Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

അനാസക്തിയുടെ ഭാവജീവിതം

അനാസക്തിയുടെ ഭാവജീവിതം

ഷാജി ജേക്കബ്‌

രുപതാം നൂറ്റാണ്ടിൽ മലയാളം സൃഷ്ടിച്ച ഏറ്റവും മൗലികതയുള്ള ഭാവജീവിതങ്ങളിലൊന്നായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റേത്. ജീവിതാനന്ദങ്ങളെ ആസക്തിയില്ലാതെ നോക്കിക്കണ്ടവരാണ് ഏറെക്കുറെ ബഷീറിനെപ്പോലെ തന്നെ ആ നൂറ്റാണ്ടിൽ മലയാളിയെ വിസ്മയിപ്പിച്ച മികച്ച എഴുത്തുകാർ മിക്കവരും. കുമാരനാശാൻ, വൈലോപ്പിള്ളി, ഒ.വി. വിജയൻ, ആനന്ദ്. വിമർശനത്തെ സാംസ്‌കാരികബോധമാക്കി പരിണമിപ്പിച്ച കേസരി, പോൾ, ഗോവിന്ദൻ ത്രയത്തിന്റെയും അവരുടെ വകതിരിവുള്ള പിൻഗാമികളുടെയും സമ്മതി നേടിയെടുത്തതും ഈ ഭാവുകത്വധാരയായിരുന്നു. നിശ്ചയമായും കഴിഞ്ഞ ഒരു ശതകത്തിന്റെ മലയാളഭാവനയെ മാനവികതയുടെ രാഷ്ട്രീയഭൂപടമാക്കി മാറ്റിവരച്ചതിൽ ഈ അഞ്ചെഴുത്തുകാരോളം പോന്നവർ മറ്റാരുമില്ല എന്ന് ഇന്നു നമുക്കറിയാം. ബഷീർ ഇവരുടെ നടുനക്ഷത്രമായിരുന്നു.

നരവംശശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായി നോക്കിയാൽ വർണശ്രേണിയിൽ അവർണരായിരുന്നു മേല്പറഞ്ഞ അഞ്ചിൽ നാലുപേരും. അഞ്ചാമൻ ശൂദ്രനും. മലയാളഭാവന ഇരുപതാം നൂറ്റാണ്ടിൽ നിർവഹിച്ച ഏറ്റവും സുപ്രധാനമായ സാംസ്‌കാരിക ധർമത്തിന്റെ - ബ്രാഹ്മണഹിന്ദുത്വം തച്ചുതകർത്തതിന്റെ-വഴിവിളക്കുകളായി മാറുന്നു, അതുവഴി ഈയെഴുത്തുകാർ. അതിൽ എണ്ണപകർന്നതാകട്ടെ മുൻപറഞ്ഞ വിമർശകരും. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസം സൃഷ്ടിച്ച അടിത്തറയുടെയും ഇരുപതാം നൂറ്റാണ്ടിൽ ഗാന്ധിയൻ മാനവികത സൃഷ്ടിച്ച ഭാവങ്ങളുടെയും സംയുക്തസംവാദഭൂമികയിൽ വേണം ഈ അഞ്ചെഴുത്തുകാരുടെയും കർതൃരാഷ്ട്രീയം തിരിച്ചറിയാൻ. സാമ്രാജ്യത്തം മുതൽ കമ്യൂണിസം വരെയും ജാതീയത മുതൽ മുതലാളിത്തം വരെയുമുള്ള ബൃഹദാഖ്യാനങ്ങളെ-മനുഷ്യവിരുദ്ധതയുടെ അധീശവ്യവഹാരങ്ങളെ-വിമർശനാത്മകമായി നോക്കിക്കണ്ടു എന്നതാണ് ഈ അഞ്ചെഴുത്തുകാരെയും (ചിലർ ചിലതും ചിലർ മുഴുവനും) സ്വാതന്ത്ര്യബോധത്തിന്റെയും സമത്വഭാവത്തിന്റെയും ജനാധിപത്യവാദത്തിന്റെയും ഭ്രമണപഥത്തിൽ മുന്നോട്ടുനയിച്ചത്. നവോത്ഥാനത്തിന്റെയും ആധുനികതയുടെയും കാവൽസ്വരങ്ങളെന്ന നിലയിൽ ഇവർ മലയാളമാനവികതയുടെ ചരിത്രജീവിതങ്ങളെയാണ് തങ്ങളുടെ ഭാവലോകങ്ങളിൽ അടയാളപ്പെടുത്തിയതും. അനാസക്തിയുടെ ഭാവലോകങ്ങളും മാനവികതയുടെ രാഷ്ട്രീയജീവിതവും അവർക്കൊന്നായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇരുപതാം നൂറ്റാണ്ടിലെ മലയാളഭാവനയുടെ അച്ചുതണ്ട് അനാസക്ത-മാനവികതയുടെ സൗന്ദര്യരാഷ്ട്രീയമായിരുന്നു.

ബഷീറിലേക്കു വരാം. മുഖ്യമായും പന്ത്രണ്ടു തലങ്ങളിലാണ് ബഷീറിന്റെ ഭാവനാലോകത്തെ മലയാളവായന തിരിച്ചറിഞ്ഞിട്ടുള്ളതും സ്ഥാനപ്പെടുത്തിയിട്ടുള്ളതും. മുസ്ലിം ജീവിതത്തിന് സാഹിത്യത്തിന്റെ മുഖ്യധാരയിൽ നടാടെ ഇടം കിട്ടിയ ചരിത്രസന്ദർഭമെന്നതാണ് ഒന്നാമത്തേത്. സാഹിത്യഭാഷയെയും കഥപറച്ചിലിന്റെ കലയെയും അവയുടെ അർഥ-ലാവണ്യതലങ്ങളിൽ അസാധാരണമാംവിധം അപഗൂഢവൽക്കരിച്ചുവെന്നതാണ് രണ്ടാമത്തേത്. ദൈനംദിനജീവിതത്തെയും അതിസാമാന്യലോകക്രമങ്ങളെയും വിസ്മയകരമാംവിധം സാഹിത്യവൽക്കരിച്ചുവെന്നതാണ് മൂന്നാമത്തേത്. മറ്റൊരു മലയാളിക്കും കഴിയാത്തതുപോലെ കഥയും ജീവിതവും രണ്ടല്ല എന്നു സ്ഥാപിച്ചുകൊണ്ട്, അനുഭവങ്ങളുടെ ആത്മനിഷ്ഠതയെ അനുഭൂതികളുടെ സൗന്ദര്യശാസ്ത്രമാക്കി മാറ്റിയെന്നതാണ് നാലാമത്തേത്. ചരിത്രമെന്ന ആധുനികവ്യവഹാരപദ്ധതിയെ അടിമുടി അപനിർമ്മിച്ചുവെന്നതാണ് അഞ്ചാമത്തേത്. സ്ഥാപനവൽക്കരിക്കപ്പെട്ടുകഴിഞ്ഞിരുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ സാംസ്‌കാരിക തീട്ടൂരങ്ങളെ നിസ്സങ്കോചം മറികടന്ന് സ്വതന്ത്രമാനവികതയുടെ ജൈവലോകങ്ങളിൽ സഞ്ചരിച്ചുവെന്നതാണ് ആറാമത്തേത്. മതാത്മകജീവിതത്തെയും മതാതീത മാനവികതയെയും ഭാവനയുടെ ആത്മീയമൂല്യമണ്ഡലമായി സമന്വയിപ്പിച്ചുവെന്നതാണ് ഏഴാമത്തേത്. പ്രപഞ്ച-പ്രകൃതി-പരിസ്ഥിതിബോധങ്ങളെ ആധുനികതയോടുള്ള വിമർശനമായി രാഷ്ട്രീയവൽക്കരിച്ചുവെന്നതാണ് എട്ടാമത്തേത്. സ്ഥല-കാലഭാവനകളെ അപൂർവമാംവിധം മൂർത്തവൽക്കരിച്ചു സാധ്യമാക്കിയ ആഖ്യാനകലയുടെ സവിശേഷതകളാണ് ഒൻപതാമത്തേത്. തിരസ്‌കൃതരെയും ബഹിഷ്‌കൃതരെയും ചെറുതുകളെയും കുറിച്ച് നിരന്തരമുന്നയിച്ചുപോന്ന ആകാംക്ഷകളുടേതാണ് പത്താമത്തേത്. അധികാരം, ഭരണകൂടം, പൗരോഹിത്യം തുടങ്ങിയ മുഴുവൻ അധീശവ്യവഹാരങ്ങളോടും പുലർത്തിയ നിശിതമായ നിരൂപണമാണ് പതിനൊന്നാമത്തേത്. നർമത്തിന്റെയും പരിഹാസത്തിന്റെയും വിമർശനത്തിന്റെയും അതിയാഥാർഥ്യങ്ങളെ നിരാസക്തമായ ആത്മബോധത്തിന്റെ മറുഭാഷയാക്കി മാറ്റിയതാണ് പന്ത്രണ്ടാമത്തേത്. സംഗ്രഹിച്ചുപറഞ്ഞാൽ, ആത്മത്തെ അപരത്തോടും അപരത്തെ ആത്മത്തോടും അന്വയിച്ചു സൃഷ്ടിക്കുന്ന ഭാവജീവിതത്തിന്റെ ലാവണ്യരാഷ്ട്രീയപദ്ധതിയായിരുന്നു, ബഷീറിന്റെ കലാവിദ്യ.

എഴുത്തുകാരെ സമഗ്രവും സൂക്ഷ്മവുമായി പരിചയപ്പെടുത്തുന്ന ലഘുസാംസ്‌കാരിക ജീവചരിത്രങ്ങളുടെ രചന ഒരു സ്ഥിരം പദ്ധതിയായി ഏറ്റെടുത്തിട്ടുള്ള കേരളസാഹിത്യ അക്കാദമിക്കുവേണ്ടി മുഹമ്മദ് റാഫി എൻ.വി. തയ്യാറാക്കിയ ഈ ബഷീർ മോണോഗ്രാഫ്, ആ രചനാമാതൃകയുടെ രൂപപരവും സങ്കല്പനപരവുമായ പരിധിക്കും പരിമിതിക്കുമുള്ളിലും ശ്രദ്ധേയമായ ഒരു കലാസൃഷ്ടിയായി സ്വയം മാറിയിരിക്കുന്നു. രണ്ടു ഭാഗമായാണ് ഈ ലഘുപ്രബന്ധത്തിന്റെ ഘടന. ഒന്നാം ഭാഗത്ത് ബഷീറിന്റെ സംക്ഷിപ്തമായ ജീവചരിത്രം. രണ്ടാംഭാഗത്ത് ബഷീർ സാഹിത്യത്തിന്റെ പ്രസക്തമായ ചില നിരീക്ഷണ/പഠനങ്ങൾ.

ബഷീറിന്റെ ജനനം, ബാല്യം, ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട് അറസ്റ്റുവരിച്ച കൗമാരം, പിറന്ന നാടുവിട്ട് അന്യനാടുകൾതോറുമലഞ്ഞ് ജീവിതം 'ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ വൻകര'യാക്കി മാറ്റിയ യൗവനം, നാട്ടിൽ തിരിച്ചെത്തി പത്രപ്രവർത്തനവും സാഹിത്യരചനയും പുസ്തകക്കച്ചവടവുമൊക്കെയായി കഴിഞ്ഞുകൂടിയ നാല്പതുകൾ.... (നഷ്ടപ്രണയത്തിന്റെ കനലുകളെരിഞ്ഞ കാലം കൂടിയായിരുന്നു, അത്). എഴുത്തിന്റെ കലയിൽ, 1950കൾ ബഷീറിന്റെ ഐതിഹാസിക ദശകമാകുന്നു. ഇതേ ദശകത്തിൽ തന്നെയാണ് ഉന്മാദത്തിന്റെ ഓളങ്ങളിൽ ബഷീർ ഒഴുകിപ്പോകുന്നതും. 60കളിൽ കോഴിക്കോട്ടേക്കു താമസം മാറ്റുന്നു. പിന്നെ വൈലാലിലെ വീടും മാങ്കോസ്റ്റിൻ മരച്ചുവട്ടിലെ വെടിവെട്ടങ്ങളും.

റാഫി തന്റെ ബഷീർ ജീവചരിത്രം സംക്ഷിപ്തമായെഴുതുന്നുവെന്നു മാത്രമല്ല, 1960കളുടെ തുടക്കത്തിൽ വച്ച് അതവസാനിപ്പിക്കുകയും ചെയ്യുന്നു. മുൻ അധ്യായങ്ങൾപോലെ ഒന്നോ രണ്ടോ അധ്യായങ്ങൾ കൂടിയെഴുതി ആ ജീവിതയാത്രയുടെ ലഘുവിവരണം പൂർത്തീകരിക്കാമായിരുന്നു; അതുവഴി ഈ ഗ്രന്ഥത്തിന്റെ അക്കാദമിക ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്യാമായിരുന്നു-കുറെക്കൂടി തുറന്നുപറഞ്ഞാൽ അക്കാദമിക ഉത്തരവാദിത്തം നിറവേറ്റാമായിരുന്നു. എങ്കിലും അവിസ്മരണീയമായ നിരവധി സന്ദർഭങ്ങൾ ബഷീറിന്റെ ജീവിതത്തിൽ നിന്നു ചീന്തിയെടുക്കുന്നുണ്ട്, റാഫി. അവയുടെയൊക്കെ വക്കിൽ ചോരപൊടിഞ്ഞിട്ടുമുണ്ട്. ചിലതുനോക്കുക. ബഷീറിന്റെ ജനനം വിവരിക്കുന്ന 'തീപ്പാതി'യിൽനിന്ന്:

'വൈക്കം മുഹമ്മദ് ബഷീർ ഇന്നത്തെ കോട്ടയം ജില്ലയിലെ മൂവാറ്റുപുഴയാറിന്റെ തീരത്ത് മണംകുന്നത്ത് പാലശ്ശേരി കുഞ്ഞുതാച്ചുമ്മയുടെ മകനായി പിറന്നു. കുഞ്ഞുതാച്ചുമ്മയും ഭർത്താവ് കണ്ണീത്ര വൈപ്പേൽകായി അബ്ദുറഹിമാനും ദാഹിച്ചുമോഹിച്ചുണ്ടായ കടിഞ്ഞൂൽസന്താനമായിരുന്നു ബഷീർ. എട്ടൊമ്പത് ഏക്കറുള്ള കണ്ണീത്ര വൈപ്പേൽ വീട് നിൽക്കുന്ന പറമ്പിന്റെ പടിഞ്ഞാറോ അറ്റത്തായി ഒരു ചെറിയ പുരകെട്ടി അവിടെയായിരുന്നു ബഷീറിന്റെ ഉമ്മയും ബാപ്പയും പാർത്തിരുന്നത്. പറമ്പിൽ നിറയെ വൃക്ഷങ്ങളും കൃഷിയുമുണ്ട്. ഉപ്പ പകൽനേരത്ത് കൃഷിയിടത്തിലായിരിക്കും. ഇവിടെനിന്നു കിട്ടുന്ന പച്ചക്കറിയിനങ്ങൾ ഉപ്പയും അനുജന്മാരും തലയോലപ്പറമ്പ് ചന്തയിൽ തലച്ചുമടായി കൊണ്ടുപോയി വിൽക്കുകയായിരുന്നു പതിവ്.

ഒരു ദിവസം കായി അബ്ദുറഹിമാനും അനുജന്മാരും പറമ്പിൽനിന്നു കൃഷിയിനങ്ങൾ ശേഖരിക്കുകയാണ്. ഉമ്മ പുരയിൽ നെല്ലു പുഴുങ്ങുന്നു. കിടക്കാനുള്ള പായും തലയണയും ചാക്കുകെട്ടുകളിൽ നെല്ലുമുണ്ട് പുരയിൽ. ഉമ്മായ്ക്കു പത്തുമാസം ഗർഭം തികഞ്ഞിരിക്കയാണ്. ഓലമെടലുകൾകൊണ്ട് കെട്ടിയാണ് പുര മേഞ്ഞിരിക്കുന്നത്. അടുപ്പിൽ തീ ആളിക്കത്തിക്കൊണ്ടിരിക്കുന്നു. പുരയ്ക്കകത്ത് നിറയെ പുക. അടുപ്പത്ത് ചെമ്പുകലം നിറയെ പുഴുങ്ങിയ നെല്ല്. ഉമ്മ അതു ചെറിയ കൊട്ടക്കൈലുകൊണ്ട് കോരി വലിയ കൊട്ടയിൽ നിറച്ചുകൊണ്ടിരിക്കുന്നു. ഓലമെടലിന് ഇടയ്‌ക്കെപ്പോഴോ തീ പിടിച്ചു. ഉമ്മയ്ക്കു പ്രസവവേദനയും വന്നു. തീ, പുക, കണ്ണുകളിൽ നീറ്റൽ, ആകെ ശ്വാസംമുട്ടും ചൂടും പുകച്ചിലും. പുഴുങ്ങിയ നെല്ല് നിറച്ച കൊട്ട താങ്ങിയെടുത്ത് ഉമ്മ എങ്ങനെയോ വെളിയിൽവെച്ചു. പതിയെ ഉമ്മയുടെ ബോധം നഷ്ടമായി. പിന്നീടെപ്പോഴോ പതിയെ ഉണർവിലേക്കെത്തിയപ്പോൾ തുറസ്സായ സ്ഥലത്താണ്. തെളിഞ്ഞ നീലപ്രകാശം. പ്രശാന്തരമണീയമായ ചുറ്റുപാട്. കുളിർമയുള്ള കാറ്റ്. ഒരു വാഴച്ചുവട്ടിലാണ് ഉമ്മ കിടക്കുന്നത്. വയർ ഒഴിഞ്ഞിരിക്കുന്നു. അവർ തടവിനോക്കി. ആധിപിടിച്ച് എഴുന്നേറ്റ് നോക്കുമ്പോൾ കുഞ്ഞിനെ കാണാനില്ല. ആളിക്കത്തിക്കൊണ്ടിരിക്കുന്ന വീട്ടിലേക്ക് അല്ലാഹുവേ എന്ന് കാത്തുകൊണ്ട് കയറി. വെറും നിലത്ത്, പച്ചമണ്ണിൽ, പുഴുങ്ങിയ നെല്ല് നിറച്ച കൊട്ടയുടെ മറവിൽ കിടക്കുകയാണ്. കോരിയെടുത്തു മാറോടുചേർത്തു. വാഴച്ചുവട്ടിൽ കുഞ്ഞിനെ നെഞ്ചത്തു കിടത്തി. ബോധരഹിതയായി.

കായി അബ്ദുറഹിമാന് ആകെ ഒരു വല്ലായ്മ തോന്നി. ഒരു പന്തിയില്ലായ്മ. ഭാര്യ പൂർണ്ണഗർഭിണിയാണ്. പറമ്പിൽ കയറി വീട്ടിലേക്കു നടന്നു. വീട് കാണുന്നില്ല. എല്ലാം കത്തിച്ചാമ്പലായിരിക്കുന്നു. ചെമ്പുകലമുണ്ട്. വെള്ളം നിറച്ച കുടമുണ്ട്. ചിക്കുപായയുണ്ട്. വീടും ഭാര്യയും ഇല്ല. പെട്ടെന്ന് തള്ളയെയും കൊച്ചിനെയും കണ്ണിൽപ്പെട്ടു. മുലകൾക്കിടയിൽ മലർന്നുകിടക്കുകയാണ് കടിഞ്ഞൂൽസന്തതി. കായി അബ്ദുറഹിമാൻ ഒന്നു നീട്ടിക്കൂവി. എല്ലാവരും വന്നു. ബാപ്പയുടെ ഉമ്മയും ജ്യേഷ്ഠഭാര്യയും ചേർന്ന് ഉമ്മയെ മൂവാറ്റുപുഴയാറിൽ കൊണ്ടുപോയി കുളിപ്പിച്ചു. വെള്ളവസ്ത്രങ്ങൾ ധരിപ്പിച്ചു. കുഞ്ഞിനെ പിതാമഹൻ കായി അബ്ദുൽഖാദർ ശൈഖ് നദിയിൽ മുക്കിയെടുത്തു. കഴുകി വെടിപ്പാക്കി രണ്ടുകൈകളിലുമായി എടുത്ത് ആകാശത്തേക്കുയർത്തി. ചെവികളിൽ ദൈവസ്തുതിയായ 'ബാങ്ക്' വിളിച്ചു. അനന്തകോടി ആകാശങ്ങളുടെയും ഈ ഭൂമിയുടെയും ചൈതന്യവും വെളിച്ചവും സനാതനസത്യവുമായ ദൈവമേ നിനക്ക് സ്തുതി'.

'അമ്മ' എന്ന കഥയിൽ ബഷീർ എഴുതുന്ന ആത്മാനുഭവങ്ങളിലൊന്ന് റാഫി ഇങ്ങനെ പുനരാവിഷ്‌ക്കരിക്കുന്നു:

'വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് സ്‌കൂളിൽ നിന്നു പുറത്താക്കപ്പെടുകയും പ്രണയപരാജയം സംഭവിക്കുകയും ചെയ്തതിനുശേഷം കുറേക്കാലം പലയിടത്തുമായി അലഞ്ഞുതിരിഞ്ഞു. നാട്ടിൽ തിരിച്ചെത്തി അധികം താമസിയാതെ കോഴിക്കോട്ടേക്ക് ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊള്ളാൻ യാത്രയാവുന്നു. 1930 മാർച്ച് 12-ന് ഉപ്പുനിയമം ലംഘിക്കാൻ ദണ്ഡിക്കടപ്പുറത്തേക്ക് ഗാന്ധിജി യാത്ര തുടങ്ങിയപ്പോൾ സ്വാതന്ത്ര്യസമരസേനാനികൾ രാജ്യത്ത് നടത്തിയ സമാന്തര ദണ്ഡിയാത്രയിൽ പങ്കുകൊള്ളാനാണ് ഈ പോക്ക്. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽനിന്നു പൊലീസുകാർ സംശയിച്ച് ചോദ്യം ചെയ്‌തെങ്കിലും കളവുപറഞ്ഞ് രക്ഷപ്പെട്ടു. തീവണ്ടിയിൽ കോഴിക്കോട്ടെത്തി. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അൽഅമീൻ പത്രത്തിന്റെ അൽഅമീൻ ലോഡ്ജിൽ താമസിച്ചു. സ്വാതന്ത്ര്യസമരസേനാനിയും അൽഅമീൻ സഹപത്രാധിപരും തന്റെ നാട്ടുകാരനുമായ സെയ്ദ് മുഹമ്മദിന് ബല്ലാരി ജയിലിലേക്ക് ബഷീർ ഇങ്ങനെ കത്തെഴുതി: എന്റെ സർവസ്വവും ഭാരതമാതാവിന്റെ പാദങ്ങളിൽ അർപ്പിക്കുവാൻ ഞാൻ തീർച്ചയാക്കിയിരിക്കുന്നു. അടിമത്തശൃംഖല പൊട്ടിക്കുവാൻ എന്റെ സർവശക്തിയും ഞാൻ ദാനം ചെയ്യുന്നു. ഉടനെത്തന്നെ ഞാൻ അറസ്റ്റ് വരിക്കും. കുറച്ചുദിവസംകൂടി കഴിഞ്ഞാൽ താൻ ജയിൽമോചിതനാവുമെന്നും തമ്മിൽ കണ്ടു സംസാരിച്ചിട്ടു തീരുമാനമെടുക്കാമെന്നും സെയ്ദ് മുഹമ്മദ്, ബഷീറിനു മറുപടി അയച്ചു. ആയിടയ്ക്ക് ബാപ്പ ബഷീറിനെ അന്വേഷിച്ചു കോഴിക്കോട്ടേക്കു വന്നു. സെയ്ദ് മുഹമ്മദിന്റെ കത്തുകാണിച്ച് താൻ കോൺഗ്രസ്സിൽ തൽക്കാലം ചേരുന്നില്ലെന്നും സ്‌കൂളിലും ചേരുന്നില്ലെന്നും പറഞ്ഞു. ബാപ്പയെ ഒരുവിധം സമാധാനമാക്കി തിരിച്ചയച്ചു. കോൺഗ്രസ് ഓഫീസിൽ ചെന്ന ബഷീറിനെ ഓഫീസിലുള്ളവർ ആദ്യം സംശയിച്ചു. പിന്നീട് സംശയം മാറി. കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. പിറ്റേദിവസം നടക്കുന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് ബഷീർ അവരെ അറിയിച്ചു. വെളുപ്പിനേ കടപ്പുറത്തേക്കു പോകാൻ തയ്യാറെടുക്കുമ്പോൾ ഗോവണിപ്പടികൾ കയറിവന്ന പൊലീസുകാർ ബഷീറിനെ അടക്കം പതിനൊന്നുപേരെ അറസ്റ്റുചെയ്തു കൊണ്ടുപോയി. സ്റ്റേഷനിൽനിന്നു തനിക്കേറ്റ മർദ്ദനത്തെ അമ്മ എന്ന കഥയിൽ ബഷീർ ഇങ്ങനെ വിവരിക്കുന്നു: ങ്ഹും! അയാൾ ഭയങ്കരമായി ഒന്നു മൂളി. രൗദ്രതയോടെ അടുത്തുവന്നു. എന്റെ രണ്ടുകരണത്തും 'പടപടേ'ന്ന് രണ്ടെണ്ണം! എന്നിട്ടു പിടലിക്കുപിടിച്ചു കുനിച്ചുനിർത്തി ഇടിക്കാൻ തുടങ്ങി. ചെമ്പുകലത്തിന്മേൽ ഇടിച്ചാലെന്നപോലെ ശബ്ദം കേട്ടു. പതിനേഴുവരെ, അതോ ഇരുപത്തിയേഴുവരെയോ, ഞാൻ എണ്ണി. പിന്നെ ഞാൻ എണ്ണിയില്ല. എന്തിനെണ്ണുന്നു?

ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കാൻ പോയ ബഷീറിനെയും കൂട്ടരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പിറ്റേദിവസം കോടതിയിൽ ഹാജരാക്കി. മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി. ജയിൽപ്പുള്ളി ന. 6012. ഭഗത്‌സിങ്ങിനെയും മറ്റും തൂക്കിക്കൊന്ന വിവരമറിഞ്ഞ് ജയിലിൽ മൂന്നു ദിവസം നിരാഹാരം കിടന്നു. ജീവിതത്തിൽ ആദ്യമായാണ് നിരാഹാരസമരം നടത്തുന്നത്. 1931 ഏപ്രിലിൽ ഗാന്ധി-ഇർവിൻ സന്ധിപ്രകാരം രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ച കൂട്ടത്തിൽ ബഷീറിനെയും വിട്ടയച്ചു. തന്നെ ഇടിച്ച പൊലീസുകാരോട് പ്രതികാരം വീട്ടാൻ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. നാട്ടിലേക്കു തിരിച്ചുപോവാൻ തീരുമാനിച്ചു. എറണാകുളത്ത് മുസ്ലിം ഹോസ്റ്റലിൽ ഒരുമാസം താമസിച്ചശേഷം വീട്ടിലേക്കു പോയി. അമ്മ എന്ന കഥയിൽ ഇങ്ങനെ വായിക്കാം: രാത്രി മൂന്നുമണി കഴിഞ്ഞിരുന്നു. ഞാൻ വീട്ടിൽ, മുറ്റത്തുചെന്നപ്പോൾ 'ആരാത്?' എന്ന് എന്റെ മാതാവ് ചോദിച്ചു. ഞാൻ വരാന്തയിൽ കയറി. അമ്മ വിളക്കുകൊളുത്തി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ എന്നോടു ചോദിച്ചു: 'നീ വല്ലതും കഴിച്ചോ മകനേ?'

ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ ആകെ വിങ്ങിപ്പൊട്ടി. ലോകമെല്ലാം ഉറങ്ങിക്കിടക്കുകയാണ്. എന്റെ മാതാവ് മാത്രം ഉറക്കമിളച്ചിരിക്കുന്നു! വെള്ളവും കിണ്ടിയും കൊണ്ടുവച്ചിട്ട് മാതാവ് എന്നോട് കൈകാലുകൾ കഴുകാൻ പറഞ്ഞു. എന്നിട്ട് ചോറുമ്പാത്രം നീക്കിവച്ചുതന്നു.

വേറൊന്നും ചോദിച്ചില്ല.

എനിക്കദ്ഭുതം തോന്നി.

'ഞാൻ ഇന്നു വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു?'

അമ്മ പറഞ്ഞു: 'ഓ..... ചോറും കറിയും വെച്ച് എല്ലാ രാത്രിയും ഞാൻ കാത്തിരിക്കും' '.

ബഷീർസാഹിത്യത്തിന്റെ പഠനങ്ങളായെഴുതിയ എട്ടു ലേഖനങ്ങളാണ് രണ്ടാം ഭാഗത്ത്. 'ഭൂമിയുടെ അവകാശികൾ' എന്ന സങ്കല്പവും കഥയും മുൻനിർത്തി, ബഷീറിന്റെ പാരിസ്ഥിതിക ജൈവദർശനം സംഗ്രഹിക്കുന്നു, ആദ്യലേഖനം. പാരിസ്ഥിതിക ആത്മീയതയിലേക്കു സഞ്ചരിച്ചെത്തുന്നു, ബഷീർ. റാഫി എഴുതുന്നു:

'ബഷീറിന്റെ കഥകളിലെ പ്രകൃതി കേവലമൊരു പ്രകൃതിദൃശ്യമല്ല (ഘമിറരെമുല), ഭൗമസദാചാരത്തിലധിഷ്ഠിതമായി വികസിച്ച ഒരു സമുദായമാണ് (Communtiy). ഈ സമുദായത്തിലെ കേവലമൊരംഗം മാത്രമാണ് മനുഷ്യൻ. ചെടികളും പൂക്കളും പക്ഷികളും മൃഗങ്ങളുമെല്ലാം അംഗങ്ങളായ ഈ സമുദായം പരസ്പരസ്‌നേഹത്തിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമാണ്'.

ഇതാകട്ടെ, ശാസ്ത്രാധിഷ്ഠിതമായ പരിസ്ഥിതിവാദത്തിന്റെ വസ്തുനിഷ്ഠബോധവുമല്ല.

'പ്രപഞ്ച വിസ്മയങ്ങളെയും ജീവിതത്തെയും അനുഗ്രഹത്തോടെയും ആഹ്ലാദത്തോടെയും വിസ്മയത്തോടെയും നോക്കിക്കാണുന്ന ധ്യാനാത്മകമായ സൂഫിദർശനം കൂടിയാണത്. അതിസങ്കീർണ്ണമായ ഈ പ്രപഞ്ചത്തിലെ ഒരു നിസ്സാരജീവി മാത്രമാണ് മനുഷ്യൻ. കാലങ്ങളായി അവൻ അവന്റെ സുഖസൗകര്യങ്ങൾക്കുവേണ്ടി കവർന്നെടുത്ത പ്രാണികീടങ്ങളുടെയും ജീവജാലങ്ങളുടെയും അവകാശം അവർക്ക് തിരിച്ചുകൊടുക്കുകയും പ്രകൃതിവിഭവങ്ങളിൽനിന്ന് അവർക്കാവശ്യമുള്ളത് കരുതിവെച്ചതിനുശേഷം മാത്രം മനുഷ്യനെടുക്കുകയും ചെയ്യണമെന്ന ദർശനം'.

'ഭാർഗവീനിലയ'ത്തിലെയും 'മതിലുകളി'ലെയും പരിത്യക്ത കാമുകനെക്കുറിച്ചാണ് അടുത്തത്. ബഷീറിന്റെ ഭാവനാജീവിതത്തിൽ ഏറ്റവുമധികം വാഴ്‌ത്തപ്പെട്ട രചനകളാണല്ലോ സാഹിത്യ, ചലച്ചിത്രപാഠങ്ങൾ രണ്ടിലും ഒരുപോലെ ക്ലാസിക്കായി മാറിയ ഈ കഥകൾ. യുക്തിയെ ഭാവനകൊണ്ടു കുത്തിപ്പൊട്ടിക്കുന്ന രചനയാണ് 'നീലവെളിച്ച'മെങ്കിൽ യാഥാർഥ്യത്തെ ഭാവനകൊണ്ട് മറികടക്കുന്ന രചനയാണ് 'മതിലുകൾ'. പ്രണയത്തിന്റെ ഇത്രമേൽ അസാധാരണമായ ഭാവതലങ്ങൾ മലയാളത്തിൽ മറ്റൊരെഴുത്തുകാരനും അവതരിപ്പിച്ചിട്ടില്ല. ജീവിതയാഥാർഥ്യത്തിന്റെ വന്യസാധ്യതകളെ ഇത്രമേൽ അനാസക്തമായി മറ്റൊരാളും ചിത്രീകരിച്ചിട്ടുമില്ല. (ഇക്കാര്യത്തിൽ ബഷീറിനൊരു പിൻഗാമിയുണ്ടെങ്കിൽ അതു കോവിലനാണ്).

'ആത്മീയതയുടെ വെളിപാടുകൾ' എന്ന ശീർഷകത്തിൽ ബഷീറിന്റെ മതാത്മകവും മതാതീതവുമായ 'ആത്മീയ'ചിന്തകളെ സംഗ്രഹിക്കുന്നു, അടുത്ത ലേഖനം. ഇസ്ലാമിന്റെ വിമർശനത്തിൽ ബഷീർ പുലർത്തുന്ന 'ആത്മ'ദർശനമുൾപ്പെടെ ഒന്നും സാമൂഹ്യ-ജീവിത യാഥാർഥ്യങ്ങൾക്കു പുറത്തായിരുന്നില്ല. ഭൗതികതയെയും ആത്മീയതയെയും രണ്ടായി കണ്ടില്ല എന്നതാണ് ബഷീറിന്റെ അദ്വൈതം. റാഫിയുടെ വാക്കുകൾ:

'അന്യന്റെ ഭൗതികപ്രശ്‌നമായിരുന്നു ബഷീറിന്റെ ആത്മീയപ്രശ്‌നം എന്നു കാരശ്ശേരി നിരീക്ഷിക്കുന്നുണ്ട്. സ്വന്തം സമുദായത്തെ സംബന്ധിച്ചും ബഷീറിന്റെ നിലപാട് ഇതായിരുന്നു. പട്ടുതുണികൊണ്ട് പൊതിഞ്ഞുവെച്ച യാഥാർഥ്യങ്ങൾ ബഷീർ തുറന്നുകാട്ടിയിട്ടുണ്ട്. 'ശബ്ദങ്ങളി'ൽ ചിലർ ദർശിച്ച അശ്ലീലം ഇങ്ങനെ തുണിമാറ്റിയപ്പോൾ കണ്ടതാണ്. മുസ്ലിം സമുദായചിത്രീകരണത്തിലും ബഷീർ ഇത് തുറന്നുകാട്ടി. മധ്യവർഗദേശീയതയുടെ പ്രത്യയശാസ്ത്രബോധ്യങ്ങളിൽനിന്നു മാറ്റിനിർത്തപ്പെട്ടവർ ബഷീർസാഹിത്യത്തിൽ ഇടംപിടിക്കുന്നത് അങ്ങനെയാണ്. മുഖ്യധാരാചരിത്രത്തിന്റെ ഓരങ്ങളിൽനിന്നാണ് ബഷീറിന്റെ കഥാപാത്രങ്ങൾ എഴുന്നള്ളിയത്. സമ്പത്തിന്റെയും മറ്റു മൂലധനവ്യവഹാരങ്ങളുടെയും പൂരകവിതരണം നടക്കാത്തതുകൊണ്ട് സാമൂഹികജീവിതത്തിന്റെ പുറമ്പോക്കുകളിൽ വസിക്കേണ്ടിവന്നവർ ബഷീർകൃതികളിൽ രേഖപ്പെട്ടു. മുസ്ലിം സമുദായത്തെ ഏകശിലാത്മകമായ ഒന്നായി ബഷീർ നിർമ്മിച്ചില്ല. മുഖ്യധാരാ സാഹിത്യ-സിനിമാവ്യവഹാരങ്ങളിൽ തെറ്റായ പ്രതിനിധാനങ്ങളായി സാധാരണ കടന്നുവരാറുള്ള തരം 'മുസ്ലിം' ബഷീർകൃതികളിൽ ഇല്ല. സമുദായത്തിനുള്ളിലെ ഉൾജാതികളും ഉൾത്തട്ടുകളും അടരുകളും എല്ലാം ബഷീർസാഹിത്യത്തിൽ കാണാം. കാലത്തിനും ദേശത്തിനും അനുസരിച്ച് പരിഷ്‌കരിക്കപ്പെട്ടു നിലനിൽക്കേണ്ട ഒന്നാണ് മതവിശ്വാസം എന്ന് ബഷീർ പറഞ്ഞു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുതാപത്തിന്റെയും മതമായിരുന്നു ബഷീറിന്റെ വിശ്വാസപ്രമാണം. സ്വന്തം സങ്കടങ്ങൾ പറയാനും കാര്യസാധ്യത്തിനും ദൈവത്തെ സമീപിക്കാൻ സാധാരണയായി വിശ്വാസികൾ സ്വീകരിക്കാറുള്ള പ്രാർത്ഥനയെ ബഷീർ ഇങ്ങനെ പുതുക്കിപ്പണിതു: ദാഹിച്ചു വലഞ്ഞു വരുന്ന ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് ഒരു പ്രാർത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ട് വെള്ളമൊഴിച്ച് വളർത്തുന്നതും പ്രാർത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാർത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാർത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാർത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാർത്ഥന. അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം. (മലയാളത്തിന്റെ ബഷീർ എന്ന ഗ്രന്ഥത്തിന് ആമുഖമായി ബഷീർ എഴുതിയത്.)

മാനവികതയുടെ പൂർണമായ വിവക്ഷയിലേക്ക് ബഷീറിന്റെ എഴുത്ത് വളരുന്നത് മനുഷ്യന് മാത്രമല്ല, ഭൂമിയിലെ പൂവിനും പുൽക്കൊടിക്കും മൃഗത്തിനുമെല്ലാം നന്മചെയ്യലാണ് ജീവിതത്തിന്റെ പൊരുൾ എന്ന അർഥത്തിലാണ്. ഒരിക്കലും പൂർണമായി അപ്രത്യക്ഷമാവാത്ത ഒരു വാൽനക്ഷത്രമാണ് ബഷീർ. വായനക്കാർക്ക് ഹൃദയാന്തരാളത്തിന്റെ താക്കോൽ കാട്ടിക്കൊടുക്കുന്ന നക്ഷത്രസഞ്ചാരങ്ങൾ നടത്തിയ 'ഭയങ്കര മനുഷ്യൻ'. ബഷീറിന്റെ മതവിശ്വാസത്തെപ്പറ്റി എം ടി. വാസുദേവൻനായർ ഇങ്ങനെ പറയുന്നു; മതവിശ്വാസം ബഷീറിന്റെ വിശാലമായ ഹൃദയത്തിനും അനന്തമായ സ്‌നേഹത്തിനും അതിർവരമ്പുകൾ വരച്ചിട്ടില്ല എന്നതാണ് സത്യം. മലയാളിയുടെ സാമൂഹികമായ അബോധത്തിൽ 'മുസ്ലിം അപരത്വം' രൂപപ്പെട്ടത് എങ്ങനെയാണ് എന്ന ചില സൂചനകൾ ഈ വാക്യത്തിലുണ്ട്. ഒരു പരിധിവരെ ഇക്കാലത്തും മറികടക്കാനാകാത്തവിധം തങ്ങളിലേക്ക് സങ്കുചിതമായി ഒതുങ്ങിപ്പോയ അവസ്ഥ ബഷീർ തന്റെ സാഹിത്യം രചിച്ച കാലത്ത് മുസ്ലിം സമുദായത്തിന് ഉണ്ടായിരുന്നു'.

ആത്മീയതയെയും പരിസ്ഥിതിബോധത്തെയും മറ്റൊരു തലത്തിൽ സംയോജിപ്പിക്കുന്നു, 'ന്റ കരളില് വേതന'. സ്വന്തം ജീവിതവും സാഹിത്യരചനകളും തമ്മിൽ ബഷീർ കൂട്ടിയിണക്കിയതിന്റെ അസാധാരണമായ മാനങ്ങളിലൊന്ന് പ്രകൃതിയോടും ആധുനികതയോടും കൈക്കൊണ്ട സദാചാരബോധത്തിലടിയുറച്ചതായിരുന്നു. 'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു' എന്ന നോവലിലെ കുഞ്ഞുപാത്തുമ്മയിലാണ് ഈ ചർച്ച കേന്ദ്രീകരിക്കുന്നത്. റാഫിയുടെ ബഷീർപഠനത്തിലെ മൗലികനിരീക്ഷണം അവതരിപ്പിക്കപ്പെടുന്നതും ഇവിടെയാണ്. ഷാമനിസം (വെമാമിശാെ) എന്ന പ്രാചീനവും ആത്മീയവുമായ വിശ്വാസ-ആചാരപദ്ധതിയുടെ വിചാരബദ്ധതയെ ബഷീർകൃതികളിലെ ജൈവഭാവനയുമായി (പ്രകൃതി മുതൽ മനുഷ്യൻ വരെയുള്ള) താരതമ്യം ചെയ്യുന്ന കാഴ്ചപ്പാടാണിത്.

'മതങ്ങളുടെ ചരിത്രാതീതകാലത്തിനും മുമ്പുള്ള ഒരു വിശ്വാസവ്യവസ്ഥയാണ് ഷാമനിസം. ആത്മാവിന്റെ ആനന്ദാതിരേകത്തിന് ഊന്നൽ കൊടുക്കുന്നതും അതീന്ദ്രിയലോകവുമായി സംവദിക്കാവുന്നതുമായ ഒരു പ്രാക്തനസംസ്‌കൃതിയാണിത്. അതീതലോകങ്ങളിലേക്കു നടത്തുന്ന ആത്മീയയാത്രകളാണ് ഷാമനിസത്തിന്റെ ഒരു സവിശേഷത. സ്ഥലത്തിന്റെയും കാലത്തിന്റെയും അതിർത്തികൾ അതിലംഘിക്കുന്ന ഈ യാത്രകൾ സവിശേഷമായ ഒരു പ്രപഞ്ചബോധത്തിൽ നിന്നുണ്ടാകുന്നതാണ്. പ്രകൃതിയെക്കുറിച്ചുള്ള സമഗ്രമായ ഒരു കാഴ്ച ഈ പ്രപഞ്ചബോധത്തിലുണ്ട്. പ്രകൃതിയിലുള്ള എല്ലാറ്റിനുമിടയിൽ പ്രതീകാത്മകമായ ഒരു ഏകീഭാവത്തെ ഷാമനിസം ദർശിക്കുന്നു. പ്രകൃതിയുടെ ഭാഗമായി തങ്ങളെത്തന്നെ കാണുകയും പ്രകൃതിയോട് സംവാദാത്മകബന്ധം പുലർത്തുകയുമാണ് ഷാമൻ ചെയ്യുന്നത്. പ്രകൃതിക്ക് ബുദ്ധിപരമായ ഒരസ്തിത്വമുണ്ടെന്നും ദർശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും മനുഷ്യനോടു സംവദിക്കാൻ അതിനു കഴിയുമെന്നും ഷാമനിസം വിശ്വസിക്കുന്നതായി പെറുവിയൻ ആമസോൺ തടങ്ങളിലെ ഷാമൻജീവിതത്തെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു (ജെറി നാർബി, 2001). പ്രകൃതിയുടെ ഭാഷയെക്കുറിച്ചുള്ള ഷാമൻ സങ്കല്പങ്ങൾ ശ്രദ്ധേയമാണ്.

മനുഷ്യൻ സൃഷ്ടിച്ച ഭാഷയുടെ പരിമിതവഴക്കങ്ങളെ മറികടക്കാൻ കഴിയുന്ന ഒരു ഭാഷയുടെ സാന്നിധ്യം പ്രകൃതിയുടെ ഭാഗമായിനിന്നുകൊണ്ടുമാത്രമേ മനസ്സിലാക്കാനാവൂ. കാലദേശങ്ങളുടെ പരിധികളും വ്യക്തിവൈവിധ്യങ്ങളും ബാധകമല്ലാത്ത ഒരു സാർവലൗകികഭാഷയെക്കുറിച്ചാണ് ഷാമനിസം പറയുന്നത്. പ്രകൃതിയുമായി സംവദിക്കാവുന്ന ഭാഷയാണിത്. ഇന്ദ്രിയങ്ങൾക്കപ്പുറത്തുള്ളൊരു ലോകത്തെയാണ് ഷാമനിസം സാക്ഷാൽക്കരിക്കാൻ ശ്രമിക്കുന്നത്. ബോധത്തിന്റെ ഇന്ദ്രിയാതീതസ്വഭാവം ഷാമൻ അനുഭവത്തിന്റെ സവിശേഷതയാണ്. ഷാമൻ അവസ്ഥ എന്നത് പ്രഥമവും പ്രധാനവുമായി അവനവനുതന്നെ നിർണയിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു ബോധാവസ്ഥയാണ് (ഡയാനാ റി ബോലി). ഷാമൻബോധത്തെ രൂപപ്പെടുത്തുന്നതും നിർണയിക്കുന്നതുമായ ഒരു പ്രധാന ഘടകം സഞ്ചാരമാണ്. ഷാമൻ സഞ്ചാരിയാണ്. നീണ്ടതും അപകടകരവുമായ യാത്രകൾ ഷാമൻജീവിതത്തിന്റെ ഭാഗമാണ്. അനന്തമായി നീളുന്ന ഈ യാത്രകൾ പ്രപഞ്ചത്തെ ഉടമസ്ഥതാബോധമില്ലാതെ നോക്കിക്കാണാൻ സഹായിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഷാമൻ പ്രപഞ്ചദർശനവുമായി യാത്രകൾക്ക് വലിയ പങ്കുണ്ട്. പ്രകൃതി എന്താണോ നൽകുന്നത്, അതെടുത്ത് കഴിച്ച്, തണലുകൾ വീടാണെന്നു സങ്കല്പിച്ചുള്ള യാത്രകളാണ് ഷാമൻ സഞ്ചാരം'.

'യാത്രികന്റെ വൃക്ഷച്ചുവട്' എന്ന രൂപകം റാഫി, ബഷീറിന്റെ ജീവിതത്തിലേക്കും കൃതികളിലേക്കും നിക്ഷേപിക്കുന്നതും ഷാമനിസത്തിന്റെ ചുവടുപിടിച്ചാണ്.

'ശബ്ദങ്ങൾ' മുതൽ 'പാത്തുമ്മയുടെ ആട്' വരെയുള്ള രചനകൾ മുൻനിർത്തി, ഗാന്ധിയൻ മാനവികത ബഷീറിന്റെ അടിസ്ഥാനലോക-ജീവിതബോധങ്ങളിലൊന്നായി മാറിയതിന്റെ വിശകലനം നടത്തുന്നു, അടുത്ത ലേഖനത്തിൽ റാഫി. ഒന്ന്, അനന്തമായ യാത്രകൾ നൽകിയ ഘോരാനുഭവങ്ങളുടെ സറിയലിസ്റ്റിക് ചിത്രീകരണമാണെങ്കിൽ മറ്റേത്, സ്വസ്ഥമായ വിശ്രമം നൽകിയ ലളിതാനുഭവങ്ങളുടെ കാരിക്കേച്ചറാണ്.

ബഷീർകൃതികളിലെ സ്ഥലകല്പനയെക്കുറിച്ചാണ് മറ്റൊരു ലേഖനം. അധികാരമെന്ന സമസ്യയെ വിശപ്പ് എന്ന അനുഭവവുമായി കൂട്ടിയിണക്കി വിശദീകരിക്കുന്നു, വേറൊരു ലേഖനം. ടൈഗർ, ജന്മദിനം എന്നീ കഥകളെയാണ് ഇവിടെ റാഫി പഠിക്കുന്നത്.

ഭൗതികവും ആത്മീയവുമായ യാത്രകളെ എഴുത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനസൂചകമായി കണ്ട് ബഷീറിനെ ഒരു യാത്രികനെന്ന നിലയിൽ സ്ഥാനപ്പെടുത്തുന്നു, അവസാന ലേഖനം. റാഫി എഴുതുന്നു:

'വിവാഹാനനന്തരം കോഴിക്കോട്ടു താമസമാക്കിയതിനുശേഷം വീടിന്റെ സ്വാസ്ഥ്യത്തിലേക്കുള്ള മടക്കമായിരുന്നില്ല ബഷീറിന്റെ ജീവിതം. മാങ്കോസ്റ്റിന്റെ കുളിർമയിലുള്ള ആ പിൽക്കാലം ഭൂതകാലത്തിലാണ് മുഴുകിയത്. പൂർവാശ്രമസഞ്ചാരങ്ങളുടെയും തന്നിലേക്കൊഴുകിയെത്തുന്ന സംസാരജീവിതസംഘർഷങ്ങളുടെയും ഇടയിലായിരുന്നു സാമാന്യമായ അളവുപാത്രത്തിലൊതുങ്ങാത്ത ആ ഹൃദയസഞ്ചാരം. വിവാഹാനന്തരമുള്ള മൂന്നുപതിറ്റാണ്ടുജീവിതം ജനനിബിഡമായ ആശ്രമത്തിലെ സൂഫീവര്യന്റെ നിയോഗമായി അദ്ദേഹം ഏറ്റുവാങ്ങുകയായിരുന്നു. 'വർത്തമാനകാലത്തിന്റെ വക്കത്തുനിൽക്കുന്ന ഭൂതകാല'മാണ് ബഷീറിന്റെ ഉൾച്ചേതന. ജീവിതത്തിന്റെ മധ്യഘട്ടത്തിൽ സഞ്ചാരം അവസാനിപ്പിച്ച് കുടുംബസ്ഥനും ഗൃഹസ്ഥനുമൊക്കെ ആയപ്പോഴും യാത്രികന്റെ ഷാമന്മൂല്യബോധത്തെ തിരസ്‌കരിക്കാനോ ഗൃഹസ്ഥാശ്രമിയുടെ അധീശ-ഉപഭോഗമൂല്യങ്ങളെ പൂർണമായി സ്വീകരിക്കാനോ ബഷീറിന് സാധിച്ചിരുന്നില്ല. സഞ്ചാരിയുടെയും ഗൃഹസ്ഥന്റെയും മൂല്യങ്ങൾ തമ്മിലുള്ള ഈ സംഘർഷം അദ്ദേഹം പിൽക്കാലത്തെഴുതിയ രചനകളിൽ പ്രതിഫലിക്കുന്നു.

കാലത്തെയും ലോകത്തെയും മറികടക്കുന്ന അനന്തവും അതീന്ദ്രിയവുമായ യാത്രകൾ ഷാമൻജീവിതത്തിന്റെ പ്രധാന അന്വേഷണോപാധിയാണ്. ഈ യാത്രകൾ സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള കേവലയുക്തികളെ മറികടന്നാൽ ലഭിക്കുന്ന ആത്മീയമായ വെളിപാടുകളാണ്. ഈ വെളിപാടുകൾ ജീവിതത്തെയും പ്രകൃതിയെയും കുറിച്ച് പ്രസക്തമായ ചില ഉൾക്കാഴ്ചകൾ നൽകുമെന്ന് അവർ വിശ്വസിക്കുന്നു. പാക്തനമായ ഷാമൻസഞ്ചാരങ്ങൾക്ക് സദൃശമായ അനുഭവങ്ങൾ ബഷീറിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു. മനുഷ്യന്റെ ആഭ്യന്തര-ബാഹ്യപ്രകൃതികളെക്കുറിച്ച് വിശേഷമായ ഉൾക്കാഴ്ചകളിലെത്തിച്ചേരാനും അതുവഴി തന്റെ മാനവികബോധം സ്വരൂപിക്കാനും ബഷീറിന് സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഷാമൻ ഉൾവെളിച്ചങ്ങളിലൂടെയും കൂടിയായിരുന്നു. ബഷീർ ഇടയ്ക്കിടെ ആവർത്തിക്കുന്ന പ്രപഞ്ചവിശാലതയെക്കുറിച്ചുള്ള വിസ്മയബോധം പ്രകൃതിയെക്കുറിച്ചുള്ള ഈ കോസ്മിക് ബോധമാണ്. മനുഷ്യകേന്ദ്രീകൃതവീക്ഷണത്തിൽനിന്നു വിടുതിനേടാൻ സഹായിക്കുന്നതും ഈ കോസ്മിക് ബോധംതന്നെ'.

അനാസക്തിയുടെ ഭാവജീവിതങ്ങളായി തന്റെ രചനകളവതരിപ്പിക്കാൻ ബഷീറിനെ സജ്ജനാക്കിയത് എഴുത്തും ജീവിതവും തമ്മിലുള്ള ഈ ഭാവൈക്യമാകുന്നു. പലനിലകളിൽ പലകുറി വിശദീകരിക്കപ്പെട്ട ഈ തത്വം, റാഫി, പുതിയൊരു കാഴ്ചപ്പാടിൽ സംഗ്രഹിച്ചവതരിപ്പിക്കുന്നു. ബഷീറിനെക്കുറിച്ച് മലയാളത്തിൽ മികച്ച നിരീക്ഷണങ്ങൾ നടത്തിയ എംപി. പോൾ, എം.എൻ. വിജയൻ, എം ടി, എം.എൻ. കാരശ്ശേരി എന്നിവരുടെ ചുവടുകൾ പിന്തുടരുമ്പോൾ തന്നെ മൗലികമായൊരു സമീപനം രൂപപ്പെടുത്താൻ കഴിയുന്നുവെന്നതാണ് ഈ സംഗൃഹീത ജീവിത-സാഹിത്യവായനയുടെ സവിശേഷത.

പുസ്തകത്തിൽനിന്ന്:-

'ബഷീറിന്റെ അന്തരംഗയാത്രകളെല്ലാം കോസ്മിക് പ്രകൃതിയെയാണ് ലക്ഷ്യംവെക്കുന്നത്. ബ്രഹ്മാണ്ഡം, അണ്ഡകടാഹം തുടങ്ങി ബഷീർ നിരന്തരമായി ഉപയോഗിക്കുന്ന വാക്കുകൾ ഈ ദർശനത്തിലേക്കുള്ള സൂചകപദങ്ങളാണ്. പ്രപഞ്ചത്തിന്റെ വിശാലകാഴ്ചകളിൽ സ്വയം ശിഥിലീകരിക്കാനും പ്രകൃതിയുടെ കേവലാംശം മാത്രമായി തന്നെത്തന്നെ കാണാനും ബഷീറിന് സാധിക്കുന്നത് അന്തരംഗയാത്രകളിൽ സാധ്യമാക്കിയ ഉൾവെളിച്ചങ്ങളിലൂടെയാണ്. ഇന്ദ്രിയാതീതലോകത്തെ കുറിച്ചുള്ള പുതുവെളിച്ചങ്ങൾ തേടുന്ന ഷാമൻസഞ്ചാരിയുടെ ആത്മീയയാത്രയായി ഇത് മാറുന്നു. ലോകത്തെക്കുറിച്ചുള്ള സാമാന്യബോധങ്ങൾക്കും പ്രത്യക്ഷകാഴ്ചകൾക്കും കർതൃകേന്ദ്രിതമായ മുൻധാരണകളുണ്ട്. യുക്ത്യതീതലോകത്തെ തേടുന്ന ഷാമൻകാഴ്ചകൾ ഈ കേന്ദ്രിതത്വത്തെ ഇല്ലാതാക്കന്നുതാനും. പ്രപഞ്ചവുമായുള്ള ലയം പ്രണയത്തിന്റെയും ഉർവരതയുടെയും ലിബിഡോവിന്റെ തലങ്ങളിലേക്ക് പാരസ്പര്യപ്പെടുകയും അതോടെ തന്നെത്തന്നെയും കാണാവുന്ന വിശാലദർശനത്തിന്റെ ഉണർച്ചയിലേക്കെത്തുകയും ചെയ്യുന്നു. തന്റെ ആന്തരികലോകത്തെ സംഘർഷങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കുകയും അതിന്റെ തീവ്രത പരകോടിയിൽ അനുഭവിക്കുകയും ചെയ്യുന്ന എഴുത്തിന്റെ വിഹ്വലനിമിഷങ്ങൾ 'അജ്ഞാതമായ ഭാവിയിലേക്ക്', 'അനർഘനിമിഷം' തുടങ്ങിയ കഥകളിലുണ്ട്. ആന്തരസംഘർഷങ്ങളുടെ പരകോടിയിലാണ് ബഷീർ ഭ്രാന്ത് അനുഭവിച്ചത്. പ്രപഞ്ചത്തിന്റെ വിശാലകാഴ്ചയിൽ ബഷീർ സ്വയം ശിഥിലീകരിച്ചു. ആ ബോധത്തിന്റെ താഴ്‌വരകളിലേക്ക് ബ്രഹ്മാണ്ഡം ഒന്നാകെ ഒഴുകിയെത്തി. പ്രകൃതിയുടെ കേവലമായ ഒരു മൺതരിയുടെ അസ്തിത്വത്തിലേക്കുതന്നെ തന്നെ ചുരുക്കി. പ്രകൃതിയിൽ ലയിച്ചുചേരുന്ന ബഷീറിന്റെ ആത്മബോധം 'അജ്ഞാതമായ ഭാവിയിലേക്ക്' എന്ന കഥയിൽ ഇങ്ങനെ വെളിപ്പെടുന്നു: അധികം താമസിയാതെ എന്റെ കാൽപ്പാടുകൾക്കിടയിൽ പൊടിയായി ഞാൻ കിടക്കേണ്ടിവരും! പിന്നെയും സൂര്യനുദിക്കും. പിന്നെയും രാപ്പകലുകൾ ഉണ്ടാകും!

മനുഷ്യകേന്ദ്രീകൃതമല്ലാത്ത പ്രകൃതിബോധത്തിൽനിന്നു വെളിപ്പെടുന്ന ഈ വാക്കുകൾ മഹാപ്രപഞ്ചത്തിന്റെ വിശാലതയിലേക്കു മിഴിതുറന്ന ഒരു യോഗിയുടെ ദർശനമാണ്. മാനവവാദപരമായ ദർശനത്തിൽനിന്ന് ഇവിടെ എഴുത്തുകാരൻ മുക്തിനേടുന്നത് താൻ ധൂളീസമാനാണ് എന്ന തിരിച്ചറിവിൽനിന്ന് മാത്രമല്ല, യുക്തിഭദ്രമായ ഐന്ദ്രിയലോകത്തിന്റെ പരിമിതികളിലേക്കുള്ള സൂചനകൂടിയാണിത്. സ്ഥലകാല യുക്തികളെക്കുറിക്കുന്ന വിശ്വാസവും അവിശ്വാസവും സൃഷ്ടിക്കുന്ന കഥാകൃത്തിന്റെ ആന്തരസംഘർഷം അനർഘനിമിഷം എന്ന രചനയിലും കാണാം:

നീയും ഞാനും എന്നുള്ള യാഥാർഥ്യത്തിൽനിന്ന് അവാസനം നീ മാത്രമായി അവശേഷിക്കുവാൻ പോകയാണ്. എന്തായാലും രണ്ടിന്റെയും ഇടയിലെ അനർഘനിമിഷമാണ് ഞാൻ. വർത്തമാനകാലത്തിന്റെ വക്കത്തുനിൽക്കുന്ന ഭൂതകാലം.... അപാരതയുടെ അത്ഭുതരഹസ്യത്തിന്റെ അജ്ഞാതമായ അതിരിൽ ഞാൻ എത്തിച്ചേർന്നതുപോലെ ദാ ഒരു മുഴക്കം.... നാദബ്രഹ്മത്തിന്റെ അനന്തമായ വിഭ്രമം.

ഈ അതീന്ദ്രിയസംവാദങ്ങൾ കേവലയുക്തിയിൽനിന്നു മോചനം നേടിയ ബോധസ്ഥലികളെയാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചം എന്ന അത്ഭുതരഹസ്യത്തിന്റെ അജ്ഞാതമായ അതിരിലേക്കുള്ള പ്രയാണമാണിത്. കഥയുടെ തുടക്കത്തിൽ സ്ഥലപരവും കാലപരവുമായ മനുഷ്യയുക്തി എഴുത്തുകാരന്റെ ആവിഷ്‌കാരത്തിന്റെ ഗതി വികസിക്കുന്നതോടെ നാദബ്രഹ്മത്തിന്റെ അനന്തമായ വിഭ്രമത്തിൽ അലിഞ്ഞില്ലാതാവുന്നു. ധൂളീസമാനമായ തനിക്ക് പ്രപഞ്ചത്തിന്റെ ആലിംഗനത്തിൽനിന്നു വിടുതൽ നേടാൻ വയ്യ എന്ന വേദനയാണ് സഹിക്കാനാവാത്തത്. ഈ വേദന അതീന്ദ്രിയവും അമാനുഷികവുമായിത്തീരുന്നുണ്ട് കഥാഗതിയുടെ അവസാനത്തിൽ. മനുഷ്യന്റെ കേവലവും സാമാന്യവുമായ യുക്തി ഉപയോഗിച്ച് അർത്ഥഗണന സാധ്യമാവാത്ത അനുഭവങ്ങളാണിത്.

നീലവെളിച്ചം എന്ന കഥയിൽ ഇങ്ങനെ വായിക്കാം: വെള്ളച്ചുമരുകളും മുറിയും നീലവെളിച്ചത്തിൽ മുങ്ങിനിൽക്കുന്നു!... വെളിച്ചം! വിളക്കിൽനിന്ന് രണ്ടിഞ്ചു നീളത്തിൽ ഒരു നീല തീനാളം.... മണ്ണെണ്ണയില്ലാതെ അണഞ്ഞുപോയ വിളക്ക് ആരാൽ കൊളുത്തപ്പെട്ടു?..... ഭാർഗവീനിലയത്തിൽ ഈ നീലവെളിച്ചം എവിടെ നിന്നുണ്ടായി?

ബഷീറിന്റെ ഇന്ദ്രിയാതീതമായ സഞ്ചാരത്തിന്റെയും വിഭ്രാന്തിയുടെയും ഫാന്റസിയുടെയുമെല്ലാം സവിശേഷതകൾ ഈ കഥയിൽ ഉൾച്ചേർത്തിട്ടുണ്ട്. മറ്റെല്ലാവരും പേടിച്ചു പിൻവാങ്ങുന്നിടത്ത് സ്‌നേഹത്തിലൂടെയും കാരുണ്യത്തിലൂടെയും ഭാർഗവിക്കുട്ടിയുടെ ലോകത്തിലേക്കു പ്രവേശിക്കാൻ ആന്തരികജീവിതത്തിന്റെ ഭ്രമണപഥത്തിലേക്ക് തന്റെ യുക്തിയെ പറിച്ചുനടുകയായിരുന്നു ബഷീർ. അതീന്ദ്രിയാനുഭവങ്ങൾ ഒട്ടേറെ എഴുത്തുകാരുടെ മഹത്തായ സൃഷ്ടികൾക്കു പിന്നിലുണ്ട്. ബഷീറിൽ സ്ഥായിയായിത്തന്നെ ഈ അതീന്ദ്രിയാനുഭവങ്ങൾ കുടികൊണ്ടിരിക്കുന്നതായി പറയേണ്ടിവരും. കേവലമായ മനോവിഭ്രാന്തികളായിരുന്നില്ല അത്. പ്രപഞ്ചത്തിന്റെ അപാരതകളെക്കുറിച്ചുള്ള ബോധവും സൗന്ദര്യാനുഭൂതികളും സർഗശേഷിയായി വളർന്ന് യുക്ത്യതീതമാനവികതയുടെ പ്രകാശനങ്ങളായി തഴച്ചു. എഴുത്തിലൂടെ മാത്രം വെളിപ്പെടുന്ന ഒരു മാനവികബോധമായി അത് ഒതുങ്ങിയില്ല. ജനനിബിഡവും മനുഷ്യേതരജീവിതവാസവും നിറഞ്ഞ ദന്തഗോപുരവാസിയായി ബഷീറിനെ അത് പരിവർത്തിപ്പിച്ചു. തന്റെ ആന്തരികവും ഭൗതികവുമായ വാസസ്ഥലങ്ങളിലേക്ക് ഓരപ്പെട്ടെത്തിയ അനേകം ചെറുപ്രാനികീടങ്ങളും മനുഷ്യരുമൊക്കെയടങ്ങുന്ന സർവമാനജീവികൾക്കും മംഗളവും ശുഭവും അനുഗ്രഹാശിസ്സുകളും അഭയവും നൽകുന്ന മഹാസൂഫീവര്യനും മിസ്റ്റിക്കുമൊക്കെയായി ബഷീർ തന്നെത്തന്നെ നിർമ്മിച്ചു. കള്ളന് തലയിൽ കൈവെച്ച് 'സുഖമോഷണം' ആശീർവദിക്കാനും മൂർഖന് തന്റെ ചാരുകസേരയിലൂടെ ഇഴഞ്ഞുപോവാൻ സ്വാതന്ത്ര്യം നൽകാനും അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായില്ല. സോജാരാജകുമാരി വിരുന്നെത്തുന്ന ഹിന്ദുസ്ഥാനി ഗലികളിൽ ആന്തരികതയെ പറിച്ചുനട്ട് പ്രപഞ്ചവിലയനത്തിലേക്കുള്ള സാധ്യതകളായും ഈ സർഗവസന്തം വികസിച്ചു. അന്യന്റെ ഭൗതികപ്രശ്‌നങ്ങൾ സ്വന്തം ആത്മീയപ്രശ്‌നമായി ബഷീറിൽ വളരുന്നതങ്ങനെയാണ്.

 അതീന്ദ്രിയഭാവന യാഥാർത്ഥ്യവിരുദ്ധമോ പ്രതീതിയാഥാർത്ഥ്യമോ ആവണമെന്നില്ല. മാർക്‌സിസ്റ്റ് ചിന്തകനായ സ്ലാവോസ് സിസെക്, ഴാക് ലക്കാനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ എഴുതുന്നു: കടുത്ത യാഥാർഥ്യങ്ങൾക്ക് എതിരുനിൽക്കുന്ന ഭാവനയുടെ ലളിതലോകമല്ല ഫാന്റസി, യാഥാർത്ഥ്യവുമായി ബന്ധം സ്ഥാപിക്കാൻ നമ്മെ സഹായിക്കുന്ന സർഗശക്തിയുടെ ഒരു ചെറിയ ഖണ്ഡമാണത്.

ബഷീറിലെ ആന്തരസംഘർഷങ്ങളെ നിർണയിച്ച സർഗചേതന അദ്ദേഹത്തിന്റെ ജീവിതമനോഭാവംപോലെ അനന്യമാംവിധം പുതുമയുള്ളതും ഉന്നതമായ വിചാരമാതൃകകൾ പ്രക്ഷേപിക്കുന്നതുമായിത്തീർന്നത് അദ്ദേഹത്തിൽ സ്ഥായിയായി നിലകൊണ്ടിരിക്കുന്ന സഞ്ചാരീഹൃദയസാമീപ്യം കൊണ്ടാണ്. ഭൗതികജീവിതത്തെ ഒരു മുഴുത്ത തമാശയായി പരിവർത്തിപ്പിക്കാനുള്ള ആന്തരികോർജം ഭൂതകാലത്തിലെ 'നീറുന്ന അനുഭവങ്ങൾ' പ്രദാനം ചെയ്ത സഞ്ചാരത്തിന്റെ ഓർമകൾ കൂടിയായിരുന്നു. ജനക്കൂട്ടത്തിന്റെ നടുവിലിരുന്നപ്പോഴും ആന്തരിക ആത്മീയതയുടെ ഭാഗമായി യോഗിയെയും സിദ്ധനെയും സൂഫിയെയും മിസ്റ്റിക്കിനെയുമെല്ലാം ആവാഹിച്ചെടുത്ത സർഗഖണ്ഡമായിരുന്നു ബഷീറിന്റെ പ്രഭാവലയം. പരിത്യക്തകാമുകനായിരുന്നു ബഷീർ. കാമുകീഭാവത്തിൽ അദ്ദേഹത്തിന്റെ പ്രപഞ്ചസ്ഥലികൾ നിറഞ്ഞുനിന്നു. താൻ ഉപേക്ഷിക്കപ്പെട്ടവനായി മാറുമെന്നും നീ മാത്രം ഇവിടെ അവശേഷിക്കുമെന്നുമുള്ള വ്യഥ അദ്ദേഹത്തിന്റെ ഹൃദയം തന്നെയായിരുന്നു, താമസിയാതെ ചവിട്ടിയരച്ചുകളയപ്പെടാന്മാത്രം വിധിക്കപ്പെട്ട പൂവുപോലെയുള്ള ഹൃദയം'.

യാത്രികന്റെ വൃക്ഷച്ചുവട്
എൻ.വി. മുഹമ്മദ്‌റാഫി
കേരളസാഹിത്യ അക്കാദമി
2018, 150 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP