Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രൈം യൂണൈറ്റ്‌സ് മലയാളി കമ്മ്യൂണിറ്റി

ക്രൈം യൂണൈറ്റ്‌സ് മലയാളി കമ്മ്യൂണിറ്റി

കോരസൺ വർഗീസ്

കേരളത്തിലെ മഹാപ്രളത്തിനു ശേഷം ലോകത്താകമാനമുള്ള മലയാളികൾ ഒന്നിച്ചത് ഇപ്പോഴാണ്. കൂടത്തായി കൂട്ടക്കൊലക്കേസിലെ ജോളിയുടെ വിചിത്രമായ ജീവിതത്തെയും ക്രൂരതകളെയുംപറ്റി കേട്ടു ഹൃദയമിടിപ്പോടെയാണ് ഓരോ ദിവസവും മലയാളി തള്ളി നീക്കുന്നത്. മലയാളികളിൽ ആകെ ഒരു പാപിനിയും, ബാക്കിയുള്ള മൊത്തം മാലാഖമാരും എന്നതാണ് അവസ്ഥ!. എത്രപേർ മനസ്സുകൊണ്ട് സയനൈഡ് ചേർത്ത് ഭക്ഷിക്കാൻ വച്ച് നീട്ടുന്നു .അൽപ്പം ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ എത്ര ജോളിമാർ നമ്മുടെ ഇടയിൽ കാവടിആടും എന്ന് ചിന്തിക്കാനാവുമോ.

'സയനൈഡ് കിട്ടുന്ന വിധം അറിയില്ല അല്ലെങ്കിൽ ഇവളുമാരു എപ്പോളേ നമക്കിട്ടു സൂപ്പ് തന്നേനേ' ഒരു സുഹൃത്തിന്റെ തമാശ. അടക്കം അധിക്ഷേപിക്കുകയല്ല എന്നാലും, അധികാരവും സുഖവും പണവും അംഗീകാരവും മോഹിക്കാത്ത,അതിനുവേണ്ടി ഏതറ്റവും വരെ പോകാൻ മടിക്കാത്ത എത്രപേർ കാണും മലയാളികളിൽ? ഇത്തരം എത്രയോ സംഭവങ്ങൾ ശ്രദ്ധിക്കാതെ കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിക്കാണണം. ഒക്കെ വളരെ ഭദ്രം എന്ന് തോന്നിപ്പിക്കുന്ന ജീവിത നാടകങ്ങളിൽ ഇത്തരം ചില ദാരുണ അനുഭവങ്ങളാണ് മനസ്സു തുറക്കാൻ സഹായിക്കുന്നത്. സൂക്ഷ്മതക്കുറവ്, ജാഗ്രതയില്ലായ്മ, മുതലെടുപ്പുകൾ തിരിച്ചറിയാതിരിക്കുക, അനുഭവങ്ങൾകൊണ്ട് ഒന്നും പഠിക്കാതിരിക്കുക ഒക്കെ നമ്മുടെ സമൂഹത്തെ അന്ധമാക്കുന്നു.

അക്രമം സമൂഹത്തെ ഒന്നിപ്പിക്കുന്നു

ക്രമം സമൂഹത്തെ ഒന്നിപ്പിക്കുന്നു,(ക്രൈം യൂണൈറ്റ്‌സ് കമ്മ്യൂണിറ്റി) എന്ന ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞൻ എമിലി ദർഖേയിം (18581917) പറഞ്ഞപ്പോൾ മുഖം ചുളിച്ചവർ ഏറെയായിരുന്നു. അക്രമോത്സുകതമായ, വഴിതെറ്റിയ പെരുമാറ്റരീതികൾ ആളുകളെ ഒന്നിപ്പിക്കുന്നു, അവർ അക്രമിക്കെതിരായി ഒന്നായി പ്രതികരിക്കുന്നു, അങ്ങനെ സാമൂഹിക ഇടപെടലുകളെ ആവർത്തിച്ചു സ്ഥിരീകരിക്കുന്നു. അക്രമങ്ങൾ ഒരു സാധാരണ സാമൂഹിക പ്രക്രിയ ആയി മാറുന്നു എന്നാണ് എമിലി ദർഖേയിം പറഞ്ഞത്.

'അക്രമം' ഒരു സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുകയാണ്. ഒരു കുറ്റകൃത്യം ഉണ്ടാകുമ്പോൾ സാമൂഹിക ഇടപെടലുകളിൽ വേണ്ട തിരുത്തലുകൾ ഉയർന്നുവരികയും, പെരുമാറ്റച്ചട്ടം,ആദർശം, മൂല്ല്യം,വിശ്വാസം,ധർമ്മം ഇവയെക്കുറിച്ചു പുതിയ അളവുകോലുകൾ ഉണ്ടാക്കപ്പെടുകയും ചെയ്യും. സാമൂഹിക ഇടപെടലുകളിലെ ജൈവമായ പരിണാമക്രമം, വ്യതിയാനം സമൂഹത്തെ കൂടുതൽ ഭദ്രമാക്കുകയും കോട്ടങ്ങൾ പരിഹരിക്കയും ചെയ്യപ്പെടും.

കുറ്റകൃത്യം ഒഴിവാക്കാനാവാത്ത സാമൂഹിക പ്രക്രിയയാണ്. അത് സ്വർഗ്ഗത്തിലും നരകത്തിലും ഉണ്ടാകുന്നുണ്ട് എന്ന് പുരാണങ്ങൾ പോലും പറയുന്നു. സാമൂഹിക ക്രമങ്ങൾ ഉരുത്തിരിഞ്ഞു വന്നപ്പോൾ നിയമങ്ങൾ ഉണ്ടായി, സ്വാഭാവികമായും അതിനു യോജിപ്പില്ലാത്തവർ കലഹം ഉണ്ടാക്കി, അഭിപ്രായ വ്യത്യാസത്തിൽ നിന്നും പകയുംഅക്രമവുമായി മാറി. പുതിയ അക്രമണരീതികൾ പുതിയ പെരുമാറ്റ ചട്ടങ്ങൾ നിർമ്മിക്കുകയും ചിലവ ഒഴിവാക്കാക്കിക്കൊണ്ടുമിരുന്നു. ശിക്ഷയെക്കുറിച്ചും അവ എങ്ങനെ നടപ്പാക്കണം എന്നും വീണ്ടും ചർച്ചകൾ ഉണ്ടായി. അങ്ങനെ ഓരോ പ്രമാദമായ കുറ്റകൃത്യം ഉണ്ടാകുമ്പോഴും ന്യായത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും അടിസ്ഥാനപരമായ വിചിന്തനം രൂപപ്പെടും.

അനിവാര്യമായ തിരുത്തലുകൾ 

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര ഇപ്പോൾ ഇത്തരം ഒരു സാമൂഹിക തിരുത്തലിനു വിധേയമാക്കുകയാണ്. ഒരു സ്ത്രീ ആഗ്രഹിക്കുന്ന സുരക്ഷിതത്വം, സുഖം,തണൽ, സാമൂഹിക നിലവാരം, ശീലങ്ങൾ, പെരുമാറ്റം ഒക്കെ പുരുഷന്മാർ എങ്ങനെ കാണുന്നു. അതുപോലെ പുരുഷൻ സ്ത്രീയിൽ നിന്നും പ്രതീക്ഷിക്കുന്ന വിധേയത്വം, തലോടൽ, കൈത്താങ്ങുകൾ, സംതൃപ്തി, സ്വാതന്ത്ര്യം ഒക്കെ പുതിയ അളവിൽ നിരീക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. കൂട്ടുകുടുംബങ്ങളിലും, ഒറ്റപ്പെട്ട കുടുംബങ്ങളിലും ഇന്നും നടമാടുന്ന രീതികൾ, സമീപനങ്ങൾ ഒക്കെ പുതിയ സദാചാര നിലവാരത്തിലേക്ക് കൊണ്ടുപോകണം.

കുടുംബത്തിലെ പണമിടപാടുകൾ ആര് ഏറ്റെടുക്കണം?അവരാണ് കുടുംബത്തിന്റെ നേതാവ് എന്ന ധാരണ. ഇടപാടുകളിലെ സുതാര്യത, വ്യക്തത, ഏതുവരെ സത്യം പറയാം, പറയേണ്ട, ആരാണ് അന്ത്യമായ നേട്ടക്കാരൻ. തമ്മിലുള്ള വായ്പകൾ, തിരിച്ചു ചോദ്യങ്ങൾ , അപ്പോഴുണ്ടാകുന്ന അപസ്വരങ്ങൾ ഒക്കെ മതിലിനു പുറത്തു ആരും അറിയാതിരിക്കുക, അഥവാ അറിഞ്ഞാലും, ഇടപെടാതിരിക്കുക. ഓരോ അവസ്ഥയിലും എടുത്തണിയുന്ന കപടതയുടെ മുഖപടങ്ങൾ! തോറ്റുപോകുന്ന മതത്തിന്റെ ധാർമ്മികത, കടമകൾ, ഉത്തരവാദിത്തം, ഒക്കെ വെറും വേഷംകെട്ടുകൾ എന്ന ധാരണകൾ. മറ്റുള്ളവരിൽ നിന്നും ബഹുമാനം പിടിച്ചുവാങ്ങാൻ കാട്ടുന്ന കോപ്രായങ്ങൾ. വിശ്വാസം എന്ന കെട്ടുകഥ. എല്ലാം ആത്യന്തികമായി തന്നിലേക്ക് തന്നെ തറച്ചുനിൽക്കുന്ന കടുത്ത സ്വാർത്ഥത ഒക്കെ ഒന്ന് കൂടി തിരിച്ചറിയണം.

വിവാഹ ബന്ധത്തിന് തയ്യാറാകുമ്പോൾ സൗന്ദര്യത്തേക്കാൾ കുടുംബ പശ്ചാത്തലവും, ചുറ്റുപാടുകളും ചോദിച്ചറിയുക എന്നത് ഇപ്പോൾ പഴങ്കഥയായി. ഒക്കെ സ്വന്തമായി തീരുമാനിക്കപ്പെടുമ്പോൾ കുറെയേറെ വലിയ കാര്യങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുകയാണ്. സ്വന്തം അരക്ഷിതാവസ്ഥയിൽ വീർപ്പുമുട്ടുന്ന ദാമ്പത്യത്തിലെ ഒരുഭാഗം മറുഭാഗത്തെ പ്രതിരോധത്തിൽ തളച്ചിടുകയാണ്. എങ്ങനെയും തകർക്കുക ഒറ്റപ്പെടുത്തുക എന്ന രീതിയിൽ കാര്യങ്ങൾ പോയാൽ യുദ്ധസമാനമായ അവസ്ഥയാണ് ദാമ്പത്യത്തിൽ ഉണ്ടാക്കുന്നത്. വിവാഹ ബന്ധത്തിൽപ്പെടുന്ന രണ്ടു കുടുംബങ്ങൾ തമ്മിൽ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയാണ് പലേടത്തും വരച്ചിരിക്കുന്നത്.

സഹോദരങ്ങൾ തമ്മിലുള്ള വിശ്വാസവും കരുതലും, നേട്ടങ്ങളെക്കുറിച്ചുള്ള മത്സരത്തിൽ അലിഞ്ഞുപോയി. കുടുംബ കൂട്ടായ്മകൾക്കുള്ളിൽപോലും ഒന്നിച്ചിരുന്നു മദ്യപിക്കുന്ന രീതിയിൽ തുറന്നു സമീപിക്കുന്ന സ്ത്രീ-പുരുഷമാരുടെ സൗഹൃദങ്ങൾ, പരിധിവിട്ടാൽ വിനാശകരമായ നിലയിൽ എത്തും. സ്ത്രീകൾ തങ്ങളുടെ സാമർഥ്യം കൊണ്ട് കുടുംബത്തിൽ ചില്ലറ കാര്യങ്ങൾ നേടിയെടുക്കുമ്പോൾ , അതാണ് ശരിയായ രീതി എന്ന് വിട്ടുകൊടുക്കുന്ന പുരുഷന്മാരും വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നതെന്ന് അറിയുമ്പോഴേക്കും ഒക്കെ കൈവിട്ടു പോകും.

തർക്കങ്ങൾ ഒതുങ്ങാതെയാകുമ്പോൾ ഉൾപ്പെടുന്ന വ്യവഹാരങ്ങൾ, തീരുമാനം ആയാലും വിശ്വാസത ചോദ്യം ചെയ്യപ്പെടുന്ന നീതി-ന്യായ മര്യാദകൾ, നിഷ്‌ക്രിയരായി, നിസ്സഹായകരായി കൈ മലർത്തുന്ന ഭരണക്രമങ്ങൾ, രാഷ്ട്രീയ സമ്മർദങ്ങൾ, വിശ്വാസത നഷ്ട്ടപ്പെടുന്ന പൊതു മാധ്യമങ്ങൾ, വഴുവഴുപ്പൻ രാഷ്ട്രീയ നിലപാടുകൾ, രാഷ്ട്രീയ ഇടപെടലുകൾ ഒക്കെ നമ്മെ അങ്കലാപ്പു സൃഷ്ട്ടിക്കുന്ന ഗോത്ര സംസ്‌കാരത്തിലേക്ക് തരം താഴ്‌ത്തുകയാണ്. എന്തിനെയും എല്ലാത്തിനെയും ഭയന്നുള്ള ഒളിച്ചോടലുകൾ, കടുത്ത ലൈംഗിക അരാജകത്വം, അസംതൃപ്തി, മൂടിവച്ച വൈകൃതങ്ങൾ, ഒടുങ്ങാത്ത അഭിനിവേശങ്ങൾ , മതിവരാത്ത ആർത്തി, ആസക്തി, അന്ധ വിശ്വാസങ്ങൾ, പാപവും പുണ്യവും താൻ തന്നെ തീരുമാനിക്കും, സ്വർഗ്ഗവും നരകവും ഇവിടെത്തന്നെ എന്ന അഹങ്കാരം ഒക്കെ നമ്മെ കൊണ്ടെത്തിക്കുന്നത് ഏതു തമോഗർത്തത്തിലേക്കാണ്?

ശുദ്ധമായതും നേർത്തതും കനിവുള്ളതും ഒക്കെ പരാജയത്തിന്റെ പര്യായമായി. വെട്ടിപ്പിടിച്ചും പിടിച്ചു പറിച്ചും ദ്രോഹിച്ചും കൊള്ളയിട്ടും നേടുന്ന നേട്ടങ്ങൾ വിജയത്തിന്റെ അടയാളങ്ങളായി. തകിടുകളിലും ചരടുകളിലും ആഭിചാരത്തിലും മഷിനോട്ടങ്ങളിലും വിശ്വാസം കൂടി, അവിടവിടെയായി നിലനിന്ന സമൂഹത്തിന്റെ ചുമടുതാങ്ങികൾ അപ്രത്യക്ഷങ്ങളായി, ആർക്കും ആരെയും വേണ്ടാതായി. നഷ്ടപ്പെട്ടത് മറ്റൊന്നുമല്ല, പരസ്പരം നിലനിൽക്കാനുള്ള വിശ്വാസത്തിന്റെ പാലാരിവട്ടം പാലമാണ് ഇടിഞ്ഞുവീണത്.

വ്യാസൻ പറഞ്ഞ കഥ

വ്യാസൻ പറഞ്ഞ ഒരു കഥയുണ്ട്. മൈത്രേയൻ എന്ന രാജാവ് വേട്ടക്ക് പോയി ഒരു വനത്തിൽ രാത്രി കുടുങ്ങി. ഒരു മരത്തിനു മുകളിൽ രാത്രി ചിലവഴിക്കാൻ എത്തിയ രാജാവിനെ, മരത്തിൽ കയറി വന്ന ഒരു കരടി നേരിടുന്നു. കരടിയെ ഓടിച്ചു കൊണ്ടുവന്ന സിംഹം മരത്തിനു താഴെ നിലയുറപ്പിച്ചതുകൊണ്ടു അവർ തമ്മിൽ ഒരു ധാരണ ഉണ്ടാക്കുന്നു. രാത്രി പകുതി വരെ രാജാവ് ഉറങ്ങും, കരടി കാവലിരിക്കും, ബാക്കി സമയം രാജാവ് കരടിക്കു കാവലിരിക്കണം, അപ്പോഴേക്കും സിംഹം പൊയ്‌ക്കൊള്ളും. രാജാവ് ഉറക്കം തുടങ്ങിയപ്പോൾ സിംഹം കരടിയോടു, ആ രാജാവിനെ ഇങ്ങോട്ടു തട്ടിയിട്ടുകൊള്ളൂ, നിന്നെ ഉപദ്രവിക്കില്ല എന്ന ഒരു വിലപേശൽ. ധാർമ്മികനായ കരടി അതിനു വഴങ്ങിയില്ല. രാജാവിന്റെ ഊഴം വന്നപ്പോളും സിംഹം, കരടിയെ ഇങ്ങോട്ടു തട്ടിയിട്ടോളൂ നിന്നെ ഉപദ്രവിക്കില്ല എന്ന് വിലപേശി. രാജാവ് സമ്മതിച്ചില്ല എങ്കിലും, സിംഹം പറഞ്ഞു മനസ്സിലാക്കിയപ്പോൾ രാജാവ് , കരടിയെ താഴേക്ക് തട്ടി. താഴെവീഴാതെ കരടി മരക്കമ്പിൽ പിടിച്ചു രക്ഷപെട്ടു. പിന്നീട് ധാർമ്മികനായ കരടിയും ആഹാരത്തിനായി വിലപേശുന്ന സിംഹവും ശാപമോക്ഷം നേടുന്നു, ആത്മശിക്ഷണം നഷ്ട്ടപ്പെട്ട രാജാവ് കടുത്ത ശാപത്തിനിരയാകുന്നു.

ഇവിടെ നഷ്ടപ്പെടുന്നത് ചില ധാരണകളാണ്, വിശ്വാസങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ നിലനിൽപ്പിന്റെ ആധാരങ്ങളാണ് കൈമോശം വരുന്നത്. നമ്മുടെ സമൂഹത്തിനു ശാപമോഷം ഉണ്ടാകണമെങ്കിൽ, ഇന്നത്തെ നമ്മുടെ സാമൂഹിക അവസ്ഥയെക്കുറിച്ചു ഒരു സൂക്ഷമ പരിശോധന ഉണ്ടാവണം. അത് എല്ലാതലങ്ങളിൽനിന്നും ഉണ്ടാവാനുള്ള ആർജ്ജവം കാട്ടണം. അതിനു കൂടത്തായി കൂട്ടക്കൊലക്കേസ് ഒരു നിമിത്തമാകട്ടെ. ക്രൈം യൂണൈറ്റ്‌സ് മലയാളി കമ്മ്യൂണിറ്റി.

എന്താണ് വേണ്ടത്

രോ നിമിഷവും അപ്പുറവും ഇപ്പുറവും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ കഴിയുന്ന ഡിജിറ്റൽ യുഗത്തിൽ, അക്രമവാസനയും അവിശ്വസ്തതയും പത്തിവിടർത്തിയാടുന്ന സീരിയൽ നാടകങ്ങളും നമ്മുടെ സമൂഹത്തെ വല്ലാത്ത ഒരു രീതിയിലേക്ക് മാറ്റുന്നുണ്ട്. പ്രതിവിധികൾ രൂപപ്പെടണം. ആരോഗ്യപരമായ സാമൂഹിക ബന്ധങ്ങൾക്ക് വഴിമരുന്നിടുന്ന പഠന ക്രമങ്ങൾ ചെറിയ ക്ലാസുകൾ മുതൽ ആരംഭിക്കണം.

ആശയ വിനിമയത്തിൽ സാങ്കേതികവിദ്യ പ്രധാനപ്പെട്ട പങ്കുവഹിക്കുമ്പോൾ, ആദരവ്, സ്‌നേഹം, കരുണ, ശരിയായ ആശയവിനിമയം എന്ന സാമൂഹിക സങ്കൽപ്പങ്ങൾ സമഗ്രപഠനത്തിനു വിധേയമാക്കണം. അത് സർക്കാരുകൾ നേരിട്ട് ഏറ്റെടുക്കേണ്ട കർത്തവ്യമാണ്. സദാചാര ചിന്തകൾ ചൂണ്ടിക്കാണിക്കേണ്ട മതസംവിധാനങ്ങൾ , മനുഷ്യരെ തമ്മിലടിപ്പിക്കുന്ന കോമരങ്ങളായി അധഃപതിക്കുമ്പോൾ ആ വിടവ് നികത്തേണ്ടത് സമൂഹത്തിന്റെ സാംസ്‌കാരിക നേതൃത്വമാണ്. അതിനെ പരിപോഷിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. സാംസ്‌കാരിക വകുപ്പ് കൂടുതൽ ഉത്തരവാദിത്തത്തോടുകൂടി കാര്യങ്ങളെ സമീപിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP