Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാമ്പ്യൻ പട്ടം 'ഉലഞ്ഞു പക്ഷേ ഇളകിയില്ല'; രഞ്ജി ട്രോഫി കിരീടം നിലനിർത്തി വിദർഭ; തുല്യ ശക്തികളുടെ പോരാട്ടത്തിൽ സൗരാഷ്ട്രയെ മുട്ടുകുത്തിച്ചത് 78 റൺസിന്; വിദർഭയ്ക്ക് വിജയം സമ്മാനിച്ചത് ആറു വിക്കറ്റ് വീഴ്‌ത്തിയ ആദിത്യ സർവാതെയുടെ പ്രകടനം

ചാമ്പ്യൻ പട്ടം 'ഉലഞ്ഞു പക്ഷേ ഇളകിയില്ല'; രഞ്ജി ട്രോഫി കിരീടം നിലനിർത്തി വിദർഭ; തുല്യ ശക്തികളുടെ പോരാട്ടത്തിൽ സൗരാഷ്ട്രയെ മുട്ടുകുത്തിച്ചത് 78 റൺസിന്; വിദർഭയ്ക്ക് വിജയം സമ്മാനിച്ചത് ആറു വിക്കറ്റ് വീഴ്‌ത്തിയ ആദിത്യ സർവാതെയുടെ പ്രകടനം

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ; രഞ്ജി ട്രോഫി കലാശ കളിയിൽ വിജയം കൈപിടിയിലൊതുക്കി നിലവിലെ ചാമ്പ്യന്മാരായ വിദർഭ. കഴിഞ്ഞ ഒരു വർഷമായി കേട്ടുപരിചയിച്ച 'വിദർഭ' എന്ന നാമത്തിന് ഒരു വർഷം കൂടി ഇളക്കം തട്ടിയില്ല. ആവേശം അവസാന ദിനത്തിലേക്കു നീണ്ട തുല്യ ശക്തികളുടെ പോരാട്ടത്തിൽ സൗരാഷ്ട്രയെ 78 റൺസിനു തകർത്താണ് വിദർഭ രഞ്ജി കിരീടം നിലനിർത്തിയത്.

രണ്ടാം ഇന്നിങ്‌സിൽ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര 58.4 ഓവറിൽ 127 റൺസിനു പുറത്തായി. സാക്ഷാൽ ചേതേശ്വർ പൂജാരയുടേത് അടക്കം നാലാം ദിനം 3 വിക്കറ്റ് നേടിയ ആദിത്യ സർവാതെ ഇന്ന് മൂന്നു വിക്കറ്റുകൾ കൂടി നേടി സൗരാഷ്ട്രയെ ചുരുട്ടുകൂട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് പിഴുത അക്ഷയ് വഖാരെ പൂർണ പിന്തുണ നൽകി. സ്‌കോർ: വിദർഭ 312, 200. സൗരാഷ്ട്ര 307, 127

. 24 ഓവറിൽ 59 റൺസ് വഴങ്ങിയാണ് സർവാതെ രണ്ടാം ഇന്നിങ്‌സിൽ ആറു വിക്കറ്റ് പിഴുതത്. ഒന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേടിയ സർവാതെ മൽസരത്തിലാകെ 11 വിക്കറ്റ് പോക്കറ്റിലാക്കി. രണ്ടാം ഇന്നിങ്‌സിൽ 49 റൺസ് നേടിയ സർവാതെയായിരുന്നു വിദർഭയുടെ ടോപ് സ്‌കോറർ. സർവാതെയാണ് കളിയിലെ കേമനും.

സൗരാഷ്ട്രയുടെ ബാറ്റിങ് പ്രതീക്ഷയായ ചേതേശ്വർ പൂജാര രണ്ടാം ഇന്നിങ്‌സിലും ഒരു റണ്ണുമായി മടങ്ങിയതോടെ വിദർഭയുടെ വിജയപ്രതീക്ഷകൾ പച്ചപിടിക്കുകയായിരുന്നു. 206 റൺസ് ലക്ഷ്യമിട്ടിറങ്ങിയ സൗരാഷ്ട്ര നാലാം ദിവസം കളി അവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റിന് 58 റൺസെന്ന നിലയിലായിരുന്നു. ജയിക്കാൻ അവസാന ദിവസം അവർക്കു 148 റൺസ് കൂടി വേണമായിരുന്നെങ്കിലും 69 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായി. അർധസെഞ്ചുറി നേടിയ വിശ്വരാജ ജഡേജയാണ് വിജയത്തിനായുള്ള വിദർഭയുടെ കാത്തിരിപ്പ് നീട്ടിയത്. ജഡേജ 137 പന്തിൽ ആറു ബൗണ്ടറികളോടെ 52 റൺസെടുത്തു.

ഇന്നലെ രണ്ടാം ഇന്നിങ്‌സിൽ രണ്ടു വിക്കറ്റിന് 55 റൺസുമായി ബാറ്റിങ് തുടർന്ന വിദർഭയ്ക്ക് 147 റൺസിലെത്തിയപ്പോഴേക്ക് 8 വിക്കറ്റ് നഷ്ടമായിരുന്നു. 96 റൺസ് വഴങ്ങി 6 വിക്കറ്റെടുത്ത ധർമേന്ദ്ര ജഡേജയാണ് വിദർഭയുടെ മുൻനിരയ്ക്കു വെല്ലുവിളിയായത്. എന്നാൽ മോഹിത് കാലെ 38 റൺസും എട്ടാം നമ്പരിലെത്തി ആദിത്യ സർവാതെ 49 റൺസും നേടിയതോടെ വിദർഭയുടെ സ്‌കോർ 200 റൺസിലെത്തി. ആദ്യ ഇന്നിങ്‌സിലും മുൻനിരയുടെ തകർച്ചയ്ക്കു ശേഷം വിദർഭയെ രക്ഷിച്ചതു വാലറ്റമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP