Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐപിഎല്ലിൽ ഡൽഹിയുടെ അശ്വമേധം തുടരുന്നു; ചെന്നൈ സൂപ്പർ കിം​ഗ്സിനും ഡൽഹി ക്യാപിറ്റൽസിനെ പിടിച്ചു കെട്ടാനായില്ല; തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി ധോണിയും കൂട്ടരും

ഐപിഎല്ലിൽ ഡൽഹിയുടെ അശ്വമേധം തുടരുന്നു; ചെന്നൈ സൂപ്പർ കിം​ഗ്സിനും ഡൽഹി ക്യാപിറ്റൽസിനെ പിടിച്ചു കെട്ടാനായില്ല; തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി ധോണിയും കൂട്ടരും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ് അശ്വമേധം തുടരുമ്പോൾ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിം​ഗ്സ്. തുടർച്ചയായ രണ്ടാം പരാജയമാണ് ചെന്നൈ സൂപ്പർ കിം​ഗ്സിനെ തേടിയെത്തിയത്. രാജസ്ഥാൻ റോയൽസിനെതിരായ പരാജയത്തിന് പിന്നാലെയാണ് ഡൽഹിയും ചെന്നൈയെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തറപറ്റിച്ച ഡൽഹി, രണ്ടാം മത്സരത്തിൽ 44 റൺസിനാണ് ചെന്നൈയെ കീഴടക്കിയത്. പഞ്ചാബിനെതിരെ സൂപ്പർ ഓവറിലൂടെയാണ് ഡൽഹി വിജയം കണ്ടത്.

ഈ സീസണിൽ ടോസ് നേടുന്ന ക്യാപ്റ്റൻ ഫീൽഡിങ് തിരഞ്ഞെടുക്കുന്ന പതിവ് ഇത്തവണയും തുടർന്നു. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ് ധോനി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വിജയത്തിലേക്കെന്ന തോന്നലുയർത്താൻ ചെന്നൈ ടീമിന് സാധിച്ചില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ.

176 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിലെ ഓപ്പണർമാരായ മുരളി വിജയ് (10), ഷെയ്ൻ വാട്ട്‌സൺ (14) എന്നിവരും റുതുരാജ് ഗെയ്ക്‌വാദും (5) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പിന്നീട് ഫാഫ് ഡൂപ്ലെസിസും കേദാർ ജാദവും ചേർന്ന് നാലാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തിൽ നിന്ന് 26 റൺസെടുത്ത ജാദവിനെ വിക്കറ്റിനു മുന്നിൽ കുരുക്കി നോർഹെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

35 പന്തിൽ നിന്ന് നാലു ഫോറുകൾ സഹിതം 43 റൺസെടുത്ത ഡൂപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. മത്സരത്തിനിടെ താരം ഐ.പി.എല്ലിൽ 2000 റൺസ് തികയ്ക്കുകയും ചെയ്തു. ധോനി 12 പന്തിൽ നിന്ന് 15 റൺസെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ ഒമ്പത് പന്തിൽ 12 റൺസെടുത്തു. ധോനി 12 പന്തിൽ നിന്ന് 15 റൺസെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ ഒമ്പത് പന്തിൽ 12 റൺസെടുത്തു. ഡൽഹിക്കായി കാഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്‌ത്തി. ആന്റിച്ച് നോർഹെ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി അർധ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷായുടെ മികവിലാണ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തത്. 35 പന്തിൽ നിന്ന് അർധ സെഞ്ചുറി തികച്ച ഷാ 43 പന്തുകൾ നേരിട്ട് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 64 റൺസെടുത്തു. ഷായും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് ഡൽഹിക്ക് സമ്മാനിച്ചത്. 70 പന്തിൽ നിന്ന് 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

27 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 35 റൺസെടുത്ത ധവാനെ പിയുഷ് ചൗളയാണ് മടക്കിയത്. പിന്നീട് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ - ഋഷഭ് പന്ത് കൂട്ടുകെട്ട് ഡൽഹിയുടെ സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 58 റൺസാണ് ഡൽഹി സ്‌കോർ ബോർഡിൽ ചേർത്തത്. 22 പന്തിൽ 26 റൺസെടുത്ത ശ്രേയസ് അയ്യരെ ഉഗ്രനൊരു ഡൈവിങ് ക്യാച്ചിലൂടെ ധോനി പുറത്താക്കുകയായിരുന്നു. 25 പന്തിൽ 37 റൺസെടുത്ത ഋഷഭ് പന്ത് പുറത്താകാതെ നിന്നു.

ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായുടെ അർധസെഞ്ചുറിയുടെ കരുത്തിലാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിശ്ചിത 20 ഓവറിൽ ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തത്. ടോസ് ലഭിച്ച ചെന്നൈ ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും (43 പന്തിൽ 64) ശിഖർ ധവാനും (27 പന്തിൽ 35) ചേർന്ന് 94 റൺസാണ് കൂട്ടിച്ചേർത്തത്.

11 ഓവറിന്റെ നാലാം പന്തിൽ ശിഖർ ധവാനെ വിക്കറ്റിനു മുന്നിൽ കുടുക്കി പീയുഷ് ചൗളയാണ് കൂട്ടുകെട്ട് പൊളിച്ചത്. തന്റെ അടുത്ത ഓവറിൽ പൃഥ്വി ഷായെയും ചൗള പുറത്താക്കി. ചൗളയുടെ ഫ്ലാറ്റർ ഡെലിവറി ഇറങ്ങി കളിക്കാൻ ശ്രമിച്ച ഷായെ വിക്കറ്റ് കീപ്പർ ധോണി ഉജ്വല സ്റ്റംപിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. അപ്പോൾ ഡൽഹി സ്കോർ 103–2. പിന്നീട് ഋഷഭ് പന്ത് ( 25 പന്തിൽ പുറത്താകെ 37), നായകൻ ശ്രേയസ് അയ്യർ ( 22 പന്തിൽ 26) എന്നിവർ ഡൽഹി ഇന്നിങ്സിനെ തോളിലേറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 58 റൺസ് ഇന്നിങ്സിൽ കൂട്ടിചേർത്തു. 19–ാം ഓവറിൽ സാം കറൻ അയ്യരിനെ ധോണിയുടെ കൈകകളിൽ എത്തിച്ചു. മാർക്കസ് സ്റ്റോയ്നിസ് മൂന്നു പന്തിൽ അ‍ഞ്ച് റൺസ് നേടി പുറത്താകാതെ നിന്നു.

പ്ലേയിങ് ഇലവൻ

ചെന്നൈ: ഷെയ്ൻ വാട്സൻ, മുരളി വിജയ്, ഫാഫ് ഡുപ്ലെസി, ഋതുരാജ് ഗെയ്ക്ക്‌വാദ്, എം‌.എസ്.ധോണി (ക്യാപ്റ്റൻ/കീപ്പർ), സാം കറൻ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, പിയൂഷ് ചൗള, ദീപക് ചാഹർ, ജോഷ് ഹെയ്സൽവുഡ്

ഡൽഹി: ശിഖർ ധവാൻ, പൃഥ്വി ഷാ, ഷിംറോൺ ഹെറ്റ്മെയർ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, മാർക്കസ് സ്റ്റോയ്നിസ്, അക്സർ പട്ടേൽ, അമിത് മിശ്ര, കഗിസോ റബാഡ, ആൻറിച്ച് നോർജെ, ആവേശ് ഖാൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP