Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈദരാബാദിന് മേൽ പത്ത് റൺസിന്റെ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ്; 164 റൺസ് എടുത്ത ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത് മലയാളി താരം ദേവദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്‌സിന്റെയും അർദ്ധ സെഞ്ചറികൾ: ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി താരമായി യുസ്‌വേന്ദ്ര ചെഹൽ

ഹൈദരാബാദിന് മേൽ പത്ത് റൺസിന്റെ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ്; 164 റൺസ് എടുത്ത ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത് മലയാളി താരം ദേവദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്‌സിന്റെയും അർദ്ധ സെഞ്ചറികൾ: ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി താരമായി യുസ്‌വേന്ദ്ര ചെഹൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ദുബായ്: തിങ്കളാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 10 റൺസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ റോയൽ ചാലഞ്ചേഴ്‌സ് ഉയർത്തിയ 164 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ്് 19.4 ഓവറിൽ 153 റൺസെടുത്ത് ഓൾ ഔട്ടായി. റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി മലയാളി താരം ദേവദത്ത് പടിക്കലും എ ബി ഡി വില്ലിയേഴ്‌സും നേടിയ അർദ്ധ സെഞ്ച്വറികളാണ് റോയൽ ചലഞ്ചേഴ്‌സിനെ വിജയത്തിലെത്തിച്ചത്. ഹൈദരാബാദിനായി ജോണി ബെയർ‌സ്റ്റോ അർധസെഞ്ചുറി നേടിയെങ്കിലും മധ്യനിരയും വാലറ്റവും അപ്പാടെ തകർന്നു കളിയുടെ ഗതി തന്നെ മാറി മറിയുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ മികവിൽ ഒരു ഘട്ടത്തിൽ മികച്ച നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് കളി കൈവിടുകയായിരുന്നു. യൂസ്വേന്ദ്ര ചാഹലിന്റെ സ്പെല്ലാണ് കളി ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചെഹൽ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി.

ഒരു ഘട്ടത്തിൽ 15 ഓവറിൽ രണ്ടിന് 121 റൺസെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 18 റൺസിൽ ഡേവിഡ് വാർണറെ നഷ്ടമായ ശേഷം ഒന്നിച്ച ബെയർസ്റ്റോ - മനീഷ് പാണ്ഡെ സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്സിനെ താങ്ങിനിർത്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്ത് നേരിട്ട് ഒരു സിക്സും മൂന്നു ഫോറുമടക്കം 34 റൺസെടുത്ത പാണ്ഡെയെ മടക്കിയ യൂസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അർധ സെഞ്ചുറി നേടിയ ബെയർസ്റ്റോ 16-ാം ഓവറിൽ മടങ്ങിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. ചാഹലിന് തന്നെയായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തിൽ ചാഹൽ വിജയ് ശങ്കറെയും (0) മടക്കി. ദുബെയുടെ പന്തിൽ മോശം ഷോട്ട് കളിച്ച പ്രിയം ഗാർഗിനും (12) കാര്യമായ സംഭാവന നൽകാനായില്ല. പിന്നാലെ തുടരെ വിക്കറ്റുകൾ വീണു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ചാലഞ്ചേഴ്‌സ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ദേവ്ദത്ത് പടിക്കലിന്റെയും എ ബി ഡി വില്ലിയേഴ്‌സിന്റെയും അർധ സെഞ്ചുറികളാണ് ബാംഗ്ലൂരിനെ മെച്ചപ്പെട്ട സ്‌കോറിലേക്കു നയിച്ചത്. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും ദേവ്ദത്ത് പടിക്കലിനു കളിക്കാൻ സാധിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ ഫോമാണ് ആദ്യ മത്സരത്തിൽ തന്നെ കർണാടകയുടെ മലയാളി യുവതാരത്തിന് അവസരം നൽകാൻ കോലിയെ പ്രേരിപ്പിച്ചത്. കാത്തുനിന്ന് കിട്ടിയ അവസരം ദേവ്ദത്ത് പാഴാക്കിയില്ല. തുടക്കം മുതൽ അടിച്ചു കളിച്ച ദേവ്ദത്ത് 42 പന്തിൽ 56 റൺസെടുത്താണു പുറത്തായത്. ഈ 20കാരൻ നേടിയതാകട്ടെ എട്ട് ബൗണ്ടറികൾ.

അർധസെഞ്ചുറിക്കു പിന്നാലെ വിജയ് ശങ്കറിന്റെ പന്തിൽ ദേവ്ദത്ത് ബൗൾഡാകുകയായിരുന്നു. ദേവ്ദത്തിന് മികച്ച പിന്തുണ നൽകി കളിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആരൺ ഫിഞ്ചും പിന്നാലെ മടങ്ങി. 27 പന്തിൽ 29 റൺസെടുത്ത ഫിഞ്ച് സ്പിന്നർ അഭിഷേക് ശർമയുടെ പന്തിൽ എൽബിഡബ്ല്യു ആയി. കോലിക്ക് മെച്ചപ്പെട്ട സ്‌കോർ കണ്ടെത്താൻ സാധിച്ചില്ല. താരം നേടിയത് 13 പന്തിൽ 14 റൺസ്. മൂന്നാം വിക്കറ്റും വീണതോടെ മികച്ച സ്‌കോറിലേക്ക് ബാംഗ്ലൂരിനെ നയിക്കുകയെന്നത് വെറ്ററൻ താരം എബി ഡി വില്ലിയേഴ്‌സിന്റെ ചുമതലയായി. നാലു ഫോറുകളും രണ്ട് സിക്‌സും പറത്തിയ ഡി വില്ലിയേഴ്‌സ് 30 പന്തിൽ 51 റൺസെടുത്തു. സ്‌കോർ 162 ൽ നിൽക്കെ താരം റണ്ണൗട്ടാകുകയായിരുന്നു. ജോഷ് ഫിലിപ്പും ശിവം ദുബെയും തമ്മിൽ റണ്ണിങ്ങിനിടെയുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് ഹൈദരാബാദ് കീപ്പർ ബെയർ‌സ്റ്റോ ദുബെയെ റണ്ണൗട്ടാക്കി. ബാംഗ്ലൂരിനായി നാല് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ചാഹൽ ബൗളിങ്ങിൽ തിളങ്ങി. നവ്ദീപ് സെയ്നി, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. കൈവിട്ട മത്സരം ബൗളർമാരുടെ മികവിൽ ബാംഗ്ലൂർ തിരിച്ചുപിടിക്കുകയായിരുന്നു. ചാഹൽ തന്നെയാണ് കളിയിലെ താരവും.

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഡേവിഡ് വാർണറെ നഷ്ടപ്പെട്ടുകൊണ്ടായിരുന്നു സൺറൈസേഴ്‌സിന്റെ തുടക്കം. ആറ് പന്തുകളിൽ ആറ് റൺസെടുത്ത വാർണർ രണ്ടാം ഓവറിൽ റണ്ണൗട്ടായി. എന്നാൽ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ജോണി ബെയർ‌സ്റ്റോ ഹൈദരാബാദ് സ്‌കോർ ഉയർത്തി. രണ്ടാം വിക്കറ്റിൽ 6.2 ഓവറിൽ 50 റൺസ് പിന്നിട്ടു. സ്‌കോർ 89 ൽ നിൽക്കെ 33 പന്തിൽ 34 റൺസെടുത്ത മനീഷ് പാണ്ഡെ മടങ്ങി. യുസ്‌വേന്ദ്ര ചെഹലിന്റെ പന്തിൽ നവ്ദീപ് സെയ്‌നി ക്യാച്ചെടുത്താണ് പാണ്ഡെയെ പുറത്താക്കിയത്.

ആറ് ഫോറും രണ്ട് സിക്‌സും നേടി അർധസെഞ്ചുറി പിന്നിട്ട ബെയർ‌സ്റ്റോ ചെഹലിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. 43 പന്തിൽ 61 റൺസാണു താരം നേടിയത്. വിജയ് ശങ്കറും റണ്ണൊന്നുമെടുക്കാൻ സാധിക്കാതെ ചെഹലിന് മുന്നിൽ വീണു. 121 റൺസിൽ തന്നെ അഞ്ചാം വിക്കറ്റും നഷ്ടമായതോടെ സൺറൈസേഴ്‌സ് പ്രതിസന്ധിയിലായി. 13 പന്തിൽ 12 റൺസെടുത്ത പ്രിയം ഗാർഗിനെ ശിവം ദുബെ ബൗൾഡാക്കി. സ്‌കോർ 135ൽ നിൽക്കെ 7 റൺസെടുത്ത അഭിഷേക് ശർമ റണ്ണൗട്ടായി. റണ്ണിനായുള്ള ഓട്ടത്തിനിടെ അഭിഷേക് ശർമയുമായി കൂട്ടിയിടിച്ച് അഫ്ഗാൻ താരം റാഷിദ് ഖാൻ പരുക്കേറ്റു വീണു.

ഭുവനേശ്വർ കുമാറിനും റാഷിദ് ഖാനും ബാറ്റിങ്ങിൽ പ്രത്യേകിച്ചൊന്നും ചെയ്യാതെ മടങ്ങി. ബോളിങ്ങിനിടെ പരുക്കേറ്റിട്ടും അവസാന ഓവറുകളിൽ ബാറ്റ് ചെയ്യാനെത്തിയ മിച്ചൽ മാർഷനും സന്ദീപ് ശർമയെയും കോലിയുടെ ക്യാച്ചിൽ മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP