Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഉത്കണ്ഠയും ആശങ്കകളും

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഉത്കണ്ഠയും ആശങ്കകളും

പാർട്ടി കൺവെൻഷനുകൾ കഴിഞ്ഞതോടെ ആനയും കഴുതയും നേരിട്ടു പോരാട്ടമാണ്. വ്യക്തികൾ എന്ന നിലയിൽ ഡൊണാൾഡ് ട്രമ്പിനെയും ഹിലാരി ക്ലിന്റനെയും ജനം ഒരുപോലെ സംശയിക്കുകയും, ഇരുവരും അനർഹരാണ് എന്നു ചിന്തിക്കുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ അനഭിമതനായി, വിവാദങ്ങളുടെ കൂട്ടുകാരനും വിദ്വേഷങ്ങളുടെ പ്രചാരകൻ ഒക്കെയായിട്ടാണ് ട്രമ്പിനെ ജനം കാണുന്നത്. അസത്യങ്ങളുടെ മൂടൽ മഞ്ഞിൽ, ഡമോക്രാറ്റിക് പാർട്ടിയുടെ കളിത്തോഴിയും, വാൾസ്ട്രീറ്റിന്റെ അടിമയായിട്ടും ജനം ഹിലാരിയെ കാണുന്നു. പന്നെ ആരെങ്കിലും ജയിച്ചല്ലേ പറ്റുള്ളു എന്നതാണ് സാധാരണ വോട്ടർമാരെ കുഴയ്ക്കുന്ന പ്രശ്‌നം.

ഇരച്ചുകയറാവുന്ന ചാവേറുകൾ, സംരക്ഷണ മതിലുകൾ, ദുർബലമായ വിദേശ നയങ്ങൾ, കടുത്ത സാമ്പത്തിക വൈതരണികൾ നിരത്തി ഭീതിജനകമായ അന്തരീക്ഷമാണ് റിപ്പബ്ലിക്കൻ കൺവെൻഷൻ നിരത്തിയത്. മുൻ ന്യൂയോർക്ക് മേയർ റൂഡി ജൂലിയാനിയുടെ ഉണ്ടക്കണ്ണുകളിൽ നിന്നും തീ പറക്കുന്നത് ജനം കണ്ടു നടുങ്ങി, അമേരിക്കക്കു സംരക്ഷകൻ ട്രമ്പു മാത്രമേയുള്ളു, എനിക്കു മാത്രമെ അതിനാകുകയുള്ളു എന്നു ട്രമ്പും ആവർത്തിച്ചുപറഞ്ഞു. പാർട്ടിയുടെ ചുവടുതാങ്ങികളെ ഒന്നൊന്നായി അടിച്ചു വീഴ്‌ത്തിയ ട്രമ്പിന്റെ അരാഷ്ട്രീയ പ്രകടനം പാർട്ടി നേതാക്കളെ കുഴച്ചു, അതായിരുന്നു ട്രമ്പിന്റെ പാർട്ടി നോമിനേഷൻ ലഭിക്കാനായ ഘടകവും.

ഡമോക്രാറ്റിക് പാർട്ടി ഘടകങ്ങൾ വഴിവിട്ട് ഹിലാരിയുടെ വിജയം ഉറപ്പാക്കുകയായിരുന്നുവെന്നും, എതിരാളി ബേർണിസാന്റേർഡിനെ തകർക്കാൻ സൂത്രപ്പണികൾ ചെയ്തു എന്ന വിക്കിലീക്‌സിന്റെ കണ്ടെത്തലുകളും ഡമോക്രാറ്റിക് പാർട്ടിയിൽ ഹിലാരിയെ വല്ലാതെ വെറുപ്പിച്ചു.

അമേരിക്കയിലെ ഇപ്പോഴത്തെ അടിസ്ഥാനപരമായ വിഷയങ്ങളായ നല്ല തൊഴിൽ നഷ്ടപ്പെടുന്നതും, ആരോഗ്യസുരക്ഷയിലെ കെടുകാര്യസ്ഥതയും, വൻകടക്കെണിയും, ബാങ്കുകളുടെ കൊള്ളത്തരങ്ങളും, താറുമാറായ ഉൽപാദന ക്ഷണതയും, നിലവാരമില്ലാത്ത പ്രാഥമിക വിദ്യാഭ്യാസവും, വർദ്ധിച്ചുവരുന്ന അസമത്വങ്ങളും വർഗ്ഗീയ വിദ്വേഷവും ഒന്നും ചർച്ചചെയ്യാതെപോയി. പാർട്ടി കൺവെൻഷനുകൾ വെറും ഇവന്റ് ഷോകളായി മാറി. എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളും ജനത്തെ മടുപ്പിച്ചു. തന്റെ മൂന്നു വിവാഹങ്ങളിലായി ജനിച്ച കുട്ടികളെ നിരത്തിനിർത്തി ബലൂൺ തട്ടിക്കളിപ്പ് റിപ്പബ്ലിക്കൻ കൺവൻഷൻ അവസാനിപ്പിച്ചപ്പോൾ, കൊച്ചു കുട്ടികളെപ്പോലെ ബലൂൺ തട്ടിക്കളിച്ചാണ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഡമോക്രാറ്റിക് കൺവൻഷൻ അവസാനിപ്പിച്ചത്.

ട്രമ്പ് എന്ന ബിസിനസുകാരനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് തോറ്റാലും വൻ വിജയം, തന്റെ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിറ്റഴിയും എന്നത് ഉറപ്പ്. തനിക്കെതിലെ വിരൽ ചൂണ്ടുന്ന ആരേയും കുത്തിക്കൊല്ലാതെ പിൻവാങ്ങില്ല എന്ന ട്രമ്പ് നയങ്ങളും, പരിഹാസവും, വിദ്വേഷവും നിറഞ്ഞ അട്ടഹാസങ്ങളുമായി ഹിലാരിയും അമേരിക്കൻ വോട്ടർമാരുടെ മുമ്പിൽ അവതരിച്ചിരിക്കുകയാണ്. രൗദ്രം ആണ് ഇവരുടെയും മുഖഭാവം, ക്രൂരമാണ് ഇവരുടെയും വികാരപ്രകടനങ്ങൾ. ഇതൊക്കെ കണ്ടു അസഹനീയമായ വോട്ടർമാർ അടുത്ത മൂന്നു മാസക്കാലത്തെ ആശങ്കയോടെ വീക്ഷിക്കുന്നു.

ഡമോക്രാറ്റിക് പാർട്ടി കൺവൻഷനിൽ പാക്കിസ്ഥാൻകാരനായ ഖാൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിലേറെയായിരുന്നു ട്രമ്പ് ആയാൾക്കെതിരായി നടത്തിയ പരാമർശങ്ങൾ, ഇവിടെ സാമാന്യ മര്യാദകൾ എല്ലാം ലംഘിക്കപ്പെട്ടു. ഇനിയെത്ര കോലാഹലങ്ങൾ കാണാനിരിക്കുന്നു?

ഖാൻ എന്ന മുസ്ലിം ചർച്ചകളിൽ ആക്രമിക്കപ്പെട്ടപ്പോൾ പ്രസിഡന്റ് ബരാക് ഒബാമയുടെ 'ഹുസൈനിസം' മറയില്ലാതെ പുറത്തുവന്നു. മദ്ധ്യപൂർവ്വേഷ്യലിയെ ക്രിസ്തുമത പീഠനത്തിനെതിരെ മൗനം പാലിച്ചിരുന്ന ഇദ്ദേഹം വികാരഭരിതനാകുന്നതും ജനം ഈർഷ്യയോടെ നോക്കിയിരുന്നു.

ട്രമ്പിന് പ്രസിഡന്റിന്റെ മഹനീയ സ്ഥാനത്ത് മര്യാദ പുലർത്താനാകില്ല എന്നി ഹിലാരി, തന്റെ ഭർത്താവ് സമുന്നതപദവിയിൽ ഇരുന്നു കാട്ടിക്കൂട്ടി മോണിക്ക സംഭവങ്ങൾ ജനം മറന്നുകാണുമെന്നാണ് ഇവരുടെ വിശ്വാസം. ട്രമ്പിന്റെ പ്രസംഗത്തിനിടെ ഒരു കുട്ടി കരഞ്ഞപ്പോൾ പ്രസംഗം നിർത്തി ട്രമ്പു പറഞ്ഞു, കുട്ടികൾ കരയുന്നത് എനിക്ക് ഇഷ്ടമാണ്, കുട്ടികളെയും ഇഷ്ടമാണ്, കുട്ടി വീണ്ടും കരഞ്ഞപ്പോൾ, അതിനെ എടുത്തു വെളിയിൽ കൊണ്ടുപോകാൻ പറയാനും അദ്ദേത്തിന് യാതൊരു മടിയുമുണ്ടായില്ല.

ഫൈഡറൽ ബ്യൂറോ ഓഫ് ഇൻവിസ്റ്റിഗേഷൻ ഡയറക്ടർ ജേംസ് കോമി സെനറ്റ് ഹിയറിബിൽ ഹിലരി സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ അലംഭാവ കാട്ടി എന്നു പറഞ്ഞു. വിശദീകരണത്തിൽ ഇവർ കള്ളം പറഞ്ഞില്ല പക്ഷേ, സത്യമല്ല പറഞ്ഞതെന്നും പറയുന്നതു കേട്ടു ജനം നടുങ്ങി. എന്താണ് സത്യത്തിന്റെയും കള്ളത്തിന്റെയും നിർവ്വചനം? അത് ഹിലാരിതന്നെ കണ്ടുപിടിക്കും.

ഹിലാരിക്കുവേണ്ടി വോട്ടുപിടിക്കാൻ ഇറങ്ങിയ വാറൽ ബഫറ്റ് തുടങ്ങിയവരുടെ നിരകണ്ടപ്പോൾ ബേർണി സാന്റേർഡിനെ പിൻതുണച്ചവലിയ കൂട്ടം ഡമോക്രാറ്റുകൾ അസ്വസ്ഥരായി.

അമേരിക്കയിലെ 324 മില്യൺ ജനങ്ങളിൽ 221 മില്യാണ് വോട്ടു രേഖപ്പെടുത്താൻ യോഗ്യതയുള്ളവർ. 88 മില്യൺ സാധാരണ വോട്ടു ചെയ്യാറില്ല. 73 മില്യൺ പ്രൈമറി മത്സരങ്ങളിൽ വോട്ടു ചെയ്തില്ല, പക്ഷേ, ഇവർ വോട്ടുചെയ്യും. 60 മില്ല്യൺ ആളുകളാണ് പ്രൈമറി മത്സരത്തിൽ വോട്ടുചെയ്തത്. അതിൽ പകുതിയിലേറെ പേരും വോട്ട് ചെയ്തു സ്ഥാനാർത്ഥികൾ ഇപ്പോൾ രംഗത്തില്ല. ഏതാണ്ട് 14 ശതമാനം സമ്മതിദായകർ, അല്ലെങ്കിൽ 9 ശതമാനം പേരുമാത്രമാണ് ഹിലാരിക്കോ ട്രമ്പിനോ വേണ്ടി ഇതുവരെ വോട്ടു ചെയ്തവർ. (ന്യൂയോർക്ക് ടൈംസ് - കടപ്പാട്). അതായത് 91 ശതമനാനം പേരും ഇപ്പോൾ കടുത്ത മാനസിക സംഘർഷത്തിലാണ് അമേരിക്കയിൽ, അതിലേറെ അസ്വസ്ഥമാണ് ലോക രാജ്യങ്ങളും.

ഏതാണ്ട് 900 മില്ല്യാണ് ഡോളർ പൊടിപൊടിച്ചു ഇത്രയും ശ്രമകരമായ നീണ്ട പ്രക്രിയയിലൂടെ ഒരു ജനകീയ നേതാവിനെ കണ്ടെത്താനായില്ല എന്നത് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ പാളിച്ചയാണ്. ഇനി കിട്ടുന്നത് എന്തായാലും അനുഭവിക്കുക എന്നതാണ് അമേരിക്കക്കാരന്റെ വിധി. വ്യവസ്ഥാപിതമായ രീതിയിൽ കൂടെയല്ലാതെ, വ്യക്തിപരമായ ആശയങ്ങളുടെ പേരിൽ പൊതു സമ്മതനായ ഒരു ജന നേതാവിനെ കണ്ടെത്താൻ അമേരിക്കൻ രാഷ്ട്രീയത്തിന് ഇന്നു സാധിക്കുന്നില്ല എന്നത് സംവിധാനത്തിന്റെയും ജനാധിപത്യത്തിന്റെയും അപചയമല്ലേ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP