Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കഥ: ജീവിതം, മരണം

കഥ: ജീവിതം, മരണം

ഷാജി ജേക്കബ്‌

ലയും ജീവിതവും തമ്മിലുള്ള ബന്ധംപോലെ ലാവണ്യചിന്തകളെ ഇത്രമേൽ സന്ദിഗ്ദ്ധമാക്കിയിട്ടുള്ള മറ്റൊരു പ്രശ്‌നമേഖലയില്ല. ക്ലാസിക്കൽ സൗന്ദര്യശാസ്ത്രചർച്ചകൾ മുതൽ സമകാല കലാസിദ്ധാന്തങ്ങൾ വരെയുള്ളവ പാശ്ചാത്യ-പൗരസ്ത്യദേശങ്ങളിൽ ഒരുപോലെ ഇക്കാര്യത്തിൽ പുലർത്തുന്ന അഭിപ്രായാന്തരങ്ങൾ പ്രസിദ്ധമാണ്. റൊമാന്റിക്-റിയലിസ്റ്റ്-നാച്ചുറലിസ്റ്റ് കലാപദ്ധതികൾക്കെതിരെ മോഡേണിസ്റ്റ് കലാപദ്ധതികൾ മുന്നോട്ടുവച്ച സമീപനങ്ങളുടെ കാതൽ പോലും മറ്റൊന്നായിരുന്നില്ല. മലയാളത്തിലും കലാസാഹിത്യചിന്തകൾ രൂപംകൊണ്ടു തുടങ്ങിയ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇന്നു വരെ ഈ വിഷയം ഭിന്ന നിലപാടുകളുടെ സംഗരഭൂമിയാണ്. സമകാല സാഹിത്യ കലാപ്രവർത്തകരിൽ ഈ വിഷയം നിരന്തരം ഉന്നയിക്കുകയും തന്റെ രചനകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും ചെയ്യുന്ന ചുരുക്കം ചിലരിലൊരാളാണ് പി.എഫ്. മാത്യൂസ്. ജീവിതവും കലയും തമ്മിൽ കേവലമായ ഭാവുകത്വപ്രശ്‌നത്തിനപ്പുറം എന്തെങ്കിലും രക്തബന്ധമുണ്ട് എന്നു കരുതാത്ത മാത്യൂസിന്റെ കഥകളും നോവലുകളും തിരക്കഥകളും സ്വാഭാവികമായും കഴിഞ്ഞ നാലുപതിറ്റാണ്ടുകാലം മലയാളത്തിൽ പുലർത്തിപ്പോരുന്ന കാഴ്ചപ്പാടുകൾക്ക് സവിശേഷമായൊരു സൗന്ദര്യശാസ്ത്രസ്വഭാവം കൈവന്നിരിക്കുന്നു. നിശ്ചമായും, വലിയ വയനാസമൂഹത്തെ തൃപ്തിപ്പെടുത്തുന്നയാളല്ല ഒരു ഘട്ടത്തിലും മാത്യൂസ്. പക്ഷെ എഴുത്തിന്റെ കലയിൽ ഈ കഥാകൃത്ത് പ്രകടിപ്പിക്കുന്ന കണിശതയുള്ള ലാവണ്യബോധം മലയാളഭാവനയിൽ അത്രമേൽ സാധാരണമല്ലാത്ത ഒരു വഴി വെട്ടിത്തുറക്കുകയും സമീപകാലത്തായി അത് കൂടുതൽ ശ്രദ്ധനേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. 1980കളുടെ തുടക്കം തൊട്ടെഴുതിയ എഴുപതിലധികം ചെറുകഥകൾ, 1990കളുടെ തുടക്കത്തിലെഴുതിയ ചാവുനിലം എന്ന നോവൽ, മൂന്നുവർഷം മുൻപെഴുതിയ ഇ.മ.യൗ. എന്ന തിരക്കഥ, ഇരുട്ടിൽ ഒരു പുണ്യാളൻ (2015), അടിയാളപ്രേതം (2019) എന്നീ നോവലുകൾ തുടങ്ങിയവയൊക്കെ പരിഗണിച്ചുകൊണ്ടാണ് ഇതു പറയുന്നത്.

ജീവിതയാഥാർഥ്യങ്ങളുടെ പകർപ്പെഴുത്തുകാരായല്ല കഥാകൃത്തുക്കളെ കാണേണ്ടതെന്നും കഥ, ജീവിതത്തിൽനിന്ന് ചീന്തിയെടുത്ത ഏടോ ചോരപൊടിയുന്ന ഖണ്ഡമോ അല്ലെന്നും മാത്യൂസ് പറയും. പിന്നെയെന്താണ് കഥ? അത് മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള ഉപന്യാസമാണ്. മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനമോ മരണത്തെക്കാൾ ഗതികെട്ട ജീവിതത്തെക്കുറിച്ചുണ്ടാക്കുന്ന പദപ്രശ്‌നമോ ഒക്കെയാണ്. അതുകൊണ്ടുതന്നെ യാഥാർഥ്യത്തെ മറികടക്കുന്ന അനുഭൂതിലോകങ്ങളും യഥാതഥത്വത്തെ ഒഴിവാക്കുന്ന ആഖ്യാനസമീപനങ്ങളുമാണ് കഥകളിൽ മാത്യൂസ് പൊതുവെ സ്വീകരിക്കുന്നത്. ജീവിതമല്ല ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് മാത്യുസിന് കഥ. അസ്തിത്വത്തിന്റെ അർഥമാരായുന്ന ചോദ്യങ്ങളുന്നയിക്കുകയാണ് മിക്ക കഥകളിലും മാത്യൂസിന്റെ രചനാരീതിശാസ്ത്രം. ജീവിതത്തിനും മരണത്തിനുമിടയിലെ ചൂതുകളിയായോ ദൈവത്തിനും പിശാചിനുമിടയിലെ വാതുവയ്പായോ ശരീരത്തിനും ആത്മാവിനുമിടയിലെ നൂൽപ്പാലസഞ്ചാരമായോ നന്മതിന്മകളുടെ തുലാഭാരമായോ ഒക്കെ അവ വായിക്കാം.

ജീവിതമാകട്ടെ മരണമാകട്ടെ, കഥ സംഭവങ്ങളുടെ പരാവർത്തനമോ കണക്കെടുപ്പോ അല്ല, സംഘർഷങ്ങളിലൂടെയുള്ള അസ്തിത്വപര്യവേഷണങ്ങളാണ്. ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന ഭാവസന്ദർഭങ്ങളെന്ന നിലയിൽ അവ ജീവിതത്തിന്റെ പ്രതിഫലനമോ പ്രതിരൂപമോ പ്രതിനിധാനമോ അല്ല. ജീവിതത്തിനു പകരം നിൽക്കലുമല്ല കഥയുടെ കല. കഥ, കഥയല്ലാതെ മറ്റൊന്നുമല്ല. അത് സ്വയം ഒരു ജീവിതം ജീവിക്കുകയാണ്. ഈ സമാഹാരത്തിലെ നാല്പതുകഥകൾ നാല്പതുവർഷക്കാലത്തെഴുതിയവയാണ്. എന്നിട്ടും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും മാത്യൂസിന്റെ രചനകൾ നിരന്തരം പിന്തുടരുന്ന ചില സമവാക്യങ്ങൾ ഈ കഥകളുടെ സൗന്ദര്യശാസ്ത്രമായി മാറുന്നു. കൊടിയ ദുഃഖങ്ങളും പ്രാണസങ്കടങ്ങളും; ഒറ്റമനുഷ്യരുടെ ആത്മനൊമ്പരങ്ങളും ചുട്ടുപൊള്ളിക്കുന്ന ഏകാന്തതകളും; ദാമ്പത്യത്തളർച്ചകളും കുടുംബത്തകർച്ചകളും ധ്വജഭംഗങ്ങളും; പിതാപുത്രബന്ധത്തിലെ നിഷ്ഠൂരമായ മൂല്യത്തകർച്ചകളും പിതൃഹത്യകളും; അവിശ്വസനീയമാംവിധം നിർദയമാകുന്ന സ്ത്രീയവസ്ഥകളും നീക്കുപോക്കില്ലാത്ത സഹനങ്ങളും; ആത്മാവിന്റെ പാപസങ്കീർത്തനങ്ങളും ശരീരത്തിന്റെ ഉന്മാദങ്ങളും; ഭ്രമങ്ങളും സ്വപ്നങ്ങളും; ഭ്രാന്തുകളും ജ്വരങ്ങളും; അഗമ്യഗമനങ്ങളും ഹിംസകളും; സ്ഥലകാലാതീതമായ ലോകസഞ്ചാരങ്ങളും ഗതികിട്ടാത്ത പലായനങ്ങളും; അതിഭൗതികയാഥാർഥ്യങ്ങളും അതീതഭാവനകളും എന്നിങ്ങനെ.

മേല്പറഞ്ഞ ഒന്നിലോ ഒന്നിലധികമോ കലാസമവാക്യങ്ങളിൽ ഉൾപ്പെടുന്നവയാണ് ഈ സമാഹാരത്തിലെ നാല്പതു കഥകളും. ചരിത്രാനുഭവങ്ങളുടെയോ സാമൂഹിക സംഭവങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ രാഷ്ട്രീയസന്ദർഭങ്ങളുടെയോ ചുരുക്കെഴുത്തോ പരസ്യപ്പലകയോ അല്ല മാത്യൂസിന് കഥ. ഒന്നോ രണ്ടോ മൂന്നോ കഥാപാത്രങ്ങളെ മുൻനിർത്തി മനുഷ്യാസ്തിത്വത്തെക്കുറിച്ചുണ്ടാക്കിയെടുക്കുന്ന ഒരു കടങ്കഥയാണത് (അടിയന്തരാവസ്ഥ, സിഖ് കലാപം, ബാബ്‌റിമസ്ജിദ് എന്നിവ സൂചിതമാകുന്ന രണ്ടോ മൂന്നോ കഥകളില്ലെന്നല്ല). ഈയൊരു കാഴ്ചപ്പാടിൽ ചുവടുറപ്പിച്ചുനിന്ന് പൊതുവിൽ രണ്ടുതരം കഥകളാണ് മാത്യൂസ് എഴുതുന്നത് എന്നു കാണാം. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും കഥകൾ. അഥവാ ജീവിതാവസ്ഥകളുടെയും മരണത്തിന്റെയും കഥകൾ.

തന്റെ കഥാലോകത്തെക്കുറിച്ചും സാഹിത്യസങ്കല്പത്തെക്കുറിച്ചും മാത്യൂസ് എഴുതുന്ന ഒരതികഥയാകുന്നു, ഈ സമാഹാരത്തിലെ ആദ്യരചന-'വാതിലിൽ ആരോ മുട്ടുന്നു!' മരണത്തെക്കുറിച്ചാണ് തന്റെ മുഴുവൻ കഥകളുമെന്ന് കുറ്റപ്പെടുത്തുന്ന ഒരു വായനക്കാരനോട്, ജീവിതത്തെക്കുറിച്ച് ശുഭപര്യവസായിയായ ഒരു കഥയെഴുതാൻ തനിക്കിനിയും കഴിയാത്തതിന്റെ ധർമസങ്കടം ഒരു കഥാകൃത്ത് പങ്കുവയ്ക്കുന്ന രചന. ഇതുൾപ്പെടെ ഈ സമാഹാരത്തിലെ നാല്പതുകഥകളും മരണത്തെക്കുറിച്ചാണ് എന്നതുകൊണ്ടുതന്നെ ഈ കഥ ഈ പുസ്തകത്തിന്റെ ആമുഖവും അവതാരികയുമായി മാറുന്നു. 'എത്ര മരണം മരിച്ചാലാണ് ഒരാൾ യഥാർഥത്തിൽ ജീവിക്കുക' എന്ന് മാത്യൂസിന്റെ 'കോമ' എന്ന കഥയിൽ (ഈ സമാഹാരത്തിലേതല്ല) ഒരു കഥാപാത്രം ആശ്ചര്യപ്പെടുന്നുണ്ട്. 'മനുഷ്യന്റെ മരണത്തിൽ നോക്കി അവന്റെ ജീവിതം കണ്ടെത്താനും ആവിഷ്‌ക്കരിക്കാനും ശ്രമിക്കുന്ന കണ്ണോക്കുപാട്ടുകാരനാണ് താൻ' എന്ന് സോക്രട്ടീസ് വാലത്തുമായി നടത്തിയ ഒരഭിമുഖത്തിൽ മാത്യൂസ് പറയുന്നു. യഥാർഥത്തിൽ ജീവിതവും മരണവും തമ്മിൽ അഥവാ അവ രണ്ടും ആവിഷ്‌ക്കരിക്കുന്ന കഥകൾ തമ്മിൽ പ്രമേയപരമായ ഭിന്നതയല്ലാതെ അവബോധപരമായി ഭിന്നതകളൊന്നുമില്ല എന്നാണ് മാത്യൂസ് പറയുന്നത്. ഈ സമാഹാരത്തിലെ മുഴുവൻ കഥകളും ആവർത്തിച്ചു സാക്ഷ്യപ്പെടുത്തുന്നതും ഈ കലാരഹസ്യം തന്നെയാണ്. ജീവിച്ചുകൊണ്ടുതന്നെ മരിക്കുന്നവരും മരിച്ചുകൊണ്ടുതന്നെ ജീവിക്കുന്നവരുമായ മനുഷ്യരുടെ അതിനിന്ദ്യവും പീഡിതവുമായ അസ്തിത്വത്തെക്കുറിച്ചുള്ള സമസ്യാപൂരണങ്ങളായി ഓരോ കഥയും മാറുന്നതതുകൊണ്ടാണ്.

പ്രധാനമായും അഞ്ചു പ്രമേയസന്ദർഭങ്ങളിൽ വർഗീകരിച്ചു വിശകലനം ചെയ്യാൻ കഴിയും ഈ സമാഹാരത്തിലെ മിക്ക കഥകളെയും.

ഒന്നാമത്തേത്, കുടുംബമെന്ന സ്ഥാപനത്തെയും ദാമ്പത്യമെന്ന വ്യവസ്ഥയെയും അവയുടെ ആന്തരശൂന്യതകൾ മുൻനിർത്തി അഴിച്ചുകളയുന്ന കഥകളാണ്. അകംപൊള്ളയായ അഹന്തകളാണ് വാസ്തവത്തിൽ ഇവ രണ്ടും. ചതിയും വഞ്ചനയും അതൃപ്തിയും അസഹിഷ്ണുതയും ഊട്ടിവളർത്തുന്ന നരകക്കുഴികൾ. ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ മിന്നർപ്പിണർപോലെ പാഞ്ഞുപോകുന്ന ജീവിതത്തിന്റെ അല്പമാത്രകൾ. ആങ്ങള, കൊടിച്ചി, ഇടയനും മാൻകിടാവും, കാസനോവയുടെ കുമ്പസാരം, പ്രിയേ ചാരുശീലേ, കർക്കടകം, അശ്ലീലം, എള്ളെണ്ണയുടെ സുഗന്ധം, മരിച്ച വീട്, എലി, അനശ്വരതയിലേക്ക്... എന്നിങ്ങനെ എത്രയെങ്കിലും കഥകൾ ഈ വിഭാഗത്തിൽ പെടുന്നു. 'എള്ളെണ്ണ''യിൽ നിന്നൊരു ഭാഗം വായിക്കൂ.

'നാല്പതുവർഷത്തെ സഹവാസം പെട്ടെന്നൊരുനാൾ ഇല്ലാതായിട്ടും നിശ്ചമായിരിക്കുന്ന മനസ്സ്. എമിലി ചോദിച്ചു, തീരെ കനമില്ലാത്ത വെറുമൊരു ശീലം മാത്രമാണോ ഈ സ്‌നേഹം? ഇടയ്ക്കുവെച്ചു മുടങ്ങിയാലും മനുഷ്യന് ഹാനിയൊന്നുമുണ്ടാകാത്ത, അത്യാവശ്യമല്ലാത്ത ശീലം.

അവളുടെ ഭർത്താവ് മറുപടിയൊന്നും പറഞ്ഞില്ല. അയാൾ മണ്ണിലേക്കു ചേർന്നത് ഇന്നലെയായിരുന്നു.

മരക്കുരിശുകളുടെ തോട്ടം. പെൻസിൽ മുനകൊണ്ട് കോറിവരച്ച് പടർത്തിയ മട്ടിലുള്ള തണൽമരത്തിനുതാഴെ പുത്തൻ കുഴിമാടം. ഹൈറേഞ്ച് ബാല്യത്തിന്റെ ഓർമ്മയായി നാൽപതാം നമ്പർ മഴ. പലവട്ടം കൊളുത്തിയിട്ടും വാശിയോടെ അണഞ്ഞുകൊണ്ടിരുന്ന മെഴുകുതിരി താഴെയിട്ട് എമിലി നനഞ്ഞ പുല്ലിലേക്കിരുന്നു. ശരീരത്തിന്റെ കനം കുറഞ്ഞുവരുന്നത് അവൾ തിരിച്ചറിഞ്ഞു. പാതി കൊഴിഞ്ഞതിന്റെ ദുഃഖാനുഭവമാണോ ഇത്? ഓർമ്മകൾ ശേഷിക്കുമ്പോൾ കനക്കുറവുണ്ടാകേണ്ട കാര്യമില്ല. നാല്പതുവർഷത്തെ ജീവിതത്തിൽ പാതിപോലുമവൾ ഇല്ലായിരുന്നു. വിരസത, അസംതൃപ്തി, ശേഷമെല്ലാം നുണകൾ. എത്ര ചേർച്ചയുള്ളവരാണെങ്കിലും കാലം ആവർത്തനങ്ങൾകൊണ്ട് മടുപ്പിക്കുമെന്ന തിരിച്ചറിവാണവരെ ഒരുമിച്ചു നിർത്തിയത്. സ്‌നേഹംപോലെതന്നെ ജീവിതവും ശീലങ്ങൾ മാത്രമാണ്. എന്തും ആവർത്തിക്കുമ്പോൾ കനമുള്ളതായി തോന്നിക്കും. അത്രതന്നെ. അറിവുകളുണ്ടാകാൻ കൂടെയുള്ളവർ കൊഴിഞ്ഞുപോകേണ്ടിവരുമെന്നുമാത്രം.

മരച്ചവരുടെ ജീവിതനിമിഷങ്ങൾ ഓർമ്മയിൽനിന്നെടുത്ത് കൂട്ടിച്ചേർത്ത് സിനിമപോലെയാക്കുന്നതാണ് പുതിയ കൗതുകം. കെട്ടുപിടിച്ച നൂലുണ്ടയഴിക്കുന്നതുപോലെ എമിലി ജീവിതത്തെ അഴിച്ചെടുക്കാൻ തുടങ്ങി.

പ്രായമായിട്ടും മരണമെന്ന വാക്കുകേൾക്കുമ്പോൾ വെപ്രാളപ്പെടുന്ന ജീവിതക്കൊതിയൻ. ഒന്നിച്ചു കിടക്കാതായിട്ട് കാലങ്ങളായെങ്കിലും അവസാനംവരെ ഉദ്ധാരണശേഷിയുണ്ടായിരുന്നു. തിരക്ക്, വെപ്രാളം. ആർത്തി. എമിലിയാകട്ടെ ഒരു പരീക്ഷണംപോലെ വിവാഹത്തിനു വിധേയമാക്കപ്പെട്ട പുണ്യവതിയും. കുട്ടികളുണ്ടാകാതിരുന്നത് അതുകൊണ്ടൊന്നുമായിരുന്നില്ല. ദിനചര്യപോലെ ശാരീരികബന്ധമൊക്കെ അനുഷ്ഠിച്ചിരുന്നു. കുഴപ്പം അയാൾക്കായിരുന്നു. കുട്ടികളെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാൻപോലും അയാളിഷ്ടപ്പെട്ടില്ല. എന്നാൽ കാഴ്ചയിൽ അശ്ലീലമായിത്തോന്നിയ ജീവിതക്കൊതിക്ക് ഒരു കുറവുണ്ടായില്ല. വായിൽനിന്നു വീഴുന്നതോ സന്ന്യാസത്തിന് ഒരുങ്ങി നില്ക്കുന്നവന്റെ വചനങ്ങളും. മനസ്സിന്റെ പ്രവർത്തനം നിർത്തിവെച്ച് മനുഷ്യൻ ശവംപോലെ കഴിയണമെന്നായിരുന്നു ആ വചനങ്ങളുടെ ചുരുക്കം. ആദ്യമായതൊക്കെ കേൾക്കുമ്പോൾ എമിലി ദേഷ്യപ്പെട്ടിരുന്നു. പിന്നെ, അതും ശീലിച്ചു. അവളും ഏറെക്കുറെ ചത്തതുപോലെയായി. പഴയനിയമത്തിലെ വെളിപാടിന്റെ പുസ്തകത്തിലിരിക്കുന്ന പച്ചതീർന്നുപോയ അരയാലിലയുടെ അസ്ഥികൂടം പോലെ മണംപോലും നഷ്ടപ്പെട്ട രണ്ടു മനുഷ്യർ. മണമില്ലാത്ത ജീവിതം അവൾക്ക് ജീവിതമേയല്ലായിരുന്നു. അവർ ഒന്നിച്ച് പെൻഷനായി വന്ന ദിവസം മടുപ്പിക്കുന്ന വൃദ്ധഗന്ധം പോലും നഷ്ടപ്പെട്ട് സ്റ്റഫ് ചെയ്ത ഭീമൻ മീനുകളെപ്പോലെ ഉരിയാട്ടമില്ലാത്ത രണ്ടുമുറികളിലായവർ കിടന്നു. നാൽപത്തിയെട്ടു മണിക്കൂർ പിന്നിട്ടപ്പോഴാണത് മരണത്തെക്കാൾ ഭയാനകമാണെന്ന് തിരിച്ചറിഞ്ഞത്. പിറ്റേന്നവർ ജീവിതത്തെ അഭിമുഖീകരിക്കാൻ തയ്യാറായി'.

അസാമാന്യമാംവിധം സ്ഥിതപ്രജ്ഞ കൈവരിച്ച സ്ത്രീകളുടെ കഥകളാണ് ഇനിയൊരു വിഭാഗം. പുരുഷനോടെന്നല്ല മുഴുവൻ അധീശരൂപകങ്ങളോടും പൊരുതിനിൽക്കുന്നവർ. കുടുംബത്തെയും മറ്റേതു സ്ഥാപനത്തെയും പൊതിഞ്ഞുനിൽക്കുന്ന ചില്ലുവാതിൽ അകമേനിന്നു പൊളിച്ചു പുറത്തുവരുന്നവർ. ആത്മത്തെ അപരവുമായി നിരന്തരം സംഘർഷത്തിലാഴ്‌ത്തി അവസ്ഥകളെ അതിജീവിക്കുന്നവർ. ശരീരത്തിനും ആത്മാവിനും വേണ്ടതെല്ലാം തുറന്നാഗ്രഹിക്കുന്നവർ. കടന്നെടുക്കുന്നവർ. കൊടിച്ചി, കാസനോവ, പ്രിയേ ചാരുശീലേ, അഗത, ചുമരെഴുത്ത്, മരിച്ച വീട്, ഒരു രാത്രിയുടെ കൂലി, 2004ൽ ആലീസ്, ജലകന്യകയും ഗന്ധർവനും, ജലസമാധി... എന്നിങ്ങനെ കുറേ കഥകൾ ഇത്തരം സ്ത്രീകളുടെ കുസലറ്റ ആന്തരലോകങ്ങൾ തുറന്നിടുന്നവയാണ്. മുപ്പത്തൊമ്പതാം വയസിൽ കാൻസർ ബാധിച്ച് മരണം കാത്തുകിടക്കുന്ന സ്ത്രീക്ക് അന്ത്യകൂദാശ കൊടുക്കാനെത്തുന്ന പുരോഹിതനു മുന്നിൽ അവൾ തന്റെ അതൃപ്തകാമത്തിന്റെ അകംപുറം മറിച്ചിടുകയാണ്, ആത്മനിന്ദയോടെ.

'എന്റെ വ്യാകുലമാതാവേ നീതന്നെ പറ. ഇത്രേം കാലോം മഹാനരകമായ അടുപ്പിന്റെ ചൂടേറ്റ് തീറ്റയുണ്ടാക്കിക്കൊടുത്തും മിന്നലുപോലെ തീർന്നുപോകുന്ന കെട്ട്യോന്റെ വിമ്മിട്ടമൊഴുക്കിക്കളയാൻ കിടക്കേൽക്കിടന്നു ചീഞ്ഞുനാറിയതുമെല്ലാം പാഴായില്ലേ. നേരുപറേട്ടെ. എനിക്കിപ്പ ഒടുക്കത്ത നിരാശയാണു തോന്നുന്നത്. ഉള്ളിലെ ആശകളായ ആശകളെല്ലാം നിറവേറ്റാതെതന്നെ ഞാനങ്ങു ചാകാൻ പോകുകയല്ലേ?

.....പണ്ടു പള്ളീല്‌വച്ച് കുഞ്ഞപ്പനെന്ന അഴകുള്ള പാട്ടുകാരൻ എത്ര മോഹിച്ചതാണെന്നെ. പ്രേമം മൂത്തപ്പോൾ എന്റെ നെഞ്ചേൽ ചൂണ്ടി 'കൊച്ചേ ഞാനിവിടെയൊന്നുമ്മ വച്ചോട്ടേ' എന്നു പറഞ്ഞപ്പോൾ കൊതിയടക്കിപ്പിടിച്ച് നല്ല കുട്ടി ചമയാൻവേണ്ടി കരഞ്ഞുകൊണ്ടോടിപ്പോയ സമയം ശപിക്കപ്പെടട്ടേ. പള്ളിവാതിലിന്റെ മറവില്‌വച്ച് ബലത്തോടെ പിടിച്ച് ചുണ്ടിലുമ്മ വച്ചപ്പോൾ അയാളെ തട്ടിത്തെറിപ്പിച്ച നാൾ മുടിഞ്ഞുപോകട്ടെ... വേദോപദേശം പഠിപ്പിച്ചു സുന്ദരിക്കോതയായ കറമ്പി സിസ്റ്റർ പിരിമൂത്തു മിഠായി തന്നപ്പോൾ അതു തട്ടിക്കളഞ്ഞ് അവരെ കരയിപ്പിച്ച ദിവസം തുലഞ്ഞുപോകട്ടെ.... അയലത്തെ കൂട്ടുകാരീടച്ഛൻ ആരും കാണാതെ തന്ന പ്രേമക്കത്ത് അപ്പന്റെ കയ്യിൽ കൊടുക്കാൻ തോന്നിയ നേരം നശിച്ചുപോകട്ടെ. കെട്ടിയോനില്ലാത്ത രാത്രി അനിയൻപിള്ള 'ഞാൻ മുറീലോട്ടു വരട്ടേ ചേച്ചീ'ന്നു പറഞ്ഞപ്പോൾ അവനെ ആട്ടിയ ദിവസം നായ നക്കട്ടെ.... ഈ ലോകം കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർന്നു തരിപ്പണമാകട്ടെ.

സുഖവും സന്തോഷവും ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത മുപ്പത്തൊന്നു കൊല്ലത്തെ ഈ കള്ളത്തരമവസാനിപ്പിച്ചു ഞാൻ പൊടിമണ്ണിലേക്കു ചേരാൻപോകയാണ്.

മരുന്നുകൊണ്ടിനി ഒരു കാര്യവുമില്ലെന്ന് കെട്ട്യോനോടു ഡോക്ടർ പറഞ്ഞുകഴിഞ്ഞു. അതു കേട്ടതും ആ തടിമാടൻ ചെയ്തതെന്താണെന്നു കേൾക്കണോ? നേരേ പള്ളീലേക്കു ചെന്ന് എനിക്ക് അന്ത്യകൂദാശ തരാൻ ഒരു കൊച്ചു പാതിരിയെയും കൂട്ടി വന്നിരിക്കയാണ്. തറവാട്ടിലെ പശുവിനെ ചവിട്ടിക്കാൻ വിത്തുകാളയെയും കൂട്ടിവരുന്ന കറവക്കാരൻ അണ്ണാച്ചിയെയാണു ഞാൻ ഓർത്തുപോയത്. ആ വിത്തുകാളയാണിപ്പോൾ താടീംവച്ച് ഉമ്മവയ്ക്കാൻ തോന്നുന്ന ചൂണ്ടുകളുമായെന്റെ മുന്നിലിരിക്കുന്നത്. നിത്യജീവന്റെ വിത്തുവിതയ്ക്കാൻ റെഡ്യായ്ട്ടിരിക്കുന്ന ഈ ചെറുക്കൻ പറയുന്നതും കേട്ടു കഴിഞ്ഞ ഒരു മണിക്കൂറായിട്ടു മിണ്ടാതിരിക്കുകയാണു ഞാൻ.

ചാകാൻ കിടക്കുന്നവർ കഴിഞ്ഞ കാലത്തെ പാപങ്ങൾ പയറുമണിപോലെ പറയുമെന്നറിയാവുന്നതുകൊണ്ടാവാം ചെറുക്കൻ വലിയ ഉത്സാഹത്തിലാണു തുടങ്ങിയത്. ഈ നേരമായിട്ടും കാര്യങ്ങൾക്കു നീക്കുപോക്കില്ലെന്നായപ്പോൾ ആളൊന്നു തളർന്നു. പാവം. ഈ ലാസ്റ്റ്‌ഷോയുടെ നേരത്ത് ഞാനെന്തിനാണൊരു പാവത്തിനെ ഇട്ടു വട്ടംകറക്കുന്നത്.

'ചേച്ചീ, ഏറിയാൽ അരനാഴിക... എന്തിനാണിങ്ങനെ ബലം പിടിക്കുന്നത്. മനസ്സിനെ ഒന്നഴിച്ചുവിട്ടുകൂടെ?'.

സത്യം. എന്റെ മനസ്സും ചെക്കന്റെ മനസ്സും ഒരേ തീവണ്ടിപ്പാളത്തിലാണോടുന്നത്. ഒന്നാലോചിച്ചാൽ എന്തൊരു മെനക്കേടാ. എന്തിനാണിങ്ങനെ മസ്സിലു പിടിക്കണത്. ചുറ്റിനുമുള്ളോര്‌ടെ മുന്നില് നല്ലപിള്ള കളിക്കാൻ ബലം പിടിച്ചു പിടിച്ചാണു ഞാനീ പരുവത്തിലെത്തിയത്. ഈ ചാകാമ്പോണ നേരത്തെന്തിനാ ഒളിവും മറവും വേഷംകെട്ടും.

'ഞാൻ പോകയാണ്.... ചേച്ചിക്ക് വല്ലതും പറയാനുണ്ടേൽ വിളിപ്പിച്ചാ മതി'.

പാതിരിപ്പയ്യൻ എണീറ്റു.

'പോകല്ലേ'.

ഇനിയെനിക്കൊന്നിനും നേരമുണ്ടാകില്ലെന്നു തോന്നിയപ്പോ അറിയാതെ പറഞ്ഞുപോയതാണ്. പറഞ്ഞു കഴിഞ്ഞപ്പോ തൊന്തരവു പിടിച്ചപോലെയായി. എന്റെ ഉള്ളിലെ ചോരയും ചലവും കോരിയെടുത്തു ഞാനീ ചെക്കനു കൊടുക്കണോ? അതല്ലെങ്കിൽ, ഉള്ളിലെ ആശകള് വല്ലതും തുറന്നങ്ങു പറഞ്ഞാലോ?

'ചേച്ചീ, കുമ്പസാരം തന്നെ വേണമെന്നില്ല. അവസാനമായി വല്ല ആഗ്രഹങ്ങളുമുണ്ടെങ്കിൽ..'.

ഞെട്ടിപ്പോയി. ഞാൻ മനസ്സീ കണ്ടത് ചെക്കൻ മാനത്തു കണ്ടു. മുപ്പത്തൊന്നു കൊല്ലത്തിനെടേല് വേറെയാർക്കും കഴിയാതിരുന്നത് ഒരു മണിക്കൂറുകൊണ്ടീ പാതിരിക്കു കഴിഞ്ഞു. കൊള്ളാം കൊച്ചേ, എനിക്കു നിന്നെ ശരിക്കും പിടിച്ചു.

'എങ്കിപ്പിന്നെ ചേച്ചി തൊറന്നു പറ... എന്താണ് ഒടുക്കത്തെ ആശ?'

'ഞാൻ ചത്താല്... പിന്നെ ഞാനില്ല. പോകപ്പോകെ ചത്ത ദെവ്‌സം പോലും ഓർക്കാനാരുമുണ്ടാകില്ല. ഒരു കൊടിച്ചിപ്പട്ടി ജീവിച്ചു ചാകണതുപോലേയ്‌പ്പോയെന്റെ കാര്യം'.

'എല്ലാവര്ട കാര്യോം അങ്ങനേയല്ലേ.... മനുഷ്യാ നീ മണ്ണാകുന്നു എന്നല്ലേ പ്രമാണം'.

'അതു വിട്.... എല്ലാവര്‌ടെ കാര്യോം അങ്ങനേന്നുമല്ല.... ഞാനും കൊറച്ച് ലോകമൊക്കെ കണ്ടവളാണ്'.

'ശെരി.... ചേച്ചിക്കിപ്പോ ഞാൻ എന്താ ചെയ്തു തരേണ്ടത്?'

ലോകത്തിലെത്ര കോടി കൊടിച്ചികളാണു ജീവിച്ചു ചാകുന്നത്. ചത്താൽപ്പിന്നെ അതിനെ അലട്ടിയ ആൺപട്ടീടെ മനസ്സീപ്പോലും അവറ്റകള് കാണൂല്ല. കൊടിച്ചീടെ കാര്യം അത്രേള്ളൂ...

'എന്താണേലും ചേച്ചി തുറന്നു പറഞ്ഞോളൂ. ചേച്ചിക്കെന്താണു വേണ്ടത്?'

പെട്ടെന്ന് അരുളപ്പാടുപോലെ ഒരു കൊടിച്ചിപ്പൂതി. സംഗതി നിസ്സാരമാണ്. പതിന്നാലു കൊല്ലോം കഴിഞ്ഞു രണ്ടു പുള്ളാരുമുണ്ടായിട്ടും കിട്ടാത്തൊരു കാര്യമുണ്ട്. ആണിന്റെ കൂടെയുള്ള സുഖം. അതു സാധിച്ചു തരാനീ ചെറുക്കനോടു പറഞ്ഞാലെങ്ങനെയിരിക്കും.

'ചേച്ചീ.... എന്തായാലും വെട്ടിത്തൊറന്നു പറഞ്ഞോ'.

ജീവിതത്തിലാദ്യമായി ഇതെങ്കിലും തൊറന്നങ്ങു പറഞ്ഞാലെന്തു രസമായിരിക്കും. അതോടെ ചിലപ്പോ ഞാൻ രക്ഷപ്പെട്ടുവെന്നും വരും. പക്ഷേ, നല്ല കുടുമത്തീപ്പിറന്ന ഈ ചേച്ചീടെ നാവീന്നു കേട്ടാൽ പാതിരീടെ തല പൊട്ടിത്തെറിച്ചുപോകും. ഓർക്കുന്തോറും ചിരി തേട്ടിത്തേട്ടി വന്നു.

'ചേച്ചീ'.

'എന്തോ'.

'എന്താണു ചേച്ചീടെ ഒടുക്കത്താശ?'

'ഓ..... ഒന്നൂല്ല കൊച്ചേ.... എനിക്കൊന്നുറങ്ങണം' '.

പിതാപുത്ര ബന്ധത്തിന്റെ കൊടിയ വൈരുധ്യങ്ങളുടെയും പിതൃഹത്യയോളമെത്തുന്ന വെറികളുടെയും കഥകളാണ് മൂന്നാം വിഭാഗം. വാതിലിൽ ആരോ മുട്ടുന്നു, മരണത്താൽ ജ്ഞാനസ്‌നാനം, ചരിത്രത്തിൽ ഇല്ലാത്ത ഒരധ്യായം, എന്റെ അച്ഛൻ ഇനിയും വന്നില്ല, തീർത്ഥാടകരുടെ സന്ധ്യ, പിളർന്ന മനുഷ്യൻ, തേരട്ട, ജലജീവി... എന്നിങ്ങനെ. പഴയനിയമം മുതൽ കാരമസോവ് സഹോദരന്മാർ വരെയുള്ളവയുടെ പാരമ്പര്യത്തിൽ രക്തം രക്തത്തോട് പകയും കണക്കും തീർക്കുന്ന മർത്യജന്മത്തിന്റെ കഷ്ടകാണ്ഡത്തിൽ പങ്കുചേരുന്ന രചനകൾ. പലതായി പിളർന്ന മനുഷ്യരുടെ നിത്യനരക വിധികൾ.

ഭ്രമങ്ങളും ജ്വരങ്ങളും കിനാക്കളും ഭ്രാന്തും പോലെ മനുഷ്യരുടെ സ്ഥിതിയെ അസ്തിത്വത്തിന്റെ പ്രഹേളികകളായി പുനഃസൃഷ്ടിക്കുന്ന കഥകളുടേതാണ് നാലാം വിഭാഗം. കനിവിന്റെ പ്രാതൽ, ജനകന്യക, ജലസമാധി, ഇരയുടെ രാത്രി, ആകെയല്പനേരംമാത്രം, പിളർന്ന മനുഷ്യൻ, തീർത്ഥാടകരുടെ സന്ധ്യ, ഞങ്ങളിപ്പോൾ ഉയരത്തിലാണ്, ഇല, കൽച്ചുമരിൽ തുറന്നുവച്ച കണ്ണുകൾ എന്നിവ തുടങ്ങിയ ഒരുപറ്റം കഥകൾ ഈ രീതിയിലെഴുതപ്പെട്ടതാണ്. മാത്യൂസിന്റേതായി ഏറ്റവുമൊടുവിൽ വന്ന 'വനജ'യുടെ കലാതന്ത്രവും മറ്റൊന്നല്ല. യാഥാർഥ്യങ്ങളെ, അതീതാനുഭവങ്ങളും അനുഭൂതികളും കൊണ്ടു വെല്ലുവിളിക്കുന്ന കഥകൾ. ഭൗതികതയെ ആത്മീയതകൊണ്ടു നിഷ്പ്രഭമാക്കുന്ന രചനകൾ. അതിയാഥാർഥ്യം മുതൽ മാന്ത്രിക യാഥാർഥ്യം വരെയുള്ള ഭാവനാലോകങ്ങളുടെ മിത്തുകൾ.

ഹിംസയുടെ പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവും പ്രച്ഛന്നവുമായ വിതാനങ്ങളിലേക്കു സഞ്ചരിക്കുന്ന കഥകളുടേതാണ് അഞ്ചാം വിഭാഗം. മുൻപു പറഞ്ഞ പിതൃഹത്യയുടെ കഥകൾക്കൊപ്പം 27 ഡൗൺ, കാസനോവകഥകൾ, പ്രതീക്ഷ കഥകൾ, എള്ളെണ്ണ..., മുട്ടിവിളിച്ചത് ദൈവമോ പിശാചോ എന്നിങ്ങനെ നിരവധി കഥകൾ ഹിംസയുടെ പാഠരൂപങ്ങളായി മാറുന്നു. മരണത്തിലേക്കുള്ള ഒരു വഴി മാത്രമാണ് ഹിംസ. മാത്യൂസിന്റെ മുഴുവൻ കഥകളും (രചനകളും) മരണത്തിന്റെ സുവിശേഷങ്ങളായിരിക്കെ, ഹിംസയുടെ സർപ്പഫണം വിടർത്തിനിൽക്കുന്ന ഈ കഥകൾ അവയിലെ പിശാചസാന്നിധ്യങ്ങളായി മാറുന്നു.

അതേസമയം, ആഖ്യനപരമായി വിശകലനം ചെയ്താൽ ഈ കഥകൾക്ക് വൈവിധ്യമാർന്ന മറ്റൊരു ഭാവുകത്വപരിസരം കണ്ടെത്താനുമാകും.

സിനിമാറ്റിക് എന്നു വിളിക്കാവുന്ന കഥനകലയാണ് ഒന്നാമത്തേത്. എക്സ്‌പ്രഷനിസ്റ്റ് സിനിമകളുടെ ശിഥിലവും വിഭ്രാമകവുമായ ദൃശ്യഭാഷ മാത്യൂസിന്റെ നിരവധി രചനകളുടെ ആഖ്യാനകല രൂപപ്പെടുത്തുമ്പോൾ ഹിച്ച്‌കോക്കിയൻ ചലച്ചിത്രങ്ങളിലെ കുറ്റാന്വേഷണ, അപഗൂഢവൽക്കരണ സങ്കേതങ്ങൾ മറ്റൊരു വിഭാഗം കഥകളുടെ കഥനകലയ്ക്കു പിന്നിലെ സ്വാധീനമാണ്. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നായ 'പ്രതീക്ഷ എന്ന മാരകരോഗം (ഒന്ന്)' വായിക്കുക. അടിമുടി സിനമാറ്റിക് ആയി, ഹിച്ച്‌കോക്കിയൻ പാരമ്പര്യത്തിൽ ഒരു കഥ അതിന്റെ എല്ലാ ദൃശ്യഭാഷാസാധ്യതകളും പരിണാമഗുപ്തിയും പാലിച്ച് എഴുതുന്നതിന്റെ അസാധാരണമായ കലാമികവ് തിരിച്ചറിയാൻ കഴിയും. കാലത്തിന്റെ കുഴമറിച്ചിൽ മുതൽ ദ്വന്ദ്വവ്യക്തിത്വത്തിന്റെ വിസ്മയഭാവന വരെയുള്ളവ തിടം വച്ചു നിൽക്കുന്ന ഗംഭീരമായൊരു കഥയാണിത്.

സറിയലിസ്റ്റിക്, ഫാന്റസി രചനകളുടേതാണ് മറ്റൊരു കല. 'വനജ'യുൾപ്പെടെ ശ്രദ്ധേയാമായ പല രചനകളും മോഡേണിസ്റ്റ് ചിത്രകലയുടെയും ശില്പകലയുടെയും ഈയൊരു പാരമ്പര്യത്തിൽ രൂപംകൊണ്ടവയാണ്. ഇവയിൽ നിന്ന് ഒരു ചുവടേ വയ്‌ക്കേണ്ടതുള്ളു എക്സ്‌പ്രഷനിസ്റ്റ് സിനിമകളുടെ വന്യതകളിലേക്കും മിസ്റ്ററി സിനിമകളുടെ നിഗൂഢതകളിലേക്കും.

റിയലിസ്റ്റിക്, ഹ്യൂമനിസ്റ്റിക് കഥകളുടെ ആഖ്യാനകലയും വിരളമായെങ്കിലും മാത്യൂസ് സ്വീകരിക്കുന്നുണ്ട്. 'ആങ്ങള' എന്ന കഥ, അതിന്റെ ആഘാതശേഷിയുള്ള യഥാതഥത്വം കൊണ്ട് നമ്മെ അമ്പരപ്പിക്കുകതന്നെ ചെയ്യും.

മനോവിജ്ഞാനീയപരമായ ഉൾക്കാഴ്ചയോടെ മുഖ്യമായും സ്ത്രീജീവിതത്തിന്റെ അതൃപ്തലോകങ്ങളെയും ആന്തരഭാവങ്ങളെയും ആവിഷ്‌ക്കരിക്കുന്ന കഥകളെഴുതുമ്പോൾ മാത്യൂസ് റിയലിസത്തിൽനിന്നു തെന്നിമാറി ഈഡിപ്പസ് കോംപ്ലക്‌സ് തൊട്ട് സൈക്കഡലിക് എന്നോ സ്‌കിസോഫ്രേനിക് എന്നോ ഒക്കെ വിളിക്കാവുന്ന, മനോനിലകളുടെ പിളർപ്പുകൾ പ്രത്യക്ഷവൽക്കരിക്കുന്ന ഭാവനാമണ്ഡലത്തിലെത്തുന്നു. കൊടിച്ചി മുതൽ എള്ളെണ്ണ വരെ; കാസനോവ മുതൽ പ്രിയേ ചാരുശീലേ വരെ; സുനന്ദ മുതൽ ആലീസ് വരെ - നിരവധി കഥകളിൽ ഫോയ്ഡിയൻ സ്ത്രീമനഃശാസ്ത്രം മുതൽ ക്ലീനിയൻ വിഭക്തമനഃശാസ്ത്രം വരെയുള്ളവ കഥാഖ്യാനത്തിന്റെ കലയും രാഷ്ട്രീയവുമാക്കി മാറ്റുന്നു.

മലയാളത്തിലെ ആധുനികതാവാദകഥയുടെ മൂന്നാം ഘട്ടത്തിൽ ഭാവനാപരമായി മൗലികവും പൊതുഭാവുകത്വത്തിൽനിന്നു വേറിട്ടു നിൽക്കുന്നതുമായ രചനകൾ അവതരിപ്പിക്കാൻ മാത്യൂസിനു കഴിയുന്നത് മേല്പറഞ്ഞ രീതികളിൽ വൈവിധ്യമാർന്ന ഒരു കഥാലോകം കെട്ടുറപ്പോടെ നിർമ്മിക്കുന്നതുകൊണ്ടാണ്. മരണമെന്ന ഒരൊറ്റ പ്രമേയത്തിൽ ചുവടുറപ്പിച്ചുകൊണ്ടുതന്നെ ജീവിതത്തിന്റെ അനന്തവൈചിത്ര്യമാർന്ന സംഘർഷമുഹൂർത്തങ്ങൾ പുനഃസൃഷ്ടിക്കാൻ കഴിയുന്ന മാന്ത്രികവിളക്കിന്റെ ഉടമയായി പി.എഫ്. മാത്യൂസ് മാറുന്നതങ്ങനെയാണ്.

കഥ : ആങ്ങള

'രാത്രി മുഴുവൻ ഒച്ചയില്ലാതെ മഴ പെയ്യുകയായിരുന്നു. ഉണർന്നപ്പോൾ അതൊരു സ്വപ്നമായിരുന്നുവെന്ന് ലൂയീസച്ചനുതോന്നി. ജാലകച്ചില്ലില്ലെ മഞ്ഞിൽ ലയിച്ച പുലർകാലനക്ഷത്രം നോക്കി ഏറെനേരം കിടന്നു.

മൂത്രപ്പുരയിലേക്കു തിരക്കിട്ട നേരത്താണ് ഇരുട്ടിറങ്ങിയ മരഗോവണിയിൽനിന്ന് കപ്യാരുടെ വിളി:

'അച്ചോ... നമ്മട ലാസറച്ച പോയി....'.

'ഏത്?'.

'ചവിട്ടർമോണിയത്തില് പാട്ടു പാടണ ലാസറുസായിപ്പ്....'.

'അയാൾക്കെന്താ രോഗം?' മൂത്രപ്പുരയുടെ വാതിലടച്ചുകൊണ്ട് അച്ചൻ ചോദിച്ചു.

'പെൻസില് ചെത്തിക്കൊണ്ടിരിക്കേര്ന്ന്.... പെട്ടന്നങ്ങാട് വീണു ചത്തു'.

'ഈ വെളുപ്പാങ്കാലത്ത് അയാളെന്തിനാടോ പെൻസില് ചെത്തിയത്?'.

'അതിപ്പ അയാളോടുതന്നെ ചോദിക്കണം...'. കിഴവനു ശുണ്ഠിയായി. ആലോചിച്ചപ്പോൾ തമാശതോന്നി: 'ചെലപ്പ മോളില് കർത്താവ് കണക്കു ചോദിക്കുമ്പ ശരിക്കിനും പറയാനായിരിക്കും...'.

അച്ചൻ ചിരിച്ചില്ല. ജനൽപ്പാളികൾ തുറന്നിട്ടപ്പോൾ ചാരനിറമുള്ള പ്രഭാതത്തിലേക്ക് പറന്നുപോകുന്ന പ്രാവുകൾ.

ലൂയിസച്ചനും കപ്യാരും കൂടി മരിച്ച വീട്ടിലെത്തുമ്പോൾ സഹോദരിമാരായ മരീലിയും റീത്താമ്മയും ചേർന്ന് ശവം കുളിപ്പിച്ചൊരുക്കുകയാണ്. മെലിഞ്ഞ മുഖത്തെ ചുണ്ടുകൾ ഒരുവശത്തേക്ക് കോടിയതിനാൽ ലാസർ പരിഹാസത്തോടെ ചിരിക്കുകയാണെന്ന് അച്ചനുതോന്നി. കഴിഞ്ഞ സന്ധ്യവരെ അയാളൊന്നു പുഞ്ചിരിച്ചുകണ്ടിട്ടില്ല. വ്യാകുലം നിറഞ്ഞ മുഖം കുനിച്ചു പൂഴി ചവിട്ടിപ്പോകുന്ന ലാസറെ കുട്ടികൾ വ്യസനപ്പറങ്കി എന്നു വിളിച്ചിരുന്നു. അയാളുടെ ഉള്ളിൽ അത്രയ്‌ക്കേറെ ദുഃഖമുണ്ടായിരുന്നോ? വല്ലപ്പോഴും അലട്ടുന്ന അപസ്മാരവും വൃദ്ധകന്യകകളായ പെങ്ങന്മാരും അയാളുടെ സങ്കടമായിരുന്നില്ല. പോയകാലത്തിന്റെ അവശിഷ്ടമായി നിലനിന്ന പറങ്കികോളനിയിലെ ഏറ്റവും ശാന്തമായ വീട്. ഒരിക്കൽ മാത്രമാണ് അവിടെ നിന്ന് സ്വരം ഉയർന്നത്. മുരുകൻ എന്നോ മറ്റോ പേരുള്ള ഒരു ചെറുക്കനുമായി ലാസർ കൂട്ടുംകൂടി നടക്കാൻ തുടങ്ങിയപ്പോൾ ഇരുസഹോദരിമാരും മേടയിൽ വന്ന് ലാസറിനെക്കുറിച്ച് ദുഷിപ്പുപറഞ്ഞു. അതിൽപ്പിന്നെ ലാസറിനൊപ്പം മുരുകനെ കണ്ടിട്ടില്ല. പിന്നീടു പേരില്ലാത്ത ഒരു കത്താണ് വന്നത്. സായിപ്പ് പെങ്ങന്മാരോടൊപ്പം ശയിക്കാറുണ്ടെന്ന് വടിവില്ലാത്ത കൈപ്പട കുറ്റപ്പെടുത്തി.

'എന്റെ പൊന്നേ...'. ഇടിമുഴക്കംപോലൊരു നിലവിളി മരീലിയിൽ നിന്നുയർന്നു. അപ്പോഴാണ് ശവശുശ്രൂഷ പൂർത്തിയായ കാര്യം ലൂയീസച്ചൻ ശ്രദ്ധിച്ചത്. വലിയ മെഴുകുതിരികളുടെ മഞ്ഞനിശ്വാസങ്ങൾ.

മഞ്ഞവെളിച്ചം പരന്ന മുറിയുടെ മൂലയിൽ അഴുക്കുപിടിച്ച മരക്കസേരയിൽ റീത്താമ്മ ഇരുന്നു. സ്വരങ്ങളും കണ്ണീരുമില്ലാതെ കൈകൾ നെഞ്ചിൽകെട്ടി ഒരു പ്രതിമയുടെ പ്രശാന്തതയോടെ, ഹൃദയത്തിൽ ആരോ മുട്ടുന്നതു കാതോർത്തിരുന്നു. കുറേകഴിഞ്ഞപ്പോൾ അവൾ കറുത്ത തുകൽക്കൂട്ടിൽനിന്ന് കട്ടിച്ചില്ലുള്ള കണ്ണടയെടുത്ത് മുഖത്തണിഞ്ഞു. വീണ്ടും നിശ്ചലമായ പഴയ ഇരിപ്പുതന്നെ.

മരീലി കൂടുതൽ സ്വരമുണ്ടാക്കിക്കൊണ്ടേയിരുന്നു. ഈണത്തിൽ പതംപറഞ്ഞ്. നെഞ്ചത്തടിച്ച്...

അതോടെ മരിച്ച വീടിന് ഉണർവ്വുണ്ടായി. അയൽക്കാർ ഓടിയെത്തി. പന്തൽപ്പണി വേഗത്തിലായി. ചില കിഴവിമാർ

മുട്ടുകുത്തി കൊന്തയെത്തിക്കാനും തുടങ്ങി.

കപ്യാരുടെ കൈയിൽ കറുത്ത ചട്ടയുള്ള വിശുദ്ധഗ്രന്ഥമിരിക്കുന്നുണ്ട്. കർത്താവ് ലാസറിനെ ഉയിർപ്പിച്ച ഭാഗം വായിച്ചാലോ എന്ന് അച്ഛൻ സംശയത്തോടെ ആലോചിച്ചു. പെട്ടെന്ന് അതു വേണ്ടെന്നുവച്ചു. പേരിനും കുടുംബപശ്ചാത്തലത്തിനും ഏറെ സാമ്യമുള്ളതിനാൽ തെറ്റിദ്ധരിക്കാനും മതി. കപ്യാർ വാച്ചിലേക്കു കൈചൂണ്ടിയപ്പോഴാണ് കുർബ്ബാനയുടെ സമയമായെന്ന കാര്യം ഓർത്തത്. തിരക്കിട്ട് ഒരു വാഴ്‌വുനല്കി പുറത്തേക്കിറങ്ങി. ഇന്ന് ഏഴരയുടെ കുർബ്ബാന പത്തുമിനിറ്റു വൈകും.

പള്ളിയിലേക്ക് കാലെടുത്തുവെച്ചപ്പോൾ കണ്ണിൽത്തടഞ്ഞത് കറുത്ത വാർണീഷിച്ച ചവിട്ടുഹാർമോണിയമാണ്. കാലങ്ങളോളം ഇരുന്നു സംഗീതമായി മാറിയ വ്യസനം നിറഞ്ഞ രണ്ടു കണ്ണുകൾ.

ഉയരമേറിയ ഇരിപ്പിടവും ഹാർമോണിയവും വർഷങ്ങളുടെ പൊടിപിടിച്ച് സ്ഥലം മെനക്കെടുത്തുകയാണ്. പുതിയ ഗായകസംഘത്തിന് നിന്നുതിരിയാൻ ഇടമില്ല. വൈദ്യുതഓർഗൻ വന്നെങ്കിലും ലാസറിന്റെ മാസക്കൂലി നിന്നുപോകാതിരിക്കാൻ അച്ചന്മാർ ശ്രദ്ധവെച്ചു. കൃത്യമായിത്തന്നെ അതു കൈപ്പറ്റി നന്ദിപറഞ്ഞ് അയാൾ പോകും. പിന്നെ കനാൽ പരുങ്ങി വാങ്ങി ചൂണ്ടയുമെടുത്ത് അന്തിയോളം കായലോരത്തു കുത്തിയിരിക്കും. നാട്ടുചാരായത്തിന്റെ പ്രവർത്തനവും മണവും ശമിക്കുമ്പോഴേ വീട്ടിലേക്കു മടങ്ങൂ.

പണ്ട് ആ വീടിന് പള്ളിയിൽനിന്ന് കൂടുതൽ വരുമാനമുണ്ടായിരുന്നു. അൾത്താരയിലെ അലങ്കാരവേലകളും പള്ളിയിലേക്കുള്ള ഓസ്തികളും അവിടെനിന്നാണ് രൂപംകൊണ്ടത്. ഇപ്പോഴും ചുവന്ന ക്രേപ്പുകടലാസുകൾകൊണ്ട് റീത്താമ്മയും മരീലിയും മനോഹരമായ ചുവന്ന റോസാപ്പൂക്കൾ ഉണ്ടാക്കാറുണ്ട്. അവയത്രയും പുകയും മാറാലയും മൂടി വീടിന്റെ ചുമരുകളിൽ തൂങ്ങിക്കിടന്നു.

ഏഴരയുടെ കുർബ്ബാന കഴിഞ്ഞ് ചാവുമണിയടിച്ച് കപ്യാർ മരിച്ച വീട്ടിലെത്തുമ്പോൾ ആ കരിപിടിച്ച പൂക്കളെല്ലാം മുറ്റത്ത് ചവറുകൂനയിൽ കിടന്നു പുകയുന്നതു കണ്ടു. അകത്ത് കരഞ്ഞു കരഞ്ഞു മരീലിയുടെ സ്വരം നേർത്തുതുടങ്ങിയിരുന്നു. പിന്നാമ്പുറത്തെ അരകല്ലിൽ കാശുകുടുക്ക കുത്തിപ്പൊട്ടിച്ച് കൈലിയുടെ തെറുപ്പിൽ ചില്ലറ ശേഖരിക്കുകയാണ് റീത്താമ്മ.

'ചൂച്ചി...' കപ്യാരുടെ സ്വരം കേട്ട് റീത്താമ്മ ഞെട്ടി.

''ശവപ്പെട്ടി മേടിക്കാൻ ളൂവീസച്ചൻ ഇത്തിരി കാശ് തന്നട്ട്ണ്ട്'.

'വേണ്ട. ഇതുമതി..'. അവൾ പതുക്കെ പറഞ്ഞു.

'എന്റെ റീത്താച്ചൂച്ചി അതു തെകയൂല്ല. ഇപ്പ പെട്ടിക്കൊക്കെ എന്താ വെലയാന്നറിയോ?'

റീത്താമ്മ തലതാഴ്‌ത്തി. മൗനത്തിന്റെ അടയാളമായ ചുണ്ടുകൾ.

'ചൂച്ചിക്കു പ്രയാസോണ്ടങ്കി... പിന്ന കടം വീട്ട്യാപ്പോരേ.... ഇപ്പ ഈ കാശു മേടീര്...'

കപ്യാരു നീട്ടിയ പണം റീത്താമ്മ വാങ്ങി.

വൈകിട്ട് ശവമെടുക്കാനായി വെള്ളിക്കുരിശും ശവവണ്ടിയും സന്നാഹങ്ങളുമായി വന്ന ലൂയീസച്ചന് വിലകുറഞ്ഞ ആ ശവപ്പെട്ടി കണ്ടപ്പോൾ വല്ലായ്കതോന്നി. ഇത്തിരി കാശുകൂടി കൊടുക്കാമായിരുന്നു. പെട്ടിയോട് ഇണക്കമില്ലാത്ത ശരീരം. പ്രസാദം വെടിഞ്ഞ വരണ്ട ചർമ്മം. വിടർന്ന മൂക്കിലെ പഞ്ഞിയിൽ രക്തം നനഞ്ഞിരിക്കുന്നു. മെഴുകുതിരിയുടെ വിഷാദനേത്രങ്ങൾ തളർന്നു. ജാലകച്ചില്ലിൽ സൂര്യൻ നുറുങ്ങിപ്പൊടിയുന്നു. സമയം പാഴാക്കതെ അച്ചൻ കർമ്മങ്ങളാരംഭിച്ചു.

'കർത്താവേ ആഴത്തിൽനിന്നുമിപ്പോൾ

ആർത്തനായ് കേഴുന്നു പാപിയാം ഞാൻ'.

വീഞ്ഞിന്റെയും ചുരുട്ടിന്റെയും വാടയിൽ കുതിർന്ന പാതിരിയുടെ വിഷാദസങ്കീർത്തനം കേട്ടപ്പോൾ മരീലിയുടെ മുഖം കണ്ണീരിൽ ലയിച്ചുപോയി. അവളുടെ സ്വരം നഷ്ടപ്പെട്ടിരുന്നു. റീത്താമ്മയാകട്ടെ പ്രഭാതത്തിലേതിനേക്കാൾ വൃത്തിയുള്ള കാവായയും തേവര കൈലിയുമണിഞ്ഞ് കറുത്ത നെറ്റുകൊണ്ടു ശിരസ്സുമറച്ചു തലതാഴ്‌ത്തിനിന്നു.

നേരമടുക്കുന്തോറും മരീലിയുടെ താളം തെറ്റിക്കൊണ്ടേയിരുന്നു. മുടിയും കുപ്പായവും വലിച്ചുപറിച്ചുകൊണ്ട് ശവമെടുക്കാൻ വന്നവരെയെല്ലാം അവൾ തടഞ്ഞു.

'ലാസറേ.... പോകല്ലേ........' മരീലി പൊട്ടിത്തകർന്നു.

കുറേ സ്ത്രീകൾ അവളെ അമർത്തിപ്പിടിച്ചു. അവളുടെ ദയനീയത കണ്ടിട്ട് ശവമെടുപ്പു മാറ്റിയാലോ എന്നു പോലും അച്ചൻ ആലോചിച്ചുപോയി. ഒരുരാത്രികൂടി വീട്ടിലിട്ട് അയാളെ മലിനമാക്കുന്നതെന്തിന്.... വല്ലായ്ക മാറിയില്ല. ആ നേരത്ത് സ്ത്രീകളെല്ലാം ചേർന്ന് മരീലിയുടെ പിടി വിടുവിച്ചു. ലാസറിന്റെ ശവമഞ്ചം അനേകം കൈകളോടൊപ്പം ഉയർന്ന് ഒഴുകിനീങ്ങിത്തുടങ്ങി. വിലാപയാത്രയുടെ അവസാനം ശവവണ്ടിയും ലൂയിസച്ചനും ശുശ്രൂഷകരും നിരന്നു. ആണ്ടുപെരുന്നാൾ ഒടുക്കത്തിലെ നാട്ടുപ്രദക്ഷിണം ഓർമ്മവന്നു. ഹാർമോണിയത്തിന്റെ ഏകാന്തതയിൽ നിന്ന് ഉണർന്നെണീറ്റ് ലാസർ പ്രദക്ഷിണത്തിനു പിന്നാലെ ക്രിസ്ത്യാലൈസോം കീര്യാലൈസോം എന്നു നീട്ടിപ്പാടി നടന്നുവരുമെന്നു തോന്നി.

ഇപ്പോൾ മരീലിയുടെ നിലവിളിയും അടങ്ങിയിരിക്കുന്നു. സർവ്വത്ര ശാന്തത. നേർത്ത കാറ്റുകടന്നുപോയി. ഇലയനക്കങ്ങൾപോലും കേൾക്കാം. പെട്ടെന്ന് പിന്നിൽ ഒരു കറുത്തരൂപം വന്നുനില്ക്കുന്നത് അച്ചനറിഞ്ഞു.

'അച്ചാ... ലാസറിനെ ഉയിർപ്പിക്കാമ്പറ്റ്‌വോ?' റീത്താമ്മയുടെ സ്വരം വികാരം നനഞ്ഞ് നേർത്തുപോയിരുന്നു. ശിരസ്സു മുതൽ പാദം വരെ തരിപ്പുകയറി. അതു മണ്ണിലേക്കും വ്യാപിക്കുന്നതായി അച്ചനുതോന്നി. നടന്നു. വിപലിക്കുന്ന മണിമുഴങ്ങളോടൊപ്പം അവൾ അകന്നുപോയി. സ്വപ്നംപോലെ നനഞ്ഞ മണ്ണിടിയുകയാണ്. സംസ്‌കാരം കഴിഞ്ഞ് പള്ളിയിലേക്കു നടക്കുമ്പോൾ കതകുകൾ അടയുന്ന സ്വരം. എല്ലാ സന്ധ്യകളും വാതിലുകൾ അടയുന്ന സ്വരം മാത്രമാണ്. അനേകം ശവസംസ്‌കാരങ്ങളുടെ സായാഹ്നങ്ങൾ പിന്നിട്ട അദ്ദേഹം അന്നാദ്യമായി സ്വന്തം മരണത്തെക്കുറിച്ച് ഓർത്തു. ഏകാന്തതയുടെ സ്മാരകം പോലെ കറുത്ത ഹാർമോണിയം കണ്ണിൽ നിറയുകയായി. ഇത്രയും കാലങ്ങൾക്കിടയിൽ ഇപ്പോൾ അതൊന്നു മീട്ടിനോക്കണമെന്ന് തോന്നുകയാണ്. എല്ലാ തോന്നലുകളും അടക്കുന്നതുപോലെ അതും നാളേക്കു നീട്ടിവെച്ചിട്ട് മേടയിൽ ചെന്നുകിടന്നു. കുരിശുമണി പെയ്യുന്നതുപോലും കേട്ടില്ല. കേട്ടത് ചിറകടികളുടെ സ്വരമാണ്. ഒരു മുറിയോളം വലിയ ചിറകുകൾ അടിച്ച് ഒരു പക്ഷി പറന്നുയരാൻ ശ്രമിക്കുന്നതുപോലെ. ആ ചിറകുകൾ നഗ്നനായ ഒരു ബാലന്റേതാണ്. അവന്റെ മുതുകിലെ കുരുന്നുരോമങ്ങളിൽ തുടങ്ങി മെല്ലെ വലുതായ തൂവലുകൾ. ഹാർമോണിയത്തിന്റെ അരികിലാണവൻ. സങ്കീർത്തിയിലേക്കു ചെന്നപ്പോൾ അവിടെ ബാലനുമില്ല. ചിറകടികളുമില്ല. ഹാർമോണിയവുമില്ല.

'അച്ചാ ലാസറിനെ ഉയിർപ്പിച്ചു തര്വോ?'

ഒരു നിഴൽ നടന്നുപോയി.

ലൂയിസച്ചൻ പള്ളിയുടെ തൊടികടന്ന് മുന്നിരുട്ടിൽ തപ്പിത്തടഞ്ഞ് സെമിത്തേരിയിലേക്കു നടന്നു. സെമിത്തേരിയിൽ മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കാഴ്ചകളെല്ലാം സുതാര്യമായും മൃദുവായും തീരുന്നു. നേരിയ പ്രകാശത്തിൽ മഞ്ഞിന്റെ തിളക്കം. ശവപ്പറമ്പിലെ പുൽക്കൂനയിൽ രണ്ടു സ്ത്രീകൾ.

മുന്നോട്ടു നടക്കാനാവാതെ പുരോഹിതൻ നിന്നു'.

തിരഞ്ഞെടുത്ത കഥകൾ
പി.എഫ്. മാത്യൂസ്
ഡി.സി. ബുക്‌സ്
2018
വില: 225 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP