Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിക്കറ്റ് ലോകം ആ പേര് ആദ്യം കേട്ടത് അനിയനായ ഇർഫാൻ പഠാനിലൂടെ; ബാറ്റിങ് വെടിക്കെട്ടുമായി ക്രീസിൽ നിറഞ്ഞതോടെ ഇന്ത്യൻ നിരയിലെത്തി; രണ്ട് ലോകകപ്പ് നേട്ടത്തിലടക്കം കാഴ്ചവച്ചത് തികവുറ്റ ഓൾറൗണ്ട് പ്രകടനം; ഇന്ത്യൻ ജഴ്‌സിയണിഞ്ഞത് 57 ഏകദിനങ്ങളിലും 22 ട്വന്റി 20 മത്സരങ്ങളിലൂം; വിനയ് കുമാറിന് പിന്നാലെ ക്രിക്കറ്റിനോട് വിടചൊല്ലി യൂസഫ് പഠാൻ

ക്രിക്കറ്റ് ലോകം ആ പേര് ആദ്യം കേട്ടത് അനിയനായ ഇർഫാൻ പഠാനിലൂടെ; ബാറ്റിങ് വെടിക്കെട്ടുമായി ക്രീസിൽ നിറഞ്ഞതോടെ ഇന്ത്യൻ നിരയിലെത്തി; രണ്ട് ലോകകപ്പ് നേട്ടത്തിലടക്കം കാഴ്ചവച്ചത് തികവുറ്റ ഓൾറൗണ്ട് പ്രകടനം; ഇന്ത്യൻ ജഴ്‌സിയണിഞ്ഞത് 57 ഏകദിനങ്ങളിലും 22 ട്വന്റി 20 മത്സരങ്ങളിലൂം; വിനയ് കുമാറിന് പിന്നാലെ ക്രിക്കറ്റിനോട് വിടചൊല്ലി യൂസഫ് പഠാൻ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സഹോദരങ്ങളാണ് ഇർഫാൻ പഠാനും യൂസഫ് പഠാനും. ക്രിക്കറ്റ് പ്രേമികൾക്ക് മനസ്സിൽ സൂക്ഷിക്കാൻവിധം മികച്ച ഇന്നിങ്സുകൾ സമ്മാനിച്ച താരങ്ങളാണ് ഇരുവരും. കഴിഞ്ഞ വർഷമാണ് അനിയൻ ഇർഫാൻ പഠാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന കാര്യം അറിയിച്ചത്. ഇപ്പോഴിതാ ചേട്ടൻ യൂസഫ് പഠാനും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു.

സ്റ്റീവ് വോയും മാർക്ക് വോയും ഓസ്‌ട്രേലിയയ്ക്ക് എത്രത്തോളം പ്രിയങ്കരമായിരുന്നോ, അതുപോലെ തന്നെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആ രണ്ട് സഹോദര താരങ്ങൾ. ചേട്ടൻ യൂസഫ് പഠാനും അനിയൻ ഇർഫാൻ പഠാനും. ഓൾറൗണ്ട് മികവ് കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിനെ ഏറ്റവും കൂടുതൽ ആനന്ദിപ്പിച്ച, വിസ്മയിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രിയ സഹോദരങ്ങൾ

രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ യൂസഫ് പഠാൻ 38 ാം വയസിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 'എന്റെ ജീവിതത്തിലെ ഈ ഇന്നിങ്‌സിന് ഒരു പൂർണ്ണ വിരാമമിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,'' പഠാൻ ഫേസ്‌ബുക്കിലൂടെ വിരമിക്കൽ തീരുമാനം അറിയിച്ചത്.

2007 സെപ്റ്റംബർ 24ന് പാക്കിസ്ഥാനെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനൽ
മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്. 2008 ജൂൺ പത്തിന് പാക്കിസ്ഥാനെതിരെ ഏകദിനത്തിലും അരങ്ങേറി.  വലംകൈയൻ ബാറ്റ്‌സ്മാനായി യുസഫ് വലംകൈയൻ സ്പിന്നർ കൂടിയായിരുന്നു.

2007 നും 2012 നും ഇടയിൽ 57 ഏകദിനങ്ങളും 22 ട്വന്റി 20 യും കളിച്ചു. ഏകദിനത്തിൽ 27.00 ശരാശരിയിൽ 113.60 സ്‌ട്രൈക്ക് റേറ്റുമായി 810 റൺസ് നേടി, രണ്ട് സെഞ്ച്വറികൾ 33 വിക്കറ്റുകൾ. ട്വന്റി 20യിൽ 236 റൺസ് നേടിയത് 146.58 സ്‌ട്രൈക്ക് റേറ്റിലാണ്, കൂടാതെ 13 വിക്കറ്റുകളും നേടി.

2001 02 സീസണിൽ ബറോഡയ്ക്കായാണ് ഫസ്റ്റ് ക്ലാസ്സിൽ അരങ്ങേറ്റം കുറിച്ചത്. വെടിക്കെട്ട് ബാറ്റിംഗിലൂടെയും മികച്ച ഓഫ്‌സപിന്നിലൂടെയും ഓൾറൗണ്ട് മികവ് പ്രകടിപ്പിച്ചതോടെ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമായി യൂസഫ് അതിവേഗം മാറി. ബറോഡ അണ്ടർ -16 ടീമിൽ നിന്നും സീനിയർ ടീമിലെത്തിയത് 2004-05 ൽ.

വേഗത്തിൽ റൺസ് നേടാനുള്ള മികവ് പുറത്തെടുത്തതോടെ 2006-07 രഞ്ജി ട്രോഫിയിലും 50 ഓവർ ദിയോധർ ട്രോഫിയിലും ആഭ്യന്തര ട്വന്റി 20 ടൂർണമെന്റിലും മികച്ച താരമായി മുന്നേറി.

2007 ലെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യ ടീമിൽ ഇടം നേടിയെങ്കിലും കളിക്കാൻ ടീമിൽ ഇടംകിട്ടയത് പാക്കിസ്ഥാനെതിരായ ഫൈനൽ. ഓപ്പണറായി ഗൗതം ഗംഭീറിനൊപ്പം ഇന്നിങ്‌സ് തുറന്ന യൂസഫ് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യൻ മധ്യനിരയിലെ വിശ്വസ്തനായ താരമായിരുന്ന യൂസഫ് ആറ് മത്സരങ്ങളിൽ ജഴ്‌സിയണിഞ്ഞു. 115.62 സ്‌ട്രൈക്ക് റേറ്റിൽ 74 റൺസ് നേടി.

2007 മാർച്ച് 30 ന് ജോഹന്നാസ്ബർഗിൽ നടന്ന ട്വന്റി 20 മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ജഴ്‌സിയണിഞ്ഞത്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ കിരീടം നേട്ടത്തിലെത്തിക്കുന്നതിലും പ്രധാന റോൾ നിർവഹിച്ചതിൽ ഒരാൾ യൂസഫ് പഠാൻ ആയിരുന്നു. 179 ലെ സ്ട്രൈക്ക് റേറ്റിൽ നാല് അർധസെഞ്ച്വറികളുമായി 435 റൺസ് നേടി. മത്സരത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി. ഡെക്കാൻ ചാർജേഴ്‌സിനെതിരെ 21 പന്തുകൾ. 2008 ലെ ഐപിഎൽ ഫൈനലിൽ നാല് ഓവറിൽ 22 ന് 3 വിക്കറ്റും 39 റൺസിൽ 56 റൺസും നേടി.

രാജസ്ഥാൻ റോയൽസിന് പുറമെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർക്കായി യുസഫ് കളിച്ചു. മൂന്ന് ഐ.പി.എൽ കിരീടനേട്ടങ്ങളിലും യുസഫ് പങ്കാളിയായി.

ഇർഫാൻ പഠാൻ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ യൂസഫ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ''ഇർഫാൻ പത്താന്റെ സഹോദരൻ എന്ന നിലയിലാണ് എല്ലാവരും എന്നെ സ്വീകരിച്ചതും അംഗീകരിച്ചതും. ഞാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചപ്പോൾ തന്നെ എല്ലാവരും എന്നെ അറിയാൻ തുടങ്ങി. ഇർഫാൻ പത്താന്റെ സഹോദരൻ എന്ന നിലയിലാണ് എനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്''.

''ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് ഇർഫാൻ വിരമിക്കുന്നത്. ഞങ്ങളുടെ ജീവിതം തന്നെ അതിനു തെളിവാണ്. ഇപ്പോൾ ഞങ്ങൾ വലിയൊരു വീട്ടിലാണ് താമസിക്കുന്നത്. പക്ഷേ, പണ്ട് ചെറിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നു. ക്രിക്കറ്റിലൂടെയാണ് ഇതെല്ലാം നേടിയത്. പഴയ വീട്ടിലേക്ക് ഞങ്ങൾ ഇടയ്ക്കെ പോകാറുണ്ട്. പഴയ ഓർമകളിലേക്ക് പോകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്'' യൂസഫ് പറഞ്ഞു.

''ക്രിക്കറ്റിൽ അറിപ്പെടുന്ന ഒരു ഫാസ്റ്റ് ബോളർ ആകണമെന്നായിരുന്നു ഇർഫാൻ പത്താന്റെ ആഗ്രഹം. വസീം അക്രത്തിന്റെ വലിയൊരു ആരാധകൻ ആയിരുന്നു ഇർഫാൻ. അദ്ദേഹത്തെ പോലെ ബോളിങ് ആക്ഷൻ വേണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. അക്രം ബോൾ ചെയ്യുന്ന ഒരു പോസ്റ്റർ വീട്ടിൽ പതിച്ചിരുന്നു. ക്രിക്കറ്റിൽ നിന്ന് നേടാൻ സാധിക്കുന്നതെല്ലാം അവൻ നേടിയിട്ടുണ്ട്. 2006 ൽ കറാച്ചിയിൽവച്ച് പാക്കിസ്ഥാനെതിരെ നേടിയ ഹാട്രിക് ആണ് ഇർഫാന്റെ മറ്റ് ഏത് നേട്ടത്തെക്കാളും വലുത്. ഇന്ത്യയ്ക്കുവേണ്ടി ഇർഫാൻ പത്താൻ ഇനിയും കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ, ഇതുവരെ നേടിയ എല്ലാ കാര്യങ്ങളിലും ഞങ്ങൾ സന്തുഷ്ടരാണ്, ഞങ്ങൾക്ക് അഭിമാനമുണ്ട്.'' ഒരിക്കൽ യൂസഫ് തുറന്ന് പറഞ്ഞിരുന്നു.

അനിയനായ ഇർഫാനിലൂടെ അറിയപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടി ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നാണ് യൂസഫ് പഠാനും പാഡഴിക്കുന്നത്. ഇരുവരേയും പ്രിയങ്കരമാക്കിയത് നിർഭയത്വവും പോരാട്ടവീര്യവുമായിരുന്നു. തോൽക്കുമെന്ന് ടീം അംഗങ്ങൾ പോലും കരുതിയ മത്സരങ്ങൾ പോലും ഇരുവരും ചേർന്ന ജയത്തിലെത്തിച്ചത് ഒന്നിലേറെ തവണ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവഡും വി വി എസ് ലക്ഷ്മണും വീരേന്ദർ സേവാഗും യുവരാജ് സിംഗും എം എസ് ധോണിയും ഒക്കെ ഉൾപ്പെട്ട ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിൽ ഓൾറൗണ്ട് മികവിലൂടെ ഇന്ത്യൻ ടീമിന്റെ അഭിഭാജ്യഘടകമായി വർഷങ്ങളോളം ടീമിൽ ഇടം നിലനിൽത്താൻ, ഇന്ത്യൻ ജയങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സാധിച്ചു എന്നിടത്താണ് ഈ രണ്ട് സഹോദരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് പ്രിയപ്പെട്ടവരാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP