Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തശ്ശിക്കഥയാവുന്ന സൗഹൃദങ്ങൾ

മുത്തശ്ശിക്കഥയാവുന്ന സൗഹൃദങ്ങൾ

കോരസൺ വർഗീസ്‌

രായിത്? സണ്ണിയല്ലേ, നോക്ക എത്ര ക്ഷീണിച്ചിരിക്കുന്നു. സണ്ണി ഒരാളുടെ പരിശ്രമമൊന്നുകൊണ്ടാണ് ഈ അസോസിയേഷൻ ഇങ്ങനെ നിലനിന്നുപോകുന്നത്. ഇരിക്കൂ സണ്ണീ, വല്ലപ്പോഴുമൊക്കെ ഒരു വിശ്രമമൊക്കെ വേണ്ടേ? 'എത്ര സ്‌നേഹത്തോടെയുള്ള തലോടൽ.' ഒരു മലയാളി സംഘടനയുടെ വിനോദ പരിപാടിക്കിടയിലെ വിശ്രമവേളയിൽ കേട്ട സംഭാഷണമാണിത്. സണ്ണി സന്തോഷത്തോടെയിരുന്നു. ഇതു കുടി അതു കുടിച്ചോട്ടെ, എന്നു പറഞ്ഞു നീട്ടിയ പാനീയവും അകത്താക്കി അടുത്ത ജോലിയിലേക്കു ഊർജ്ജസ്വലനായി ഓടി. സണ്ണി അവിടെനിന്നും പോയിക്കഴിഞ്ഞപ്പോൾ നടന്ന സംഭാഷണം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഇവനൊന്നും ഒരു തൊഴിലുമില്ല, ഇവന്റെ തലയിലൂടെയാണ് ലോകം മുഴുവൻ കറങ്ങുന്നതെന്നു വിചാരത്തിലാണ് ഇവന്റെയും ഭാര്യയുടെയും നടപ്പ്. ഒരക്ഷരം പറയാനറിയില്ല, പത്രത്തിൽ വരുന്ന പടത്തിൽ നടുക്കു ആന എഴുന്നള്ളിച്ചതുപോലെ നിൽക്കും. ഹൂം, സാറ,(സണ്ണിയുടെ ഭാര്യ) അവളു വയറും കാണിച്ച് പരിശമുട്ടുകളിക്കുന്നതുപോലെ തകർക്കുകയാണ്. ഈ പറയുന്നത് സംസ്‌കാര സമ്പന്നനും ഉന്നത വിദ്യാഭ്യാസവുമുള്ള ഒരു മുതിർന്ന നേതാവാണ്. ഒപ്പം കൂടി നിന്നു ചാറ്റുന്നവരും സണ്ണിയുടെ ഭാര്യയെയും സണ്ണിയെയും പറ്റി വിവിധ വർണ്ണനകൾ കൊണ്ടു മൂടുകയാണ്. എത്ര ആനന്ദം 

എന്തൊരുന്മാദം, എന്തോരാവേശം!... തീർന്നില്ല അടുത്ത ഇര മോഹനൻ വരുന്നുണ്ട്, എല്ലാവരും മോഹനനെ നോക്കിച്ചിരിച്ചു, കസേര പിടിച്ചിടുന്നു.

ഹേയ്, നിങ്ങളെന്താ സ്റ്റാർബക്ക്‌സ് കാപ്പിയും പൊക്കിപ്പിടിച്ച് ഈ നട്ടുച്ചക്ക് നടക്കുന്നത്? തണുത്ത വെള്ളം വല്ലതും കുടിച്ചു കൂടെ? അത് എന്റെ ഒരു ശീലമായിപ്പോയെടോ. ഈ കാപ്പികുടി അങ്ങു അസ്ഥിക്കു പിടിച്ചതുപോലെയായി. ദിവസം മുഴുവൻ ഇങ്ങനെ കുറേശെ കുടിച്ചുകൊണ്ടിരുന്നാൽ ഒരു ഉന്മേഷം! തന്നെയുമല്ല കാപ്പിക്കുടി ഹൃദ്രോഗം കുറക്കുമെന്നും കേൾക്കുന്നു. മറ്റൊരു
സൗഹൃദസംഭാഷണം. പിന്നെ കക്ഷി കാപ്പിയുമായി അവിടെ നിന്നും മാറിക്കഴിഞ്ഞപ്പോഴാണ് സുഹൃത്ത് കാപ്പിയുടെ രഹസ്യം പറയുന്നത്. അടഞ്ഞ സ്റ്റാർബക്‌സ് കാപ്പി കപ്പിൽ കാപ്പിയോടൊപ്പം കുറച്ചു വീര്യവും ചേർത്താണു സേവ. മദ്യപാനത്തിനെതിരെ ശക്തമായ നിലപാടുള്ള ഭാര്യയെപ്പേടിച്ച് കണ്ടുപിടിച്ച ഒരു നൂതന സംവിധാനം.

കേരളത്തിലിപ്പോൾ പഴയ ഇടപ്രഭുക്കന്മാരുടെ ക്ലാസിക് സംസ്‌കാരം തിരിച്ചു വന്നിരിക്കയാണ്. പട്ടണങ്ങളിൽ മാത്രമല്ല, ഇടത്തരം നാട്ടിൽ പുറങ്ങളിലും അഭ്യസ്ഥവിദ്യരായ, അല്പം നിലയും വിലയുമുള്ള ആളുകൾ ഒത്തുകൂടി അല്പം ചീട്ടുകളിയും. മദ്യപാനവും, സല്ലാപങ്ങളുമായി ഒരു മിനിമം പരിപാടി. പല ക്ലബ്ബിനും സ്വന്തമായ കെട്ടിടങ്ങളും ജോലിക്കാരും ഉള്ള സംവിധാനമായതിനാൽ പണം കൊടുക്കനും അംഗത്വമെടുക്കാനുമുള്ള ലിസ്റ്റ് വെയിറ്റിംഗിലാണ്. ഇത്തരം ഒന്നു രണ്ടു ക്ലബ്ബുകളിൽ അതിഥിയായി കൊണ്ടു പോകപ്പെട്ടപ്പോഴാണ് കേരളത്തിലെ ഇടത്തരം ജീവിതനിലവാരം മറുനാടൻ മലയാളിയേക്കാൾ ഒരുപടി മുന്നിലാണെന്നു തോന്നിയത്. ഒന്നും രണ്ടു പെഗ്ഗ് അകത്താക്കി ഒരു കോഴിക്കാലും കടിച്ചു കഴിയുമ്പോൾ പിന്നെ സംഭാഷണം അവിടെ സന്നിഹിതരാകാത്ത ഭാഗ്യഹീനരെ ഇരകളാക്കി പൊടിപ്പും തൊങ്ങലും വച്ച് കസറുകയാണ്. ചീട്ടുകളിക്കിടെ ചിലരുടെ ചില്ലറ കേളീവിനോദങ്ങളും സൈഡ് വലികളും ആഘോഷിക്കപ്പെടുന്നുണ്ട്. എത്ര കൂടുതൽ കഥപറയുന്നവരെ അത്രയും ആരാധ്യരായാണ് മറ്റുള്ളവർ കാണുന്നത്. അല്പം കൂടി കടന്നു കഴിഞ്ഞാൽ അതിർവരമ്പുകളില്ലാതെ ജാതിയും വർണ്ണവും ഒക്കെ പുറത്തുവരും, അവൻ ചോവൻ, മാപ്പിള, നായർ തുടങ്ങി അടിസ്ഥാനപരമായ
വർഗ്ഗവ്യത്യാസങ്ങളിലാണ് അറിയപ്പെടുക.

ഒരു സമ്മേളനത്തിൽ അതിന്റെ അദ്ധ്യക്ഷൻ ഒരു പുതിയ പ്രവർത്തകനെ വാനോളം കിളുത്തുകയാണ്. പുതിയ ലാവണനായി വായും പൊളിച്ചിരിക്കയാണ്. ഇടക്കു കൂടെയുള്ളവരുടെ പ്രതികരണവും ശ്രദ്ധിക്കുന്നുണ്ട്. ചിലർ താഴോട്ടു നോക്കി നഖങ്ങൾ കൊണ്ടു ചിത്രം വരക്കുന്നു. സമ്മേളനത്തിനുശേഷം നേതാവു നേരിട്ടുവന്നു കുശലം പറയുന്നു, ആകെ ഒരു അമ്പരപ്പ്. മറ്റൊരു സമ്മേളനത്തിൽ ഈ നേതാവു തന്നെ, അന്നു പുകഴ്‌ത്തിയ പ്രവർത്തകനെ യാതൊരു സങ്കോചവുമില്ലാതെ വധിക്കുകയാണ്. ഇവനെയൊന്നും കൊണ്ട് ഈ പ്രസ്ഥാനം ഓടിക്കാനാവില്ല എന്നു തുടങ്ങി കയറി അങ്ങു മേയുകയാണ്. ആകെ പരിഭ്രമിച്ച പ്രവർത്തകൻ മറ്റുള്ളവരുടെ പ്രതികരണം ശ്രദ്ധിച്ചു, അതേ പഴയ നഖംകൊണ്ടുള്ള ചിത്രം വര തന്നെ. വിഷണ്ണനായി പുറത്തുവന്ന പ്രവർത്തകനെ കാര്യം മനസ്സിലായിത്തുടങ്ങിയത്. പ്രവർത്തകരുടെ മനോവീര്യം കെടുത്തി അവരെ അനുസരണയുള്ള വാനരന്മാരാക്കാനുള്ള നേതാവിന്റെ മാനേജ്‌മെന്റ് ടെക്‌നിക്കാണ്. ഒരു പൊക്കു പൊക്കി താഴെ വലിച്ചിട്ടാൽ പിന്നെ അവൻ ഒരിക്കലും തല പൊക്കില്ലത്രേ!

മുഖം മൂടി വച്ചു കെട്ടിയ നമ്മുടെ സംസ്‌കാരം പലവിധ പരിണാമവും സംഭവിച്ച് ആർക്കും ആരെയും വിശ്വസിക്കാനാവാത്ത അന്ധകാരനാഴിയിൽ എത്തിയിരിക്കയാണ്. നന്മകൾ വറ്റിയിട്ടില്ല എന്ന സത്യം, തിളക്കമുള്ള ചില വ്യക്തിത്വങ്ങൾ അവിടെയായി മിന്നിത്തെളിയുന്നത് ആശ്വസകരം. എല്ലാ സമൂഹത്തിലും ഇത്തരം സമീപനം ഉണ്ടാവാം. ഒരു പക്ഷേ, ഇതു പ്രകൃതിദത്തമായ സാമൂഹിക ഘടകവുമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. ഓന്തിന്റെ നിറം മാറ്റം പ്രകൃതിദത്തമായി അതിനു കിട്ടിയ കഴിവല്ലേ? മതസംഘടനകളായാലും രാഷ്ട്രീയപാർട്ടികളായാലും, സാംസ്‌കാരിക സംഘടകളായാലും ഈ അവസ്ഥ പരക്കെ നിലനിൽക്കുന്നു. അതുകൊണ്ട് മലയാളി, ഒരിടത്തും പിടികൊടുക്കാതെ ആരോടും വിധേയപ്പെടാതെ അവനവന് ആനന്ദം കണ്ടെത്തുന്ന വഴികൾ തേടി വലയുകയാണ്.

ആരെയാണു വിശ്വസിക്കേണ്ടത്? എവിടെയാണ് ആശ്വസിക്കേണ്ടത്? എന്തിനെയാണ് പുണരേണ്ടത്? ഇതൊക്കെ സങ്കീർണമായ ചോദ്യങ്ങളാണ്. പതിറ്റാണ്ടുകളായി മറുനാട്ടിൽ ജീവിക്കേണ്ടി വന്ന ഒരു സുഹൃത്തു വേവലാതിപ്പെടുകയായിരുന്നു, എല്ലാം ഉണ്ടെങ്കിലും കൈവിട്ടു പോയത് ദിവ്യമായ സൗഹൃദങ്ങൾ ആയിരുന്നു. തല്ലുവാനും തലോടുവാനും എപ്പോഴും കടന്നു വന്നു ഇടപെടുവാനും നാം അറിയാതെ അനുവദിച്ചിരുന്ന ചിലർ, ജീവിതത്തിലെ പല വലിയ തീരുമാനങ്ങൾ എടുത്തപ്പോഴും അവരുടെ വാക്ക് മറുവാക്കാതെ ശ്രദ്ധിച്ചിരുന്നു.

നമുക്ക് കൈമോശം വന്ന മുത്തശ്ശിക്കഥയായി മാറി നല്ല സൗഹൃദങ്ങൾ. അടഞ്ഞ വാതിലിനുള്ളിൽ, തുറന്ന പുസ്തകത്തിൽ അടുക്കിവച്ച കാലപ്പഴക്കം വന്ന മയിൽപീലി അതേ, അതു ഭദ്രമായിട്ടിരിക്കട്ടെ, ഒന്നും ഇരട്ടിച്ചില്ല എങ്കിലും, ഇളക്കേണ്ട, ഉണർത്തേണ്ട, അവ അങ്ങനെ തന്നെയിരിക്കട്ടെ, പുസ്തകം അവശേഷിക്കുന്നിടത്തോളം….

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP