Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേസും ആക്രമണോത്സുകതയും വൈരാഗ്യബുദ്ധിയും ക്രാഫ്റ്റിങ്ങിലെ മികവും വിൻഡീസ് പ്രതാപകാലത്തെ ഓർമിപ്പിക്കും; കരീബിയൻ മണ്ണിൽ ബുംറ കൊടുങ്കാറ്റിൽ കടപുഴകി വിൻഡീസ്; ടെസ്റ്റ് ചരിത്രത്തിൽ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യൻ താരമായ യോർക്കർ കിങ് നേടിയത് ആറുവിക്കറ്റുകൾ; ഇഷാന്തിന്റെ അർധ സെഞ്ച്വറിയും വിഹാരിയുടെ സെഞ്ച്വറിയും ഇന്ത്യൻ സ്‌കോറിന് കരുത്തേകി; 87 റൺസെടുത്ത ആതിഥേയർക്ക് നഷടം ഏഴു വിക്കറ്റുകൾ

പേസും ആക്രമണോത്സുകതയും വൈരാഗ്യബുദ്ധിയും ക്രാഫ്റ്റിങ്ങിലെ മികവും വിൻഡീസ് പ്രതാപകാലത്തെ ഓർമിപ്പിക്കും; കരീബിയൻ മണ്ണിൽ ബുംറ കൊടുങ്കാറ്റിൽ കടപുഴകി വിൻഡീസ്; ടെസ്റ്റ് ചരിത്രത്തിൽ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യൻ താരമായ യോർക്കർ കിങ് നേടിയത് ആറുവിക്കറ്റുകൾ; ഇഷാന്തിന്റെ അർധ സെഞ്ച്വറിയും വിഹാരിയുടെ സെഞ്ച്വറിയും ഇന്ത്യൻ സ്‌കോറിന് കരുത്തേകി; 87 റൺസെടുത്ത ആതിഥേയർക്ക് നഷടം ഏഴു വിക്കറ്റുകൾ

മറുനാടൻ ഡെസ്‌ക്‌

കിങ്സ്റ്റൺ; ഒരു കാലത്ത് ബാറ്റ്‌സ്മാന്മാരുടെ നെഞ്ചിടിപ്പേറ്റിയ വിൻഡീസ് പേസ് ബോളർമാരുടെ പ്രതാപകാലം അനുസ്മരിപ്പിക്കുന്ന ബോളിങ്ങായിരുന്നു ബുമ്രയുടേത്. അതേ കരീബിയൻ മണ്ണിൽ ജസ്പ്രീത് ബുംറ കൊടുങ്കാറ്റായതോടെ രണ്ടാം ടെസ്റ്റിൽ ആതിഥേയർ നിലംപരിശായി. ടെസ്റ്റ് ചരിത്രത്തിൽ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കിയ ബുംറ നേടിയത് വിൻഡീസിന്റെ ആറു മുൻനിര വിക്കറ്റുകൾ. കളിയവസാനിക്കുമ്പോൾ 87-7എന്ന നിലയിലാണ് ആതിഥേയർ.

വിൻഡീസ് ബാറ്റിംഗിന്റെ ഒൻപതാം ഓവറിലാണ് ബുംറ അക്ഷരാർത്ഥത്തിൽ കൊടുങ്കാറ്റായത്. രണ്ടാം പന്തിൽ ഡാരൻ ബ്രാവോയെ പുറത്താക്കിയ ബുംറ തൊട്ടടുത്ത പന്തുകളിൽ ബ്രൂക്ക്‌സിനെയും ചെയ്‌സിനെയുമാണ് കൂടാരത്തിലെത്തിച്ചത്. ഹർഭജൻ സിങ്, ഇർഫാൻ പത്താൻ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റിൽ ഹാട്രിക്ക് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങൾ.

ഒൻപത് ഓവറിൽ 160 റൺസ് വഴങ്ങിയാണ് ബുംറ ആറു വിക്കറ്റ് നേട്ടത്തിലെത്തിയത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 416 ന് പുറത്തായിരുന്നു. നേരത്തെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് കിങ്സ്റ്റൺ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 416 റൺസ് നേടിയത്. 7 ന് 414 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ വാലറ്റം നിരാശപ്പെടുത്തിയില്ലെങ്കിൽ കുറ്റൻ സ്‌കോർ കണ്ടെത്താമായിരുന്നു. അവസാന രണ്ട് റൺസിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

225 പന്തിൽ 16 ബൗണ്ടറികളോടെ 111 റൺസ് നേടിയ വിഹാരിയെ ഹോൾഡറാണ് പുറത്താക്കിയത്. വാലറ്റത്ത് 57 റൺസുമായി ഇശാന്ത് ശർമ വിഹാരിക്ക് മികച്ച് പിന്തുണ നൽകി. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തത് ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായകമായി. നേരത്തെ നായകൻ വിരാട് കോലി 76 ഉം മായങ്ക് അഗർവാൾ 55 ഉം റൺസ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജേസൺ ഹോൾഡറാണ് വിൻഡീസ് നിരയിൽ ഏറ്റവും തിളങ്ങിയത്.

ഋഷഭ് പന്ത് (27), രവീന്ദ്ര ജഡേജ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. രണ്ടാം ദിവസത്തിലെ ആദ്യ പന്തിൽ തന്നെ പന്ത് പവലിയനിൽ തിരിച്ചെത്തി. ഹോൾഡറുടെ പന്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ കുറ്റി തെറിച്ചു. പിന്നാലെ എത്തിയ ജഡേജ 69 പന്തുകൾ നേരിട്ടെങ്കിലും റഖീം കോൺവാളിന്റെ പന്തിൽ പുറത്തായി. ഡാരൻ ബ്രാവോയ്ക്കായിരുന്നു ക്യാച്ച്.

എന്നാൽ ഒരറ്റത്ത് വിഹാരി ഉറച്ചുനിന്നതോടെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി. ഇശാന്ത് ഉറച്ച പിന്തുണ നൽകി. ഇന്ത്യൻ പേസറുടെ ആദ്യ അർധ സെഞ്ചുറിയാണ് കിങ്സ്റ്റണിൽ പിറന്നത്. ടീം സ്‌കോർ 414 ൽ നിൽക്കെ ഇശാന്ത് വീണതോടെ ഇന്ത്യ കൂട്ടത്തകർച്ച നേരിട്ടു. പിന്നാലെയെത്തിയ ഷമി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ വിഹാരിയും കൂടാരം കയറി.അഞ്ചിന് 264 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. കെ എൽ രാഹുൽ (13), മായങ്ക് അഗർവാൾ (55), ചേതേശ്വർ പൂജാര (6), വിരാട് കോലി (76), അജിൻക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP