Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാളപ്പോരിന്റെ കഥ

കാളപ്പോരിന്റെ കഥ

ഷാജി ജേക്കബ്‌

'There are only three sportsbullfightingmotor racing, and mountaineering; all the rest are merely games.'

- Ernest Hemingway

നുഷ്യനും മൃഗവും തമ്മിലുള്ള പോരല്ല ജല്ലിക്കെട്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള പോരാണത്. ജാതിയിലോ വർഗത്തിലോ ദേശത്വത്തിലോ അധികാരത്തിലോ തനിക്കു തുല്യനല്ലാത്ത ഒരു പുരുഷനെ പ്രതീകാത്മകമായി എതിരിടുന്ന തമിഴന്റെ ആണത്തപ്രഘോഷണമാണ് ജല്ലിക്കെട്ട്. മാട്ടുപ്പൊങ്കൽ നാളിൽ നടക്കുന്ന മരണവുമായുള്ള മൽപ്പിടുത്തം. കാള അവിടെ അപരപുരുഷന്റെ പ്രതീകവും പ്രതിനിധിയുമാണ്. സംഘകാലസാഹിത്യകൃതിയായ കലിത്തൊകൈയിൽ, ഇടയന്മാർ താമസിക്കുന്ന മുല്ലൈത്തിണയിൽ നടക്കുന്ന ജല്ലിക്കെട്ടിന്റെ വിവരണങ്ങളുണ്ടെന്ന് വാടിവാസലിനെഴുതിയ അവതാരികയിൽ പെരുമാൾ മുരുകൻ. 'ഏർതഴുവുതൽ' എന്നായിരുന്നു അതിനു പേര്. 'ഏർ' എന്നാൽ കാള. കാളയെ അടക്കി, കന്യകയെ സ്വന്തമാക്കുന്ന ആണിന്റെ കഥകളാണ് അവ പലതും. പലതരം കാളകളെയും പലതരം കാളപ്പോരുകളെയും കുറിച്ചുള്ള വർണനകളും സംഘം കൃതികളിലുണ്ട്. ദ്രാവിഡ-ശിലായുഗ-ഗുഹാചിത്രങ്ങളിൽ കാളയെക്കാൾ പ്രാതിനിധ്യമുള്ള മറ്റൊരു മൃഗരൂപമില്ലല്ലോ. തമിഴകഗ്രാമങ്ങളിലെ ക്ഷേത്രശില്പരൂപങ്ങളിലും കാളയെപ്പോലെ പ്രചാരമുള്ള മറ്റൊന്നില്ല. തമിഴന്റെ പൗരുഷപ്രതീകമെന്ന നിലയിൽ കാളക്കും കാളപ്പോരിനും കൈവന്നിട്ടുള്ള സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ജനകീയകഥാപാരമ്പര്യങ്ങളുടെ ഇങ്ങേയറ്റത്താണ് ജല്ലിക്കെട്ടിനെക്കുറിച്ചുള്ള ജനപ്രിയസംസ്‌കാരബിംബങ്ങൾ നിലകൊള്ളുന്നത്. സംഘം സാഹിത്യത്തിനുശേഷം ജല്ലിക്കെട്ടിന്റെ വിപുലമായ പരാമർശമുള്ള സാഹിത്യരചന രാജമയ്യരുടെ നോവലായ 'കമലാംബാൾ ചരിത്തിര'മാണ്. പിന്നീട് ചില കഥകളിലും കാളപ്പോരിന്റെ ഭാവജീവിതം കാണാം. പെരുമാൾ മുരുകൻ എഴുതുന്നു:

          'കലിത്തൊകൈയ്ക്ക് ശേഷം ഈ വിനോദത്തെക്കുറിച്ചുള്ള കൃത്യമായ ഒരു ചിത്രം വേണമെങ്കിൽ നമ്മൾ നോവലിലേക്ക് തന്നെ ചെല്ലേണ്ടതായി വരും. തുടക്കത്തിലുള്ള നോവലുകളിൽ ഒന്നായ രാജമയ്യരുടെ കമലാംബാൾ ചരിത്തിരത്തിൽ ഒരു ജല്ലിക്കട്ടിന്റെ ദൃശ്യമുണ്ട്. എന്നാൽ അതിൽ ജല്ലിക്കട്ട് വീരവിനോദമല്ല. അതിൽ ഉൾച്ചേർന്നിട്ടുള്ള അധികാരവും രാഷ്ട്രീയവും തങ്ങൾക്കനുകൂലമായി വിനോദത്തെ വളച്ചെടുക്കുന്നു. മൃഗവും മനുഷ്യനും തമ്മിലുള്ള മത്സരം, മനുഷ്യനും മനുഷ്യനും തമ്മിലുള്ള മത്സരമായി പരിണമിക്കുന്നു. അധികാരം സൃഷ്ടിച്ച രണ്ട് മനുഷ്യർ തങ്ങളുടെ ബലം പരീക്ഷിക്കുന്ന കളമായി ജല്ലിക്കട്ടിനെ കൈയാളുന്നു. മൃഗം, കാള ഇവിടെ അധികാരത്തിന്റെ അടയാളമായി മാറിപ്പോകുന്നുണ്ട്. തോറ്റുപോയ കാളയുടെ ഉടമസ്ഥനായ ജമീന്ദാർ, കാളക്ക് കൊടുക്കുന്ന ശിക്ഷ ക്രൂരമാണ്. കാളയെ നിർത്തിക്കൊണ്ട് തന്റെ മുന്നിൽ വെച്ച് തന്നെ ജീവനോടെ തോലുരിക്കാൻ ഉത്തരവിടുന്നു. വളരെ ചുരുക്കി, പോകുന്ന പോക്കിൽ ഇതും പറഞ്ഞു പോകുന്നുണ്ട് രാജമയ്യർ.

കമലാംബാൾ ചരിത്തിരത്തിന് ശേഷം ജല്ലിക്കട്ടിനെക്കുറിച്ച് എടുത്തു പറയാവുന്ന ഒരു ചിത്രം ക.പ. രാജഗോപാലിന്റെ 'വീരമ്മാളിൻ കാളൈ' എന്ന ചെറുകഥയിൽ നാം കാണുന്നുണ്ട്. കള്ളർ ജാതിയിലെ സ്ത്രീയായ വീരമ്മാൾ പോറ്റിയ കാളയെ അവളുടെ 'കെട്ടിയവൻ', കാത്താൻ അടക്കാൻ ശ്രമിച്ചു. വീരമ്മാളിന്റെ അച്ഛനും കാത്താനും തമ്മിൽ നടന്ന നിസ്സാര വർത്തമാനം പൊങ്ങച്ചമായി മാറിയപ്പോൾ കാത്താൻ ജല്ലിക്കട്ടു കാളയെ അടക്കുന്നു. കാളയുടെ കഴുത്തിൽ കെട്ടിയിരുന്ന തുണി അഴിച്ചെടുക്കുകയും ചെയ്യുന്നു. ഏതാണ്ട് അവന് വിജയം തന്നെ. എന്നാൽ അതിനുശേഷം ഉണ്ടായ അപകടകരമായ ഒരു സംഭവത്തിൽ കാത്താൻ കാളയുടെ കൊമ്പുകളിൽ ഉടക്കി ജീവൻ വെടിയുന്നു. ഈ ജല്ലിക്കട്ട് സംഭവം മനസ്സിനെ ബാധിച്ച് വീരമ്മാൾ ദുഃഖിച്ചിരിക്കുകയായിരുന്നു. കാത്താൻ മരിച്ചു പോയതിന്റെ ദുഃഖമായിരിക്കുമെന്ന് നാം കരുതുന്ന തരത്തിലാണ് കഥയുള്ളത്. എന്നാൽ അത് തന്റെ കാള പിടിക്കപ്പെട്ടതിന്റെ ദുഃഖമാണെന്ന് കഥയുടെ അവസാനം നമ്മൾ മനസ്സിലാക്കുന്നു. ഏതാണ്ട് രാജമയ്യർ കഥ അവസാനിപ്പിച്ചതു പോലെ തന്നെയാണത്. വീരമ്മാൾ ശൂലദണ്ഡടുത്ത് കാളയുടെ പുറത്തടിക്കുന്നു. ഈ കഥയിൽ ജല്ലിക്കട്ടിനെക്കുറിച്ചുള്ള വിശദമായ ചിത്രം ഇല്ല. എന്നാൽ നാട്യക്കുതിരയെപ്പോലെ ഒരു സ്ഥലത്ത് നിന്നുകൊണ്ട് നാലു ഭാഗത്തേക്കും തിരഞ്ഞുതിരിഞ്ഞു നോക്കുന്ന 'നിന്നുകുത്തി'കളായ കാളകളെക്കുറിച്ചുള്ള വവരണം സ്ഥാനം പിടിക്കുന്നുണ്ട്. കാളകളെ ചാരായം കുടിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരണങ്ങളും ഇതിലുണ്ട്. മൃഗ-മനുഷ്യപോരാട്ടം മനുഷ്യ-മനുഷ്യ പോരാട്ടമായി മാറിപ്പോയ കാലത്തിന്റെ സൂക്ഷ്മമായ ചിത്രം ഉൾക്കൊണ്ടതാണ് ഈ കഥ'.

മാധ്യമരചനകൾ, ഡോക്യുമെന്ററികൾ, രാഷ്ട്രീയ-നിയമനിർമ്മാണങ്ങൾ, നിരോധനങ്ങൾ എന്നിവപോലെതന്നെയോ അതിലധികമോ പ്രസിദ്ധവും ശ്രദ്ധേയവുമാണ് ജല്ലിക്കെട്ടിനെക്കുറിച്ചുണ്ടായിട്ടുള്ള സിനിമകൾ. ഒരു ഡസനിലധികം സിനിമകളിലെങ്കിലും ജല്ലിക്കെട്ട് തമിഴരുടെ വീരനായകസങ്കല്പത്തിന്റെ മൂർത്തബിംബമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മുരട്ടുകാളൈ, വിരുമാണ്ടി, ചേരൻപാണ്ഡ്യൻ, മൺവാസനൈ എന്നിങ്ങനെ. 1959ൽ എഴുതപ്പെട്ട, തമിഴ് കഥാസാഹിത്യത്തിലെ ഒരു കൾട്ട് രചനയായി മാറിയ ചി.സു. ചെല്ലപ്പായുടെ 'വാടിവാസൽ' എന്ന ഈ കൃതിയും സിനിമയായിക്കഴിഞ്ഞു. ജയ്ഭീമിനുശേഷം സൂര്യ നായകനാകുന്ന, വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവാസൽ ഉടൻ പ്രദർശനത്തിനെത്തും.

          ജല്ലിക്കെട്ടിനെക്കുറിച്ച് തമിഴിലുണ്ടായ ഏറ്റവും സൂക്ഷ്മവും തീക്ഷ്ണവുമായ കഥാഖ്യാനം എന്ന നിലയിലാണ് വാടിവാസൽ പ്രസിദ്ധമായത്. ജല്ലിക്കെട്ട് നടക്കുന്ന കളത്തിലേക്ക് കാളകളെ അഴിച്ചുവിടുന്ന ഇടുങ്ങിയ സ്ഥലമാണ് വാടിവാസൽ. അവിടെ കാത്തുനിന്നാണ് ആവേശഭരിതരായ പുരുഷന്മാർ കളത്തിലേക്കു പാഞ്ഞുവരുന്ന കാളയുടെ പുറത്ത് ചാടിവീണ് അവയെ അടക്കാൻ ശ്രമിക്കുന്നതും അതിൽ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നതും. ലോകപ്രസിദ്ധമായ സ്‌പെയിനിലെ കാളപ്പോരിൽനിന്ന് ജല്ലിക്കെട്ടിനുള്ള വ്യത്യാസം, ഇവിടെ പോരിൽ കാളയെ കൊല്ലുന്നില്ല എന്നതാണ്. യഥാർഥ ശത്രു കാളയല്ലല്ലോ.

ചെല്ലപ്പയുടെ കൃതിയിലേക്കു വരാം. ഗ്രാമദേവതയായ ചെല്ലായിയമ്മക്കു മുന്നിൽ നടക്കുന്ന ജല്ലിക്കെട്ടിൽ പങ്കെടുക്കാൻ കിഴക്കൻ ഗ്രാമമായ ഉസിലന്നൂരിൽ നിന്നു വന്ന ചെറുപ്പക്കാരാണ് പിച്ചിയും മരുതനും. അളിയന്മാരാണവർ. മറവജാതിയിൽ പെട്ടവർ. ജല്ലിക്കെട്ടിനു പേരുകേട്ട ഗ്രാമമായ ഉസിലന്നൂരിലെ മിടുക്കനായ കാളപ്പോരുകാരനായിരുന്ന അമ്പുലിയുടെ മകനാണ് പിച്ചി. മൂന്നു വർഷം മുൻപ്, പെരിയപട്ടി ജമീന്ദാർ മൊക്കൈയത്തേവരുടെ കാരി എന്ന കാളയെ അടക്കാൻ ശ്രമിക്കുന്നതിനിടെ അതിന്റെ കുത്തേറ്റ് അമ്പുലി മരിക്കുകയായിരുന്നു. ചെല്ലായി ജല്ലിക്കെട്ടിലെ ഏറ്റവും വലിയ കൂറ്റന്മാരും മൊക്കൈയത്തേവരുടെ കാളകളാണ്. കാരി ഉൾപ്പെടെ. പിതാവിന്റെ മരണത്തിന് കാരണക്കാരനായ കാശിയെ അടക്കുക എന്ന ലക്ഷ്യത്തോടെയാണ് പിച്ചി അളിയനെയും കൂട്ടി എത്തിയിട്ടുള്ളത്.

          വാടിവാസലിൽ, കാരിയെയും കാത്തുനിൽക്കുന്ന പിച്ചിയുടെയും മരുതന്റെയും സമീപത്തെത്തി, ചെല്ലായി ജല്ലിക്കെട്ടിനെക്കുറിച്ചുള്ള അവരുടെ സംഭാഷണം കേട്ട് അതിൽ ഇടപെട്ടു സംസാരിച്ചു തുടങ്ങുന്ന ഒരു കാരണവരിലൂടെയാണ് നോവലിന്റെ ആഖ്യാനം മുന്നേറുന്നത്.

          'ചെല്ലായിയുടെ കൊടിയേറ്റത്തിൽ നാട് തന്നെ ബഹളമായിരുന്നു. അമ്മക്ക് പൂജ ചെയ്യണമെങ്കിൽ ജല്ലിക്കട്ടില്ലാതെ നടക്കില്ല. ജല്ലിക്കട്ടിന് ചെല്ലായിയുടെ കൊടിയേറ്റം പ്രസിദ്ധമാണ്. അതിർത്തി വിട്ട് അതിർത്തി താണ്ടി കാളകളെയും കൊണ്ട് ആളുകൾ വരും, സാധാരണ കുടിപടൈക്കാരനാണെങ്കിലും കൊള്ളാം, കാഴ്ചക്കാരനായാലും കൊള്ളാം, വലിയ ജമീന്ദാറായിലും കൊള്ളാം. അവനവൻ തന്റെ കാളയുടെ ഗുണങ്ങൾ, തന്റെ അതിർത്തിക്കുവെളിയിൽ ദിഗ്‌വിജയം ചെയ്ത് കാണിച്ച് കാളക്കും തനിക്കും പേരുണ്ടാകണമെന്ന ആഗ്രഹത്താൽ, കാളയെ പരിചരിച്ചുകൊണ്ട് നിൽക്കും. അതേ അവസ്ഥയിൽത്തന്നെ കാളപിടുത്തക്കാരും വന്ന് പൊതിഞ്ഞുനിൽക്കും. 'ശ്ശെടാ, കാളയെ അടക്കണമെങ്കിൽ ചെല്ലായിയുടെ ജല്ലിക്കട്ടിൽത്തന്നെ അടക്കണം. പോർക്കളം എന്നുവച്ചാൽ അതാണ് പോർക്കളം! അല്ലാതെ എല്ലാം അങ്ങനെ ജല്ലിക്കട്ട് ആകുമോ?' എന്നൊക്കെയാണ് പൊങ്ങച്ച വർത്തമാനം. ജില്ലയുടെ കിഴക്ക്, തെക്ക് പ്രദേശങ്ങളിൽ നിന്നും, അവനവന്റെ ചുറ്റുവട്ടത്ത് നിന്നും തന്നെ കാളയെ അടക്കുന്നവൻ എന്ന പേരുകേട്ടവരെല്ലാം ചെല്ലായിയുടെ ജല്ലിക്കട്ടിലെ വാടിവാസൽ കാണാനായി നെഞ്ചും വിരിച്ച് അഹങ്കാരനടത്തത്തോടെയേ വരികയുള്ളൂ. 'ഏതവനാണോ ഓരോന്നിനെ കാളയാണെന്നും പറഞ്ഞ് പിടിക്കയറഴിച്ച്, മൂക്കുകയർ ഊരിയെടുത്ത് വിടുന്നത്, അതിനെ നമുക്കൊന്ന് കണ്ടേക്കാം...' ഇതാണ് കാളക്കാരന്റെ വെല്ലുവിളിക്കുള്ള മറുപടി.

മൃഗത്തിനെ ദേഷ്യം പിടിപ്പിച്ച് അതിന്റെ പരിധിവിടുന്നത് കണ്ടിട്ട്, പിന്നീട് മനുഷ്യൻ അതിനെ അടക്കി വശപ്പെടുത്തി വിജയിക്കാൻ തുനിയുന്നത് ഒരു കലയായി സാധകം ചെയ്തിരിക്കുകയാണ് അവരത്രയും പേർ. ഒന്ന്, കാളയുടെ പൂഞ്ഞയിൽ കൈവച്ച്, അടക്കി, കൊമ്പ് കണ്ടും കൈയോടെ പിടിച്ച് വലിച്ച് അത് പായാതെ ഏതാനും നിമിഷങ്ങൾ നാല് കാലുകളിൽ അനക്കാതെ നിർത്തണം. എന്നിട്ടോ, കാലുകളിടറി മുട്ട് മടങ്ങാനായി അതിനെ താഴേക്ക് ചരിക്കണം. അല്ലെങ്കിൽ, അവന്റെ കഴിവില്ലായ്മ കൊണ്ട് കാളയോട് അവന്റെ വേലകൾ ഫലം കാണാതെയാവുമ്പോൾ കോട്ടവിട്ട്, അവൻ തന്റെ കഴിവില്ലായ്മയെ അംഗീകരിക്കേണ്ടതായി വരും. എന്തിനേറെ, കാലില്ലാത്തവനെപ്പോലെ മുഖത്ത് ഭാവിച്ചുകൊണ്ട്, ഭയന്ന് കാളയോട് അടുക്കാതെ ഇരിക്കേണ്ടി വരും. അസ്തമയ സൂര്യൻ തഴുന്ന നേരത്ത് ആ ഗോദായ്ക്കുള്ളിൽ, ഒറ്റയ്‌ക്കൊറ്റയ്ക്ക് ഇറങ്ങുന്ന മനുഷ്യനും കാളയും തമ്മിൽ നടക്കുന്ന പല മത്സരങ്ങളിൽ ആ രണ്ടിലൊരു തീരുമാനം കാണും... ആ വാടിവാസലിൽ

          ആ രണ്ടിലൊരു തീരുമാനം അറിയാനാണ് അന്ന് നടവാതിലിനടുത്തുള്ള തടയുടെ വലതുവശത്തിന്റെ അറ്റത്തോട് ചേർന്നിരുന്ന കനത്തു വീർത്ത അരയോളം പൊക്കമുള്ള തടിക്കൂട്ടിന് മുകളിൽ നെഞ്ചുമമർത്തി ചാഞ്ഞിരുന്ന്, ഉള്ളിലുള്ള ബനിയൻ പുറത്തേക്ക് കാണുന്ന തരത്തിൽ മുണ്ടും കുപ്പായവും തലപ്പാവുമണിഞ്ഞ് പിച്ചിയും നിന്നിരുന്നത്. അവനോടൊപ്പം ചേർന്നു നിൽക്കുകയായിരുന്നു, അതേപോലെ ഉടുത്ത മരുതൻ... പിച്ചിയുടെ സഹപാഠി; അവൻ അളിയനും കൂടിയാണ്. അളിയനും അളിയനും വെവ്വേറെയായി ഒരു ജല്ലിക്കട്ടിനു പോലും പോയിട്ടില്ല '.

          തുടർന്നങ്ങോട്ട് കാരണവരും ചെറുപ്പക്കാരും തമ്മിൽ നടക്കുന്ന സംവാദങ്ങളിലൂടെ ചെല്ലായി ജല്ലിക്കെട്ടിന്റെ ചരിത്രം മാത്രമല്ല, മൊക്കൈയത്തേവരുടെ കാളകളുടെ വീറും കാരിയുടെ അസാമാന്യമായ കരുത്തും വിവിധ ഇനം കാളകളുടെ കഥകളും ഓരോ കാളയെയും അടക്കാൻ പറ്റുന്ന അടവുകളും എന്നിങ്ങനെ, കാലങ്ങളായി ജല്ലിക്കെട്ടിൽനിന്ന് ജല്ലിക്കെട്ടിലേക്കു സഞ്ചരിച്ച് ജീവിതം തന്നെ അതിന്റെ ലഹരിയിൽ മുങ്ങിപ്പോയ കാരണവരുടെ കാളവിജ്ഞാനവും കാളപ്പോര് വിജ്ഞാനവും വെളിപ്പെടുന്നു. ഒരർഥത്തിൽ ചെല്ലപ്പതന്നെയാണ് ഈ ആഖ്യാനകർതൃത്വം ഏറ്റെടുക്കുന്ന കഥാപാത്രം എന്ന് വ്യാഖ്യാനിക്കാം. കേളികേട്ട ജല്ലിക്കെട്ട് വീരൻ അമ്പുലിയുടെ മകനാണ് പിച്ചിയെന്നും കാരിയെ അടക്കുക എന്നതാണ് അവന്റെ വരവിന്റെ ഉദ്ദേശമെന്നുമുള്ള വർത്തമാനം വാടിവാസലിൽ കാട്ടുതീപോലെ പരന്നതോടെ എല്ലാവരുടെയും ശ്രദ്ധ ആ ചെറുപ്പക്കാരിലേക്കായി. അതിനിടെ അവനെ വിറളിപിടിപ്പിക്കാനായി മുരുകു എന്ന മറ്റൊരു കാളപ്പോരുകാരൻ രംഗത്തുവരുന്നുണ്ടെങ്കിലും പില്ലൈക്കാളയെ അടക്കാനിറങ്ങി തോറ്റമ്പിയതോടെ അവൻ പിന്മാറി. പിച്ചി കളത്തിലിറങ്ങി പില്ലൈക്കാളയെ അടക്കി തിരിച്ചുവന്ന് ജമീന്ദാരിൽനിന്ന് പണം കൈപ്പറ്റിയതോടെ മുരുകു കളംവിട്ടു. പില്ലൈക്കാളയെ അടക്കിയ ആവേശത്തിൽ പാളയൂരിലെ കൊരാൽ എന്ന കാളയെയും പിച്ചി കീഴടക്കി. അതോടെ ജമീന്ദാരും സദസ്സ് ഒന്നടങ്കവും പിച്ചിയുടെ ആരാധകരായി മാറി. ഒടുവിൽ കാരിക്കാളയുടെ വരവായി. കാരണവരുടെ നിർദ്ദേശങ്ങളും മരുതന്റെ സഹായവും ഓരോ പോരിലും പിച്ചിയെ ഏറെ സഹായിക്കുന്നു. ദീർഘവും സൂക്ഷ്മവുമായ വിവരണങ്ങളിലൂടെ ചെല്ലപ്പ കാരിക്കാളയുടെ ഐതിഹാസികമായ പോരുവീര്യം അവതരിപ്പിക്കുകയും പിച്ചിയുടെ മനക്കരുത്തും പോരുസാമർഥ്യവും വാടിവാസലിന്റെയും സദസ്സിന്റെയും ഇരമ്പുന്ന ആവേശവും ഒപ്പിയെടുക്കുന്ന മട്ടിൽ ആവിഷ്‌ക്കരിക്കുകയും ചെയ്യുന്നു.

          'തടവാതിലിൽ കാരി ആഢ്യത്വത്തോടെ നിൽക്കുന്നു. അതിന്റെ വീർത്ത വെട്ടിത്തിളങ്ങുന്ന കറുത്ത പൂഞ്ഞ നെഞ്ചളവ് പൊക്കത്തിലുള്ള മരത്തടി കൊണ്ടുള്ള തടയുടെ മുകളിലായി എടുപ്പോടെ തള്ളി നിൽപ്പുണ്ട്. അതിന്റെ നെറ്റിത്തടത്തിന്റെ വശങ്ങളിലൂടെ ശിവലിംഗം പോലെ നീണ്ട രണ്ട് ഈട്ടിക്കൊമ്പുകളും അറ്റത്ത് നേർത്ത കൊളുത്തിന്റെ വളവോടു കൂടി വെട്ടിത്തിളങ്ങി എടുപ്പോടെ കാണപ്പെട്ടു. തല കുനിച്ച് താഴേക്ക് നോക്കി അത് സംശയമൊന്നുമില്ലാതെ ശാന്തമായി ചുവടു വെച്ച്, പൂഞ്ഞ പതുക്കെ ഞെളിയുന്ന തരത്തിൽ കൊമ്പ് മെല്ലെ കുലുക്കിക്കൊണ്ട് തട വിട്ട് പകുതിയോളം വന്നിട്ട് ഇരുവശത്തെ തടിക്കൂടുകളുടെയും മുകളിലേക്ക് കടക്കണ്ണുകളാൽ നോക്കിയിട്ട്, എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട്, മദ്ധ്യത്തിലുള്ള വാടിവാസലിലേക്ക് വന്നു നിന്നു'.

          'മുന്നിൽ നിൽക്കുന്ന രൂപം അൽപ്പമൊന്ന് അനങ്ങിയാൽപ്പോലും പാഞ്ഞടുക്കുമെന്നു തോന്നി പ്പിക്കുംവിധം മുഖം കുനിച്ച് അത് പിച്ചിയെയും മരുതനെയും തുറിച്ചു നോക്കിക്കൊണ്ട് നിന്നു. വെറുതെ നിൽക്കുന്നവരെ മദമിളകി ആക്രമിക്കുന്ന കാളയല്ലത്. അതിനെ ലക്ഷ്യം വെച്ച് വരുന്നവനെ മാത്രമേ അത് ഗൗനിക്കുയുള്ളൂ. കാരിയും അനങ്ങിയില്ല. നേർക്കുനേർ നിൽക്കുന്ന മനുഷ്യനും അതിന്റെ ലക്ഷ്യത്തിൽ നിന്ന് മാറിപ്പോകാൻ വഴിയില്ല. ഈ ഒളിച്ചുകളിയുടെ അന്ത്യം കാണാൻ ആൾക്കാർ കൊടുംവെയിലത്ത് കാത്തിരുന്നു.

 കാളയുടെ കൂർത്ത നോട്ടത്തെ എങ്ങനെയാണ് ഒന്ന് തിരിച്ചുവിടുന്നത് എന്നത് തന്നെയാണ് പിച്ചിയുടെ പ്രശ്‌നം. തോളിന്റെ വശത്തേക്ക് മുഖം തിരിച്ച് മരുതന് അവൻ ഒരു സൂചന കൊടുത്തു. അടുത്ത നിമിഷം രണ്ടുപേരും യോജിച്ചുകൊണ്ട് ശ്ശടേന്ന് ആൾക്കൂട്ടത്തിന്റെ നിരയുടെ വളവിന് നേരെ എതിർദിശകളിലായി ഓടി. ഒരു നിമിഷത്തേക്ക് കാള ഏത് ദിക്കിലേക്ക് പോകുന്നവന്റെ നേർക്കാണ് തിരിയേണ്ടതെന്ന് സംശയിച്ച് രണ്ടു വശത്തേക്കും മാറിമാറി തിരിഞ്ഞുകൊണ്ട് തലയനക്കി. മെയ്യടക്കത്തോടെ പിച്ചി കറങ്ങി വരുന്ന ദിക്കിലേക്ക് തന്നെ സ്വയം കറങ്ങി അവന്റെ അനക്കത്തിന്റെ നേർക്ക് കൊമ്പുകൾ തിരിച്ച് ആട്ടിക്കൊണ്ട് വന്നു. കാള ഒരടി മുന്നോട്ട് വെക്കുന്നത് കണ്ടിട്ട് പിച്ച അനങ്ങാതെ നിന്നുപോയി. തന്നെ ലക്ഷ്യം വെച്ചല്ല അവൻ വന്നത് എന്ന് മനസ്സിലാക്കിയ കാരി അതേപടി നിന്ന് അവനെ തുറിച്ചു നോക്കി നിലയുറപ്പിച്ചു.

 ''കാളയാണോ ഇത്, മനുഷ്യനെപ്പോലെയല്ലേ വേലയിറക്കുന്നത്!'

 കാരിയുടെ സ്വഭാവം ആ ചുറ്റുവട്ടത്ത് കാണാൻ കിട്ടിയ ആദ്യത്തെ സന്ദമാണത്. മനുഷ്യന് തുല്യമായ അറിവോടെ അത് പെരുമാറിയതാണ് ആൾക്കാരെ ഭ്രമിപ്പിച്ചത്. പിച്ചിയെ നോക്കിക്കൊണ്ടുതന്നെ കാരി കുളമ്പുകൾ കൊണ്ട് തറയിൽ മാന്തി മണ്ണിളക്കിയിട്ടു. കാളക്ക് ചൂടേറിയത് കണ്ട് ആൾക്കൂട്ടം അത് ആ സ്ഥലം വിട്ടുപോയാൽ മതിയായിരുന്നു, വിനോദം മതി എന്ന ചങ്കിടിപ്പോടു കൂടി 'പോ, പോ' എന്ന് പറഞ്ഞ് അവനെ ശാന്തനാക്കാൻ ശ്രമിച്ചു. എന്നാൽ കാരിയാണെങ്കിൽ തന്റെ വെല്ലുവിളിയുടെ അന്ത്യം കാണുന്നത് വരെ ഇമ്മിണിക്ക് നീങ്ങാൻ പോകുന്നില്ല എന്ന് ഉറപ്പിച്ചതു പോലെ നിന്നയിടത്ത് തന്നെ കാലുകൾ മാറ്റിമാറ്റി വെച്ചുകൊണ്ട് ചീറ്റിയും കാലുകളിട്ടടിച്ചും കൊമ്പുകുലുക്കിക്കൊണ്ടും നിന്നു.

          പിച്ചി അതിന്റെ കൊമ്പിന് നേരെയും മരുതൻ അതിന്റെ വാലിന്റെ ഭാഗത്തും അനങ്ങാതെ നിന്നു. പിച്ചിയുടെ മുഖത്തേക്ക് തന്നെ സൂചനയും പ്രതീക്ഷിച്ച് നോക്കുകയായിരുന്നു മരുതൻ. കാളയുടെ മുകളിലൂടെ നോക്കിക്കൊണ്ട് പിച്ചി മരുതന് സൂചന കൊടുക്കാനാണ് കാത്തുനിന്നത്.

          'ഡുറീ.....!'

          മരുതന്റെ ശബ്ദം വാടിവാസലിലെ പിറുപിറുക്കലിനെ തുളച്ചുകൊണ്ട് ഉയർന്നു. കൂവിക്കൊണ്ട് തന്നെ മുന്നോട്ട് വന്നിട്ട് കാളയുടെ വാൽ സൂത്രത്തിൽ തൊട്ടിട്ട് വട്ടത്തിന്റെ അരികിലേക്ക് പിന്മാറി. കൈ തൊട്ടതും കാള പെട്ടന്ന് അവന്റെ നേർക്ക് പായാനായി തിരിഞ്ഞു. അത് പിച്ചിയെ വിട്ടിട്ട് ഒരു ചെറിയ കോൺ അളവിൽ തിരിഞ്ഞിട്ടുണ്ടാവും; വണ്ടിനെപ്പോലെ മുകളിൽ നിന്നും പാഞ്ഞ് അതിന്റെ പൂഞ്ഞയിൽ ഇടതുകൈ വെച്ചിട്ട് നെഞ്ചോട് ചേർത്തണച്ച് കഴുത്തിനോട് തന്റെ ശരീരം ചേർത്തുകൊണ്ട് അതിന്റെ ബലമുള്ള കൊമ്പിൽ പിച്ചി കൈവെച്ചു. 'ഛപക്..' എന്ന ശബ്ദം മാത്രമേ ആൾക്കൂട്ടം കേട്ടുള്ളൂ എന്നതൊഴിച്ചാൽ കൺചിമ്മുന്ന നേരത്തിനുള്ളിൽ അവൻ കാളയോട് ചേർന്ന് നിന്നത് കണ്ണുകൾക്ക് ഉൾക്കൊള്ളാനായില്ല.

          പിച്ചിയുടെ പ്രതീക്ഷിക്കാത്ത ഈ പാഞ്ഞുള്ള അണയലിൽ കാള പിന്നിലേക്ക് ആഞ്ഞുപോയി. എങ്കിലും അതിന്റെ സ്വഭാവത്തിലെ മൃഗചോദന അടുത്ത നിമിഷം അത് നിയന്ത്രിച്ചു. മുഴുവൻ ആവേശത്തോടെയും കൊമ്പുകുലുക്കിക്കൊണ്ട് പിച്ചിയെ മുകളിലേക്ക് കുത്താൻ നോക്കി. എന്നാൽ പിച്ചിയുടെ അമർത്തിയാഴ്‌ത്തിയ പിടിത്തം കൊമ്പ് എതിർദിശയിലേക്ക് തള്ളിക്കൊണ്ടിരുന്നു. അവനും കാളയുടെ തല എങ്ങനെ തലകീഴായി തിരിഞ്ഞാലും കൊമ്പുകൾ മുഖത്തോ കഴുത്തിലോ തട്ടാത്ത തരത്തിൽ മുട്ടുകാലുകൾ മടക്കി തന്റെ തല താഴേക്ക് അമർത്തുമ്പോൾ കാള യുക്തി മാറ്റിക്കൊണ്ട്, ഒന്ന് പറപറന്ന് നാലു കാലുകളും മുകളിലേക്കുയർത്തി കുതിച്ചു. പിച്ചിയും അതോടൊപ്പം ഉയർന്നുനിന്നു.

          ''ശ്ശെടാ! ബ്രാലിനെപ്പോലെയല്ലേടാ തുള്ളുന്നത്!'

          'കുതിര കണക്കിന് തൊഴിക്കാൻ നോക്കുന്നു!'

          ''ചത്തെടാ ചെറുക്കൻ, കറങ്ങിത്തിരിഞ്ഞു വീണ്!'

          ''അതെങ്ങാൻ തൂക്കിയെറിഞ്ഞ് തോലുരിച്ചു കളയുമെന്ന് തോന്നുന്നു!'

          'ആ ആ ആ ആ....! ശ് ശ് ശൂ ശൂ...!'

          മരുതൻ അലറി. 'പിടി വിട്ടേക്കല്ലേ, പിച്ചീ! പിടിവിട്ടേക്കല്ലേ!' അവന്റെ കൈയും വിറച്ചു. ശരീരം ഭ്രാന്തമായി ഇളകിക്കൊണ്ടിരുന്നു. ഒരാൾപ്പൊക്കത്തിന് മേൽ ഉയർന്ന കാള വായുവിൽ മുതുകു വളച്ച്, തല ഉള്ളിലാക്കി പൃഷ്ഠം ചെരിച്ച് തൂങ്ങി ഛ്ഛടേന്ന് കാലുകളെ തറയിലടിച്ചുകൊണ്ട് നിലംതൊട്ടു. പിച്ചിയും പിടിവിടാതെ ഒപ്പംതന്നെ താഴ്ന്നുവന്ന്, കാലുകൾ തറയിൽപ്പതിച്ച് നിലയുറപ്പിച്ചു. എന്നാൽ അവൻ നിലയുറപ്പിക്കുന്നതിനു മുമ്പുതന്നെ കാള വീണ്ടും കുതിച്ചു ചാടി.

          'പിടുത്തം വിട്ടേക്കല്ലേ! വിട്ടേക്കല്ലേ!'' ആൾക്കൂട്ടത്തിൽ നിന്നും പതർച്ചയുള്ള, പ്രോത്സാഹിപ്പിക്കുന്ന ശബ്ദങ്ങൾ.

          'ഒറ്റക്കുതിപ്പിന് അവൻ നിന്നെടാ!'

          ''രണ്ടാമത്തെ കുതിപ്പിൽ അത് ഉരുട്ടിക്കളയും!'

          'കിഴക്കന്റെ കൈ അതാ തളരുന്നെടാ'

കാളവീണ്ടും ചാടി ഉയർന്ന് താഴെയെത്തിയപ്പോൾ, വാസ്തവത്തിൽ പിച്ചിയുടെ പാദങ്ങൾ തറയിൽ ഉറക്കാതെ ഉഴറി. അവന്റെ മുഖം എവിടെയായിരുന്നു, കൈയും കൊമ്പും എങ്ങനെയാണ് പിണഞ്ഞിരുന്നത്. പൂഞ്ഞയിൽ പിടുത്തം എങ്ങനെയാണ് അയഞ്ഞിരുന്നത് എന്നതൊക്കെ ആൾക്കൂട്ടത്തിന് കാണാനുള്ള ഇടമില്ലാതെ കാള മൂന്നാമത്തെ കുതിപ്പും കുതിച്ചു.

          'ഓ! രണ്ട് കുതിപ്പിന് അവൻ നിന്നു പോയി'

          ''വാടിപുരത്തെ കാള പിടിയിലകപ്പെട്ടു'

          ''പിച്ചി, പിച്ചീ...! വിട്ടേക്കല്ലേ, ഈയൊരറ്റ കുതിപ്പേയുള്ളൂ!'

          'കാളയും ക്ഷീണിക്കുന്നുണ്ടെടാ! മൂന്നാമത്തെ എഴുന്നേൽക്കലിൽ ശക്തിയില്ല!'

കാലുകൾ ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇടറി എങ്കിലും പൂഞ്ഞയിലും കൊമ്പിലും പിടിച്ചു തൂങ്ങിക്കൊണ്ട് പിച്ചി മൂന്നാം തവണയും ശക്തിയായി മേലേക്കുയരുന്ന കാളയുടെ പുറത്ത് പറ്റിപ്പിടിച്ചുകിടന്നു. കാള ചാടി ഉയർന്നു താഴുന്നതിനിടയിൽ പാറി ഉയർന്ന പൂഴിമണ്ണ് മറതീർത്തപ്പോൾ കാള തങ്ങളുടെ മുകളിലേക്ക് വന്നു വീഴുമെന്ന് കരുതി പരിഭ്രമിച്ച് വീണ്ടും പിന്മാറിയ ആൾക്കൂട്ടത്തിന് അപ്പോൾ ഒന്നും മനസ്സിലായില്ല. വേദിയിൽ നിന്നും ജമീന്ദാർ താഴേക്ക് വീണുപോകും എന്ന തരത്തിലാണ് പോരാട്ടം കണ്ടുകൊണ്ടിരുന്നത്. തളരുന്നത് കൈയാണോ കൊമ്പാണോ എന്ന് ആർക്ക് പറയാനാവും ആ അവസ്ഥയിൽ?

          മൂന്നാമത്തെ പ്രാവശ്യം കാള താഴേക്കിറങ്ങിയപ്പോൾ, പിച്ചിയുടെ കൊമ്പിലെ പിടിത്തം അയഞ്ഞു പോയി. കാള തറയിൽ കാലൂന്നാനായി തിരയുമ്പോൾ പിച്ചിയുടെ കൈയും കൊമ്പിൽ നിന്നും വഴുതി ലക്ഷ്യമില്ലാതെ കൊമ്പിനായി വായുവിൽ തപ്പാൻ തുടങ്ങി. ഏതാനും നിമിഷങ്ങൾക്ക് പൂഞ്ഞയ്ക്ക് മേലുള്ള പിടിത്തത്തിന്റെ ശക്തിയിലാണ് അവൻ താഴേക്ക് പോലും വന്നത്.

          ''പിച്ചീ, പിച്ചീ...!' കിഴവൻ ഉറക്കെ അലറി.

          ''അയ്യോ, കൊലപാതകം തന്നെയാണ്!'

          ''മൂന്ന് കുതിപ്പിന് അവൻ നിന്നു പോയി!'

          'നഷ്ടമാകാൻ പോവുന്നു!'

          വീപ്പ പോലുള്ള ശരീരവും കൊണ്ട് മൂന്നു പ്രാവശ്യം കുതിച്ചതിൽ കാളയും തളർന്നു. മടങ്ങിയ കാലുകൾ നേരെയാക്കി തറയിൽ കാലുകളുറപ്പിക്കാനായി ഇടറി. പിച്ചി മുന്നിലേക്ക് വന്ന് നിയന്ത്രിച്ചുകൊണ്ട് നിലത്തൂന്നി. കുഴഞ്ഞു വീഴാതിരിക്കാൻ വലതു കൈയും വീശി കൂനിനു പുറത്ത് അതിനെ ചതച്ചുപിഴിയുന്നതു പോലെ അവൻ അടക്കിപ്പിടിച്ചു. തലകുനിച്ചിരുന്ന കാളയുടെ കൊമ്പുകൾ അവന്റെ കൈയെത്തും ദൂരത്തേക്ക് ഏതാനും അംഗുലം എത്തിയിരുന്നതുകൊണ്ട് കൊ മ്പിൽ പിടുത്തം കിട്ടാതെയിരിക്കാൻ വഴിയില്ല. വീണ വേഗത്തിലെ ഇടർച്ച കാള നിയന്ത്രിച്ചുകൊണ്ട്, കൊമ്പ്, ഉപയോഗിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കുമ്പോൾ അത് എന്തു ചെയ്യും എന്നത് പിച്ചിക്കറിയാം.

          മൂന്ന് കുതിപ്പുകൾക്ക് അവൻ നിന്നു പോയി! ആ മൃഗത്തെ അവൻ അടക്കിയിരിക്കുന്നു എന്നു തന്നെയാണ് അർത്ഥം. എങ്കിലും മറ്റൊന്നു കൂടി ബാക്കിയുണ്ട്. കാളയുടെ നെറ്റിയിൽ തൂങ്ങുന്ന ആ സ്വർണ്ണമെഡൽ അതിനുള്ളിൽ ഇത്...!

കാള കാലുകൾ നേരെയാക്കിക്കൊണ്ട് ദൃഢമായി നിന്നു. കൊമ്പിൽനിന്നും പിടിവിട്ട് പൂഞ്ഞയ്ക്കു മേൽ മുറുക്കം കൂടിയത് മനസ്സിലാക്കിക്കൊണ്ട് കഴുത്ത് വളച്ച് വലതു വശത്തേക്ക് അതുകൊമ്പ് തിരിച്ചു. വലതു കൈ പൂഞ്ഞയിൽ നിന്നും എടുത്തെറിഞ്ഞിട്ട് കൊമ്പിൽ 'ഛത്ക്...' എന്ന് പിച്ചി പിടിച്ചു. പിടിച്ച കൈക്ക് അപ്പുറമുള്ള കുടലിലേക്ക് കുത്താനായി അതിനുമപ്പുറം തിരിയാൻ സാധിക്കാതെ ആ സ്ഥലത്ത് നിന്നും തന്നെ കാലുകൾ ചുഴറ്റിക്കൊണ്ട്, കാരി ശരീരത്തെയാകെ വളച്ച് ചക്രം പോലെ ചുരുണ്ടു. പിച്ചിയും കാലുകൾ പിന്നിലാക്കിക്കൊണ്ട്, ഇറുക്കുന്ന പൂഞ്ഞയ്ക്ക് മേലുള്ള പിടുത്തവും എതിർവശത്തെ തള്ളലും കൊമ്പിലെ പിടുത്തവുമായി ഒപ്പം തന്നെ കറങ്ങി.

          കാള കിരുകിരെ കറങ്ങി.

           ''ചക്രം പോലെ കറങ്ങുന്നു!'

          'പുളി വഴുതുന്നതു പോലെ വഴുതാൻ നോക്കുന്നെടാ!'

          ''ഇത് എന്തുമാത്രം കള്ളത്തരം വെച്ചുകൊണ്ടാണിരിക്കുന്നത്!'

          'കഴിഞ്ഞ ജന്മത്തിൽ മനുഷ്യനായിരുന്നു കാണും!'

           ''പിച്ചീ വിടല്ലേ! കാള മടുക്കുന്നു!' മരുതൻ അലറി. കാളയുടെ ചക്രം കറക്കുന്നതു പോലുള്ള വേഗത കുറഞ്ഞുകുറഞ്ഞു വന്നു. തന്റെ മുഴുവൻ മൃഗീയ സ്വഭാവവും ആ പൂഞ്ഞയും കൊമ്പും വിടുവിക്കാൻ പോന്നതല്ല എന്ന് മനസ്സിലാക്കിയത് പോലെ, ഒരു നിമിഷത്തേക്ക് പകച്ച്, അനങ്ങാതെ തല മുകളിലേക്കുയർത്തിക്കൊണ്ട് നിന്നുപോയി. ബുത്...ബുത്.... എന്ന് അത് നെടുവീർപ്പിട്ടു. അതും, ഇനി പറ്റില്ല എന്ന് ചിന്തിക്കുന്നത് പോലെ, മുകളിലേക്ക് നോക്കി ചീറ്റിക്കൊണ്ട് അലിഞ്ഞു പോയി.

          അപ്പോൾ കാളയുടെ ഇടതു കൊമ്പും പൂഞ്ഞയ്‌ക്കൊപ്പം വന്നു. ഇതുതന്നെയാണ് സമയം. പൂഞ്ഞയ്‌ക്കൊപ്പം പിച്ചി കൊമ്പും എത്തിപ്പിടിച്ചു. കാള പുതിയ സമ്മർദ്ദം മനസ്സിലാക്കിയിട്ട് തല താഴേക്ക് ചായ്ച്ച് വലിച്ചു. കാളയുടെ കഴുത്തിനൊപ്പം തന്റെ ശരീരം ചേർത്തുകൊണ്ട് വലത്തെ കൊമ്പ് താഴ്‌ത്തി ഒരു തരത്തിൽ താങ്ങിക്കൊടുത്ത്, അവൻ ഒന്ന് ആഞ്ഞമർത്തി. ആഞ്ഞമർത്തിയതിൽ കാരിയുടെ തല, മൂക്കിന്റെ അറ്റം മുകളിലേക്കാക്കി ശ്വാസം ചീറ്റിക്കൊണ്ട് ആകാശത്തേക്കുയർത്തി. അവൻ ഇടത്തെ കൊമ്പും പൂഞ്ഞയ്‌ക്കൊപ്പം അമർത്തി. നാലുകാലുകളും ചതുരത്തിൽ വെച്ചുകൊണ്ട് പൂഞ്ഞ ഞെളിച്ചു കൊടുത്തുകൊണ്ട് മുകളിലേക്ക് നോക്കി, ശ്വാസം കിട്ടാതെ വായിലൂടെ ശ്വസിക്കാനായി കാള വായ അൽപ്പം തുറന്നു.

          ഇനിയും നാടകത്തിന്റെ അവസാനത്തെ അങ്കമുണ്ട് എന്നറിഞ്ഞിട്ടും അടക്കാനാവാത്ത കളിഭ്രാന്തിളകിയ ആൾക്കൂട്ടം ഉയർന്നുയർന്ന് ചാടിക്കൊണ്ട് അലറി.

          'വാടിപുരത്തെ കാള വാ പൊളിച്ചു പോയെടാ!'

          ''കിഴക്കൻ വിജയിച്ചു കഴിഞ്ഞു!'

          ''വാൽ കാലിനടിയിൽ തിരുകിയിട്ട് എച്ചിൽപ്പട്ടിയെപ്പോലെ അത് നിൽക്കുന്നത് കണ്ടില്ലേ!'

          വലത്തെ കൊമ്പിന്റെ പിടുത്തം വിട്ടിട്ട് പിച്ചി കാളയടെ നെറ്റിത്തടത്തിൽ കൈവെച്ച്, കൊമ്പുകളിൽ മാറിമാറി, ചുറ്റിക്കെട്ടിയിരുന്ന ഉറുമാൽത്തുണിക്കടിയിലേക്ക് കൈകൊണ്ട് ഒരു വലി വലിച്ചു. മെഡലും അലങ്കാരത്തിനുള്ള കൊച്ചു സ്വർണ്ണാഭരണങ്ങൾ കോർത്തിരുന്ന ചങ്ങലയോടു കൂടിയ പട്ടുതുണിയും അവന്റെ കൈയില്ലേക്ക് ഒന്നടങ്കം പോന്നു. അവൻ അത് അങ്ങനെ തന്നെ വായിൽ അള്ളിപ്പിടിച്ചു തറയിൽപ്പതിഞ്ഞ കാലുകൾ അമർത്തി പൂഞ്ഞയ്‌ക്കൊപ്പം കാളയെ ഒന്ന് ആഞ്ഞ് എതിർദിശയിലേക്ക് തള്ളിയിട്ട് പിന്നിലേക്ക് പറന്നോടി.'.

അതീവ ദുഷ്‌ക്കരമായ ഒരു പോരിൽ സ്വന്തം വീറും കാരണവരുടെ വാക്കും മരുതന്റെ കൂറും നൽകിയ പിൻബലത്തിൽ പിച്ചി കാരിയെ അടക്കി. തുടയിൽ ആഴത്തിൽ മുറിവേറ്റുവെങ്കിലും അവൻ അച്ഛന്റെ മരണത്തിനു പകരം ചെയ്തു, അച്ഛന്റെ സ്വപ്നം സഫലമാക്കി. തന്റെ കാളയുടെ പതനത്തിൽ അപമാനിതനായ ജമീന്ദാർ പിച്ചിയെ അറിഞ്ഞാദരിച്ചശേഷം കാരിയെ നദീതീരത്തേക്കു കൊണ്ടുപോയി വെടിവച്ചു കൊന്നു. മനുഷ്യനാര്, മൃഗമാര് എന്ന് വേർതിരിച്ചറിയാൻ കഴിയാതെ മറ്റൊരു ജല്ലിക്കെട്ടിനു കൂടി അന്ത്യമായി.

          'വാടിവാസൽ' ജല്ലിക്കെട്ടിന്റെ മതാത്മകവും സാമൂഹികവുമായ പ്രത്യക്ഷപ്രതീതികളുടെ ആവിഷ്‌ക്കാരത്തിലോ ഒരു കാളപ്പോര് വീരന്റെ കേവലകഥയിലോ അല്ല, ജല്ലിക്കെട്ടിന്റെ സാംസ്‌കാരികാർഥങ്ങളിലും രാഷ്ട്രീയാബോധത്തിലുമാണ് ഊന്നുന്നത്. ജാതി, വർഗാധികാരം, ദേശം, ആണത്തം തുടങ്ങിയ സമവാക്യങ്ങളിൽ ഒരു സമൂഹം നൂറ്റാണ്ടുകളായി പുലർത്തിപ്പോരുന്ന സംഘാബോധങ്ങളുടെ ഉത്സവരൂപകമായി മാറുന്നു അത്. ദമിതകാമനകളുടെ കൊടുങ്കാറ്റായി വാടിവാസലിൽ നിന്ന് കളത്തിലേക്കു പടർന്നൊഴുകുന്ന കരുത്തിന്റെയും പകയുടെയും ആൺകഥയാണത്. ജല്ലിക്കെട്ടിന്റെ നര-മൃഗ വംശപുരാണങ്ങളുടെ സമീകരണത്തിലൂടെ തമിഴകത്തിന്റെ വിഖ്യാത ജനപ്രിയസംസ്‌കാരരൂപങ്ങളിലൊന്നിന്റെ രാഷ്ട്രീയാന്തരാർഥങ്ങൾ വിശകലനം ചെയ്യുന്നു, ചെല്ലപ്പ.

തികളായി വിഭജിതമായ ദ്രാവിഡജനതയുടെ കൊടിയ അയിത്തങ്ങളും അനാചാരങ്ങളും അതിർവരമ്പുകളും ഒരുവശത്ത്. ഒരു ജാതിയിൽ തന്നെ നിലനിൽക്കുന്ന അപാരമായ സാമ്പത്തിക, സാമൂഹികാന്തരങ്ങൾ മറുവശത്ത്. ജന്മിത്തത്തിന്റെയും ഭൂവുടമസ്ഥതയുടെയും ജാതിക്കോയ്മയുടെയും വർഗാധികാരത്തിന്റെയും ഭാഗമായിവേണം പോരുകാളകളെ വളർത്തുന്നതും പോരിനണിനിരത്തുന്നതുമൊക്കെ കാണാൻ. കിഴക്കും തെക്കും ദേശങ്ങൾക്ക് ജല്ലിക്കെട്ടിനോടുള്ള ആഭിമുഖ്യവും കിഴക്കൻ ദിക്കുകളിൽ നിന്നുള്ളവർക്ക് ജല്ലിക്കെട്ടിലുള്ള സാമർഥ്യവും നോവൽ എടുത്തുപറയുന്നുണ്ട്. ജല്ലിക്കെട്ടിൽ വീരത്തം തെളിയിക്കാത്ത പുരുഷനെ ആണായി കരുതാൻ തയ്യാറല്ലാത്ത പെണ്ണുങ്ങളുടെ കഥ നിരവധിയുണ്ടെന്നു പറഞ്ഞല്ലോ. 'വാടിവാസലി'ൽ അത്തരം സൂചനകളില്ല.  യുദ്ധംപോലെതന്നെ പുരുഷന്മാരുടെ പടക്കളമാണ് ജല്ലിക്കെട്ടും. അതേസമയം കാളക്കൂറ്റന്മാരുടെ പിടിമുറ്റാത്ത കരുത്തിലേക്കും കാമോർജ്ജത്തിലേക്കും തന്മയീഭവിക്കുന്ന ആണിന്റെ കരുത്തിനെയും കാമനയെയും തിരിച്ചറിയുന്ന പെണ്ണിന്റെ പരോക്ഷസൂചനകൾ നോവലിലുണ്ട്.

          'വാടിവാസലി'ന്റെ ആഖ്യാനകലയും സംഭാഷണഭാഷയും കഥനശൈലിയും ബിംബകല്പനാലോകവും അങ്ങേയറ്റം പ്രാദേശികവും തനതുമായ ഒരു തമിഴക നാട്ടുസംസ്‌കൃതിയെ പുനഃസൃഷ്ടിക്കുന്നതിൽ ദത്തശ്രദ്ധേമാണ്. കഥയുടെ നായകൻ പിച്ചിയാണെങ്കിലും ആഖ്യാതാവും വക്താവും നിയന്താവുമൊക്കെ അജ്ഞാതനായ ആ കാരണവരാകുന്നു. സർവജ്ഞനായ നോവലിസ്റ്റിന്റെ തന്നെ പ്രതീകം. അസാധാരണമായ ഒരാഖ്യാനരീതി രൂപപ്പെടുത്തിക്കൊണ്ട്, ജല്ലിക്കെട്ടിന്റെ ആവേശം മൂർധന്യത്തിലെത്തുന്ന രണ്ടോ മൂന്നോ മണിക്കൂറുകളിൽ നടക്കുന്ന സംഭവങ്ങൾ മാത്രമവതരിപ്പിച്ചുകൊണ്ടാണ് ചെല്ലപ്പ 'വാടിവാസൽ' എഴുതിയിട്ടുള്ളത്. മനുഷ്യരുടെയും മൃഗങ്ങളുടെയും സൂക്ഷ്മഭാവജീവിതങ്ങൾ കൊണ്ട് ആദ്യന്തം സമൃദ്ധമാണ് നോവൽ. ദൃശ്യബിംബസമ്പന്നവും സിനിമാറ്റിക്കുമായ കഥനകലയിൽ നിന്ന് 'വാടിവാസൽ' കുഴിച്ചെടുക്കുന്ന നരവംശശാസ്ത്രത്തിന്റെയും മൃഗവംശശാസ്ത്രത്തിന്റെയും ധ്വന്യാത്മകലോകങ്ങൾ അസാമാന്യമായ ഒരു പരകായപ്രവേശത്തിന്റെ കലാപാഠമാക്കി മാറ്റുന്നു, ഈ രചനയെ.

          ഈ നോവലിന്റെ വിവർത്തനത്തെക്കുറിച്ചും ഒരു കാര്യം പറയാതെ വയ്യ. മറ്റൊരു ഭാഷയിലെ കൃതി മലയാളത്തിലേക്കു തർജ്ജമ ചെയ്യുമ്പോൾ അത് ഒരു മലയാളകൃതിപോലെ വായിക്കാൻ കഴിയണമെന്ന സാമാന്യബോധത്തെ വിവർത്തകയായ മിനിപ്രിയ നിരാകരിക്കുന്നു. പകരം, 1959ൽ എഴുതപ്പെട്ട ഒരു തമിഴ് പ്രാദേശികനോവൽ, അത് ഭാവനചെയ്യപ്പെട്ട സ്ഥല, കാല സ്വരൂപങ്ങളിലും തനതുഭാഷാവഴക്കങ്ങളിലും ഭാഷണസംസ്‌കൃതിയിലും തന്നെ നിലനിർത്തി മലയാളത്തിലാവിഷ്‌ക്കരിക്കാനാണ് മിനി ശ്രമിച്ചിട്ടുള്ളത്. 'വാടിവാസലി'ന്റെ സാംസ്‌കാരിക സ്വത്വത്തെ അതിന്റെ തനിമകളിൽ നിലനിർത്തിക്കൊണ്ടുള്ള ഒരു കാലാന്തര-ഭാഷാന്തര പാഠനിർമ്മിതിയായി ഈ പ്രക്രിയ മാറുന്നു. കൗതുകകരമാണ് ഈ വിവർത്തനകല.

നോവലിൽ നിന്ന്

'നദിക്കരയുടെ മദ്ധ്യത്തിലായി കൊമ്പുകൾ കൊണ്ട് ഇപ്പോഴും മണൽ കുത്തിയിളക്കിയും കാലുകൾ കൊണ്ട് ഉഴുതുകൊണ്ടും അമറിക്കൊണ്ടും കാരി ഒരു പിശാചായി നിൽക്കുന്നുണ്ടായിരുന്നു. ഒരാൾക്ക് കിടക്കാവുന്നത്ര വലുപ്പമുള്ള അതിന്റെ കറുത്ത മുതുകിന്മാൽ ഭയങ്കര മണ്ണായിരുന്നു. രക്തമൊഴുകുന്ന അതിന്റെ കൊമ്പുകളിൽ മണലട്ടികൾ മുക്കിയെടുത്തതു പോലെയിരുന്നു. പാഞ്ഞ് ആക്രമിച്ചിട്ടും ഭ്രാന്തടങ്ങാതെ, യാതൊരു ലക്ഷ്യബോധവുമില്ലാതെ, നിന്നിടത്ത് നിന്നും അത് ആർത്തുകൊണ്ടിരുന്നു.

 സുരക്ഷിതമായ ദൂരത്ത്, എന്നാൽ ഒരു പരിധി വരെ അടുത്തായി തന്റെ പരിവാരങ്ങളോടൊപ്പം നിന്നുകൊണ്ട് ജമീന്ദാർ കാളയെത്തന്നെ വെറുപ്പോടു കൂടി നോക്കുകയായിരുന്നു. ആൾക്കൂട്ടം അദ്ദേഹത്തെയും കാളയും നോക്കിക്കൊണ്ടിരുന്നു. അവരവർക്ക് തോന്നിയതു പോലെ അവർ ചെവിയിൽ പിറുപിറുത്തുകൊണ്ടിരുന്നു. കാളക്ക് പിന്നിൽ ഒരു പരിധി വരെയുള്ള ദൂരത്തിൽ ആരെങ്കിലും നിൽപുണ്ടോ എന്ന് ദൂരേക്ക് ജമീന്ദാർ നോക്കി. ആരും അപായകരമായ പരിധിയിൽ ഇല്ല എന്ന് മനസ്സിലായപ്പോൾ അരയിൽ കെട്ടിയിരുന്ന ഉറയിൽ നിന്നും പെട്ടെന്ന് അദ്ദേഹം റിവോൾവർ പുറത്തേക്കെടുത്തു.

          അദ്ദേഹത്തിന്റെ ശരീരം ഒന്ന് പതറി. താൻ അടക്കപ്പെട്ടതോടൊപ്പം ജമീന്ദാറുടെ പേര് തന്നെ ചാമ്പലാക്കിയ ആ കാരി, അദ്ദേഹത്തിന്റെ മുന്നിൽ ഇപ്പോഴും ചീറ്റിക്കൊണ്ട് കിടക്കുകയാണ്.

          ''ഇനിയും നിനക്ക് ചീറ്റണോ?' എന്ന് ചോദിച്ച് കൊണ്ട് ജമീന്ദാർ വായ തുറന്ന് ചിരിച്ചു. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന റിവോൾവർ നീണ്ടുയർന്ന് കാളയുടെ പുറത്ത് കൃത്യമായി രണ്ട് പ്രാവശ്യം പൊട്ടി.

കാളയുടെ കാലുകൊണ്ടുള്ള മാന്തൽ പെട്ടെന്ന് നിന്നു പോയി, കൊമ്പുകുലുക്കലും നിന്നു പോയിട്ട്, തൊട്ടിൽ പോലെ മുന്നിലും പിന്നിലുമായി ഉടൽ മുഴുവനുമായി ആടി. വയറിനടിയിലെ കാലുകൾ തോറ്റ്, പൃഷ്ഠത്തിന്റെ ഭാഗത്തേക്ക് ചരിഞ്ഞിട്ട്, പിൻകാലുകളിൽ ഇരിക്കാൻ പോകുന്നതു പോലെ ചാഞ്ഞ്, പെട്ടെന്ന് താഴേക്ക്, പ്പടേന്ന് വീണു. വിലുക്ക്... വിലക്ക് എന്ന ശബ്ദത്തിൽ കാലിട്ടടിച്ച്, മുഖം മണലിൽ ഉരസിക്കൊണ്ട്, കൊമ്പ് മണലിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ട്, വായിലൂടെ വേഗത്തിൽ നിശ്വസിച്ചു. അതിന്റെ കടവായ്ക്കരികിലൂടെ രക്തമൊഴുകി പരന്നു. വായ പിളർന്നു. അവസാനമായി ഒന്ന് കാലിട്ടടിച്ചു. വിലുക്ക്..... അടങ്ങിപ്പോയി. നീണ്ടുവിറച്ച് കണ്ണ് കൂമ്പി, നാക്ക് പുറത്തേക്ക് തൂങ്ങിക്കിടന്ന കാളയെ അവസാനമായി കണ്ടുകൊണ്ട് തന്നെ ജമീന്ദാർ റിവോൾവർ ഉറയ്ക്കുള്ളിൽ വെച്ചു.'. 

വാടിവാസൽ
ചി.സു. ചെല്ലപ്പ
വിവ. മിനിപ്രിയ ആർ.
വീസീ തോമസ് എഡിഷൻസ്, കൊച്ചി
2022
വില: 160 രൂപ
ഫോൺ: 9447635775

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP