Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്നിയങ്കത്തിൽ അർധസെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ച് മലയാളി താരം; ദേവദത്ത് പടിക്കൽ അരങ്ങേറ്റം ഗംഭീരമാക്കിയത് വിരാട് കോലിയേയും എ.ബി. ഡിവില്ലിയേഴ്‌സിനേയും ആരോൺ ഫിഞ്ചിനേയും സാക്ഷിയാക്കി; ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 അരങ്ങേറ്റങ്ങൾക്കു പിന്നാലെ ഐപിഎൽ അരങ്ങേറ്റത്തിലും അർധസെഞ്ചുറി നേടി റെക്കോർഡ് ഇട്ട് നിലമ്പൂർ സ്വദേശി ദേവദത്ത് പടിക്കൽ

കന്നിയങ്കത്തിൽ അർധസെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ച് മലയാളി താരം; ദേവദത്ത് പടിക്കൽ അരങ്ങേറ്റം ഗംഭീരമാക്കിയത് വിരാട് കോലിയേയും എ.ബി. ഡിവില്ലിയേഴ്‌സിനേയും ആരോൺ ഫിഞ്ചിനേയും സാക്ഷിയാക്കി; ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 അരങ്ങേറ്റങ്ങൾക്കു പിന്നാലെ ഐപിഎൽ അരങ്ങേറ്റത്തിലും അർധസെഞ്ചുറി നേടി റെക്കോർഡ് ഇട്ട് നിലമ്പൂർ സ്വദേശി ദേവദത്ത് പടിക്കൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഐപിഎല്ലിലെ കന്നിയങ്കത്തിൽ താരമായി ബെംഗളൂരു മലയാളി ദേവ്ദത്ത് പടിക്കൽ. 13-ാം സീസണിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരത്തിൽ ഓപ്പണറായി കളത്തിലിറങ്ങിയ ദേവ്ദത്ത് പടിക്കൽ ടീമിനെ വിജയത്തിലെത്തിച്ച തകർപ്പൻ അർധസെഞ്ചുറി നേടിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. വിരാട് കോലിയും എ.ബി. ഡിവില്ലിയേഴ്‌സും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഉൾപ്പെട്ട സൂപ്പർതാര നിരയ്‌ക്കൊപ്പമായിരുന്നു ഈ 20കാരന്റെ ഐപിഎൽ അരങ്ങേറ്റം. പ്രായം കൊണ്ട് താൻ ചെറുപ്പമെങ്കിലും കളികൊണ്ട് താൻ സീനിയേഴ്‌സിനൊപ്പം എന്ന് തെളിയിക്കുന്നതായിരുന്നു ദേവദത്തിന്റെ പ്രകടനം.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ വിജയത്തിലെത്തിച്ച മത്സരത്തിൽ 42 പന്തിൽ എട്ടു ഫോറുകൾ സഹിതം 57 റൺസാണ് ദേവ്ദത്ത് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ചിനൊപ്പം അർധസെഞ്ചുറി കൂട്ടുകട്ടും തീർത്ത് ടീമിന് മികച്ച തുടക്കവും ഉറപ്പാക്കിയാണ് ദേവ്ദത്ത് മടങ്ങിയത്. അരങ്ങേറ്റമാണെങ്കിലും ഓപ്പണറായെത്തിയ ദേവ്ദത്താണ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ടത്. അതും ഭുവനേശ്വർ കുമാറിൽ നിന്നും. ആദ്യ മൂന്നു പന്തുകൾ ശ്രദ്ധയോടെ നേരിട്ട യുവതാരം നാലാമത്തെ പന്തിലാണ് ആദ്യ റൺ നേടിയത്. രണ്ടാം ഓവറിൽ സന്ദീപ് ശർമയെ നേരിട്ട ദേവദത്ത് രണ്ട് ബൗണ്ടറികൾ നേടി തന്റെ സ്ഥാനം ഉറപ്പിച്ചു.

ആദ്യ ഓവറിൽ ബഹുമാനം കൊടുത്ത ഭുവനേശ്വർ കുമാറിനെതിരെ തൊട്ടടുത്ത ഓവറിൽ മൂന്നാം ബൗണ്ടറി. സൺറൈസേഴ്‌സ് നിരയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നടരാജന്റെ ഊഴമായിരുന്നു അടുത്തത്. നടരാജൻ എറിഞ്ഞ നാലാം ഓവറിൽ ദേവ്ദത്ത് നേടിയത് മൂന്നു ഫോറുകൾ! അടുത്ത ബോളിങ് മാറ്റമായെത്തിയ മിച്ചൽ മാർഷിനെയും താരം വെറുതെ വിട്ടില്ല. മൂന്നാം പന്തിൽ അടുത്ത ഫോർ. മറുവശത്ത് ഫിഞ്ച് റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ, അഴകും മികവും സമന്വയിപ്പിച്ച ഷോട്ടുകളിലൂടെ ദേവ്ദത്ത് അനായാസം റൺസ് കണ്ടെത്തി.

ആറാം ഓവറിന്റെ രണ്ടാം പന്തിൽ ഫിഞ്ചിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കി. ഇതിൽ 35 റൺസും ദേവ്ദത്തിന്റെ വകയായിരുന്നു. 10-ാം ഓവറിൽ ദേവ്ദത്തിന്റെ അർധസെഞ്ചുറി പിറന്നു. 36 പന്തിൽ എട്ടു ഫോറുകൾ സഹിതമായിരുന്നു അരങ്ങേറ്റത്തിലെ അർധസെഞ്ചുറിയുടെ പിറവി. 11ാം ഓവറിലെ അവസാന പന്തിൽ വിജയ് ശങ്കറിന്റെ പന്തിൽ ബൗൾഡായി മടങ്ങുമ്പോൾ ദേവ്ദത്തിന്റെ പേരിലുണ്ടായിരുന്നത് 56 റൺസ്. 42 പന്തിൽ എട്ടു ഫോറുകൾ നേടി ടീമിന്റെ വിജയം ഏതാണ്ട് ഉറപ്പിച്ചായിരുന്നു ദേവദത്തിന്റെ മടക്കം.

ഇതോടെ റോയൽ ചാലഞ്ചേഴ്‌സിന് വേണ്ടി അരങ്ങേറ്റത്തിൽ അർധസെഞ്ചുറി നേടിയ സൂപ്പർതാര നിരയിലേക്ക് ദേവദത്ത് എന്ന മമലയാളി പയ്യനും ഉയർന്നു. അരങ്ങേറ്റ മത്സരത്തിൽ ആർസിബിക്കു വേണ്ടി കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന പദവിയും ഇനി ദേവദത്തിന് സ്വന്തം. ഇതിന് മുമ്പ് ക്രിസ് ഗെയ്ൽ, എ.ബി. ഡിവില്ലിയേഴ്‌സ്, എ.ബി. ഡിവില്ലിയേഴ്‌സ്, യുവരാജ് സിങ്, ശ്രീവത്സ് ഗോസ്വാമി എന്നിവർ അരങ്ങേറ്റത്തിൽ ആർസിബിക്കു വേണ്ടി അർധസെഞ്ചുറി നേടിയിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ തുടർച്ചയാണ് ദേവ്ദത്തിന്റെ ഐപിഎൽ അരങ്ങേറ്റത്തിലെ അർധസെഞ്ചുറി. വിജയ് ഹസാരെ ട്രോഫിയിൽ കഴിഞ്ഞ സീസണിൽ 67.67 ശരാശരിയിൽ 11 ഇന്നിങ്‌സുകളിൽനിന്ന് 619 റൺസെടുത്ത ദേവ്ദത്തായിരുന്നു ടോപ് സ്‌കോറർ. പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 12 കളികളിൽനിന്ന് 64.44 ശരാശരിയിൽ 580 റൺസുമായി വീണ്ടും ടോപ് സ്‌കോററായി.

ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 അരങ്ങേറ്റങ്ങൾക്കു പിന്നാലെ ഐപിഎൽ അരങ്ങേറ്റത്തിലും അർധസെഞ്ചുറി നേടിയെന്ന റെക്കോർഡും ഇനി പടിക്കലിനു സ്വന്തം. 2018ൽ മഹാരാഷ്ട്രയ്ക്കെതിരെയായിരുന്നു ദേവ്ദത്തിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ഒന്നാം ഇന്നിങ്‌സിൽ ഏഴു റൺസിനു പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സിൽ 77 റൺസ് നേടി. 2019ൽ ഝാർഖണ്ഡിനെതിരെ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറി. നേടിയത് 58 റൺസ്. ഇതേ വർഷം ഉത്തരാഖണ്ഡിനെതിരെ ട്വന്റി20 അരങ്ങേറ്റം. പുറത്താകാതെ 53 റൺസെടുത്ത് കരുത്തുകാട്ടി. ഇതിനു പിന്നാലെയാണ് ഐപിഎൽ അരങ്ങേറ്റത്തിൽ സൺറൈസേഴ്‌സിനെതിരായ അർധസെഞ്ചുറി.

ദേവ്ദത്തിന്റെ അച്ഛൻ ബാബുനു നിലമ്പൂർ സ്വദേശിയും അമ്മ അമ്പിളി പടിക്കൽ എടപ്പാൾ സ്വദേശിയുമാണ്. അമ്മ വഴിയാണ് ദേവ്ദത്തിന്റെ പേരിനൊപ്പമുള്ള പടിക്കൽ സ്‌കോർ ബോർഡിലേക്കും കയറിക്കൂടിയത്. ദേവ്ദത്തിന് 4 വയസ്സുള്ളപ്പോൾ അച്ഛന്റെ ജോലി ആവശ്യാർഥം കുടുംബം ഹൈദരാബാദിലേക്കു താമസം മാറി. മകന്റെ ക്രിക്കറ്റ് ഭാവികൂടി കണക്കിലെടുത്ത് 2011ൽ ബെംഗളൂരുവിലെത്തി. ദേവ്ദത്ത് 2 വർഷം മുൻപ് ആലപ്പുഴയിൽ കളിക്കാൻ വന്നിരുന്നു. ചാന്ദ്‌നി സഹോദരിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP