Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉറപ്പ് നൽകിയത് യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടാലും വിരമിക്കൽ മത്സരം കളിപ്പിക്കുമെന്ന്; ടെസ്റ്റ് ജയിച്ചിട്ടും 'ക്രിക്കറ്റ് ദൈവങ്ങൾ' കണ്ണു തുറുന്നില്ല; കാത്തിരുന്ന് മടുത്ത് ആരോടും ഒന്നും ചോദിക്കാതെ വിരമിക്കൽ പ്രഖ്യാപനം; ഈഡനിൽ അത്ഭുത വിജയമൊരുക്കിയ ദ്രാവിഡിനേയും ലക്ഷ്മണിനേയും പോലെ ഏകദിനത്തിലെ പോരാളിയും ക്രീസ് വിടുന്നു; അപൂർവ്വ രോഗത്തെ പൊരുതി തോൽപ്പിച്ചപ്പോഴും കനൽ മനസ്സിൽ സൂക്ഷിച്ചത് വെറുതെയായി; ഇന്ത്യൻ ക്രിക്കറ്റിലെ പോരാളി യുവരാജിനോട് ബിസിസിഐ കാട്ടിയത് നീതികേട് മാത്രം

ഉറപ്പ് നൽകിയത് യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടാലും വിരമിക്കൽ മത്സരം കളിപ്പിക്കുമെന്ന്; ടെസ്റ്റ് ജയിച്ചിട്ടും 'ക്രിക്കറ്റ് ദൈവങ്ങൾ' കണ്ണു തുറുന്നില്ല; കാത്തിരുന്ന് മടുത്ത് ആരോടും ഒന്നും ചോദിക്കാതെ വിരമിക്കൽ പ്രഖ്യാപനം; ഈഡനിൽ അത്ഭുത വിജയമൊരുക്കിയ ദ്രാവിഡിനേയും ലക്ഷ്മണിനേയും പോലെ ഏകദിനത്തിലെ പോരാളിയും ക്രീസ് വിടുന്നു; അപൂർവ്വ രോഗത്തെ പൊരുതി തോൽപ്പിച്ചപ്പോഴും കനൽ മനസ്സിൽ സൂക്ഷിച്ചത് വെറുതെയായി; ഇന്ത്യൻ ക്രിക്കറ്റിലെ പോരാളി യുവരാജിനോട് ബിസിസിഐ കാട്ടിയത് നീതികേട് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: എന്തുകൊണ്ട് അർഹിച്ച ഒരു വിടവാങ്ങൽ മത്സരം യുവിക്ക് ലഭിച്ചില്ല? വിരമിക്കൽ പ്രഖ്യാപിക്കുന്നതിനിടെ അതിനുള്ള ഉത്തരം യുവരാജ് സിങ് തന്നെ നൽകി. യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടാലും തനിക്ക് വിരമിക്കൽ മത്സരം കളിക്കാൻ അവസരം നൽകുമെന്ന് ബി.സി.സിഐ അറിയിച്ചിരുന്നു. എന്നാൽ യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും മത്സരം ലഭിച്ചില്ല. ഇങ്ങനെയൊരു മത്സരം വേണമെന്ന് പറഞ്ഞ് താൻ ക്രിക്കറ്റ് ബോർഡിനെയോ ഉദ്യോഗസ്ഥരെയോ സമീപിച്ചിട്ടില്ലെന്നും യുവരാജ് വ്യക്തമാക്കി. ഇതോടെ തന്നെ ആരോ വിരമിക്കൽ മത്സരത്തിൽ യുവരാജ് കളിക്കരുതെന്ന നിർബന്ധം പ്രകടിപ്പിച്ചിരുന്നുവെന്ന സംശയമാണ് ഉയരുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവ്രാജ് സിങ് . 2000 മുതൽ 2017 വരെ നീണ്ട 17 വർഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവി. ഈയിടെ അവസാനിച്ച ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്. ഫോം അലട്ടിയതു കൊണ്ടായിരുന്നു ഇത്. വിരമിക്കൽ സംബന്ധിച്ച തീരുമാനമെടുക്കാൻ യുവി ബി.സി.സിഐയെ സമീപിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അർഹമായ വിരമിക്കൽ മത്സരത്തിനായിരുന്നു ഇത്. എന്നാൽ എന്തുകൊണ്ടോ ബിസിസിഐ അതിന് തയ്യാറായില്ല. ഇതോടെ യുവി വിടവാങ്ങി.

ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിർണായ സാന്നിധ്യമായത് യുവിയായിരുന്നു. ഇന്ത്യയ്ക്കായി 304 ഏകദിനങ്ങൾ കളിച്ച യുവി 8701 റൺസെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകൾ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റൺസ് നേടി. 58 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1177 റൺസാണ് സമ്പാദ്യം. ഇത്തരത്തിലൊരു താരമാണ് അർഹിക്കുന്ന വിടവാങ്ങൽ മത്സരമില്ലാതെ വിരമിക്കുന്നത്. ചിലർക്ക് യുവിയോട് താൽപ്പര്യക്കുറവുണ്ട്. ഇന്ത്യയുടെ നായകനായി യുവി മാറാത്തതും ഇതുകൊണ്ട് മാത്രമാണ്. വികാരത്തോടെ കളിയേയും കളിക്ക് പുറത്തെ കാര്യങ്ങളേയും നോക്കി കാണുന്നതാണ് യുവിയെ പലർക്കും പിടിക്കാത്തതിന് കാരണം. അതു തന്നെയാണ് വാർത്താ സമ്മേളനത്തിലേക്ക് യുവിയുടെ വിരമിക്കൽ ഒതുങ്ങിയതും.

2017-ലാണ് യുവരാജ് അവസാനമായി ഇന്ത്യയുടെ ജഴ്സി അണിഞ്ഞത്. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിലായിരുന്നു ഇത്. ഫോം പുലർത്താൻ കഴിയാത്തതു കൊണ്ട് കളിക്കാനായില്ല. ഏകദിന-ട്വന്റി ട്വന്റി ലോകകപ്പുകൾ ഇന്ത്യയ്ക്ക് നൽകിയ താരമാണ് യുവരാജ്. അത്തരത്തിലൊരു പ്രതിഭയ്ക്കാണ് വിരമിക്കൽ മത്സരം കിട്ടാതെ പോകുന്നത്. അതുകൊണ്ട് തന്നെ ഇത് ഏറെ ചർച്ചയാകുന്നുമുണ്ട്. അതേസമയം വിടവാങ്ങൽ മത്സരം ലഭിക്കാത്തിലുള്ള വേദന എത്രത്തോളമുണ്ടാകുമെന്ന് വീരേന്ദർ സെവാഗ് പങ്കുവെച്ചു.എന്നാൽ അങ്ങനെ ഒരു മത്സരം വേണമെന്ന് യുവി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിഹാസ താരങ്ങളായ വിവി എസ് ലക്ഷ്മണും രാഹുൽ ദ്രിവിഡിനും അർഹിച്ച വിടവാങ്ങൽ ലഭിച്ചിട്ടില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ അപ്രമാദിത്വത്തെ തകർത്തതുകൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിനലെ ലക്ഷ്മണിന്റെ ഇരട്ട ശതകമാണ്. ആദ്യ ഇന്നിങ്‌സിൽ മികവ് കാട്ടാനാവാത്ത ഇന്ത്യയെ ഓസ്‌ട്രേലിയ ഫോളോ ഓൺ ചെയ്യിച്ചു. വിജയം മാത്രം മുന്നിൽ കണ്ടായിരുന്നു ഇത്. എന്നാൽ കൊൽക്കത്തയിൽ ദ്രാവിഡും ലക്ഷ്മണും മതിൽ തീർത്തു. ഉജ്ജ്വല ഇന്നിങ്‌സുകളിലൂടെ ഓസ്‌ട്രേലിയയെ തകർത്ത് ആരും പ്രതീക്ഷിക്കാത്ത വിജയം നൽകി. ഇതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായി ഇന്ത്യ മാറിയത്. ഇതിന് തുല്യമായിരുന്നു നാറ്റ് വെസ്റ്റ് ഏകദിനത്തിലെ ഇന്ത്യ വിജയം. ഇംഗ്ലണ്ടിനെതിരെ മുഹമ്മദ് കൈഫും യുവരാജും നേടി തന്നെ വിജയം. അതായത് ഇന്ത്യൻ ക്രിക്കറ്റിന് അസുലഭ നിമിഷം സമ്മാനിച്ച ദ്രാവിഡും ലക്ഷ്മണും യുവിയും വിടവാങ്ങൽ മത്സരമില്ലാതെ കളിക്കളത്തിൽ നിന്ന് വിടവാങ്ങി.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് യുവ്രാജ് സിങ് തിങ്കളാഴ്ച തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. രണ്ട് ലോകകപ്പ് വിജയങ്ങളിൽ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നയാൾ 17 വർഷം നീണ്ട തന്റെ കരിയർ അവസാനിപ്പിച്ചിരിക്കുന്നു. സൗത്ത് മുംബൈയിലെ ഒരു ഹോട്ടലിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് യുവി വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. എക്കാലവും ഇന്ത്യൻ ക്രിക്കറ്റിലെ എക്സ് ഫാക്ടറായിരുന്നു യുവ്രാജ് സിങ്. ബാറ്റു കൊണ്ടായാലും പന്തുകൊണ്ടായാലും ഒരൊറ്റ ഓവർ കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുണ്ടായിരുന്ന താരം. സൗരവ് ഗാംഗുലിയുടെ ശ്രദ്ധ തന്നെയാണ് യുവിക്കും ടീമിലേക്ക് വഴിതുറന്നത്. സഹീർ ഖാൻ, ഹർഭജൻ, സെവാഗ് ആ പട്ടികയിലേക്ക് യുവിയുടെ പേര് എഴുതിച്ചേർക്കപ്പെടുന്നത് 2000-ലെ അണ്ടർ 19 ലോകകപ്പിലൂടെയാണ്. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിൽ ഫൈനലിൽ ശ്രീലങ്കയെ തകർത്ത് കിരീടം നേടിയ ടീമിലെ നിർണായക ഘടകം യുവിയായിരുന്നു. 203 റൺസും 12 വിക്കറ്റുകളുമായി യുവി ടൂർണമെന്റിന്റെ താരമായി.

കെനിയയിൽ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫിയിലായിരുന്നു യുവിയുടെ അരങ്ങേറ്റം. കരുത്തരായ ഓസീസിനെതിരേ നടന്ന ആദ്യ മത്സരത്തിൽ തന്നെ മഗ്രാത്തും ബ്രെറ്റ് ലീയും ഗില്ലെസ്പിയും അണിനിരന്ന പേസ് ആക്രമണത്തെ തെല്ലും കൂസാതെ നേരിട്ട ആ ചെറുപ്പക്കാരൻ 84 റൺസാണ് അടിച്ചുകൂട്ടിയത്. തന്റെ പ്രതിഭയെന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്ത ഇന്നിങ്സ്. പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഗതി തന്നെ മാറ്റി മറിച്ചു.

സച്ചിന് വിടവാങ്ങൽ സമ്മാനമായി ലോകകപ്പ്

2007 ഏകദിന ലോകകപ്പിന്റെ നിരാശ ഇന്ത്യ മായ്ച്ചുകളഞ്ഞത് ആ വർഷത്തെ പ്രഥമ ട്വന്റി 20 ലോകകപ്പിലായിരുന്നു. സീനിയർ താരങ്ങളെല്ലാം മാറിനിന്ന ആ ടൂർണമെന്റിൽ പുതിയ നായകൻ എം.എസ് ധോനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ആവേശകരമായ ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തിയപ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു യുവി. ഈ ടൂർണ്ണമെന്റിൽ ഏവരും കരുതിയത് യുവി ക്യാപ്ടനാകുമെന്നായിരുന്നു. എന്നാൽ നറുക്ക് വീണത് ധോനിക്കും. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടറിൽ സ്റ്റുവർട്ട് ബ്രോഡിനെ ഓവറിലെ മുഴുവൻ പന്തും സിക്സർ പറത്തിയ യുവി പുതു ചരിത്രമെഴുതി. ഓസീസിനെതിരായ സെമിയിൽ യുവി 30 പന്തിൽ നിന്ന് അഞ്ചു വീതം സിക്സും ബൗണ്ടറികളും സഹിതം അടിച്ചുകൂട്ടിയത് 70 റൺസ്. 15 റൺസിനായിരുന്നു അന്ന് ഇന്ത്യയുടെ വിജയം. അങ്ങനെ കലാശ പോരാട്ടം. അവിടേയും ജയം ഇന്ത്യയ്ക്ക്.

2011 ഏകദിന ലോകകപ്പിൽ 90.50 ശരാശരിയിൽ 362 റൺസാണ് യുവി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 15 വിക്കറ്റുകളും പിഴുത യുവി ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റൺവേട്ടയിൽ ടൂർണമെന്റിൽ എട്ടാമതും വിക്കറ്റ് വേട്ടയിൽ നാലാമതുമായിരുന്നു യുവി. 28 വർഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പാണ് അന്ന് വാങ്കഡെയിൽ അവസാനിച്ചത്. സച്ചിൻ തെണ്ടുൽക്കർക്ക് വിടവാങ്ങലിൽ ഇന്ത്യ നൽകിയ സമ്മാനം. അത്തരത്തിലൊരു താരമാണ് അർഹിച്ച വിരമിക്കൽ പോലും കിട്ടാതെ പാഡഴിക്കുന്നത്. പിന്നീടാണ് യുവിയുടെ ജീവിതത്തിൽ വില്ലനായി കാൻസറെത്തുന്നത്.

ബാധിച്ചത് അപൂർവ്വ കാൻസർ

യുവിയുടെ കരിയറിലെ ഏറ്റവും പ്രധാന എതിരാളി കാൻസറായിരുന്നു. അപൂർവമായ കാൻസറാണ് യുവിയെ ബാധിച്ചിരുന്നത്. 2011 ലോകകപ്പിനിടെ തന്നെ യുവിക്ക് കാൻസർ ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് ശ്വാസകോശത്തിന്റെയും ഹൃദയത്തിനും ഇടയിൽ വളർന്ന ട്യൂമറായിരുന്നു വില്ലൻ. ആദ്യം ശ്വാസകോശ കാൻസറാണെന്ന് റിപ്പോർട്ട് വന്നെങ്കിലും പിന്നീട് ഈ ട്യൂമർ ശ്വാസകോശത്തിലേക്ക് വ്യാപിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കി.

ലോകകപ്പിനിടെ ശാരീരിത അസ്വസ്തതകൾ യുവിയെ അലട്ടിയിരുന്നു. കാൻസറാണ് എന്ന് അറിഞ്ഞതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും മറ്റ് കായികതാരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം യുവിക്കൊപ്പം നിന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തിരിച്ചുവരവിനായി പ്രാർത്ഥിച്ചു. വിദഗ്ധ ചികിത്സകൾക്കായി യുവി പെട്ടെന്നു തന്നെ യു.എസിലെത്തുകയും കീമോതെറാപ്പി ആരംഭിക്കുകയും ചെയ്തു. ഏവരേയും അത്ഭുതപ്പെടുത്തി യുവി വീണ്ടും ക്രിസലെത്തി. അപ്പോഴും ആ മനസ്സിൽ സ്വപ്‌നങ്ങളായിരുന്നു. നല്ലൊരു വിരമിക്കലിന് പോലും അവസരം നൽകാതെ ക്രിക്കറ്റ് ദൈവങ്ങൾ അതും തകർത്തു. അപ്പോഴും ആരേയും കുറ്റപ്പെടുത്താതെ യുവി കളമൊഴിയുകയാണ്.

യുവരാജ് സിങ്ങിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരം

ഇതിഹാസതാരങ്ങളും മുൻ താരങ്ങളുമടക്കം നിരവധി പേരാണ് ഇന്ത്യയുടെ യുവരാജാവിന് ആശംസകളറിയിച്ചത്. ഒന്നര പതിറ്റാണ്ടുകാലം ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ ആരാധകരെ ത്രസിപ്പിച്ച താരത്തിനുള്ള ആരാധകരുടെ നന്ദി വാക്കുകളിൽ നിറയുകയാണ് സോഷ്യൽ മീഡിയ. വിരാട് കോലി, കെവിൻ പീറ്റേഴ്സൺ, വിവി എസ് ലക്ഷ്മൺ, ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്ങ്, ജസ്പ്രീത് ബുംറ, റോബിൻ ഉത്തപ്പ എന്നിങ്ങനെ നിരവധി പേരാണ് യുവിക്ക് ആശംസയുമായെത്തിയത്.

നിങ്ങൾ ഞങ്ങൾക്ക് ഒരുപാട് ഓർമ്മകളും വിജയങ്ങളും സമ്മാനിച്ച വ്യക്തിയാണ്. നിങ്ങളെ ഒരിക്കലും മറക്കാനാകില്ല എന്നായിരുന്നു വിരാട് കോലിയുടെ ട്വീറ്റ്. നിങ്ങളെ ഒരുപാട് മിസ് ചെയ്യും, എപ്പോഴും പ്രചോദനമായിരുക്കും എന്നായിരുന്നു സുരേഷ് റെയ്നയുടെ ആശംസ. യുവിയോടൊപ്പം കളിച്ച നിമിഷങ്ങൾ പങ്കുവെയ്ക്കുന്നതാണ് ലക്ഷ്മൺന്റെ ട്വീറ്റ്. യുവിയോടൊപ്പം ആ 12-ാം നമ്പർ ജഴ്സിയും വിരമിക്കട്ടെയെന്നാണ് ഗംഭീറിന്റെ ട്വീറ്റ്. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്സ്മാനാണ് യുവി. അദ്ദേഹത്തോടുള്ള ആദരമായി 12-ാം നമ്പർ ജഴ്സി ബിസിസിഐ പിൻവലിക്കണം. ഗംഭീർ ട്വീറ്റിൽ പറയുന്നു.

യുവി ആറു സിക്സുകൾ അടിച്ച ഇംഗ്ലീഷ് ബൗളർ സ്റ്റുവർട്ട് ബ്രോഡും ഇന്ത്യൻ താരത്തിന് ആശംസകളുമായെത്തി. 'ഇതിഹാസ താരമേ...ഒഴിവുകാലം ആസ്വദിക്കൂ..' എന്നാണ് ബ്രോഡിന്റെ പോസ്റ്റ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ യുവരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ബ്രോഡ് ആശംസകളറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP