Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിംസയുടെ ജനിതകം

ഹിംസയുടെ ജനിതകം

ഷാജി ജേക്കബ്‌

രുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളചെറുകഥയിൽ ചുവടുറപ്പിച്ച ഒരുനിര എഴുത്തുകാർ, ആധുനികതാവാദത്തിനുശേഷമുള്ള സാഹിതീയഭാവുകത്വത്തിന്റെ രണ്ടാം തലമുറയായി അറിയപ്പെട്ടുതുടങ്ങുകയാണ്. 1990കളുടെ തുടക്കത്തിൽ, തൊട്ടുമുൻപുള്ള മൂന്നോ നാലോ തലമുറകളിലെ എഴുത്തുകാരിൽ ചിലർ പങ്കിട്ട ആധുനികാനന്തര ഭാവുകത്വത്തെ ഈ തലമുറ മൗലികവും ശ്രദ്ധേയവുമായി പുതുക്കിപ്പണിതുകഴിഞ്ഞു.

ആനന്ദ്, സി. അയ്യപ്പൻ, എൻ.എസ്. മാധവൻ, സാറാജോസഫ്, എൻ. പ്രഭാകരൻ, അയ്മനം ജോൺ, അഷിത, പി.ജെ.ജെ. ആന്റണി, അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ്‌കുമാർ, കെ. എ. സെബാസ്റ്റ്യൻ, സുഭാഷ്ചന്ദ്രൻ, ഹരിദാസ് കരിവെള്ളൂർ, ഇന്ദുമേനോൻ, സിതാര, എസ്. ഹരീഷ് തുടങ്ങിയവരാണ് 90കളിൽ മലയാളചെറുകഥയെ മുൻഭാവുകത്വങ്ങളിൽനിന്നു ഭിന്നമായി മുന്നോട്ടു സഞ്ചരിപ്പിച്ചത്. ഇതിനു സമാനമായി പുതിയ നൂറ്റാണ്ടിൽ ഈ ഇടപെടൽ നടത്തിയത് മേല്പറഞ്ഞവരിൽ ചിലർക്കൊപ്പം കെ.ആർ. മീര, കെ.വി. പ്രവീൺ, വി എം. ദേവദാസ്, വിനോയ് തോമസ് എന്നിങ്ങനെ ചിലരാണ്.

പൊതുവിൽ ആനന്ദ് മുതൽ വിനോയ് തോമസ് വരെയുള്ള ഈ എഴുത്തുകാർ കഥയുടെ കലയിലും പ്രത്യയശാസ്ത്രത്തിലും ഇക്കാലയളവിൽ സൃഷ്ടിച്ച വഴിമാറ്റങ്ങളെന്തൊക്കെയാണ്? മുഖ്യമായും നാലോ അഞ്ചോ ലോക-ജീവിത-സമീപനങ്ങളാണ് 1990 മുതലുള്ള കാലത്തെ മലയാളകഥ അടിസ്ഥാനപരമായ ഭാവുകത്വവ്യതിയാനങ്ങളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്രത്തെ കഥയുടെ രാഷ്ട്രീയാബോധമാക്കി മാറ്റുന്ന സാംസ്‌കാരികപ്രക്രിയയാണ് ഇവർക്ക് എഴുത്തുതന്നെയും. മതം, ജാതി, വംശം, ലിംഗം തുടങ്ങിയ സ്വത്വപദവികളുടെ സാമൂഹ്യാന്തർസംഘർഷങ്ങൾ മറനീക്കിക്കാണിക്കുകയാകുന്നു ഇവരുടെ ഏറ്റവും പ്രമുഖമായ രചനാരീതിശാസ്ത്രം. സിനിമാറ്റിക്, ടെലിവിഷ്വൽ ദൃശ്യാനുഭൂതിയും കാമറയുടെ മൂന്നാം കണ്ണുമാണ് ഇവരുടെ ആഖ്യാനകലയ്ക്ക് ഭാഷാ, ഭാഷണതലങ്ങളിലേക്കുള്ള രൂപാന്തരം സാധ്യമാക്കുന്നത്. ആധുനികത, ദേശീയത, കമ്യൂണിസം തുടങ്ങിയ വ്യവഹാരങ്ങളുടെ സമ്പൂർണനിരാസമോ വിമർശനമോ ഇവരുടെ ലോകബോധത്തിനടിത്തറയൊരുക്കുന്നു. പ്രത്യക്ഷമോ പരോക്ഷമോ പ്രതീകാത്മകമോ ആയ ഹിംസയെ കഥയുടെ ഭാവരാഷ്ട്രീയമാക്കി വിവർത്തനം ചെയ്യുകയാണ് ഇക്കാലത്തുടനീളം ഈ കഥാകൃത്തുക്കൾ നിർവഹിക്കുന്ന ഏറ്റവും മൗലികമായ കലാപ്രവൃത്തി. മരണത്തെ വൈയക്തികാനുഭവമായികണ്ട നവോത്ഥാനാധുനികതയിലും ആധുനികതാവാദത്തിലും നിന്നു ഭിന്നമായി ഹിംസയുടെ രാഷ്ട്രീയമാനങ്ങൾ തേടുകയാണ് സമകാല കഥാകൃത്തുക്കൾ. മരണം ജീവിതത്തിന്റെ കേവലമായ അന്ത്യമോ കാല്പനികമായ ദുരന്തമോ പ്രായോഗികമായ അസാധ്യതയോ താത്വികമായ അർഥശൂന്യതയോ ചിന്താപരമായ പ്രഹേളികയോ ഒന്നുമല്ല, ഇവർക്ക്. മറിച്ച് ജീവിതത്തിന്റെതന്നെ തുടർച്ചയും സാധ്യതയും അർഥവും പ്രതീകവും വ്യാഖ്യാനവും വിനിമയവുമാകുന്നു. അതുകൊണ്ടുതന്നെയാണ് ഒരേസമയം ലാവണ്യാത്മകവും രാഷ്ട്രീയവുമായി ഹിംസയുടെ സാമൂഹ്യമാനങ്ങൾ തേടുന്ന ജീവിതാവസ്ഥകളെ അവർ നിരന്തരം പ്രമേയവൽക്കരിക്കുന്നതും പ്രശ്‌നവൽക്കരിക്കുന്നതും. ഹിംസയും ഹിംസാത്മകമായ ചരിത്രാനുഭവങ്ങളും നേടുന്നതുപോലുള്ള വ്യാപകമായ ഭാവാവിഷ്‌ക്കാരബാധ്യതകൾ ഇക്കാലയളവിൽ മറ്റൊരു ജീവിത, മാനുഷികാവസ്ഥക്കും മലയാളകഥയിൽ കൈവന്നിട്ടില്ല.

നിശ്ചയമായും ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി യൂറോപ്പിൽ സൃഷ്ടിച്ച ആധുനികതാവാദത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തിനു പശ്ചാത്തലമായതും സമാനമായ ഒരവസ്ഥയായിരുന്നു. 1915-45 കാലത്ത് ഫാഷിസവും നാസിസവും കമ്യൂണിസവും ഒന്നും രണ്ടും ലോകയുദ്ധങ്ങളും സൃഷ്ടിച്ച സർവാധിപത്യവ്യവസ്ഥകളുടെയും പ്രത്യക്ഷ ഹിംസകളുടെയും നരകകാലം മറ്റൊരുതരത്തിൽ ആവർത്തിക്കുകയാണ് ആധുനികാനന്തരകാലത്ത്. ആൾക്കൂട്ടങ്ങളെ ഭൗതികതലത്തിൽ ഉന്മൂലനം ചെയ്യുന്ന സായുധനീക്കങ്ങളായിരുന്നു അന്നുണ്ടായതെങ്കിൽ മനുഷ്യാസ്തിത്വത്തെ പ്രത്യക്ഷത്തിലെന്നതിനെക്കാൾ പരോക്ഷവും പ്രതീകാത്മകവുമായി റദ്ദുചെയ്യുന്ന പ്രത്യയശാസ്ത്രയുദ്ധങ്ങളുടെ കാലമാകുന്നു, നമ്മുടേത്. ഹിംസയുടെ രാഷ്ട്രീയംകൊണ്ട് ചരിത്രത്തെ സ്തംഭിപ്പിച്ചുനിർത്തി, അക്കാലമെങ്കിൽ ഹിംസയെ ചരിത്രത്തിന്റെ ഞരമ്പുകളിൽ വിഷംപോലെ ഒഴുക്കിവിടുകയാണ് നമ്മുടെ കാലം. സംഗ്രഹിച്ചുപറഞ്ഞാൽ, ഹിംസയുടെ ജനിതകശാസ്ത്രമാകുന്നു, സമകാല മലയാളചെറുകഥയുടെ പ്രത്യയശാസ്ത്രം. ഒരു മരണവും സ്വാഭാവികമല്ല എന്നു തീർപ്പുകല്പിച്ചുകൊണ്ട് ജീവിതത്തിന്റെ രാഷ്ട്രീയാർഥം എന്ന നിലയിൽ ഓരോ മരണത്തിന്റെയും ശിരോലിഖിതം മറനീക്കിക്കാണിക്കുകയാണ് ആധുനികാനന്തര മലയാളചെറുകഥയിലെ ഏറ്റവും മൂർത്തമായ ഭാവവിനിമയപ്രക്രിയ എന്നു പറയാൻ കഴിയുന്നത് അതുകൊണ്ടാണ്. 1990 മുതലുള്ള കാലത്തെ മലയാളകഥയിൽ മൗലികമായിടപെട്ട, മേൽസൂചിപ്പിച്ച എഴുത്തുകാരുടെ ശ്രദ്ധേയമായ രചനകൾ ഒന്നു പട്ടികപ്പെടുത്തിനോക്കൂ: നാനാതരം ഹിംസകളുടെ പ്രത്യയശാസ്ത്രപാഠാന്തരങ്ങളും രാഷ്ട്രീയരൂപാന്തരങ്ങളും പ്രയോഗവിഹ്വലതകളും കണ്ട് നമ്മൾ അമ്പരക്കുകതന്നെ ചെയ്യും.

വി എം. ദേവദാസിന്റെ ‘വഴികണ്ടുപിടിക്കുന്നവർ’ എന്ന സമാഹാരത്തിലെ ഏഴുകഥകളും സമകാല മലയാളിമനസ്സിന്റെയും ഗുപ്തലോകങ്ങളുടെയും രാഷ്ട്രീയജാതകം തിരുത്തിയെഴുതുന്ന ഹിംസയുടെ ജനിതകപാഠങ്ങളാണ്. ചിലതരം കളികളിലുള്ളതുപോലെ, പുറത്തേക്കുള്ള വഴി കണ്ടുപിടിക്കാനാവാതെ ജീവിതത്തിൽ കുടുങ്ങിപ്പോകുന്ന ലാബിറിന്തൻ ആധുനികതയുടെ കഥകളല്ല ഇവ. മരണം, കലാശക്കളിയായി മാറി ജീവിതത്തെ ചരിത്രത്തിന്റെ അർഥാന്തരങ്ങളിലേക്കു നീട്ടിവരയ്ക്കുന്ന രചനകളാണ്. മറ്റൊരുരീതിയിൽ പറഞ്ഞാൽ, കഥയുടെ ലാബിറിന്തുകളിൽനിന്ന് ജീവിതത്തിന്റെ ലാബിറിന്തുകളിലേക്കു സംഭവിച്ച വ്യതിയാനമായും ഈ പദ്ധതിയെ കാണാം.

‘പ്രശ്‌നോത്തരി’ എന്ന ആദ്യ കഥ, മലയാളിയുടെ ഏറ്റവും ഹീനവും സംസ്‌കാരശൂന്യവും പ്രതിലോമപരവും മനുഷ്യവിരുദ്ധവുമായ സാമൂഹ്യ ഇടപെടലുകളിലൊന്നായി മാറിക്കഴിഞ്ഞ സദാചാരപ്പൊലീസിംഗിന്റെ ഒരു ഐറണിക്കൽ-സറ്റയറിക്കൽ വിശകലനമാണ്. പാസ്റ്റിഷിന്റെയും പാഠാന്തരതയുടെയും മിശ്രരൂപകം. ആൾക്കൂട്ടഹിംസയുടെ രാഷ്ട്രീയവിചാരണ. കാമറയുടെയും കാഴ്ചയുടെയും ആഖ്യാനകല. നിയോറിയലിസത്തിന്റെ കഥനമാതൃക. രണ്ടു ടെലിവിഷൻജേണലിസ്റ്റുകളുടെ റിപ്പോർട്ടാഷ് പോലെയാണ് കഥയുടെ രൂപതലം. ഭർത്താവ് വീട്ടിലില്ലാത്ത ദിവസം ഒരു യുവതിയെ കാണാനെത്തിയ സുഹൃത്തിനെ നാട്ടുകാർ പിടികൂടി തെങ്ങിൽ കെട്ടിയിട്ടിരിക്കുന്നു. മച്ചുതകർത്ത് കിടപ്പുമുറിയിൽ വീണ മരപ്പട്ടിക്കൊപ്പം നഗ്നയായി പുറത്തേക്കോടിയ യുവതിയാകട്ടെ, മരപ്പട്ടിക്കൊപ്പം വരാന്തക്കും കിടപ്പുമുറിക്കുമിടയിൽ വാതിലുകൾ പൂട്ടുവീണകപ്പെടുകയും ചെയ്യുന്നു. ഉടുതുണിപോലുമില്ലാതെ നാട്ടുകാരുടെയും കാമറയുടെയും പൊലീസിന്റെയും കാഴ്ചക്കിരയായി മാറുന്ന സ്ത്രീയുടെ അവസ്ഥ, താഴെ കാത്തുനിൽക്കുന്ന സിംഹത്തിനും മുകളിൽ പത്തിവിടർത്തിനിൽക്കുന്ന പാമ്പിനും വെള്ളത്തിൽ വാപിളർന്നു കിടക്കുന്ന മുതലയ്ക്കുമിടയിൽ മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന മനുഷ്യന്റേതാണ്. പ്രായപൂർത്തിയായ മനുഷ്യരുടെ ലൈംഗികസ്വാതന്ത്ര്യം നിയമവിരുദ്ധമല്ലാതാക്കിയ 2018ലെ സുപ്രീകോടതിവിധിക്കു മുൻപെഴുതിയതാണ് ഈ കഥയെങ്കിലും ഇന്നും ഇത് അപ്രസക്തമല്ല. കാരണം, മലയാളിയുടെ ഒളിഞ്ഞുനോട്ടരതിയും ലൈംഗികവെറിയും സദാചാരപ്പൊലീസിംഗും ആൾക്കൂട്ടവിചാരണയും അത്രമേൽ ഭീതിദമായി പൊതു, സ്വകാര്യ ഇടങ്ങളിൽ ഇന്നും സജീവവും സംഘടിതവുമാണ്.

പ്രശസ്തിയുടെയും ജനപ്രീതിയുടെയും നെറുകയിൽനിന്ന് ഒരു സിനിമാതാരത്തിനുണ്ടാകുന്ന പതനവും മരണവുമാണ് ‘നായകൻ’. പ്രതിച്ഛായയുടെ പ്രതിസന്ധികൾ. കാമറ നിർമ്മിച്ചുനൽകിയ ജീവിതം, കണ്ണിലുണ്ടാകുന്ന രോഗബാധ, കാഴ്ചയിലും കാമറയിലും നിന്നു മറഞ്ഞുനിൽക്കേണ്ടിവരുന്ന അവസ്ഥ, ടെലിവിഷൻ കണ്ടുകൊണ്ടിരിക്കേ സംഭവിക്കുന്ന മരണം-ജീവിതം മുഴുവൻ കളികളായിരുന്നു, അയാൾക്ക്. ഒടുവിൽ മരണവുമായുള്ള കളിയിൽ അയാൾ തോറ്റു തുന്നംപാടുകയും ചെയ്യുന്നു. കണ്ണ് കാമറയും കാമറ കാഴ്ചയും കാഴ്ച കാമനയുമായി മാറുന്ന കാലത്തിന്റെ കഥ.

“ഒട്ടൊരപരിചിതത്തോടെ മുഖം ചുളിച്ചു നിന്നവളെ വാരിയെടുത്ത് മടിയിലിരുത്തി. ഗ്രേസി അടുക്കളയിലേക്ക് മറഞ്ഞതും ചുണ്ടുപിളർത്തി ചിണുങ്ങാൻ തുടങ്ങിയവളുടെ ശ്രദ്ധമാറ്റാൻ ടെലിവിഷനിലെ പാട്ടിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചു. പാട്ടുതീർന്ന് പരസ്യത്തിന്റെ ഇടവേളയായതോടെ വീണ്ടും പിണങ്ങിക്കരയാൻ ഒരുങ്ങിയവളെ പതുക്കെ എടുത്തുയർത്തി. ചിട്ടയോടെ വ്യായാമം ചെയ്തു മടക്കുവീഴാതെ സൂക്ഷിക്കുന്ന ഒരുങ്ങിയ വയറിന്മേൽ അയാൾ കുഞ്ഞിനെ കയറ്റിയിരുത്തി. ആകാവുന്നിടത്തോളം ശ്വാസം അകത്തേക്കുപിടിച്ചു വീർപ്പിച്ചശേഷം അനുജൻ ചെയ്യുന്നതുപോലെ കുമ്പകുലുക്കിക്കളിപ്പിക്കുന്നേരത്താണ് ഇടനെഞ്ചിനകത്ത് വീണ്ടുമൊരു വലിച്ചിലുണ്ടായത്. രണ്ടുപേരും സോഫയിൽനിന്ന് കെട്ടിമറിഞ്ഞു താഴേക്കുവീണുരുളുമ്പോഴും അതൊരു പുതിയ കളിയാണെന്നാണ് കുഞ്ഞ് കരുതിയത്. ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നതിനിടയിൽ ഗ്രേസിയെ വിളിക്കാനൊരു ശ്രമം നടത്തിയെങ്കിലും ഒച്ച പുറത്തേക്കുവന്നില്ല. അയാൾക്ക് ഏറ്റവുമൊടുവിലത്തെ തവണ ദേശീയപുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രമായ കഥകളിയാശാൻ അരങ്ങത്ത് പൂതനാമോക്ഷം അവതരിപ്പിക്കുന്ന പാട്ടായിരുന്നു പരസ്യത്തിനുശേഷം ടിവിയിലപ്പോൾ. തറയിൽ വീണു മലർന്നുകിടക്കുന്ന മുത്തച്ഛന്റെ മാറിലേക്ക് നിരങ്ങിനീങ്ങിക്കൊണ്ട് ഒന്നരവയസ്സുകാരി പൊട്ടിച്ചിരിച്ചു. നെഞ്ചുവേദനിച്ച് ശരീരമാകെ കോച്ചിവലിച്ചു വിയർക്കുമ്പോഴും ടിവി സ്‌ക്രീനിലെ കഥകളിനടന്റെ ഭാവപ്പകർച്ചയാണയാൾ അകമേ ആവാഹിച്ചത്. മുല കുടിച്ചുവറ്റിച്ചശേഷവും ക്രീഡ തുടരുന്ന ഉണ്ണിയുടെ പീഡകളേറ്റു വലയുന്നതിനുമുൻപായുള്ള പൂതനയുടെ സമർപ്പണം നടുത്തളമാകെ മുഴങ്ങിക്കേട്ടു.

പല്ലവ മൃദുലമാകും പാദം പാണികൊണ്ടെടുത്തു...
മെല്ലവേ മുഖത്തണച്ചു മന്ദം പുഞ്ചിരി തൂകുന്നു..
പൈതലേ നിനക്കു പാരം പൈദാഹമുണ്ടെന്നാകിലോ...
പ്രീതിയോടെന്മുലകളെ താത പാനം ചെയ്തീടുക

കഥകളിവേഷക്കാരൻ തന്റെ മാറിൽ വിഷംപുരട്ടിയ വിരലുഴിഞ്ഞ് ചതിപ്രയോഗത്തിനായി ഒരുങ്ങുന്നേരത്ത് അയാൾ ആ മുദ്രയനുകരിച്ച് നെഞ്ചുഴിഞ്ഞു പിടയുകയായിരുന്നു.

കുഞ്ഞിക്കുസൃതിയുടെ കൗതുകം അയാളുടെ വലതുകണ്ണിനുമേലെയുള്ള പഞ്ഞിയൊട്ടിപ്പ് പറിച്ചെടുത്തു. മുഖത്താകെ പരതിയശേഷം കുരുന്നു കൈവിരലുകൾകൊണ്ട് നരവീണ മീശരോമങ്ങളെ പിഴുതുവലിക്കുന്നേരം അയാൾ ആ സംബോധന വ്യക്തമായി കേട്ടു.

‘മ്മ്പ്ച്ച..... മ്മ്പ്ച്ച.....’

അടച്ചുകെട്ടിവച്ച പഴുപ്പുള്ള കണ്ണിലേക്ക് വെളിച്ചം കയറിയ നിമിഷത്തിൽ അയാൾ സകല വേദനയും മറന്നെന്നപോലെ കുട്ടിക്കുറുമ്പിനു പൂർണമായും വിധേയനായി കിടന്നുകൊടുത്തു. പലകാലത്തും പലയിടത്തുമായി ഓലകെട്ടി മറച്ച കൊട്ടകകളിലും, ചുവപ്പുകസേരകൾ നിറഞ്ഞ തിയേറ്ററുകളിലും, ശീതീകരിച്ച മൾട്ടിപ്ലക്‌സുകളിലുമെല്ലാം ഇരുളിലിരുന്ന് ആർപ്പുവിളിച്ച അനേകലക്ഷങ്ങളെ വെള്ളിവെളിച്ചത്തിലിരുന്ന് കാണാതെ കണ്ട ആ കൃഷ്ണമണികൾ അന്നേരം മേലോട്ടുമറഞ്ഞു”.

‘വെറുതെ വർത്തമാനം പറഞ്ഞു നടന്ന് വഴികണ്ടുപിടിക്കുന്നവർ’ എന്ന കഥ നോക്കൂ. ബാല്യകാലസുഹൃത്തിന്റെ മരണത്തിന്റെ ഓർമകൾ വേട്ടയാടുന്ന ഒരു യാത്രയാണ് സന്ദർഭം. മദ്യലഹരിയിൽ വെള്ളപ്പാറയിലേക്കുള്ള വഴി കണ്ടുപിടിച്ചു കുന്നുകയറുന്ന രണ്ടു കൂട്ടുകാർ. ജീവിതത്തിലെ മലകയറ്റങ്ങളിൽ തളർന്നുപോയെങ്കിലും ഓർമയിലെ മലകയറ്റങ്ങളുടെ ലഹരി അവരെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. പണ്ട് വഴികാട്ടിയായിരുന്നവൻ പിന്നീട് ആ വഴിയിൽ തന്നെയുള്ള ഒരു പൊട്ടക്കിണറ്റിൽ തൂങ്ങിച്ചത്തു. മിത്തും ചരിത്രവും ഇഴപാകിനിൽക്കുന്ന കുന്നിന്റെയും കാടിന്റെയും ഭൂതവർത്തമാനങ്ങൾ മരണത്തിനും ജീവിതത്തിനുമിടയിലെ ഊയലാട്ടങ്ങൾക്കു വേദിയാകുന്നു. കഥപറഞ്ഞും വഴിതിരിഞ്ഞും മലകയറുന്ന കൂട്ടുകാർ ജീവിതത്തിന്റെ കയറ്റിറക്കങ്ങൾക്കൊടുവിൽ എത്തിച്ചേരുന്ന മൃതിയുടെ പാറപ്പുറം കണ്ടെത്തുന്നു. മർത്യനിയോഗത്തിന്റെ എക്കാലത്തെയും ഭാവപ്രരൂപമായ യാത്രയുടെ മൂർത്തസന്ദർഭങ്ങളിലൂടെയാണ് ഈ കഥ ജീവിതത്തിന്റെ അർഥം വിവരിക്കുന്നത്; അർഥരാഹിത്യങ്ങളും.

“ഇടവപ്പാതിയിലും തുലാവർഷത്തിലും പെരുമഴയിൽ ചാലുകവിഞ്ഞ് പാടത്തേക്കൊഴുകും. പൊന്മണിപോലെയുള്ള നെൽക്കതിരു വിളഞ്ഞുനില്ക്കുന്ന പാലച്ചെമ്പനും തവളക്കണ്ണനുമൊക്കെ കഴുത്തോളം വെള്ളത്തിൽ മുങ്ങും. മീനുകളും തവളകളും വെള്ളപ്പരപ്പിലങ്ങനെ പൊങ്ങിവിളയാടും. തവളപ്പതയും ഊത്തലും മുറിച്ച് അറ്റക്കഴകൾ പൊട്ടിയൊഴുകും. ചൂണ്ടയും ഒറ്റാലുമായി മുതിർന്നവരും ഈരിഴത്തോർത്തുമായി ഞങ്ങൾ കുട്ടികളും മീൻ പിടിക്കാനിറങ്ങും. ചിലർ പത്താഴം കെട്ടി മീനുകളെ കെണിവരുതിയിലാക്കും. ചൂണ്ടക്കൊളുത്തിലും ഒറ്റാൽക്കുട്ടയിലും കുടുങ്ങിയ വരാലും മഞ്ഞക്കൂരിയും പള്ളത്തിയുമെല്ലാം തൂങ്ങിപ്പിടയുന്ന പച്ചീർക്കിലിക്കോർമ്പയുമായി മുതിർന്നവർ മടങ്ങും. ഞങ്ങളുടെ കൂട്ടത്തിലെ വിരുതന്മാർ ചൂണ്ടക്കോലിനെ അനുകരിച്ച് കുരുത്തോല വളച്ചു കുരുക്കിട്ട് വാൽമാക്രികളുടെ കഴുത്ത് ലാക്കാക്കും. തുപ്പലംകൊത്തികളെ തേടിയാണ് ഞങ്ങൾ നീർച്ചാലിലിറങ്ങുന്നത്. ഒഴുകുന്ന വെള്ളത്തിനുതാഴെ രണ്ടോമൂന്നോ പേർ കൂട്ടംകൂടി അനങ്ങാതെ നില്ക്കും. കൂട്ടത്തിലൊരുവൻ ഒറ്റക്കണ്ണിറുക്കി സൂചന നല്കുമ്പോൾ ഞങ്ങൾ ഒരുമിച്ചു തുപ്പും. തെളിനീരിൽ വീഴുന്ന തുപ്പലം കൊത്താനായി ആവേശത്തോടെ പാഞ്ഞടുക്കുന്ന മീനുകൾ തോർത്തുമുണ്ടിൽ തുള്ളിക്കൊണ്ട് മേലേയ്ക്കു പൊങ്ങിപ്പിടയും. എണ്ണംപറഞ്ഞു പങ്കുവെച്ചുകൊണ്ടവ അവരവരുടെ വീടുകളിലെ സ്ഫടികക്കുപ്പികളിൽ തടവിലാകും. കാലത്ത് സ്‌കൂളിൽ പോകുന്നതിനുമുന്നെ ഞങ്ങൾ കുപ്പികളിൽ ചോറുവറ്റ് ഇട്ടുകൊടുത്ത് മീനെ പോറ്റും. വൈകീട്ട് സ്‌കൂളുവിട്ടുവന്നാൽ നേരെ ചെന്ന് കുപ്പികളിലെ വെള്ളം മാറ്റും. ചിലരൊക്കെ കുപ്പിക്കടിയിൽ മണലുവിരിച്ച് അതിന്മേൽ വളപ്പൊട്ടുകളിട്ട് അലങ്കാരം നടത്തും. നാളുകൾ പോകപ്പോകെ ഞങ്ങളുടെ ആവേശം പതിയെപ്പതിയെ തണുക്കും. വെള്ളം മാറ്റാതെയും ചോറുവറ്റിൽ പൂപ്പൽ പിടിച്ചും മീനുകൾ ചാവും. കുപ്പികളിൽ പലതും അടുക്കളയിലെത്തും. മീനും മണലും വളപ്പൊട്ടുകളും വെള്ളവും ഒഴിഞ്ഞവയിൽ കടുകും മുളകും ഉണക്കപ്പുളിയും വെളുത്തുള്ളിയുമൊക്കെ നിറയും. അപ്പോഴേക്കും മഴ ഒഴിയും. നീർച്ചാലു മെല്ലെ വറ്റും. നനവിടങ്ങളിൽ പായൽപ്പച്ചപ്പുമാത്രം നിറയും. വേനൽ പിന്നെയും കനക്കും. ഈ വഴിയെ വെള്ളമൊഴുകിയിരുന്നു എന്നൊരോർമയുടെ അവശേഷിപ്പുപോലെ മണലും ഉരുളൻകല്ലുകളും മാത്രം ബാക്കിയാകും”.

മരണത്തിന്റെ ഐതിഹാസികമായ ലഘൂകരണങ്ങൾക്കെഴുതുന്ന ചരിത്രപ്രസിദ്ധമായ ഒരടിക്കുറിപ്പ് ഈ കഥയിൽ ദേവദാസ് എടുത്തുചേർക്കുന്നുണ്ട്. ഹെമിങ്‌വേ-മാർക്കേസ് ജീവചരിത്രസന്ദർഭങ്ങളിലൊന്ന്.

“ ‘അവന്റേതൊക്കെയാണ് സ്വാഭാവികമായ മരണം’.

‘മരച്ചോട്ടില് ലുങ്കി മുണ്ടോണ്ട് കുരുക്കിട്ടട്ട് പൊട്ടക്കെണറ്റിലേക്ക് നൂഴണതാണോടാ നിനക്ക് സ്വാഭാവികം?’

‘അത് ഞങ്ങള് പത്രക്കാരടെ ഭാഷേലൊരു മുള്ളുവാക്ക് പറഞ്ഞതാണെടാ’.

‘എന്തൂട്ട്?’

‘നീ മാർക്കേസെന്നും ഹെമിങ്‌വേ എന്നും കേട്ടട്ട്ണ്ടാ’.

‘പോടാ പോടാ... നിന്നെപ്പോലെ ഇംഗ്ലീഷ് പത്രത്തിലൊന്നും ജോലിയില്ലെങ്കിലും ലൈബ്രറീം വായനേം ഒക്കേള്ള നാടാണിതും. നീയും കുറെക്കാലം ഇവിടെത്തന്ന്യാണ് വളർന്നത്. അതൊക്കെ മുച്ചൂടും മറന്ന് ആളെ ആസ്സാക്കല്ലേ....’.

‘കളിയാക്കിയതല്ലെടാ.... ഈ മാർക്കേസ് ആദ്യകാലത്ത് പത്രക്കാരനായിരുന്നു’.

‘അതെനിക്കറിയാം’.

‘എന്നാപ്പിന്നെ നിനക്കറിയാത്ത ചില വിശേഷങ്ങള് ഞാനങ്ങട് പറയാം. കാഴ്ചയ്ക്ക് ചെറിയ പ്രശ്‌നള്ളതോണ്ട് ആഗ്രഹണ്ടാർന്നെങ്കിലും ഹെമിങ്‌വേയ്ക്ക് പട്ടാളത്തില് ജോലി കിട്ടിയില്ല. മൂപ്പര് നേരെ റെഡ്‌ക്രോസ്സില് ചേർന്ന് ഒന്നാംലോകമഹായുദ്ധത്തിന്റെ വായേൽക്ക് ചെന്നങ്ങട് നിന്നു കൊടുത്തപ്പള് മാരകമായ പരിക്കേറ്റു. എന്നിട്ടും നിർത്ത്യാ? ഇല്ലാ...രണ്ടാംലോകമഹായുദ്ധക്കാലത്ത് പത്രപ്രവർത്തകനായിട്ട് പിന്നേം ചെന്നു. അപ്പളും മൂപ്പർക്ക് പണി കിട്ടി. ഏത്? എന്നിട്ടും തീർന്നില്ല്യാ... ഒരിക്കല് കക്കൂസിലിരിക്കുമ്പള് വെള്ളം ചീറ്റാനുള്ള ചങ്ങലയാണെന്നും വിചാരിച്ചട്ട് വേറെന്തോ പിടിച്ചുവലിച്ചപ്പള് മേൽക്കൂരേന്നെന്തൊക്കെയോ പറിഞ്ഞു താഴേയ്ക്കു വീണതോ കൃത്യം തലമണ്ടേല്. നെറുംതല പൊട്ടി ചോര്യാ ചീറ്റി. കഴിഞ്ഞിട്ടില്ല്യാട്ടാ... മറ്റൊരിക്കല് വേട്ടയ്ക്ക് പോയപ്പളും നല്ല അസ്സലൊരു മുറിവ് പറ്റി. തീർന്നട്ടില്ല്യാട്ടാ... ഇതിലും പലുത് വരാമ്പോണേയുള്ളൂ. ആഫ്രിക്ക ചുറ്റിക്കാണാനായി മൂപ്പര് കയറിയ ചെറിയൊരു വിമാനം നെലത്തിടിച്ചിറങ്ങി വീണ്ടും തലപൊട്ടി. അതിന് ചികിത്സിക്ക്യാനായിട്ട് വേറൊരു വിമാനത്തിൽ പോവുമ്പള് അതിന് തീ പിടിച്ചു മേലാകെ പൊള്ളിപ്പരുവായി. ഇക്കാലത്തിനിടയില് മൂപ്പര് മൂന്നാല് കല്യാണോം കഴിച്ചു. എഴുതിപ്പിടിപ്പിച്ച കഥാപാത്രങ്ങളൊക്കെ അസാമാന്യ ധൈര്യശാലികളും സാഹസികരും. പക്ഷേ ഒടുക്കം അങ്ങേര് മരിച്ചതെങ്ങനെ ആണെന്നറിയോ? ആത്മഹത്യ! സ്വന്തം തലയ്ക്ക് തോക്കുചേർത്തു പൊട്ടിച്ചു കളഞ്ഞു’.

‘കാലമാടൻ തന്നേ.... അല്ലേ?’.

‘അല്ലാണ്ട് പിന്നെ? മൂപ്പര് മരിച്ച സമയത്താണ് മ്മടെ മാർക്കേസ് പത്രപ്രവർത്തനം തൊടങ്ങണത്. ഹെമിങ്‌വേയുടെ ചരമക്കുറിപ്പിന് മാർക്കേസ് കൊടുത്ത തലക്കെട്ടിലാണ് രസം’.

‘അതെന്താർന്നൂ?’.

‘ഒരു മനുഷ്യൻ സ്വാഭാവികമായി മരിച്ചു’ ”.

‘സമയരേഖയിലൊരു ശരാശരി ജീവിതം’ എന്ന കഥ, ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു ചൂതുകളിയാണ്. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ വാട്‌സാപ്പ്, മെസഞ്ചർ സന്ദേശങ്ങളിലൂടെ സാധ്യമാകുന്ന ആശയ-ജീവിത-വിനിമയത്തിന്റെ കഥാനുഭവം. പിതാപുത്രബന്ധത്തിന്റെ മുറിവിൽനിന്നിറ്റുനിൽക്കുന്നൊരു ചോരത്തുള്ളിപോലെ കിടിലംകൊള്ളിക്കുന്നുമുണ്ട്, ഈ കഥ. നവമാധ്യമസന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ കൊണ്ടു നിറയ്ക്കുന്ന പുസ്തകത്താളുകൾ. ഇടയിൽ ചില ഭൗതികസ്ഥലസംഭാഷണങ്ങളും. കഥയുടെ ആഖ്യാനകല വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന രീതി കൗതുകകരമാണ്. ഒട്ടുമേ ജാർഗണായി തോന്നുന്നില്ല എന്നതാണ് ഈ കഥയുടെ വിജയം.

വിഭ്രമങ്ങൾക്കും വിശ്വാസ്യതകൾക്കുമിടയിൽ, ഒരു കുറൊസൊവ ചിത്രംപോലെ വലിഞ്ഞുമുറുകിനിൽക്കുന്ന കഥയാണ് കണ്ടശ്ശാംകടവ്. ഹൗസ്‌ബോട്ടിലെ കറിവയ്പുകാരൻ ഓനായിയെ ഇരുട്ടത്ത് ആരോ കുത്തി. അയാളെ രക്ഷിക്കാൻ പുറപ്പെടുന്ന പൊറിഞ്ചുമാഷിന്റെ മൊഴികൾ സൃഷ്ടിക്കുന്ന വൈരുധ്യങ്ങൾ കഥയിലാകെ നിറയ്ക്കുന്ന സന്ദേഹങ്ങൾ ഒരുവശത്ത്. മറ്റൊരിടത്താകട്ടെ, മുറിവേറ്റു മരണം കാത്തുകിടക്കുന്ന ഓനായി കൂട്ടുകാരനായ ഗോപിയാണ് തന്നെ കുത്തിയതെന്നും ഗോപിയുടെ ഭാര്യ സുനന്ദയുമായി തനിക്കുണ്ടെന്നയാൾ കരുതുന്ന ബന്ധമാണതിനു കാരണമെന്നും സുനന്ദയോടു പറയുന്നതായി കിനാവുകാണുന്നതിന്റെ ആവിഷ്‌ക്കാരം. ചരിത്രവും മിത്തും ഭൂതവും വർത്തമാനവും മായികതയും യാഥാർഥ്യങ്ങളും ഒന്നായിഴപിരിഞ്ഞുടലെടുക്കുന്ന ഒരു മാന്ത്രികപ്പരവതാനിപോലെ, കണ്ടശ്ശാംകടവ്.

ജാതിവെറിയുടെ ക്ലാസിക്കാണ് ‘പന്തിരുകുലം’. ഹൈദരാബാദിൽ യൂണിവേഴ്‌സിറ്റി കാമ്പസിൽ പഠിക്കുന്ന കാലത്ത്, ഒരു വർഗീയലഹളക്കിടയിൽ പരസ്പരം തുണയായി, വരുണും പഞ്ചമിയും. കാണാതായ സഹോദരന്റെ ജഡം തിരഞ്ഞ് മോർച്ചറിയിലേക്കു നടത്തിയ യാത്രകളിൽ വരുൺ പഞ്ചമിക്കു താങ്ങായി. ജാതിശ്രേണിയിൽ മേലും കീഴുമായിരുന്ന വരുണും പഞ്ചമിയും വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ അയാൾ സ്വന്തം വീട്ടിൽനിന്നു പുറത്തായി. പിന്നീടൊരിക്കലും അയാൾ ജീവനോടെ വീട്ടിലേക്കു പോയില്ല. വർഷങ്ങൾ കഴിഞ്ഞു. ആത്മഹത്യാപ്രവണതയുണ്ടായിരുന്ന വരുൺ ചെറിയ പ്രതിസന്ധികളിൽപോലും അതിനു ശ്രമിച്ചു. മൂന്നാംതവണ അതിൽ വിജയിക്കുകയും ചെയ്തു. വരുണിന്റെ വീട്ടുകാർക്ക് അയാളുടെ ജഡം വേണമായിരുന്നു. ജഡത്തോടൊപ്പം നാട്ടിലെത്തിയ പഞ്ചമിയും മകളും ശവദാഹം കഴിഞ്ഞ് രാത്രിയിൽതന്നെ അവിടംവിട്ടു. ആരും അവരെ തടഞ്ഞില്ല. വന്നതുപോലെ അവർ തിരികെ പോയി.

അസാധാരണമായ ഉൾക്കാഴ്ചയോടെ ആത്മഹത്യാവാസനയുള്ളവരുടെ മനോനിലകളും ജീവിതാസക്തിയുള്ളവരുടെ ലൈംഗികകാമനകളും കൂട്ടിയിണക്കുന്ന ഒന്നാന്തരമൊരു കഥയാണ് ‘പന്തിരുകുലം’. സമകാല മലയാള കഥാസാഹിത്യത്തിൽ ജാതിവെറിയുടെ രാഷ്ട്രീയത്തെ ഇത്രമേൽ സാമൂഹ്യവൽക്കരിച്ചും ചരിത്രവൽക്കരിച്ചും പ്രശ്‌നവൽക്കരിക്കുന്ന രചനകൾ മറ്റധികമുണ്ടാവില്ല. മരണത്തിനും ജീവിതത്തിനുമിടയിലെ ആസക്തികളുടെ ഒത്തുതീർപ്പുകൾ അത്ഭുതകരമാംവിധം സമീകരിച്ചുകൊണ്ട് മനുഷ്യരെക്കുറിച്ചെഴുതപ്പെടുന്ന ഒരു വിചിത്രപ്രബന്ധമായി മാറുന്നുണ്ട് ഈ കഥ. നോക്കുക:

“അജ്ഞാതജഡം തിരിച്ചറിയാനായി പന്ത്രണ്ടാമത്തെ തവണ പൊലീസ് സ്റ്റേഷനിൽനിന്ന് അറിയിപ്പു വരുന്നേരത്ത് പഞ്ചമി വരുണിന്റെ വാടകവീട്ടിലായിരുന്നു. ഉടുപ്പൂരിക്കളഞ്ഞ് ഉടലുകളെ കൂട്ടിയുരയ്ക്കുന്നേരത്താണ് പഞ്ചമിയുടെ ഫോൺ ശബ്ദിച്ചത്. അന്നാദ്യമായി മോർച്ചറിയിലേക്ക് കൂട്ടുപോകാൻ വരുൺ നീരസമറിയിച്ചു.

‘ഈ ചത്തവരുടെ ചതഞ്ഞരഞ്ഞ മുഖവും ചന്തിയിടുക്കിലെ മറുകുമൊക്കെ തെരയണത് എത്രയാണെന്ന് വെച്ചിട്ടാ? ഇനിയുമിതിങ്ങനെ തുടരണോടോ?’

‘അവനെവിടെയെങ്കിലും ജീവനോടെയുണ്ടാകുമോ? അതോ...’

തീർച്ചയില്ലാത്ത അത്തരം ചോദ്യങ്ങൾക്ക് ആശ്വാസവാക്കായിപോലും വരുൺ മറുപടി പറയില്ലെന്ന് ചുരുങ്ങിയ നാളത്തെ അടുപ്പംകൊണ്ട് അറിയാമെങ്കിലും അവൾ വെറുതെ ചോദിച്ചു. പിന്നെ പേടിപ്പെടുത്തുന്ന സംശയങ്ങളിൽനിന്ന് കുതറിമാറാനെന്നോണം തന്റെ ശരീരം വരുണിനോട് ചേർത്തമർത്തി. കിടക്കയിൽ ചെരിഞ്ഞുകിടക്കുന്നവന്റെ മേലാകെ മുഖമുരുമ്മുമ്പോഴും പഞ്ചമിയുടെ ഓർമയിൽ തെളിഞ്ഞത് മോർച്ചറിസൂക്ഷിപ്പുകാരന്റെ പ്രേതവർണനകളായിരുന്നു. അതനുകരിച്ചുകൊണ്ടവൾ വരുണിന്റെ ശരീരത്തിന്മേൽ ഓരോയിടത്തായി ചുംബനങ്ങളാൽ പ്രേമവർണന നടത്തി.

എണ്ണമയമില്ലാത്ത കോലന്മുടി

വലതുപുരികത്തിലൊരു മുറിപ്പാട്സ

ൻപകു കണ്ണുകൾ

സിഗററ്റുമണമുള്ള ചുണ്ടുകൾ

കഴുത്തിൽ രണ്ടു പാലുണ്ണികൾ

ഇളംതവിട്ടു മുലക്കണ്ണുകൾ

കാട്ടുമാക്കാന്റേതുപോലെ രോമംനിറഞ്ഞ നെഞ്ച്

മടിയനാം ഉണ്ണിക്കൊരുണ്ണിക്കുടവയർ

ഒന്നു പൊടിയടിച്ചാൽ ചുവന്നു തടിക്കുന്ന തൊലിപ്പുറം

പൊക്കിളിനിടത്തുവശത്തൊരു കുഞ്ഞിമറുക്

തുകൽ ബെൽറ്റു മുറുകി വയലറ്റ് പാടുവീണ അരക്കെട്ട്

പിന്നെയിതാ ചോരകുടിച്ചു വീർത്തുവരുന്നൊരു കുളയട്ട.

തന്റെ മേലാകെ പഞ്ചമിയുടെ മുഖം ഇഴയുന്നേരത്ത് ഉടൻവരവിനൊരു തടയിടാനെന്നോണം മനസ്സുകൊണ്ടൊരു കടപയാദി ശ്ലോകം മുഴുവനാക്കാനൊരുങ്ങുകയായിരുന്നു വരുണപ്പോൾ.

കോപിച്ചിടായ്ക ചിരമുത്തമദിക്കിലെല്ലാം
വ്യാപിച്ചിരുന്ന സമയാകിയ ഗുപ്തവർഷം
ലോപിച്ചിടാതെയറിയാനിതിൽ നിന്നു മാറ്റൂ
ധീപീഡ നീ തവമുഖം....

നാലു വരിയും ചൊല്ലി മുഴുമിക്കാനായില്ല. മെത്തയിൽ കിടക്കുന്ന അട്ടയുടെമേൽ ഏഴു കാക്കപ്പുള്ളികൾ പഞ്ചമി ചൂണ്ടുകൊണ്ടെണ്ണി കണ്ടെത്തുമ്പോഴേക്കും ആ കളി തുടരാനാകാത്തവിധം ഇരുവർക്കും നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. വരുൺ തലയിണക്കീഴിലെന്തോ തപ്പുന്നതുകണ്ട് പഞ്ചമികാര്യം തിരക്കി. അയാളൊരു കുഞ്ഞു പാക്കറ്റെടുത്ത് അവൾക്കു നേരെ നീട്ടി. സംഗതി മനസ്സിലായിട്ടും പുഞ്ചിരിയാൽ പഞ്ചമി കുസൃതി തുടർന്നു.

‘ഇതെന്താ വരുണേ?’

‘മനുഷ്യന്റെ അരയിൽ നിന്നൂറുന്ന കറയെ തടയാൻ മരം മുറിഞ്ഞു കിനിയുന്ന കറയെടുത്തുണ്ടാക്കിയ കിടുപിടി’.

‘മുഴുത്ത സാഹിത്യമൊന്നും വേണ്ടാ. ഒരു കുഞ്ഞൻ റബ്ബർ തൊപ്പിക്കുപ്പായം. അത്രയ്‌ക്കൊക്കെ മതി ഇതിന്റെ വർണന’.

‘തൊപ്പിക്കുപ്പായമെങ്കിൽ അങ്ങനെ ഒന്നു വേഗമിട്ടു താ’.

‘ഇതൊക്കെ അവനവന് തന്നെയങ്ങോട്ട് ചെയ്തൂടെ മിസ്റ്റർ മടിയൻ ശങ്കരൻ?’

‘എന്നിട്ടുവേണം അതിന്റെ വഴുവഴുപ്പ് കൈയിലായിട്ട് മനുഷ്യന്റെ ആകപ്പാടെയുള്ള മൂഡ് പോയിക്കിട്ടാൻ. പിന്നെ ഞാനെണീറ്റ് കൈ കഴുകാനോടേണ്ടി വരും’.

‘ഓഹോ അപ്പോളിക്കാര്യത്തിൽ മുൻകാല പരിചയമൊക്കെയുണ്ടോ? ഞാനറിയാതെ....’

പറഞ്ഞു മുഴുമിക്കാനാക്കുന്നതിനുമുന്നേ പഞ്ചമിയുടെ ചുണ്ടുകൾ വരുൺ ഉമിനീരുകൂട്ടി വിഴുങ്ങിക്കഴിഞ്ഞിരുന്നു.

ടോമി പിന്നീടൊരിക്കലും തിരികെ വന്നില്ലെങ്കിലും, അന്നെടുത്ത തീരുമാനപ്രകാരം പിറ്റേന്നുതന്നെ പഞ്ചമി പൊലീസ് സ്റ്റേഷനിൽ പോയി. തനിക്ക് അനുജന്റെ ഫോൺ വന്നിരുന്നുവെന്ന് കള്ളം പറഞ്ഞ് ആളെക്കാണാനില്ലെന്ന പരാതി പിൻവലിച്ചു. അതിന്റെ പതിനൊന്നാംനാൾ വരുണിനോടൊപ്പം സബ് രജിസ്റ്റ്രാർ ഓഫീസിൽ പോയി സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനുള്ള അപേക്ഷ സമർപ്പിച്ചു.

കൃത്യം ഒരു മാസത്തിനുശേഷം അക്കാര്യത്തിനൊരു തീർപ്പാവുകയും ചെയ്തു”.

അവസാന കഥ, ‘ചാവുസാക്ഷ്യം’, മഹാഭാരതത്തിൽനിന്നു കണ്ടെടുക്കുന്ന ഒരു ദലിത് ആഖ്യാനമാണ്. കുരുക്ഷേത്രയുദ്ധത്തിൽ കൃഷ്ണൻ ബലികൊടുക്കുന്ന ബർബരനായ ബേലരശന്റെ കഥ; അവന്റെ അറുത്തുമാറ്റിയ തല കാണുന്ന കാഴ്ചകളുടെയും. ഭീമന്റെയും ഹിഡിംബിയുടെയും മകനായ ഘടോത്കചന് മുരവിയിൽ പിറന്നവനായിരുന്നു ബേലരശൻ. അസാമാന്യനായ യുദ്ധതന്ത്രജ്ഞൻ. ആയുധപ്രയോഗത്തിൽ അഗ്രഗണ്യൻ. കുലമോ പരമ്പരയോ നോക്കാതെ ബലഹീനരുടെ പക്ഷം ചേർന്നു പോരാടാനെത്തിയ അവനെ പക്ഷെ കൃഷ്ണന്റെ കുടിലബുദ്ധി യുദ്ധത്തലേന്നുതന്നെ ബലികൊടുത്തു. ഒരാഗ്രഹമേ ബേലരശനുണ്ടായിരുന്നുള്ളു. തന്റെ തലയറുത്തുമാറ്റിയാലും യുദ്ധം കാണാൻ ആ തല ഒരു കുന്തത്തിൽ കോർത്ത് കുരുക്ഷേത്രഭൂമിക്കടുത്തുള്ള കുന്നിൽ വയ്ക്കണം. മരിച്ചുകഴിഞ്ഞെങ്കിലും തനിക്കു യുദ്ധം കാണണം. അതുപറഞ്ഞ് അവൻ സ്വന്തം തലയറുത്ത് കൃഷ്ണനു സമർപ്പിച്ചു.

“ ‘എങ്കിൽ പറയൂ ഞാനെന്തു ചെയ്യണം? ഈ യുദ്ധത്തലേന്നിപ്പോൾ ഞാൻ നിങ്ങളുടെ പക്ഷത്താണ്. അതുകൊണ്ട് നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിക്കും’.

‘പോര് തുടങ്ങുന്നതിനു മുന്നെ വിജയമാഗ്രഹിച്ചുകൊണ്ട് കുരുതികൊടുക്കുന്ന പതിവുണ്ട്. ലക്ഷണം തികഞ്ഞ മൃഗത്തിന്റെ കഴുത്തുവെട്ടി ചോരവീഴ്‌ത്തിയാൽ നന്ന്. കൂട്ടത്തിലേക്കേറ്റവും മികച്ച വീരന്റെ തലയറുത്ത് മനുഷ്യക്കുരുതി നല്കിയാൽ അതിലേറെ നന്ന്. നിന്റെ പിതാമഹനുവേണ്ടി, പാണ്ഡവസേനയുടെ വിജയത്തിനായി, ഇപ്പോൾ നിനക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതാണ്. നരബലിക്കു വിധേയനാകുക’.

അകപ്പെട്ടതിനുശേഷം മാത്രം കെണിയുടെ കൗശലം തിരിച്ചറിയുന്ന മൃഗത്തിന്റെ ഉൾത്തുടിപ്പാൽ ഞാനൊരു നിമിഷം നിശ്ശബ്ദനായി. അതിന്റെ പകപ്പണഞ്ഞ നേരംകൊണ്ട് തീരുമാനമെടുത്തുകഴിഞ്ഞിരുന്നു.

‘സമ്മതം.... പക്ഷേ സ്വയം ബലിനല്കുന്നതിനുമുന്നെ ഒരു കാര്യം കൂടി പറയാൻ എനിക്കാഗ്രഹമുണ്ട്. ഈ മഹായുദ്ധത്തിൽ പങ്കെടുക്കണമെന്നു കരുതിയാണ് അമ്മയെപോലും എതിർത്തുകൊണ്ട് ഞാൻ കാടുവിട്ടിറങ്ങിയിവിടെവരെയെത്തിയത്. പോരിൽ പങ്കെടുക്കാനാകില്ലെന്നതോ പോകട്ടെ, കുരുക്ഷേത്രയുദ്ധമെനിക്ക് ഒരുനോക്ക് കാണാനെങ്കിലും കഴിയണം. കുരുതിച്ചോരയ്ക്കായി അറുത്തുമാറ്റിയശേഷം എന്റെ തല അടുത്തുള്ള ഏതെങ്കിലും കുന്നിന്റെ നെറുകയിൽ നാട്ടണം. ചത്തുമരവിച്ച കണ്ണുകൊണ്ടെങ്കിലും എനിക്ക് ആ യുദ്ധഭൂമിയിൽ നോട്ടമെത്തണം’.

‘ആരുണ്ടിവനെ അറുത്തിടാൻ?’.

അക്കൂട്ടത്തിൽനിന്നാരും മുന്നോട്ടുവരുന്നില്ലെന്നു കണ്ടതോടെ ചോദ്യകർത്താവായ വസുദേവകൃഷ്ണൻതന്നെ എനിക്കരികിൽ വന്നു.

‘ഈ പടപ്പന്തിയിൽ കയറിക്കഴിഞ്ഞാൽ പിന്നെ പോര് തീരുന്നതുവരെ ആയുധം പ്രയോഗിക്കില്ലെന്നൊരു പ്രതിജ്ഞയുണ്ടെനിക്ക്. അല്ലായിരുന്നെങ്കിൽ....’.

അത്രയും പറഞ്ഞുകൊണ്ടയാൾ അരക്കച്ചയിൽ ഒളിപ്പിച്ചുവെച്ച അരികു മൂർച്ചയുള്ള ചക്രമെടുത്ത് നീട്ടിപ്പിടിച്ചു. അതു കൈപ്പറ്റിയശേഷം ഞാൻ ചുറ്റിലും നോക്കി. അരുതെന്നുളെളാരു വാക്കോ, എന്തിന് ഒരു നോട്ടംപോലുമോ ആരിൽനിന്നുമുണ്ടായില്ല. സ്വയം ബലിമൃഗമായി മാറിയ ഞാൻ ഏവരേയും നോക്കി പരിഹസിച്ചു ചിരിച്ചപ്പോൾ മാത്രം രത്‌നകിരീടം ധരിച്ച ചില ശിരസ്സുകൾ കുനിഞ്ഞു. ആ കാഴ്ചയും കണ്ട കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ആകാവുന്ന വിധം ശ്വാസം ഉള്ളിലേക്കെടുത്തലറിവിളിച്ചുകൊണ്ട് സ്വന്തം തലയറുക്കുന്ന ആ കർമം നിർവഹിച്ചു. തലയും ഉടലും വേറിട്ട് നിലംപതിച്ച നിമിഷം പാണ്ഡവരുടെ പാളയത്തിൽ എന്റെ പ്രതിഷേധം ചോരക്കളം തീർത്തു”.

ജീവിതത്തെ മരണം കൊണ്ടു സാക്ഷ്യപ്പെടുത്തുന്ന ഏഴു കഥകൾ. ആധുനികാനന്തര മലയാളചെറുകഥ, ഹിംസയുടെ രാഷ്ട്രീയഭൂപടം നിർമ്മിക്കുന്നതിന്റെ അക്ഷാംശങ്ങളും രേഖാംശങ്ങളുമായി മാറുന്ന രചനകൾ. സ്വന്തം തലയറുത്ത്, അതാവശ്യപ്പെട്ട കുടിലതകളുടെ മഹാസാരഥിക്കു സമർപ്പിക്കുന്ന കീഴാളനെപ്പോലെ ദേവദാസ് ജീവിതത്തെയും മരണത്തെയും കുറിച്ച് ചോരയിറ്റുന്ന കഥകളെഴുതുന്നു. മൂർച്ചയും മൂർഛയും ഇരുതലകളായി കണ്ടുമുട്ടുന്ന വാളിന്റെ ശിരഛേദങ്ങൾപോലെ അവ വായനയെ വിസ്മയിപ്പിക്കുകയും വിറങ്ങലിപ്പിക്കുകയും ചെയ്യുന്നു.

കഥയിൽനിന്ന്:-

“എണ്ണയിൽ മുക്കുമ്പോൾ എണ്ണയിൽ മുക്കുമ്പോൾ

എന്താണ് പറയണ് കോഴിക്കുഞ്ഞ്?

മുങ്ങിക്കുളിക്കുന്നേയ് മുങ്ങിക്കുളിക്കുന്നേയ്

എന്നാണ് പറയണ് കോഴിക്കുഞ്ഞ്

കറുമുറെ തിന്നുമ്പോൾ കറുമുറെ തിന്നുമ്പോൾ

എന്താണ് പറയണ് കോഴിക്കുഞ്ഞ്?

അയ്യോ! പരലോകം കാണുന്നേയ് പരലോകം കാണുന്നേയ്

എന്നാണ് പറയണ് കോഴിക്കുഞ്ഞ്

ആതിരമോളുടെ ആംഗ്യപ്പാട്ടിന് അവസാനമായി. ഇനിയെന്തു ചെയ്താണ് സമയം കളയേണ്ടതെന്നോർത്ത് അവൾ അമ്മയെ തോണ്ടിവിളിക്കുന്നേരത്താണ് നടുത്തളത്തിലേക്ക് കുറച്ചാളുകൾ കയറിവന്നത്.

‘അതേയ്... ആംബുലൻസ് എത്തീട്ടോ. സ്ത്രീകളൊക്കെ എഴുന്നേറ്റൊരു വശത്തേയ്ക്ക് മാറിയങ്ങട് നില്ക്കണം. ശവം എടുക്കാൻ പോകാണ്’.

ഫ്രീസറിൽനിന്നെടുത്തു നിലത്തേക്ക് മാറ്റിക്കിടത്തിയ മകന്റെ ശരീരത്തിൽ അവസാനമായി ഒരുമ്മ കൊടുക്കുന്നതിനിടെ വരുണിന്റെയമ്മ ബോധംമറിഞ്ഞ് പുറകോട്ടുമലച്ചു. അവരെ പൊക്കിയെടുത്ത് മാറ്റുന്നേരത്ത് ആരൊക്കെയോ ആർത്തലച്ചു വന്നുകൊണ്ട് വരുണിന്റെ മേലേക്കുവീണു നിലവിളിച്ചു. മരിച്ച് നേരത്തോടുനേരമായി പോസ്റ്റ്‌മോർട്ടം കഴിഞ്ഞു കുത്തിക്കെട്ടിയ ജഡമാണ്, ബലം പ്രയോഗിച്ചാൽ എല്ലാം കൂടി പൊട്ടിച്ചാടുമെന്ന് പറയാനൊരുങ്ങിയെങ്കിലും പഞ്ചമിയുടെ തൊണ്ടയടഞ്ഞു. മകളെപ്പോലെ താനും ഊമയായോ എന്നൊരു നിമിഷം അവൾ പരിഭ്രമിച്ചു. എല്ലാവരും ചേർന്നു കുലുക്കിയുണർത്തി അവസാനം അനക്കമറ്റ ശരീരത്തിലേക്ക് വരുണിന്റെ ജീവൻ തിരിച്ചു വരുമോ എന്ന സംശയത്താൽ പഞ്ചമി ചെറുതായൊന്ന് വിറച്ചു. അലറിക്കരഞ്ഞും എണ്ണിപ്പെറുക്കി സങ്കടപ്പെട്ടും ഓരോരുത്തരായി എഴുന്നേറ്റുമാറിയതോടെ വരുണിനരികിൽ ആതിരമോളും പഞ്ചമിയും മാത്രമായി. ചെറിയമ്മയുടെ മകളുടെ ഭർത്താവെത്തി ആതിരമോളെ കൈപിടിച്ചെഴുന്നേല്പിച്ച് ഒരുവശത്തേക്ക് മാറ്റിനിർത്തി. പഞ്ചമിയവളുടെ പിന്നാലെ ചെന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ അവരെ ആരും വിളിച്ചില്ല. അച്ഛന്റെ ശരീരം കോടിത്തുണിയിൽ പൊതിയുന്നതും, നിലവിളക്കിലെ തിരിനീട്ടുന്നതും, കുളിച്ച് ഈറനോടെവന്ന ചിലർ നമസ്‌കരിക്കുന്നതും, വായ്ക്കരിയിട്ട് കർമങ്ങൾ പൂർത്തിയാക്കുന്നതുമെല്ലാം ആതിരമോൾ കൗതുകത്തോടെ നോക്കിനിന്നു. ജഡമെടുത്ത് നിലത്തെ വെള്ളവിരിപ്പിൽ കിടത്തുന്നേരമാണ് പഞ്ചമിയത് ശ്രദ്ധിച്ചത്. വരുണിന്റെ തള്ളവിരലിലെ നഖം വെട്ടിമാറ്റിയിരിക്കുന്നു.

പഞ്ചമി പരിചയപ്പെടുന്ന കാലം മുതലെ ഇടതുകൈയിലെ തള്ളവിരലിൽ വരുൺ നഖം വളർത്താറുണ്ട്. ഇന്നും ഇന്നലെയുമല്ല, ഒമ്പതാം ക്ലാസിൽ പഠിക്കുന്നതുമുതലുള്ള ശീലമാണത്. സ്‌കൂളിലെ സയൻസ് ലാബിൽ കണ്ട പുസ്തകത്തിലെ രേഖാചിത്രം മാതൃകയാക്കി എൽ.ഇ.ഡി. ലൈറ്റുകൾ തുടർച്ചയായി കെടുകയും തെളിയുകയും ചെയ്യുന്ന ഹോബി സർക്യൂട്ട് ഉണ്ടാക്കുന്നതിനിടെ സോൾഡറിങ് ലെഡ് ഉരുക്കുമ്പോൾ വരുണിന്റെ വിരൽ ചെറുതായൊന്നു പൊള്ളി.

‘ഒരിത്തിരി നഖം നീട്ടിയാൽ എളുപ്പത്തിൽ ചെയ്യാമെടോ. അപ്പോൾപ്പിന്നെ അയേൺ വിരലിൽ മുട്ടില്ല’.

ഭൗതികശാസ്ത്രം പഠിപ്പിക്കുന്ന ചന്ദ്രശേഖരന്മാഷ് അന്നു നല്കിയ ഉപദേശമാണ് പിന്നീട് വർഷങ്ങളോളം വിരൽത്തുമ്പിൽ അവശേഷിച്ചത്. സോൾഡറിങ് അയേണൊക്കെവിട്ട് പരീക്ഷണങ്ങൾ ബ്രെഡ് ബോർഡിലേക്ക് മാറിയപ്പോഴും, പിന്നെ ഇലക്‌ട്രോണിക്‌സ് മുഴുവനായും ഉപേക്ഷിച്ചെങ്കിലും, ഇടതുതള്ളവിരലിൽ നഖം വളർത്തുന്ന ശീലം മാത്രം മാറിയില്ല. ഇത്രയും കാലത്തിനിടെ ഒരു തവണ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ കൊണ്ട് വിരൽ ചതഞ്ഞപ്പോഴും, മറ്റൊരിക്കൽ ജീൻസ് അലക്കുന്നതിനിടെ നഖം പാതി ഒടിഞ്ഞുപോയപ്പോഴും വെട്ടിമാറ്റിയതൊഴിച്ചാൽ അതെപ്പോഴും വരുണിന്റെ കൂടെത്തന്നെയുണ്ടായിരുന്നു. മാനസികപിരിമുറുക്കമുണ്ടാകുന്ന സമയങ്ങളിൽ ബാക്കിയുള്ള ഒമ്പതുവിരലുകളിലെ നഖങ്ങൾ കടിച്ചുതുപ്പുമ്പോഴും ആ ഒരെണ്ണം മാത്രം ബാക്കിയായിരുന്നു. ഉമ്മവെച്ചുണർത്തുന്നേരത്ത് പഞ്ചമിയുടെ മേലാകെ പ്രേമാക്ഷരങ്ങൾ കോറിയിടുന്നത് ആ നഖത്തുമ്പാലായിരുന്നു. കാട്ടുമുയലേ, കൽക്കണ്ടക്കണ്ണേ, വിയർപ്പുതുള്ളിയേ, വെറ്റിലക്കൊടിയേ, വെള്ളത്തണ്ടേ, ഊഞ്ഞാൽപ്പൊക്കമേ, തേരട്ടവഴുവഴുപ്പേ, കുന്നിക്കുരുച്ചോപ്പേ, കപ്പലണ്ടിത്തുണ്ടേ, തുപ്പലംകൊത്തിയേ എന്നെല്ലാം ഓമനപ്പേരുകൾ പതിയുന്നൊരു കുത്തിരച്ചുമരായി അന്നേരങ്ങളിൽ അവൾ മാറും. ഇടങ്കൈകൊണ്ട് എഴുതി ശീലമില്ലാത്തയാൾ തന്റെ തൊലിപ്പുറത്തു കോറിയിടുന്ന വാക്കുകൾ കണ്ടെത്തുന്നത് ആദ്യമൊക്കെ പഞ്ചമിക്കു പ്രയാസമായിരുന്നെങ്കിലും കാലംപോകെ ആ നഖരമൂർച്ച് അവൾക്കു പരിചിതമായി. പിന്നെയെല്ലാം പതിയെ പഴങ്കഥയായി മാറി.

സ്വിസ് പട്ടാളക്കത്തികൊണ്ട് തന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുന്നതിനുതൊട്ടുമുൻപായി ആതിരമോളുടെ വായ കീറിയ നഖം വരുൺ വെട്ടിമാറ്റിയിരുന്നു.

ഐക്യരാഷ്ട്രസഭയുടെ ഒരിടക്കാല പ്രൊജക്റ്റിനായി ജനീവയിൽ പോയിവന്നൊരു സുഹൃത്ത് പഞ്ചമിക്ക് നല്കിയ സമ്മാനമായിരുന്നു ആ പട്ടാളക്കത്തി. സാധാരണയായി വായ്ത്തലയുടെ മൂർച്ച പരിശോധിക്കുന്നതുപോലെ പഞ്ചമിയതിന്റെ പ്രൂണിങ് ബ്ലേഡിൽ പതിയെയൊന്ന് വിരലമർത്തി നോക്കിയപ്പോഴേക്കും തൊലിമുറിഞ്ഞു ചോരവന്നു. സമ്മാനം കിട്ടിയ സാധാനം തിരിച്ചുകൊടുക്കുന്നത് മര്യാദയല്ലല്ലോയെന്നു കരുതി വാങ്ങിയെങ്കിലും പഞ്ചമിയത് വീട്ടിലെവിടെയോ ഉപേക്ഷിച്ചു. ഒരിക്കലെന്തോ തിരയുന്നതിനിടയിൽ കണ്ടെത്തിയശേഷം കുറച്ചുകാലം വരുണത് ബൈക്കിന്റെ കീ ചെയിനിൽ കൊളുത്തിയിട്ടു. ഇടയ്ക്ക് ബിയറോ വൈനോ ഒക്കെ വാങ്ങുമ്പോൾ കുപ്പി തുറന്നിരുന്നത് അതുകൊണ്ടായിരുന്നു. ആതിരമോൾ പിച്ചവെച്ചുനടന്ന് കൈയെത്തുന്നതെല്ലാം കളിപ്പാട്ടമാക്കാൻ തുടങ്ങിയപ്പോൾ അപകടമൊഴിവാക്കാനായി വരുൺ തന്നെയാണ് ഒരു ദിവസം അതെടുത്ത് ഷോകേസിന്റെ ഏറ്റവും മുകളിലെ തട്ടിലേക്ക് കയറ്റിവെച്ചത്. പിന്നീടുള്ള കാലം ആ കത്തിക്കൂട്ടം അവിടെത്തന്നെ പൊടിപിടിച്ചുകിടന്നു.

വായിൽനിന്നു ചോരയിറ്റുന്ന കുഞ്ഞിനെ ക്ലിനിക്കിൽ കൊണ്ടുപോയി കുഴപ്പമൊന്നുമില്ലെന്നും, ഉള്ളംകവിളിൽ ചെറുതായി തൊലിനീങ്ങിയതേയുള്ളൂവെന്നും ഉറപ്പുവരുത്തിയശേഷം പഞ്ചമി തിരിച്ചെത്തുമ്പോഴും വരുൺ ടോയ്‌ലറ്റിൽ തന്നെയായിരുന്നു. തല പുറകോട്ടാഞ്ഞ് ഫ്‌ളഷ് ടാങ്കിന് മീതെ കഴുത്തു കയറ്റിവെച്ചുകൊണ്ട് ക്ലോസറ്റിന്മേൽ കണ്ണടച്ചിരിക്കുകയായിരുന്നു അയാൾ. ഞരമ്പു മുറിഞ്ഞ കൈ തൊട്ടടുത്തുള്ള ബക്കറ്റിലേക്ക് പാതിയോളം മുങ്ങി തൂങ്ങിക്കിടന്നു. പ്രാണനറ്റു പോരുന്നേരത്തെ വേദനയെ ചെറുക്കാനായി സ്വിസ് പട്ടാളക്കത്തിയുടെ കൈപ്പിടിമേൽ വലതുകൈ അമർത്തിപ്പിടിച്ചിട്ടുണ്ട്.

ടോയ്‌ലറ്റിലാകെ ചോരപ്രളയം തീർത്തുകൊണ്ട് ബക്കറ്റിലെ വെള്ളം നിറഞ്ഞുകവിഞ്ഞൊഴുകുകയായിരുന്നു. തോളിൽ കിടന്നു മയങ്ങുന്ന മകളെ കട്ടിലിൽ കിടത്തിയശേഷം അലറിവിളിച്ച് അയൽപക്കക്കാരെ കൂട്ടുമ്പോഴും, അക്കൂട്ടത്തിലൊരാളുടെ കാറിൽ ആശുപത്രിയിലെത്തുമ്പോഴുമൊക്കെ പഞ്ചമിക്ക് പ്രതീക്ഷയുണ്ടായിരുന്നു. വരുൺ ചോരവാർന്നുപോയി ബോധമറ്റുകിടക്കുകയാണെന്നാണ് അവൾ കരുതിയിരുന്നത്. എന്നാൽ അത്യാഹിതവിഭാഗത്തിൽനിന്ന് വരുണിന്റെ ശരീരം നേരെപോയത് പോസ്റ്റുമോർട്ടം ടേബിളിലേക്കാണ്. അതോടെ പഞ്ചമി ആതിരമോളെയും ചേർത്തുപിടിച്ച് ഏറെനേരം ഏങ്ങിക്കരഞ്ഞു. പിന്നെ ആശുപത്രിയിലെയും പൊലീസ് സ്റ്റേഷനിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കണ്ണുതുടച്ചെഴുന്നേറ്റു”.

വഴികണ്ടുപിടിക്കുന്നവർ
ദേവദാസ് വി എം.
മാതൃഭൂമി ബുക്‌സ്
2018, വില : 150 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP