ്റുകൊട്ടയിലെറിഞ്ഞു. ഇതേനിയമം മറ്റൊരു രൂപത്തിൽ 1999 ൽ വീണ്ടും സഭയിലെത്തി... അന്നും കെ.ആർ. ഗൗരി ആദിവാസികൾക്കായി പൊരുതി. ഒറ്റക്കുള്ള പോരാട്ടം അവർക്ക് ജീവിതമായിരുന്നു. അവരെന്നും സാമൂഹ്യനീതിയുടെ പക്ഷത്തായിരുന്നു. പാവപ്പെട്ടവരുടെ മനസിൽ ഗൗരിയമ്മ മരിക്കില്ല, അതിനുള്ള ശക്തിയൊന്നും മരണത്തിനില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP