Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ? നിങ്ങളുടെ ഫ്രിഡ്ജിനു പഫ് ഉണ്ടോ? ഉത്പന്ന വിപണിയിൽ "യുഎസ്‌പി"യുടെ കളി!

നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ? നിങ്ങളുടെ ഫ്രിഡ്ജിനു പഫ് ഉണ്ടോ? ഉത്പന്ന വിപണിയിൽ

സംരംഭകന് തൻകുഞ്ഞ് പൊൻകുഞ്ഞാണ് തന്റെ ബിസിനസിനോടും അതിന്റെ ഉൽപ്പന്നത്തോടും സംരംഭകൻ അത്രമാത്രം വൈകാരികമായ അടുപ്പം സ്ഥാപിച്ചിരിക്കും.
വൈകാരികമായി സംരംഭത്തെ സമീപിക്കുന്നതിൽ തെറ്റൊന്നുമില്ല, പക്ഷെ, വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് തന്റെ ഉൽപ്പന്നത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതിൽ നിന്ന് വൈകാരികത സംരംഭകനെ തടയുന്നില്ല എന്നുറപ്പുവരുത്തണം.

സംരംഭത്തോടും ഉൽപ്പന്നത്തോടുമുള്ള നിങ്ങളുടെ വൈകാരിക അഭിനിവേശം (Passion) അടുപ്പം സംരംഭത്തെ ആന്തരികമായി എത്ര ശക്തമാക്കുമോ അതേ അഭിനിവേശം ഉപഭോക്താക്കളിലുണ്ടാക്കാൻ നിങ്ങൾക്ക് സാധിച്ചാൽ സംരംഭം വിപണിയിലും വിജയിക്കും.

വിപണിയിലെ വൈവിധ്യമാർന്ന അനേകം ചോയ്‌സുകളിൽ നിന്ന് നിങ്ങളുടെ ഉൽപ്പന്നത്തെ വ്യതിരിക്തമാക്കുന്നതെന്താണെന്ന് കണ്ടെത്തുകയും അത് ഉപഭോക്താക്കളുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നതിലൂടെ ഈ അഭിനിവേശം രൂപപ്പെടുത്താനാവും. മാർക്കറ്റിംഗിൽ 'യുണീക് സെല്ലിങ് പ്രൊപ്പൊസിഷൻ' (USP) എന്ന് വിവക്ഷിക്കപ്പെടുന്ന അനന്യഘടകം കണ്ടെത്തേണ്ടത് ബിസിനസ് വിജയത്തിന് അനിവാര്യമാണ്

എന്താണ് യു.എസ്‌പി ?

'ബിസിനസ്സിനേയും ഉപഭോക്താക്കളേയും വിപണിയേയും എത്ര നന്നായി മനസിലാക്കുന്നു എന്നറിയാനുള്ള ഒരു ആന്തരികപരിശോധന' എന്ന് യു.എസ്‌പിയെ മാർകറ്റിങ് ഗുരു ആൽ റോബിൻസൺ നിർവചിക്കുന്നു.

യുണീക്

വിപണിയിൽ നിങ്ങളോട് മൽസരിക്കുന്ന ഉൽപ്പന്നങ്ങൾ/ സേവനങ്ങളേക്കാൾ എന്ത് മേന്മയാണ് നിങ്ങളുടെ സംരംഭം വാഗ്ദാനംചെയ്യുന്നത് എന്ന ചോദ്യത്തിനുത്തരമാണിത്. എന്തുകൊണ്ട് നിങ്ങളുടെ ഉൽപ്പന്നം ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം യുക്തിഭദ്രമായ ചോയ്‌സ് ആകുന്നു എന്ന് വിശദീകരിക്കുന്നു. ഹൈജംപ് മൽസരത്തിൽ എല്ലാവരും ചാടുന്ന ഉയരത്തോളം ചാടാൻ ശ്രമിക്കുന്നതിനു പകരം നിങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ചുള്ള ഒരു ബാർ സ്ഥാപിക്കുന്നതിനു തുല്യമാണിത്.

സെല്ലിങ്

പണം തന്ന് നിങ്ങളുടെ ഉൽപ്പന്നം സ്വന്തമാക്കാൻ ഇത് ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നു. മുടക്കുന്ന പണത്തിനേക്കാൾ മികച്ച മൂല്യം നിങ്ങളുടെ ഉൽപ്പന്നത്തിന്/സേവനത്തിന് ഉണ്ടെന്ന് ഇത് ഉറപ്പുവരുത്തുന്നു.

പ്രൊപ്പൊസിഷൻ

മേൽപ്പറഞ്ഞ രണ്ട് ഘടകങ്ങളേയും അടിസ്ഥാനപ്പെടുത്തി സംരംഭകൻ ഉപഭോക്താവിന് മുന്നിൽവെക്കുന്ന വാഗ്ദാനമാണിത്. തന്റെ ഉൽപ്പന്നത്തിനുമാത്രം നൽകാനാവുന്ന മെച്ചങ്ങൾ അതിനായി ചെലവഴിക്കേണ്ടുന്ന പണത്തേക്കാൾ മികച്ച മൂല്യം ഉപഭോക്താവിനു നൽകുന്നു എന്ന വാഗ്ദാനമാണിത്. യു.എസ്‌പി വ്യക്തമായി നിർവചിക്കുന്നതിലൂടെ സംരഭം ആന്തരികമായും ബാഹ്യമായും ശക്തമാകുന്നു. ഉൽപ്പന്നത്തിന്റെ ഏത് പ്രത്യേകതയിലാണ് ശ്രദ്ധയൂന്നേണ്ടതെന്ന് അത് സംരംഭവുമായി ബന്ധപ്പെട്ട എല്ലാവരേയും നിരന്തരം ഓർമിപ്പിക്കുന്നു. ഒപ്പം വിപണിയിൽ ഉൽപ്പന്നത്തെ എങ്ങനെ പൊസിഷൻ ചെയ്യണമെന്ന് സംരംഭകനു നിശ്ചയിക്കാനാകുന്നു.

നിങ്ങളുടെ ഉൽപ്പന്നത്തിന്റെ സേവനത്തിന്റെ യു.എസ്‌പി എങ്ങനെ കണ്ടെത്താം?

ഉപഭോക്താവിന്റെ കണ്ണിലൂടെ നോക്കുക

സംരംഭം നിങ്ങളുടേതാണെങ്കിലും സംരംഭം മുന്നോട്ടുവെയ്ക്കുന്ന ഉൽപ്പന്നം/സേവനം ഉപഭോക്താവിന്റേതാണ്. അതുകൊണ്ട് ഉൽപ്പന്നത്തിന്റെ യു.എസ്‌പി കണ്ടെത്താനുള്ള ഉദ്യമത്തിന്റെ ആദ്യപടി ഉപഭോക്താവിന്റെ മാനസികനിലയിൽ നിന്ന് കാര്യങ്ങളെ നോക്കിക്കാണുക എന്നതാണ്. ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ പ്രത്യേകതകൾ (features) എന്നതിനേക്കാളേറെ അവ തനിക്ക് നൽകുന്ന മെച്ചങ്ങളിൽ(benefits) ആയിരിക്കും ഉപഭോക്താവിന്റെ കണ്ണ്.

നിങ്ങളുടെ ഉൽപ്പന്നത്തെ അനന്യമാക്കുന്ന ഘടകം കണ്ടെത്തുക

ഉൽപ്പന്നത്തിന്റെ നാനാമുഖമായ പ്രത്യേകതകൾ മുൻഗണനാക്രമത്തിൽ എഴുതുകയാണ് ആദ്യപടി. ഇവയിൽ നിന്ന് വിപണിയിലെ മറ്റുൽപ്പന്നങ്ങളിൽ നിന്ന് തങ്ങളെ വ്യത്യസ്തരാക്കുന്ന ഏറ്റവും പ്രധാനഘടകവും അവയുടെ മെച്ചങ്ങളും കണ്ടെത്തണം

ഉൽപ്പന്നം പരിഹരിക്കുന്ന പ്രശ്‌നമേതാണെന്ന് നിർവചിക്കുക

ഏതൊരുൽപ്പന്നവും സേവനവും അടിസ്ഥാനപരമായി ഒരു സൊല്യൂഷനാണെന്ന് മുൻപേ പറഞ്ഞിരുന്നല്ലോ. നിങ്ങളുടെ ഉൽപ്പന്നം ഉപഭോക്താവിന്റെ ഏത് പ്രശ്‌നമാണ് പരിഹരിക്കുന്നതെന്ന് വ്യക്തമായി നിർവചിക്കുക.

പ്രശ്‌നപരിഹാരം എങ്ങനെയെന്ന് ബോധ്യപ്പെടുത്തുക

മേൽപ്പറഞ്ഞ പ്രശ്‌നം പരിഹരിക്കാൻ നിങ്ങളുടെ ഉൽപ്പന്നം പ്രാപ്തമാണെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഉപഭോക്താവിന്റെ പ്രശ്‌നം നിങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്ന് തെളിവുസഹിതം വിശദീകരിക്കുക.

യു.എസ്‌പി സുശക്തമായ പ്രസ്താവനയാക്കി മാറ്റുക

യു.എസ്‌പി നിർണയിക്കാനാവശ്യമായ ഘട്ടങ്ങളെല്ലാം കഴിഞ്ഞാൽ ഇവയെ വാചകരൂപത്തിലാക്കുക. സംരംഭം ഉന്നംവെയ്ക്കുന്ന ഉപഭോക്താക്കളിലേക്ക് എളുപ്പം വിനിമയം ചെയ്യുന്നത്ര ലളിതവും ശക്തവുമയിരിക്കണം യു.എസ്‌പി പ്രസ്താവന.

എല്ലാ മാർക്കറ്റിങ് രൂപങ്ങളിലും യു.എസ്‌പി ഉപയോഗിക്കുക

സംരംഭത്തേയും ഉൽപ്പന്നത്തേയും ഉപഭോക്താക്കളിലെത്തിക്കാൻ അവലംബിക്കുന്ന എല്ലാ മാർക്കറ്റിങ് രൂപങ്ങളിലും യു.എസ്‌പി ഉപയോഗിക്കുക. നിങ്ങളുടെ ഉൽപ്പന്നത്തെ വ്യതിരിക്തമാക്കുന്ന ഘടകം ഉപഭോക്താക്കൾക്കിടയിൽ ആവർത്തിച്ചുറപ്പിക്കേണ്ടതുണ്ട്.

യു.എസ്‌പി വാഗ്ദാനം പാലിക്കുന്നുണ്ടെന്ന് നിരന്തരം ഉറപ്പുവരുത്തുക

ഏറ്റവും പ്രധാനമായത് ഇതാണ്, യു.എസ്‌പി വാഗ്ദാനങ്ങളിലൊതുങ്ങരുത്. സംരംഭവിജയത്തിന്റെ സുസ്ഥിരത ഉപഭോക്താക്കൾക്കുനൽകുന്ന വാഗ്ദാനം പാലിക്കപ്പെടുന്നു എന്ന് നിരന്തരം ഉറപ്പുവരുത്തുന്നതിലാണ്.

ശക്തമായ മൽസരം നടക്കുന്ന വിപണിയിൽ സ്ഥാനം കണ്ടെത്തുക എന്നത് സംരംഭകൻ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ഉപഭോക്താവിനു മുന്നിലെ ധാരാളം ചോയ്‌സുകളിൽ ഒന്നായിത്തീരുക എന്നത് ഒരു നവസംരംഭകനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്, കാരണം സമാന ഉൽപ്പന്നങ്ങളുടെ/സേവനങ്ങളുടെ പ്രളയത്തിനിടയിൽ ഇടം കണ്ടെത്താൻ പുതിയൊരു സംരംഭത്തിന് ഏറെ ക്ലേശിക്കേണ്ടിവരും. വിപണിയിൽ സ്വന്തമായ ഇടം കണ്ടെത്തുകയാണ് സംരംഭകന്റെ മുന്നിലുള്ള വഴി. അതിനായി തന്റെ ഉൽപ്പന്നം / സേവനം അനന്യമായ ഒരു മൂല്യം ഉപഭോക്താവിനു നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം, ഒപ്പം ശക്തമായ ഒരു യു.എസ്‌പി പ്രസ്താവനയിലൂടെ ആ ആശയം ഉപഭോക്താക്കളിലെത്തിക്കുകയും വേണം.

(കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.)

+91-9400155565
[email protected]
www.ajas.in

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP