Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റൂട്ടിനും ലീച്ചിനും മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; ഒന്നാം ഇന്നിങ്‌സിൽ 145 റൺസിന് പുറത്ത്; 8 റൺസിന് റൂട്ട് പിഴുതത് 5 വിക്കറ്റ്; തിരിച്ചടിച്ച് അക്ഷർ; ആദ്യ ഓവറിൽ സാക് ക്രൗളിയും ബെയർസ്‌റ്റോയും പുറത്ത്

റൂട്ടിനും ലീച്ചിനും മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; ഒന്നാം ഇന്നിങ്‌സിൽ 145 റൺസിന് പുറത്ത്; 8 റൺസിന് റൂട്ട് പിഴുതത് 5 വിക്കറ്റ്; തിരിച്ചടിച്ച് അക്ഷർ; ആദ്യ ഓവറിൽ സാക് ക്രൗളിയും ബെയർസ്‌റ്റോയും പുറത്ത്

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 145 റൺസിന് പുറത്ത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 റൺസെന്ന നിലയിൽ മികച്ച ലീഡ് ലക്ഷ്യമിട്ട് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വെറും 46 റൺസിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും നഷ്ടമായി. ഒന്നാം ഇന്നിങ്‌സിൽ വെറും 33 റൺസ് ലീഡ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തിരിച്ചടിയേറ്റു. അക്ഷർ പട്ടേലിന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ സാക് ക്രൗളി ബൗൾഡായി. മൂന്നാം പന്തിൽ ജോണി ബെയർ സ്‌റ്റോയെയും പട്ടേൽ ക്ലീൻ ബൗൾ ചെയ്തു. ജോ റൂട്ടും സിബ്ലിയുമാണ് ക്രീസിൽ

ഇന്ത്യ 53.2 ഓവറിൽ 145 റൺസിന് പുറത്തായി 6.2 ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ടിന്റെ പാർട്ട് ടൈം സ്പിന്നിനു മുന്നിലാണ് ഇന്ത്യ രണ്ടാം ദിനത്തിൽ തകർന്നത്. സ്‌പെഷലിസ്റ്റ് സ്പിന്നർ ജാക്ക് ലീച്ച് 20 ഓവറിൽ 54 റൺസ് വഴങ്ങി നാലു വിക്കറ്റും വീഴ്‌ത്തി. റൂട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്.



സ്പിന്നർമാരെ അതിരറ്റ് തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് നാലു പേർ മാത്രം. ഓപ്പണർ രോഹിത് ശർമ (96 പന്തിൽ 66), ക്യാപ്റ്റൻ വിരാട് കോലി (58 പന്തിൽ 27), രവിചന്ദ്രൻ അശ്വിൻ (32 പന്തിൽ 17), ഇഷാന്ത് ശർമ (20 പന്തിൽ പുറത്താകാതെ 10) എന്നിവരാണ് രണ്ടക്കം കണ്ടത്. അജിൻക്യ രഹാനെ (25 പന്തിൽ ഏഴ്), ഋഷഭ് പന്ത് (ഒന്ന്), വാഷിങ്ടൻ സുന്ദർ (0), അക്ഷർ പട്ടേൽ (0), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 112 റൺസിന് പുറത്തായിരുന്നു. 

ആദ്യ ദിനം ഇന്ത്യയ്ക്ക് ശുഭ്മാൻ ഗിൽ, വിരാട് കോലി, ചേതേശ്വർ പൂജാര എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. 99 ന് മൂന്ന് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 

സ്‌കോർ 114-ൽ നിൽക്കേ രഹാനെയെ പുറത്താക്കി ഇംഗ്ലണ്ട് രണ്ടാം ദിനത്തിലെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. ഏഴുറൺസെടുത്ത താരത്തെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടുപിന്നാലെ രോഹിത്തിനെയും പുറത്താക്കി ലീച്ച് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു.സ്വീപ് ഷോട്ടിന് ശ്രമിച്ച താരത്തെ ലീച്ച് വിക്കറ്റിന് മുന്നിൽ കുടുക്കി. 96 പന്തുകളിൽ നിന്നും 11 ബൗണ്ടറികളുടെ അകമ്പടിയോടെ 66 റൺസ് നേടിയശേഷമാണ് രോഹിത് ക്രീസ് വിട്ടത്.

പിന്നാലെയെത്തിയ ഋഷഭ് പന്തിനും അധികം പിടിച്ചു നിൽക്കാനായില്ല. ഒരേയൊരു സ്‌പെഷലിസ്റ്റ് സ്പിന്നറുമായി കളത്തിലിറങ്ങിയതിന്റെ വിഷമം ഇംഗ്ലണ്ട് മറന്നത് റൂട്ടിന്റെ പാർട്ട് ടൈം സ്പിന്നിലാണ്. വെറും 17 റൺസിന്റെ ഇടവേളയിൽ നാല് ഇന്ത്യൻ താരങ്ങളെയാണ് റൂട്ട് പറഞ്ഞയച്ചത്. ആദ്യം ഋഷഭ് പന്തിനെ (എട്ടു പന്തിൽ ഒന്ന്) ഫോക്‌സിന്റെ കൈകളിലെത്തിച്ചു. പിന്നാലെ വാഷിങ്ടൻ സുന്ദറിനെ (0) ക്ലീൻ ബൗൾഡാക്കി. അതേ സ്‌കോറിൽ അക്‌സർ പട്ടേലിനെ (0) സിബ്‌ലിയുടെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യ 125 ന് എട്ട് എന്ന ദയനീയമായ നിലയിലെത്തി.

പിന്നീട് ക്രീസിലെത്തിയ അശ്വിൻ ഒറ്റയാൾ പോരാട്ടത്തിലൂടെ സ്‌കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ ഇന്ത്യൻ സ്‌കോർ 134-ൽ നിൽക്കേ 17 റൺസെടുത്ത അശ്വിനെ പുറത്താക്കി റൂട്ട് മത്സരത്തിലെ നാലാം വിക്കറ്റ് വീഴ്‌ത്തി. അശ്വിൻ ഉയർത്തിയടിച്ച പന്ത് ക്രോളി അനായാസം കൈയിലൊതുക്കി. ഇതോടെ ഇന്ത്യ 134 ന് 9 എന്ന നിലയിലേക്ക് വീണു. പിന്നാലെയെത്തിയ ബുംറയെ കൂട്ടുപിടിച്ച് ഇഷാന്ത് റൺസ് നേടാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോർ 145-ൽ എത്തിച്ചു. എന്നാൽ ഒരു റൺസെടുത്ത ബുംറയെ വിക്കറ്റിന് മുന്നിൽ കുടുക്കി ജോ റൂട്ട് മത്സരത്തിലെ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. 10 റൺസെടുത്ത ഇഷാന്ത് പുറത്താവാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP