Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക് മണ്ണിൽ പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞ് സിംബാബ്‌വെ; 98ന് ശേഷം പാക്കിസ്ഥാനിൽ നേടുന്ന ആദ്യ വിജയം: കളിയിൽ അഞ്ചും സൂപ്പർ ഓവറിൽ രണ്ടും വിക്കറ്റും വീഴ്‌ത്തി താരമായി ബ്ലെസിങ് മുസറബാനി

പാക് മണ്ണിൽ പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞ് സിംബാബ്‌വെ; 98ന് ശേഷം പാക്കിസ്ഥാനിൽ നേടുന്ന ആദ്യ വിജയം: കളിയിൽ അഞ്ചും സൂപ്പർ ഓവറിൽ രണ്ടും വിക്കറ്റും വീഴ്‌ത്തി താരമായി ബ്ലെസിങ് മുസറബാനി

സ്വന്തം ലേഖകൻ

റാവൽപിണ്ടി: പരമ്പര പാക്കിസ്ഥാനെന്ന് ഉറപ്പായിട്ടും ആവേശം കൈവിടാതെ കളിച്ച സിംബാബ്വെയ്ക്ക് പാക്ക് മണ്ണിലൊരു തകർപ്പൻ വിജയം. ആവേശം സൂപ്പർ ഓവറോളം നീണ്ട മത്സരത്തിലാണ് സിംബാബ്വെ പാക്കിസ്ഥാനെ തകർത്തെറിഞ്ഞത്. ഈ നൂറ്റാണ്ടിൽ പാക്ക് മണ്ണിൽ സിംബാബ്‌വെയുടെ ആദ്യ ഏകദിന വിജയമാണിത്. 1998 നവംബറിലാണ് ഇതിനു മുൻപ് അവർ ഇവിടെ ജയിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെ നിശ്ചിത 50 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്. പാക്കിസ്ഥാന്റെ സ്‌കോറും 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 278 റൺസിൽ അവസാനിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്.

ക്യാപ്റ്റൻ ബാബർ അസമിന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ മുന്നേറിയ പാക്കിസ്ഥാനെ കളിയിൽ അഞ്ച് വിക്കറ്റും സൂപ്പർ ഓവറിൽ രണ്ട് വിക്കറ്റും വീഴ്‌ത്തിയ സിംബാവേയുടെ പേസ് ബോളർ ബ്ലെസിങ് മുസറബാനിയാണ് പൊളിച്ചടുക്കിയത്. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച പാക്കിസ്ഥാൻ പരമ്പര സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിലും വിജയത്തിന്റെ വക്കിൽനിന്നാണ് സിംബാബ്‌വെ തോൽവിയിലേക്ക് വഴുതിയത്.

279 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് അവസാന രണ്ട് ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് വെറും 20 റൺസാണ്. കൈവശമുണ്ടായിരുന്നത് മൂന്നു വിക്കറ്റും. മുസറബാനി എറിഞ്ഞ 49ാം ഓവറിലെ രണ്ടാം പന്തിൽ സിക്‌സർ നേടിയ ബാബർ അസം വിജയലക്ഷ്യം 10 പന്തിൽ 14 ആക്കി കുറച്ചു. എന്നാൽ, ഈ ഓവറിലെ അഞ്ചും ആറും പന്തുകളിലായി ഷഹീൻ അഫ്രീദി (അഞ്ച് പന്തിൽ രണ്ട്), ബാബർ അസം (125 പന്തിൽ 125) എന്നിവരെ പുറത്താക്കിയാണ് മുസറബാനി സിംബാബ്‌വെയെ കാത്തത്. നഗറാവ എറിഞ്ഞ അവസാന ഓവറിൽ ഒരു വിക്കറ്റ് കയ്യിലിരിക്കെ പാക്കിസ്ഥാന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 12 റൺസ്. മുഹമ്മദ് മൂസ ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും ബൗണ്ടറി നേടിയെങ്കിലും സ്‌കോർ ഒപ്പമെത്തിക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ അനിവാര്യമായത്.

എന്നാൽ സൂപ്പർ ഓവർ പാക്കിസ്ഥാന്് വൻ ദുരന്തമായി. സിബാബ്വെയ്ക്കായി സൂപ്പർ ഓവർ എറിഞ്ഞ മുസർബാനി വെറും നാലു പന്തിന്റെ ഇടവേളയിൽ രണ്ടു വിക്കറ്റെടുത്താണ് പാക്കിസ്ഥാനെ നാണംകെടുത്തിയത്. ആദ്യ പന്തിൽത്തന്നെ ഇഫ്തിഖർ അഹമ്മദിനെ ക്രെയ്ഗ് എർവിന്റെ കൈകളിലെത്തിച്ച മുസറബാനി, നാലാം പന്തിൽ ഖുർഷിദിനെ ക്ലീൻ ബൗൾഡാക്കി സൂപ്പർ ഓവറിന് വിരാമമിട്ടു. ഇടയ്ക്കു നേരിട്ട രണ്ട് പന്തുകളിൽ നേടിയ രണ്ട് സിംഗിളിലൊതുങ്ങി പാക്കിസ്ഥാന്റെ സൂപ്പർ ഓവർ സമ്പാദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP