Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു സെപ്റ്റംബർ പതിനൊന്നിന്റെ ഓർമ്മക്കായി

ഒരു സെപ്റ്റംബർ പതിനൊന്നിന്റെ ഓർമ്മക്കായി

കോരസൺ വർഗീസ്

ന്നത്തെ തെളിഞ്ഞ നീലാകാശത്തിനു അപൂർവ്വ ശോഭയായിരുന്നു. മേഘങ്ങൾ എത്തിനോക്കാത്ത ആ തെളിഞ്ഞ ശരത്കാല പ്രഭാതത്തിനു വല്ലാതെ വ്യാമോഹിപ്പിക്കുന്ന വശ്യത തുടുത്തു നിന്നിരുന്നു. ടെൻ ടെൻ ന്യൂസ് ശ്രവിച്ചുകൊണ്ടു ഓഫീസിലേക്ക് പോകുമ്പോൾ ഒരു ചെറു വിമാനം മൻഹാട്ടനിലെ വേൾഡ് ട്രേഡ് സെന്ററിൽ വന്നിടിച്ചു എന്ന വാർത്ത പറഞ്ഞയാൾ കുറച്ചു തമാശയോടെയാണ് അത് അവതരിപ്പിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് മറ്റൊരു ചെറു ഒറ്റയാൾ വിമാനം മൻഹാട്ടനിലെ ഒരു അംബരചുംബിയിൽ ഇടിച്ചുകേറി എന്ന് കേട്ടിരുന്നു. അതുകൊണ്ടുതന്നെ അത് ഒരു വലിയ വാർത്തയായി കരുതിയതുമില്ല. എന്നാൽ കുറച്ചു നിമിഷങ്ങക്കു ശേഷം റേഡിയോ അവതാരകന്റെ ശബ്ദത്തിനു അൽപ്പം കടുപ്പം കൂടി, ചെറു വിമാനമല്ല അത് എന്ന് തോന്നുന്നു, ഇടിച്ച സ്ഥലത്തുനിന്നും പുകപടലങ്ങൾ കാണുന്നു എന്നും അയാൾ പറഞ്ഞു.

നിമിഷങ്ങൾ കൊണ്ട് സംഭ്രാന്തമായ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിന്നു. രാജ്യം ആക്രമിക്കപ്പെടുകയാണ് എന്ന നഗ്‌നസത്യം അറിഞ്ഞുകൊണ്ട് ഓഫീസിൽ കയറിയപ്പോൾ എല്ലാവരുടെയും മുഖത്തെ ഭയം ശരത്കാല സന്ധ്യപോലെ നിഴൽവിരിച്ചുനിന്നു. ന്യൂയോർക്കിലെ ലോങ്ങ് ഐലന്റിലെ നാസുകൗണ്ടി ഗവൺമെന്റിൽ, സ്വതന്ത്ര ബജറ്റ് വിശകലന വകുപ്പിൽ, ധനകാര്യ വിശകലനവിദഗ്ദ്ധന് എന്ന നിലയിൽ ജോലി ചെയ്യുന്ന സമയമായിരുന്നു അത്. അമേരിക്കയിൽ 3,007 കൗണ്ടികൾ , ബോറോകൾ, സിറ്റികൾ, ഡിസ്ട്രിക്ടുകൾ ഉൾപ്പടെ 3,142 സ്വയംഭരണ സർക്കാരുകൾ നിലവിലുണ്ട്. മിക്കവക്കും സ്വതന്ത്രമായ നിയമ നിർമ്മാണ സഭകൾ, ബജറ്റ് ,വിവിധ നികുതിപിരിവുകൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ,കൺട്രോളർ ,പൊലീസ്, ജയിൽ , പൊതുമരാമത്തു വകുപ്പ് സുപ്രീം കോർട്ട്, സിവിൽ സർവീസ് തുടങ്ങി എല്ലാ ഫെഡറൽ സംവിധാനത്തിനും അനുയോജ്യമായ ചട്ടവട്ടങ്ങൾ ഉണ്ട്. ധനകാര്യ വിശകലനവിദഗ്ദ്ധന് എന്ന നിലയിൽ എല്ലാ രാഷ്രീയ ചർച്ചകളും നേരിൽ വീക്ഷിക്കയും, വകുപ്പ് മേധാവികളുമായി വിഷയ വിവരങ്ങൾ ചർച്ചചെയ്തു സ്വതന്ത്രമായ റിപ്പോർട്ട് പ്രധാനപ്പെട്ട രണ്ടു പാർട്ടികൾക്കും മറ്റു മാധ്യമങ്ങൾക്കും കൊടുക്കുക എന്ന ഉത്തരവാദിത്തം സ്വതന്ത്ര ബജറ്റ് വിശകലന വകുപ്പിനാണ്. അതുകൊണ്ടുതന്നെ ഒരു അമേരിക്കൻ ഫെഡറൽ സംവിധാനത്തിൽ ഉണ്ടാവുന്ന എല്ലാ ആകാംക്ഷകളും തൊട്ടറിയാൻ ഈ ലേഖകന് അവസരം കിട്ടിയിരുന്നു.

നിയമനിർമ്മാണ സഭയുടെ നേതാവ് ജൂഡി ജേക്കബ്‌സ് തന്റെ മുറിയിൽ ഉള്ള ടി വി യിൽ വന്നുകൊണ്ടിരുന്ന ദ്രശ്യങ്ങൾ മറ്റു ജനപ്രതിനിധികളോടുകൂടെ വീക്ഷിക്കുന്നു. നിയമസഭയുടെ മറ്റു ഉദ്യോഗസ്ഥർ കൂട്ടംകൂട്ടമായി വാർത്തകൾ ശ്രദ്ധിക്കുന്നു. രാജ്യം ആക്രമിക്കപ്പെടുന്നു അതിനാൽ എല്ലാവരും സുരക്ഷിതരായി വീടുകളിലേക്ക് പോകുവാനുള്ള അറിയിപ്പ് വന്നു. അപ്പോൾ ആരും വീടുകളിൽ പോകാനുള്ള മാനസീക അവസ്ഥയിലായിരുന്നില്ല. ഓരോ കൂട്ടമായി അടുത്ത പള്ളിയിൽ പോയി പ്രാർത്ഥിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. വകുപ്പ് സീനിയർ മേധാവി എറിക് അടുത്ത ഒരുകാലത്തും പള്ളിയിൽ പോയിട്ടില്ല. ഏതായാലും അദ്ദേഹത്തോടൊപ്പം ഞങ്ങൾ പള്ളിയിൽ പോയി മുട്ട് മടക്കി, പള്ളി നിറയെ ആളുകൾ! എങ്ങും ഭീതി നിഴലിക്കുന്ന മുഖങ്ങൾ, ശ്മശാനമൂകത തളം കെട്ടി നിൽക്കുന്നു. എറിക്കും സ്റ്റെഫനിയും ഹെലനും കൈകൾ കൂപ്പി മുട്ടുമടക്കി കണ്ണടച്ചുനിൽക്കുന്നു, സ്റ്റെഫനിയുടെയും കാണിയുടെയും കണ്ണിൽനിന്നും കുടുകുടാ കണ്ണീർ പൊഴിക്കുന്നത് കണ്ടു. അടുത്ത നിമിഷങ്ങൾ എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല. വിശ്വാസിയല്ല എന്ന് പരസ്യമായി പറഞ്ഞിരുന്ന സ്റ്റീവൻ ഞങ്ങളോടൊപ്പം പള്ളിയിൽ വന്നു, അകത്തു കയറി ഇല്ല എങ്കിലും പുറത്തു താഴേക്ക് മാത്രം നോക്കി നിൽക്കുന്ന സ്റ്റീവൻ ഒരു പ്രതിമപോലെ തോന്നിച്ചു.

പിന്നെയങ്ങോട്ട് പ്രവഹിച്ച വാർത്തകളും ചിത്രങ്ങളും ആർക്കും മറക്കാനാവില്ലല്ലോ. അതിശക്തരായ ഒരു സാമ്പ്രാജ്യത്തിനു താങ്ങാവുന്നതിലേറെ ക്ഷതം ഏറ്റിരുന്നു. മുറിവേറ്റ സിംഹം എന്ന പ്രയോഗം അക്ഷാർത്ഥത്തിൽ അനാവൃതമായി. പാളിച്ചകളും വീഴ്ചകളും ചർച്ചചെയ്യുന്നതോടു ഒപ്പം രാജ്യം ഒരു മനസ്സോടെ പ്രശ്‌നത്തെ ഉൾകൊള്ളാൻ ശ്രമിക്കുന്ന പക്വത എല്ലാ ഭാഗത്തുനിന്നും ഉണ്ടായി എന്നത് എടുത്തു പറയേണ്ടതാണ്.

ഏതാനും മാസങ്ങൾക്കകം വീടിനു അടുത്തുള്ള ആ ജോലി മാറി ന്യൂയോർക്ക് സിറ്റി സർക്കാരിന്റെ മറ്റൊരു വകുപ്പിലേക്ക് പോകേണ്ടി വന്നു. ജോലി ചെയ്യേണ്ട കെട്ടിടം വേൾഡ് ട്രേഡ് സെന്ററിന് തൊട്ടടുത്ത ഫെഡറൽ ബിൽഡിങ്ങിൽ ആയിരുന്നു. നൂറു വർഷത്തിലേറെ പഴക്കമുള്ള ആ കെട്ടിടം മാത്രമായിരുന്നു ഒരു കിഴവൻ അമ്മാവനെപ്പോലെ ആഘാതത്തെ അതിജീവിച്ചു നിന്നത്. മാസങ്ങളോളം ആ കെട്ടിടത്തിൽ പ്രവേശിക്കാൻ പറ്റിയില്ല, എരിഞ്ഞ എല്ലിൻകഷണങ്ങളും ചിതാഭസ്മവും നിറയെ പൊതിഞ്ഞു നിന്ന ആ പഴയ മൺനിറമുള്ള കിഴവൻ കെട്ടിടത്തെ ശുദ്ധീകരിക്കാൻ മാസങ്ങളോളം വേണ്ടിവന്നു. തൊട്ടടുത്ത കെട്ടിടമായിരുന്നതിനാൽ അവിടെ നടന്ന ഓരോ വിഷയങ്ങളും ഏറെക്കുറെ അവിടെ ജോലിയിൽ ഉണ്ടായിരുന്നവരുടെ എല്ലാവരുടെയും മനസ്സിൽ ഭയപ്പാടോടെ കീറി മുറിവേൽപ്പിച്ചിരുന്നു. ആളിപ്പടരുന്ന തീജ്വാലയിൽ, മറ്റൊന്നും ഓർക്കാനാവാതെ സ്വയം എടുത്തെറിയേണ്ടി വന്നവരെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു പലർക്കും. ഉറങ്ങാനാവാത്ത രാത്രികളും ആത്മസംഘർഷങ്ങളുടെയും തോരാത്ത കഥകൾ അവർ പറഞ്ഞുകൊണ്ടേയിരുന്നു.

ഒരു വലിയ ഇടവേളയിലെ ശുചീകരണവും തയ്യാറെടുപ്പുകളും കഴിഞ്ഞുമാത്രമാണ് ഗ്രൗണ്ട് സീറോ പണി ആരംഭിച്ചത്. ഒച്ചിഴയുന്ന പോലത്തെ പണികളുടെ ആദ്യ ഭാഗം കണ്ടപ്പോൾ ഇത് ഈ നൂറ്റാണ്ടിലൊന്നും കാണാൻ സാധിക്കില്ല എന്ന് ധരിച്ചുപോയി. പകൽ അവിടെ അധികം ജോലിക്കാരെ കാണാറില്ലായിരുന്നു പക്ഷെ കഠിനമായ തണിപ്പിലും മഞ്ഞിലും പണി പുരോഗമിക്കുമ്പോഴും അങ്ങനെ വലിയ കൂട്ടം പണിക്കാരെ കാണാറില്ലായിരുന്നു. ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ കണ്ണ് തുറന്ന വേഗത്തിൽ പണി പുരോഗമിച്ച തുടങ്ങിആറാം നിലയിലുള്ള ജനാലയിൽകൂടി കാണുകവഴി ദിവസവും ഇവിടുത്തെ കാഴ്ചകൾ ദിനചര്യയുടെ ഭാഗമായി മാറി. ബോംബ് പൊട്ടിക്കുന്ന ആഘാതത്തോടെ കുത്തിപ്പൊട്ടിക്കുന്ന ചില വൻ പ്രകമ്പനകൾക്ക് നേരത്തെ അറിയിപ്പുകൾ ലഭിച്ചിരുന്നു. ചില വിറപ്പിക്കുന്ന ബോറിംഗുകൾ ജോലിചെയ്യുന്നിടം മുഴുവൻ കുലുങ്ങികൊണ്ടിരുന്നു , ഇരിക്കുന്ന കസേരയിൽ നിന്ന് പോലും താഴെപ്പോകുമെന്നു തോന്നിയിരുന്നു ചില നിമിഷങ്ങളിൽ.

പതുക്കെ പതുക്കെ ഈ ബഹളങ്ങൾ ഒക്കെ ദിവസത്തിന്റെ ഭാഗമായി മാറി അലോരസപ്പെടാതായി. ഏതാണ്ട് പതിനാലു ഏക്കറോളം വരുന്ന ട്രേഡ് സെന്റർ ഏരിയയിൽ നടക്കുന്ന ശുദ്ധീകരങ്ങൾക്കു വര്ഷങ്ങളോളം എടുത്തു. വളരെ ശ്രദ്ധയോടെ, ഒരു എല്ലിൻ കഷണം പോലും, ഒരു പൊടിപോലും വിശുദ്ധമായി കരുതി അടയാളപ്പെടുത്തി, ഓരോ ശേഷിപ്പും അതീവ കരുതലോടെ സൂക്ഷിച്ചു വച്ച വര്ഷങ്ങളെടുത്ത പുനഃപ്രാപ്തി അവിശ്വസനീയമായിരുന്നു. ' പൊറുക്കും, പക്ഷെ മറക്കില്ല ' എന്ന് ഇംഗ്ലീഷിൽ എഴുതി അടുത്തുള്ള ഫയർ സ്റ്റേഷനലിൽ നിന്നും കെട്ടിത്തൂക്കിയ കൂറ്റൻ ബാനറുകൾ മുറിവേറ്റ അമേരിക്കൻ ആത്മാവിന്റെ തുകിലുണർത്തുകൾ ആയി മാറി.

ലോക നേതാക്കളും രാജാക്കന്മാരും ഇടതടവില്ലാതെ വന്നു അഭിവാദനം നേരുന്നതു ജനാലയിൽ കൂടി കാണാമായിരുന്നു. ഓരോ വാർഷീക ഓർമ്മപ്പെടുത്തലുകളും മുഖമില്ലാത്ത ശതുവിനോടുള്ള പല്ലിറുമ്പലായി മാറുകയായിരുന്നു. ഏതെങ്കിലും ഒരു ശത്രുവിനെ കണ്ടെത്തി പകരം വീട്ടിയില്ലങ്കിൽ ഉറങ്ങാൻ കഴിയാത്ത അമേരിക്കക്കാരന്റെ മാനസീക അവസ്ഥക്ക് അൽപ്പമെങ്കിലും ശമനം ഉണ്ടായതു ഇറാക്ക് യുദ്ധവും , സദ്ദാംഹുസൈൻ വധവും ആയിരുന്നു. പാക്കിസ്ഥാൻ എന്ന അമേരിക്കൻ സുഹൃത്ത് സ്വന്തം പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന ബിൻലാദനെ മുട്ടുസൂചിയുടെ സൂക്ഷ്മതയോടെ വധിച്ചപ്പോൾ അമേരിക്കക്കാരന്റെ നഷ്ട്ടപ്പെട്ട ആത്മാഭിമാനം സടകുടഞ്ഞു എഴുനേറ്റു.

ഉച്ചഭക്ഷണത്തിനു ശേഷം, ഒരു വേനലിലെ പൊള്ളുന്ന ചൂടിൽ നിന്നും ഓഫീസിനു തൊട്ടടുത്ത സെന്റ് പോൾസ് ചാപ്പലിന്റെ പിറകിലുള്ള ശ്മശാനത്തിലെ ചാരുബെഞ്ചിൽ മരത്തണലിൽ ഇരുന്നു ന്യൂ യോർക്ക് ടൈംസ് മറിച്ചു നോക്കുകയായിരുന്നു. കാലത്തെ അടക്കം ചെയ്ത ഓർമ്മകളുടെ ചെപ്പിനോടൊപ്പം ഈ ചാപ്പലിനു ചുറ്റും അടക്കം ചെയ്ത അമേരിക്കയുടെ വീരയോദ്ധാക്കളുടെ ശവകുടീരങ്ങൾ മൗനമായി സംസാരിച്ചുകൊണ്ടേയിരുന്നു.1766 ൽ പണിത ഈ മനോഹരമായ ചാപ്പൽ അനര്ഘമായ ഓർമ്മകളുടെ നിമിഷങ്ങൾ കുടികൊള്ളുന്ന ഒരു പേടകമാണ്. 1789 ഏപ്രിൽ 30 നു അമേരിക്കയുടെ പ്രഥമ പ്രസിഡന്റായ ജോർജ് വാഷിങ്ങ്ടന്റെ ഇടവകപ്പള്ളിയായി കരുതിയ ഈ ചാപ്പലിലാണ് അദ്ദേഹം അമേരിക്കയുടെ ആദ്യ പ്രസിഡന്റായി സത്യപ്രതിഞ്ജ എടുത്ത ശേഷം നടന്നു വന്നു പ്രാർത്ഥിച്ചത്. 250 വർഷത്തിലേറെ പഴക്കമുള്ള ഈ ചാപ്പൽ 1776 ലെ വൻ തീപിടുത്തത്തെയും വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെയും അതിജീവിച്ചു അത്ഭുതകരമായി തലയുയർത്തി നിൽക്കുകയാണ്. അതുകൊണ്ടു തന്നെ ഈ ചാപ്പലിനെ ' ദി ലിറ്റിൽ ചാപ്പൽ ദാറ്റ് സ്റ്റൂഡ് ' എന്ന് വിശേഷിപ്പിക്കാറുണ്ട് . സെപ്റ്റംബർ പതിനൊന്നു ആക്രമണത്തിനുശേഷം ആദ്യ രക്ഷാ വീണ്ടെടുപ്പ് കേന്ദ്രമായി ഇരുപത്തിനാലു മണിക്കൂറും ഈ ചാപ്പൽ പ്രവർത്തിച്ചിരുന്നു.

കുടചൂടി നിൽക്കുന്ന ഇടതൂർന്ന മരങ്ങൾ കാറ്റിൽ എന്തൊക്കെയോ മൊഴിഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കു തലയുയർത്തി ഗ്രൗണ്ട് സീറോയെ നോക്കിയപ്പോൾ കണ്ട കാഴച അത്ഭുതപ്പെടുത്തി. നിർമ്മാണത്തിന്റെ ആദ്യകാലമായിരുന്നു അത്. 600 അടിയിലേറെ താഴ്ചയിൽ പാറകൾ തുരന്ന് അടിസ്ഥാനം ഉണ്ടാക്കുമ്പോൾ ഉണ്ടാകാവുന്ന ശബ്ദവും ബഹളവും ഒരു നിമിഷം നിലച്ചതുപോലെ. ഒരു വലിയ വെളുത്ത മേഘം ഗ്രൗണ്ട്‌സിറോയെ മൂടി, ഭൂമിയുടെ നിരപ്പിൽ ചേർന്നു നിൽക്കുകയാണ്. കണ്ണുകളെ വിശ്വസിക്കാനായില്ല ആ കാഴ്ച, ഒരു ഫോട്ടോ എടുക്കാൻ പാകത്തിൽ അപ്പോൾ ചെറിയ ഫോണിന് കഴിയുമായിരുന്നില്ല . അത്ര അദ്ഭുതകരമായ ഒരു കാഴ്ച. ദിവസവും അവിടേക്കു നോക്കി പോകുന്ന എനിക്ക് അതുപോലെയൊരു മേഘപ്പകർച്ച അതിനു മുൻപും പിൻപും കാണാൻ ആയിട്ടില്ല. മൂവായിരത്തോളം വരുന്ന രക്തസാക്ഷികൾക്ക് മേഘങ്ങളായി പറന്നിറങ്ങാനാവുമോ അറിയില്ല . മരുഭൂയാത്രയിൽ മോശെ കണ്ട അത്ഭുത മേഘമാണോ ഇത് ? 'അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി. യഹോവയുടെ തേജസ്സും സീനായിപർവ്വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു' (പുറപ്പാട് 24 : 15 ) . 'പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും' (1 തെസ്സലോനിക്ക 4 :17 ). ഇത്തരം ആകുലങ്ങൾ അറിയാതെ മനസ്സിലൂടെ കടന്നുപോയി. പറഞ്ഞാൽ ആരും വിശ്വസിക്കയില്ല എന്ന തോന്നലിൽ ഈ സംഭവം ഉള്ളിൽ ഒതുക്കി വച്ചിരുന്നു.

ആർക്കിറ്റെക്‌റ് ഡാനിയേൽ ലീബെസ്‌കിൻഡ് വിഭാവനം ചെയ്ത പുതിയ മാസ്റ്റർപ്ലാൻ ലോകത്തിലെ ഏറ്റവും ചിലവേറിയ നിർമ്മാണ പ്രക്രിയക്കാണ് സാക്ഷ്യം വഹിച്ചത്. നാലു ബില്യൺ ഡോളർ ചെലവാക്കി ഒന്നാം ഗോപുരം പണിതുയരുന്നത് ചിതൽക്കൂട്ടങ്ങൾ മൺകൂര പണിയുന്ന വേഗത്തിലും എളുപ്പത്തിലും ആയിരുന്നു. വൻ ക്രെയിനുകൾ നിറഞ്ഞു നിന്ന ആകാശവിതാനം ആധുനീക മനുഷ്യ ചരിത്രത്തിലെ നിർമ്മാണ പ്രവർത്തങ്ങളുടെ മികവും മിഴിവും ചരിത്രത്തിൽ എഴുതി ചേർക്കുകയായിരുന്നു. നാലു ബില്യൺ ഡോളർ ചെലവാക്കി നിർമ്മിച്ച 'ഒക്കല്‌സ്' അല്ലെങ്കിൽ 'പീലിക്കണ്ണ്', ഒരു വെളുത്ത ഗരുഡൻ പറന്നു വന്നിരിക്കുന്നപോലെ തോന്നും. അത്യാകർഷകമായ നിർമ്മാണ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല, അത്ര വിശാലവും,പ്രശാന്തവും ആണ് അതിന്റെ അകത്തളം. അസഹനീയമായ ചൂടുള്ള ദിനങ്ങളിലും കഠിന തണുപ്പ് ദിനങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷം ഇതിലുള്ള നടപ്പാതയിലൂടെ മൈലുകൾ സഞ്ചരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഈ വിനോദ സഞ്ചാരികളുടെ കേന്ദ്രത്തിനു ഒരു ബലികൊടുപ്പിന്റെ പിന്നാമ്പുറം ഉണ്ട് എന്ന് ഓർക്കാതിരിക്കാൻ ആവുമോ?.

ഏതാണ്ട് 60 മില്ലിയണിലധികം വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. തകർന്നു വീണ രണ്ടു ഗോപുരങ്ങളുടെ അസ്തിവാരത്തിലും നേർത്തൊഴുകി വീഴുന്ന വെള്ളച്ചാട്ടങ്ങളുടെ മർമ്മരം തോമസ് ജെഫേഴ്‌സന്റെ കാലത്തെ അതിജീവിക്കുന്ന വാക്കുകൾ ഏതോ മൂക ഭാഷയിൽ സംവേദിക്കുന്നു 'സ്വാതന്ത്ര്യം നിലനിൽക്കാൻ നിതാന്ത ജാഗ്രത കൂടിയേ കഴിയൂ' . എരിഞ്ഞുഭസ്മമായ മൂവായിരത്തോളം പേരുടെ, കല്ലിൽ കൊത്തിവച്ച പേരുകളിലൂടെ കൈവിരൽ ഓടിക്കുമ്പോൾ, കാറ്റിൽ അടിച്ചുയരുന്ന ജലകണങ്ങൾ മുഖത്തു വന്നുപതിക്കുന്നത് ആത്മാക്കളുടെ കണ്ണീർ കണങ്ങളാണോ എന്ന് അറിയില്ല.

ആക്രമണത്തിൽ മനസ്സ് തകർന്ന അമേരിക്കകാരോട് പ്രസിഡന്റ് ജോർജ് ബുഷ് പറഞ്ഞു ' നക്ഷത്രങ്ങളെ പേര് ചൊല്ലി വിളിച്ചവനാണ് നമ്മുടെ ദൈവം, തീവ്രവാദികൾക്ക് അമേരിക്കയുടെ വലിയ കെട്ടിടങ്ങളുടെ അസ്ഥിവാരം കുലുക്കാമായിരിക്കും, അവർക്കു അമേരിക്കയുടെ അടിത്തറയെ തൊടാൻ സാധിക്കില്ല, അവർക്കു ഉരുക്കു തകർക്കാമായിരിക്കും , പക്ഷെ അമേരിക്കക്കാരന്റെ നിശ്ചയദാർഢ്യത്തിനു പോറൽ പോലും ഏൽപ്പിക്കാനാവില്ല'. ഓരോ ജോലിദിനത്തിലും ആറാം നിലയിലെ ജനാലയിൽകൂടി കാണുന്നത് ഫീനിക്‌സ് പക്ഷിയുടെ ഉയർത്തെഴുനേൽപ്പാണ്, ..'പൊറുക്കും ഞങ്ങൾ മറക്കില്ലൊരിക്കലും'.

'Eternal vigilance is the price of libetry.' Thomas Jefferson

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP