Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിഭക്തകാമനകളുടെ (അ)വിശുദ്ധപുസ്തകം

വിഭക്തകാമനകളുടെ (അ)വിശുദ്ധപുസ്തകം

ഷാജി ജേക്കബ്‌

“Underneath all reason lies delirium and drift” - Gilles Deleuze

ഒന്ന്

മലയാളത്തിലും ഇംഗ്ലീഷിലും സർഗസാഹിത്യരചന നടത്തി ഒരുപോലെ വിജയിച്ച ഒരാളേ കേരളത്തിലുണ്ടായിട്ടുള്ളു - മാധവിക്കുട്ടി. എം. ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ, വി.കെ.എൻ, ഒ.വി. വിജയൻ, സക്കറിയ, സച്ചിദാനന്ദൻ, ടി.പി. രാജീവൻ എന്നിങ്ങനെ ചിലർ ചില ഘട്ടങ്ങളിൽ ഇംഗ്ലീഷിലുമെഴുതിയിട്ടുണ്ട്. (പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യം തൊട്ട് ഭാഷാപഠനം, പത്രപ്രവർത്തനം തുടങ്ങിയ നവോത്ഥാന സാംസ്‌കാരിക മണ്ഡലങ്ങളിൽ ഇടപെട്ട നിരവധിയായ ബുദ്ധിജീവികളെ മറന്നുകൊണ്ടല്ല ഇതുപറയുന്നത് - ഒരുപക്ഷെ രണ്ടുഭാഷകളിലും ഏറ്റവും ഭംഗിയായെഴുതുന്നതുപോലും ഒരു പത്രപ്രവർത്തകനാണ് - ടി.ജെ.എസ്. ജോർജ്). ഗോവിന്ദന്റെയും പണിക്കരുടെയും സച്ചിയുടെയും ഇംഗ്ലീഷ് രചനകൾ മുഖ്യമായും വിമർശനലേഖനങ്ങളോ പഠനങ്ങളോ ആണ്. വി.കെ.എന്നും സക്കറിയയും കൗതുകകരമായ ചില എഴുത്തുപരീക്ഷണങ്ങൾ നടത്തി. രാജീവനാകട്ടെ, കവിതയും ലേഖനങ്ങളും ഇംഗ്ലീഷിലെഴുതുന്നു. വിജയൻ കാർട്ടൂൺ മുതൽ വിവർത്തനം വരെ ഇംഗ്ലീഷിൽ നിർവഹിച്ചു. ഈ നിരയിലേക്കാണ് തന്റെ ആസിഡ് എന്ന നോവലിന് സ്വയം നടത്തിയ വിവർത്തനത്തിലൂടെ സംഗീതാ ശ്രീനിവാസനും കടന്നുവന്നിരിക്കുന്നത്. വിജയനെപ്പോലെ സംഗീതയും തന്റെ നോവൽ കേവലമായി വിവർത്തനം ചെയ്യുകയല്ല ചെയ്തത്. ഭാഷാന്തരം എന്നതിനൊപ്പം ഭാവാന്തരം എന്നുകൂടി വിശേഷിപ്പിക്കാവുന്നവിധം മറ്റൊരു ഭാഷയിൽ തന്റെ കൃതി ആദ്യന്തം മാറ്റിയെഴുതുകയാണ് അവർ ചെയ്തത്.

സംഗീതയുടെ മൂന്നാമത്തെ നോവലാണ് ‘ശലഭം, പൂക്കൾ, aeroplane’. മുഖ്യമായും മൂന്നു വിതാനങ്ങളിൽ വ്യാപിച്ചുനിൽക്കുന്നു, ‘ശലഭം, പൂക്കളു’ടെ ആഖ്യാനകല. നോവലെഴുത്തിന്റെ കലയെക്കുറിച്ചുന്നയിക്കുന്ന മൗലികമായ ഒരു വിചാരമാതൃക, വിഭക്തമനസ്സിന്റെയും വ്യക്തിത്വത്തിന്റെയും തലങ്ങളെ അടിസ്ഥാന ജീവിതകാമനകളോടിണക്കി വ്യാഖ്യാനിക്കുന്ന സ്‌കിസോഫ്രേനിക്ഭാവന, സ്ത്രീശരീരത്തിന്റെയും ലൈംഗികതയുടെയും മേൽ അശ്ലീലം എന്നു മുദ്രകുത്തി മലയാളം വ്യാപിരിച്ചുപോരുന്ന കപടസദാചാരത്തിനു നൽകുന്ന അന്ത്യകൂദാശ എന്നിവയാണ് ഈ വിതാനങ്ങൾ.

അത്രമേൽ നേർരേഖയിലല്ലാത്ത, ഒട്ടൊക്കെ കുഴമറിഞ്ഞുകിടക്കുന്ന കഥാവസ്തുവും കലാഘടനയും കാലമാപിനിയും ‘ശലഭം പൂക്കൾ’ക്കുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:

ബാംഗ്ലൂരിൽ മിലിട്ടറി അക്കാദമിയിൽ കുതിരസവാരിയിലും ചാട്ടത്തിലുമൊക്കെ എൻ.സി.സി. കേഡറ്റുകൾക്കു പരിശീലനം നൽകുന്ന സൈനിക ഓഫീസറാണ് മൂമു രാമചന്ദ്രൻ. നാട്ടിൽ, വീട്ടിൽ, അച്ഛന്റെ പട്ടാളച്ചിട്ടക്കു വഴങ്ങിയും തനിക്കിഷ്ടപ്പെട്ട പുരുഷന്റെ കൂടെ വീടുവിട്ടിറങ്ങിയ അമ്മയെയോർത്തു കുഴങ്ങിയും മൂമുവും അനിയൻ ബന്ധുവും കഴിയുന്നു. കസിൻ ആഷിയാണ് അവൾക്കു കൂട്ട്. കടുത്ത സ്‌കിസോഫ്രേനിക്കാണ് ആഷി. ഭ്രാന്തും വിഭ്രമങ്ങളും കുടിപാർത്ത തറവാടിന്റെ പാരമ്പര്യം അച്ഛന് കൊടിയ ചിട്ടയായും മക്കൾക്ക് ജീവിതനിരാശയും ആത്മഹത്യാപ്രവണതയും ഹിംസാവാസനയുമായി പകർന്നുകിട്ടുന്നു. മൂമുവിനെ കൊല്ലാൻ ശ്രമിച്ചും സ്വയം മരിക്കാൻ ശ്രമിച്ചും ബന്ധു ഭ്രാന്തിന്റെ വക്കിലാകുന്നു. വീടുമടുത്തതോടെ ആഷിയെയും കൂട്ടി മൂമു ബാംഗ്ലൂരിൽ താമസമാക്കുന്നു. തന്റെ പഴയ വണ്ടി വിൽക്കാൻ ഓൺലൈൻ പരസ്യം നൽകിയ മൂമു വണ്ടി വാങ്ങാനെത്തുന്ന ജോൺ മാറോക്കിയുമായി അടുക്കുന്നു. അയാൾ അവളെ എറണാകുളത്തുവന്ന് തന്നോടൊപ്പം കുറെ ദിവസങ്ങൾ ചെലവഴിക്കാൻ ക്ഷണിക്കുന്നു. നാട്ടിലെത്തിയ മൂമു ജോണുമായി സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ലൈംഗിക-വൈകാരിക ബന്ധങ്ങളുടെ തുടർച്ചകളും ഇടർച്ചകളുമാണ് നോവലിന്റെ അച്ചുതണ്ട്.

ജോണിനോടു പിണങ്ങിപ്പോകുന്ന മൂമുവിനെ ഇണക്കാൻ അയാളെഴുതുന്ന കത്തുകൾ വായിച്ച് ആഷി അയാളുമായി അടുക്കുന്നു. മൂമുവും ജോണും ആദ്യമായി ഇണചേർന്ന ദിവസവും സമയത്തും തൊട്ടുത്ത വീട്ടിൽ, ദീർഘകാലം രോഗിയായി കിടന്ന ഒരു സ്ത്രീയെ അവരുടെ മകൻ തലയ്ക്കടിച്ചുകൊല്ലുന്നു. കേഡറ്റുകൾക്കൊപ്പം ശ്രീലങ്കയിൽ പോയപ്പോൾ മൂമു ഏറെ അടുപ്പമുണ്ടാക്കിയ സാം ആയിരുന്നു, ആ കൊലയാളി.

സാമിന്റെ കഥയും ജോണിന്റെ പ്രണയവും തേടി, നോവലെഴുതാനുള്ള ലക്ഷ്യവുമായി ആഷി മൂമുവിനൊപ്പം വീണ്ടും എറണാകുളത്തെത്തുന്നു. ജോണിന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം അയാളുടെ വീട്ടിലാണ് അവർ താമസിക്കുന്നത്. കുറെക്കഴിയുമ്പോൾ മൂമു എല്ലാം മടുത്ത് ബാംഗ്ലൂർക്കു മടങ്ങുകയും ആഷി ജോണിനോടൊപ്പം തുടരുകയും ചെയ്യുന്നു. ഇരുവരും ഡൽഹിയിൽ ഒന്നിച്ചുണ്ടെന്നറിയുന്ന മൂമു, അവിടെയെത്തുമ്പോൾ, അവർ ഒന്നിച്ചുകഴിഞ്ഞെന്നും തനിക്കിനി ജോണിനെ കിട്ടില്ലെന്നും തിരിച്ചറിയുന്നു. ജയിലിലും ഭ്രാന്താശുപത്രിയിലും നിന്നു മോചിപ്പിച്ച് സാമിനെ തന്നോടൊപ്പം താമസിപ്പിക്കണമെന്നു തീരുമാനിക്കുന്നു, മൂമു.

പ്രണയവും രതിയും ശരീരത്തിന്റെയും മനസ്സിന്റെയും ഉത്സവങ്ങളായി കൊണ്ടാടിയ കാലങ്ങൾ മൂമുവിനു കൈവിട്ടുപോയി. അവൾ തിരിച്ചറിയുന്നതിതാണ്: “യാഥാർഥ്യം മനസ്സിലാക്കാതെ ജീവിച്ചുപോയ കോടാനുകോടി മനുഷ്യരുടെ നിരാശ പ്രപഞ്ചത്തിൽ അവശേഷിക്കുന്നുണ്ട്. ജോണിനോടോ ആഷിയോടോ എനിക്ക് യുദ്ധവും സമാധാനവുമില്ല. കുറെയേറെ പ്രണയിച്ചുകഴിഞ്ഞാൽ ഒരു പ്രത്യേകഘട്ടത്തിൽ നമ്മൾ നമ്മളെത്തന്നെ പ്രണയിക്കാൻ തുടങ്ങും. ജീവിതത്തിൽ വിജയിച്ചുകഴിഞ്ഞു എന്ന തോന്നൽ നമ്മളെ കീഴടക്കാനും. കുടിച്ചു ബോധമില്ലാതെ കടത്തിണ്ണയിൽ കിടക്കുന്ന ഒരുവന്റെ വായിലേക്ക് ഒരു പട്ടി മൂത്രമൊഴിച്ചുവെക്കുന്നതുപോലെ നിന്ദ്യമാണ് പ്രണയത്തിനുവേണ്ടി ഇരക്കുന്നത്. അതിനുവേണ്ടിയല്ല മൂമു ഒരു കുതിരക്കാരിയായത്, പാസ്‌പോർട്ടും വീസയും തയ്യാറാക്കി പറക്കാൻ തുടങ്ങുന്നതും. ഞാൻ വിമാനമാണെങ്കിൽ ആഷി വെറും ശലഭമാണ്. ഞാൻ ക്യാപ്റ്റൻ പറയാറുള്ളത് ഓർത്തു.

മുപ്പത് മിനിറ്റ്. മീറ്റിങ്. മുപ്പത് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്കത് അവസാനിപ്പിക്കാനാവുന്നില്ലെങ്കിൽ നിങ്ങൾക്ക് കഴിവില്ല എന്ന് ഞങ്ങൾ വിലയിരുത്തും. പറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങൾ ചെയ്തുതീർക്കുകയാണെങ്കിൽ വരാന്തയിൽ വന്നുനിന്ന് കുശലം ചോദിക്കാനോ ബാറിൽ പോയിരുന്ന് സ്വസ്ഥമായി മദ്യപിക്കാനോ നിങ്ങൾക്കു സാധിക്കും. സമയമാണ്, സമയം മാത്രമാണ് പ്രാധാന്യമർഹിക്കുന്ന ഒരേയൊരു വസ്തു. ബോത് ടാഞ്ചിബിൾ ആൻഡ് ഇൻടാഞ്ചിബിൾ”. നോവലവസാനിക്കുമ്പോൾ മൂമുവിന് സാമിനോടു ചോദിക്കാൻ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ:

“അരുംകൊലയെക്കുറിച്ച് എനിക്കപ്പോൾ അറിയണമെന്നുണ്ടായിരുന്നില്ല. പക്ഷേ എനിക്കു മറ്റൊന്ന് അറിയണമായിരുന്നു. പോകാൻ നേരത്ത് മടിച്ച് മടിച്ച് ഞാനത് ചോദിച്ചു. ‘സാം ഇവിടേക്കു വരുമ്പോൾ കെട്ടിയിരുന്ന ബെൽറ്റ് ഇപ്പോൾ എവിടെയുണ്ട്?’

കൗതുകത്തോടെ സാം എന്നെ നോക്കി.

‘ഞാൻ അതിലെ സ്റ്റിക്കറുകൾ ശ്രദ്ധിച്ചിരുന്നു’, ഞാൻ പറഞ്ഞു. 

‘ഓ അതോ!’ സാം കുറച്ചുനേരം ആലോചിച്ചുനിന്നു. എന്നിട്ട് ശാന്തനായി പറഞ്ഞു: ‘ശലഭങ്ങൾക്ക് തേൻ കുടിക്കാനാണ് പൂക്കൾ. പാറിനടന്ന് തേൻകുടിച്ച് അവശരാകുമ്പോൾ അവർക്കു പറന്നുപൊങ്ങാനാണ് വിമാനങ്ങൾ’ ”.

ആത്യന്തികമായി മൂന്നു കുടുംബങ്ങളുടെ കൂടി കഥയാണ് ‘ശലഭം, പൂക്കൾ’.

മുത്തശ്ശിയുടെയും അമ്മാവന്റെയും ഉഷച്ചിറ്റയുടെയും ഭ്രാന്ത് പാരമ്പര്യമായി പകർന്നുകിട്ടിയ മൂമുവിന്റെയും ആഷിയുടെയും കുടുംബം. ജോൺ മാറോക്കിയുടെ കുടുംബമാണ് മറ്റൊന്ന്. അയാളും സഹോദരിയും അമ്മയും. സാമിന്റെ കുടുംബമാണ് മറ്റൊന്ന്. മൂമുവിന്റെ അച്ഛനെപ്പോലെതന്നെ കിരാതസ്വത്വമാർന്ന പിതൃരൂപമാണ് ആ കുടുംബത്തിന്റെയും ഗതി നിർണയിക്കുന്നത്.

‘എല്ലാ കുടുംബങ്ങളിലും സന്തോഷമുണ്ടാകണമെന്നില്ല. പരസ്പരം ഇഷ്ടവും സ്‌നേഹവുമുള്ള ആളുകളുടെ കൂട്ടത്തെയാണ് കുടുംബമെന്നു വിളിക്കുന്നതെങ്കിൽ, എനിക്കു കുടുംബമില്ല എന്നു പറയേണ്ടിവരും. എന്റെ വീട്ടിൽ ആർക്കും ആരോടും സ്‌നേഹമില്ല’. മൂമു ജോണിനോട് ഒരിക്കൽ പറയുന്നുണ്ട്. ടോൾസ്റ്റോയ് എഴുതിയതുപോലെ, ‘സന്തുഷ്ടമായ എല്ലാ കുടുംബങ്ങളും ഒരുപോലെയാണ്; അസന്തുഷ്ടമായ ഓരോ കുടുംബവും ഓരോ തരത്തിലും എന്നു തെളിയിക്കുന്നു’, സംഗീതയും.

ഈയവസ്ഥയുടെ അതിദീനമായ ആഖ്യാനങ്ങൾ നോവൽ പലകുറി ആവർത്തിക്കുന്നുണ്ട്. ഒരെണ്ണം നോക്കുക:

“വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ, എന്നിട്ടുകൂടി ഈ വീട്ടിലെ ശ്വാസംമുട്ടൽ എന്റെ കഴുത്തുഞെരിച്ച് തുടങ്ങിയിരിക്കുന്നു. അതികഠിനമായ വെറുപ്പ്, അതികഠിനമായ അകൽച്ച, അതികഠിനമായ പശ്ചാത്താപം. ഞങ്ങൾക്കിടയിൽ എന്തും അതികഠിനം. അതികഠിനം കുടുംബം! ഒരുമിച്ചൊരു മുറിയിൽ ഇരിക്കേണ്ടിവരുമ്പോൾ, മുഖത്തോടുമുഖം നോക്കേണ്ടിവരുമ്പോൾ ഞങ്ങൾക്ക് ശ്വാസം കിട്ടാറില്ല. ചിരിക്കേണ്ടിവരുമ്പോഴൊക്കെ മുഖം ഒരുവശത്തേക്കു കോടിപ്പോകും. പ്രത്യേകിച്ചും എനിക്കും ബന്ധുവിനും. പലപ്പോഴും ഞങ്ങൾ പരസ്പരം കണ്ടതായി നടിക്കാറില്ല. വീടിനകത്ത് തൂണുകളുണ്ട്, കസേരകളും മേശകളുമുണ്ട്, ചുരുക്കം ചില വെളിച്ചങ്ങളുണ്ട്, ഞാനും ബന്ധുവുമുണ്ട്. വിരുന്നുസൽക്കാരങ്ങളിലും ഉത്സവവീടുകളിലും ഇതെന്റെ ചേച്ചി എന്നു പറയുമ്പോൾ അവന്റെ ശബ്ദം വിറയ്ക്കും. ഉറപ്പില്ല, ഒന്നിനും. എനിക്കും അവനും. അവന്റെ കൂട്ടുകാർ വീട്ടിൽ വരുമ്പോൾ, എന്നോട് സംസാരിക്കുമ്പോൾ, മരിച്ച ആളുടെ മുഖമാണവന്. മരണവീടിന്റെ നടുക്കമറ്റ നിശ്ചലത മുറുകുന്തോറും അവന്റെ കൂട്ടുകാർ ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് വരാനറച്ചു. ജോണിന് എന്റെ വീടും വീട്ടുകാരെയും കാണണമെന്നുണ്ടായിരുന്നു. എന്തുതരം വീട്ടിലേക്കാണ് ഞാനവനെ ക്ഷണിക്കേണ്ടത്? വരുന്നവരെയും പോകുന്നവരെയും തുണ്ടുകടലാസ്സുകളിലേക്ക് ഒതുക്കുന്ന അച്ഛന്റെ നിശ്ശബ്ദതയും സംശയം മാത്രം അവശേഷിപ്പിക്കുന്ന ബന്ധുവിന്റെ അമ്പരപ്പും ജോണിന് മനസ്സിലാക്കാൻ കഴിയുമോ. അവന്റെ വേശ്യ എന്നെ നടുക്കാതിരുന്നതുപോലെ. അവനിവിടെ വരുമ്പോൾ ഞാനവനോട് പറയും, ജോൺ ഇതാണെന്റെ അച്ഛൻ, ജോൺ കാണുന്നത് നീലച്ചട്ടയുള്ള പുസ്തകത്താളിലെ അവസാനത്തെ വരികളായിരിക്കും. അതിൽ ഏറ്റവും അവസാനവരിയിൽ അവൻ സൂക്ഷിച്ചു നോക്കും.

മൂമു വെന്റ് ഓൺ ടൂർ. ടൈം.
മൂമു റിട്ടേണ്ട് ഫ്രം ടൂർ. ടൈം.
എക്‌സ്‌പെൻഡിച്ചർ: സീറോ.
ജോൺ വിസിറ്റഡ് മൂമു. ടൈം.

അച്ഛനെ നോക്കി ജോൺ പറയുമായിരിക്കും: ‘ഹലോ, മിലിറ്ററി സർ, ചുമരിലെ ഘടികാരങ്ങൾ മാത്രമല്ല ഈ വീട്ടിൽ. ചുവപ്പൊട്ടും വിടാത്ത ഒരു കെട്ട് കാട്ടുറോസാപ്പൂക്കൾ ആ മേശപ്പുറത്തിരിക്കുന്നുണ്ട്. ഞാൻ കൊണ്ടുവന്നതാണ്. നിങ്ങളുടെ മകൾക്കു കൊടുക്കാൻ’.

ജോൺ, ഇതൊന്നും അദ്ദേഹത്തോടു പറഞ്ഞിട്ട് യാതൊരു ഗുണവുമില്ല. പൂക്കളെക്കുറിച്ചും ശലഭങ്ങളെക്കുറിച്ചും നിനക്കെന്നോടോ ആഷിയോടോ പറയാം. ഒരുകാലത്ത് ശലഭങ്ങളും പൂക്കളും നിറഞ്ഞതായിരുന്നു ഈ മുറ്റം. ഞങ്ങൾക്കതു മനസ്സിലാകും.

അമ്മ കാമുകനുമൊത്ത് ഒളിച്ചുപോയ കാലത്താണ് അച്ഛൻ ജനങ്ങളുമായുണ്ടായിരുന്ന അവസാന ഇടപെടലുകളും നിർത്തുന്നതും അമ്മ ഒരു തേവിടിശ്ശിയാണെന്ന് ബന്ധു ചുമരിൽ എഴുതിയിടുന്നതും. രഹസ്യമായിട്ടെങ്കിലും വേശ്യകളോട് എനിക്കു സ്‌നേഹം തോന്നിത്തുടങ്ങിയത് അങ്ങനെയാണ്. വീട്ടിൽ അച്ഛന്റെ റിവോൾവറുണ്ട്. തുടച്ചുമിനുക്കി വെക്കുകയും കൃത്യമായി ലൈസൻസ് പുതുക്കുകയുമല്ലാതെ അച്ഛൻ അത് പുറത്തേക്കു കൊണ്ടുപോകുന്നത് ഞാൻ കണ്ടിട്ടില്ല. ബന്ധുവിനെ ഭയന്നാകണം അമ്മ പോയതിനു പിന്നാലെ അച്ഛന്റെ മേശയിൽനിന്ന് വെടിയുണ്ടകൾ അപ്രത്യക്ഷമായത്, ഒഴിഞ്ഞ മാഗസിനുമായി ആ തോക്ക് ചുമരിൽത്തന്നെയുണ്ട്. ഒരു ദിവസം നട്ടപാതിരയ്ക്ക് ബന്ധു നിലവിളക്ക് കത്തിച്ച് തളത്തിൽവെച്ചു. അതിനരികിൽ ഒരു പടല കദളിപ്പഴത്തിൽ ചന്ദനത്തിരികൾ കുത്തിനിർത്തി പുകച്ചു. അടുക്കളയിൽനിന്ന് ഒരു പൊതിയാതേങ്ങയെടുത്ത് വിളക്കിനു കീഴെ വെച്ചു. ഞാനുറങ്ങിക്കഴിഞ്ഞിരുന്നു. അവൻ വന്ന് ശക്തിയായി വാതിലിൽ കൊട്ടാൻ തുടങ്ങിയപ്പോഴാണ് ഞാനുറക്കം വിട്ടത്.

രണ്ട്

“കഥയല്ല നോക്കേണ്ടത്. എങ്ങനെയാണ് അതു പറഞ്ഞിരിക്കുന്നതെന്നാണ്. വെറുതെ കഥ പറയുന്ന പകുതിമുക്കാൽ എഴുത്തുകാരും വെറും ഗദ്യകാരന്മാരാണ്. ഒരു തികഞ്ഞ കഥയായിത്തീരുക, അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ ആയിത്തീരുക എന്നതിനപ്പുറത്ത് ആ നിമിഷം അവിടെയായിരിക്കുക എന്ന അനുഭവമാണ് എഴുത്തുകാരൻ നമുക്കു തരുന്നത്. യാതൊന്നിനും എഴുത്തുകാരൻ ഉത്തരം തരുന്നില്ല. ചോദ്യങ്ങൾക്കു പിറകേ ചോദ്യങ്ങളായി വായനക്കാരനെ അയാൾ അവശേഷിപ്പിക്കുന്നു....”.

ശലഭം, പൂക്കൾ, വിമാനം എന്നീ മൂന്നു രൂപകങ്ങൾ മുൻനിർത്തി നോവലെഴുതാൻ തുനിഞ്ഞിറങ്ങുന്ന ആഷിയോട് അവളനുഭവിക്കുന്ന എഴുത്തുതടസത്തെ മുൻനിർത്തി ജോൺ മാറോക്കി പറയുന്ന വാക്കുകളാണിത്. നോവലും സാഹിത്യവുമൊന്നും കഥയല്ല, ആഖ്യാനമാണ് എന്ന അതിസൂക്ഷ്മവും പ്രശ്‌നഭരിതവുമായ കാവ്യശാസ്ത്രത്തെ നിരവധി സന്ദർഭങ്ങളിൽ ചർച്ചക്കെടുക്കുന്നുണ്ട് ഈ കഥാപാത്രങ്ങൾ. നോവലെഴുത്തിനെക്കുറിച്ചു മലയാളത്തിലുണ്ടായിട്ടുള്ള ശ്രദ്ധേയമായ മെറ്റഷിക്ഷനുകളിലൊന്നാണ് ‘ശലഭം, പൂക്കൾ’.

കാരണം, ആഷി എഴുതാൻ പുറപ്പെടുന്ന, എന്നാൽ ഒരിക്കലും എഴുതിത്ത്ത്ത്ത്ത്തീരാത്ത നോവൽ എന്നതുപോലെതന്നെ, ആ നോവലെഴുത്തിനെക്കുറിച്ചുള്ള സംഗീതാ ശ്രീനിവാസന്റെ ഈ നോവലും മുന്നോട്ടുവയ്ക്കുന്ന ഭാവുകത്വപരമായ അടിസ്ഥാനപ്രശ്‌നങ്ങളിലൊന്ന് ഇതുതന്നെയാണ്.

മറ്റൊരിക്കൽ ആഷിക്ക് തന്റെ എഴുത്തിനെക്കുറിച്ചുണ്ടാകുന്ന കനത്ത സംശയം മലയാളത്തിൽ നോവലെഴുതുന്നവരെല്ലാം ചരിത്രം പഠിക്കേണ്ടതുണ്ടോ എന്നതാണ്. അതവൾ മൂമുവിനോട് ഇങ്ങനെ വിശദീകരിക്കുന്നു. “സാഹിത്യകാരന്മാരൊക്കെ ഇപ്പോൾ ചരിത്രം പകർത്തിയെഴുത്തുകാരാണ്. കൊണ്ടുപിടിച്ച ഇരിപ്പാണ്, കൊണ്ടുപിടിച്ച പകർത്തലും. കുറച്ചുകഴിഞ്ഞാൽ അവർ മണ്ണിൽ കുഴിക്കാനും തുടങ്ങും. വിപ്ലവം ഏറെക്കുറെ തീർന്ന മട്ടാണ്. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ഈച്ചക്കോപ്പികൾക്കാണിപ്പോൾ മാർക്കറ്റ്. തീരെച്ചെറിയ കഥകളാണെങ്കിൽ അന്നന്നു വരുന്ന പത്രവാർത്തകളുടെയും രാഷ്ട്രീയ പിടിപ്പുകേടുകളുടെയും വളച്ചൊടിച്ചെഴുത്തുകൾ. അല്ലെങ്കിൽ രണ്ടോ മൂന്നോ ലിംഗം കൂടുതലുള്ള ആളുകളുടെ വഴുവഴുപ്പൻ വൈകൃതങ്ങൾ, കൃത്രിമമായി കെട്ടിച്ചമച്ച കഥകൾക്കപ്പുറം അവസ്ഥാന്തരങ്ങൾ ആരും വാങ്ങുന്നില്ല. ചിത്രകലയിൽ സ്റ്റിൽ ലൈഫിന് സാധ്യതയുണ്ട്. ഒരു മുറിയും മൂന്നോ നാലോ കഥാപാത്രങ്ങളും മതിമഹാസാഹിത്യത്തിന്റെ മുന്തിയ നിരയിലേക്ക് ഒരു ഫ്രഞ്ച് സാഹിത്യകാരിക്കു കടന്നുവരാൻ. എന്നാൽ ഇവിടെ എഴുത്തിൽ നിശ്ചലച്ചിത്രം എന്നൊന്നില്ല. അതുകൊണ്ട് ലൈറ്റ്ഹൗസിലെ കമിതാക്കൾ അവിടെ നിൽക്കുകയേ ഉള്ളൂ. ഇപ്പോൾ വിശദീകരണങ്ങളോ നല്ല കവിതയോ വേണ്ട. യുദ്ധത്തിൽ തകർന്നത്, ദാരിദ്ര്യം തകർത്തത്, കുഴിച്ചെടുത്തത്, ഉണ്ടായിവന്നത്, ഉണ്ടാക്കിയെടുത്തത്, വളച്ചൊടിച്ചത്. എഴുത്തുകാരൻ ആരായിരുന്നാലും കഥ ചരിത്രമായാൽ മതി എന്നായിട്ടുണ്ട്. ഞാൻ നോക്കിയിട്ട് ചരിത്രം തേടി അന്യനാടുകളിൽ പോകേണ്ട ഗതികേടാണ്. ഇവിടെ യുദ്ധവും സമാധാനവുമില്ല. കൂണുപോലെ പൊന്തുന്ന പൊടിപടലങ്ങളും ഹൈഡ്രജൻ ബോംബുകളുമില്ല. സതിയില്ല, രാജകൊട്ടാരങ്ങളില്ല, പൊന്നാപുരം കോട്ടയില്ല. പ്രചരണാർത്ഥം സാഹിത്യമെങ്കിൽ ആ സാധ്യതകളിലും പഴുതടച്ച് വെടിവെച്ചുകൊണ്ടിരിക്കുകയാണ്. തെരുവിൽ കണ്ടുമുട്ടുന്ന ഓരോ മൂന്നാമത്തെ ആളും സാഹിത്യകാരനാണ്. അവരോരോരുത്തരും അവർക്കാകാവുന്നത്ര ഊരുകളിലും ചരിത്രത്തിലും കൈവെച്ചു കഴിഞ്ഞിരിക്കുന്നു. കൈക്കോട്ടും തൂമ്പയുമെടുത്ത് അവർ പണിക്കിറങ്ങും. എനിക്കീ നാടുവിടാതെ വേറേ രക്ഷയില്ല. നീ തിരികെയെത്തിയാലുടൻ നമുക്കിവിടം വിടണം”.

നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും മലയാളത്തിൽ നോവലെഴുത്തിനെക്കുറിച്ചു നിലനിൽക്കുന്ന ഏറ്റവും കാതലായ കാഴ്ചപ്പാടുകളിലൊന്നിനോടുള്ള സംഗീതയുടെ വിയോജിപ്പാണിത്. എഴുത്തിന്റെ കലയെക്കുറിച്ച് ചിന്തിക്കുകയും എഴുതുകയും ചെയ്യാത്ത മികച്ച ഒരെഴുത്തുകാരും ഇന്നോളം ഭൂമിയിലുണ്ടായിട്ടില്ല എന്നതിനാൽ സംഗീത പിൻപറ്റുന്നത് സാഹിത്യത്തിന്റെ സത്താശാസ്ത്രപരം തന്നെയായ ഭൂമികയെയാണ്.

നോവലെഴുത്തിനെക്കുറിച്ചുള്ള ഈ പാഠവിമർശംപോലെതന്നെ കൗതുകകരമാണ് ചിത്രകലയും തത്വചിന്തയും കഥയും കവിതയുമുൾപ്പെടെയുള്ള ആവിഷ്‌ക്കാരങ്ങളുടെ പാഠാന്തരസാന്നിധ്യം ഈ നോവലിനു സൃഷ്ടിച്ചുനൽകുന്ന മെറ്റാസ്വരൂപവും. അടിസ്ഥാനപരമായി അക്ഷരങ്ങളുടെ എഴുത്തും വായനയും പ്രതിനിധാനം ചെയ്യുന്ന ആധുനികതയുടെയും ഇലക്‌ട്രോണിക് കാഴ്ചയും പങ്കാളിത്തവും പ്രതിനിധാനം ചെയ്യുന്ന ആധുനികാനന്തരതയുടെയും പാഠ-മാധ്യമ-രൂപങ്ങളുടെ ‘അധി’ഘടനയാണ് സംഗീതയുടെ നോവലിന്റെ ആഖ്യാനകല നിർണയിക്കുന്നത്.

‘ശലഭം, പൂക്ക’ളിലെ അതിസമ്പന്നമായ സാഹിത്യ, കലാപാഠങ്ങളുടെ ഭാവമണ്ഡലം നോക്കൂ. ജോണിന്റെ പുസ്തകശേഖരമാണ് ഒന്ന്; അവന്റെ സംഭാഷണങ്ങളിൽ നിരന്തരം കടന്നുവരുന്ന പുസ്തകസൂചനകളും. ആലീസ് മൺറോ, ഓർഹൻ പാമുക്ക്, അഗതാ ക്രിസ്റ്റി, വെർജീനിയാവുൾഫ്, ബെർതോൾഡ് ബ്രെഹ്ത്, മോപ്പസാങ്ങ്, ചെക്കോവ്, ഫ്‌ളോബർ, ഏഞ്ചലാ കാർട്ടർ, ജെ.ഡി. സാലിഞ്ചർ, യസുനാരി കവാ ബത്ത തുടങ്ങിയ എഴുത്തുകാരും അവരുടെ രചനകളും കഥാപാത്രങ്ങളും വാക്യങ്ങളും സന്ദർഭങ്ങളും ചിന്തകളും പ്രരൂപങ്ങളുമാണ് ഇനിയൊന്ന്.

ഓഡിലോൺ റെഡോൺ, ഡാമിയൻ ഹെഴ്സ്റ്റ്, റെനെ മഗ്രീറ്റ്, മാർഷൽ ദുഷാംപ് തുടങ്ങിയവരുടെ ചിത്രങ്ങൾ ഈ നോവലിലെ ഏറ്റവും ശ്രദ്ധേയമായ മൂന്നു മാനസിക ബിംബങ്ങൾക്ക് (സ്വപ്നങ്ങൾ, പിരിയൻ ഗോവണി, ചിത്രശലഭം) നൽകുന്ന രൂപപരവും ഭാവപരവുമായ സാന്നിധ്യം മറ്റൊന്ന്.

മൂമുവും ജോണും തമ്മിലും ജോണും ആഷിയും തമ്മിലും മൂമുവും ആഷിയും തമ്മിലും നടക്കുന്ന കത്തിടപാടുകളുടെ തലമാണ് വേറൊന്ന്. വാട്‌സാപ്പ് ചാറ്റും വീഡിയോ സെക്‌സും ഉൾപ്പെടെയുള്ള വിനിമയങ്ങൾക്കു പുറമെയാണ് വിസ്തരിച്ചുള്ള കത്തുകൾ കൊണ്ട് സംഗീത തന്റെ കഥാപാത്രങ്ങൾക്കു സൃഷ്ടിച്ചുനൽകുന്ന ആത്മാവിഷ്‌ക്കാരത്തിന്റെ കല നോവൽ ഏറ്റെടുക്കുന്നത്.

‘ശലഭം, പൂക്കൾ, aeroplane', ഇരുനില ബസ് പോലുള്ള ഒരാഖ്യാനമാകുന്നു. സ്വയം അതൊരു കുറ്റകൃത്യത്തിന്റെയും നിരവധി മനുഷ്യരുടെ വിഭക്തമനസ്സുകളുടെയും കഥ പറയുന്ന നോവലാണ്. ഒപ്പം, അതേ കഥാപാത്രങ്ങൾ, അതേ കുറ്റകൃത്യത്തെക്കുറിച്ചു നടത്തുന്ന അന്വേഷണത്തിന്റെയും അതു മുൻനിർത്തി അവരിലൊരാൾ എഴുതുകയും മറ്റുള്ളവർ അവളെ എഴുത്തിൽ സഹായിക്കുകയും ചെയ്യുന്ന, അതേപേരിലുള്ള നോവലിന്റെ കഥയുമാണ്. കഥയുടെ ഈ ഇരുനിലവണ്ടിയെന്നപോലെതന്നെ ശ്രദ്ധേയമാണ് കുറ്റാന്വേഷണസാഹിത്യത്തിന്റെ അപനിർമ്മാണത്തിൽ ‘ശലഭം, പൂക്കൾ’ കാണിക്കുന്ന താൽപര്യവും. മലയാളത്തിൽ ‘പാലേരിമാണിക്യം’ പോലുള്ള ചുരുക്കം ചില നോവലുകളേ കുറ്റാന്വേഷണഭാവനയെ അതിന്റെ പൊലീസ് യൂണിഫോമിൽ നിന്നു പുറത്തുകൊണ്ടുവന്ന് മുഖ്യധാരാ നോവലെഴുത്തിന്റെ കലയിലും രാഷ്ട്രീയത്തിലും സംലയിപ്പിച്ചിട്ടുള്ളു. ‘ശലഭം, പൂക്കൾ’ ഒരർത്ഥത്തിൽ ഈ ഗണത്തിൽ പെടുന്ന രചനയാണ്.

സംഗീതയുടെ നോവലിലെ കഥാപാത്രങ്ങൾ സ്വയം മറ്റൊരു നോവലിന്റെ ഭാഗമാകുന്നതോടെ, ഭാവിതജീവിതത്തിൽ നിന്ന് യഥാതഥജീവിതത്തിന്റെ ഭാഗമാകുകയും നോവലും ജീവിതവും തമ്മിലും നോവലും യാഥാർഥ്യവും തമ്മിലുമുള്ള ബന്ധത്തിൽ കൗതുകകരമായ ഒരാഖ്യാനകല രൂപം കൊള്ളുകയും ചെയ്യുന്നു. അങ്ങനെയാണ് നോവൽ ആഖ്യാനത്തിന്റെ ത്രിമാനതയിലേക്ക് അതിസമർഥമായി പരിണമിക്കുന്നത്. ഈ ത്രിമാനതയെ നിർണയിക്കുന്നതിൽ മേല്പറഞ്ഞ നാലു ഘടകങ്ങളും (നോവലെഴുത്തിന്റെ കലയെക്കുറിച്ചുള്ള സംവാദം, പാഠാന്തരതകളുടെ സാന്നിധ്യം, കത്തുകൾ, കുറ്റാന്വേഷണത്തിന്റെ ഭാവിത-യാഥാർഥ്യസ്വരൂപം എന്നിവ) വഹിക്കുന്ന പങ്കാണ് ശലഭം, പൂക്കൾ, മലൃീുഹമിലനെ സമകാല മലയാളനോവൽഭാവനയിൽ ശ്രദ്ധേയമാക്കുന്ന ഒന്നാമത്തെ വിതാനം.

മൂന്ന്

രണ്ടാമത്തേത്, ഈ നോവൽ സൃഷ്ടിക്കുന്ന സ്‌കിസോഫ്രേനിക്, ബൈപോളാർ മനോനിലകളുടെ ക്ലിനിക്കൽ റിയലിസ്റ്റിക് ഭാവാന്തരീക്ഷമാണ്. മലയാളത്തിൽ മുൻപൊരു രചനയും ഇത്രമേൽ വൈദ്യ-മനോവിജ്ഞാനീയ സൂക്ഷ്മതയോടെ വ്യക്തികളുടെ വിഭക്ത മാനസികനിലകളെ നോവലിന്റെ കേന്ദ്രമണ്ഡലമായി വികസിപ്പിച്ചിട്ടില്ല.

ആഷിയാണ് സ്‌കിസോഫ്രേനിക് എന്ന നിലയിൽ നോവലിൽ നേരിട്ടവതരിപ്പിക്കപ്പെടുന്ന കഥാപാത്രം. പക്ഷെ ഏറിയും കുറഞ്ഞും ഈ നോവലിലെ മറ്റു നാലു പ്രധാന കഥാപാത്രങ്ങളും വിചിത്രവും വിഭ്രമകരവും വിഭക്തവുമായ മനോനിലകളുടെ പ്രകടനവേദികളായി മാറുന്നു. ജോണിന്റെ കാമായനങ്ങളഉം കഥകളും, മൂമുവിന്റെ ആത്മരതിയും അനുഭവങ്ങളും, ബന്ധുവിന്റെ ആത്മ-അപര ഹിംസാവാസനകൾ, സാമിന്റെ ആത്മ-പരപീഡനരതികൾ എന്നിവ ആഷിയുടെ പെരുമാറ്റങ്ങളും പ്രതീതികളും പോലെയോ അതിലധികമോ ആയി വ്യക്തിത്വത്തിന്റെയും മനോനിലകളുടെയും വിഭജിതവും വിരുദ്ധങ്ങളുമായ സ്വരൂപം വെളിപ്പെടുത്തുന്നവയാണ്.

ആഷിയുടെ വാക്കുകൾ ശ്രദ്ധിക്കൂ:

“പാരമ്പര്യം ഭാഗികമായെങ്കിലും നിലനിർത്തുന്നത് ആഷിയാണ്. അവളോടു മത്സരിക്കാനാണ് ഞാനെന്നെ ‘സ്‌ക്രീസോഫ്രീനിക് മൂമു’ എന്നു വിളിക്കുന്നത്.

സ്‌കീസോഫ്രീനിയ ഇല്ലാത്തതാർക്കാണ്?
സൂക്ഷിച്ചുനോക്കിയാൽ എല്ലാവർക്കുമുണ്ട്.

മനസ്സ് ദലങ്ങളായി തിരിയുന്ന വിദളനമാണ് സ്‌കീസോഫ്രീനിയ. അടക്കുമടക്ക് ഞൊറികളുള്ള ഒരു പൂവ് പോലെയാണ് എന്റെ മനസ്സ്. സുന്ദരം. അവളുടേതോ, രണ്ടറ്റങ്ങളിലേക്കും ശരവേഗം പായുന്ന മനസ്സാണ്. ഒരു റോക്കറ്റിന്റെ കരുത്തും പാച്ചിലും. എന്റേത് സാങ്കല്പിക സ്‌ക്രീസോഫ്രീനിയ ആണ്. അവളുടേത് ഒരു ബൈപോളാർ കരടിപോലെ യാഥാർത്ഥ്യവും. ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാലോ കണ്ടിട്ടില്ല. മഞ്ഞുപോലും കണ്ടിട്ടില്ല, പിന്നെയല്ലേ കരടി. പലപ്പോഴും ഓടിക്കിതച്ച് അവളെന്റെ അരികിൽവരും. ഓരോ തവണയും ഞാൻ കരുതും ഇത്ര സന്തോഷത്തിൽ ഇതിനുമുൻപൊരിക്കലും ഞാനവളെ കണ്ടിട്ടില്ലല്ലോ എന്ന്”.

കുടുംബത്തിലെ ഭ്രാന്തിന്റെ പാരമ്പര്യത്തെക്കാൾ ജീവിതസാഹചര്യങ്ങളും അനുഭവങ്ങളും അപരർ നൽകുന്ന ആഘാതങ്ങളും സൃഷ്ടിക്കുന്നവയാണ് ഈ വിഭ്രമാവസ്ഥകൾ. വിശേഷിച്ചു പിതൃരൂപങ്ങളുടെ കിരാതമായ അധികാരപ്രയോഗങ്ങൾ. സ്‌നേഹമില്ലാത്ത വീടും ഓടിപ്പായ അന്നയും അനാഥമായ ബാല്യവും ഭ്രാന്തൻസ്വപ്നങ്ങളും അവരുടെ ജീവിതങ്ങളെ ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായിച്ചു. എത്ര ആത്മഹത്യാശ്രമങ്ങൾ. കൊലപാതകശ്രമങ്ങൾ. സംശയങ്ങൾ. വഴക്കുകൾ. വെറുപ്പുകൾ. പകകൾ. അസൂയകൾ. ആസക്തികൾ. തെറിവിളികൾ. ചതികൾ. വഞ്ചനകൾ. ഒറ്റുകൾ. ഇറങ്ങിപ്പോക്കുകൾ. ഭ്രാന്തെടുക്കലുകൾ... വിഷം തീണ്ടിയ ജീവിതസന്ധികൾ. അവയ്ക്കിടയിലും സ്‌നേഹത്തിന്റെ മാരകമായ കെട്ടിപ്പിടുത്തങ്ങൾ. പരസ്പര സംരക്ഷണത്തിന്റെയും സമർപ്പണത്തിന്റെയും മരത്തണലുകൾ. സ്‌കിനോഫ്രേനിയയുടെ നിഴലും വെളിച്ചവും നിറഞ്ഞ ജീവിതമാകുന്നു, ഈ കഥാപാത്രങ്ങളുടേത്. കാമനകളുടെ പിളർപ്പുകൾ നിർണയിക്കുന്ന മർത്യജീവിതത്തിന്റെ കൊടും കയ്പുകളും മധുരങ്ങളും കൊണ്ടു നിറഞ്ഞ നോവൽ.

“ഞങ്ങളുടെ രണ്ടുപേരുടെയും ആദ്യപ്രണയം ഒരാളോടായിരുന്നു. അവന്റെ തടിച്ച ചുണ്ടുകളിൽ ചുംബിച്ചും നീണ്ട ചെമ്പൻ മുടിയിഴകളിൽ തലോടിക്കൊണ്ടുമാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നിരുന്നത്. ഞങ്ങൾ സ്ഥിരമായി കണ്ടിരുന്ന ഹിന്ദി സീരിയലിലെ നായകനായിരുന്നു അവൻ. സിനിമാതാരങ്ങളോടോ കോളജിലെ ചോരയും നീരുമുള്ള യുവാക്കളോടോ തോന്നാതിരുന്ന സ്‌നേഹമാണ് ഞങ്ങൾക്ക് അവനോടു തോന്നിയത്. കാറ്റ് തിന്ന നിലാവിൽ കുതിരക്കഴുത്തിലെ രോമമിളകുന്ന പോലൊരു വിസ്മയം. അതായിരുന്നു ആ യുവാവ്. ടൈറ്റിൽ സോങ് കേൾക്കുമ്പോഴേക്കും ഞങ്ങൾ കൂടെ പാടാനും ഓളിയിടാനും തുടങ്ങും. ഞാനും ആഷിയും എല്ലാ രാത്രികളിലും ഒരുമിച്ചിരുന്നാണ് അവനോടുള്ള ഞങ്ങളുടെ പ്രണയം പങ്കുവെച്ചിരുന്നത്. അവനെ കയ്യിൽ കിട്ടിയാൽ ഞങ്ങളവനെ താലോലിച്ച് ഇല്ലാതാക്കിയേനെ.

ആഷിയുമായി വഴക്കിട്ട് തനിച്ചിരുന്ന് ടിവി കണ്ട ആ രാത്രിയിലാണ് ഞാൻ അവസാനമായി ആ സീരിയൽ കണ്ടത്. അതിനുശേഷം എനിക്ക് അവനോട് ഒരു പ്രണയവും തോന്നിയിട്ടില്ല. അതൊരു ചെറിയ കഥതന്നെയാണ്. ഞാനോർത്തുനോക്കി, എന്തിനായിരുന്നു അന്ന് ഞാൻ ആഷിയുമായി വഴക്കിട്ടത്? സാധാരണ, രാത്രിയിലെ സീരിയലുകൾ കാണാൻ ഞാൻ ആഷിയുടെ വീട്ടിലേക്കു പോവുകയാണ് പതിവ്. വീട്ടിലിരുന്ന് ടിവി കാണാൻ ബന്ധു സമ്മതിക്കില്ല. അവൻ പഠനത്തിൽ മോശമായിരുന്നു. പഠനത്തിലെന്നല്ല ഒന്നിലും അവനു ശ്രദ്ധയില്ല. പ്രത്യേകിച്ചും അമ്മ പോയതിനുശേഷം. ഒരു പൂച്ച കുറുകേ ചാടിയാൽ പല്ലി ചലിച്ചാൽ ഒക്കെ അവന്റെ ശ്രദ്ധ തെറ്റും. പഠിക്കാതിരിക്കാൻ കാരണങ്ങൾ നിരവധിയാണ്. അവന് പഠിക്കണമെങ്കിൽ വീട് ബന്ധുമിത്രാദികളൊഴിഞ്ഞ മരണവീടുപോലെ നിശ്ശബ്ദമാകണം. അവൻ പുസ്തകം തുറന്നുവച്ചാലുടൻ ഞാനെഴുന്നേറ്റ് ആഷിയുടെ അടുത്തേക്കു പോകും. അന്നുച്ചയ്ക്ക് ആഷിയുമായി വഴക്കിട്ടിരുന്നതിനാൽ ഞാൻ വീട്ടിൽ തന്നെയിരുന്ന് ടിവി കാണാൻ തീരുമാനിച്ചു. ഞാനിട്ടിരുന്ന പുതിയ സൽവാർ കമ്മീസിനെച്ചൊല്ലിയായിരുന്നു ഞങ്ങളുടെ തർക്കം. ആ വേഷത്തിൽ എന്നെ കണ്ടാൽ ഞങ്ങൾ പതിവായി കാണുന്ന സീരിയലിലെ നായികയെപ്പോലെയുണ്ടെന്ന് ആരോ പറഞ്ഞത് ഞാനവളോട് ആവേശപൂർവ്വം ആവർത്തിച്ചു. നിമിഷാർദ്ധത്തിൽ അതൊരു വഴക്കായി. ചെകുത്താനും കടലും വന്ന് ഞങ്ങളുടെ വാതിലുകളും ജനാലകളും വലിച്ചടച്ചു. കമ്മീസിനോട് ചേർത്തു സൂചികുത്തിയുറപ്പിച്ചിരുന്ന എന്റെ ദുപ്പട്ട അവളുടെ പിടിവലിയിൽ വലിഞ്ഞുകീറി.

വഴക്കിന്റെ അവസാനഘട്ടങ്ങളിൽ അടുക്കളയിൽചെന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചിട്ട് വിഷം കഴിച്ചെന്ന് അവളോടു പറഞ്ഞത് എനിക്കോർമ്മയുണ്ട്. അത് കേട്ടപ്പോൾ പേടിച്ചരണ്ട അവളുടെ മുഖവും ഞാനോർക്കുന്നുണ്ട്. എങ്കിൽ അവളെക്കൂടുതൽ പേടിപ്പിക്കുകതന്നെ എന്നോർത്ത് നട്ടുച്ച വെയിലത്ത് കിണറ്റിൽ ചാടാനെന്നും പറഞ്ഞ് ഇറങ്ങി നടന്നതും ഓർമ്മയുണ്ട്. അവളെന്റെ പുറകേ വരുമെന്നും സീരിയലിലെ നായികയെപ്പോലെ എന്റെ കാൽക്കൽ വീണ് കരയുമെന്നും ഞാൻ ആശിച്ചിരുന്നു. കിണറ്റുവക്കത്തേക്ക് ഒരു കാലെടുത്തുയർത്തിവെച്ച് വെല്ലുവിളിയോടെ ഞാൻ നിന്നു.

എന്നാൽ അപ്പോഴൊക്കെ അവളെക്കുറിച്ചുള്ള ആധി എന്റെ ചങ്കിലെ വെള്ളം വറ്റിക്കുന്നുണ്ടായിരുന്നു. അവൾ മുറിക്കകത്ത് കതകടച്ച് കൊളുത്തിട്ടിരുന്ന് ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കുകയായിരിക്കും എന്ന ചിന്ത കിണറ്റിൻകരയിൽ എന്റെ കാൽചുവട്ടിലെ ഇളകിക്കിടന്ന വെട്ടുകല്ലിനെ താഴേക്കുപായിച്ചു. ഫാനിനുമുകളിൽ അമ്മായിയുടെ കോട്ടൺസാരികൊണ്ടൊരു കുരുക്കിപ്പോൾ വീണുകാണണം. വൃത്തിയുളെളാരു കുരുക്കിട്ടതിനുശേഷമാണ് അവൾ കത്തെഴുതാനിരിക്കുക. എന്റെ കാത്തുനില്പും അവളുടെ കത്തെഴുത്തും മലവെള്ളപ്പാച്ചിൽപോലെ കണ്ണുനീരും മണിക്കൂറുകളോളം തുടരും. സമയം, മരണസമയവും ഞങ്ങൾക്കില്ലാതിരുന്ന മരണാസക്തിയും ഞങ്ങളിൽനിന്നകറ്റും. രണ്ടു പാട്ട വെള്ളം കോരിക്കുടിച്ച് കാലും മുഖവും കഴുകി ഞാൻ തിരിച്ചുനടക്കും. മരിക്കാൻ പോകുന്നില്ലെന്ന ഉറപ്പുണ്ടായിരുന്നിട്ടും ആ കളി ഞങ്ങൾ രണ്ടുപേരേയും ഒരുപോലെ ഭയപ്പെടുത്തിയിരുന്നു. കാരണം, എല്ലായ്‌പോഴും അതങ്ങനെതന്നെയാവണമെന്നില്ല. കുരുക്കും വെട്ടുകല്ലും ഈ കളിമടുത്ത് ഞങ്ങളെ ചതിച്ചേക്കാം. എന്നിട്ടും പലതവണ ഞങ്ങളത് ആവർത്തിച്ചു. മരണം മുൻപിൽ കാണുന്നവരെപ്പോലെ ഞങ്ങൾ വെപ്രാളപ്പെടുകയും സങ്കടപ്പെടുകയും ചെയ്തു. പതിവായി മറക്കാനാഗ്രഹിക്കുന്ന സന്ദേഹങ്ങൾ വീറോടെ തിരികെയെത്തി. നോട്ടം ഉറയ്ക്കാതാകുന്നതുവരെ എവിടേക്കുമെത്താത്ത വഴികളിലേക്ക് ഞങ്ങളുടെ കണ്ണുകൾ പാഞ്ഞു. ഞാനെന്റെ അമ്മയുടെ അടുത്തേക്ക് പോകും എന്ന ഒട്ടും ആത്മാർത്ഥതയില്ലാത്ത അവളുടെ വാക്കുകൾ തീരാഭീഷണിപോലെ പുരപ്പുറത്ത് മുഴങ്ങി.

ഓരോ വഴക്കുകളെത്തുടർന്നും രണ്ടു മൂന്നു ദിവസങ്ങളോളം ഞങ്ങൾ പരസ്പരം മിണ്ടുകയോ കണ്ടതായി നടിക്കുകയോ ചെയ്യാറില്ല. അതിനുശേഷം ആത്മഹത്യയ്ക്കുവേണ്ടി ഫാനിനു മുകളിൽ തൂക്കിയ കുരുക്ക് അവളെനിക്കു കാട്ടിത്തരും. ഞങ്ങളൊരുമിച്ചാണ് ആ കുരുക്കഴിക്കുക. ഞാനതിലേക്കു ചാടേണ്ടതായിരുന്നുവെന്ന് കിണറിലേക്കു വിരൽചൂണ്ടി ഞാൻ പറയും: ‘ഈ കല്ല് ശരിക്കും ചതിച്ചേനെ’. അവളാ കല്ലുരുട്ടി കിണറ്റിലേക്കിടും. ‘നിന്റെ അച്ഛനോട് പറഞ്ഞ് കിണറിനു സിമന്റുകൊണ്ട് മറ കെട്ടണം’.

പിന്നെ പൂക്കൾക്കും ശലഭങ്ങൾക്കും പിറകേ പാഞ്ഞ്, കടലാസുവിമാനങ്ങൾ പറത്തിവിട്ട് ഞങ്ങൾ പിണക്കങ്ങടക്കും. കോമരം തുള്ളി തുള്ളി അടുത്ത കലാപം പൊട്ടിപ്പുറപ്പെടുംവരേക്ക്.

ആഷിയോട് വഴക്കിട്ടതിനാലാവണം തിരികെ വീട്ടിലെത്തിയപ്പോൾ ബന്ധുവിനോടും വഴക്കിടാൻ തോന്നിയത്. അതിനുശേഷം, പുറത്തെ വൈദ്യുതിക്കമ്പിയിൽ കുരുങ്ങിക്കിടക്കുന്ന വവ്വാലുപോലെ, ആവേശവും വിശ്വാസവും തീർന്ന് ഞാൻ കിടന്നുറങ്ങിപ്പോയി. രാവിലെ വീട്ടിലെ പണിക്കാരി മാങ്ങ പറിക്കുന്ന കോലുകൊണ്ട് ആ വവ്വാലിനെ കുത്തിത്താഴെയിടാൻ ശ്രമിച്ചിരുന്നു. എന്തു മണ്ടത്തരമാണ് കാണിക്കുന്നതെന്ന് അച്ഛൻ അവരെ ശാസിക്കുന്നതു കേട്ടാണ് ഞങ്ങൾ പുറത്തുവന്നത്.

‘ചാവാൻ ആ കമ്പിയിൽ തൂങ്ങിയാടിയാൽ മതി’. ബന്ധു എന്നോട് പറഞ്ഞു.

‘നീ പോയി തൂങ്ങിക്കോ, ഞാൻ പറഞ്ഞു’ ”.

യുക്തി നഷ്ടമാകുന്ന ഭയങ്ങളും സ്വപ്നങ്ങളും വിഭ്രമങ്ങളും തോന്നലുകളും ആഗ്രഹങ്ങളും വികാരങ്ങളും വിചാരങ്ങളും നയിക്കുന്ന സമാന്തരജീവിതങ്ങളാകുന്നു, മൂമു, ആഷി, ബന്ധു, ജോൺ, സാം എന്നിവരുടേത്. ദേല്യൂസ് പറഞ്ഞതുപോലെ, എല്ലാ യുക്തികൾക്കുമടിയിൽ കലങ്ങിമറിഞ്ഞാർക്കുന്ന ഉന്മാദങ്ങളുടെയും ഇളക്കങ്ങളുടെയും ലോകം അവരുടെ അസ്തിത്വങ്ങളെ പൂരിപ്പിക്കുന്നു. അടിമുടി വൈകാരികത കൈവിട്ട നോവലാണ് ‘ശലഭം, പൂക്കൾ’ കാമനകളുടെ കുതിരസവാരിക്കുമുന്നിൽ ട്രിപ്പിൾ ബാറുകൾ ഒന്നും തന്നെയില്ല. അതിനിടയിലും പക്ഷെ സ്‌നേഹത്തിനുവേണ്ടിയുള്ള ദാഹവും പരക്കംപാച്ചിലുമാണ് ആത്യന്തികമായി ജീവിതം എന്ന യാഥാർത്ഥ്യം അടിവരയിട്ടു തെളിയിക്കുന്നുണ്ട് നോവൽ. ആഷിയും മൂമുവും ബന്ധുവും ജോണുമൊക്കെ, സ്‌നേഹം കൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ പോലെ ജീവിതത്തെ മണ്ണിൽ കുഴിച്ചിട്ടു കാത്തുനിൽക്കുന്നരാണ്. ആദ്യം മൂമുവിനും പിന്നെ ആഷിക്കും ജോൺ അതു മുളപ്പിച്ചുനൽകി. ബന്ധുവിനും സാമിനും മൂമുവും. കരുണയേതുമില്ലാതിരുന്ന പിതൃബിംബങ്ങൾ കണക്കുപുസ്തകങ്ങളിൽ മാത്രമവശേഷിച്ചു. സാം എന്തിന് അയാളുടെ അമ്മയെ കൊന്നു എന്ന ചോദ്യത്തിന് നോവൽ ഉത്തരം കണ്ടെത്തുന്നതേയില്ല. കുറ്റാന്വേഷണം സത്യാന്വേഷണമായതിനാൽ അത് എങ്ങുമെത്തുന്നില്ല. ‘സ്‌നേഹരഹിതമായാൽ ജീവിതം എങ്ങനെയുമായിത്തീരും’ എന്നതാണ് ശലഭം പൂക്കളുടെ താക്കോൽസങ്കല്പം. വിഭക്തകാമനകളുടെ (അ)വിശുദ്ധപുസ്തകമായി മാറുന്നു, അതുവഴി ഈ നോവൽ.

നാല്

പിത്രാധികാരത്തിന്റെ വരുതിയിൽ കാലങ്ങളായി നിലനിന്നുപോരുന്ന കുടുംബം, സമൂഹം, രാഷ്ട്രം, ദൈവം എന്നിവയുടെ കെട്ടഴിക്കുന്ന കാമനകളുടെ പെൺകാഴ്ചയെന്ന നിലയിൽ സംഗീതയുടെ നോവൽ ആഖ്യാനകലയിൽ നടത്തുന്ന ഏറ്റവും ധീരമായ ഇടപെടലുകളിലൊന്ന് ഭാഷാസദാചാരത്തിന്റെ ശിരഛേദമാകുന്നു. ഭാഷയുടെ സദാചാരമെന്നത് ലൈംഗികസദാചാരത്തിന്റെ ഭാഷയാകുന്നു. സംഗീത, സാകൂതം, ലൈംഗികസദാചാരത്തെയും ഭാഷയെയും തുണിയുരിച്ചുനിർത്തി ഭാവനയിൽ കാമനകളുടെ ചടുലനൃത്തം ചവിട്ടുന്നു. കെ.ആർ. മീരയും ഇന്ദുമേനോനും അവരുടെ നോവലുകളിൽ (സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, കപ്പലിനെക്കുറിച്ച് ഒരു വിചിത്രപുസ്തകം) ആവിഷ്‌ക്കരിച്ചതിനെക്കാൾ മൂർച്ചയോടെയും തീർച്ചയോടെയും സംഗീത മലയാളസാഹിത്യഭാഷയിലേക്ക് പെണ്ണുടലിന്റെ കെട്ടഴിച്ചുവിടുന്നു.

പുരുഷനെ തേടിവരുന്ന സ്ത്രീയാണ് മൂമു. ലക്ഷ്യം ഇണചേരൽതന്നെ. ശരീരവും ആത്മാവും ചെകുത്താനു പണയംവച്ച ജോൺ മാറോക്കി പക്ഷെ അവളെ ഒരിക്കലും തൃപ്തയാക്കുന്നില്ല. രേതസ്സിറ്റു നിൽക്കുന്ന കാമക്കഥകൾ കൊണ്ടും രതിലീലകൾ കൊണ്ടും അവളെ അയാൾ താൽക്കാലികമായി കീഴടക്കുന്നു. പ്രണയമെന്നത് ഒരേപോലെ ഉടലിന്റെയും ഉയിരിന്റെയും കലയാണെന്നു തിരിച്ചറിയുന്ന പെണ്ണുങ്ങളുടെ കഥയായി മാറുന്നു, നോവൽ. കന്തും കുണ്ടിയും പൂറും മുലയും പരിഷ്‌ക്കരിച്ചുപയോഗിക്കാൻ മെനക്കെടുന്നില്ല, സംഗീത. വീഡിയോ സെക്‌സും വദനസുരതവും കഥകളിലും ജീവിതത്തിലും ഒരേ തീവ്രതയോടെ പരീക്ഷിച്ചാനന്ദിക്കുന്നു, മൂമുവും ജോണും.

കാമുകനുമൊത്ത് വീടും നാടും വിട്ടുപോകുന്നതിനുമുൻപ് അമ്മ പറഞ്ഞ വാക്കുകൾ മൂമു ഓർക്കും. ‘വിവാഹം ഒരു കയ്യാങ്കളിയാണ്’. അവൾ ഒരിക്കലും വിവാഹിതയായില്ല.

ജോണിന്റെ കഥകളും മൂമുവിന്റെ ജീവിതവും ഏതാണ്ടൊരേ ആവേഗത്തിലാണ് കാമനകളെ കണ്ടറിയുന്നത്. ഒരെണ്ണം നോക്കുക: “ ‘മൂമൂന് ഒരു കഥ പറഞ്ഞ് തരട്ടേ?’

ഞാൻ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. ചായക്കടക്കാരൻ ചൂടുള്ള ദോശ ഞങ്ങൾക്കു മുന്നിൽവെച്ചു. രണ്ടു വസ്തികളിലും കൂടി നടുമടക്കിയ നാലു ദോശകൾ. അയാൾ അതിലേക്കു ചട്ണി ഒഴിച്ചു.

‘കഥാസരിത്‌സാഗരത്തിൽ നിന്നുമാണ്’.

ഞങ്ങൾക്കിടയിൽ രണ്ട് കവിടിപ്പിഞ്ഞാണങ്ങളിൽ സാമ്പാർ നിരന്നു.

‘ഞാൻ കഥാസരിത്‌സാഗരം വായിച്ചിട്ടുണ്ട്, പണ്ട്’.

രണ്ട് ചില്ലുഗ്ലാസ്സുകളിൽ ചായ. കാഴ്ചയിൽ കടുപ്പവും രുചിയുമുണ്ട്. നാവ് തരിപ്പിക്കുന്ന മണവും.

‘എങ്കിലും ഈ കഥ മൂമു വായിച്ചിരിക്കാൻ വഴിയില്ല’.

ഓരോ കൊട്ടും എന്റെ അജ്ഞതയിലേക്കാണ്. ഭാഷയിൽ, കഥയിൽ, രതിയിൽ. ഞാൻ നിശ്ശബ്ദം തലകുലുക്കി കഥ കേൾക്കാൻ തീരുമാനിച്ചു. ജോൺ കഥ തുടങ്ങി.

‘ഇത് മരപ്പണിക്കാരന്റെയും ഭൂതത്തിന്റെയും കഥയാണ്’.

ജോൺ അങ്ങനെ പലതും പറയും. കഥ അതൊന്നുമായിരിക്കില്ല. ഞാൻ തലയാട്ടി, നിർന്നിമേഷം അവനെ നോക്കി.

‘അങ്ങനെയിരിക്കെ ഒരുദിവസം കൊട്ടാരത്തിലെ മരപ്പണിക്കാരന്റെ കയ്യിൽനിന്നും ഉളി വഴുതിവീണ് കാലിലൊരു വ്രണം പൊട്ടി’.

എവിടെനിന്നുമല്ലാതെ ജോൺ കഥ ആരംഭിച്ചു.

‘വ്രണം ക്രമേണ പഴുക്കാനും അഴുകാനും തുടങ്ങി. വൃത്തികെട്ട നാറ്റം, നീറിപ്പിടിക്കുന്ന വേദന. ഒരു മരുന്നും ഫലിക്കുന്നുമില്ല’.

എന്ത് വൃത്തികെട്ട കഥ! ഞാൻ മനസ്സിൽ പറഞ്ഞു.

‘ചിന്തേരിടുമ്പോൾ കൈ വിറച്ചു, മരം വഴുക്കി, പലക പിളർന്നു, കണക്കുകൾ തെറ്റി. മരപ്പണിക്കാരൻ ധർമ്മസങ്കടത്തിലായി. അങ്ങനെ കുണ്ഠിതപ്പെട്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഒരു ചങ്ങാതി ദേശാടനത്തിനു പോകുംവഴി, അല്ലെങ്കിൽ വേണ്ട നമുക്ക് സുഹൃത്തും വഴികാട്ടിയും എന്നാക്കാം. സാരോപദേശവുമായി മരപ്പണിക്കാരന്റെ വീട്ടുമുറ്റത്തെത്തി’.

കഥയിൽ രസംപിടിച്ചിട്ടാവണം ചായക്കടക്കാരനും ഞങ്ങൾക്കു നേരേ നോക്കുന്നുണ്ട്.

‘ചങ്ങാതി രണ്ട് മന്ത്രങ്ങളാണ് മരപ്പണിക്കാരന് പറഞ്ഞുകൊടുത്തത്. എത്ര പഴകിയ വ്രണങ്ങളഉം നക്കിയൂതി സുഖപ്പെടുത്തുന്ന ഒരു ഭൂതമുണ്ട്. ആദ്യത്തെ മന്ത്രം ആ ഭൂതത്തെ വിളിച്ചുവരുത്തുന്നതിനുള്ളതാണ്, രണ്ടാമത്തേത് ഭൂതത്തെ തിരിച്ചയ്ക്കുവാനും. മരപ്പണിക്കാരന് വലിയ വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. ആകെ മുങ്ങിയാൽ കുളിരില്ല. പോയാലൊരു മന്ത്രം, കിട്ടിയാലൊരു ഭൂതം. രാത്രിയിൽ ഭൂതം വന്നെത്തി. ഉടനെ നാക്കുനീട്ടി വ്രണത്തിൽ പണിതുടങ്ങി. നാക്കിനു വിശ്രമം കൊടുക്കുന്ന നേരത്ത് ഊതാനും. നേരം പുലരുന്നതോടുകൂടി ഭൂതം സ്ഥലം കാലിയാക്കും. പഴക്കംചെന്ന വ്രണമായതുകൊണ്ട് രണ്ടാഴ്ചക്കാലം ഭൂതത്തിന് നന്നായി അദ്ധ്വാനിക്കേണ്ടിവന്നു. ഒടുവിൽ ഊതിയൂചി, നക്കിനക്കി വ്രണമുണങ്ങി. മരപ്പണിക്കാരന് സുഖമായി. നന്ദിപറയാൻ അയാൾക്കു വാക്കുകളില്ല. അയാൾ ഭൂതത്തിന്റെ കാൽതൊട്ട് വന്ദിച്ചു. എന്നാൽ, രാത്രിയിൽ ഭൂതം വീണ്ടുംവന്നു. മുറിവുണങ്ങിയ ഭാഗത്ത് പതിവുപോലെ നാക്കും നീട്ടി പണി തുടങ്ങി. “ശ്ശെടാ, ഇതെന്ത് കൂത്ത്!” എന്ന് മരപ്പണിക്കാരൻ. എന്നാൽ ഭൂതത്തിന് വേറെ വഴിയില്ലായിരുന്നു, മന്ത്രം ചൊല്ലിയാലേ അതിനു പോകാൻകഴിയൂ. ഭൂതം കൈകൂപ്പിക്കൊണ്ട് യാചിച്ചു, “മന്ത്രം ചൊല്ലി എന്നെ തിരികെയയ്ക്കണം”. എന്നാൽ മരപ്പണിക്കാരൻ അപ്പോഴേക്കും മന്ത്രം മറന്നുകഴിഞ്ഞിരുന്നു. ഉപദേശം തന്ന ചങ്ങാതി ഇനിയെന്ന് മടങ്ങിവരാനാണ്! എന്നും രാത്രി ഭൂതം വരവ് തുടർന്നു, നക്കലും തുടർന്നു. മരപ്പണിക്കാരന് ഉറക്കം നഷ്ടപ്പെട്ടു’.

ഇപ്പോൾ ചായക്കടക്കാരൻ ഒരു കൈമുട്ട് ഞങ്ങളുടെ മേശപ്പുറത്ത് കുത്തി, കൈത്തലത്തിൽ താടിയുംവെച്ച് മൂടുന്തി നടുവളഞ്ഞ് നിൽക്കുകയാണ്. തൊടാതെതന്നെ മേശമേൽ കമിഴ്ന്നുകിടക്കുന്നു എന്ന് വേണമെങ്കിൽ പറയാം. ഞാൻ അകത്തേക്കു നോക്കി. സമോവറിനരികെനിന്ന് രണ്ടു നാല് ചെവികൾ ഞങ്ങൾക്കുനേരേ കൂർപ്പിച്ചിട്ടുണ്ട് ജോൺ സന്തുഷ്ടനാണ്, അവൻ തുടർന്നു: ‘മരപ്പണിക്കാരൻ പണ്ടത്തെക്കാൾ ധർമ്മസങ്കടത്തിലായി. ചിന്തേരിടുമ്പോൾ കൈ വിറച്ചു, മരം വഴുക്കി, പലക പിളർന്നു, കണക്കുക്കൂട്ടലുകൾ തെറ്റി. ഭൂതത്തിന്റെ തുപ്പൽ വഴുക്കുന്നതല്ലാതെ മുറിവുണ്ടായിരുന്നിടത്ത് ഒരു പാടുപോലുമില്ല. ഒരു ദിവസം രാവിലെ വിഷമിച്ചിരിക്കുന്ന മരപ്പണിക്കാരനോട് അയാളുടെ വിധവയും അതിസുന്ദരിയുമായ മകൾ പറഞ്ഞു: അച്ഛൻ വിഷമിക്കേണ്ട, ഇന്നുരാത്രി ഭൂതത്തെ എന്റെ മുറിയിലേക്കു വിടുക. ഞാനൊരു വഴി കണ്ടെത്താം. രാത്രി ഭൂതം അതിസുന്ദരിയും വിധവയുമായ മകളുടെ മുറിയിലെത്തി’.

എന്റെ ഹൃദയമിടിപ്പ് കൂടി. ജോൺ ഇതെന്തിനുള്ള പുറപ്പാടാണ്. ഞാൻ തലതാഴ്‌ത്തിയിരുന്നു. ജോൺ കഥ തുടർന്നു: ‘പെൺകുട്ടി പട്ടുടയാടകൾ മുകളിലേക്കുയർത്തി. നഗ്നമാക്കപ്പെട്ട വെളുത്ത കാലുകൾ അകത്തിവെച്ചു. തുടകൾ ഒന്നുചേരുന്നിടത്ത് ആഴത്തിൽ നീണ്ട മുറിവാണ്’ ”.

ഭൂതവും ഭാവിയും ഇടകലർന്ന്, സ്വപ്നവും യാഥാർഥ്യവും കുഴമറിഞ്ഞ്, വിചിത്രവും വന്യവും അപരിചിതവും അസാധാരണവുമായ അനുഭവങ്ങൾ കൂടിക്കുഴഞ്ഞ്, ആത്മാവും ശരീരവും പരസ്പരമഴിഞ്ഞ്, ആസക്തികളും അടക്കങ്ങളും കെട്ടുപിണഞ്ഞ്, വെറുപ്പും സ്‌നേഹവും ഇണചേർന്ന്, മനുഷ്യമനസ്സിൽ രൂപം കൊള്ളുന്ന വിഭക്തകാമനകളുടെ (അ)വിശുദ്ധസഖ്യങ്ങളാണ് ‘ശലഭം, പൂക്കൾ’. എല്ലാത്തരം വൈകാരികതകളെയും വഴിവക്കിലേക്കു മാറ്റിനിർത്തി, തെല്ലും കൂസലില്ലാതെ ആഖ്യാനത്തിന്റെ വണ്ടിയോടിച്ചുപോകുന്നു, സംഗീത. നോവലിന്റെ കലയിലും മനസ്സിന്റെ ശീലയിലും ഭാഷയുടെ ലീലയിലും ഒരേസമയം നടക്കുന്ന ഭാവനയുടെ പകർന്നാട്ടമാണിത്.

നോവലിൽനിന്ന്:-

“ഒരു തരി മധുരം നാവിൽ തടഞ്ഞ സന്തോഷത്തോടെ തന്റെ മുറി കണ്ടതും ആഷി പുഞ്ചിരിച്ചു. അത് എനിക്കു തന്നതിനെക്കാൾ കുറെക്കൂടി വിശാലവും മനോഹരവുമായ മുറിയായിരുന്നു. സാഹിത്യകാരിക്കുള്ള പ്രത്യേക പരിഗണനയാണെന്ന് അനെറ്റ് അഭിമാനത്തോടെ പറഞ്ഞു. ഞങ്ങൾ ചിരിച്ചു. തുറന്നിട്ട ജനലിലൂടെ പുഴയും പുഴയിലേക്കു ചാഞ്ഞുകിടക്കുന്ന തെങ്ങുകളും പുഴയിലേക്കു നീളുന്ന പച്ചപ്പുല്ല് നിറഞ്ഞ വീതികുറഞ്ഞ വഴിയും വഴിതുടങ്ങുന്നിടത്തുള്ള പേരയ്ക്കാമരവും അണ്ണാൻ കൊത്തി പാതിപൊളിഞ്ഞ് നിലത്തു കിടക്കുന്ന ചുവന്ന പേരയ്ക്കകളും കണ്ടു.

എന്റെ മുറിയിൽനിന്ന് ഒന്നു രണ്ടു പ്ലാവുകളും മാവും കാണാമെന്നല്ലാതെ ആഷിയുടേതുപോലെ അതിമനോഹരമായ ജാലകക്കാഴ്ചയൊന്നുമില്ല. അന്ന എന്നു വിളിക്കുന്ന ജോണിന്റെ പൂച്ച എനിക്കുള്ള കിടക്കയിൽ നീണ്ടുനിവർന്നു കിടക്കുന്നുണ്ടായിരുന്നു. അനെറ്റ് ഒച്ചവെച്ചതും അവൾ കിടക്കയിൽനിന്നും ചാടിയിറങ്ങി മുറിവിട്ട് പുറത്തുപോയി. ജോണിനുവേണ്ടി ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു എന്നു പറയംവിധം പോകുന്നപോക്കിൽ മുതുകു വളച്ച് എന്റെ ദേഹത്തുരസി. എന്നെ മുമ്പു കണ്ടിട്ടുണ്ടെന്ന് അനെറ്റ് പറയാൻ ശ്രമിച്ചപ്പോഴൊക്കെ ഞാൻ വിഷയം മാറ്റിക്കൊണ്ടിരുന്നു. എന്നിട്ടും മുറിവിട്ടിറങ്ങുമ്പോൾ അന്നു നമ്മൾ വഴിയിൽവെച്ചു കണ്ടത് ഓർക്കുന്നില്ലേയെന്ന് അവൾ ഉറക്കെ ചോദിച്ചു. എന്റെ ഉത്തരത്തിന് കാത്തുനിൽക്കാതെ പടികളിറങ്ങിപ്പോവുകയും ചെയ്തു. അതിനുശേഷം കുളിച്ചെന്നു വരുത്തി ഞാൻ ആഷിയുടെ മുറിയിലെത്തി. ആഷിയുടെ മുറിയിൽ ജോണുണ്ടാകുമോ എന്ന ആധി കാരണം എനിക്കു വിസ്തരിച്ച് കുളിക്കാൻ കഴിഞ്ഞില്ല. എന്റെ അസാന്നിദ്ധ്യത്തിൽ അവൻ തമ്മിൽ എന്തൊക്കെയാവും പറഞ്ഞുകാണുക എന്നു മാത്രമാണ് കുളിക്കുമ്പോൾ ഞാൻ ചിന്തിച്ചത്. ഞാൻ ചെല്ലുമ്പോൾ ആഷി കണ്ണാടിക്കു മുൻപിലിരുന്ന് ഒരുങ്ങുകയാണ്. എന്റെ മുറിയിൽ കണ്ണാടിയില്ലെന്നത് അപ്പോൾ മാത്രമാണ് ഞാനോർത്ത്. അഥവാ ഉണ്ടെങ്കിൽത്തന്നെ ഒരു കണ്ണാടിയിലും താനിനി കാഴ്ചയാകാൻ പോകുന്നില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു. എന്നെ കണ്ടതും നെറ്റി ചുളിച്ച് അവൾ ചോദിച്ചു, ‘ഇതേത് ബ്രായാ നീയിട്ടിരിക്കുന്നത്? വല്ലാതെ ഇടിഞ്ഞുതൂങ്ങിയതുപോലെയുണ്ട്’.

എന്റെ ആത്മവിശ്വാസത്തിനേറ്റ ആദ്യത്തെ പ്രഹരമായിരുന്നു അത്.

‘സത്യം പറ, നീ ബ്രാ ഇട്ടിട്ടില്ലേ? അവൾ വീണ്ടും ചോദിച്ചു’.

ജോണിനെ പ്രേമിക്കാൻ വേണ്ടുന്ന മാദകത്വം എനിക്കില്ല എന്നാണോ അവൾ പറഞ്ഞുവരുന്നത്. ചിലപ്പോഴൊക്കെ ഞാൻ മനസ്സിൽ പേറുന്ന ഏറ്റവും ഭാരിച്ച കല്ല് അവളാണെന്ന് എനിക്കു തോന്നാറുണ്ട്. കാക്കക്കാലുകൾ പതിഞ് കൺകോണുകളും ചുളുക്കുവെച്ച് തയ്ച്ച ചിരിയുമായി കൈകൾ കോർത്തുപിടിച്ച് കിഴവനും കിഴവിയുമായി കടൽഭിത്തീരത്തുകൂടി നടക്കണമെന്ന് ജോൺ എന്നോടു പറഞ്ഞിട്ടുണ്ടെന്ന് ഞാനവളോട് പറഞ്ഞു. ഒരുപക്ഷേ, ഈ പുഴയുടെ ഓരം ചേർന്നായിരിക്കും ഞങ്ങളുടെ വാർദ്ധക്യം. ഞാൻ ജനലിനു പുറത്തേക്കു വിരൽ ചൂണ്ടിയതും അവളെന്നെ നോക്കി പരിഹാസപൂർവ്വം ചിരിച്ചു. അത് ചിരിയായിരുന്നില്ല. കാരണം, ചിരിക്കുമ്പോൾ അവളുടെ നെഞ്ചുപിടഞ്ഞ് ശബ്ദം തൊണ്ടയിൽ കെട്ടിയിരുന്നു. എങ്കിലും വാർദ്ധക്യത്തിനുമുൻപ് യൗവനം മുഴുത്തും മുഴച്ചും തന്നെ കടന്നുപോകേണ്ടതുണ്ടെന്ന് അവളുടെ കണ്ണുകൾ ധൈര്യം വിടാതെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ വസ്ത്രത്തിനടിയിലൂടെ കയ്യിട്ട് ബ്രാ നേരേയാക്കുന്ന സമയത്താണ് ജോൺ മുന്നിൽ വന്നുനിന്നത്. അവന്റെ പ്രണയത്തെക്കാൾ, അത്രയും കാലത്തെ വിരഹത്തെക്കാൾ ഞാൻ എന്റെ ശരീരത്തെക്കുറിച്ച് മാത്രമാണ് അപ്പോൾ ചിന്തിച്ചത്. അല്ലെങ്കിലും ഞാനെന്നും എന്നെ മാത്രമാണു പ്രണയിച്ചിട്ടുള്ളതെന്ന് എനിക്കു പലതവണ സ്വയം ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഞാൻ അവനെയും അവളെയും നോക്കി കൃത്രിമമായി പുഞ്ചിരിച്ചു.

അന്ന്, അവനു മുന്നിൽ, പരിഷ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവന്റെ ആ ഒറ്റമുറിയിൽ, ഒരു പ്രഭ്വിയെപ്പോലെയാണ് ഞാൻ നിന്നതും അസ്വസ്ഥയായതും. ഇന്നാകട്ടെ ആഷിയുടെ സാമീപ്യത്തിൽ ഞാൻ സ്വയമൊരു പരിചാരികയായി മാറിക്കൊണ്ടിരിക്കുന്നു. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അരികിൽ നിൽക്കുന്ന കുഴിയാനയെപ്പോലെയാണ് ഞാൻ നിന്നു പരുങ്ങുന്നത്. അവളുടെ പ്രഭയേറ്റ് ഞാൻ കരിയുന്നുണ്ട്. ജോൺ എവിടേക്കാണു നോക്കുന്നത്. നിന്നെ പിണക്കിയതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ അപരാധമെന്ന് ഇപ്പോൾ എനിക്കു ബോധ്യമായി. നീ എന്റേതെന്നോ അവളുടേതെന്നോ അറിയാത്ത ഈ അവസ്ഥയിലേക്ക് എന്നെക്കൊണ്ടെത്തിച്ചത് ഞാൻതന്നെ. പങ്കുവയ്ക്കപ്പെടുന്നതിലും ഭീകരമാണ് എടുത്തുമാറ്റപ്പെടുന്നത്. ഒരു കുതിരയെപ്പോലെ നിന്നെ പായിക്കാൻ ഈ തടിച്ചിക്കു കഴിയുമോ. ഞാൻ അവളുടെ അരക്കെട്ടിലേക്കു നോക്കി. നേർത്ത വസ്ത്രത്തിലൂടെ വ്യക്തമായി കാണാനാവുന്ന പൊക്കിൾച്ചുഴിയിലേക്കും. അതിനും താഴെ അവൾ നിറഞ്ഞൊഴുകുന്നതിന്റെ ഗന്ധം എനിക്കിപ്പോൾ അറിയാനാകും. വായിച്ചുമടുത്ത് കിടക്കയിലേക്കു വലിച്ചെറിയപ്പെട്ട പുസ്തകംപോലെ ഞാൻ അവർക്കിടയിൽ അനക്കമറ്റ് നിന്നു. അവൾ എന്നെ നോക്കി വശ്യമായി ചിരിച്ചു.

ഇപ്പോഴാണ് ഞാൻ ആഷിയെ ശരിക്കും ശ്രദ്ധിക്കുന്നത്. വെയിലും കാറ്റുമേറ്റ് വാടാതെ അടച്ചിട്ട മുറിക്കകത്തിരുന്ന് വായിച്ചും വരച്ചും എഴുതിയും അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. ഞാനോ പൊരിവെയിലിൽ, പരേഡ് ഗ്രൗണ്ടിൽ, ഷോഗ്രൗണ്ടിൽ, മദ്ധ്യപ്രദേശിൽ, ഉത്തർപ്രദേശിൽ, പഞ്ചാബിൽ, തൊണ്ടകീറി വിയർത്തൊലിച്ച് നടക്കുന്നു. അവൾ ശുദ്ധജലത്തിൽ കുളിക്കുന്നു. മിക്കവാറും ഓ ദ് കൊളോൺ കലർത്തിയ ഇളം ചൂടുവെള്ളത്തിൽ. ഞാൻ ദിവസങ്ങളോളം വെള്ളം വരാത്ത പൈപ്പുകൾക്കു മുൻപിൽ വിറളിയെടുത്ത് നടക്കുകയും ഒടുവിൽ റേഷനായെത്തുന്ന ക്ലോറിൻ കനത്ത വെള്ളത്തിൽ കുളിച്ചെന്നു വരുത്തുകയും ചെയ്യുന്നു. ആലോവേരയുടെ കുളിർമയിൽ അവൾ മുറ്റത്ത് ഉലാത്തുമ്പോൾ, കുളിമുറിയുടെ ഓവിൽ കട്ടകുത്തിക്കിടക്കുന്ന മുടിയിഴകളെ നോക്കി ഞാൻ നെടുവീർപ്പിടുന്നു. ഞാൻ അപകർഷതാബോധത്തിന്റെ റാണിയും അവൾ താൻപോരിമയുടെ ശിശുവുമാണ്.

ജോണിന്റെ അമ്മയും സഹോദരിയും ആദരവോടെയാണ് സാഹിത്യകാരിയെ വരവേറ്റത്. സിനിമാനടികളുടെ കൂടെയുണ്ടാകാറുള്ള ആയമാരിൽ ഒരുവളെപ്പോലെ ഞാനും ഒരു കസേര വലിച്ചിട്ട് തീന്മേശയ്ക്കു സമീപം ഇരിപ്പുറപ്പിച്ചു. ഒരുപക്ഷേ, പെട്ടെന്നുണ്ടായ അപകർഷതാബോധത്തിൽ എല്ലാം എനിക്കു വെറുതേ തോന്നുന്നതാകാം. അനെറ്റ് എനിക്കും മട്ടൺ കുറുമ വിളമ്പുന്നുണ്ട്. പലതും വേണോ വേണോ എന്ന് കൂടെക്കൂടെ ചോദിക്കുന്നുണ്ട്. കഴിക്കുന്നതിനിടയിൽ ജോൺ മേശയ്ക്കടിയിലൂടെ കാൽ നീട്ടി വിരലുകൾകൊണ്ട് എന്റെ പാദങ്ങളിൽ തൊടുന്നുണ്ട്. എല്ലാം ഭദ്രം”.

ശലഭം, പൂക്കൾ, aeroplane
സംഗീതാ ശ്രീനിവാസൻ
ഡി.സി. ബുക്‌സ്, 2019
299 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP