Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈക്ക് ബട്ടൺ കൊണ്ട് സുക്കർബർഗിനെന്താണ് പ്രയോജനം? ഉപഭോക്താവിനെക്കൊണ്ട് ലൈക്കടിപ്പിക്കാൻ ഫേസ്‌ബുക്കിൽ നിന്ന് പഠിക്കുക

ലൈക്ക് ബട്ടൺ കൊണ്ട് സുക്കർബർഗിനെന്താണ് പ്രയോജനം? ഉപഭോക്താവിനെക്കൊണ്ട് ലൈക്കടിപ്പിക്കാൻ ഫേസ്‌ബുക്കിൽ നിന്ന് പഠിക്കുക

ങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ ഈ ഗാനം മലയാളികൾക്ക് സുപരിചിതമാണ് ഒരു മാംഗല്യത്തിന് 'ക്വാളിഫൈ' ചെയ്യുന്ന സവിശേഷതകൾ എണ്ണിപ്പറഞ്ഞ് 'എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നുവരെ വന്നില്ലാരും ?!' എന്ന പരിവേദനത്തിൽ വരികൾ അവസാനിക്കുന്നു.മലയാളിസംരംഭകരിൽ പലരുടെയും അവസ്ഥയിതാണ്. സംരംഭത്തിന്റെ തുടക്കം തൊട്ട് തന്റെ ഉൽപ്പന്നത്തിന്റെ/സേവനത്തിന്റെ സൂക്ഷ്മ സവിശേഷതകളിൽ പോലും പണവും അധ്വാനവും ചെലവഴിക്കുകയും ഇവയെക്കുറിച്ച് വിളംബരം ചെയ്യുകയും ചെയ്യും, എന്നിട്ടും സവിശേഷതകളുടെ നീണ്ട നിരകളെ ഉപഭോക്താവ് പുല്ലുപോലെ അവഗണിക്കും 'എന്നിട്ടെന്തേ നിന്നെ വാങ്ങാൻ ഇന്നുവരെ വന്നില്ലാരും' എന്ന് സംരംഭകൻ എങ്ങനെ പാടാതിരിക്കും !

ഉപഭോക്താവിനു വേണ്ടത് കിടക്കയല്ല, നല്ലൊരു ഉറക്കമാണ്.

നിങ്ങളുടെ ഉൽപ്പന്നത്തെയോ സേവനത്തെയോ അവതരിപ്പിക്കുമ്പോൾ ഓർക്കേണ്ട പ്രാഥമികപാഠം ഇതാണ് ഉൽപ്പന്നത്തിന്റെ സവിശേഷതകളല്ല, അത് നൽകുന്ന പ്രയോജനങ്ങളാണ് ഉപഭോക്താവിന്റെ പരിഗണനാവിഷയം. സവിശേഷതകളും പ്രയോജനങ്ങളും വേർതിരിച്ചറിയുക നിങ്ങളുടെ ഉൽപ്പന്നത്തിന്റെ സവിശേഷതകളാണ് സാങ്കേതികമായി നിങ്ങളുടെ ഉൽപ്പന്നത്തിന്റെ ശക്തി, പക്ഷേ സാങ്കേതികത നിങ്ങളുടെ മാത്രം തലവേദനയാണ്, ഉപഭോക്താവിന്റേതല്ല. ഉൽപ്പന്നത്തിന് നിങ്ങൾ ചേർക്കുന്ന ഓരോ സവിശേഷതകളും ഉപഭോക്താവിനെ സംബന്ധിച്ച് പ്രസക്തമോ അപ്രസക്തമോ ആയ പ്രയോജനങ്ങളാണ്. ഉപഭോക്താവിന്റെ ഫോക്കസ് ഉൽപ്പന്നത്തിന്റെ സവിശേഷതകളിലല്ല, അതിന്റെ പ്രയോജനങ്ങളിലാണ്.

പ്രയോജനങ്ങളെ സംബന്ധിച്ചും ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ മുൻഗണനയുണ്ടാവും. തനിക്ക് സുപ്രധാനമായ ഒന്നോ രണ്ടോ സവിശേഷതകൾ നൽകുന്ന നേട്ടങ്ങളാണ് ഉപഭോക്താവിനെ പണം മുടക്കി ഉൽപ്പന്നം വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ഉപഭോക്താവിനു മുന്നിൽ ഉൽപ്പന്നത്തിന്റെ/സേവനത്തിന്റെ സവിശേഷതകൾ അവതരിപ്പിക്കുന്നത് രണ്ട് ധർമ്മങ്ങൾ നിർവഹിക്കാനാണ്. ഒന്ന് ഉൽപ്പന്നത്തിന്റെ മെച്ചങ്ങളെപ്പറ്റിയുള്ള നിങ്ങളുടെ അവകാശവാദങ്ങളെ അത് സാധൂകരിക്കുന്നു. രണ്ട് നിങ്ങളുടെ ഉൽപ്പന്നം 'എങ്ങനെ'യാണ് വ്യത്യസ്ഥമാകുന്നതെന്ന് അത് ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്നു.

ഫേസ്‌ബുക്കിൽ നിന്ന് പഠിക്കുക

സാമൂഹ്യമാദ്ധ്യമങ്ങളിൽ ഫേസ്‌ബുക്ക് വിപണി കൈയടക്കിയതിനു പിന്നിൽ ഉപഭോക്താവിന് ആവശ്യമായത് വിളമ്പാൻ ഫേസ്‌ബുക്ക് കാണിക്കുന്ന കൗശലത്തിന് വലിയ പങ്കുണ്ട്. ലൈക്ക് ബട്ടൺ തന്നെയെടുക്കുക. 'plzz Like ma profile pic, bro' എന്ന യാചനയ്ക്ക് ഉത്തരം കൊടുക്കൽ മാത്രമല്ല ലൈക്ക് ബട്ടണിന്റെ ധർമം, ഏറ്റവും മികച്ചരീതിയിൽ ഉൽപ്പന്നം ഉപഭോക്താവിനുമുന്നിൽ വിളമ്പാനുള്ള ഫേസ്‌ബുക്കിന്റെ ഉദ്യമം കൂടിയാണത്.

ഓരോ തവണ ഫേസ്‌ബുക്ക് തുറക്കുമ്പോഴും നമ്മെ കാത്തിരിക്കുന്ന ആയിരക്കണക്കിന് ന്യൂസ്ഫീഡുകൾ നോക്കിത്തീർക്കാൻ ഒരുജന്മം മതിയാവാതെ വരും. ഇവയെ സമയക്രമത്തിൽ അടുക്കാതെ സങ്കീർണമായ മാനദണ്ഡങ്ങളുപയോഗിച്ച് നമുക്ക് രുചിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് അവതരിപ്പിക്കുന്നു.
സസ്യഭുക്കുകളുടെയും മാംസഭുക്കുകളുടെയും പോലെ ഫേസ്ഭുക്കുകളെന്നൊരു ജീവവർഗം ഉദയം ചെയ്ത കാലമാണ്, ഇവരുടെ സ്വഭാവസവിശേഷതകളും ശീലങ്ങളും ഇഷ്ടങ്ങളും ഫേസ്‌ബുക്ക് സൂക്ഷ്മമായി പഠിക്കുന്നുണ്ട്. ലൈക്കുകളിൽ നിന്നും കമന്റുകളിൽ നിന്നും മാത്രമല്ല ഓരോ പോസ്റ്റിനുമായി ചെലവഴിക്കുന്ന സമയമടക്കമുള്ള സമഗ്രമായ നിരീക്ഷണത്തിൽ നിന്നാണ് ഉപഭോക്താവിന്റെ ഇഷ്ടങ്ങൾ ഫേസ്‌ബുക്ക് മനസിലാക്കുന്നത്.
നിങ്ങളുടെ സംരംഭം ഉന്നം വെയ്ക്കുന്ന ഉപഭോക്തൃവിഭാഗത്തെപ്പറ്റി ഇത്തരം പഠനം നടത്തേണ്ടത് അനിവാര്യമാണ്. ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങളെ സംബന്ധിച്ചുള്ള അറിവ് ഉൽപ്പന്നം ഡിസൈൻ ചെയ്യാനുള്ള സുപ്രധാനവഴികാട്ടിയാണ്. ഉപഭോക്താവിന്റെ ഇഷ്ടങ്ങൾ കണ്ടെത്തുക, അത് തൃപ്തിപ്പെടുത്തുന്ന സവിശേഷതകൾ ഉൽപ്പന്നത്തിൽ ചേർക്കുക

കസ്റ്റമൈസ് ചെയ്യുക

നിങ്ങൾക്കായി മാത്രം എഴുതപ്പെട്ട കത്ത് നിങ്ങളുടെ ശ്രദ്ധ കവരും പോലെ വഴിയിൽ കിടക്കുന്ന നോട്ടീസ് നിങ്ങളെ ആകർഷിക്കില്ല. വിപണിയുടെ വൈവിധ്യങ്ങൾ തിരിച്ചറിയാൻ സംരംഭകനോടുള്ള ആഹ്വാനമാണിത്. എല്ലാവർക്കുമായി ഒരു പൊതു ഉൽപ്പന്നം എന്നതിനുപകരം ഓരോരുത്തർക്കുമായി കസ്റ്റമൈസ് ചെയ്ത ഉൽപ്പന്നമോ സേവനമോ നൽകാനാവുമ്പോഴാണ് നിങ്ങളുടെ സംരംഭം ഉപഭോക്താവിന്റെ ശ്രദ്ധയാകർഷിക്കുക. ഫേസ്ഭുക്കികളെ സൃഷ്ടിക്കുന്ന 'സീക്രട്ട് സോസ്' അതിവിദഗ്ദ്ധമായി കസ്റ്റമൈസ് ചെയ്യപ്പെട്ട ന്യൂസ്ഫീഡാണെന്ന് അവർതന്നെ വെളിപ്പെടുത്തുന്നു.

നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ ഉന്നം വെക്കുന്ന ഉപഭോക്തൃവിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ പഠിക്കുക, ഉപഭോക്താവിനിഷ്ടപ്പെടുന്ന വിഭവങ്ങളൊരുക്കുക, സവിശേഷകതകളേക്കാളേറെ നേട്ടങ്ങളെപ്പറ്റി സംവദിക്കുക നിങ്ങളുടെ സംരംഭത്തിന്റെ ലൈക്ക് ബട്ടൺ താനേ അമരും.

(കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.)

+91-9400155565
[email protected]
www.ajas.in

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP