Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

നോവലിൽ ഒരു ഹരിതഭൂപടം

നോവലിൽ ഒരു ഹരിതഭൂപടം

ഷാജി ജേക്കബ്‌

ധുനികകേരളത്തിന്റെ നരവംശഭൂപടം മാറ്റിവരച്ച നാല് കുടിയേറ്റങ്ങളിൽ ആദ്യരണ്ടെണ്ണത്തിന് (മലബാർ, ഇടുക്കി) ഒരുനൂറ്റാണ്ടു തികയുകയാണ്. പിന്നീടുണ്ടായ ഗൾഫ് കുടിയേറ്റത്തിന് അരനൂറ്റാണ്ടും. നാലാമത്തേത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഗോള കുടിയേറ്റമാണ്. പഠനം മുതൽ തൊഴിൽവരെയുള്ളവ മുൻനിർത്തി അഞ്ചുഭൂഖണ്ഡങ്ങളിലേക്കും മലയാളി സകുടുംബം നടത്തുന്ന പറിച്ചുനടൽ. പക്ഷെ ഈ കുടിയേറ്റങ്ങളുടെ സാംസ്‌കാരിക രേഖീകരണം അത്രമേൽ നടന്നിട്ടില്ല എന്നതാണ് വസ്തുത. സാഹിത്യത്തിലെങ്കിലും ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് മലബാർ, ഗൾഫ് കുടിയേറ്റങ്ങൾ മാത്രമാണ്. നാലാം കുടിയേറ്റം കാര്യമായ തോതിലാരംഭിച്ചിട്ട് ചില ദശകങ്ങളേ ആയിട്ടുള്ളു. പക്ഷെ ഇടുക്കി കുടിയേറ്റത്തിന്റെ കഥയങ്ങനെയല്ല. 1817ലാരംഭിക്കുന്ന കണ്ണൻതേവന്മലകളുടെ സർവ്വേക്കു മുൻപുതന്നെ തമിഴ്‌നാട്ടിൽ നിന്നുള്ള വൻകിട കർഷകർ ഏലത്തോട്ടങ്ങളുണ്ടാക്കാൻ കിഴക്കുനിന്ന് ഇടുക്കിയിലെത്തിയിരുന്നു. തേയിലയുടെയും മൂന്നാർ-പീരുമേട് മേഖലകളുടെയും ചരിത്രമാരംഭിക്കുന്നത് മൺറോയുടെ സർവ്വേക്കുശേഷമാണ്. മുല്ലപ്പെരിയാറിന്റെ കഥ മേല്പറഞ്ഞ രണ്ടുകൂട്ടരുടെയും ദൂരക്കാഴ്ചയുടെ ഫലവുമാണ്.

മറയൂർ ഗുഹാചിത്രങ്ങളും മുനിയറകളും മറ്റും വെളിപ്പെടുത്തുന്ന സഹസ്രാബ്ദങ്ങളുടെ ആവാസചരിത്രമോ, ഏലമലക്കാടുകളുടെ അതിസാഹസികമായ കാർഷികചരിത്രമോ തേയിലത്തോട്ടങ്ങളുടെ അമ്പരപ്പിക്കുന്ന കൊളോണിയൽചരിത്രമോ 1930കളിലാരംഭിക്കുന്ന പടിഞ്ഞാറുനിന്നുള്ള മലയാളികളുടെ കുടിയേറ്റചരിത്രമോ (ഏലം, തേയില കാപ്പി, കുരുമുളക്, റബ്ബർ, കഞ്ചാവ് എന്നിങ്ങനെ ഇടുക്കിയുടെ ചരിത്രമെഴുതിയ ആറ് കാർഷികവിളകളുടെ കൂടി കാലമാണിത്) ഇനിയും മലയാളത്തിൽ ശ്രദ്ധേയമാംവിധം സാഹിത്യം, സിനിമ തുടങ്ങിയ സാംസ്‌കാരികരൂപങ്ങൾക്കു വിഷയമായിട്ടില്ല. ഇ.എം. കോവൂരിന്റെ നോവലുകൾ മാത്രമാണ് സാമാന്യമായിട്ടെങ്കിലും ഇടുക്കിയെ ഭാവനയിൽ പുനഃസൃഷ്ടിക്കാൻ ശ്രമിച്ചത്. ജനപ്രിയനോവലുകളും സിനിമകളും ഇടുക്കിയെ ഒരു ചിത്രീകരണപശ്ചാത്തലം എന്നതിനപ്പുറം സാംസ്‌കാരിക-രാഷ്ട്രീയ പ്രാധാന്യത്തോടെ ഇതുവരെ കണ്ടിട്ടില്ല. മഹേഷിന്റെ പ്രതികാരം, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ഏതാനും സിനിമകൾ കുറച്ചൊരു ഭിന്നമായ ഭാവമണ്ഡലം സൃഷ്ടിച്ചുവെങ്കിലും ഡോൺ പാലത്തറയുടെ ചിത്രങ്ങൾ മാത്രമാണ് ഇടുക്കിയുടെ സാംസ്‌കാരിക രാഷ്ട്രീയത്തെയും സാമൂഹ്യചരിത്രാനുഭവങ്ങളെയും ചലച്ചിത്രകലയിൽ യഥാതഥമായി സ്ഥാനപ്പെടുത്തിയിട്ടുള്ളത്. എം.ബി. മനോജിന്റെയും അശോകൻ മറയൂരിന്റെയും ചില കവിതകൾ ഇടുക്കിയുടെ പ്രാക്തനഭൂതത്തെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതു മറക്കുന്നില്ല. മൂന്നാറിന്റെ കൊളോണിയൽ സാംസ്‌കാരികചരിത്രം പോലും ഗൗരവത്തോടെ വിശകലനം ചെയ്യപ്പെട്ടിട്ടില്ല. 1960-കളിലെ കുടിയിറക്കുസമരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും പഠിച്ച കെ കെ സുനീഷിന്റെ ഗവേഷണമാണ് ഇടുക്കിയെക്കുറിച്ചുണ്ടായിട്ടുള്ള ശ്രദ്ധേയമായ ഒരു അക്കാദമിക പഠനം. (തീർച്ചയായും ഇടുക്കിയിൽ നിന്നുള്ള കുറേ എഴുത്തുകാർ നോവലിലും കഥയിലുമൊക്കെ ഈയൊരു സാംസ്‌കാരിക പ്രതീതി സൃഷ്ടിച്ചിട്ടുണ്ട് എന്നതു കാണാതിരിക്കുന്നില്ല. പക്ഷെ അവ മലയാളത്തിന്റെ മുഖ്യധാരയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ആകാശവാണി ദേവികുളം നിലയത്തിന്റെ ശ്രമങ്ങളും കാണാതിരിക്കുന്നില്ല.)

ചുരുക്കിപ്പറഞ്ഞാൽ ഇടുക്കി മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തിൽ ഒരഭാവം തന്നെയാണ് ഇപ്പോഴും. മലബാർ കുടിയേറ്റം പക്ഷെ ഇങ്ങനെയല്ല. എന്തുകൊണ്ടാണിത്? അഞ്ചു കാരണങ്ങളാണ് പെട്ടെന്ന് ചൂണ്ടിക്കാണിക്കാനുള്ളത്. ഒന്ന്, ഇടയ്ക്കൽ ഗുഹകൾ തൊട്ടുള്ളവ തെളിയിക്കുന്ന സമ്പന്നമായ ഒരു വിദൂര ഭൂതകാലചരിത്രം (ബുദ്ധ, ജൈന) വയനാടിനുണ്ട്. വില്യം ലോഗൻ മുതൽ കെ. പാന്നൂരും ഒ.കെ. ജോണിയും വരെയുള്ളവർ എഴുതിയ വയനാടിന്റെ ചരിത്രഗാഥകൾ ഓർക്കുക. പി.കെ. പ്രകാശിന്റെ അന്യാധീനപ്പെടുന്ന ആദിവാസിഭൂമി, സുലോചന നാലപ്പാട്ടിന്റെ മൂന്നാറിന്റെ കഥ എന്നിങ്ങനെ ചില രചനകളല്ലാതെ ഇടുക്കിയുടെ ഭൂതകാലത്തെ രാഷ്ട്രീയവൽക്കരിക്കുന്ന ഗ്രന്ഥങ്ങളൊന്നുംതന്നെയില്ല.

രണ്ട്, വയനാട് ജില്ല ഒട്ടാകെയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളുമുൾപ്പെടുന്ന മലബാറിന്റെ മൈസൂർ, കുടക്, നീലഗിരി ബന്ധങ്ങൾ-രാഷ്ട്രീയവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങൾ.

മൂന്ന്, വയനാട്ടിലെ വിപുലവും വിസ്തൃതവുമായ ആദിവാസി സാന്നിധ്യവും അവ പിൽക്കാലത്തു സൃഷ്ടിച്ച രാഷ്ട്രീയസംഘർഷങ്ങളും.

നാല്, ആധുനിക മലബാർ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയ നിരവധി സംഭവങ്ങളുടെ സ്വാധീനം.

അഞ്ച്, നക്‌സൽപ്രസ്ഥാനത്തിലൂടെ 1960-70 കാലത്ത് വയനാട് നേടിയ ദേശീയവാർത്താപ്രാധാന്യം.

മേല്പറഞ്ഞ അഞ്ചു ഘടകങ്ങളും സമാനമോ സമാന്തരമോ ആയതോതിൽ ഇടുക്കിക്ക് അപരിചിതവും അപ്രസക്തവുമാണ്. 19-ാം നൂറ്റാണ്ടിലെ തമിഴ്, ബ്രിട്ടീഷ് കുടിയേറ്റമായാലും 20-ാം നൂറ്റാണ്ടിലെ മലയാളികുടിയേറ്റമായാലും ഇടുക്കിയുടേത് ഒരടഞ്ഞ രാഷ്ട്രീയചരിതമാണ്. അണക്കെട്ടുകൾ, തോട്ടങ്ങൾ, ടൂറിസം എന്നീ മൂന്നു വൻകിട വ്യവസായങ്ങൾക്കുള്ളിൽ രാഷ്ട്രീയമുൾപ്പെടെയുള്ളവ നിശ്ശബ്ദമായിപ്പോയി. വെള്ളത്തൂവൽ സ്റ്റീഫനും കൈപ്പാലം സെബാസ്റ്റ്യനുമൊക്കെ നക്‌സലൈറ്റ് രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നതുപോലും ജില്ലക്കും ഹൈറേഞ്ചിനും പുറത്താണ്. വൻകിട ഭൂവുടമകളുടെ സാന്നിധ്യവും (തമിഴരല്ലാതെ) പള്ളിയുടെ നേതൃത്വവും ഇടുക്കിയിലെ കുടിയേറ്റങ്ങൾക്കു പിന്നിലില്ല. ജന്മി-കുടിയാൻ സംഘർഷത്തിന്റെ ചരിത്രവും ഇവിടെയില്ല. തോട്ടമുടമകളുടെ തൊഴിലാളിചൂഷണം കുടിയേറ്റത്തിന്റെ ഭാഗമായി രൂപംകൊണ്ടതുമല്ല. നാട്ടുകാരും വനവാസികളും തമ്മിൽ സംഘർഷങ്ങളുണ്ടായില്ല എന്നതാണ് മറ്റൊരു കാര്യം. അറിയപ്പെടുന്ന മിത്തുകൾപോലും ഇടുക്കിയിലില്ല. ചുരുക്കത്തിൽ മലബാറിന്റെയോ വയനാടിന്റെയോ പോലെ ജീവിതബദ്ധവും രാഷ്ട്രീയതീക്ഷ്ണവും വൈവിധ്യപൂർണവും സമരതീവ്രവുമായ ഒരു സാംസ്‌കാരികാന്തരീക്ഷം ഇടുക്കിക്കുണ്ടായില്ല. ആകെ പറയാവുന്ന ഒരു സന്ദർഭം ചില പദ്ധതികൾക്കായും മറ്റും നടന്ന കുടിയിറക്കുകൾക്കെതിരെ 60-70കളിൽ രൂപംകൊണ്ട ചില സമരങ്ങൾ മാത്രമാണ്. അമരാവതി, അയ്യപ്പൻ കോവിൽ, കീരിത്തോട്, മാങ്കുളം...

വയനാട്ടിലേക്കു വരാം. മലബാർകുടിയേറ്റത്തിന്റെ സാംസ്‌കാരികഭൂപടത്തിൽ കണ്ണിച്ചേർക്കപ്പെട്ട ഏറ്റവും പുതിയ നോവലാകുന്നു, ഷീലാ ടോമിയുടെ 'വല്ലി'. ഒരേസമയം വയനാടിന്റെ ചുവപ്പുരാഷ്ട്രീയവും ഹരിതരാഷ്ട്രീയവും ചരിത്രവൽക്കരിക്കപ്പെടുന്ന രചന. മലബാർ കുടിയേറ്റത്തെക്കുറിച്ച് മലയാളത്തിലുണ്ടായ നോലുകളിൽ ഏറ്റവും പുതിയത്. കുടിയേറ്റത്തിനൊപ്പം വയനാടിന്റെ തനതുജനതകളുടെ ജീവിതരാഷ്ട്രീയവും ജ്ഞാനവ്യവഹാരങ്ങളുടെ തിരിച്ചറിവും ഇതിന്റെ ഭാഗമാണ്. ഭൂമിക്കുമേലുള്ള നാനാതരം കയ്യേറ്റങ്ങളുടെയും അതിനെതിരായി നടക്കുന്ന ജനകീയപ്രതിരോധങ്ങളുടെയും സംഘർഷാത്മകചരിതം. എന്നു മാത്രമല്ല, കുടിയേറ്റത്തെക്കുറിച്ചെഴുതപ്പെടുന്ന ആദ്യ സ്ത്രീ-ആഖ്യാനവുമാണിത്. വത്സലയും മറ്റും നോവലിലും ചെറുകഥയിലും വയനാട്ടിലെ ആദിവാസികളെക്കുറിച്ചെഴുതിയിട്ടുണ്ടെങ്കിലും കുടിയേറ്റത്തിന്റെ സ്ത്രീപക്ഷവായനയെന്ന നിലയിൽ ഒരുപക്ഷെ മലയാളത്തിലുണ്ടായ ഏകനോവലായിരിക്കും 'വല്ലി'. ഹരിതരാഷ്ട്രീയത്തിന്റെ സ്ത്രീപക്ഷ ഇടപെടലുകളിൽ, സാറാജോസഫ് മുതലുള്ളവരുടെ പിൻഗാമിയായി ഷീല മാറുകയും ചെയ്യുന്നു, ഈ നോവലിലൂടെ.

മലബാർ/വയനാട് കുടിയേറ്റം പ്രമേയമാക്കിയ എസ്.കെ. പൊറ്റക്കാട്, വത്സല, കെ.ജെ. ബേബി, കെ.യു. ജോണി, വിനോയ് തോമസ് തുടങ്ങിയവരുടെ നോവലുകളിൽ നിന്ന് ഷീലയുടെ രചന ഭിന്നമാകുന്നത് രണ്ടു തലങ്ങളിലാണ്. ഒന്ന്, ഈ നോവൽ ആദ്യന്തം പിന്തുടരുന്ന വരത്തരും വനവാസികളും തമ്മിലുള്ള സംഘർഷങ്ങളുടെ രാഷ്ട്രീയം. ഭൂമി, ഭാഷ, അധികാരം, അറിവ്, സംസ്‌കാരം എന്നിങ്ങനെ വയനാടിന്റെ തനതുജീവിതാനുഭവങ്ങൾക്കു മേൽ കുടിയേറ്റക്കാർ സൃഷ്ടിക്കുന്ന കയ്യേറ്റങ്ങളുടെ വിമർശനമാണിവിടെ നോവലിന്റെ താല്പര്യം.

രണ്ട്, വയനാടിന്റെ പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ചുള്ള സൂക്ഷ്മമായ അപഗ്രഥനം. കബനിയുടെ ചുവപ്പും പച്ചയും സമീകരിക്കുന്ന രാഷ്ട്രീയനിലപാടുകളുടെ നോവൽപാഠമായി മാറുന്നു, 'വല്ലി'.

ഇവയിൽ ആദ്യത്തേത് ബേബിയുടെ രചനകളിൽ വിഷയമാകുന്നുണ്ട് എന്നതു മറക്കാതെ തന്നെ പറയട്ടെ, 'വല്ലി', വയനാടിന്റെ ഭൂതകാലചരിത്രം നോവൽവൽക്കരിക്കുമ്പോൾതന്നെ ഈ നാടിന്റെയും പ്രകൃതിയുടെയും വർത്തമാനത്തെയും ഭാവിയെയും കൂട്ടിയിണക്കുന്ന രാഷ്ട്രീയരചനയുമാണ്. ബേബിയും അദ്ദേഹത്തിന്റെ ബദൽ പള്ളിക്കൂടമായ കനവുമൊക്കെ 'വല്ലി'യിൽ പാഠാന്തരബന്ധങ്ങളായി സന്നിഹിതമാകുകയും ചെയ്യുന്നു.

മിത്തും യാഥാർഥ്യവും, കഥയും ജീവിതവും, ഭാവനയും രാഷ്ട്രീയവും, ഭൂതവും വർത്തമാനവും, പ്രകൃതിയും സംസ്‌കൃതിയും, കാടും നാടും, മണ്ണും മനുഷ്യനും, ആദിവാസിയും നാട്ടുവാസിയും, സ്ത്രീയും പുരുഷനും, പിതാക്കളും പുത്രരും വിരുദ്ധബിംബങ്ങളായി നിറയുന്ന ആധുനികതയുടെ ചരിത്രസന്ദർഭമാണ് വല്ലിയുടേത്. അതേ സമയംതന്നെ, ഈ വൈരുദ്ധ്യങ്ങളെ സമർഥമാം വിധം സമീകരിച്ചും സമന്വയിച്ചും നിർമ്മിക്കുന്ന ആധുനികതാനന്തരതയുടെ ഭാവരാഷ്ട്രീയത്തിനുള്ളിലാണ് ഈ രചന രൂപം കൊള്ളുന്നത്. മണ്ണ്- പെണ്ണ്; ഭാഷ - മിത്ത്; കാട് - വനവാസി എന്നീ ദ്വന്ദ്വങ്ങളെ ചരിത്രവൽക്കരിച്ചും രാഷ്ട്രീയവൽക്കരിച്ചും സൃഷ്ടിക്കുന്ന ഭാവപ്രബന്ധമാണ് വല്ലി. ഒരു നുറുവർഷത്തെ വയനാടൻ ഭൂ, സമൂഹബന്ധങ്ങളെ നോവലിന്റെ ഭാവനാഭൂപടത്തിൽ നെടുകെയും 1970 കൾ തൊട്ടുള്ള അരനൂറ്റാണ്ടുകാലത്തെ കാമനാനിർഭരമായ മനുഷ്യാനുഭവങ്ങളെ കുറുകെയും വിന്യസിക്കുന്ന കലാനിർമ്മിതി.

മേല്പറഞ്ഞ മൂന്നു ഭാവദ്വന്ദ്വങ്ങളിലേക്കും വഴിതുറക്കുന്ന വല്ലിയുടെ ആഖ്യാന ഘടന ഇങ്ങനെ സംഗ്രഹിക്കാം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിൽ നിന്ന് വയനാട്ടിലെത്തി. ധാരാളം ഭൂമിസ്വന്തമാക്കിയ ആഞ്ഞിലിക്കുന്നേൻ കൊച്ചൗസേപ്പ് എന്ന സമ്പന്നനിൽ നിന്നാണ് കല്ലുവയൽ ഗ്രാമത്തിന്റെ ചരിത്രവും കഥയും തുടങ്ങുന്നത്. പിന്നീട് നാട്ടിൽനിന്നുതന്നെ തന്റെ ഏകമകൻ ഐവാച്ചന് അയാൾ അന്നംകുട്ടിയെന്ന പെണ്ണിനെയും കണ്ടെത്തി. പരമദുഷ്ടനായിരുന്നു ഐവാച്ചൻ. അന്നംകുട്ടിയാകട്ടെ പരമസ്വാധ്വിയും. അവരുടെ മക്കൾ ലൂക്കാ, പീറ്റർ, ഇസബെല്ല, ലൂക്കാ അറുപെഴയായി വളർന്നു. അവന്റെ ഭാര്യ റാഹേൽ. മകൻ ജോപ്പൻ, വല്യപ്പന്റെയും അപ്പന്റെയും വഴികാത്തു. പീറ്റർ കുടികിടപ്പുകാരൻ വർക്കിയുടെ മകൾ ലൂസിയെ കെട്ടി വീട്ടിൽനിന്നും പുറത്തായി. അവരുടെ മക്കൾ ജയിംസും ജോയ്‌മേനും. ഒരു വെള്ളപ്പൊക്കത്തിൽ പുഴയിൽ വീണ് ജോയ്‌മോൻ മരിച്ചു. ഇസബൈല്ല മഠത്തിൽ ചേർന്നുവെങ്കിലും കന്യാസ്ത്രീയാകാതെ തിരിച്ചുപോന്നു.

പത്മനാഭൻ, തോമാച്ചൻ എന്നീ സ്‌ക്കൂൾ അദ്ധ്യാപകർക്കൊപ്പം പീറ്റർ ആദിവാസികൾക്കും പ്രകൃതിക്കും വേണ്ടി പ്രവർത്തനം തുടങ്ങി. വനവാസികൾക്കായി കാടോരം എന്ന ബദൽ പള്ളിക്കൂടം സ്ഥാപിച്ചും ഭൂവുടമകളുടെ തൊഴിലാളിചൂഷണവും അടിമഭരണവും ചോദ്യംചെയ്തും ഭുമികയ്യേറ്റങ്ങൾക്കെതിരെ ശബ്ദമുയർത്തിയും വനസംരക്ഷണത്തിനായി വാനരസേന എന്ന സംഘം രൂപീകരിച്ചും അവർ കല്ലുവയലിൽ ഒരു സമാന്തരരാഷ്ട്രീയം സൃഷ്ടിച്ചെടുത്തു.

അനാഥനായിരുന്ന തോമാച്ചനെ എടുത്തുവളർത്തി പഠിപ്പിച്ച് അദ്ധ്യാപനാക്കിയത് മുക്കുവനായ ആബായാണ്. കാഞ്ഞിരപ്പള്ളിയിലെ ധനികകുടുംബത്തിൽ പിറന്ന സാറായെ തോമാച്ചൻ ഒപ്പം കൂട്ടി. വീട്ടുകാരെപേടിച്ച് അവർ വയനാട്ടിലേക്കു സ്ഥലം മാറ്റം വാങ്ങി നടുവിട്ടുവന്നതാണ്. അവരുടെ മകൾ സൂസൻ. പത്മനാഭനാണ് വല്ലിയിലെ ഹരിത- വനവാസിരാഷ്ട്രീയത്തിന്റെ പ്രതീകവും പ്രത്യക്ഷവക്താവും. ഐവാച്ചന്റെയും പീറ്ററിന്റെയും തോമാച്ചന്റെയും വീടുകളാണ് നോവലിലെ കഥാസ്ഥലങ്ങൾ.

ഇതിനുസമാന്തരമായി കല്ലുവയലിന്റെ നാടും കാടും തമ്മിൽ ചേരുന്ന ഇടങ്ങളും മനുഷ്യരും പ്രകൃതിയും പൂർത്തീകരിക്കുന്ന മറ്റൊരു ജൈവലോകവും നോവലിലുണ്ട്. ഇടവക വികാരിയായ ഫാദർ ഫെലിക്‌സ്, വനവാസികളുടെ ഏറ്റവും വാചാലനായ പോരാളി ബസവൻ, അവന്റെ കൂട്ടുകാരി രുക്കു, കള്ളവാറ്റും ആൺവേട്ടയും ഉപജീവനമാക്കിയ കല്യാണി, മനോവിഭ്രമം ബാധിച്ച കാളി, വിസ്മയകരമായ അതിജീവനത്തിലൂടെ വേറിട്ടുനിൽക്കുന്ന ഉമ്മിണിത്താറ, സലോമി, കേളുമൂപ്പർ, വൈദ്യർ, അപ്പേട്ടൻ, ഭൂവുടമകളായ മണിയൻചെട്ടി, കറിയാച്ചൻ.... എന്നിങ്ങനെ.

1970 കളാണ് നോവലിലെ പ്രത്യക്ഷകാലം. തോമാച്ചനും സാറായും നാടുംവീടും വിട്ട് വയനാട്ടിൽ അഭയം തേടിയെത്തുന്നിടത്താണ് കഥാരംഭം. പത്മനാഭനും പീറ്ററും അവർക്കു തുണയായി. അടിയന്തരാവസ്ഥക്കാലത്ത് ഭൂവുടമകൾ ഒറ്റുകൊടുത്ത പത്മനാഭനെ പൊലീസ് ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കി. പീറ്ററിനെ വനത്തിൽ കാണാതായി. തളർന്നു കിടപ്പായ പത്മനാഭനെ ഇസബൈല്ല ശുശ്രൂഷിച്ചു. പീറ്ററിന്റെ വിധവയും മകനും ഐവാച്ചന്റെ വീട്ടിൽ വേലക്കാരായി കഴിയേണ്ടിവരുന്നു. സാറായെ ലൂക്കാ ആക്രമിച്ചു. അവൾ മരിച്ചു. ഫെലിക്‌സും ഇസബൈല്ലയും തോമാച്ചന് തുണനിന്നു. ലൂക്കാ ജയിലിലായി. സഹതടവുകാരുടെ മർദ്ദനമേറ്റ് അയാൾ മരിച്ചു. കാലചക്രത്തിന്റെ തിരിച്ചിലിൽ ഐവാച്ചൻ തകർന്നു തരിപ്പണമായി. ഭ്രാന്തുപിടിച്ച് കാടുകയറിയ അയാളെ കാട്ടാന ചവട്ടിക്കൊന്നു.

 

ജോപ്പൻ വഴിതെറ്റിയെങ്കിലും ജയിംസും സൂസനും പഠിച്ച് മുന്നേറി. പഠനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ജയിംസ് ഏദൻതോട്ടം എന്ന കൃഷിയിടം സ്ഥാപിച്ച് പീറ്ററിന്റെയും പത്മനാഭന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു. സൂസൻ സഹപാഠിയായ ശ്യാമിനെ വിവാഹം ചെയ്തു വിദേശത്തു താമസമുറപ്പിച്ചു. അവരുടെ മകളാണ് ടെസ. കല്ലുവയലിന്റെ ഒരു നൂറ്റാണ്ടുചരിത്രത്തിലെ അഞ്ചാം തലമുറക്കാരി. സൂസന്റെ സ്വപ്നങ്ങളും ഡയറിയും ടെസക്കയച്ച കത്തുകളും വല്യപ്പച്ചനോടൊപ്പം ടെസ കണ്ടറിഞ്ഞ കല്ലുവയലിന്റെ ജീവിതവും ചേർത്ത് അവൾ മുഴുമിപ്പിക്കുന്നതാണ് നോവൽ. ഭൂമി കയ്യേറ്റക്കാർക്കും ടൂറിസം മാഫിയക്കുമെതിരായ പോരാട്ടത്തിൽ വനവാസികൾ നേടുന്ന വിജയങ്ങളും നേരിടുന്ന പരാജയങ്ങളും ഇടകലർന്ന് കാലം മുന്നോട്ടുപോയി. സൂസനും ശ്യാമും പിരിഞ്ഞു. കാൻസർ ബാധിച്ച് സൂസൻ മരിക്കുന്നതോടെ ടെസ ഒറ്റപ്പെടുന്നു. 2018 ലെ പ്രളയം പ്രകൃതിക്കുവേണ്ടി ഭൂമികയ്യേറിയവരോടും നടത്തുന്ന പ്രതികാരത്തിൽ നോവൽ അവസാനിക്കുന്നു.

ഭിന്നപാഠങ്ങളുടെ വലകൊണ്ടു നെയ്‌തെടുത്തതാണ് വല്ലിയുടെ ആഖ്യാനഭൂപടം. സൂസന്റെ ഭാവനയിൽ രൂപം കൊള്ളുന്ന ഉണ്ണിയച്ചിയുടെ കഥ, വള്ളിയൂരമ്മയുടെയും വേടകുമാരിയുടെയും കഥകൾ, കരിന്തണ്ടന്റെ മിത്ത്, കുറുവാദ്വീപിന്റെ ഭൂതപ്രയാണങ്ങൾ, പാക്കത്തിന്റെ പേക്കഥകൾ, വയനാടൻ രാമായണത്തിന്റെ ഏടുകൾ, ബുദ്ധ, ജൈന കാലം മുതൽ ടിപ്പുവിന്റെ പടയോട്ടം വരെയുള്ള വയനാടിന്റെ ചരിതങ്ങൾ, പണിയരുടെയും കുറുമരുടെയും പാട്ടുകൾ, നക്‌സൽ വർഗീസിന്റെ രക്തസാക്ഷിത്വത്തിന്റെ കഥ, പുൽപ്പള്ളി സ്റ്റേഷനാക്രമണം മുതൽ ജന്മികളുടെ കൊലവരെയുള്ള വിപ്ലവനീക്കങ്ങളുടെ നിര, അടിയന്തരാവസ്ഥക്കാലത്തെ ഘോരവും നരകീയവുമായ നരവിരുദ്ധതകൾ, കനവിന്റെ സൂക്ഷ്മസാന്നിധ്യം, ബൈബിളിന്റെ നിരന്തരവും പ്രത്യക്ഷവുമായ ഭാവധാര, കായേൻ, ആബേൽ എന്നിവരുടെ രക്തവെറികളുടെ സൂചന, പിതൃഹത്യ, പുത്രഹത്യ, ഭ്രാതൃഹത്യ തുടങ്ങിയവയുടെ ഭയാനകമായ ഭാഷ്യങ്ങൾ, ഹെമിംഹ്‌വേയുടെ കിഴവനും കടലും നിർമ്മിക്കുന്ന പ്രതീകാത്മകമായ പ്രത്യക്ഷങ്ങൾ, മുത്തങ്ങാസമരം, 2018 ലെ പ്രളയം... ചരിത്രത്തിനു കൈവരുന്ന വല്ലിയിലെ പാഠാന്തരബന്ധം ഒട്ടനവധിയാണ്.

1. മണ്ണ്-പെണ്ണ്

കാർഷികകുടിയേറ്റങ്ങളുടെ കഥപറയുന്ന നോവലുകളിലെ അനിവാര്യമായ ഒരു ദ്വന്ദ്വമാണിത്. വിഷകന്യകയെക്കുറിച്ചുള്ള വിഖ്യാതകല്പന ആധുനികതയുടെ ആഖ്യാനരസതന്ത്രമായിരുന്നുവെങ്കിൽ ആധുനികാനന്തരതയിൽ അതിനു കൈവന്ന മാറ്റം വിസ്മയകരമാണ്. ഇക്കോഫെമിനിസത്തിന്റെ ലാവണ്യരാഷ്ട്രീയം മണ്ണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ സൃഷ്ടിച്ച അട്ടിമറി വല്ലിയുടെ ഭാവഭൂമികയിലെ അടിസ്ഥാന സമവാക്യങ്ങളിലൊന്നാണ്. രണ്ടുതലങ്ങളിൽ കാണാം ഈ ബന്ധത്തിന്റെ വിന്യാസം. ഒന്ന്, സൂസൻ ആർജിക്കുന്ന പ്രകൃതി-പരിസ്ഥിതിബോധത്തിന്റെ മുൻ-പിൻ കാലസൂചകങ്ങൾ. രണ്ട്, അതിന്റെ കർതൃത്വം ഏറ്റെടുക്കുന്ന പെണ്മയുടെ നൈരന്തര്യം.

അന്നംകുട്ടിയും ഇസബെല്ലയും സാറയും ലൂസിയും കാളിയും രുക്കുവും സലോമിയും ഉമ്മിണിത്താറയുമുൾപ്പെടുന്ന പെണ്ണുങ്ങളുടെ ഇടപെടൽ ആദ്യന്തം ഈയൊരു ജൈവമണ്ഡലത്തിലാണ് നടക്കുന്നത്. ഒരിക്കൽ സൂസൻ ടെസക്കെഴുതി: 'പാരിജാതവും മുല്ലയും റോസും ഡാലിയയും ചെണ്ടുമല്ലിയും ചെത്തിയും നാനാനിറങ്ങൾ പൊട്ടിവിരിയുന്ന മറ്റു പത്തുനൂറുചെടികളും മുറ്റത്ത് നട്ടുപിടിപ്പിച്ച്, വെട്ടിയൊരുക്കി, ഒടിച്ചുകുത്തി, പുഴുവും കീടവും പെറുക്കി നടന്ന ബെല്ലമ്മായി ഒരു പൂന്തോട്ടമായിരുന്നു. ചിങ്ങമായാൽ തമ്പ്രാൻകുന്നിന്റെ ചരിവ് മഞ്ഞക്കടലാവും. അക്കാലത്തൊക്കെ ബെല്ലന്നായിക്ക് ചെണ്ടുമല്ലിമണമായിരുന്നു. ബെല്ലമ്മായി കൂടെ കൊണ്ടുപോയത് കല്ലുവയലിന്റെ സുഗന്ധമാണ്... ഓരോ നാടിനും ഓരോരോ വാസനകളുണ്ട്. ഓർമ്മകൾക്കും. കല്ലുവയലിനെ തൊടുന്ന കാനനത്തെ വാസനക്കാടെന്ന് വിളിച്ചത് സാറാമ്മച്ചിയാണ്. കാടിനെ പൊതിയുന്ന മഞ്ഞിന്റെ സ്വപ്നമാകാം വാസനയെന്ന് കുട്ടിക്കാലത്ത് ഞാൻ കരുതി. ടെസാ, ഗ്രാമത്തിൽ നീ എത്തിച്ചേരുന്ന മഞ്ഞുകാലത്ത്, അവശേഷിച്ചേക്കാവുന്ന അവസാന നീർച്ചാലിനരികിൽ, പുഴയുടെ അവസാന മുദ്രയായ ചീങ്കണ്ണിപ്പാറയിൽ കണ്ണടച്ച് അല്പമിരിക്കൂ. മറയുന്ന കാടിന്റെ ആത്മാവിൽനിന്നുയരുന്ന ബാഷ്പകണം നിന്നെ ഉമ്മവയ്ക്കുവോളം...'.

പത്മനാഭനും പീറ്ററും തോമാച്ചനും ബസവനും പിന്നെ ജയിംസുമാണ് കല്ലവയലിന്റെ പ്രതിരോധസമരങ്ങൾക്കു നേതൃത്വം കൊടുക്കുന്നതെങ്കിലും അവരെക്കാൾ ആർജ്ജവത്തോടെ മണ്ണും മരവും കിളിയും പുഴയും പൂവും കാറ്റും ആത്മാവിനോട് ചേർത്തുപിടിക്കുന്നത് പെണ്ണുങ്ങളാണ്. ഉമ്മിണിത്താറായുടെ കഥകേൾക്കുക.

'കല്ലുവയലിൽ ഒരുകൂട്ടം താറാവുകൾ ഉണ്ടായിരുന്നു. ഉമ്മിണിച്ചേടത്തിയുടെ താറാവുകൾ. നേരം പരപരാ വെളുക്കുമ്പോൾ മുറുക്കിത്തുപ്പി, താറാവുകളോടു കിന്നാരവും പറഞ്ഞ്, മഞ്ഞുമൂടിയ നെല്പരപ്പിനെ തൊട്ടുതലോടി അവർ വലിയതോട്ടിലേക്ക് നടന്നുനീങ്ങും. കള്ളിമുണ്ട്. വെള്ളച്ചട്ട. കന്യാസ്ത്രീകളുടെ ശിരോവസ്ത്രംപോലെ തലയിൽ ഒരു വെള്ളത്തോർത്ത്. ഉമ്മിണിച്ചേടത്തിയുടെ ഞൊറിവാലിൽ തൂങ്ങി കല്ലുവയലിലെ പിള്ളേരുമുണ്ടാകും. കുട്ടിപ്പട്ടാളമാണ് അവർക്ക് ആ പേരിട്ടത്. ഉമ്മിണിത്താറ.

വലിയതോട്ടിലെ കുളിയും തേവാരവും കഴിഞ്ഞ് പുഴയോരത്തു നിന്നുള്ള കയറ്റത്തിൽ ഒന്നു കിതച്ചുനിന്ന് ആദ്യം കാണുന്ന കരിയില വീണ മുറ്റത്തേക്ക് ഉമ്മിണിത്താറ അടിവച്ചുകയറും. ക്വാക് ക്വാക്കെന്ന് ചിലച്ച് താറാവുകളും പിന്നാലേ വരും. കോഴിക്കൂടിനരികിൽ ഉറങ്ങുന്ന ഈർക്കിലിച്ചൂലെടുത്ത് അവർ ശറപറാന്ന് മുറ്റമടി തുടങ്ങും. മുറ്റമടിക്കിടയിൽ ചെത്തുകാരൻ ചന്ദ്രന്റെ കുടം ഇടവഴിത്തിണ്ടിന്റെ മുകളിലൂടെ കുലുങ്ങിയെത്തും. ഉമ്മിണിത്താറയ്ക്ക് അയാൾ ഒരു കോപ്പ നിറയെ ഇളംകള്ള് ഒഴിച്ചുകൊടുക്കും. കള്ളുകുടി കഴിഞ്ഞ് ചിറിതുടച്ച് വിറകുപുരയുടെ ചുമരുചാരിയിരുന്ന് ഉമ്മിണിത്താറ ചിരിക്കുമ്പോൾ ചകിരിക്കൂട്ടത്തിൽ ഒളിഞ്ഞിരിക്കുന്ന പല്ലികളും വിറകടുക്കിനുമേൽ പതുങ്ങിക്കിടക്കുന്ന പാണ്ടൻ നായയും കൂടെ ചിരിക്കും. ഒരു കൊച്ചു പൂഗ്ലാസുമായി സൂസനെന്ന പെൺകുട്ടി ചന്ദ്രനെ ചുറ്റിപ്പറ്റി നില്ക്കുമെങ്കിലും ഒന്നു കണ്ടതായി ഭാവിക്കാതെ അയാൾ സൂത്രത്തിൽ കടന്നുകളയും. എന്നാൽ ഉമ്മിണിത്താറയുടെ കോപ്പയിൽ നിന്നും പലകുറി സൂസൻ കള്ളുകുടിച്ചിട്ടുണ്ടെന്ന രഹസ്യം മൂന്നേ മൂന്നുപേർക്കറിയാം. സൂസന്. ഉമ്മിണിത്താറയ്ക്ക്. പിന്നെ മാതാവിന്റെ പള്ളിയിലെ വികാരിയച്ചന്. വേദപാഠക്ലാസിൽ മുന്നിൽചെന്നുപെടുമ്പോൾ അച്ഛന്റെ ചുണ്ടിൽ പാതി വിടരുന്ന ആ ചിരി തന്റെ കള്ളുമോന്തൽ പാപം ഓർത്തിട്ടാണോയെന്നും കുമ്പസാരരഹസ്യം അച്ചൻ അമ്മച്ചിയോടെങ്ങാൻ വെളിപ്പെടുത്തുമോയെന്നും ചിന്തിച്ചു ചിന്തിച്ച് കൊച്ചുസൂസന്റെ ഉറക്കം കെടും.

വെള്ളപ്പൊക്കത്തിൽ ഉമ്മിണിത്താറയുടെ കൂര വലിയ തോട്ടിലൂടെ പുഴയിലേക്ക് ഒഴുകിപ്പോയി. പുഴയിലൂടെ കടലിലേക്ക്. വീടിനുള്ളിൽ കയറിക്കൂടിയ മീനും തവളയും ഞണ്ടും ആമയും ഒച്ചും നീർക്കോലിയും പായലും പരശതം പ്രാണികളും കടലിലേക്ക് ഉല്ലാസയാത്ര പോയി. കൂര ഒഴുകിപ്പോയിട്ടും ഉമ്മിണിത്താറയ്ക്ക് കർത്താവിനോട് തെല്ലും പരിഭവമുണ്ടായില്ല. കോടാനുകോടി ജീവികളുടെ കാര്യം നോക്കുന്നതിനിടയിൽ ഉമ്മിണിത്താറയെ മറന്നുകാണും. പോട്ടെ.... മക്കളുപോലും മറന്നില്ലേ. ഏറ്റവും വേണ്ടപ്പെട്ടവരുടെ കാര്യങ്ങൾക്കായിരിക്കും മനുഷ്യന്റെ മാതിരി കർത്താവും മുടക്കം വരുത്തുക.

മനുഷ്യന്മാർ ബ്രഹ്മാണ്ഡൻ വീടുകൾ വെച്ചുതുടങ്ങിയ കാലം കല്ലുവയലിലേക്ക് എത്തിയിരുന്നില്ല അന്ന്. എന്നാലും വലിയ പത്തായപ്പുരകളുള്ള വീടുകൾ കാണുമ്പോൾ ഉമ്മിണിത്താറയ്ക്ക് ഉള്ളിന്റെയുള്ളിൽ ചിരി പൊട്ടും. ചുണ്ടിലും കണ്ണിലും മൂക്കിലും കവിളിലും പരിഹാസം മുളച്ചുപൊന്തും. മഴയും വെയിലും കൊള്ളാതെ, പുലിയും നരിയും പിടിക്കാതെ, കേറിക്കെടക്കാൻ ഒരു കൂര പോരെ? എന്നാത്തിനാ ഇണ്ടക്കാട്ടൻ കൊട്ടാരങ്ങള്? കൊയ്തുമെതിക്കണത് വെശപ്പിനുള്ള അന്നമാണെങ്കി എന്നാത്തിനാ ഇത്രേം വല്യ പത്തായപ്പുരകള്? ഇപ്പ്രത്ത് നെറഞ്ഞ പത്തായം. അപ്പ്രത്ത് വെശന്ന് മരിക്കണ കുഞ്ഞുങ്ങള്. അതും കണ്ണെത്തണ ദൂരത്ത്; കയ്യെത്തണ അകലത്ത്. ഇതൊന്നുമത്ര ശരിയായ കാര്യമല്ലെന്ന് ഉമ്മിണിത്താറയ്ക്കറിയാം.

ഉമ്മിണിത്താറ ആരാണെന്നല്ലേ... പറയാം. നഷ്ടങ്ങളുടെ കാട് ഉള്ളിലൊതുക്കി നിശ്ശബ്ദപോരാട്ടം നടത്തിയ കല്ലുവയലിലെ ധീരവനിതയെന്നും തോൽക്കാതെ ജീവിക്കാൻ തന്നെ പഠിപ്പിച്ചവരെന്നും പില്ക്കാലത്ത് ഒരുനാൾ ചാച്ചൻ വിവരിക്കാനിരിക്കുന്നത് ഉമ്മിണിച്ചേടത്തിയെക്കുറിച്ചാണ്'.

പെണ്ണുങ്ങൾക്കു മാത്രമായുള്ള ഉണ്ണിയച്ചികോവിൽ വനാന്തരത്തിൽ നിലനിർത്താനുള്ള സമരവും നോവലിൽ നടക്കുന്നുണ്ടല്ലോ. (ശബരിമല സമരത്തിന്റെ സന്ദർഭത്തിൽ വേണം ഈ രാഷ്ട്രീയസമവാക്യത്തെ വല്ലിയിൽ നിന്നു വായിച്ചെടുക്കേണ്ടത്.) മണ്ണും പെണ്ണും തമ്മിലുള്ള അനാസക്തയോഗത്തിലൂടെയാണ് ആൺമകളെയും ആസക്തികളെയും കോർത്തിണക്കുന്ന കുടിയേറ്റത്തിന്റെ ഭൂരാഷ്ട്രീയത്തെ നോവലിന്റെ ജൈവരാഷ്ട്രീയം മറികടക്കുന്നത്.

2. ഭാഷ-മിത്ത്

കെ.ജെ. ബേബിയാണ് വയനാട്ടിലെ ആദിവാസികളുടെ ഭാഷയും സംസ്‌കൃതിയും മലയാളഭാവനയിൽ രാഷ്ട്രീയവൽക്കരിച്ചത്. നോവലിലും നാടകത്തിലും മാത്രമല്ല, അനൗപചാരിക വിദ്യാഭ്യാസത്തിന്റെ അനിതരസാധാരണമായ മാതൃകാസ്ഥാപനമായി കനവിനു രൂപം കൊടുക്കുകവഴി ബേബി നിർവഹിച്ചതും ഇതേ രാഷ്ട്രീയധർമ്മമാണ്. വല്ലിയിൽ പത്മനാഭൻ നേതൃത്വം കൊടുക്കുന്ന കാടോരം, കനവിനെ അതിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളിൽ തന്നെ പുനഃസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പണിയരെയും കുറുമരെയുമൊക്കെ അവരുടെതന്നെ ഭാഷയിൽ പഠിപ്പിക്കാനാണ് പത്മനാഭന്റെ പദ്ധതി. നോവലിലുടനീളം വനവാസികളുടെ മിത്തുകളും ഭാഷയും പാട്ടും തൊഴിലുകളും ജ്ഞാനവ്യവഹാരങ്ങളും ഷീല പുനഃസൃഷ്ടിക്കുന്നുണ്ട്. പേമ്പിയും രുക്കുവും ബസവനും മാത്രമല്ല, മുഴുവൻ വനവാസികളും അവരുടെ ഭാഷയിലാണ് നോവലിൽ സംസാരിക്കുന്നത്. ലിപിയില്ലാത്ത ഭാഷയ്ക്കും ശബ്ദമില്ലാത്ത മനുഷ്യർക്കും തീപിടിച്ച കാടിനുമാണ് ഈ നോവൽ എഴുത്തുകാരി സമർപ്പിക്കുന്നതുതന്നെ.

കാടോരത്തിന്റെ ഭാഷാരാഷ്ട്രീയത്തെക്കുറിച്ച് പത്മനാഭൻ പറയുന്നതു കേൾക്കുക:

'കല്ലുവയലിലെ പ്രിയപ്പെട്ടവരേ,

കഥ പറയാനാണ് ഞാനിവിടെ നില്ക്കുന്നത്. നമ്മുടെ ഗ്രാമവിദ്യാലയത്തിൽ ഓണാഘോഷമായിരുന്നു അന്ന്. പൂക്കളമിട്ടും തുമ്പിതുള്ളിയും കുട്ടികൾ ആർത്തുല്ലസിക്കേ കുനിഞ്ഞ മുഖവുമായി ക്ലാസ് മുറിക്കുള്ളിൽ ഒളിച്ചിരുന്ന കുഞ്ഞുങ്ങളെ ഞാൻ കണ്ടു.

അവരുടെ മുഷിഞ്ഞ ഉടുപ്പുകളും സങ്കടനോട്ടങ്ങളും കണ്ടു.

അവർക്ക് ചേറുമണമാണെന്ന് മൂക്കുപൊത്തുന്ന അദ്ധ്യാപകരെ കണ്ടു. അവരുടെ അരികിൽ ഇരിക്കാൻ മടിക്കുന്ന സഹപാഠികളെ കണ്ടു. പായസത്തിനായി നീട്ടിയ ഞളുങ്ങിയ പിഞ്ഞാണങ്ങളിൽ വിളമ്പാൻ മടിക്കുന്നവരെ കണ്ടു.

ആ നിമിഷം ഞാൻ എന്നെത്തന്നെ വെറുത്തു. എന്തുകൊണ്ട് ഇത്രനാൾ ഇതൊന്നും കണ്ടില്ല ഞാൻ! എല്ലാത്തിനോടും ഭയമായിരുന്നു ആ കുഞ്ഞുങ്ങൾക്ക്. കാതിലേക്ക് ഇരമ്പിക്കയറിയ അപരിചിതഭാഷയെ അവർ ഭയന്നു. ശാസനകളെ ഭയന്നു. പാട്ടുകളെപ്പോലും ഭയന്നു. സ്വന്തം ശീലുകളെ അവർ ചുണ്ടിനുള്ളിൽ പൂട്ടിയിട്ടു. വാസനസോപ്പുമണക്കുന്ന ചുളിവില്ലാത്ത ഉടുപ്പിട്ട കുട്ടികളെ അവർ കൊതിയോടെ നോക്കിനിന്നു. ഉച്ചയ്ക്കു കിട്ടുന്ന കഞ്ഞിക്കുവേണ്ടി മാത്രമാണ് അന്തർമുഖരായ ഈ കുട്ടികൾ സ്‌കൂളിൽ വന്നത്. വിശപ്പ്. അതുമാത്രമായിരുന്നു സത്യം. വിശക്കാത്ത ദിനങ്ങളിൽ അവർ സ്‌കൂളിൽ വന്നില്ല. കൊയ്ത്തുകാലത്ത് പ്രത്യേകിച്ചും. അങ്ങനെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടിവന്നപ്പോൾ ഉള്ളിൽ കൊരുത്ത മോഹമാണ് ഈ സായാഹ്ന വിദ്യാലയം. തോമസ് മാഷ് കൂട്ടിനെത്തിയപ്പോൾ ആ സ്വപ്നം പൂവണിയുകയായിരുന്നു.

ഒരു സുപ്രഭാതത്തിൽ, ജോഗിയും മാച്ചിയും ബാവുവും കൂട്ടുകാരും കല്യാണിയുടെ വീട് കടന്ന് വടക്കോട്ടുള്ള കയറ്റം കയറി തമ്പ്രാൻകുന്നിന്റെ ഉച്ചിയിലെത്തി. പുൽമേട്ടിൽ പീലി വിരിച്ചാടുന്ന മയിലുകൾ സംശയത്തോടെ തലനീട്ടി നോക്കി. പിന്നെ ഒരു മേളമായിരുന്നു. മത്സരിച്ച് ഓടി നടന്ന് അവർ പുല്ലുവെട്ടി. മുള വെട്ടി. തറ കെട്ടി. തൂണു കെട്ടി. മുളഞ്ചീന്തുകൾ മെടഞ്ഞ് മറ കെട്ടി. ഒറ്റപ്പലകകൊണ്ട് വൈക്കോൽ മേഞ്ഞ ഒന്നാന്തരമൊരു മുളവീട് പൊങ്ങി. കുട്ടികളോടൊപ്പം അന്ന് കാളിയുടെ പാട്ടും കുന്നുകയറിവന്നു. ജട പിടിച്ച മുടിയും ഇരുണ്ട് ചളിനിറമായ ചേലയും മുറുക്കാൻചുവപ്പു ചുണ്ടും പാട്ടിനൊപ്പം തമ്പ്രാൻ കുന്നുകയറി. കുന്നിന്മോളിൽ പൊന്തിയ മുളവീടും അതിനുള്ളിലെ പച്ചവെളിച്ചവും കണ്ട് കാളി വാ പൊളിച്ചുനിന്നു. അവളുടെ അതിശയക്കണ്ണിൽനിന്നും പൂമ്പാറ്റകൾ പറന്നുപൊങ്ങി.

കാളിയോടൊപ്പം കുട്ടികൾ നൃത്തച്ചുവടുവച്ചു.

കാടു പുയെ ആകാശ കാടോരപള്ളിക്കൂട...

അങ്ങനെ നമ്മുടെ സ്‌കൂളിന് ഒരു പേരു വീണു. കാടോരം സ്‌കൂൾ. കാളി സ്‌കൂളിന്റെ പേരിട്ടമ്മയായി.

നമ്മുടെ കുട്ടികൾ എല്ലാത്തിലും പങ്കാളികളാകുന്നു. അവർ വിതയ്ക്കുന്നു. ഞാറു നടന്നു. കള പറിക്കുന്നു. കൊയ്യുന്നു. മെതിക്കുന്നു. പാവലിനും കോവലിനും പന്തലിടുന്നു. ഞാറ്റുപാട്ടും നാട്ടുവൈദ്യവും കണക്കും സയൻസും പാട്ടും ആട്ടവും ആസ്വദിച്ചു പഠിക്കുന്നു ഇവർക്കിവിടെ ഹാജർബുക്കില്ല. ഹോംവർക്കും ചൂരലുമില്ല. പരീക്ഷകളില്ല. ആർക്കും എപ്പോൾ വേണമെങ്കിലും വരാം. പഠിക്കാം. കളിക്കാം. പാട്ടുപാടാം. കൊട്ട മെടയാം. പായ നെയ്യാം. കരകൗശലങ്ങൾ തീർക്കാം. തിരിച്ചുപോകാം. പീറ്ററും കൂട്ടുകാരും പകൽനേരം ഈ കുട്ടികൾക്കൊപ്പം കൂടുന്നു. ഗ്രാമവിദ്യാലയത്തിന്റെ പ്രവൃത്തിസമയം കഴിഞ്ഞാൽ ഞങ്ങളും എത്തുകയായി. രാത്രിയോഗങ്ങളിൽ ആസൂത്രണത്തിനും അവലോകനത്തിനും ഞങ്ങൾ സമയം കണ്ടെത്തുന്നു. കാടോരം സ്‌കൂളിൽ ജീവിതം പഠിച്ചവരെ ഗ്രാമവിദ്യാലയത്തിലെ വലിയ ക്ലാസ്സുകളിലേക്ക് പറഞ്ഞയയ്ക്കാനാണ് തീരുമാനം.

കാടിന്റെ വാക്കുകൾ തിരിച്ചുപിടിക്കുവാൻ ഒന്ന് ശ്രമിച്ചു നോക്കുകയാണ് ഞങ്ങൾ. ആത്മാവിന്റെ ഭാഷ അവർക്ക് തിരിച്ചുനൽകണം. അവരുടെ വികാരങ്ങളും സ്വപ്നങ്ങളും ആവിഷ്‌കരിക്കപ്പെടാതെ പോകരുത്.

അവരുടെ പാട്ടുകളിൽ, താളമേളങ്ങളിൽ, നിറയുന്ന നന്മ, ഉണ്മ, മനസ്സിലാക്കപ്പെടാതെ പോകരുത്. നാലുമണിപ്പുഴ കടന്ന് എന്നും ഞങ്ങൾ ഓടിയെത്തുന്നത് അതിനുവേണ്ടിയാണ്. ഒക്കെ അതേപടി സംരക്ഷിക്കണമെന്നല്ല. മാറ്റം വേണം. ആദ്യമവർ ലജ്ജയില്ലാതെ സ്വയം ഭാഷ സംസാരിക്കട്ടെ. സ്വന്തം പാട്ടുകൾ പാടട്ടെ. മല കേൾക്കുവോളം, പുഴകേൾക്കുവോളം, കാടു പൂക്കുവോളം പാടട്ടെ. അവിടെനിന്നു വേനം ലിപിയില്ലാത്ത ഭാഷയുടെ അപ്പുറത്തേക്ക് കടക്കാൻ. കാട്ടിൽ വളർന്ന ഈ മക്കളുടെ പേരിൽ ഒരിക്കൽ കല്ലുവയൽ അഭിമാനിക്കാൻ ഇടവരും. അതിയായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ നമുക്കൊപ്പമുണ്ടാകും. ഈ കാറ്റും മഞ്ഞും മഴയും കാടും കല്ലുവയലിന്റെ ഹൃദയവും നമുക്കൊപ്പമുണ്ടാകും'.

വനവാസികളുടെ ഭാഷപോലെതന്നെ വല്ലിയുടെ ജൈവസംസ്‌കാരത്തെ രൂപപ്പെടുത്തുന്ന ഘടകം അവരുടെ മിത്തുകളാണ്. കരിന്തണ്ടന്റെ മിത്ത് മാത്രമല്ല, വേടകുമാരിയുടെയും പാക്കത്തിന്റെയും ഉണ്ണിയച്ചിയുടെയും മിത്തുകൾ അവരുടെ ചരിത്രവും ജീവിതവും ഭാവനയും രാഷ്ട്രീയവും കൂട്ടിയിണക്കുന്ന കാലപാഠങ്ങളായി മാറുന്നു. നോക്കുക:

'പണ്ട്.... പണ്ട്...... പണ്ട്.....

നിശ്ശബ്ദത....

കാട് ചെവി വട്ടം പിടിച്ചു.

മാനന്തവാടിപ്പുഴേടെ അക്കരേമിക്കരേം കൊടുങ്കാടും ഇരുളും പടർന്നുപിടിച്ച കാലം....

മാനന്തവാടി എന്നാൽ മാ നദ്യം ബു വാടി. മഹാനദി കടക്കേണ്ട വഴി...

ഏലവും കുരുമുളകും വ്യാപാരം ചെയ്യാൻ മാപ്പിളമാർ മാനന്തവാടിച്ചന്തയിലേക്ക് വന്നുതുടങ്ങുന്നതിനും മുമ്പുള്ള കാലം... അന്നൊരിക്കൽ, അങ്ങുദൂരേനിന്ന് തിരുനെല്ലിപ്പെരുമാളെ തൊഴാൻ മലകയറി വന്ന വെളിച്ചപ്പാട് നദിയുടെ മണൽത്തിട്ടയിൽ ഒന്ന് ഇളവേൽക്കാനിരുന്നു. വില്ലുവണ്ടികൾ പുഴയോരത്ത് കിതപ്പാറ്റിക്കിടന്നു. പുള്ളിക്കുത്തുള്ള കാളകൾ പുഴയിലിറങ്ങി വെള്ളം കുടിച്ചുകൊണ്ടിരുന്നു. പുഴക്കരയിൽ ഒരു ബ്രഹ്മാണ്ഡൻ ആൽമരം എല്ലാം നോക്കിക്കണ്ട് അനങ്ങാതെനിന്നു. കൂരിയും പരവയും വരാലും മുഷിയും പുഴയിലെ കണ്ണാടിവെള്ളത്തിൽ നീന്തിനടന്നു. ആൽമരത്തിനരികിലെ കൂറ്റൻ ചിതൽപ്പുറ്റിൽ ആയിരമായിരം ചിതലാശാന്മാരും അവരുടെ റാണിമാരും മദിച്ചുപുളഞ്ഞു നടന്നു. ചിതൽപ്പുറ്റിനു മറവിൽ വാൾ ഒളിപ്പിച്ച് വെളിച്ചപ്പാട് പയ്യെ ഉറക്കത്തിലേക്ക് വഴുതിവീഴുകയായി.

ഭയങ്കരമായൊരു സ്വപ്നത്തിൽ വെളിച്ചപ്പാട് ഞെട്ടിയുണർന്നു.

വാളേന്തി ഉറഞ്ഞുതുള്ളുന്നു ഭദ്രകാളി...

കടും തുടിയുടെ താളം മുറുകി.

വള്ളിപ്പടർപ്പിൽ തൂങ്ങിയാടി വാളുമെടുത്ത് ചുവന്നചേലയുടുത്ത രുക്കു കഥയ്ക്കുള്ളിലേക്ക് തുള്ളിവന്നു. കഥയിൽനിന്നു മുഖം പൊന്തിച്ച കുട്ടികൾ കണ്ണുമിഴിച്ച് വാ പൊത്തി.

സൂത്രധാരൻ കൈകൂപ്പി നിന്നു.

അമ്മേ വള്ളിയൂരമ്മേ...

രുക്കു ഉറഞ്ഞുതുള്ളി...

കുടിയിരിക്കണം എനിക്കിവിടെ.

ഒന്നാം ദിക്കിൽ വനദുർഗ്ഗയായി...

രണ്ടാം ദിക്കിൽ ജലദുർഗ്ഗയായി...

മൂന്നാം ദിക്കിൽ ഭദ്രകാളിയായി....

ആരു പണിയുമെനിക്ക് മേൽക്കൂര?

നാലു സമുദ്രങ്ങളിലേക്ക് തുറക്കുന്ന മേൽക്കൂര...

മുടിയഴിച്ചാടുകയാണ് രുക്കു.

ആകാശമാണെന്റെ മേൽക്കൂര.

പച്ചമരച്ചാർത്താണെമ്‌റെ മേൽക്കൂര.

വെട്ടരുത് മുറിക്കരുത്. തൊട്ടുപോകരുത്...

ആട്ടം നിലച്ചപ്പോൾ സൂത്രധാരൻ കഥ തുടർന്നു.

കോട്ടയം രാജാവ് കല്പിച്ചു. വള്ളിയൂരമ്മയ്ക്ക് അമ്പലം പണിയണം. ആകാശം മേൽക്കൂരയായ അമ്പലം... പ്രപഞ്ചം ഉള്ളിൽ നിറയുന്ന അമ്പലം....

അപ്രകാരം പുഴയോരത്ത് അമ്പലം ഉയരുകയായി.

തൊഴാനെത്തിയവർ പുഴയിലേക്ക് നെല്ലും ചോറും പൂവും എറിഞ്ഞു. നിവേദ്യം കൊത്താൻ മീനായ മീനെല്ലാം ജലപ്പരപ്പിലേക്ക് പൊങ്ങിവന്നു. മീൻപിടുത്തക്കാരായ വള്ളുവച്ചെക്കന്മാർ ചൂണ്ടകളുമായി പാറക്കല്ലുകളിൽ പതുങ്ങിയിരുന്നു.

തുടി മുറുകി. നൊടിയിടയിൽ കാട്ടുവള്ളിയിലാടി ഒരു യുവാവ് ആകാശത്തിൽനിന്നു പൊട്ടിവീണു. ഇടത് ചുമലിൽ തേൻകുടം. കണ്ണുകളിൽ അഗ്നി.

നിർത്ത് നിങ്ങടെ നുണക്കഥകൾ.

ഒച്ച കനത്തു. കാട് അലറി.

അറിയണ ഏങ്കക്കു, നാങ്കേണെ അടിമയാത്തോ?

നെല്ലു ചോറുമെറിഞ്ഞ് എങ്കളെ വലവീശിപ്പിടിച്ചതാരെയ്/

പാപ്പെമാരെ... ജമ്മികളേ...

കാവുക്കുതൊട്ടേയ് എങ്കളേ വേലചെയ്യിപ്പവരേയ്...

പുകെലെയു കള്ളു നീട്ടി കളിപ്പിക്കിഞ്ചെവരേയ്....

കൈക്കട്ടു തേരു കഞ്ചുകാലിന ഒപ്പറ

ഇഞ്ചിന് കുരുമുളകിനു ഉണങ്കുത്ത പൂളെന ഒപ്പറ,

എങ്കളെ വിപ്പ ഏതു തെയ്യ നീങ്കക്കധികാര തന്തേയ്?

ഏതു തെയ്യ നീങ്കക്കധികാര തന്തേയ്?

ആകാശത്തേക്ക് ചുരുട്ടിയുയർത്തിയ മുഷ്ടിയുമായി പിന്നാക്കം നടന്ന യുവാവ് മരങ്ങൾക്കിടയിൽ അപ്രത്യക്ഷനായപ്പോൾ നിലയ്ക്കാത്ത കൈയടിയോടെ ഗ്രാമം കുന്നിറങ്ങി. വിദൂഷകന്റെ വേഷമഴിച്ച് തൊമ്മിച്ചനും ചമയങ്ങൾ പെറുക്കിയെടുത്ത് പീറ്ററും പത്മനാഭനും ഏറ്റവും പിന്നിൽ നടന്നു. സാറയും ലൂസിയും കുട്ടികളും മുന്നിൽ. അവർക്കു മുന്നേ കാളിയുടെ പാട്ട് അപ്പേട്ടന്റെ പീടികത്തിണ്ണയിലേക്ക് ഒഴുകി.

സബ്ജില്ലയിലെ പ്രകൃതി ശാസ്ത്രം സമൂഹം ക്ലാസ്സിൽ പിറ്റേന്ന് പങ്കുവെക്കേണ്ട വിഷയത്തെക്കുറിച്ചായിരുന്നു അപ്പോൾ പത്മനാഭൻ ചിന്തപൂണ്ടിരുന്നത്. യുഎന്നിന്റെ സ്റ്റോക്ക്‌ഹോം കോൺഫറൻസിനു ശേഷം പരിഷത്തിന്റെ പ്രചാരണപരിപാടികൾ സജീവമായപ്പോൾ ജില്ലയുടെ പലയിടങ്ങളിലും പരിസ്ഥിതിവിഷയവുമായി പപ്പന് ഓടി എത്തേണ്ടിവരുന്നുണ്ട്. പപ്പനോടൊപ്പം നാടുചുറ്റി നടക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും തൊമ്മിച്ചനും പാഴാക്കാറില്ല. അബാ പറയാറുണ്ടായിരുന്ന നിധി തേടിയുള്ള പ്രയാണത്തിലാണ് താൻ എന്ന് ഓരോ യാത്രയിലും തൊമ്മിച്ചൻ അഭിമാനം കൊള്ളും.

പിരിയുമ്പോൾ ചിന്തയിൽ സ്വയം നഷ്ടപ്പെട്ടവനായി കാണപ്പെട്ട പത്മനാഭൻ ആരോടെന്നില്ലാതെ പറഞ്ഞു:

'നോക്കൂ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വൈരുധ്യം, പ്രകൃതിയും മുതലാളിത്തവും തമ്മിലുള്ള വൈരുധ്യം, മനുഷ്യന്റെ ആർത്തിയും ആവശ്യവും തമ്മിലുള്ള വൈരുധ്യം... വരാൻപോകുന്ന കാലത്തെ നിശ്ചയിക്കുന്നത് അതൊക്കെയാവും'.'.

3. കാട് - വനവാസി

വല്ലി, മലബാർ കുടിയേറ്റത്തിന്റെ അധ്വാനചരിത്രമോ പ്രകൃതിക്കും കാലാവസ്ഥക്കും മേൽ മനുഷ്യൻ നാട്ടിയ വിജയപതാകയുടെ ഇതിഹാസമോ അല്ല, കാടിനോടും വനവാസികളോടും നാട്ടുമനുഷ്യർ ചെയ്ത കൊടും പാതകങ്ങളുടെ കുറ്റവിചാരണയാണ്. ആധുനികതയുടെ കുറ്റസമ്മതം. കുടിയേറ്റത്തിന്റെ സ്ത്രീപക്ഷവിമർശനം. മലയാളത്തിൽ പാരിസ്ഥിതികരാഷ്ട്രീയം അതിന്റെ വൈവിധ്യങ്ങളിൽ നോവൽവൽക്കരിക്കപ്പെട്ട നിരവധി രചനകളുണ്ട്. വിജയനും സാറാജോസഫും അംബികാസുതനും സുരേന്ദ്രനും... ഒക്കെ രചിച്ചവ. വനവാസികളുടെ സംസ്‌കൃതിക്കും പ്രകൃതിക്കും മേൽ നാട്ടുവാസികൾ നടത്തിയ കയ്യേറ്റങ്ങളും മാനവികവും പാരിസ്ഥിതികവുമായ ഹിംസാത്മകതകളും വല്ലിയിലെന്നപോലെ ചരിത്രബദ്ധവും രാഷ്ട്രീയതീവ്രവുമായി പ്രശ്‌നവൽക്കരിക്കുന്ന രചന മറ്റൊന്നില്ല. 70കളിലെ നക്‌സലൈറ്റ് മുന്നേറ്റത്തിനു പിന്നിൽപോലും ജന്മിത്തത്തിന്റെ വർഗചൂഷണത്തിനൊപ്പം ആദിവാസികളനുഭവിക്കുന്ന വംശവെറിക്കും കുടിയേറ്റക്കാരുടെ വനം കയ്യേറ്റരാഷ്ട്രീയത്തിനുമെതിരെയുള്ള ചെറുത്തുനില്പുകൾ നോവലിസ്റ്റ് സങ്കല്പിച്ചെടുക്കുന്നുണ്ട്. (ഇതിന്റെ ചരിത്രപരമായ സാധുത മറ്റൊരു വിഷയമാണ്!) കാടുവെട്ടി ഭൂമി സ്വന്തമാക്കിയ ഐവാച്ചന്റെ മകനും മകളും വനത്തിനും വനവാസികൾക്കുംവേണ്ടി ജീവിതം മാറ്റിവയ്ക്കുന്നു. പീറ്ററിന്റെ മകൻ അപ്പന്റെ രക്തബലിക്ക് ഹരിതഭാഷ്യം ചമയ്ക്കുന്നു. വനവാസികൾക്കുവേണ്ടി നടത്തിയ സമരങ്ങളുടെ പേരിൽ ഭരണകൂടം നടത്തിയ വേട്ടയിൽ ജീവച്ഛവമായി മാറി, പത്മനാഭൻ. രാഷ്ട്രീയബോധം മന്ദീഭവിച്ച പിൻതലമുറ ടൂറിസം മാഫിയക്കൊപ്പം ചേർന്ന് തോമാച്ചനെയും പത്മനാഭനെയും പ്രകാശനെയും ജയിംസിനെയും വെല്ലുവിളിക്കുന്നുണ്ടെങ്കിലും പ്രകൃതി അവരുടെ ആർത്തിക്കു ചുട്ടമറുപടി കൊടുക്കുന്നു. കാട്, ജന്തുക്കളും മരങ്ങളും ആദിവാസികളുമടങ്ങുന്ന വനവാസികളുടേതാണ് എന്ന സൂക്ഷ്മരാഷ്ട്രീയത്തിനടിവരയിട്ടുകൊണ്ട് നോവൽ കയ്യേറ്റത്തിന്റെ കുലപതിയുടെ നെഞ്ചും തലച്ചോറും കാട്ടാനായുടെ കാൽച്ചുവട്ടിൽ ചതഞ്ഞരയുന്ന കാവ്യനീതി കഥാന്ത്യത്തിൽ എഴുതിച്ചേർക്കുന്നു. പ്രളയം മാറ്റിവരച്ച നരവിധി കല്ലുവയലിന്റെ ഭൂപടം തിരുത്തിയെടുക്കുന്നു. ഒരർത്ഥത്തിൽ വല്ലി, വയനാടിന്റെയും മലബാറിന്റെയും മാത്രമല്ല മനുഷ്യൻ ആർത്തിപൂണ്ട് പ്രകൃതിക്കും സംസ്‌കൃതിക്കും മേൽ മദിച്ചുകയറുന്ന മുഴുവൻ ഭൂപ്രദേശങ്ങൾക്കും വേണ്ടി മാറ്റിവരയ്ക്കുന്ന ഒരു ഹരിത ഭൂപടം തന്നെയാണ്.

നോവലിൽ നിന്ന്:-

'പുൽപ്പള്ളി സ്റ്റേഷനാക്രമണവും സഖാവ് വർഗീസിന്റെ കൊലയും നടന്ന് വർഷങ്ങൾ പലത് കഴിഞ്ഞു. നേതാക്കൾ കീഴടങ്ങുകയും ചെയ്തു. കൊടുങ്കാടിന്റെ മറപറ്റി ഇടിഞ്ഞുപൊളിഞ്ഞ ബംഗ്ലാവിൽ ചിലർ എത്താറുണ്ടെന്നും അവർക്ക് ഭക്ഷണവും മറ്റും എത്തിച്ചുകൊടുക്കുന്നത് പത്മനാഭന്മാഷാണെന്നും ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതിയെത്തിയിരുന്നു. വേലിയമ്പത്തെ ചില വീടുകളിൽ ഇടിച്ചുകയറിയ ചിലർ റേഡിയോയും ടോർച്ചും മറ്റുമെടുത്തു സ്ഥലംവിട്ടെന്നും മുറ്റത്ത് നിറച്ചുവച്ചിരുന്ന അരിച്ചാക്കുകൾ കാണാതാവുന്നുണ്ടെന്നും അതിനു പിന്നിൽ ഈ സംഘമാണെന്നും കേൾവി പരന്നു. കാടകങ്ങളിൽ ചിതറിപ്പോയവർ ചിലരെങ്കിലും ഒളിച്ചും പാത്തും ഗ്രാമങ്ങളെ വളയുമെന്ന സംശയത്തിൽ പൊലീസ് ജാഗരൂകരായിരുന്നു. ആദിവാസി ഊരുകൾ നിരന്തര നിരീക്ഷണത്തിലുമായിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ അപരിചിതനായ ഒരു കൊമ്പന്മീശക്കാരൻ അപ്പേട്ടന്റെ കടയ്ക്കു മുന്നിൽ വണ്ടിയിറങ്ങി. രൂപഭാവങ്ങൾക്ക് ഇണങ്ങാത്ത ഒരു തുണിസഞ്ചി തോളിലുണ്ട്. വായനശാലയിലേക്ക് അയാൾ തിടുക്കപ്പെട്ടു നടന്നു. അന്നേരം പീറ്റർ അവിടെയുണ്ട്. പുസ്തകം ഏതാണ് വേണ്ടതെങ്കിൽ എടുത്തുതരാമെന്ന് പറഞ്ഞതൊന്നും ഗൗനിക്കാതെ അയാൾ അലമാരയിൽ തപ്പിത്തിരയാൻ തുടങ്ങിയപ്പോൾ വായിച്ചുകൊണ്ടിരുന്ന ഫീച്ചറിലൂടെ പീറ്റർ സഞ്ചാരം തുടർന്നു.

കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൈ നഷ്ടമായ എസ്‌ഐ. പ്രഭാകരനെക്കുറിച്ച് വർഷങ്ങൾക്കുശേഷം ഒരു പ്രാദേശിക ലേഖകൻ എഴുതിയിരിക്കുന്നു. ഭാഗ്യംകൊണ്ടുമാത്രം ജീവൻ ബാക്കിയായവൻ; ഒരു ഡിസംബർ രാത്രിയിൽ, രണ്ടു പുഴകൾക്കിടയിലെ കുന്നിൻപ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ, മേശകൾ കൂട്ടിയിച്ച് അതിന്മേൽ ഉറങ്ങാൻ കിടന്ന എസ്‌ഐ. പിറ്റേന്ന് ഒടിഞ്ഞുതൂങ്ങിയ കയ്യുമായി മെഡിക്കൽകോളജിലെ ശസ്ത്രക്രിയാമേശയിൽ രക്തം വാർന്ന് ബോധമറ്റ് കിടന്നു. പീറ്ററിന് കണ്ണിൽ ഇരുട്ട് കയറി. വിപ്ലവകാരികൾ ആയുധമെടുക്കുന്നത് ഒട്ടും ശരിയായ നടപടിയല്ലെന്ന് ആരോടെന്നില്ലാതെ പറഞ്ഞു.

അലമാര കുത്തിയിളക്കിയപ്പോൾ 'ദി കമ്മ്യൂണിസ്റ്റ്, ഒരു മുഖവുര' ആഗതന്റെ കയ്യിൽ തടഞ്ഞു. ഒപ്പം മറ്റുചില ചെറു പുസ്തകങ്ങളും. കുന്നിക്കൽ നാരായണന്റെ റിബൽ പബ്ലിക്കേഷൻസിൽനിന്ന് പത്മനാഭൻ ഒരു കൗതുകത്തിന് കൊണ്ടുവന്നതായിരുന്നു അതിൽ ചിലത്. ചൈനീസ് സാഹിത്യമാണോടാ കുട്ടികൾക്ക് വായിക്കാൻ കൊടുക്കുന്നതെന്ന് അയാൾ മൂപ്പിച്ചപ്പോൾ പീറ്ററിന് എന്തോ പന്തികേട് മണത്തു.

പത്മനാഭന്റെയും തൊമ്മിച്ചന്റെയും നിഴൽപോലെ എവിടെയും ഉണ്ടാകുമെങ്കിലും പേടിത്തൊണ്ടനാണ് പീറ്റർ. സ്റ്റഡിക്ലാസ്സുകളിൽ പഠിപ്പിക്കാൻ വരുന്ന സഖാക്കളെ ആദരവോടെ കേട്ടിരിക്കാറുണ്ട്. വയലാർസമരത്തിൽ പങ്കെടുത്ത സഖാവ് പ്രസംഗിച്ച യോഗത്തിന് കാട്ടിക്കുളത്ത് പോയിട്ടുണ്ട്. എ.കെ.ജി.യെ കണ്ടിട്ടുണ്ട്. അന്നൊക്കെ ചുവപ്പുസേനയിലേക്ക് കർഷകത്തൊഴിലാളികളെ ഒരുമിച്ചുകൂട്ടാൻ പീറ്ററും ഉത്സാഹിച്ചിട്ടുണ്ട്. പോക്കിരിമുക്ക് കറിയാച്ചന്റെയും മണിയൻചെട്ടിയുടെയും പണിക്കാരെ സംഘടിപ്പിച്ചത് പീറ്ററാണ്. എല്ലാം പത്മനാഭൻ ഒപ്പമുണ്ടെന്ന ബലത്തിലാണ്. എന്നിരുന്നാലും ഒരു പൊലീസുകാരന്റെ മുന്നിൽ വെറുതേ നിന്നുകൊടുക്കുന്നത് അത്ര പന്തിയല്ല. രണ്ടാമതൊന്ന് ആലോചിക്കാതെ പീറ്റർ ഇറങ്ങിയോടി. പിന്നാലെ ഒടിഞ്ഞുതൂങ്ങി രക്തമിറ്റുന്ന കയ്യുമായി ഒരു കാക്കിക്കാരൻ ഓടിയടുക്കുന്നതായി പീറ്ററിനു തോന്നി.

കുട്ടൻവൈദ്യരുടെ മുറ്റത്ത് സാവിത്രി നില്ക്കുന്നുണ്ട്. പിന്നാമ്പുറത്തുനിന്ന് കാളക്കൂറ്റന്മാർ ഉച്ചത്തിൽ അമറുന്നുണ്ട്. പീറ്ററിന്റെ പതിവില്ലാത്ത വെപ്രാളം കണ്ട് എന്തു പറ്റീ എന്ന് ചോദ്യമെറിഞ്ഞ സാവിത്രിയോട് ഒന്നും മിണ്ടാതെ അവൻ നേരേ അടുക്കളിയിലേക്ക് പാഞ്ഞുകയറി. പിന്നാലെ കിതച്ചുവന്നയാൾ മുമ്പേ ഓടിയവൻ എങ്ങോട്ടു പോയെന്നറിയാതെ കുട്ടൻവൈദ്യരുടെ പടിക്കൽ അന്ധാളിച്ചു നിന്നു. സാവിത്രിയുടെ നേരേ പാഞ്ഞ അയാളുടെ ചരിഞ്ഞ നോട്ടം കണ്ട് ഉമ്മറത്തിരുന്ന വൈദ്യർ വായിൽകൊള്ളാത്ത മുന്തിയ ചില തെറികൾ തൊടുത്തുവിട്ടതോടെ കൊമ്പന്മീശ അപ്പേട്ടന്റെ കടയിലേക്ക് റൂട്ട് തിരിച്ചു. വായനശാലയുടെ നടത്തിപ്പുകാർ ഉടൻ ടൗൺ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞേല്പിച്ചാണ് പോയത്. കൈകൂപ്പി തലയാട്ടി കേട്ടുനിന്നെങ്കിലും പിന്നീട് അപ്പേട്ടൻ പത്മനാഭനോട് പറഞ്ഞു:

'നിങ്ങളേടേം പോണ്ട. വേണ്ടാത്ത പൊത്തകമൊണ്ടെങ്കി അതങ്ങട് ചാടിക്കള. അത്രന്നെ'.

എന്നാൽ ആഴ്ചകൾക്കുള്ളിൽ വീണ്ടും പൊലീസ് കബനിയുടെ കരയിലെത്തി.

പണികഴിഞ്ഞു കയറിയ രുക്കുവിന്റെ ചേലത്തുമ്പിലേക്ക് മുളനാഴികൊണ്ട് വല്ലി അളന്നിട്ടത് പോക്കിരിമുക്ക് കറിയാച്ചനാണ്. മുറ്റത്തിരുന്ന മുറത്തിൽ നെല്ല് മറിച്ചിട്ട് പേറ്റിനോക്കാൻ രുക്കുവിനു തോന്നിയത് ഏതു നേരത്താണോ ആവോ, പേറ്റിയപ്പോൾ പകുതിയിൽ അധികെ വന്നലയാണ്. കണ്ടുനിന്ന പണിക്കാർ ബഹളംവെക്കാൻ തുടങ്ങി. കള്ളനാഴികൊണ്ട് അളന്നു പറ്റിക്കുന്നു. പോരാത്തതിന് പതിരായ നെല്ല് കൂലിയും. അത് കറിയാച്ചൻ മുതലാളിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞാണ് അന്ന് രുക്കു ഒക്കൽക്കളം വിട്ടത്.

അവിടെനിന്നായിരുന്നു ബഹളങ്ങളുടെ തുടക്കം. കറിയാച്ചന്റെ കള്ളനാഴി ബസവൻ കാട്ടിലെറിഞ്ഞു. ലിറ്റർസമരവും പതമ്പുസമരവുമൊക്കെ നടന്നതിനു ശേഷം പലയിടങ്ങളിലും പണിക്കാർക്ക് ന്യായവേതനം കിട്ടാൻ തുടങ്ങിയെങ്കിലും ഇങ്ങനെ ചില നികൃഷ്ടജന്മങ്ങൾ പിന്നെയും ബാക്കിയായിരുന്നു. പ്രമാണിമാരുടെ ചെയ്തികൾക്കെതിരെ പ്രതിഷേധിക്കാൻതന്നെയായിരുന്നു പത്മനാഭന്റെ തീരുമാനം.

കാട്ടുവഴിയുടെ സ്വച്ഛന്ദത മുറിച്ച് ഒരു ജാഥ കോലാഹലപ്പെട്ടു നീങ്ങി. കുറുമരും പണിയരും മണിയൻചെട്ടിയുടെ കുന്നിലെ കുടികിടപ്പുകാരും ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നുണ്ട്. പീറ്ററും കൂട്ടരും മുന്നിലുണ്ട്. പെണ്ണുങ്ങളുടെ പട നയിക്കുന്നത് സുശീലയും രുക്കുവുമാണ്.

ഒരു തുണ്ടം കപ്പയ്ക്കും, ഒരു കണ്ടം പൊകലയ്ക്കും

ഇനി ഞങ്ങളെ കിട്ടില്ല.

കാവല് കെടക്കാൻ കിട്ടില്ല, കൊയ്തുമെതിക്കാൻ കിട്ടില്ല

പതമ്പുവേണ്ട വല്ലിവേണ്ട, ഞങ്ങടെ മണ്ണ് ഞങ്ങക്ക്

തമ്പ്രാൻകുന്നിൽ സർക്കാർ മിച്ചഭൂമിയായി കണ്ടുകെട്ടിയിരുന്ന മൂന്നാലേക്കർ സ്ഥലമുണ്ട്. ആഞ്ഞിലിക്കുന്നിലെ നെല്ലുകുത്തിമില്ലു കഴിഞ്ഞ് കാടുപിടിച്ചുകിടക്കുന്ന ആ സ്ഥലം ലൂക്കായുടെ വീതത്തിൽപ്പെട്ടതാണ്. അവിടെ നിന്നാൽ പാടത്തിനക്കരെ ആഞ്ഞിലിക്കുന്നും കുന്നിന്റെ പാദംതൊട്ടൊഴുകുന്ന പുഴയും കാണാം.

ജാഥയായി വന്ന അമ്പതോളംപേർ പണിയായുധങ്ങളുമായി ആ പുറമ്പോക്ക് ഭൂമിയിലേക്കാണ് പാഞ്ഞുകയറിയത്. ഉച്ചസൂര്യൻ കത്താൻ തുടങ്ങിയപ്പോഴേക്കും മിച്ചഭൂമിയിലെ കാട് തെളിഞ്ഞു. മുളന്തൂണിൽ കൂരകൾ പൊങ്ങി. ലൂക്കായും കറിയാച്ചനും തടയാൻ വന്നെങ്കിലും പണിക്കാർ അവരെ തല്ലിയോടിച്ചു. കല്ലുവയലിന്റെ ചരിത്രത്തിൽ ആദ്യമായി അടിമകളെന്ന് കരുതപ്പെട്ടിരുന്നവർ നിവർന്നുനിന്ന് മുദ്രാവാക്യം വിളിച്ച് മണ്ണ് കയ്യേറി കൂര കെട്ടി. അവർ വിയർപ്പൊഴുക്കിയ അതേ മണ്ണ്. അവരുടെ അപ്പന്മാർ ഏരുകളെക്കണക്ക് മുട്ടൻപണിയെടുത്ത് ഒരുക്കിയെടുത്ത മണ്ണ്. കാട്ടിനുള്ളിൽനിന്നും പാറകൾക്കിടയിൽനിന്നും മെരുക്കിയെടുത്ത മദിക്കുന്ന മണ്ണ്. അതിന്റെ പേരിൽ ആഞ്ഞിലിക്കുന്ന് യുദ്ധക്കളമായി മാറുമെന്ന് നിനച്ചിരുന്നില്ല അപ്പോൾ ആരും. ആഞ്ഞിലിക്കുന്നിൽ കായേൻ-ആബേൻ കലഹവും കശപിശയും പൂർവ്വാധികം എരിവോടെ ആവർത്തിക്കപ്പെടുകയായിരുന്നു.

അന്നംകുട്ടി കരച്ചിലോട് കരച്ചിലും.

സന്ധ്യ മയങ്ങിയപ്പോൾ അപ്പേട്ടന്റെ കടയുടെ മുമ്പിൽ യോഗം നടന്നു. കാട്ടിക്കുളത്തുനിന്നുപോലും ആളുകളെത്തി. പത്മനാഭൻ മാഷിന്റെ ശബ്ദം ഉറച്ചതായിരുന്നു.

'അവരുടെ വിയർപ്പിനാൽ നമ്മൾ കൊട്ടാരങ്ങൾ പണിതു.

അവരുടെ കാട് കട്ട് നാട് പണിതു. കൂടി പണിതു. കാലം പണിതു.

അവരുടെ ഭാഷ കട്ടെടുത്ത് സ്വന്തമാക്കി.

എമണ്ടൻ വാക്കുകൾ കാട്ടി അവരെ പേടിപ്പിച്ചു.

ഒരിക്കൽ, ഒരിക്കലവർക്ക് തിരിച്ചറിവുണ്ടായാൽ

ചുട്ടെരിക്കുമവർ എല്ലാമെല്ലാം. ഒരു കാലം വരും.

കാടിനും മണ്ണിനും മനുഷ്യർക്കും വേണ്ടി അവർ ആയുധമേന്തുന്ന കാലം.

അവർതന്നെയാവും അന്ന് നിയമവും കോടതിയും'.

ആ ദിവസങ്ങളിൽ കുടകിൽ സുഖവാസത്തിലായിരുന്നു മണിയൻചെട്ടി. വേനൽമഴ നേരത്തേ പെയ്താൽ നെൽക്കതിരുകൾ വെള്ളത്തിലാവുമെന്നും കൊയ്യാനോ മെതിക്കാനോ ഒന്നും ബാക്കിയുണ്ടാവില്ല എന്നുമോർക്കാതെ അയാൾ കറങ്ങിനടക്കുന്ന വേളയിലാണ് ഇക്കണ്ട സംഭവവികാസങ്ങളെല്ലാം കല്ലുവയലിൽ അരങ്ങേറിയത്.

പകൽ വിപ്ലവം കഴിഞ്ഞ് സന്ധ്യ മയങ്ങിയപ്പോൾ കത്തിച്ച പന്തങ്ങൾ കാടോരത്ത് കൂടി നീങ്ങി. പകൽ കെട്ടിപ്പൊക്കിയ പുതിയ കൂരകൾക്കു മുന്നിൽ രാവു മുഴുവൻ സംഘം കാവലിരുന്നു. അവൽ അവിടെനിന്നു മാറിപ്പോയാൽ മൊതലാളിമാരുടെ ശിങ്കിടികൾ വന്ന് കൂര പൊളിച്ചുകളഞ്ഞേക്കുമെന്ന് അവർ ആശങ്കപ്പെട്ടു.

പത്മനാഭൻ ഉറക്കമിളച്ചിരുന്ന കൂട്ടത്തെ അഭിസംബോധന ചെയ്തു: 'ഇനിയും നിങ്ങൾ പതമ്പിനു പണിയാൻ നിക്കരുത്. കൂലി തരാൻ പണമില്ലെന്നും പകരം പതമ്പു നല്കാമെന്നും മൊതലാളിമാര് പറയും. നിങ്ങളൊന്നും മറന്നിട്ടില്ലല്ലോ? പത്തു പറയ്ക്ക് അഞ്ചു പറ നല്കാമെന്നേറ്റിട്ട് നിങ്ങക്കെത്ര കിട്ടി? ഒന്നോ രണ്ടോ? മഴയും വെയിലുങ്കൊണ്ട് ചളിയിലും വെള്ളത്തിലുമെറങ്ങി പണിയണത് നിങ്ങള്. ഉറങ്ങാതെ കൊടുന്തണുപ്പില് കാവല് കെടക്കണത് നിങ്ങള്. പ്രമാണിമാരുടെ മക്കള് മിന്നുന്ന ഉടുപ്പിട്ട് വയറു നെറച്ചുണ്ട് സ്‌കൂളി പോകുമ്പോ പട്ടിണി കെടക്കണത് നിങ്ങടെ മക്കള്. അസുഖം വന്ന് മരിക്കണത് നിങ്ങടെ മക്കള്. തമ്പ്രാക്കടെ കാലിമേച്ചു കാടുകേറി നടക്കണത് നിങ്ങടെ മക്കള്. ഈ ഗതി മാറണങ്കി നിങ്ങള് തന്നെ വിചാരിക്കണം. നിങ്ങളെ രക്ഷിക്കാൻ മറ്റാർക്കും കഴിയില്ല. പട്ടിണിയില്ലാതെ കഴിഞ്ഞുപോകാൻ വേണ്ട കൂലികിട്ടാതെ ഇനി ഒരാളും കൊയ്യാനെറങ്ങനില്ല. നിങ്ങളില്ലാതെ അവരെങ്ങനെ കൊയ്തുമെതിക്കൂന്നു നോക്കാം. നമ്മ്‌ടെ നാട്ടിൽ നമ്മള് തീരുമാനിക്കണമട്ട് നടക്കമം കാര്യങ്ങള്. മണിയൻചെട്ടിയും കറിയാച്ചനുമൊക്കെ പാർട്ടിക്ക് കൊടുക്കണ സംഭാവന നിങ്ങക്ക് കിട്ടണ കുണ്ടലിന്റെ എത്ര മടങ്ങാ! നിങ്ങക്കറിയ്വോ, അവർക്കൊക്കെ പാർട്ടി മെമ്പർഷിപ്പുമുണ്ട്. നിങ്ങക്കവകാശപ്പെട്ടതൊക്കെ വല്ലോരും കടത്തിക്കൊണ്ടുപോവ്വാ'.'.

വല്ലി
ഷീലാ ടോമി
ഡി.സി. ബുക്‌സ്
2019, 390 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP