Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ രണ്ട് കളിയിലെ മാസമരിക പ്രകടനം സഞ്ജുവിന് നൽകിയത് സൂപ്പർമാൻ പരിവേഷം; ബാറ്റിങ് ഓർഡറിൽ പരീക്ഷണങ്ങൾക്ക് ക്യാപ്ടൻ പോയപ്പോൾ സമ്മർദ്ദം കൂടിയത് മലയാളി താരത്തിന്; ക്രീസിൽ നിലയുറപ്പിച്ച് സ്‌കോർ ഉയർത്തുന്നതിനപ്പുറം ടീമിന്റെ സമ്മർദ്ദം അകറ്റാൻ കൂറ്റൻ അടികൾക്ക് മുതിരുന്നത് വിനയാകുന്നു; സഞ്ജുവിന് ഇത് നിരാശയുടെ നാലാം മത്സരം; ഭാഗ്യം എത്തുന്ന ഷാർജയിലും മിസ് ഹിറ്റ്; ഇനിയുള്ള മത്സരം സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും അതിനിർണ്ണായകം

ആദ്യ രണ്ട് കളിയിലെ മാസമരിക പ്രകടനം സഞ്ജുവിന് നൽകിയത് സൂപ്പർമാൻ പരിവേഷം; ബാറ്റിങ് ഓർഡറിൽ പരീക്ഷണങ്ങൾക്ക് ക്യാപ്ടൻ പോയപ്പോൾ സമ്മർദ്ദം കൂടിയത് മലയാളി താരത്തിന്; ക്രീസിൽ നിലയുറപ്പിച്ച് സ്‌കോർ ഉയർത്തുന്നതിനപ്പുറം ടീമിന്റെ സമ്മർദ്ദം അകറ്റാൻ കൂറ്റൻ അടികൾക്ക് മുതിരുന്നത് വിനയാകുന്നു; സഞ്ജുവിന് ഇത് നിരാശയുടെ നാലാം മത്സരം; ഭാഗ്യം എത്തുന്ന ഷാർജയിലും മിസ് ഹിറ്റ്; ഇനിയുള്ള മത്സരം സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും അതിനിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ആദ്യ രണ്ട് കളിയിൽ ഉജ്ജ്വല പെർഫോർമൻസ്. സഞ്ജുവിന്റെ ചിറകിൽ രാജസ്ഥാൻ വിജയ കുതിപ്പ് തുടങ്ങി. പക്ഷേ ഇന്ന് അതെല്ലാം മാറുകയാണ്. ഐപിഎൽ 13ാം സീസണിൽ രാജസ്ഥാൻ റോയൽസ് തുടർച്ചയായി നാല് കളികളിൽ തോറ്റും.

ഡൽഹി ക്യാപിറ്റൽസിന്റെ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്‌സ് 19.4 ഓവറിൽ 138 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്ത ആർ.അശ്വിന്റെ പ്രകടനം ഡൽഹിയുടെ വിജയത്തിൽ നിർണായകമായി. തുടർച്ചയായ നാലാം മത്സരത്തിലും മലയാളിതാരം സഞ്ജു സാംസൺ തിളങ്ങിയില്ല. തുടർച്ചയായ മൂന്നാം ജയത്തോട ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമതായി.

ആദ്യം ബാറ്റു ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെടുത്തത്. ടോസ് നേടിയ രാജസ്ഥാൻ ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ, കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഓപ്പണർ ജോസ് ബട്ലറുടെ (8 പന്തിൽ 13) വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ അശ്വിൻ ബട്ലറിനെ ശിഖർ ധവാന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നീട് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും (17 പന്തിൽ 24), യശ്വസി ജയ്സ്വാളും (36 പന്തിൽ 34) ഇന്നിങ്‌സ് മുൻപോട്ടുകൊണ്ടുപോയി. എന്നാൽ 9ാം ഓവറിൽ സ്മിത്ത് പുറത്തായി. പിന്നീടെത്തിയ സഞ്ജു സാംസാൺ വീണ്ടും നിരാശപ്പെടുത്തി.

ബാറ്റിങ് ഓർഡറിലെ മാറ്റങ്ങൾ രാജസ്ഥാനെ പ്രതികൂലമായി ബാധിച്ചു. ഓപ്പണറായി പുതിയ പരീക്ഷണങ്ങൾ. ജയ്‌സ്വാളിന്റെ ഓപ്പണിങ് സ്‌പോട്ടിലെ വേഗത കുറഞ്ഞ തുടക്കം സഞ്ജു അടക്കമുള്ളവർക്ക് സമ്മർദ്ദം നൽകി. കൂറ്റനടികളിലൂടെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു. കഴിഞ്ഞ നാലു കളികളിലും സഞ്ജുവിന്റെ മടക്കം മോശം ഷോട്ടിലൂടെയായിരുന്നു. ആദ്യ പെർഫോർമൻസുകളിലൂടെ ടീമിലെ സൂപ്പർ താരമായ സഞ്ജുവിന് സമ്മർദ്ദത്തെ അതിജീവിക്കാനാകുന്നില്ല. ക്രീസിൽ നിലയറുപ്പിച്ച് കളിക്കുന്നതിനെക്കാൾ കൂറ്റനടികളിലൂടെ ടീമിന്റെ സമ്മർദ്ദം കുറയ്ക്കാനാണ് സഞ്ജുവിന്റെ ശ്രമം.

സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശാൻ താരത്തിന് കഴിഞ്ഞില്ല. നേരത്തെ ഷാർജയിൽ നടന്ന രണ്ടു മത്സരങ്ങളിലും രാജസ്ഥാന്റെ ടോപ് സ്‌കോററായ സഞ്ജു ഇത്തവണ 9 പന്തിൽ 5 റൺസുമായി മടങ്ങി. സ്റ്റോയിനിസിനാണ് വിക്കറ്റ്. ഷാർജയിലെ ഭാഗ്യ ഗ്രൗണ്ടിൽ സഞ്ജു തകർക്കുമെന്ന് കരുതിയവർ നിരാശരായി. ഇനിയുള്ള മത്സരങ്ങൾ സഞ്ജുവിനും രാജസ്ഥാനും നിർണ്ണായകമാണ്. സഞ്ജു ഫോമിലേക്ക് ഉയർന്നാൽ മാത്രമേ രാജസ്ഥാന് വിജയ വഴിയിൽ മടങ്ങിയെത്താൻ കഴിയൂവെന്ന വിലയിരുത്തലും ശക്തം. ഇന്ത്യൻ ടീമിലെ സ്ഥിര സ്ഥാനത്തിന് ഐപിഎല്ലിലെ സ്ഥിരതയ്യാർന്ന പോരാട്ട മികവും മലയാളി താരത്തിന് ആവശ്യമാണ്.

18ാം ഓവറിൽ ഹെറ്റ്മയർ ഉഗ്രൻ ക്യാച്ചിലൂടെ ശ്രേയസ് ഗോപാലും (2 പന്തിൽ 2) പുറത്തായി. രാഹുൽ തെവാത്തിയ (29 പന്തിൽ 38) പൊരുതിയെങ്കിലും 19 ഓവറിൽ പുറത്തായി. ഇതിന് മുൻപ് രാജസ്ഥാൻ ഷാർജയിൽ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ആന്റിച്ച് നോർട്യയുടെ നേരിട്ട ആദ്യ പന്തിൽ തന്നെ ശക്തമായ അപ്പീൽ അതിജീവിച്ച സഞ്ജു ആദ്യം സിംഗിളുകളിലൂടെ ക്രീസിൽ നിലയുറപ്പിക്കാനാണ്ണ ശ്രമിച്ചത്. എന്നാൽ സ്റ്റോയിനസിനെ യശസ്വി ജയ്സ്വാൾ സിക്‌സിന് പറത്തിയതിന് പിന്നാലെ സഞ്ജുവും സിക്സറിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. സഞ്ജുവിന്റെ ഷോട്ട് ഉയർന്നു പൊങ്ങിയെങ്കിലും ഷോട്ട് മിഡ് വിക്കറ്റിൽ ഹെറ്റ്‌മെയറുടെ കൈകളിലൊതുങ്ങി. ഒമ്പത് പന്തിൽ അഞ്ച് റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

ഷാർജയിൽ ഡൽഹി ക്യാപിറ്റൽസിനെ 200ന് താഴെ തളക്കാനായെങ്കിലും ബാറ്റിംഗിനിറങ്ങിയപ്പോൾ ഡൽഹി ബൗളർമാരും അതേനാണയത്തിൽ തിരിച്ചടിച്ചു. രാജസ്ഥാന്റെ പ്രതീക്ഷയായ ജോസ് ബട്ട്ലറെ തുടക്കത്തിൽ നഷ്ടമായതിന് പിന്നാലെ സ്റ്റീവ് സ്മിത്തിനെയും രാജസ്ഥാന് നഷ്ടമായി.ഇതിനുപിന്നാലെയാണ് രാജസ്ഥാന്റെ പ്രതീക്ഷയായ സഞ്ജുവും വീണത്. ശരിക്കും കഴിഞ്ഞ സീസണുകളിലെ ഐ പി എല്ലുകളിലെല്ലാം സഞ്ജുവിന്റെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനം മികച്ചതാവാറുണ്ട്.

പിന്നീടാണ് തുടർച്ചയായ പരാജയങ്ങൾ സഞ്ജുവിനെ പിടികൂടാറുള്ളത്. അതു തന്നെ ഈ സീസണിലും ആവർത്തിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP