Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

കാലത്തിലേക്കുള്ള യാത്രകൾ

കാലത്തിലേക്കുള്ള യാത്രകൾ

ഷാജി ജേക്കബ്‌

'The shipwrecks of Robnison Crusoe and the crew in The Tempest are the end of the old world' - James Joyce

സ്ഥലാന്തരസഞ്ചാരങ്ങളുടെ അനുഭവാഖ്യാനങ്ങളെ കാലാന്തരയാത്രകളുടെ അനുഭൂതികളായി പരിവർത്തിപ്പിക്കുന്ന സാംസ്‌കാരിക പ്രക്രിയയെന്ന നിലയിൽ സാഹിത്യത്തെ/ചരിത്രത്തെ നിർവചിക്കുകയാണ് ജയിംസ് ജോയ്‌സ്. സാഹിത്യം, ചരിത്രത്തിന്റെ പാഠരൂപമായി മാറുന്നതിന്റെ അടിസ്ഥാനലക്ഷണങ്ങളിലൊന്ന് ഈ സ്ഥല-കാല ഭാവനകളുടെ സമീകരണം തന്നെയാണെന്നും ആധുനികതയുടെ അടയാളങ്ങളായി ചരിത്രം രേഖപ്പെടുത്തുന്ന സാംസ്‌കാരിക രൂപകങ്ങളിൽ യാത്രകളോളം പ്രാധാന്യമുള്ള മറ്റൊന്നില്ലെന്നുമാണ് ജയിംസ് ചൂണ്ടിക്കാണിക്കുന്നത്. നാളിതുവരെയുള്ള മനുഷ്യചരിത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് നാനാതരത്തിൽപെട്ട യാത്രകളുടെ കഥകളായാണ് എന്നുപോലും പറയാം.

കുടിയേറ്റങ്ങൾ, പടയോട്ടങ്ങൾ, പലായനങ്ങൾ, അഭയാർഥിപ്രവാഹങ്ങൾ, സമുദ്രസഞ്ചാരങ്ങൾ, ദേശാടനങ്ങൾ, കപ്പലോട്ടങ്ങൾ, ഉല്ലാസപ്പയനങ്ങൾ, ഒളിച്ചോട്ടങ്ങൾ, തീർത്ഥാടനങ്ങൾ, നാടുകടത്തലുകൾ, ആകാശയാനങ്ങൾ, ഗോളാന്തരയാത്രകൾ, പ്രതീതിസഞ്ചാരങ്ങൾ... ആഫ്രിക്കയിൽ നിന്ന് ലക്ഷക്കണക്കിനു വർഷം മുൻപാരംഭിച്ച ഹോമോസാപിയൻസിന്റെ ഭൂഖണ്ഡാന്തര വ്യാപനങ്ങൾ മുതൽ സൈബർ അ-സ്ഥലങ്ങളിലെ പ്രതീതിസഞ്ചാരങ്ങൾ വരെ - ഒന്നും ഇതിൽനിന്നു മുക്തമല്ല, ഇതിഹാസങ്ങളും പുരാണങ്ങളും മഹാകാവ്യങ്ങളും നാടകങ്ങളും മതഗ്രന്ഥങ്ങളും വംശഗാഥകളും ദൈവങ്ങളെ ഭയന്ന മനുഷ്യന്റെ മഹാപ്രസ്ഥാനങ്ങളുടെ കഥപറയുന്നു. നോവലും സിനിമയും ടെലിവിഷനും ഇന്റർനെറ്റും സ്ഥലകാലങ്ങളെ മനുഷ്യാസ്തിത്വത്തിന്റെ ചരസംസ്‌കൃതിയുടെ രൂപ-ഭാവ സംയുക്തങ്ങളാക്കി പ്രതിഷ്ഠിക്കുന്നു. സ്ഥിരതയല്ല, ചരതയാണ് കാലവും ചരിത്രവും ജീവിതവും. ഈ ചരത്വം, സ്ഥലങ്ങളിലൂടെയാകട്ടെ, കാലങ്ങളിലൂടെയാകട്ടെ, ജീവിതത്തെ ചരിത്രത്തിൽ സ്ഥാനപ്പെടുത്തുന്ന ഭാവനാഭൂപടത്തിന്റെ പേരാണ് സംസ്‌കാരം. യാത്രകളുടെ കഥ പറയുന്ന അച്ചടി, ശ്രാവ്യ, ദൃശ്യ, നവമാധ്യമപാഠങ്ങളോരോന്നും ഏറിയും കുറഞ്ഞും പുനഃസൃഷ്ടിക്കുന്നത് ദേശായങ്ങളുടേതെന്നപോലെ കാലായനങ്ങളുടെയും ഇത്തരം സാംസ്‌കാരിക ഭാവലോകങ്ങളെയാണ്.

മാധ്യമം ഏതായാലും മലയാളത്തിലെ യാത്രാവിവരണസാഹിത്യത്തിന്റെ പൊതുഘടന സ്ഥലകേന്ദ്രിതമായ ദേശാന്തരജീവിതാഖ്യാനങ്ങളാണെന്നു പറയാം. രണ്ടുതലങ്ങളിൽ ഈ പൊതുഘടനയെ മറികടക്കുന്നുണ്ട്, ഹരികൃഷ്ണന്റെ 'വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്' എന്ന യാത്രകളുടെ പുസ്തകം. ഒന്ന്, മിക്കപ്പോഴും യാത്രാവിവരണങ്ങൾക്കില്ലാത്ത പ്രമേയനിഷ്ഠതക്ക് ഹരികൃഷ്ണൻ ഊന്നൽ കൊടുക്കുന്നു. രണ്ട്, സ്ഥലപരതയെക്കാൾ കാലപരതയിൽ ആഖ്യാനത്തിന്റെ ലാവണ്യയുക്തിയെ ബന്ധിപ്പിച്ചുനിർത്തുന്നു. ഈ ഇരുസ്വഭാവങ്ങളും കൂട്ടിച്ചേർത്ത്, 'നഷ്ടപ്രദേശങ്ങളിലേക്കുള്ള ഭൂതായനങ്ങൾ' എന്നു വേണമെങ്കിൽ നിർവചിക്കാം ഈ പുസ്തകത്തെ. അവസാന രണ്ടു രചനകളൊഴികെ ഇതിലുള്ള ഒൻപത് യാത്രാനുഭവാഖ്യാനങ്ങളും മേല്പറഞ്ഞ നിർവചനത്തിനിണങ്ങും. കാലം കടലെടുത്ത ഭൂതപ്രദേശങ്ങളിലേക്കുള്ള തിരിച്ചുപോക്കുകളാണ് ഹരികൃഷ്ണന്റേത്. ചരിത്രത്തിലെ പുരോയാനങ്ങൾ. കാലത്തിലൂടെയുള്ള പയനങ്ങൾ. സ്ഥലങ്ങളിൽ നിലീനമായ ജീവിതാനുഭൂതികളുടെ കാലാന്തരാഖ്യാനങ്ങൾ എന്ന നിലയിൽ ഇവയോരോന്നും നഷ്ടനഗരങ്ങളിലേക്കുള്ള വിഷാദയാത്രകളാണ്. മോക്ഷമാർഗങ്ങൾ പടവുതീർക്കുന്ന കാശി. ഇരുളും വെളിച്ചവും നിശ്ചലം നിൽക്കുന്ന മഹാപ്രാകാരങ്ങളുടെ ചെട്ടിനാട്. വേരു പറിഞ്ഞുപോന്നവരുടെ ചരിത്രം ശ്മശാനങ്ങൾ പണിത ആന്തമാൻ. മിത്തും ഭാവനയും അശോകവനിയിൽ പൂത്തുലഞ്ഞ ശ്രീലങ്ക. കാലവും കഥയും ഒന്നായി മാറിയ ഉജ്ജയിനി. ശിലകൾ താനേ ശിൽപ്പമായിത്തീർന്ന ഹംപി. മരണം സമുദ്രഗർജ്ജനമായി വന്നു വിഴുങ്ങിയ ധനുഷ്‌കോടി. മരുഭൂമികൾ പടർന്നുവളരുന്ന രാജസ്ഥാൻ. ജമന്തിയും ഹൽവയും മണക്കുന്ന തമിഴകത്തെ തെരുവുകൾ. ആകാശംമുട്ടുന്ന മഹാക്ഷേത്രങ്ങൾ... കാലത്തിലെന്നതിനെക്കാൾ സ്ഥലത്തിൽ നിർവഹിക്കുന്ന ഒരു ഭൂതായനം. ചരിത്രവും ജീവിതവും മരണവും ഓർമയും കടലും കാറ്റും കഥ പറയുന്ന ദേശങ്ങളുടെ ഇടയഗീതങ്ങൾ. കാഴ്ചകൾ ഒരു യാത്രികനെ കെട്ടുപൊട്ടിയ പട്ടം പോലെ പറത്തിക്കൊണ്ടുപോകുന്നതിന്റെ കാവ്യാത്മക വിവരണം.

ഹരികൃഷ്ണൻ മലയാള മനോരമയുടെ ലീഡർ റൈറ്ററാണ്. ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ തിരക്കഥാകൃത്താണ്. വിപണി സിനിമയിൽ ചുവടുറപ്പിച്ചയാളാണ്. ഒ.വി. വിജയനെക്കുറിച്ച് ജീവചരിത്രപരമായ ഗ്രന്ഥരചന നടത്തിയ സാഹിത്യാസ്വാദകനാണ്. പക്ഷെ ഓരോ ജനുസിലും ഓരോ ഭാഷയാണ് ഹരിക്ക്.

വഴികളേ, എന്നെ കൊണ്ടുപോവതെങ്ങ് വായിക്കു... ഭാഷയുടെ മാന്ത്രിക ലാവണ്യം മാത്രമാല്ല, ഷാജി എൻ. കരുൺ എടുത്ത നിരവധി ഫോട്ടോഗ്രാഫുകളും സഹയാത്രികരായ ആർട്ടിസ്റ്റ് നമ്പൂതിരിയുടെയും ആർക്കിടെക്റ്റ് ടി.എം. സിറിയക്കിന്റെയും തോമസ് ജേക്കബിന്റെയും കെ.സി. നാരായണന്റെയും സാന്നിധ്യവും ഇതിലുണ്ട്.

യാത്രാവിവരണത്തെ ഫോട്ടോഫീച്ചറിന്റെ വസ്തുനിഷ്ഠതയിലും ജൈവികാനുഭവങ്ങളുടെ ആത്മനിഷ്ഠതയിലും സ്ഥലകാലാധിഷ്ഠിതമായ സംഭവ-ജീവിതങ്ങളുടെ ചരിത്രപരതയിലും പുനഃസൃഷ്ടിക്കുന്ന ഭാവാത്മകരചനകളാണ് ഹരികൃഷ്ണന്റേത്. മരണം. വിരഹം. പ്രളയം. ശാപം. യുദ്ധം. ഹിംസ. ജീർണത. വരൾച്ച. ദാരിദ്ര്യം, ശൂന്യത. പലായനം.... സൃഷ്ടിയുടെയോ സ്ഥിതിയുടെയോ അവസ്ഥകളും അനുഭവങ്ങളുമല്ല, സംഹാരത്തിന്റെ കരുണാരഹിതമായ രഥയാത്രയാകുന്നു ഈ സ്ഥലങ്ങൾ ഹരികൃഷ്ണനു മുന്നിൽ പ്രദർശിപ്പിച്ചത്. കാശി മുതൽ മധുരവരെ; ആന്തമാൻ മുതൽ ശ്രീലങ്ക വരെ; ഹംപി മുതൽ ധനുഷ്‌കോടി വരെ; ഉജ്ജയിനി മുതൽ ജോധ്പൂർ വരെ - ഓരോ ഇടവും ചരിത്രത്തിലും മിത്തിലും നിന്നു നിർമ്മിച്ചവതരിപ്പിച്ച ഭൂതത്തിന്റെ നിത്യപ്രരൂപങ്ങൾ. മൃതിയുടെ കൊടുങ്കാറ്റു വീശിയപ്പോയ സ്ഥലികളിൽ അവ ജീവിച്ച ജീവിതത്തിനും കാലത്തിനും സാക്ഷ്യം പറയുന്നു.

മലയാളിയുടെ ദേശാന്തരഗമനങ്ങളുടെ ഏറ്റവും വിഖ്യാതമായ ആദിരൂപമാകുന്നു, കാശി. മോക്ഷത്തിന്റെ നിർമുക്തമാർഗം. ലോകത്തെ തന്നെ ഏറ്റവും പ്രാചീനമായ നദീതടനഗരം. മാർക്ട്വയിൻ പറഞ്ഞതുപോലെ, ചരിത്രത്തെക്കാളും ഐതിഹ്യത്തെക്കാളും സംസ്‌കാരത്തെക്കാളും പഴക്കമുള്ള വാരാണസി. മരിക്കാനല്ല, മോക്ഷം നേടാനാണ് ആളുകൾ കാശിയിലെത്തുന്നത്. മരണം ഓളംതല്ലിയെത്തുന്ന ഗംഗാതീരത്ത് സ്‌നാനഘട്ടങ്ങൾ ഒന്നും രണ്ടുമല്ല, എൺപതെണ്ണമാണുള്ളത്. ഓരോന്നിലും മരണത്തിന്റെ വ്യാപാരവും മോക്ഷത്തിന്റെ വാഗ്ദാനവും കൈകോർക്കുന്നു.

ശവങ്ങളുടെ സംഭീതനിശബ്ദതക്കും മനുഷ്യമാംസം വേകുന്ന ദുർഗന്ധയാമങ്ങൾക്കുമിടയിലൂടെ ഹരികൃഷ്ണനും തോമസ് ജേക്കബും ഷാജിയും കെ.സി. നാരായണനും വാരാണസിയെ ഷെഹ്‌നായിയുടെ ദിവ്യസംഗീതം കേൾപ്പിച്ച ഉസ്താദ് ബിസ്മില്ലാഖാന്റെ വീട്ടിലുമെത്തി. ആനന്ദ്, അഭയാർഥികളിൽ എഴുതിയതുപോലെ, കാലം ഗംഗയായും ഗംഗ കാലമായും പ്രവഹിക്കുന്നതിന് സാക്ഷ്യം വഹിച്ച ദിനരാത്രങ്ങളുടെ ഓർമ്മക്കുറിപ്പാണ് കാശിയെക്കുറിച്ചുള്ള ഈ രചന.

ആർട്ടിസ്റ്റ് നമ്പൂതിരിക്കും ആർക്കിടെക്റ്റ് ടി.എം. സിറിയക്കിനുമൊപ്പമാണ് ഹരികൃഷ്ണൻ കാരൈക്കുടിയിലെ കൊട്ടാരസദൃശവും ലോകപ്രസിദ്ധവുമായ ചെട്ടിനാട് വീടുകൾ കാണാൻ പോകുന്നത്. ഹെറിറ്റേജ് ഹോട്ടലുകളിലേക്കും നാശത്തിന്റെ ജീർണസ്മൃതികളിലേക്കും ഒരുപോലെ പരിണമിക്കുകയാണ് ചെട്ടിനാട് വീടുകൾ. പത്തൊൻപതാം നൂറ്റാണ്ടിലെ കപ്പലോട്ടങ്ങളും വിദേശാവാണിജ്യവും നൽകിയ ധനസമൃദ്ധിയുടെ കൊട്ടാരക്കെട്ടുകൾ.

'ശിവഗംഗ, പുതുക്കോട്ട ജില്ലകളിലായി പരന്നുകിടക്കുന്ന 96 ഗ്രാമങ്ങളെ ഒന്നിച്ചാണ് ചെട്ടിനാടെന്നു വിളിക്കുന്നത്. കാരണം ഇത് ചെട്ടിയാർമാരുടെ, നാട്ടുകോട്ട ചെട്ടിയാർമാരുടെ നാടാണ്. വ്യാപാരികളാണ് അവർ. സാമ്പത്തിക സ്ഥാപനങ്ങൾ നടത്തിയാണ് അവർ പ്രധാനമായും പണമുണ്ടാക്കിയത്.

പത്തൊൻപതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയും അവരുടെ കപ്പലോട്ടക്കഥകൾ പറയുന്നു. ഈ ചെട്ടിനാട്ടിൽ നിന്ന് സമീപ തുറമുഖങ്ങളിലെത്തി, അവർ പായക്കപ്പലിൽ വിദൂരദേശങ്ങളിലേക്ക് യാത്ര തിരിച്ചു. ബംഗാൾ ഉൾക്കടലിൽ കാറ്റ് നിയന്ത്രിക്കുന്ന വഴിയിലൂടെ... അങ്ങനെയവർ മ്യാന്മറിലും ശ്രീലങ്കയിലും ജാവായിലും സുമാത്രയിലും മലേഷ്യയിലും സിംഗപ്പൂരിലും വിയറ്റ്‌നാമിലുമൊക്കെ ചെന്നെത്തി. പണമിടപാടു സ്ഥാപനങ്ങൾ നടത്തിയും ഉപ്പുവ്യാപാരം നടത്തിയും പണമേറെ നേടി.. എന്നിട്ട് ചെട്ടിനാട്ടിൽ തിരിച്ചെത്തി, കണ്ട രാജ്യങ്ങളിലെ വാസ്തുശിൽപമാതൃകകൾ മനസ്സിൽവച്ച് അതിഗംഭീരമായ വീടുകൾ പണിതു. അതുകൊണ്ടാണ് ചെട്ടിനാട്ടിലെ വലിയ വീടുകൾക്കു പത്തൊൻപതാം നൂറ്റാണ്ടിലെ ദക്ഷിണ പൂർവേഷ്യൻ കോളനിരാജ്യങ്ങളുടെ മാതൃകകൾ കൈവന്നത്. കൂട്ടുകുടുംബങ്ങൾക്കു പാർക്കാൻ വേണ്ടിയുള്ള, നൂറോളം മുറികളുള്ള, സ്വയംപര്യാപ്തമായ ഈ കൂറ്റൻ വീടുകളാണു ചെട്ടിനാടിനെ ലോകത്തിന്റെ കണ്ണിലെത്തിച്ചതും.

ചെട്ടിനാട്ടിലെ പ്രധാന പട്ടണങ്ങളായ കാരൈക്കുടിയും ദേവക്കോട്ടയും നഗരാസൂത്രണത്തികവിന്റെ ഉത്തമ മാതൃകകളാണ്. റോഡുകൾ, ജലസ്രോതസുകൾ, ചന്തകൾ, ക്ഷേത്രങ്ങൾ... എന്നിട്ടെന്ത്? മാറിയ കാലത്തിനൊപ്പം പിടിച്ചുനിൽക്കാൻ ചെട്ടിനാടിനാവാതെയായി. വലിയ വീടുകൾക്കു മുന്നിലൂടെ കാളവണ്ടികൾക്കു മാത്രം കടന്നുപോകാൻ നിർമ്മിച്ച ഇടുങ്ങിയ വഴികൾ മോട്ടോർ വാഹനങ്ങൾക്കു മുന്നിൽ നാണിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മഴ തീരെക്കുറഞ്ഞുപോയപ്പോൾ ചെട്ടിനാടിന്റെ ജലസ്രോതസുകളും പിന്മടങ്ങി. വലിയ വീടുകളിൽനിന്ന് ചെട്ടിയാർമാർ നല്ല ജീവിതം തേടി ചെന്നൈയിലേക്കും മുംബൈയിലേക്കും വിദേശനഗരങ്ങളിലേക്കും ചേക്കേറി. അങ്ങനെയാണ് പല വീടുകളിലും ആളൊഴിഞ്ഞത്. ആളൊഴിഞ്ഞ വീടുകൾ പൊളിച്ചെടുക്കാൻ ആവശ്യക്കാരെത്തിത്തുടങ്ങി. മുപ്പതു വർഷമായി അതു തുടരുന്നു.

സിറിയക് പറഞ്ഞു: 1998ലാണ് ഞാനിവിടെ ആദ്യം വരുന്നത്. അന്ന് ഇത്രയധികം വീടുകൾ പൊളിച്ചടുക്കിപ്പോയിരുന്നില്ല. കാരൈക്കുടി ടൗൺ എത്താറാവുമ്പോഴേ കേരള റജിസ്‌ട്രേഷൻ വണ്ടി കണ്ട് ഏജന്റുമാർ വിളിച്ചുചോദിക്കും: പഴയ മരയുരുപ്പടികൾ വേണോ സാർ?

പിന്നെയങ്ങോട്ടു ചെട്ടിനാടിന്റെ പൊളിക്കലിനു വേഗം കൂടി...

ചെട്ടിനാട്ടിലെ പല ഗ്രാമങ്ങളും ഇന്നില്ല. അവശേഷിക്കുന്നത് എഴുപതോളം ഗ്രാമങ്ങൾ മാത്രം. കാരൈക്കുടിയിലെ ആയിരത്തോളം വീടുകളിൽ പൊളിച്ചുകഴിഞ്ഞശേഷം ഇന്നവശേഷിക്കുന്നത് അഞ്ഞൂറോളം വീടുകൾ. ഇതിൽത്തന്നെ പല വീടുകളും പൊളിക്കുന്നതിന്റെ പല അവസ്ഥകളിലുമാണ്. പൊളിച്ചെടുത്ത പഴയ വീട്ടുസാധനങ്ങൾ സൂക്ഷിക്കുന്ന ഏറെ ഗോഡൗണുകൾ കാരൈക്കുടിയിൽ ഇപ്പോൾ പലയിടത്തുമുണ്ട്. പാരമ്പര്യത്തിന്റെയും സമ്പന്നതയുടെയും മുദ്രകൾ പേറുന്ന ഈ വീട്ടുസാധനങ്ങൾ ഇപ്പോൾ മഹാനഗരങ്ങളിലെ നക്ഷത്രഹോട്ടലുകളെയും ആധുനികഭവനങ്ങളെയും അലങ്കരിക്കുന്നു; നമ്മുടെ കേരളത്തിൽപ്പോലും'.

ചിദംബരവിലാസ്, ചെട്ടിനാട് മാൻഷൻ, വിശാലം തുടങ്ങിയ ഹെറിറ്റേജ് ഹോട്ടലുകളുടെ കഥ വിവരിക്കുന്ന ഹരി, ആളൊഴിഞ്ഞ ചെട്ടിനാട് ഗ്രാമങ്ങളുടെയും ക്ഷേത്രങ്ങളുടെയും കഥ പറയുമ്പോൾ ഓർമകളിലേക്കു നിഷ്‌ക്രമിച്ച ഒരു കാലം മഹാപ്രതാപികളായ പ്രാകാരങ്ങളുടെ ശിലീഭവിച്ച ഭൂതരൂപങ്ങളിൽ ചേക്കേറുന്നതു കാണാം.

ആൻഡമാനിലേക്കുള്ള യാത്ര തിരക്കഥാരൂപത്തിലാണ് രചിച്ചിട്ടുള്ളത്. തിര, കഥയെഴുതുന്ന സമുദ്രദ്വീപത്തിന്റെ പ്രാതകാലങ്ങളിലേക്കാണ് ഹരിയുടെ സഞ്ചാരം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ 1800 പോരാളികളെയാണ് ബ്രിട്ടീഷുകാർ ആൻഡമാനിലേക്കു നാടുകടത്തിയത്. മാപ്പിളമാർ അവിടെ മറ്റൊരു ഏറനാടുണ്ടാക്കി. അവരുടെ നാലാം തലമുറ, തങ്ങളുടെ പിതാക്കൾ അനുഭവിച്ച കഷ്ടതയുടെ തിക്തകാണ്ഡങ്ങൾ ഓർത്തെടുക്കുന്നു. സുനാമിയുടെ ദുരന്തബാക്കികൾ. ബ്രിട്ടീഷുകാരുപേക്ഷിച്ചുപോയ എടുപ്പുകളുടെ കുടീരങ്ങൾ. ഉമ്മറിന്റെയും മുഹമ്മദിന്റെയും കുടുംബവൃക്ഷങ്ങളുടെ വേരുകൾ. ചരിത്രം തടവറ തീർത്ത കടൽദ്വീപിന്റെ കഥ പറയുന്നു, ഹരി.

'യഥാർത്ഥത്തിൽ ആൻഡമാനിൽ രണ്ടു ജയിലുണ്ട്. ആദ്യത്തേത് ആ കടലാണ്. രണ്ടാമത്തേത് ഈ ജയിലും. ജയിൽ ചാടിയാലും അടുത്ത തടവറയിൽനിന്നു പുറത്തുകടക്കാനാവില്ല. തടവറയ്ക്കുള്ളിലാണ് ഞങ്ങൾ. ഭീമൻ തടവറയുടെ സമീപക്കാഴ്ച ഞെട്ടിപ്പിക്കുന്നു. ചോരയുടെയും മരണത്തിന്റെയും മണമുണ്ട്, അവിടെ ഇപ്പോഴും. തൊട്ടപ്പുറത്ത് ചരിത്രവുമുണ്ട്. എന്തൊരു ചരിത്രം! 'കാലാപാനി'യുടെ കാലാതീത ചരിത്രം!

ഈ ജയിലിനു മുമ്പ് ഫിനിക്‌സ് ബേ, വൈപ്പർ ഐലൻഡ്, നേവി ബേ എന്നിവിടങ്ങളിലെ ബാരക്കുകളിലായിരുന്നു തടവുകാരെ പാർപ്പിച്ചിരുന്നത്. ഇവർതന്നെയാണ് പിന്നീട് തങ്ങൾ വേണ്ടിതന്നെയുള്ള ജയിൽ പണിതത്. പത്തുകൊല്ലം നീണ്ട ജയിൽനിർമ്മാണം പൂർത്തിയായത് 1906ൽ. നിർമ്മാണസാമഗ്രികൾ ഇന്ത്യയിൽനിന്നും ബർമയിൽനിന്നും എത്തിക്കുകയായിരുന്നു. ഇഷ്ടികനിർമ്മാണത്തിന് ദ്വീപുകളുടെ വിവിധ ഭാഗങ്ങളിൽനിന്നും ശേഖരിച്ച മണ്ണും കുമ്മായക്കൂട്ടുണ്ടാക്കാൻ കടലിലെ പവിഴപ്പുറ്റുകളുമാണ് ഉപയോഗിച്ചത്. പ്രകൃതിക്ഷോഭങ്ങളെയും കാലത്തെയും അതിജീവിക്കാൻ ജയിലിന് ഒരു പരിധിവരെ കഴിഞ്ഞതും അതുകൊണ്ടുതന്നെ. ഒരു ഭീമൻ കിനാവള്ളിപോലെയായിരുന്നു ജയിൽ. ആറു ഭുജങ്ങളുള്ള കേന്ദ്ര ഗോപുരത്തിൽനിന്ന് ആരംഭിക്കുന്ന ഏഴു ശാഖകളോടുകൂടിയ പടുകൂറ്റൻ മൂന്നുനില കെട്ടിടം. 696 സെല്ലുകൾ-അറകൾ. യുദ്ധത്തിലും ഭൂകമ്പത്തിലും മറ്റും കേടുപറ്റിയതുകൊണ്ട്, പിൽക്കാലത്ത് പിന്നീട് കിനാവള്ളിയുടെ നാലു വിങ്ങുകൾ പൊളിച്ചുമാറ്റിയിരുന്നു.

സെല്ലുകളിലുള്ളവർക്ക് പരസ്പരം കാണാനാവാത്ത രീതിയിലായിരുന്നു അറകളുടെ നിർമ്മാണം. സ്വാതന്ത്ര്യസമരത്തിലെ അഗ്നിസാന്നിധ്യമായിരുന്ന വിനായക ദാമോദർ സവർക്കർ 50 വർഷത്തിന്റെ കഠിനതടവിനായി 1911 മാർച്ച് 22നാണ് ഇവിടെയെത്തിയത്. അതിനും ഒരു വർഷം മുമ്പേതന്നെ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഗണേശ് സവർക്കർ ജീവപര്യന്തം ശിക്ഷയും നേടി ഇതേ ജയിലിലെ മറ്റൊരു അറയിൽ കഴിയുന്നുണ്ടായിരുന്നു. എന്നാൽ, ഗണേശ് സവർക്കറെ ആൻഡമാനിലേക്കു നാടുകടത്തിയതും വീര സവർക്കറെ അവിടേക്കു കൊണ്ടുവന്നതും സഹോദരന്മാർ പരസ്പരം അറിഞ്ഞിരുന്നില്ല. അതറിയാൻ ഒരു കൊല്ലം വേണ്ടിവന്നു, അവർക്ക്! അത്രയ്ക്കുണ്ടായിരുന്നു സെല്ലുലാർ ജയിൽ സമ്മാനിച്ച ഏകാന്തത! അതോടൊപ്പം മൃഗീയമായ മർദനവും കൊടിയ അപമാനങ്ങളുമൊക്കെ ഏൽക്കേണ്ടിവന്നപ്പോൾ.

അറിയാം. അതൊക്കെ നമുക്കും ശരീരത്തിൽ സങ്കൽപ്പിക്കാം. മരണതുല്യമായ ഏകാന്തതയും ചാട്ടവാറിന്റെ മുറിപ്പാടുകളും അപ്പോഴും രക്തത്തിൽ നിറയുന്ന സ്വതന്ത്ര ഭാരതമെന്ന വികാരവുമൊക്കെ ഞങ്ങളുമറിഞ്ഞു. അതിലൊരു തടവറയ്ക്കുള്ളിൽ ഇത്തിരിനേരം മാത്രം നിന്നപ്പോൾ, കൗതുകത്തിനു വാതിലടച്ചപ്പോൾ, കണ്ണിലിത്തിരി ആകാശക്കീറുപോലും നൽകാത്ത പാരതന്ത്ര്യം നൊടിയിടയ്‌ക്കെങ്കിലും അനുഭവിച്ചപ്പോൾ, കഴുത്തുപാടകലെ തൂക്കുകയർ കണ്ടപ്പോൾ, ജഡം വീഴുന്നയിടത്തു നിന്നപ്പോൾ... ജയിലിലെ ഓരോ നിമിഷവും നിങ്ങളെ ഭ്രാന്തമായ ഏകാന്തതയും ഭീതിയും അറിയിക്കുന്നു.

സെല്ലുലാർ ജയിലിന്റെ പോയകാലത്തെ ചരിത്രം നമുക്കു പുസ്തകങ്ങളിൽ നിന്നു വായിക്കാം. പക്ഷേ, ഇവിടെ നാം അനുഭവിക്കുന്നത് തടവിലാക്കപ്പെട്ട കാലമാണ്; ജീവിതവുമാണ്'.

ശ്രീലങ്കൻ യാത്ര, അശോകവനികയിലേക്കുള്ള മറ്റൊരു സീതായനമാണ്. ഒപ്പം, ലക്ഷക്കണക്കിനു മലയാളികൾ ഒരിക്കലുണ്ടായിരുന്ന കൊളംബോയിൽ ഇന്ന് ഇരുന്നൂറോ മുന്നൂറോ ആയി അവരുടെ സംഖ്യ കുറഞ്ഞതിന്റെ കാലസാക്ഷ്യവും. ശ്രീലങ്കയുടെ സാംസ്‌കാരിക തലസ്ഥാനമായ കാൻഡിയും ഹിൽസ്റ്റേഷനായ നൂറേലിയയും പിന്നിട്ട് രാമായണത്തിന്റെ ശ്രീലങ്കൻ മിത്തുകളിൽ ഏറ്റവും കാല്പനികമായ അശോകവനത്തിലെത്തുന്ന യാത്രികർ സീതാക്ഷേത്രവും സീതപ്പുഴയും കണ്ടുമടങ്ങുന്നു.

ഉജ്ജയിനിയാണ് ഭൂതകാലം സ്തംഭിച്ചു നിൽക്കുന്ന മറ്റൊരിടം. മയൂര, ഗുപ്ത, മുഗൾ, മറാത്ത, സിന്ധ്യ രാജവംശങ്ങളുടെ പടയോട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച രണഭൂമി. അശോകൻ ചക്രവർത്തിയാകും മുൻപേ സ്വന്തമാക്കിയ ഭരണദേശം. ഉത്തരായനരേഖ കടന്നുപോകുന്ന ഇടം. ശിപ്രാനദിയിലെ മഹാകുംഭമേള. ചൂടുള്ള മനുഷ്യഭസ്മം കൊണ്ട് ആരതിനടത്തുന്ന മഹാകാലേശ്വരക്ഷേത്രം. കാളിദാസന്റെ കാവ്യഭാവന ചിറകുവിടർത്തിയ ഉജ്ജയിനിയുടെ കഥയും കലയും കാലവും കാവ്യാത്മകമായവതരിപ്പിക്കുന്നു ഹരികൃഷ്ണൻ.

ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ യാത്രാനുഭവങ്ങൾ ഇനിയുള്ള മൂന്നെണ്ണമാണ്. ഹംപി, ധനുഷ്‌കോടി, ജോധ്പൂർ - ജയ്‌സാൽമർ എന്നിവിടങ്ങളിലേക്കു നടത്തിയവ. ഒന്ന് വിദൂരഭൂതകാലത്തും രണ്ടെണ്ണം സമീപഭൂതകാലത്തും മൃതിയുടെയും വിസ്മൃതിയുടെയും ഇരട്ട ശാപങ്ങൾ ഏറ്റുവാങ്ങിയ സ്ഥലങ്ങൾ. പ്രകൃതിയും സംസ്‌കൃതിയും തമ്മിലുണ്ടായ എക്കാലത്തെയും വലിയ സംഘർഷങ്ങളുടെ അക്കൽദാമകൾ. കാലഭൂപടത്തിൽ ചോരചാലിച്ചെഴുതിയ മർത്യവിധികളുടെ കഥതേടിപ്പോകുകയാണ് ഹരികൃഷ്ണൻ ഈ മൂന്നിടങ്ങളിലും.

ശിലകളുടെ മഹാസമുദ്രവും ശില്പങ്ങളുടെ മഹാശ്മശാനവുമാകുന്നു ഹംപി. വിജനതയുടെ വിഭ്രാമക തീരഭൂമിയാകുന്നു ധനുഷ്‌കോടി. മരുഭൂമി വളർന്നുകൊണ്ടേയിരിക്കുന്ന ഹരിതശൂന്യതയുടെ തീപ്പടർച്ചയാകുന്നു ജയ്‌സാൽമർ.

വിജയനഗരസാമ്രാജ്യം കല്ലിന്റെ പെരുങ്കടലിൽ പണിത കൊട്ടാരങ്ങളും ക്ഷേത്രങ്ങളും എടുപ്പുകളും ശില്പങ്ങളും ശത്രുക്കൾ മനുഷ്യസാധ്യമാംവിധം തച്ചുതകർത്തു. ആ ചരിത്രം ഹരികൃഷ്ണനെഴുതുന്നു:

'ദൈവവും വിശ്വകർമാവിന്റെ പിൻഗാമികളായ ശിൽപികളും തമ്മിൽ നടന്ന ഒരു സംവാദമോ മൽസരമോ ആവണം ഹംപിയിലെ അനശ്വരനിർമ്മിതികൾ.

മഹാക്ഷേത്രങ്ങളെ അവർ കല്ലിൽനിന്നു വേർതിരിച്ചെടുത്തു. ഹംപിയുടെ ആകാശത്തിന് എതിരെ ആത്മവിശ്വാസത്തോടെ നിലകൊള്ളുന്ന ക്ഷേത്രഗോപുരങ്ങളുണ്ടാക്കി. ഒറ്റക്കല്ലിൽനിന്ന് ബൃഹദ് ദേവശിൽപങ്ങൾ ഉണ്ടാക്കി. സപ്തസ്വരങ്ങൾ മുഴക്കുന്ന സ്തൂപങ്ങളും നൂറുകാൽ മണ്ഡപങ്ങളുമുണ്ടാക്കി. ക്ഷേത്രങ്ങളിൽ ഭൂഗർഭ ശ്രീകോവിലുകളുണ്ടാക്കി. പിന്നീട് ഇളക്കിയെടുത്തു നശിപ്പിക്കപ്പെടാനിരിക്കുന്ന ശിൽപചാതുര്യത്തിന്റെ ദേവവിഗ്രഹങ്ങളുണ്ടാക്കി.

അക്കാല വിദേശസഞ്ചാരികളെ അന്ധാളിപ്പിക്കാൻ പോന്ന രൂപകൽപനയിൽ, അഞ്ചുലക്ഷം പേർക്കു സൗകര്യപ്രദമായി താമസിക്കാൻ മാത്രം വലുപ്പമുണ്ടായിരുന്ന ഈ നഗരവുമുണ്ടാക്കി.

(ഇന്ന് അവശേഷ ഹംപിയിലെ സ്ഥിരതാമസക്കാരുടെ എണ്ണം ചില ആയിരങ്ങൾ മാത്രം! 26 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന പഴയ ഹംപി മഹാനഗരത്തിൽ ഉൾപ്പെടുന്ന പുതിയ ഹോസ്‌പെട്ട് പട്ടണത്തിലും പരിസരങ്ങളിലുമായി താമസിക്കുന്നവർ ഒന്നരലക്ഷത്തിലേറെ വരും.)

കടൽകടന്നെത്തി. സഞ്ചാരികൾ എഴുതിവച്ചു: ഇതാ ഒരു നഗരം. പാരീസിനെക്കാളും റോമിനെക്കാളും ലിസ്‌ബനെക്കാളും വലുത്. 1520-22 ൽ ഹംപി സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി ഡൊമിൻഗോ പയസ്, കൃഷ്ണദേവരായരുടെ ഈ തലസ്ഥാനനഗരം കണ്ട് സഞ്ചാരക്കുറിപ്പിൽ എഴുതി: ലോകത്തിലെ ഏറ്റവും ജീവിതയോഗ്യമായ നഗരമാണിത്! ഹംപി ബസാറുകളിൽ നിങ്ങൾക്കെല്ലാ രാജ്യങ്ങളിലെ ആളുകളെയും കാണാം. ഗംഭീരമായ വ്യാപാരകേന്ദ്രങ്ങളാണവ.

ഹംപി തെരുവുകളിൽ അന്നു കിട്ടാത്തതൊന്നുമുണ്ടായിരുന്നില്ല. മരതകവും വൈഡൂര്യവും വജ്രവും വിൽപനയ്ക്കുവച്ച കടകൾ. സുഗന്ധദ്രവ്യങ്ങൾ, ആഭരണങ്ങൾ, വെൽവെറ്റ് ഉടയാടകൾ തുടങ്ങി ഇറക്കുമതി ചെയ്ത കുതിരകളെ വരെ ഹംപിയുടെ ബസാറിൽ വാങ്ങാൻ കിട്ടുമായിരുന്നു. ക്ഷേത്രങ്ങളുടെ മുന്നിലായിരുന്നു വിൽപ്പനത്തെരുവുകൾ.

ആ ബസാറുകളുടെ അവശിഷ്ടങ്ങൾ ഇന്നുമുണ്ട്. വിരൂപാക്ഷക്ഷേത്രത്തിനു മുന്നിലുള്ള ഹംപി ബസാർ, അച്യുതരായ ക്ഷേത്രത്തിനും വിട്ഠല ക്ഷേത്രത്തിനും മുന്നിലുള്ള ബസാറുകൾ... നൂറ്റാണ്ടുകൾ കടന്നുനിലനിൽക്കുന്നത് ആ പേരും അവിടെ ഒരിക്കൽ കടകൾ ഉണ്ടായിരുന്നുവെന്നു സങ്കൽപ്പിച്ചെടുക്കാവുന്ന കല്ലതിരുകളും മാത്രം. തെരുവുപാതകളുടെ വീതി നമ്മെ വിസ്മയിപ്പിക്കും.

ഇന്ന് സങ്കടംതോന്നിപ്പിക്കും വിധത്തിൽ ആളറ്റ്, ആശയറ്റു മരിച്ചുകിടക്കുകയാണ് ഹംപി തെരുവുകൾ...

അന്നോ?

പേർഷ്യൻ വണിക്കായ അബ്ദുൽ റസാക്ക് പിൽക്കാലചരിത്രത്തിനായി ഇങ്ങനെ ഹംപിയെ വിശേഷിപ്പിച്ചു: ഈ നഗരംപോലെ മറ്റൊന്നു കണ്ണുകൾക്കു കാണാൻ കഴിയില്ല; കാതുകൾക്കു കേൾക്കാനും... ഒരു പർവതത്തിനുചുറ്റും വൃത്താകൃതിയിൽ തീർത്ത കോട്ടയും ഞാനിവിടെ കണ്ടു.

ഈ പാറക്കുന്നുകൾ ഒരേസമയം ഹംപിയുടെ അതിർത്തിയും കോട്ടയുമായി... പാറക്കല്ലുകൾ നിറഞ്ഞ മലകളും ഗംഭീരഗാത്രിയും നിഷ്ഠുരയുമായ തുംഗഭദ്രയും കടന്ന് ശത്രുസൈന്യം ഹംപിയിൽ വരില്ലെന്നുതന്നെ, തന്ത്രപരമായ കാരണങ്ങളാൽ ഇവിടം തലസ്ഥാനമാക്കിയ വിജയനഗര രാജാക്കന്മാർ കരുതിയിരിക്കണം. പക്ഷേ, അതല്ല സംഭവിച്ചത്. വിജയനഗര സാമ്രാജ്യത്തിന്റെ സമ്പന്നത കൈക്കലാക്കാൻ മോഹിച്ചു പടയ്‌ക്കെത്തിയവർ ഒടുവിൽ കൊതിച്ചതു നേടുകതന്നെ ചെയ്തു.

ഹംപി വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കാലം 1336 മുതൽ 1565 വരെയാണ് തളിക്കോട്ടയിൽ 1565 ജനുവരിയിൽ നടന്ന ഘോരയുദ്ധത്തിൽ വിജയനഗര സാമ്രാജ്യത്തിന്റെ വേരുകളിളകി. വിജയനഗരത്തിനെ തോൽപ്പിക്കാനായി കൈകോർത്ത ഡക്കാൻ സുൽത്താന്മാർ പിൽക്കാല ചരിത്രത്തിൽ ഹംപിയെ പരാജയത്തിന്റെ നഗരമാക്കി.

ഹംപിയിലേക്ക് അവർ ഇരച്ചുകയറി. കണ്ണിൽക്കണ്ടതെല്ലാം മോഷ്ടിച്ചു; നശിപ്പിച്ചു. ക്ഷേത്രങ്ങളുടെ നേർക്കു നടന്ന ആക്രമണം നിധികിട്ടുമെന്നു കരുതിയായിരുന്നുവത്രെ. രത്‌നങ്ങൾ കോർത്ത മാലകൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്ന ഹംപിയിലെ ക്ഷേത്രങ്ങൾ നിർദയം നശിപ്പിക്കലിനിരയായി. വിജയനഗര വാസ്തുശിൽപശൈലി കരിങ്കൽ ശിൽപങ്ങളിൽ ആവോളമണിഞ്ഞുനിന്നിരുന്ന ക്ഷേത്രങ്ങളുടെ നേരെ വിനാശത്തിന്റെ മഴു ഉയർന്നുതാണു. ശിൽപങ്ങളിൽ എഴുന്നുനിന്നിരുന്ന സകലതും പൊട്ടിച്ചുകളഞ്ഞു. സാലഭഞ്ജികമാരുടെ സ്തനങ്ങളും ആനകളുടെ തുമ്പിക്കയ്യുമൊക്കെ അങ്ങനെയാണ് ഇല്ലാതായത്.

ഹംപിയെ നശിപ്പിക്കാൻ അവർ തുടർച്ചയായ ആറുമാസം അധ്വാനിച്ചു. എന്നിട്ടും, കരിങ്കല്ല് മുഴുവനായി തോറ്റുകൊടുത്തില്ല. പിൽക്കാലത്ത് ആർക്കിടെക്ചർ വിദ്യാർത്ഥികൾക്കു പഠിക്കാൻ ഒരു സിദ്ധാന്തം നൽകുകയും ചെയ്തു ഹംപി: സമയമെടുത്തുണ്ടാക്കിയ ഒരു നിർമ്മിതി പൊളിച്ചുകളയാനും അത്രയും സമയം വേണ്ടിവരും!

അത്രയും സമയം കിട്ടിയിരിക്കില്ല, ശത്രുക്കൾക്ക്.

അതുകൊണ്ട്, ജീവൻ പോയെങ്കിലും ഇന്നും ഹംപിയുടെ ദേഹം കുറെയൊക്കെ ബാക്കിനിൽക്കുന്നു.

തളിക്കോട്ട യുദ്ധത്തിനുശേഷമുണ്ടായ തകർക്കപ്പെടലിൽനിന്നു ഹംപിക്കു കരകയറാനായില്ല. എഴുന്നേറ്റുനിൽക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. പിന്നീടും പല തവണ ആക്രമിക്കപ്പെട്ടു; കൊള്ളയടിക്കപ്പെട്ടു.

എന്തായാലും, തന്റെ തലസ്ഥാനനഗരത്തെ വിശ്വോത്തരമാക്കിയ കൃഷ്ണദേവരായർക്ക് ആ തകർച്ച കാണേണ്ടിവന്നില്ല. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായിരുന്നു അദ്ദേഹം. 45 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന, 20 വർഷം മാത്രം (1509-29) രാജ്യം ഭരിച്ച രാജാവ്. എന്നിട്ടും, നമ്മുടെ കാസർകോടിന്റെ അറ്റം മുതൽ കർണാടകത്തിലും ആന്ധ്രയിലും തഞ്ചാവൂർ, മധുര തുടങ്ങിയ തമിഴകമണ്ണിലും മഹാരാഷ്ട്രവരെയും നീണ്ടുകിടന്ന, ഇന്നത്തെ പല സംസ്ഥാനങ്ങളും ഉൾപ്പെട്ട അറബിക്കടൽ മുതൽ ബംഗാൾ ഉൾക്കടൽ വരെയുണ്ടായിരുന്ന വിസ്തൃത സാമ്രാജ്യത്തിന്റെ വിഖ്യാത ചക്രവർത്തി. തെന്നാലി രാമൻ മുതലായവർ ഉൾപ്പെട്ട പണ്ഡിതന്മാരും സംഗീത-നാട്യ പ്രവീണരുമൊക്കെ നിറഞ്ഞതായിരുന്നു കൃഷ്ണദേവരായരുടെ കൊട്ടാരസദസ്സ്. അദ്ദേഹം വിദേശ സന്ദർശകർക്കായി വാതിൽ തുറന്നുവച്ചു. പോർച്ചുഗീസ് സഞ്ചാരികൾ കൃഷ്ണദേവരായർക്കായി അറബിക്കുതിരകളും തോക്കുകളും കൊണ്ടുവന്നു. ഇന്നും കാലം തോൽപ്പിക്കാത്ത അദ്ഭുതമായി നിലകൊള്ളുന്ന ഹംപി നഗരത്തിലെ ജലവിതരണ സംവിധാനം രൂപകൽപ്പന ചെയ്യാൻ അദ്ദേഹത്തെ സഹായിച്ചത് പോർച്ചുഗീസ് വിദഗ്ധരാണ്.

ഒരു സാമ്രാജ്യത്തിന്റെ അവസാനത്തെ രാജാവായി ചരിത്രത്തിലെത്തുന്നതാണ് ഏറ്റവും വലിയ ശാപമെങ്കിൽ, വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ ആ സ്ഥാനം രാമരായർക്കാണ്. കൃഷ്ണദേവരായർക്കുശേഷം വിജയനഗരം ഭരിച്ച അദ്ദേഹത്തിന്റെ അർധസഹോദരൻ അച്യുതരായർക്കു (1529-42) ശേഷമാണ്, കൃഷ്ണദേവരായരുടെ മരുമകനായ രാമരായർ 1565 വരെ ചെങ്കോൽ പിടിച്ചത്.

പിന്നെ, ഹംപിയുടെ മരണം.

ആത്മവിശ്വാസത്തിന്റെ ഉളിമൂർച്ചകൾ കല്ലിലുണ്ടാക്കിയ നഗരം കല്ലുകളിലേക്കു തലതാഴ്‌ത്തി മടങ്ങി.

എന്തൊരു ചാക്രികത!'.

പ്രതിഷ്ഠയില്ലാത്ത മഹാക്ഷേത്രമായി വിട്ഠാല തകർന്നും തകരാതെയും ബാക്കികിടക്കുന്നു. ശിലകൾ ശില്പമായും കല്ലുകൾ കവിതയായും മാറുന്ന ഹംപിയുടെ മൃതഭൂതത്തിനുമേൽ കാലം കണ്ണീർ വീഴ്‌ത്തുന്ന കാഴ്ച ഹരി വിവരിക്കുന്നു. 'വിട്ഠാലക്ഷേത്രത്തോളം മുറിപ്പെടുത്തുന്ന ഒരവശേഷം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല' (പുറം 116). 'മരിച്ചിട്ടും പൂർണമായഴുകാതെ ബാക്കികിടക്കുന്ന ഒരു ശവശരീരമാണ് ഹംപി' (പുറം 121). ഉപേക്ഷിക്കപ്പെടുന്ന എല്ലാത്തിലും ഒരു ഹംപി ഉണ്ടായിരിക്കണം (പുറം 124).

ധനുഷ്‌കോടി രാമായണത്തിലെ വിഖ്യാതമായ ഭാവനാഭൂപടത്തിന്റെ ഭാഗമായിരുന്നു. ബംഗാൾ ഉൾക്കടലും ഇന്ത്യാസമുദ്രവും സംഗമിക്കുന്ന സ്ഥലം. 1964ലെ സുനാമി ആയിരത്താണ്ടുകൾ പഴക്കമുള്ള സംസ്‌കൃതി നിലനിന്ന ധനുഷ്‌കോടിയെ മൃതനഗരമാക്കി മാറ്റി. പാമ്പനിൽ നിന്ന് ധനുഷ്‌കോടിയിലേക്കു നിറയെ യാത്രക്കാരുമായി പോയ തീവണ്ടിയപ്പാടെ കടലെടുത്തു. ഇന്നും ധനുഷ്‌കോടി മനുഷ്യരുപേക്ഷിച്ച മരണത്തിന്റെ സാഗരതീരമായവശേഷിക്കുന്നു. മറ്റൊരു കൊമാല. കടലെടുത്തവരുടെ പ്രേതങ്ങൾ നിർബാധം വിഹരിക്കുന്ന മണൽക്കാടുകൾ. കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങൾ. കോവിലുകളുടെ ശ്മശാനങ്ങൾ. ജനപദങ്ങളുടെ വിദൂരസ്മൃതികൾ. അവശേഷിച്ച ചുരുക്കം ചില മനുഷ്യർ ഈ മൃതദേശം കാണാനെത്തുന്നവരുടെ കരുണയിൽ ജീവിക്കുന്നു. സുനാമിയെ അതിജീവിച്ച കാളിയുടെ കഥ ഹരികൃഷ്ണൻ കേട്ടു. മിഹിർസെന്നിനൊപ്പം ശ്രീലങ്കയിലേക്ക് പലതവണ കടലിടുക്കു നീന്തിക്കടന്ന കരുത്തനായ മുക്കുവൻ. തന്റെ നാടിനെ കടലെടുത്ത കഥ പറഞ്ഞാണ് കഴിഞ്ഞ അരനൂറ്റാണ്ടായി കാളി ജീവിക്കുന്നത്.

ജോധ്പൂരും ജയ്‌സാൽമറും ഉൾപ്പെടുന്ന രാജസ്ഥാൻനഗരങ്ങൾ അവിശ്വസനീയതകളുടെയും അപാരതകളുടെയും കാലസ്ഥലികളാണ്. ജോധ്പൂരിലെ മെഹ്‌റാൻഗഢ് കോട്ട അഞ്ചു നൂറ്റാണ്ടു മുൻപ് റാത്തോഡ് രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു. ഒടുവിൽ ജോധ്പൂർ ഭരിച്ച ഉമൈസിങ് നിർമ്മിച്ച കൊട്ടാരം ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊട്ടാരങ്ങളിലൊന്നാണ്. ആ കൊട്ടാരനിർമ്മാണത്തിന്റെ കഥ കേൾക്കൂ.

'ഉമൈദ് ഭവൻ കൊട്ടാരത്തിന്റെ ആദ്യ കാഴ്ചതന്നെ ആ പഴമക്കാറുകളുടേതാണ്.

ഇവിടത്തെ വിന്റേജ് കാറുകളുടെ അത്യപൂർവമായ രാജകീയശേഖരം വിദേശസഞ്ചാരികളുടെവരെ വലിയ ആകർഷണമാണ്. കാറുകളുടെ ആ നന്ദനോദ്യാനത്തിലൂടെ നടന്നുനീങ്ങുമ്പോൾ ആദ്യംതന്നെ നാം കാണുന്നു: റോൾസ് റോയ്‌സ് ഫാന്റം - 1. കാറിന്റെ നിർമ്മാണ വർഷം 1927. റഡിസ്‌ട്രേഷൻ ജോധ്പൂർ-27 എന്ന നമ്പറിൽ. എട്ടു വർഷം കഴിഞ്ഞിറങ്ങിയ റോൾസ് റോയ്‌സ് ഫാന്റം-രണ്ടിന്റെ നമ്പർ സവിശേഷം: ജോധ്പൂർ-1. അതായത്, രാജാവിന്റെ ഏറ്റവുമാദ്യത്തെ വാഹനം!

തീർന്നില്ല; കാഡിലാക്കിന്റെ രണ്ട് 1947 മോഡലുകൾ, ബ്യൂക്ക്-8 റോഡ് മാസ്റ്റർ (1947), ഓവർലാൻഡ് (1906), മോറിസ് മൈനർ (1934), മോറിസ് കവർ (1947)... അങ്ങനെയങ്ങനെ, നമ്മുടെ കാഴ്ച ബെൻസിലേക്കും എത്തുന്നു.

ആ കാറുകളുടെ കാഴ്ച കണ്ട് തലയുയർത്തിനോക്കിയത് ഉമൈദ് ഭവനിലേക്കാണ്. ആയിരമായിരം കാഴ്ചകൾ കണ്ട് ആത്മവിശ്വാസം കൊണ്ട നമ്മുടെ കൃഷ്ണമണികളെ ചെറുതാക്കാൻപോന്ന വലുപ്പവുമായി ലോകത്തിലെതന്നെ ഏറ്റവും വലിയ കൊട്ടാരങ്ങളിലൊന്നു തലയുയർത്തിനിൽക്കുന്നു.

ഉമൈദ് ഭവൻ കോട്ടയ്ക്കു പുറത്തു താമസിക്കണമെന്നു മോഹിച്ച ഉമൈദ് സിങ്ങിന്റെ സാക്ഷാത്കാരം. 1929 മുതൽ 44 വരെയാണ്, ഇന്ത്യയിലെ അവസാനത്തെ കൊട്ടാരത്തിന്റെ നിർമ്മിതിയുടെ കാലം.

94, 51, 565 രൂപ അതിനായി ചെലവാക്കാൻ അന്ന് രജപുത്താനയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായ ജോധ്പൂരിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കൊട്ടാരത്തിന്റെ ആർക്കിടെക്റ്റ് ഇംഗ്ലണ്ടിലെ വിശ്രുതനായ ഹെന്റി വോഗൻ ലാൻചെസ്റ്റർ. ന്യൂഡൽഹിയെ ഇന്ത്യയുടെ തലസ്ഥാനനഗരമാക്കാൻ വേണ്ടിയുള്ള ചുമതല 1912ൽ ഏൽപ്പിക്കപ്പെട്ടവരിലൊരാൾ ലാൻചെസ്റ്ററായിരുന്നു.

1925 ഒക്ടോബർ പതിനാറിന് ലണ്ടനിൽവച്ച് ഉമൈദ് സിങ് ലാൻചെസ്റ്ററുമായി ആദ്യ കൂടിക്കാഴ്ച നടത്തി. അന്ന് രാജാവ് ആവശ്യപ്പെട്ടതു നമുക്കൂഹിക്കാം.

- എനിക്കായി ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം പണിയണം!

പോളോ കമ്പക്കാരനായിരുന്ന രാജാവ് മത്സരത്തിനു വേണ്ടിയായിരുന്നു സ്വന്തം ടീമിന്റെ കൂടെ ഇംഗ്ലണ്ടിലെത്തിയത്. വിമാനമോടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ രസം. അതിനുവേണ്ടിയായിരുന്നു ജോധ്പൂരിൽ വിമാനത്താവളമുണ്ടാക്കിയതും. വിദേശവിമാനങ്ങൾ വരെ അന്നേ ജോധ്പൂരിലിറങ്ങി. അതുകൊണ്ട്, ഡൽഹിയെക്കാൾമുമ്പ് ഇന്റർനാഷനൽ എയർപോർട്ട് ആയത് ജോധ്പൂരാണെന്നു പറയാറുണ്ട്. ആഫ്രിക്കൻ കാടുകളിൽ വേട്ടയാടുകയും സ്‌കോട്‌ലൻഡിലെ തടാകങ്ങളിൽ മീൻപിടിക്കുകയും ചെയ്തിരുന്ന ഒരു ഇന്ത്യൻ നാട്ടുരാജാവിനെ സങ്കൽപ്പിക്കുക.

അങ്ങനെ ലാൻചെസ്റ്റർ ആ കൊട്ടാരം പണിയാൻ തുടങ്ങി. 3000 തൊഴിലാളികളുടെ അധ്വാനംകൊണ്ട്. 347 മുറികൾ. അതിഥിമുറികൾ രാജ്യാന്തര നിലവാരം പുലർത്തി. 1921ൽ വെയിൽസ് രാജകുമാരൻ ജോധ്പൂർ സന്ദർശിച്ചപ്പോൾ അന്നത്തെ കൊട്ടാരത്തിൽ താമസിക്കാനുള്ള സൗകര്യമില്ലാത്തതുകൊണ്ട് പുറത്തെ ടെന്റിൽ പാർപ്പിക്കേണ്ടിവന്നതിന്റെ മുഴുവൻ വിഷമവും ഉമൈദ് ഭവനിലെ ഗസ്റ്റ് സ്യൂട്ട് നിർമ്മിതിയിലൂടെ രാജാവ് മാറ്റിയെടുത്തു.

കൊട്ടാരത്തിലേക്കു പ്രത്യേകമായി രൂപകൽപന ചെയ്ത ഫർണിച്ചറും മറ്റ് ഇന്റീരിയർ സാമഗ്രികളും കൊണ്ട് ഇംഗ്ലണ്ടിൽനിന്നു പുറപ്പെട്ട കപ്പൽ വഴിമധ്യേ കടലിൽ മുങ്ങിയപ്പോഴും രാജാവ് പതറിയില്ല. കയ്യിലുണ്ടായിരുന്ന ഡിസൈനുകൾ രാജാവ് പോളിഷ് ആർട്ടിസ്റ്റായ സ്റ്റിഫാൻ നോർബ്ലിനു കൈമാറുകയും അദ്ദേഹം അതുപ്രകാരം പുതിയ ഇന്റീരിയർ സാമഗ്രികൾ രൂപകൽപന ചെയ്യുകയുമായിരുന്നു...

കഥയിലെ അവസാന വരി നമ്മെ ദുഃഖിപ്പിക്കും. കൊട്ടാരം പണിതീർന്ന് ഏതാനും മാസങ്ങളേ അവിടെ അദ്ദേഹത്തിനു താമസിക്കാനായുള്ളൂ. 1947 ജൂണിൽ മഹാരാജ ഉമൈദ് സിങ് അന്തരിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു രണ്ടു മാസം മുമ്പ്, നാൽപ്പത്തിനാലാം വയസ്സിൽ'.

മരുഭൂമിയിലാണ് ജയ്‌സാൽമർ. നഗരവും കൊട്ടാരവും കോട്ടയും അവിടെയുമുണ്ട്. ആനന്ദ്, 'മരുഭൂമികൾ ഉണ്ടാകുന്നത്' എന്ന നോവലിൽ അവതരിപ്പിച്ച രംഭാഗഡ് കോട്ടയുടെ സ്മൃതിയുണർത്തി, ഹരികൃഷ്ണനിൽ ആ കോട്ട. നിഷ്ഠൂരമായ സതിയനുഷ്ഠാനങ്ങളുടെ ജ്വലിക്കുന്ന ഓർമകൾ ചരിത്രത്തിൽ ചാരം മൂടിക്കിടക്കുകയാണ് ജയ്‌സാൽമർ കോട്ടയ്ക്കുള്ളിൽ.

സംഘകാലസംസ്‌കാരത്തിന്റെ ഈറ്റില്ലമായ കാവേരി പൂം പട്ടണം തേടിയുള്ള ഒരു ദക്ഷിണായനമാണ് അടുത്ത രചന. വഴിയിൽ ചിദംബരവും തഞ്ചാവൂരുമുൾപ്പെടെയുള്ള ചോളനാഗരികതയുടെ മഹാസ്മാരകങ്ങൾ. തമിഴകത്തെ ബൃഹദ്‌ക്ഷേത്രങ്ങളെ അവയുടെ മിത്തും ചരിത്രവും ഉൾപ്പെടുന്ന ഭൂതബന്ധങ്ങൾ വിവരിച്ച് വർണിക്കുന്നു ഹരികൃഷ്ണൻ. കാവേരി കടലിൽ ചേരുന്ന ഇടമാണ് പൂംപുഹാർ. എന്നോ കടലെടുത്തുപോയ മഹാനഗരം.

ടെലിവിഷൻകാലത്തു രൂപംകൊണ്ട യാത്രാവിവരണമാതൃകകളിൽ രണ്ടെണ്ണമാണ് ഇനിയുള്ളത്. ഫുഡ്ട്രാവലോഗും ഓട്ടോ ട്രാവലോഗും. തമിഴകരുചിതേടി തെങ്കാശി, തിരുനൽവേലി, വിരുദുനഗർ, കാരൈക്കുടി ചുറ്റി തിരുച്ചിറപ്പള്ളിയിലെത്തുന്നു ആദ്യയാത്ര. കോട്ടയത്തുനിന്ന് കുമളിവഴി മധുര മീനാക്ഷിക്ഷേത്രത്തിലെത്തി തിരിച്ചുവരുന്നു രണ്ടാം യാത്ര.

'വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്', ആഖ്യാനത്തിന്റെ കാവ്യാത്മകതകൊണ്ടും പ്രമേയപരതയുടെ അസാധാരണത്വം കൊണ്ടും ഷാജി എൻ. കരുൺ ഉൾപ്പെടെയുള്ളവരുടെ അസുലഭ ചാരുതയ്യാർന്ന ചിത്രങ്ങൾ കൊണ്ടും സ്ഥലത്തെക്കാൾ കാലത്തെ കേന്ദ്രീകരിക്കുന്ന സംസ്‌കാരസഞ്ചാരങ്ങളുടെ സൗന്ദര്യരാഷ്ട്രീയം കൊണ്ടും മലയാളത്തിലെ യാത്രാവിവരണസാഹിത്യത്തിൽ വേറിട്ടു നിൽക്കുന്ന രചനയാണ്.

പുസ്തകത്തിൽ നിന്ന്:-

'യ്‌സൽമേറിലെ കോട്ട. കോട്ടയെന്ന നമ്മുടെ സങ്കൽപത്തെത്തന്നെ തിരുത്തിക്കുറിക്കും. ഒരു ചെറു പട്ടണത്തെത്തന്നെ ഉൾവഹിക്കാൻ പോരുംവിധം വിസ്തൃതം.

കോട്ടയുടെ ആയിരം കാഴ്ചകൾക്കിടയിലും ഞങ്ങളാദ്യം തേടിയത് രാജവനിതകളുടെ സതി അനുഷ്ഠാനവേദിയായിരുന്നു. ഈ കോട്ട പിടിച്ചടക്കാനും വിട്ടുകൊടുക്കാതിരിക്കാനും വേണ്ടി പല യുദ്ധങ്ങളും നടന്നിട്ടുണ്ട്. പുറത്തെ യുദ്ധവേദിയിൽ പോരാടുന്ന തങ്ങളുടെ പുരുഷന്മാർക്കും കോട്ടയ്ക്കും തോൽവി ഉറപ്പായാൽ, ശത്രുസേനയുടെ കയ്യിൽപ്പെടാതിരിക്കാൻ, കൊട്ടാര അന്തപ്പുരത്തിനകത്തെ നൂറുകണക്കിനു സ്ത്രീകൾ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങും. എന്നിട്ട്, കത്തിയാളുന്ന 'ജൗഹാർ' അഗ്നികുണ്ഠത്തിലേക്കു വിവാഹവേദിയിലേക്കെന്നപോലെ ചുണ്ടിൽ മന്ദസ്മിതത്തോടെ നീങ്ങും.

ജൗഹാറിലേക്കുള്ള പടവുകൾ ഇറങ്ങുന്നതിനു മുമ്പ്, ചുവരിൽ, സ്വന്തം ചോര ചാലിച്ച കൈപ്പത്തി അവർ പതിക്കുമായിരുന്നു.

അവസാനത്തെ കൈവീശൽപോലെ..

ഇത്തരത്തിലുള്ള ഒടുക്കത്തെ ചോരക്കയ്യൊപ്പുകൾ രാജസ്ഥാനിലെ പല കോട്ടച്ചുമരുകളിലും ഇന്നുമുണ്ട്; ഇവിടെയും.

ജയ്‌സൽമേറിലെ കോട്ടയിൽ രണ്ടര 'ജൗഹാർ' സതിയാണു നടന്നിട്ടുള്ളത്. രണ്ടെണ്ണം തോൽവി ഉറപ്പായപ്പോൾ കോട്ടയിലെ വനിതകൾ നേരിട്ട് അനുഷ്ഠിച്ചതാണെങ്കിൽ മറ്റൊരു യുദ്ധത്തിൽ തോൽവി ഉറപ്പായപ്പോൾ രാജാവ് തന്നെ തന്റെ വനിതകളെ മുഴുവൻ കൊല്ലുകയായിരുന്നു. ഇത് 'അര ജൗഹാർ' എന്ന് അറിയപ്പെട്ടു.

കോട്ടയിലെ എത്രയോ തിരച്ചിലിനുശേഷമാണ് ഞങ്ങൾ 'ജൗഹാർ' നടന്നതായി കരുതപ്പെടുന്ന ആ ഇടത്തെത്തിയത്. ഈ യാത്രയിലെ ഏറ്റവും ഭീതിദമായ കാഴ്ച!

ജയ്‌സൽമേറിലെ കോട്ടയുടെ പശ്ചാത്തലമുണ്ട് ആനന്ദിന്റെ പ്രശസ്തമായ 'മരുഭൂമികൾ ഉണ്ടാകുന്നത്' എന്ന നോവലിൽ; രംഭാഗഢ് കോട്ട എന്ന സാങ്കൽപ്പിക നാമമാണെങ്കിലും. യുദ്ധതോൽവിയെക്കുറിച്ചും ജൗഹാർ കുണ്ഡത്തിലെ എരിഞ്ഞടങ്ങലിനെക്കുറിച്ചും നോവലിൽ ആനന്ദ് എഴുതിയത് ഇങ്ങനെയാണ്:

കോട്ടയ്ക്കകത്തെ ജൗഹാർ കുണ്ഡത്തിൽ തീ കൊളുത്തപ്പെട്ടു. അകത്തുണ്ടായിരുന്ന സ്ത്രീവൃന്ദം മുഴുവൻ അതിലേക്കു ചാടി. പുരുഷന്മാർ അവർക്കുമീതെ വിറകിട്ടുകൊടുത്തു. കോട്ടയ്ക്കകത്തുനിന്ന് ഉയർന്നുപൊങ്ങിയ അഗ്നിജ്വാലകളെ നോക്കി ആലംഖാനും സൈന്യവും ഭയന്നുനിന്നു. അവസാനത്തെ സ്ത്രീയുടെ രോദനവും ഒതുങ്ങിയപ്പോൾ കോട്ടവാതിലുകൾ ഭയാനകമായ ഞരക്കത്തോടെ തുറന്നു. അതിലൂടെ കാവിവസ്ത്രം ധരിച്ച് ഊരിപ്പിടിച്ച വാളുകളുമായി വെളിയിലേക്കിറങ്ങിയ പുരുഷന്മാർ സുൽത്താന്റെ സൈന്യത്തിനു മീതെ ചാടിവീണു. അന്നു വൈകുന്നേരം ഇരുളും വരെ യുദ്ധം നീണ്ടുനിന്നു. അപ്പോഴേക്കും മാൻസിങ്ങിന്റെ അവസാനത്തെ പുരുഷനും മാൻസിങ് തന്നെയും ആലംഖാൻ സേനയുടെ വാളുകൾക്കിരയായിക്കഴിഞ്ഞിരുന്നു. ജീവനുള്ള ഒരു മനുഷ്യനും അവശേഷിക്കാത്ത, മനുഷ്യമാംസം അപ്പോഴും കരിഞ്ഞുകൊണ്ടിരുന്ന കോട്ടയ്ക്കകത്തേക്കു കത്തിച്ചുപിടിച്ച പന്തങ്ങളുമായി സുൽത്താന്റെ സേന മാർച്ച് ചെയ്യുന്നു.

(ആനന്ദിന്റെ കഥപറച്ചിൽ ഇവിടെ തീർക്കാൻ തോന്നുന്നില്ല.)

പല മാസങ്ങൾ സുൽത്താൻ കോട്ടയ്ക്കകത്തു വാണു. ഈ കാലമത്രയും അയാൾ അമ്പരന്നുകൊണ്ടിരുന്നു. താൻ എന്താണ് അവിടെ ചെയ്യുന്നതെന്ന്, എന്തിനാണ് താൻ ഈ കോട്ട പിടിച്ചടക്കിയതെന്ന്. ചുറ്റും മണലും കല്ലുമല്ലാതൊന്നും കാണാനില്ലാതിരുന്ന ആ വിജനത അയാളുടെ പടയാളികളെ വിരക്തരും അലസരുമാക്കി. അവസാനം തണുപ്പുകാലത്തെ ഒരു നിലാവുള്ള രാത്രിയിൽ, കയറിവന്നതുപോലെ തന്നെ നിശ്ശബ്ദരായി അയാളും അയാളുടെ സേനയും അതിൽനിന്നിറങ്ങിപ്പോയി. രംഭാഗഢ് കോട്ട കാലിയായി. അതിനുശേഷം പലപ്പോഴായി പല രാജാക്കന്മാരും സുൽത്താന്മാരും അതിനകത്തു കയറി ഇറങ്ങിപ്പോയി. ആർക്കും അതിനെ തന്റേതാക്കാൻ കഴിഞ്ഞില്ല. ക്രമത്തിൽ, ക്രമത്തിൽ അത് ഉപേക്ഷിക്കപ്പെട്ടു...

ഭൂമിക്കൊപ്പം മനസ്സിലും മരുഭൂമികൾ ഉണ്ടാവുന്നതിനെക്കുറിച്ചാണ് ആനന്ദ് എഴുതിയത്. പക്ഷേ, മനസ്സിൽ മാത്രമല്ല, ജയ്‌സൽമേറിന്റെ ജനപദങ്ങളിലും കോട്ടകൊത്തളങ്ങളിലും എന്തിന്, എഴുതിവച്ച ചരിത്രത്തിൽപ്പോലും മരുഭൂമികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു'.

വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്
യാത്രാവിവരണം
ഹരികൃഷ്ണൻ
മനോരമ ബുക്‌സ്
2020, വില 280 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP