Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ നിലയുറപ്പിച്ച് ഇംഗ്ലണ്ട്; നായകൻ ജോ റൂട്ടിന് സെഞ്ചുറി; സിബ്‌ലിക്ക് അർധ സെഞ്ചുറി; ആദ്യ ദിനം മൂന്നു വിക്കറ്റിന് 263 റൺസ് എന്ന നിലയിൽ

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ നിലയുറപ്പിച്ച് ഇംഗ്ലണ്ട്; നായകൻ ജോ റൂട്ടിന് സെഞ്ചുറി; സിബ്‌ലിക്ക് അർധ സെഞ്ചുറി; ആദ്യ ദിനം മൂന്നു വിക്കറ്റിന് 263 റൺസ് എന്ന നിലയിൽ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം നിലയുറപ്പിച്ച് ഇംഗ്ലണ്ട്. ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ നായകൻ ജോ റൂട്ടിന്റെയും അർധസെഞ്ചുറി നേടിയ ഓപ്പണർ ഡോം സിബ്ലിയുടെയും തകർപ്പൻ ബാറ്റിങ്ങാണ് മികച്ച സ്‌കോർ ആദ്യദിനത്തിൽ പടുത്തുയർത്താൻ ഇംഗ്ലണ്ടിന് തുണയായത്.

197 പന്തുകളിൽനിന്നു 14 ബൗണ്ടറികളുടെ സഹായത്തോടെ 128 റൺസെടുത്ത ജോ റൂട്ട് പുറത്താവാതെ നിൽക്കുന്നു. കരിയറിലെ 100-ാം ടെസ്റ്റ് മത്സരത്തിൽ ശതകം നേടി മത്സരം അവിസ്മരണീയമാക്കാൻ റൂട്ടിന് സാധിച്ചു. 164 പന്തുകളിൽനിന്നാണ് റൂട്ട് സെഞ്ചുറി തികച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ റോറി ബേൺസും ഡോം സിബ്ലിയും ചേർന്ന് നൽകിയത്. ഇന്ത്യൻ ബൗളർമാരെ ക്ഷമയോടെ നേരിട്ട ഇരുവരും ആദ്യ വിക്കറ്റിൽ 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ, ഈ കൂട്ടുകെട്ട് ആർ.അശ്വിനാണ് പൊളിച്ചത്.
33 റൺസെടുത്ത ഓപ്പണർ റോറി ബേൺസിനെയാണ് അശ്വിൻ പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പിടിച്ചാണ് ബേൺസ് പുറത്തായത്.

തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡാൻ ലോറൻസ് അക്കൗണ്ട് തുറക്കുംമുൻപ് ക്രീസ് വിട്ടു. റൺസൊന്നും എടുക്കാത്ത ലോറൻസിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ 63-ന് രണ്ട് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു. നായകൻ ജോ റൂട്ട് ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് ഉണർന്നു.

സിബ്ലിക്കൊപ്പം സൂക്ഷിച്ച് കളിച്ച റൂട്ട് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. ഇതിനിടെ സിബ്ലി അർധസെഞ്ചുറി നേടി. 160 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെ സഹായത്തോടെയാണ് സിബ്ലി അർധശതകം പൂർത്തിയാക്കിയത്. സിബ്ലിയുടെ കരിയറിലെ നാലാം അർധശതകമാണിത്.

അധികം വൈകാതെ നായകൻ ജോ റൂട്ടും അർധസെഞ്ചുറി നേടി. 110 പന്തുകളിൽ നിന്നാണ് റൂട്ട് അർധശതകം പൂർത്തിയാക്കിയത്. ശ്രീലങ്കയ്ക്കെതിരേ പുറത്തെടുത്ത മികവ് ഇന്ത്യയ്ക്കെതിരേയും റൂട്ട് പ്രകടിപ്പിച്ചതോടെ ഇന്ത്യൻ ബൗളർമാർ വെള്ളം കുടിച്ചു. റൂട്ട്-സിബ്ലി സഖ്യത്തെ പുറത്താക്കാൻ നായകൻ കോലി ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. അർധസെഞ്ചുറി നേടിയ ശേഷം റൂട്ട് സ്‌കോർ വേഗത്തിലാക്കാൻ ശ്രമിച്ചപ്പോൾ സിബ്ലി അതിന് പൂർണ പിന്തുണയേകി.

അനായാസം റൺസ് നേടി റൂട്ട് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. വൈകാതെ കരിയറിലെ 20-ാം സെഞ്ചുറിയും സ്വന്തമാക്കി. 164 പന്തുകളിൽനിന്നു 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് റൂട്ട് സെഞ്ചുറിയിലെത്തിയത്. റൂട്ടിന്റെ തുടർച്ചയായ മൂന്നാം ശതകമാണിത്. കഴിഞ്ഞ രണ്ട് ഇന്നിങ്സുകളിൽ ശ്രീലങ്കയ്ക്കെതിരേ സെഞ്ചുറി നേടിയിരുന്നു. 228, 186 എന്നിങ്ങനെയായിരുന്നു റൂട്ടിന്റെ സ്‌കോറുകൾ.



പിന്നാലെ റൂട്ടും സിബ്ലിയും ചേർന്ന് സ്‌കോർ 250 കടത്തി. എന്നാൽ ആദ്യദിനത്തിലെ അവസാന ഓവറിൽ ഡോം സിബ്ലിയെ പുറത്താക്കി ബുംറ നേരിയ ആശ്വാസം ഇന്ത്യൻ ക്യാമ്പിൽ പകർന്നു. 286 പന്തുകളിൽ നിന്നും 12 ബൗണ്ടറികളുടെ സഹായത്തോടെ 87 റൺസെടുത്ത താരത്തെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. വിക്കറ്റ് വീണതോടെ ആദ്യ ദിനത്തിലെ നിർത്തി. ഇന്ത്യയ്ക്കായി ആദ്യ ദിനം ബുമ്ര രണ്ട് വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും വീഴ്‌ത്തി. പരുക്കേറ്റ അക്‌സർ പട്ടേൽ ആദ്യ ടെസ്റ്റിൽ കളിക്കുന്നില്ല. പകരം ഝാർഖണ്ഡിൽനിന്നുള്ള സ്പിന്നർ ഷഹബാസ് നദീമാണ് കളിക്കാനിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP